Sunday, February 3, 2013

മുഖപ്രസംഗം February 02 - 2013

മുഖപ്രസംഗം February 02 - 2013

1. സ്ത്രീ പീഡനത്തിന്‍െറ വിസ്തൃതി, ശിക്ഷയുടെ കാഠിന്യം (മാധ്യമം )

നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ ക്രമാതീതമായ വര്‍ധനയുടെ പശ്ചാത്തലത്തില്‍ വനിതകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കാന്‍ പ്രത്യേക നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ രൂപംനല്‍കിയതായി കഴിഞ്ഞദിവസം നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ നയപ്രസംഗം ചെയ്ത ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് പ്രസ്താവിക്കുകയുണ്ടായി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച സ്ത്രീസംരക്ഷണ ബില്ലിന്‍െറ ലക്ഷ്യം വനിതകള്‍ക്കു നേരെയായ ഗാര്‍ഹികവും സാമൂഹികവുമായ അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ നടപടി ഉറപ്പാക്കുകയും അവരുടെ അന്തസ്സും സ്വകാര്യതയും സംരക്ഷിക്കുകയുമാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. നിയമസഭയുടെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ബില്ലില്‍ സ്ത്രീപീഡനത്തിന് ഏഴു വര്‍ഷം വരെ തടവും പിഴ ശിക്ഷയും വ്യവസ്ഥചെയ്തിട്ടുണ്ട്.


2. പാടില്ല, പാടില്ല സൂര്യനെല്ലികള്‍ (മനോരമ )

മലയാളികള്‍ അതുവരെ കേള്‍ക്കാത്ത പൈശാചികമായ ലൈംഗികപീഡനത്തിന്റെ ഇരയായിരുന്നു പതിനാറുകാരിയായ ആ പെണ്‍കുട്ടി. 1996 ജനുവരി 16നു കാണാതായ ആ ഒന്‍പതാം ക്ളാസുകാരി ഫെബ്രുവരി 26നു വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അവള്‍ക്കൊപ്പം, തുടര്‍മാനഭംഗങ്ങളുടെ കയ്പുകളും നഷ്ടജീവിതത്തിന്റെ സങ്കട ഒാര്‍മകളുമുണ്ടായിരുന്നു. നരകപീഡനങ്ങളുടെ 40 ദിവസങ്ങളിലൂടെ ശാരീരികമായും മാനസികമായും മുറിവേല്‍പ്പിക്കപ്പെട്ടു തിരിച്ചെത്തി അധികം വൈകാതെ തന്നെ അവള്‍ക്കു സ്വന്തം പേരുപോലും നഷ്ടപ്പെട്ടു. സൂര്യനെല്ലി പെണ്‍കുട്ടി എന്ന പേരില്‍ അവള്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയ - സാമൂഹിക തലങ്ങളില്‍ നിരന്തരം ചര്‍ച്ചചെയ്യപ്പെടുകയായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ പരിഹാസക്കണ്ണുകളിലൂടെ, നിരന്തര വിചാരണകളിലൂടെ, നിയമയുദ്ധഭൂമികളിലൂടെ നടന്നുനീങ്ങിയ ആ പെണ്‍കുട്ടിയുടെ കണ്ണുനീര്‍ സംസ്കാരത്തിലും സാക്ഷരതയിലും ഊറ്റംകൊള്ളുന്ന മലയാളിയുടെ മനസ്സാക്ഷിയെ അമ്ളമെന്ന പോലെ പൊള്ളിച്ചു. 

3. നീതി തേടുന്നവര്‍ക്ക് ആശ്വാസം  (മാത്രുഭൂമി )

സൂര്യനെല്ലി കേസില്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായ വിധി, ഇത്തരം കേസുകളില്‍ നീതി തേടുന്നവര്‍ക്കെല്ലാം ആശ്വാസവും ആത്മവിശ്വാസവുമേകും. ഈ കേസില്‍ ഒരാളൊഴികെ എല്ലാ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി ബെഞ്ചിന്റെ വിധി റദ്ദാക്കിയ പരമോന്നതനീതിപീഠം കേസ് വീണ്ടും പരിഗണിക്കാനും ആറുമാസത്തിനകം തീര്‍പ്പാക്കാനും ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പീഡനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ രൂപവത്കരിച്ച അതിവേഗ കോടതിയിലെ ജസ്റ്റിസുമാരായ ജ്ഞാന്‍ സുധാമിശ്ര, എ.കെ. പട്‌നായക് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്





സ്ത്രീ പീഡനത്തിന്‍െറ വിസ്തൃതി, ശിക്ഷയുടെ കാഠിന്യം (മാധ്യമം )

സ്ത്രീ പീഡനത്തിന്‍െറ വിസ്തൃതി, ശിക്ഷയുടെ കാഠിന്യംനമ്മുടെ രാജ്യത്തെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ ക്രമാതീതമായ വര്‍ധനയുടെ പശ്ചാത്തലത്തില്‍ വനിതകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കാന്‍ പ്രത്യേക നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ രൂപംനല്‍കിയതായി കഴിഞ്ഞദിവസം നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ നയപ്രസംഗം ചെയ്ത ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് പ്രസ്താവിക്കുകയുണ്ടായി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച സ്ത്രീസംരക്ഷണ ബില്ലിന്‍െറ ലക്ഷ്യം വനിതകള്‍ക്കു നേരെയായ ഗാര്‍ഹികവും സാമൂഹികവുമായ അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ നടപടി ഉറപ്പാക്കുകയും അവരുടെ അന്തസ്സും സ്വകാര്യതയും സംരക്ഷിക്കുകയുമാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. നിയമസഭയുടെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ബില്ലില്‍ സ്ത്രീപീഡനത്തിന് ഏഴു വര്‍ഷം വരെ തടവും പിഴ ശിക്ഷയും വ്യവസ്ഥചെയ്തിട്ടുണ്ട്. പീഡനത്തില്‍ സ്ത്രീ മരിക്കാനിടയായാല്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയുമായിരിക്കും ശിക്ഷ. ബോധപൂര്‍വം അപമര്യാദയോടെയുള്ള പെരുമാറ്റവും സ്ത്രീയുടെ അന്തസ്സിന് ക്ഷതമേല്‍പിക്കുന്ന പ്രവൃത്തിയും പീഡനമായി കണക്കാക്കും. ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയുള്ള ആംഗ്യങ്ങളും ചേഷ്ടകളും പദപ്രയോഗങ്ങളുമെല്ലാം പീഡനങ്ങളുടെ പട്ടികയില്‍ വരും. പീഡനത്തെപ്പറ്റി പരാതിപ്പെടാന്‍ ഇരയാവുന്ന സ്ത്രീയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കാന്‍ പാടില്ല. പരാതി വനിതാ ഓഫിസറെക്കൊണ്ട് എഴുതിയെടുപ്പിക്കണം എന്നുതുടങ്ങി സ്ത്രീയുടെ സ്വകാര്യത സംരക്ഷിക്കാനുതകുന്ന ഒട്ടേറെ വകുപ്പുകളും നിര്‍ദിഷ്ട ബില്ലിലുണ്ടാവും. പ്രമാദമായ ദല്‍ഹി മാനഭംഗം രാജ്യവ്യാപകമായി ഉല്‍പാദിപ്പിച്ച ജനരോഷം മാത്രമല്ല, കേരളം സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ മുന്‍നിര സംസ്ഥാനങ്ങളിലാണ് ഉള്‍പ്പെടുക എന്ന തിക്തസത്യവും പുതിയ നിയമനിര്‍മാണത്തിന് പ്രേരകമാവാം. ബില്‍ താമസിയാതെ നിയമമായി വന്നാല്‍ അരക്ഷിത സ്ത്രീത്വത്തിന്‍െറ നിലവിളികള്‍ക്ക് ഒരു പരിധിവരെ അറുതിയാവും എന്ന് പ്രതീക്ഷിക്കാം.
പക്ഷേ, ആ പ്രതീക്ഷപോലും സഫലമാവണമെങ്കില്‍ സ്ത്രീയുടെ സുരക്ഷക്കുനേരെ ഉയരുന്ന ഏറ്റവും വലിയ ഭീഷണികള്‍ കര്‍ക്കശമായി നേരിടാന്‍ സര്‍ക്കാര്‍ തയാറാവണം. അതില്‍ ഒന്നാംസ്ഥാനത്ത് വരുന്നത് കേരളത്തെ മുച്ചൂടും പിടിയിലൊതുക്കിയ ലഹരി തന്നെ. പക്ഷേ, മദ്യവിപത്തിന്‍െറ ഗൗരവം സര്‍ക്കാര്‍ അതര്‍ഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുത്തതായോ സകല തിന്മകളുടെയും ഉറവിടമായ മദ്യത്തിന്‍െറ ഉല്‍പാദനവും വിതരണവും ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉദ്ദേശിക്കുന്നതായോ ഗവര്‍ണറുടെ പ്രസംഗത്തില്‍ സൂചനയില്ല. പകരം ‘ആല്‍ക്കഹോളിന്‍െറ അംശം കൂടുതലുള്ള മദ്യത്തിന്‍െറ ലഭ്യത കുറക്കുന്നതിനുവേണ്ടി നയപരമായ ഇടപെടലുകള്‍ നടത്താനുദ്ദേശിക്കുന്നു’ എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോവുന്നതേയുള്ളൂ. മദ്യവിമുക്ത കേരളം എന്ന ഉദ്യമത്തില്‍ കുടുംബശ്രീ, നാഷനല്‍ സര്‍വീസ് സ്കീം, സ്റ്റുഡന്‍റ്സ് പൊലീസ്, മറ്റു സര്‍ക്കാറിതര സംഘടനകളുടെ പങ്കാളിത്തത്തോടെ കൂട്ടായ പ്രവര്‍ത്തനരീതി കൊണ്ടുവരുമെന്നാണ് മറ്റൊരു വാഗ്ദാനം. വിദേശമദ്യമെന്ന പേരില്‍ സര്‍ക്കാര്‍ ഉടമയിലെ ബിവറേജസ് കോര്‍പറേഷന്‍ നിര്‍മിക്കുന്ന സ്വദേശി ലഹരിപാനീയത്തിന്‍െറ ഉല്‍പാദനവും വില്‍പനയും ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുമെന്നോ കൂടുതല്‍ ഔ്ലെറ്റുകള്‍ അനുവദിക്കുകയില്ലെന്നോ ഗവര്‍ണര്‍ പറഞ്ഞില്ല. ചെത്താതെയുണ്ടാക്കുന്ന വ്യാജ ചാരായം, കള്ള് എന്നപേരില്‍ ഷാപ്പുകളിലൂടെ വ്യാപകമായി വിതരണം ചെയ്യുന്നത് അവസാനിപ്പിക്കും എന്ന വാഗ്ദാനം പോലുമില്ല. ഫലം, കുടിയും കുടിയന്മാരും പെരുകിക്കൊണ്ടേ പോവും. അതിന്‍െറ പേരില്‍ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന കൊടും പീഡനത്തിന് അറുതി പ്രതീക്ഷിക്കുകയേവേണ്ട. ഏറ്റവും ചുരുങ്ങിയത് സര്‍ക്കാറിന്‍െറ മദ്യനയത്തെക്കുറിച്ച് സ്ത്രീകള്‍ക്കിടയില്‍ ഒരു അഭിപ്രായ വോട്ടെടുപ്പിനെങ്കിലും തയാറായാല്‍ വെളിപ്പെടും സ്ത്രീസുരക്ഷയെക്കുറിച്ച അവകാശവാദത്തിന്‍െറ പൊള്ളത്തരം. സ്ത്രീ പീഡനത്തിന്‍െറ പട്ടിക വിശാലമാക്കുകയും ശിക്ഷ കഠിനമാക്കുകയും ചെയ്യുന്നതോടെ പരാതിപ്പെടാന്‍ ധൈര്യപ്പെടുന്ന സ്ത്രീകള്‍ നേരിടാന്‍പോവുന്ന പീഡനവും പൂര്‍വാധികം കഠിനതരമാവും എന്നതാവും നിലവിലെ ഗാര്‍ഹിക സ്ഥിതിയുടെ സ്വാഭാവിക പരിണതി. സംസ്ഥാനത്തെ പൊലീസ് സേനയില്‍ ഗണ്യമായൊരു വിഭാഗം മദ്യാസക്തരും സ്വാധീനങ്ങള്‍ക്കും കൈക്കൂലിക്കും വഴങ്ങുന്നവരുമാവുമ്പോള്‍ നിര്‍ദിഷ്ട സ്ത്രീ സുരക്ഷാനിയമം വലിയയളവില്‍ ഏട്ടിലെ പശുവായാല്‍ അദ്ഭുതപ്പെടാനില്ല. ഇപ്പോള്‍ തന്നെ കര്‍ക്കശമായ ഗാര്‍ഹിക പീഡന വിരുദ്ധ നിയമങ്ങള്‍ നിലനില്‍ക്കെ പ്രബുദ്ധ സാക്ഷര കേരളം സ്ത്രീപീഡനക്കേസുകളില്‍ ഏറെ മുന്നിലാണെന്ന്  ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2010ല്‍ 27 ശതമാനമായിരുന്നു കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങള്‍. ത്രിപുരയും ആന്ധ്രയും മാത്രമാണ് കേരളത്തിന്‍െറ മുന്നില്‍. സംസ്ഥാനത്ത് കേസുകള്‍ കൂടുതലായി ഫയല്‍ചെയ്യപ്പെടുന്നതുകൊണ്ടാണിതെന്ന് സമ്മതിച്ചാലും മൊത്തം കുറ്റകൃത്യങ്ങളുടെ ദേശീയ ശരാശരി 187.6 ആയിരിക്കെ കേരളത്തിന്‍േറത് 424.1 ആയി ഉയര്‍ന്നതിന് അതുമാത്രം ന്യായീകരണമാവില്ല.
ചുരുക്കത്തില്‍, ദുരുദ്ദേശ്യപരമെന്ന് ആരോപിക്കാവുന്ന നോട്ടവും സംസാരവും ആംഗ്യവുമൊക്കെ സ്ത്രീപീഡനത്തില്‍ ഉള്‍പ്പെടുത്തുകയും ശിക്ഷ കഠിനതരമാക്കുകയും ചെയ്യുന്നതോടൊപ്പം പീഡനത്തിലേക്ക് നയിക്കുന്ന പ്രേരകങ്ങളും സാഹചര്യങ്ങളും അതേപടി തുടര്‍ന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടാവും എന്ന് ഭയപ്പെടണം.


പാടില്ല, പാടില്ല സൂര്യനെല്ലികള്‍ (മനോരമ )
malmanoramalogoസൂര്യനെല്ലി സംഭവം പുറംലോകം അറിഞ്ഞയുടന്‍ പ്രശസ്ത കവി സുഗതകുമാരി 'മലയാള മനോരമയില്‍ 'കരയരുത്, പൊരുതുക എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പില്‍ ഇങ്ങനെയുണ്ടായിരുന്നു: 'കുഞ്ഞേ, മിടുക്കിയായിരിക്കൂ, ഈ നാടിന്റെ കണ്ണീരില്‍ നനഞ്ഞ പ്രാര്‍ഥനകള്‍ കുട്ടിക്കൊപ്പമുണ്ട്. വളരെ വൈകിയെങ്കിലും ആ പെണ്‍കുട്ടിക്കു മുന്നില്‍ നീതിയുടെ വാതില്‍ തുറക്കുമ്പോള്‍ ആ പ്രാര്‍ഥനകള്‍ക്കും അര്‍ഥമുണ്ടാവുകയാണ്. കേരളത്തിനുണ്ടായ ഏറ്റവും കറുത്ത കളങ്കങ്ങളിലൊന്നായ സൂര്യനെല്ലി പീഡനക്കേസില്‍ എട്ടുവര്‍ഷം മുന്‍പുണ്ടായ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട നിഷ്ക്രിയത്വത്തിന്റെ ഇരുള്‍മറ അഴിഞ്ഞുവീഴുന്നു. 

മലയാളികള്‍ അതുവരെ കേള്‍ക്കാത്ത പൈശാചികമായ ലൈംഗികപീഡനത്തിന്റെ ഇരയായിരുന്നു പതിനാറുകാരിയായ ആ പെണ്‍കുട്ടി. 1996 ജനുവരി 16നു കാണാതായ ആ ഒന്‍പതാം ക്ളാസുകാരി ഫെബ്രുവരി 26നു വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അവള്‍ക്കൊപ്പം, തുടര്‍മാനഭംഗങ്ങളുടെ കയ്പുകളും നഷ്ടജീവിതത്തിന്റെ സങ്കട ഒാര്‍മകളുമുണ്ടായിരുന്നു. നരകപീഡനങ്ങളുടെ 40 ദിവസങ്ങളിലൂടെ ശാരീരികമായും മാനസികമായും മുറിവേല്‍പ്പിക്കപ്പെട്ടു തിരിച്ചെത്തി അധികം വൈകാതെ തന്നെ അവള്‍ക്കു സ്വന്തം പേരുപോലും നഷ്ടപ്പെട്ടു. സൂര്യനെല്ലി പെണ്‍കുട്ടി എന്ന പേരില്‍ അവള്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയ - സാമൂഹിക തലങ്ങളില്‍ നിരന്തരം ചര്‍ച്ചചെയ്യപ്പെടുകയായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ പരിഹാസക്കണ്ണുകളിലൂടെ, നിരന്തര വിചാരണകളിലൂടെ, നിയമയുദ്ധഭൂമികളിലൂടെ നടന്നുനീങ്ങിയ ആ പെണ്‍കുട്ടിയുടെ കണ്ണുനീര്‍ സംസ്കാരത്തിലും സാക്ഷരതയിലും ഊറ്റംകൊള്ളുന്ന മലയാളിയുടെ മനസ്സാക്ഷിയെ അമ്ളമെന്ന പോലെ പൊള്ളിച്ചു. 

സാന്ത്വനമായി അരികിലെത്തിയെന്നു തോന്നിയ നീതിപോലും അവളെ കൈവിട്ടുവെന്നു കരുതുമ്പോഴാണു വ്യാഴാഴ്ച സുപ്രീം കോടതി രക്ഷയ്ക്കെത്തിയത്. കേസിലെ മുഖ്യപ്രതി ധര്‍മരാജന്റെ ശിക്ഷ കുറച്ചും മറ്റു 34 പ്രതികളെ വിട്ടയച്ചുമുള്ള 2005ലെ ഹൈക്കോടതി ഉത്തരവാണു സുപ്രീം കോടതി റദ്ദാക്കിയത്. 35 പേരെയും ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവുകള്‍ ചോദ്യംചെയ്തുള്ള അപ്പീല്‍ ഹൈക്കോടതി വീണ്ടും കേള്‍ക്കണമെന്നു സ്ത്രീപീഡനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവ സംബന്ധിച്ച കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ച് ഉത്തരവിടുകയായിരുന്നു. അപ്പീല്‍ ആറു മാസത്തിനകം ഹൈക്കോടതി തീര്‍പ്പാക്കുകയും വേണം. 

ഹൈക്കോടതി ഉത്തരവ് നടുക്കമുണ്ടാക്കുന്നതാണെന്നു സുപ്രീം കോടതി പറയുകയുണ്ടായി. പീഡനക്കുറ്റമാരോപിക്കപ്പെട്ട എല്ലാവരോടും പെണ്‍കുട്ടി മനസ്സോടെയാണു ബന്ധപ്പെട്ടതെന്ന ഹൈക്കോടതിയുടെ അനുമാനമാണു സുപ്രീം കോടതിയുടെ ഈ പരാമര്‍ശത്തിന് ഇടയാക്കിയത്. ധര്‍മരാജന്‍ മാത്രമുള്ള കേസിലെ തെളിവുകളാണു ബാക്കിയുള്ള എല്ലാവരെയും വെറുതെവിടുന്നതിനു ഹൈക്കോടതി പരിഗണിച്ചതെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതുകൂടി കണക്കിലെടുത്തു ഹൈക്കോടതിവിധി റദ്ദാക്കുകയായിരുന്നു. 

ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായതിനെ തുടര്‍ന്ന്, സ്ത്രീപീഡന കേസുകള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാന്‍ സുപ്രീം കോടതിയില്‍ സ്ഥാപിച്ച പ്രത്യേക ബെഞ്ചിലാണു സൂര്യനെല്ലിക്കേസ് എത്തിയത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും ലൈംഗികാതിക്രമങ്ങളും പരിഗണിക്കാന്‍ ഹൈക്കോടതിയിലും പ്രത്യേക ബെഞ്ച് രൂപീകരിച്ചതു സൂര്യനെല്ലിക്കേസിലെ നിയമനടപടികള്‍ക്കു വേഗം നല്‍കും. പിന്നിട്ട പതിനേഴു വര്‍ഷങ്ങളില്‍ ആ പെണ്‍കുട്ടിയും കുടുംബവും സഹിച്ച സങ്കടങ്ങളും അപമാനങ്ങളും ഒാര്‍ത്തെങ്കിലും ഈ കേസില്‍ എത്രയുംവേഗം നീതിയുക്തമായ തീര്‍പ്പുണ്ടാവുകതന്നെ വേണം.

ഒാരോ നാളും ഇവിടെ പെണ്‍കുട്ടികള്‍ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്വന്തം മകളെ പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്കു കാഴ്ചവയ്ക്കുകയും ചെയ്യുന്ന അച്ഛന്മാരും മകളെ നീചന്മാര്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുന്ന അമ്മമാരും പേരക്കിടാവിനെ പീഡിപ്പിക്കുന്ന മുത്തച്ഛന്മാരും ജീവിക്കുന്ന സമൂഹത്തിലാണു നമ്മളുമെന്നതില്‍ ലജ്ജിക്കുക. എത്രയോ കേസുകളില്‍ അരികിലെത്താതെ നീതി മാറിനില്‍ക്കുന്നു. കണ്ണൂര്‍ ഇരിട്ടിയില്‍ ബംഗാളി പെണ്‍കുട്ടി ലോറിയില്‍ പീഡനത്തിനിരയായ കേസ് ഒരുവര്‍ഷമായിട്ടും നീതിപീഠത്തിനു മുന്‍പാകെ എത്താത്തതിനെപ്പറ്റി ഈയിടെ മലയാള മനോരമ 'ഞായറാഴ്ചയിലൂടെ ലോകമറിഞ്ഞതിനെ തുടര്‍ന്നു കേസിന്റെ വിചാരണ ഇപ്പോള്‍ വേഗത്തിലാക്കുകയാണ്. 

പെണ്‍മയുടെ നേര്‍ക്കു ക്രൂരതയോടെ കയ്യുയര്‍ത്താന്‍ ഇനിയെങ്കിലും ആര്‍ക്കും ഇവിടെ ധൈര്യമുണ്ടാവരുത്. സ്വന്തം ജീവിതംകൊണ്ടു സൂര്യനെല്ലി പെണ്‍കുട്ടി കേരളത്തിനു പറഞ്ഞുതരുന്നതും അതുതന്നെ.
മനോരമ 2-2-13


നീതി തേടുന്നവര്‍ക്ക് ആശ്വാസം  (മാത്രുഭൂമി )

Newspaper Edition
സൂര്യനെല്ലി കേസില്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായ വിധി, ഇത്തരം കേസുകളില്‍ നീതി തേടുന്നവര്‍ക്കെല്ലാം ആശ്വാസവും ആത്മവിശ്വാസവുമേകും. ഈ കേസില്‍ ഒരാളൊഴികെ എല്ലാ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി ബെഞ്ചിന്റെ വിധി റദ്ദാക്കിയ പരമോന്നതനീതിപീഠം കേസ് വീണ്ടും പരിഗണിക്കാനും ആറുമാസത്തിനകം തീര്‍പ്പാക്കാനും ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പീഡനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ രൂപവത്കരിച്ച അതിവേഗ കോടതിയിലെ ജസ്റ്റിസുമാരായ ജ്ഞാന്‍ സുധാമിശ്ര, എ.കെ. പട്‌നായക് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. ഹൈക്കോടതിവിധി റദ്ദായതോടെ എല്ലാവരെയും ശിക്ഷിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ വിധി നിലവില്‍ വന്നു. നാലാഴ്ചയ്ക്കകം പുതുതായി ജാമ്യത്തിന് അപേക്ഷിക്കാന്‍ പ്രതികള്‍ക്ക് സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്. ഹൈക്കോടതിവിധിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞ കാര്യങ്ങള്‍ നമ്മുടെ നീതിന്യായമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അധികൃതര്‍ക്കും ആത്മപരിശോധനയ്ക്ക് പ്രേരകമാകേണ്ടതാണ്.

പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് എല്ലാവരും ലൈംഗികമായി ബന്ധപ്പെട്ടതെന്ന് പറഞ്ഞാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണെന്ന ഹൈക്കോടതിയുടെ നിഗമനം വസ്തുതകള്‍ക്ക് നിരക്കുന്നതായി കരുതാനാവില്ല. ശാരീരികമായും മാനസികമായും അവശയായിട്ടും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ട്. 'ഒരാളുടെ കാര്യത്തില്‍ സമ്മതമുണ്ടെന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം. എന്നാല്‍, നാല്പത്തിമൂന്നുപേര്‍ക്കും പെണ്‍കുട്ടി സമ്മതം നല്‍കിയെന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണെ'ന്ന സുപ്രീംകോടതി ബെഞ്ചിന്റെ പരാമര്‍ശം ശ്രദ്ധേയമാണ്. നീതിന്യായമേഖലയ്ക്കും കേസന്വേഷകര്‍ക്കുമെല്ലാമുള്ള താക്കീതായി അതിനെ കാണാം. സാഹചര്യങ്ങളും വസ്തുതകളും സാധ്യതയും അങ്ങേയറ്റത്തെ സൂക്ഷ്മതയോടെ പരിശോധിക്കാനും നീതി നിര്‍വഹണത്തിന്റെ ഉന്നതതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളാനും ഹൈക്കോടതി തയ്യാറായിട്ടില്ലെന്നുതന്നെയാണ് ഈ പരാമര്‍ശത്തിലൂടെ സുപ്രീംകോടതി ഓര്‍മിപ്പിക്കുന്നത്.സൂര്യനെല്ലി പീഡനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ഉണ്ടായിരുന്നത്. 40 പേര്‍ പ്രതികളായുള്ള ആദ്യത്തെ കേസും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ധര്‍മരാജന്‍ മാത്രം ഉള്‍പ്പെട്ട മറ്റൊരു കേസും. ഇതില്‍ ധര്‍മരാജന്‍ മാത്രമുള്ള കേസിലെ തെളിവുകളാണ് ബാക്കിയുള്ള എല്ലാവരെയും വെറുതെവിടാന്‍ പരിഗണിച്ചതെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. ഇത് കണക്കിലെടുത്താണ് ഹൈക്കോടതിവിധി റദ്ദാക്കിയത്.

ഒരു കേസിലെ തെളിവ് മറ്റൊരു കേസിലും പരിഗണിച്ച നടപടി സാങ്കേതികമായ വന്‍വീഴ്ചയാണെന്ന്, ജസ്റ്റിസ് പട്‌നായക് വ്യക്തമാക്കിയത് ശ്രദ്ധേയമാണ്. സാങ്കേതികമായ വീഴ്ചകള്‍ നിഷ്പക്ഷമായ നീതിനിര്‍വഹണത്തെ ബാധിക്കും.നീതി വൈകുന്നത് അത് നിഷേധിക്കുന്നതിനു തുല്യമാണെന്നു പറയാറുണ്ട്. 2005 നവംബറില്‍ സൂര്യനെല്ലികേസ് സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചതാണ്. സൂര്യനെല്ലികേസ് ഇത്രയേറെക്കാലമായി സുപ്രീംകോടതിയില്‍ കെട്ടിക്കിടക്കുന്നതറിഞ്ഞപ്പോള്‍ ചീഫ്ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അതൃപ്തിയും രോഷവും പ്രകടിപ്പിക്കുകയുണ്ടായി. നമ്മുടെ നീതിനിര്‍വഹണരംഗത്തെ ഇത്തരം വീഴ്ചകളും പോരായ്മകളും പരിഹരിക്കണമെന്ന കാര്യത്തില്‍ പരമോന്നത നീതിപീഠത്തിനുള്ള താത്പര്യവും കര്‍ശനനിലപാടും ഈ ഉത്തരവില്‍ പ്രകടമാകുന്നുണ്ട്. 16 വയസ്സുകഴിഞ്ഞ പെണ്‍കുട്ടിയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നത് സമ്മതത്തോടെയാണെങ്കില്‍ കുറ്റകൃത്യമാകില്ലെന്നാണ് നിലവിലുള്ള നിയമത്തില്‍ പറയുന്നത്. ഇത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയേറെയാണ്. സൂര്യനെല്ലി പെണ്‍കുട്ടിക്ക് 16 കഴിഞ്ഞിട്ടുണ്ടെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. ആ കേസില്‍ സമ്മതത്തോടെയാണ് പീഡനം നടന്നതെന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ സുപ്രീംകോടതി നിരാകരിച്ചിരിക്കുകയാണ്. സമ്മതത്തിന് പരിഗണിക്കേണ്ട പ്രായം 18 ആക്കാന്‍ ഹൈക്കോടതി സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയിരുന്നു. കേന്ദ്രനിയമ കമ്മീഷനും ഈ ശുപാര്‍ശ കേന്ദ്രസര്‍ക്കാറിന് നല്‍കിയിരുന്നതാണ്. സ്ത്രീപീഡനങ്ങളും മറ്റും പൊതുവേ വര്‍ധിച്ച സാഹചര്യത്തില്‍ ഇത് അംഗീകരിക്കാന്‍ വൈകരുത്.
മാത്രുഭൂമി 2-2-13

No comments:

Post a Comment