Thursday, February 21, 2013

മുഖപ്രസംഗം February 21 - 2013

മുഖപ്രസംഗം February 21 - 2013

1. സിറിയ നേരിടുന്ന മാനുഷിക ദുരന്തം  (മാധ്യമം)  

ആയുധമുഷ്കും നിഷ്ഠുരതയുംകൊണ്ട് എക്കാലവും രാജ്യത്തെയും ജനതയെയും അടക്കിഭരിക്കാമെന്ന ധാര്‍ഷ്ട്യത്തോടെ ജനമുന്നേറ്റങ്ങളെ നേരിടുന്ന പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് സിറിയയെ അത്യപൂര്‍വമായ മാനുഷിക ദുരന്തത്തിലേക്ക് വലിച്ചിഴച്ചിരിക്കയാണ്. അറബ് വസന്തം തുറന്നുവിട്ട ഉണര്‍വില്‍ ബശ്ശാര്‍ അല്‍അസദിന്‍െറ സ്വേച്ഛാധിപത്യത്തിനെതിരെ തുടക്കംകുറിച്ച ജനകീയ പോരാട്ടം രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 70,000 പേര്‍ക്ക് ജീവന്‍ നല്‍കേണ്ടിവന്നു എന്നാണ് യു.എന്‍ ഏജന്‍സികള്‍ നല്‍കുന്ന വിവരം. 8,50,000 പേര്‍ക്ക് ഇറാഖ്, തുര്‍ക്കി, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ അഭയംതേടേണ്ടിവന്നു. പ്രതിദിനം 3000 പൗരന്മാര്‍ സ്വാസ്ഥ്യം തേടി രാജ്യത്തിന് പുറത്തേക്ക് രക്ഷപ്പെടുന്നുണ്ടത്രെ. 

2. നാം എങ്ങോട്ടെന്ന് ചര്‍ച്ച ചെയ്യണം  (മാത്രുഭൂമി)

സമരങ്ങള്‍ പലതും സ്വതന്ത്രഇന്ത്യ കണ്ടിട്ടുണ്ട്. ആവശ്യങ്ങള്‍ ന്യായമാണെങ്കില്‍പ്പോലും കക്ഷിരാഷ്ട്രീയ ചേരിതിരിവുകള്‍ കാരണം സമരങ്ങളില്‍ നിന്ന് ലക്ഷ്യബോധം ചോര്‍ന്നുപോകുന്നതും കണ്ടിട്ടുണ്ട്. രാഷ്ട്രീയാപചയങ്ങള്‍ സൃഷ്ടിക്കുന്ന സമരാഭാസങ്ങള്‍ ജനതയെ ബന്ദികളാക്കുന്ന അവസരങ്ങളും വിരളമല്ല. എന്നാല്‍, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികളുടെയും തൊഴിലാളിസംഘടനകള്‍ ഒത്തൊരുമിച്ച് 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു പണിമുടക്കിലേര്‍പ്പെട്ടിരിക്കുകയാണിപ്പോള്‍. ഏതെങ്കിലും തരത്തില്‍ ഈ പണിമുടക്ക് ബാധിക്കാത്ത ഒരാളും ഉണ്ടാകില്ല. ഈ പണിമുടക്ക് വിഷയമാകാതെ ഒരാള്‍ക്കും കടന്നുപോകാനുമാകില്ല.

3. ആ പന്ത്രണ്ടുകാരനെ കൊന്നതെന്തിന് ? (മനോരമ)

പന്ത്രണ്ടുവയസ്സുകാരനായ ഒരു ബാലന്‍ അര്‍ധനഗ്നനായി ശ്രീലങ്കാ സൈന്യത്തിന്റെ തടവിലിരിക്കുകയും അവരുടെ വെടിയേറ്റുമരിച്ചുകിടക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരെയും അസ്വസ്ഥരാക്കാതിരിക്കില്ല. തമിഴ് പുലികളുടെ (എല്‍ടിടിഇ) നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ പുത്രന്‍ എന്നതായിരുന്നു ശ്രീലങ്കാ സൈന്യം ആ ബാലനില്‍ കണ്ട കുറ്റം. പുലികളുമായുള്ള ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ ശ്രീലങ്കാ സൈന്യം നടത്തിയതായി ആരോപിക്കപ്പെടുന്ന മനുഷ്യാവകാശലംഘനങ്ങളുടെ നേര്‍ചിത്രമാണ് പ്രഭാകരന്റെ മകന്‍ ബാലചന്ദ്രന്റെ അന്ത്യം ലോകത്തിന്റെ മുന്‍പില്‍ അനാവരണം ചെയ്യുന്നത്.



സിറിയ നേരിടുന്ന മാനുഷിക ദുരന്തം  (മാധ്യമം)
സിറിയ നേരിടുന്ന മാനുഷിക ദുരന്തം
ആയുധമുഷ്കും നിഷ്ഠുരതയുംകൊണ്ട് എക്കാലവും രാജ്യത്തെയും ജനതയെയും അടക്കിഭരിക്കാമെന്ന ധാര്‍ഷ്ട്യത്തോടെ ജനമുന്നേറ്റങ്ങളെ നേരിടുന്ന പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് സിറിയയെ അത്യപൂര്‍വമായ മാനുഷിക ദുരന്തത്തിലേക്ക് വലിച്ചിഴച്ചിരിക്കയാണ്. അറബ് വസന്തം തുറന്നുവിട്ട ഉണര്‍വില്‍ ബശ്ശാര്‍ അല്‍അസദിന്‍െറ സ്വേച്ഛാധിപത്യത്തിനെതിരെ തുടക്കംകുറിച്ച ജനകീയ പോരാട്ടം രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 70,000 പേര്‍ക്ക് ജീവന്‍ നല്‍കേണ്ടിവന്നു എന്നാണ് യു.എന്‍ ഏജന്‍സികള്‍ നല്‍കുന്ന വിവരം. 8,50,000 പേര്‍ക്ക് ഇറാഖ്, തുര്‍ക്കി, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ അഭയംതേടേണ്ടിവന്നു. പ്രതിദിനം 3000 പൗരന്മാര്‍ സ്വാസ്ഥ്യം തേടി രാജ്യത്തിന് പുറത്തേക്ക് രക്ഷപ്പെടുന്നുണ്ടത്രെ. പോരാളികളുടെ അധീനതയില്‍ വന്ന പ്രവിശ്യകള്‍ ഒറ്റപ്പെട്ടുകിടക്കുന്നതിനാല്‍ രാഷ്ട്രാന്തരീയ ഏജന്‍സികള്‍ക്ക് പോലും സഹായം എത്തിക്കാന്‍ കഴിയാത്ത ചുറ്റുപാടില്‍ കൊടും പട്ടിണിയും മാരകരോഗങ്ങളുംകൊണ്ട് കൂട്ടമരണം നിത്യസംഭവമായിരിക്കുന്നു. യൂഫ്രട്ടീസ് നദിയിലെ മലിനജലം കുടിച്ച് 2500 പേര്‍ക്ക് കോളറ പിടിപെട്ടതായി ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ അറിയിച്ചിരിക്കയാണ്. വൃത്തിഹീനമായ ജീവിത സാഹചര്യത്തില്‍ മരുഭൂമിയിലെ പ്രത്യേക കൊതുക് കടിച്ച് കുഷ്ഠരോഗത്തിന് സമാനമായ ചര്‍മരോഗം പിടിപെട്ട് 14,000 പേര്‍ ദുരിതമനുഭവിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സിറിയന്‍ ഭരണകൂടവും പോരാളി വിഭാഗങ്ങളും ക്രൂരതയുടെ സകല പരിധികളും ലംഘിച്ച് യുദ്ധക്കുറ്റങ്ങളാണ് ആവര്‍ത്തിക്കുന്നതെന്നും ബശ്ശാര്‍ അല്‍അസദിനെയും കൂട്ടക്കൊലക്ക് നേതൃത്വം നല്‍കുന്ന മറ്റ് നേതാക്കളെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് മുമ്പാകെ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്നുമാണ് കഴിഞ്ഞ ആറുമാസമായി വിഷയം പഠിച്ച യു.എന്‍ സംഘം കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സമീപകാലത്തൊന്നും ലോകം കാണാത്ത ഭയാനകമായ ഈ മാനുഷിക ദുരന്തത്തിന് മുന്നില്‍ നിസ്സംഗരായി നില്‍ക്കുന്നത് കൊടിയ ആത്മ വഞ്ചനയായിരിക്കുമെന്നും, യു.എന്‍ രക്ഷാസമിതി അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ച്, ചോരവാര്‍ന്നു മരിക്കുന്ന സിറിയയെ രക്ഷിക്കണമെന്നുമാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്.
സിറിയ ഇന്ന് എത്തിനില്‍ക്കുന്ന കൊടിയ ദുരന്തത്തിന് ബശ്ശാര്‍ അല്‍അസദിനോടൊപ്പം ആഗോള സമൂഹവും ഉത്തരവാദികളാണ്. മതിയായ ഗൃഹപാഠമോ ഫലപ്രദമായ തന്ത്രങ്ങളോ ഇല്ലാതെ മേഖലയിലെ ശക്തനായൊരു ഏകാധിപതിയെ തുരത്തിയോടിക്കാന്‍ ജനത്തെ പോര്‍ക്കളത്തില്‍ ഇറക്കിയതിന്‍െറ പ്രത്യാഘാതങ്ങള്‍ക്കാണ് ലോകമിന്ന് മൂകസാക്ഷികളാകേണ്ടി വന്നിരിക്കുന്നത്. ബശ്ശാര്‍ അല്‍അസദും പിതാവ് ഹാഫിസുല്‍ അസദും കഴിഞ്ഞ നാല് പതിറ്റാണ്ടുകാലം രാജ്യത്ത് തങ്ങളുടെ മേധാവിത്വം സ്ഥാപിച്ചെടുത്തത് ആയുധബലം പ്രയോഗിച്ചും കാപാലികത പുറത്തെടുത്തുമായിരുന്നു. റഷ്യ, ചൈന, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ നിര്‍ലോഭമായ പിന്തുണയോടെയായിരുന്നു സ്വന്തം പ്രജകളെ കൊന്നൊടുക്കിയതും എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തിയതും. അറബ് വസന്തം മേഖലയില്‍ തുറന്നുവിട്ട സ്വതന്ത്രവാഞ്ഛയും വിമോചനത്വരയും സിറിയയിലും അനുരണനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും തുനീഷ്യയിലോ ഈജിപ്തിലോ യമനിലോ പോലെ ഒരു സമഗ്രവിപ്ളവത്തിന് പാകമായിരുന്നില്ല ആ മണ്ണ്. ലിബിയയില്‍ മുഅമ്മര്‍ ഖദ്ദാഫിയെ ഉന്മൂലനം ചെയ്യുന്നതിന് അറബ് വസന്തത്തിന്‍െറ മറവില്‍ സൈനികമായി ഇടപെട്ട പടിഞ്ഞാറന്‍ ശക്തികള്‍ ലക്ഷ്യം നേരിടുന്നതില്‍ വിജയിച്ചത് ആയുധമുഷ്കിന്‍െറ കരുത്തിലായിരുന്നു. എന്നാല്‍, സിറിയയില്‍ തുടക്കംമുതല്‍ക്കേ അസദ് വിരുദ്ധ ശക്തികള്‍ കനത്ത പ്രതിബന്ധങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. അതിനുകാരണം ആഗോള ശക്തികളുടെ സ്വാര്‍ഥതാല്‍പര്യങ്ങളായിരുന്നു.
 ബശ്ശാര്‍ ഭരണകൂടത്തെ നിഷ്കാസിതമാക്കണമെന്ന അമേരിക്കയുടെയും ബ്രിട്ടന്‍െറയും ഫ്രാന്‍സിന്‍െറയും നിലപാടല്ല റഷ്യയുടെതും ചൈനയുടേതും. യു.എന്‍ രക്ഷാസമിതിയിലെ ഭിന്നത പോരാട്ടമുഖങ്ങളിലും പ്രതിഫലിച്ചു. ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കാന്‍ സ്റ്റോക്ക് ചെയ്ത അത്യാധുനികമായ സകല ആയുധങ്ങളും സ്വന്തം പ്രജകളെ  വകവരുത്താന്‍ അസദ് എന്ന നിഷ്ഠുരനായ ഭരണാധികാരി പുറത്തെടുത്തപ്പോള്‍ ആയിരക്കണക്കിന് മനുഷ്യര്‍ക്ക് പിടഞ്ഞുമരിക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ബേക്കറിയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ക്യൂ നിന്നവര്‍ക്കു നേരെയും ശവസംസ്കാരച്ചടങ്ങിന് ഒത്തുകൂടിയവര്‍ക്ക് മീതെയും ഷെല്‍ വര്‍ഷം നടത്തി ഭീകരത സൃഷ്ടിക്കാന്‍ സിറിയന്‍ പട്ടാളം അമാന്തിച്ചില്ല എന്നാണ് അന്താരാഷ്ട്ര അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, എതിര്‍പക്ഷത്ത് ഐക്യമോ ഏകോപനമോ വേണ്ടത്ര ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, ലളിതവും പരമ്പരാഗതവുമായ ആയുധങ്ങള്‍കൊണ്ടാണ് അവര്‍ പടവെട്ടിക്കൊണ്ടിരിക്കുന്നത്.  വന്‍ശക്തികളുടെ പിന്തുണയുള്ള ഫ്രീ സിറിയന്‍ ആര്‍മിയെക്കാള്‍ പോരാട്ടവീര്യം പ്രദര്‍ശിപ്പിക്കുന്നതും ബശ്ശാര്‍ സൈന്യത്തിന് തലവേദന സൃഷ്ടിക്കുന്നതും തീവ്രവാദി ഗ്രൂപ്പുകളുടെ കൂട്ടായ്മയായ അന്നുസ്റ ഫ്രണ്ട് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിറിയക്കാര്‍ പരസ്പരം പോരാടി നശിച്ചുകൊള്ളുമെന്നും ബശ്ശാര്‍ അല്‍അസദ് നിഷ്കാസിതമാവുന്ന സാഹചര്യം സംജാതമാകുമ്പോള്‍ സജീവമായി ഇടപെടാമെന്നുമാണത്രെ അമേരിക്കയുടെയും മറ്റും കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍, കബന്ധങ്ങള്‍ കുമിഞ്ഞുകൂടിയ, ചോര ചാലിട്ടൊഴുകുന്ന ഒരു പാഴ്നിലമായിരിക്കും അവര്‍ക്ക് സ്വന്തമാക്കാന്‍ ബാക്കിയുണ്ടാവുക. സിറിയയുടെ ഇന്നത്തെ ദുര്‍ഗതിയില്‍ വിവേകശാലികള്‍ക്ക് ഒട്ടേറെ പാഠങ്ങളുണ്ട്.

നാം എങ്ങോട്ടെന്ന് ചര്‍ച്ച ചെയ്യണം  മാത്രുഭൂമി 
Newspaper Edition
സമരങ്ങള്‍ പലതും സ്വതന്ത്രഇന്ത്യ കണ്ടിട്ടുണ്ട്. ആവശ്യങ്ങള്‍ ന്യായമാണെങ്കില്‍പ്പോലും കക്ഷിരാഷ്ട്രീയ ചേരിതിരിവുകള്‍ കാരണം സമരങ്ങളില്‍ നിന്ന് ലക്ഷ്യബോധം ചോര്‍ന്നുപോകുന്നതും കണ്ടിട്ടുണ്ട്. രാഷ്ട്രീയാപചയങ്ങള്‍ സൃഷ്ടിക്കുന്ന സമരാഭാസങ്ങള്‍ ജനതയെ ബന്ദികളാക്കുന്ന അവസരങ്ങളും വിരളമല്ല. എന്നാല്‍, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികളുടെയും തൊഴിലാളിസംഘടനകള്‍ ഒത്തൊരുമിച്ച് 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു പണിമുടക്കിലേര്‍പ്പെട്ടിരിക്കുകയാണിപ്പോള്‍. ഏതെങ്കിലും തരത്തില്‍ ഈ പണിമുടക്ക് ബാധിക്കാത്ത ഒരാളും ഉണ്ടാകില്ല. ഈ പണിമുടക്ക് വിഷയമാകാതെ ഒരാള്‍ക്കും കടന്നുപോകാനുമാകില്ല.

ഐ.എന്‍.ടി.യു.സി., ബി.എം.എസ്., എ.ഐ.ടി.യു.സി., സി.ഐ.ടി.യു. തുടങ്ങിയ രാജ്യത്തെ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തെ സ്വന്തം കുടക്കീഴില്‍ അണിനിരത്തിയ പ്രധാന ട്രേഡ്‌യൂണിയന്‍ സംഘടനകളെല്ലാം ഈ സമരത്തിലുണ്ട്. ഒപ്പം എച്ച്.എം.എസ്., എ.ഐ.സി.സി.ടി.യു., യു.ടി.യു.സി., ടി.യു.സി.സി., എസ്.ടി.യു., എല്‍.പി.എസ്. എന്നീ കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുമുണ്ട്. അവര്‍ ഏതെങ്കിലും തരത്തില്‍ കേന്ദ്രത്തിലോ സംസ്ഥാനത്തിലോ ഭരണത്തിലിരിക്കുന്നവരോ ഭരിച്ചിരുന്നവരോ ആയ രാഷ്ട്രീയപ്പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകളാണ്. കോണ്‍ഗ്രസ്, ബി.ജെ.പി., സി.പി.ഐ., സി.പി.എം. തുടങ്ങിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തന്നെയാണ് ഏതെങ്കിലും രൂപത്തില്‍ ഇക്കാലമത്രയും സ്വതന്ത്ര ഇന്ത്യയില്‍ ഭരണം കൈയാളിപ്പോന്നിട്ടുള്ളത്. ഇതില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ കേന്ദ്രഭരണം നടത്തിപ്പോരുകയാണ്. എന്നിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസ്സിന്റെ തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സി. മുതല്‍ ചെറുതും വലുതുമായ ഒരുവിധം എല്ലാ തൊഴിലാളി സംഘടനകളും ഈ 48 മണിക്കൂര്‍ സമരരംഗത്തേക്ക് എടുത്തുചാടി എന്ന് ചിന്തിക്കാന്‍ പൊതുസമൂഹം തയ്യാറാകേണ്ടതുണ്ട്. കാരണം ഭരണപ്രതിപക്ഷ ഭേദമെന്യേ തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന കാര്യങ്ങളാണ് നമ്മുടെ നാടിന്റെ വികസനം കൊണ്ടുചെന്നെത്തിച്ചത്. അത് 1990-ല്‍ തുടക്കമിട്ട ആഗോളവത്കരണം എന്ന പ്രതിഭാസം തന്നെയാണെന്ന് വ്യക്തമാണ്. കാരണം നമ്മുടെ രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകളെ വികസനം സത്തയില്‍ തന്നെ അഴിച്ചുപണിയാന്‍ തുടങ്ങിയത് 1990-91 വര്‍ഷം മുതല്‍ ആരംഭിച്ച വികസന പ്രക്രിയകളാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഏതെല്ലാം പരിമിതികളുണ്ടായിരുന്നാലും, ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് മാതൃക പിന്‍തുടര്‍ന്നിരുന്ന വികസന സങ്കല്‍പ്പങ്ങളില്‍ നാം മാറ്റം വരുത്താന്‍ തുടങ്ങിയത് അപ്പോള്‍ മുതല്‍ക്കാണ്. ലോകവ്യാപകമായ മാറ്റങ്ങള്‍ നമ്മെയും മാറ്റുകയായിരുന്നു എന്നും പറയാം. എന്നാല്‍ ഈമാറ്റം സുതാര്യമായല്ല നടന്നത്. ആ പ്രക്രിയയില്‍ പാര്‍ലമെന്റിലും നിയമസഭകളിലും അകത്തും പുറത്തുമായി നടക്കേണ്ടിയിരുന്ന സമഗ്രമായ ചര്‍ച്ചകള്‍ നടന്നിട്ടേയില്ല. അതിന്റെ തിക്തഫലങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്നത്.

വിലക്കയറ്റം തടയുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മിനിമം കൂലി 10,000 രൂപയാക്കുക, തുല്യജോലിക്ക് തുല്യവേതനം ഉറപ്പുവരുത്തുക, എല്ലാ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ അനുവദിക്കുക, ട്രേഡ് യൂണിയനുകളെ അംഗീകരിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കുക, ഓഹരിവില്പന തടയുക,കരാര്‍വത്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളവത്കരണനയങ്ങള്‍ രാജ്യത്തെ തൊഴിലാളികളുടെ നില അത്രയും പരിതാപകരമാക്കിയിട്ടുണ്ടെന്ന വസ്തുതയിലേക്കുകൂടി ഇത് വിരല്‍ചൂണ്ടുന്നുണ്ട്.

ഇക്കാലത്തിനിടയിലെ പെട്രോളിന്റെ വിലയിലേക്കുമാത്രം നോക്കുക. 1989-ല്‍ അത് 8.50 രൂപയായിരുന്നു. 2013 ഫിബ്രവരി 16-ന് അത് 71.32 ആയി. പെട്രോളിന് ഓരോരൂപ കൂടുമ്പോഴും അത് ബാധിക്കുന്നത് രാജ്യത്തെ ഓരോ ഉത്പന്നത്തെയും അതുവഴി രാജ്യത്തെ ഓരോ പൗരന്റെ ജീവിത നിലവാരത്തെയുമാണ്. ആരോഗ്യകരമായ ജീവിതമെന്നത് കമ്പോളത്തില്‍ വിലകൊടുത്തുമാത്രം വാങ്ങാവുന്ന ഒന്നായിമാറുമ്പോള്‍ വാങ്ങല്‍ശേഷിയില്ലാത്ത മഹാഭൂരിപക്ഷത്തിന്റെ കഥ ദുരിതസമാനമാകും. അതുകൊണ്ട് 48 മണിക്കൂര്‍ സമരത്തിന്റെ രീതികളെക്കുറിച്ചോ അത് പൊതുജനങ്ങള്‍ക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചോ എന്തൊക്കെ വിയോജിപ്പുകളുണ്ടായാലും അവരുന്നയിക്കുന്ന മുന്നറിയിപ്പുകള്‍ കണ്ടില്ലെന്ന് നടിക്കുന്നത് രാഷ്ട്രത്തിന് ആപത്കരമാണ്. നാം എങ്ങോട്ടാണ് പോകുന്നതെന്ന് ചര്‍ച്ചചെയ്‌തേ പറ്റൂ. അത് സുതാര്യമായിരിക്കുകയും വേണം. എങ്കിലെ പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള സാധ്യത എവിടെയാണെന്നുപോലും തിരിച്ചറിയാനാവൂ.

ആ പന്ത്രണ്ടുകാരനെ കൊന്നതെന്തിന് ? (മനോരമ)
malmanoramalogoപന്ത്രണ്ടുവയസ്സുകാരനായ ഒരു ബാലന്‍ അര്‍ധനഗ്നനായി ശ്രീലങ്കാ സൈന്യത്തിന്റെ തടവിലിരിക്കുകയും അവരുടെ വെടിയേറ്റുമരിച്ചുകിടക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരെയും അസ്വസ്ഥരാക്കാതിരിക്കില്ല. തമിഴ് പുലികളുടെ (എല്‍ടിടിഇ) നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ പുത്രന്‍ എന്നതായിരുന്നു ശ്രീലങ്കാ സൈന്യം ആ ബാലനില്‍ കണ്ട കുറ്റം. പുലികളുമായുള്ള ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ ശ്രീലങ്കാ സൈന്യം നടത്തിയതായി ആരോപിക്കപ്പെടുന്ന മനുഷ്യാവകാശലംഘനങ്ങളുടെ നേര്‍ചിത്രമാണ് പ്രഭാകരന്റെ മകന്‍ ബാലചന്ദ്രന്റെ അന്ത്യം ലോകത്തിന്റെ മുന്‍പില്‍ അനാവരണം ചെയ്യുന്നത്.

ബ്രിട്ടനിലെ ചാനല്‍-4 ടിവി പുറത്തുവിട്ട ഈ ചിത്രങ്ങളില്‍ ഒരെണ്ണം (ബാലചന്ദ്രന്‍ മരിച്ചുകിടക്കുന്നത്) നേരത്തേതന്നെ ലോകം കണ്ടതാണ്. ബാലന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് ശ്രീലങ്ക അധികൃതര്‍ അന്നു വിശദീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള, അവന്‍ സൈന്യത്തിന്റെ ബങ്കറില്‍ ഇരിക്കുന്നതിന്റെ രണ്ടുചിത്രങ്ങള്‍ ആ വാദം ഖണ്ഡിക്കുന്നു. മൂന്നു ചിത്രങ്ങളും അടുത്തടുത്ത സമയത്ത് ഒരേ ക്യാമറകൊണ്ട് എടുത്തതാണെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

കാല്‍നൂറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ആഭ്യന്തരയുദ്ധം അവസാനിച്ചത് ശ്രീലങ്കാ സൈന്യം തമിഴ് പുലികളുടെ മേല്‍ 2009 മേയില്‍ നേടിയ അന്തിമ വിജയത്തോടെയാണ്. അത്രയും കാലത്തിനിടയില്‍ പുലികളുടെ ആക്രമണത്തിനിരയായവരില്‍ രാജ്യത്തെ ഒട്ടേറെ ഉന്നതനേതാക്കള്‍ മാത്രമല്ല അസംഖ്യം സാധാരണക്കാരും ഉള്‍പ്പെടുന്നു. സിംഹളഭൂരിപക്ഷവിഭാഗത്തിലെ ആളുകള്‍ മാത്രമല്ല, ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട തമിഴരും കൊല്ലപ്പെട്ടു. പുലികളുടെ അപ്രീതിക്കു പാത്രമായതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കു പോലും ജീവന്‍ നഷ്ടപ്പെട്ടതും. ക്രൂരതയുടെയും പകയുടെയും പര്യായമായി എല്‍ടിടിഇ വിശേഷിപ്പിക്കപ്പെട്ടതില്‍ ഒരദ്ഭുതവുമുണ്ടായിരുന്നില്ല.

എന്നാല്‍, യുദ്ധത്തിന്റെ അവസാനനാളുകളില്‍ പുലികളുടെ അവശേഷിച്ച ശക്തികേന്ദ്രങ്ങളായ കിളിനോച്ചി, മുല്ലത്തീവ്, പുതുക്കുടിയിരിപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന പൊരിഞ്ഞ പോരാട്ടത്തിനിടയില്‍ ശ്രീലങ്കാ സൈന്യവും മനുഷ്യത്വം മരവിച്ചുപോയ രീതിയില്‍ പെരുമാറിയെന്നാണ് പരക്കേയുള്ള ആരോപണം. ആയിരക്കണക്കിനാളുകളാണ് മരിച്ചത്. സൈന്യത്തിന്റെ മുന്നേറ്റം ചെറുക്കാന്‍ പുലികള്‍ ജനങ്ങളെ മനുഷ്യപ്പരിചകളാക്കിയതായി ഗവണ്‍മെന്റ് കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍, സിവിലിയന്മാര്‍ എന്ന പരിഗണനയില്ലാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരപരാധികളെ കൂട്ടത്തോടെ സൈന്യം വെടിവച്ചുകൊന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നു. കീഴടങ്ങാനായി മുന്നോട്ടുവന്ന പുലികളെയും കുടുംബങ്ങളെയും പോലും സൈന്യം വെടിവച്ചുകൊന്നതായി രാജ്യാന്തര മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

സൈന്യത്തലവനായിരുന്ന ജനറല്‍ ശരത് ഫോന്‍സേക തന്നെ ഈ ആരോപണം സ്ഥിരീകരിക്കുകയുമുണ്ടായി. കീഴടങ്ങാന്‍ തയാറായി മുന്നോട്ടുവന്ന ചില തമിഴ് പുലിനേതാക്കളെ വെടിവച്ചുകൊല്ലാന്‍ പ്രസിഡന്റ് രാജപക്ഷെയും അദ്ദേഹത്തിന്റെ സഹോദരനായ പ്രതിരോധ സെക്രട്ടറി ഗോടബയ രാജപക്ഷെയും സൈന്യത്തിലെ ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നുവെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇത് അപ്പോള്‍ താനറിഞ്ഞിരുന്നില്ലെന്നും പില്‍ക്കാലത്ത് പ്രസിഡന്റുമായി തെറ്റിപ്പിരിഞ്ഞശേഷം അദ്ദേഹം  വിശദീകരിക്കുകയുണ്ടായി. ചില കേസുകളില്‍ കുടുങ്ങി ഫോന്‍സേകയ്ക്കു കുറച്ചുകാലം ജയിലില്‍ കിടക്കേണ്ടിവന്നത് ഈ വെളിപ്പെടുത്തലിനെതുടര്‍ന്നുള്ള പ്രസിഡന്റിന്റെ പകപോക്കല്‍മൂലമാണെന്ന അഭ്യൂഹങ്ങളുമുണ്ട്.

യുദ്ധത്തിനിടയില്‍ നടന്ന മനുഷ്യാവകാശധ്വംസനങ്ങളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നു നാലു വര്‍ഷമായി രാജ്യാന്തരതലത്തില്‍ തന്നെ മുറവിളി ഉയരുകയാണ്. പക്ഷേ, രാജപക്ഷെ വഴങ്ങുന്നില്ല. നടന്ന സംഭവങ്ങളില്‍ നിന്നു പാഠം ഉള്‍ക്കൊള്ളാനും ജനങ്ങള്‍ക്കിടയില്‍ അനുരഞ്ജനമുണ്ടാക്കാനും സഹായകമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനെന്ന പേരില്‍ പത്തംഗ കമ്മിഷനെ നിയമിക്കുകയാണ് അദ്ദേഹം ചെയ്തത്. സൈന്യത്തിന്റെ ചെയ്തികളെയെല്ലാം വെള്ളപൂശുന്ന റിപ്പോര്‍ട്ട് കമ്മിഷന്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, ശ്രീലങ്കയിലെ തമിഴരെപ്പോലെ തന്നെ രാജ്യാന്തരസമൂഹവും ഇതില്‍ സംതൃപ്തരല്ല. രാജ്യാന്തരമാനദണ്ഡങ്ങളനുസരിച്ചുള്ള സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ യുഎന്‍ മനുഷ്യാവകാശ കൌണ്‍സില്‍ ആവശ്യപ്പെട്ടത്. പക്ഷേ, ശ്രീലങ്കാ ഗവണ്‍മെന്റ് ഇപ്പോഴും അതിനു വിസമ്മതിക്കുന്നു.

മനുഷ്യാവകാശ കൌണ്‍സില്‍ അടുത്തമാസം ജനീവയില്‍ സമ്മേളിക്കുമ്പോള്‍ പ്രഭാകരപുത്രന്റെ അന്ത്യനിമിഷങ്ങളുടെ ചിത്രങ്ങള്‍ ചര്‍ച്ചാവിഷയമാകുമെന്ന് ഉറപ്പാണ്. സമഗ്രമായ അന്വേഷണത്തിനു ശ്രീലങ്കയുടെ മേലുള്ള രാജ്യാന്തരസമ്മര്‍ദം അതോടെ കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും.

No comments:

Post a Comment