Thursday, February 7, 2013

മുഖപ്രസംഗം February 07 - 2013

1. അറബ് വസന്തത്തിന്‍െറ വിളവെടുപ്പ്  (മാധ്യമം )

‘അറബ് വസന്തം’ സാധ്യമാക്കിയ ദ്രുതഗതിയിലുള്ള മാറ്റങ്ങളിലൂടെ കടന്നുപോകുന്ന പശ്ചിമേഷ്യ കൂടുതല്‍ അര്‍ഥപൂര്‍ണമായ ചുവടുവെപ്പുകള്‍ നടത്തുന്നതിന്‍െറ സൂചനകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. തുനീഷ്യയിലും ഈജിപ്തിലും യമനിലും ലിബിയയിലും ജനകീയ വിപ്ളവത്തിലൂടെ നിലവില്‍വന്ന പുതിയ രാഷ്ട്രീയ വ്യവസ്ഥിതി ഏകാധിപതികളെ തൂത്തെറിയുന്നതില്‍ വിജയിക്കുക മാത്രമല്ല, മേഖലയുടെ ശാക്തിക സന്തുലനത്തെ തകിടംമറിക്കുന്ന ശക്തികളെ അകറ്റിനിര്‍ത്താനുള്ള ഇച്ഛാശക്തി സംഭരിച്ചുവരുന്നതായും സൂചനയുണ്ട്. ലോകത്തിന്‍െറ ഊര്‍ജപ്രഭവ കേന്ദ്രമായ ഒരു മേഖലയുടെമേല്‍ സാമ്രാജ്യത്വ-കൊളോണിയല്‍ ശക്തികള്‍ നൂറ്റാണ്ടുകളായി നിലനിര്‍ത്തിപ്പോരുന്ന ആധിപത്യം തകര്‍ക്കാനും രാജ്യങ്ങള്‍ തമ്മില്‍ പരസ്പര സൗഹൃദത്തിന്‍െറ പുതിയ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനുമുള്ള ക്രിയാത്മക നീക്കങ്ങള്‍ പല തലങ്ങളിലും ആരംഭിച്ചതുതന്നെ മേഖലയുടെ ചരിത്രം തിരുത്തിയെഴുതാന്‍ സഹായകമായേക്കാം. ഇറാന്‍ പ്രസിഡന്‍റ് മഹ്മൂദ് അഹ്മദി നെജാദിന്‍െറ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഈജിപ്ത് സന്ദര്‍ശനത്തെയും അദ്ദേഹം കൈമാറാന്‍ ശ്രമിക്കുന്ന സന്ദേശങ്ങളെയും ആ നിലയില്‍ വേണം വിലയിരുത്താന്‍.

2. കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണം  (മാത്രുഭൂമി )

കാണാതായ കുട്ടികളെ കണ്ടെത്തുന്നതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിന്നുണ്ടായ പ
രാമര്‍ശങ്ങള്‍ കേന്ദ്രത്തിന്റെയും സംസ്ഥാനസര്‍ക്കാറുകളുടെയും കണ്ണ് തുറപ്പിക്കുമോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. കാണാതായ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാത്ത കേന്ദ്രത്തെയും ചില സംസ്ഥാന സര്‍ക്കാറുകളെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇത്തരം കുട്ടികളെ കണ്ടെത്തുന്നതിനെക്കുറിച്ച് ആര്‍ക്കും വേവലാതിയില്ലെന്ന് ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ ഒരു സന്നദ്ധ സംഘടന നല്‍കിയ പൊതു താത്പര്യഹര്‍ജി പരിഗണിക്കെയാണ് ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവെ, വിക്രമജിത്‌സിങ് എന്നിവരുമടങ്ങിയ ബെഞ്ച് ഈ അനാസ്ഥയെക്കുറിച്ചു പറഞ്ഞത്. 2008 മുതല്‍ 2010 വരെ 1.7 ലക്ഷം കുട്ടികളെ കാണാതായിട്ടുണ്ടെന്ന് സന്നദ്ധസംഘടനയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. 

3.  ഈ കരി പുരണ്ടത് കോണ്‍ഗ്രസില്‍ തന്നെ (മനോരമ)

കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിസംഘടനയായ കെഎസ്യുവിന്റെ കാടത്തം പാര്‍ട്ടിക്കു മാത്രമല്ല, കേരളത്തിനു തന്നെ അപമാനം വരുത്തിയിരിക്കുകയാണ്. എന്തിന്റെ പേരിലായാലും, തിരുവനന്തപുരത്തു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ മേല്‍ ഒരുസംഘം കെഎസ്യുക്കാര്‍ കരിഒായില്‍ അഭിഷേകം ചെയ്തപ്പോള്‍ ആ കാളിമ വീണത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നു പറയുന്ന മൂല്യബോധത്തില്‍ തന്നെയല്ലേ? 




അറബ് വസന്തത്തിന്‍െറ വിളവെടുപ്പ്  (മാധ്യമം )
അറബ് വസന്തത്തിന്‍െറ വിളവെടുപ്പ്
‘അറബ് വസന്തം’ സാധ്യമാക്കിയ ദ്രുതഗതിയിലുള്ള മാറ്റങ്ങളിലൂടെ കടന്നുപോകുന്ന പശ്ചിമേഷ്യ കൂടുതല്‍ അര്‍ഥപൂര്‍ണമായ ചുവടുവെപ്പുകള്‍ നടത്തുന്നതിന്‍െറ സൂചനകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. തുനീഷ്യയിലും ഈജിപ്തിലും യമനിലും ലിബിയയിലും ജനകീയ വിപ്ളവത്തിലൂടെ നിലവില്‍വന്ന പുതിയ രാഷ്ട്രീയ വ്യവസ്ഥിതി ഏകാധിപതികളെ തൂത്തെറിയുന്നതില്‍ വിജയിക്കുക മാത്രമല്ല, മേഖലയുടെ ശാക്തിക സന്തുലനത്തെ തകിടംമറിക്കുന്ന ശക്തികളെ അകറ്റിനിര്‍ത്താനുള്ള ഇച്ഛാശക്തി സംഭരിച്ചുവരുന്നതായും സൂചനയുണ്ട്. ലോകത്തിന്‍െറ ഊര്‍ജപ്രഭവ കേന്ദ്രമായ ഒരു മേഖലയുടെമേല്‍ സാമ്രാജ്യത്വ-കൊളോണിയല്‍ ശക്തികള്‍ നൂറ്റാണ്ടുകളായി നിലനിര്‍ത്തിപ്പോരുന്ന ആധിപത്യം തകര്‍ക്കാനും രാജ്യങ്ങള്‍ തമ്മില്‍ പരസ്പര സൗഹൃദത്തിന്‍െറ പുതിയ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനുമുള്ള ക്രിയാത്മക നീക്കങ്ങള്‍ പല തലങ്ങളിലും ആരംഭിച്ചതുതന്നെ മേഖലയുടെ ചരിത്രം തിരുത്തിയെഴുതാന്‍ സഹായകമായേക്കാം. ഇറാന്‍ പ്രസിഡന്‍റ് മഹ്മൂദ് അഹ്മദി നെജാദിന്‍െറ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഈജിപ്ത് സന്ദര്‍ശനത്തെയും അദ്ദേഹം കൈമാറാന്‍ ശ്രമിക്കുന്ന സന്ദേശങ്ങളെയും ആ നിലയില്‍ വേണം വിലയിരുത്താന്‍

ചേരിചേരാ പ്രസ്ഥാനത്തിന്‍െറ (‘നാം ) അധ്യക്ഷന്‍ എന്ന നിലയില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ (ഒ.ഐ.സി ) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ത്രിദിന സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച നെജാദ് കൈറോയില്‍ എത്തിയതെങ്കിലും ആ സന്ദര്‍ശനത്തിന് പുതിയ മാനങ്ങള്‍ കൈവന്നത് മേഖലയുടെ സമീപകാല ചരിത്രത്തില്‍ ഈജിപ്തും ഇറാനും സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തിലാണ്. ആ നിലപാടുകളാവട്ടെ, ആഗോള രാഷ്ട്രീയത്തില്‍ ഇന്നും കീറാമുട്ടിയായി നിലനില്‍ക്കുന്ന ഇസ്രായേലുമായി ബന്ധപ്പെട്ട സമസ്യകളിലാണ് താനും. 1979ല്‍ അമേരിക്കയുടെ കാര്‍മികത്വത്തില്‍ ഇസ്രായേലും ഈജിപ്തും സമാധാന സന്ധി ഒപ്പിട്ടതോടെ വിച്ഛേദിക്കപ്പെട്ട ഉഭയകക്ഷി ബന്ധം വീണ്ടും പുന$സ്ഥാപിക്കപ്പെടുന്നത് കഴിഞ്ഞ ആഗസ്റ്റില്‍ ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സി തെഹ്റാന്‍ സന്ദര്‍ശിച്ചതോടെയാണ്.  ഇസ്ലാമിക വിപ്ളവത്തിന് ശേഷം ആദ്യമായി കൈറോ സന്ദര്‍ശിക്കുന്ന ഇറാന്‍ ഭരണാധികാരിയാണ് മഹ്മൂദ് അഹ്മദി നെജാദ്. 57 രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ ഉച്ചകോടികള്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ പ്രമേയങ്ങള്‍ പാസാക്കി പിരിയുകയാണ് പതിവ് എന്നതിനാല്‍ ഗൗരവമുള്ള തീരുമാനങ്ങളൊന്നും ആരും പ്രതീക്ഷിക്കാറില്ല. എന്നാല്‍, നെജാദിന്‍െറ ഈജിപ്ത് സന്ദര്‍ശനം ചരിത്രമാവുക അദ്ദേഹം മുന്നോട്ടുവെക്കുന്ന ചില കാഴ്ചപ്പാടുകളുടെയും അത്  അറബ് ലോകത്ത് ഉണ്ടാക്കിയേക്കാവുന്ന അനുരണനങ്ങളുടെയും അടിസ്ഥാനത്തിലാണ്.

സിറിയയിലെ ആഭ്യന്തരപ്രക്ഷോഭം മേഖലയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളില്‍ മുഖ്യം സുന്നി-ഷിയ വിഭാഗീയതയാണ്. ബശ്ശാര്‍ അല്‍അസദിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിന് പടിഞ്ഞാറന്‍ ശക്തികളുടെ ഒത്താശയോടെ  ഗള്‍ഫ് രാജ്യങ്ങളും തുര്‍ക്കിയും ഈജിപ്തുമൊക്കെ കൈകോര്‍ക്കുമ്പോള്‍ ഡമസ്കസ് ഭരണകൂടത്തിന്‍െറ പക്ഷത്ത് റഷ്യ, ചൈന എന്നിവയോടൊപ്പം ഇറാനും ഇറാഖും ലബനാനിലെ ഹിസ്ബുല്ലയുമൊക്കെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. സിറിയയുടെ പേരില്‍ രൂക്ഷമായ വിഭാഗീയതയും അഭിപ്രായഭിന്നതയും മേഖലയില്‍ പ്രക്ഷുബ്ധാവസ്ഥ നിലനിര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ, അറബ് വസന്തത്തിലൂടെ ഉരുത്തിരിഞ്ഞ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് ‘കൊളോണിയല്‍ ഗൂഢാലോചന’യെ തകര്‍ക്കാനും മേഖലയില്‍ സമാധാനവും ഐക്യവും പുന$സ്ഥാപിക്കാനും സാധിക്കുമെന്ന് നെജാദ് പ്രഖ്യാപിക്കുമ്പോള്‍ അത് വലിയ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്നുണ്ട്. ഈ വിഷയത്തില്‍ ഏറ്റവും നല്ല ‘ബ്രോക്കര്‍’ മുസ്ലിം ബ്രദര്‍ഹുഡിന്‍െറ പിന്‍ബലമുള്ള പ്രസിഡന്‍റ് മുര്‍സിയാണെന്ന് അദ്ദേഹത്തിന്‍െറ ചുരുങ്ങിയ കാലത്തിനിടയിലെ പ്രകടനം തെളിയിച്ചത് ഇറാന് ഈജിപ്തുമായി കൂടുതല്‍ അടുക്കാന്‍ പ്രചോദനമാകുന്നുണ്ടാവാം.
 ഇറാന്‍െറ ആണവായുധ പദ്ധതിയുടെ പേരില്‍ വന്‍ശക്തികളുടെ നേതൃത്വത്തില്‍ ഏത് സമയവും യുദ്ധമുഖം തുറക്കപ്പെടുമെന്ന ഭീതിദമായ അവസ്ഥയായിരുന്നു ഇതുവരെ. സിറിയയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി തുടരുന്ന രക്തച്ചൊരിച്ചില്‍ ധ്രുവീകരണം പൂര്‍ണമാക്കിയപ്പോള്‍ വിജയിച്ചത് ആയുധവ്യാപാരികളും എണ്ണക്കച്ചവടക്കാരുമായിരുന്നു. അതിനിടയില്‍, കഴിഞ്ഞാഴ്ച ഇസ്രായേല്‍ സിറിയയുടെ സൈനിക ഗവേഷണ കേന്ദ്രം ആക്രമിച്ചത് ശ്രദ്ധ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിട്ടു. ഇറാനും തുര്‍ക്കിയും സൗദി അറേബ്യയുമെല്ലാം നഗ്നമായ ഈ രാഷ്ട്രാന്തരീയ നിയമ ലംഘനത്തെ അപലപിച്ചത് വാസ്തവത്തില്‍ ശക്തി പകര്‍ന്നത് ബശ്ശാര്‍ അല്‍അസദിനാണ്. അനവസരത്തിലുള്ള ഈ ആക്രമണത്തിലൂടെ ഇസ്രായേല്‍ ലക്ഷ്യമിടുന്നത് എന്താണെന്ന് വ്യക്തമല്ലെങ്കിലും പ്രതിരോധ മന്ത്രി യഹൂദ് ബറാക് പറയുന്നത്, അസദ് വീഴുന്നതോടെ മാരക രാസായുധങ്ങള്‍ ലബനാനിലെ ഹിസ്ബുല്ലയുടെ കൈകളിലേക്ക് പോകാനുള്ള സാധ്യത മുന്‍കൂട്ടി ഒഴിവാക്കാനാണെന്നാണ്. എന്നാല്‍ , സിറിയയില്‍ സൈനികമായി ഇടപെടാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ അമേരിക്കയുടെ അനുഗ്രഹാശിസ്സുകളോടെ തെല്‍അവീവ് ഭരണകൂടം നടത്തിയ ആസൂത്രിത നീക്കമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദശകങ്ങളില്‍ പലവട്ടം സിറിയക്കെതിരെ ആക്രമണം നടത്തിയ പാരമ്പര്യമുണ്ട് ഇസ്രായേലിന്. അപ്പോഴൊന്നുംതന്നെ പ്രത്യാക്രമണത്തിന് പോലും ത്രാണിയില്ലാതെ നിഷ്ചേതനമായി കിടന്ന സിറിയക്ക് നേരെ, ചോര വാര്‍ന്നൊഴുകുന്ന ഇന്നത്തെ തക്കം നോക്കി കടന്നാക്രമിച്ചത് കടുത്ത ക്രൂരതയായാണ്  അറബ് ലോകം ഒന്നടങ്കം കാണുന്നത്. സിറിയക്കെതിരായ ഏത് ആക്രമണവും ഇറാനെതിരായ ആക്രമണമായി കണക്കാക്കുമെന്ന് തെഹ്റാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുവരെ ബശ്ശാര്‍ അല്‍അസദിനെതിരെ ശക്തമായ നിലപാടെടുത്ത തുര്‍ക്കിയും ഇസ്രായേലിനെതിരെ കടുത്ത രോഷത്തിലാണ്.

ബശ്ശാര്‍ അല്‍അസദ് എന്ന സ്വേച്ഛാധിപതിയെ പുറന്തള്ളുന്നതോടെ സിറിയയില്‍ ഉരുവംകൊള്ളുന്ന പുതിയ രാഷ്ട്രീയ സമവാക്യത്തെക്കുറിച്ചുള്ള വേവലാതി ഇസ്രായേലും അമേരിക്കയും ഒരുപോലെ പങ്കുവെക്കുന്നുണ്ടാവാം. അറബ് വസന്തത്തിന്‍െറ മറവില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ബാഹ്യശക്തികളുടെ ആസൂത്രിത നീക്കങ്ങളെ ജാഗ്രത്തോടെ കാണാനും കൈവന്ന പുതിയ അവസരങ്ങള്‍ മേഖലയുടെ സാമ്പത്തിക ഭദ്രതക്കും സാമൂഹിക സുരക്ഷിതത്വത്തിനും വിനിയോഗിക്കാനും ഇനിയെങ്കിലും അമാന്തിക്കരുത് എന്ന ആഹ്വാനം, അറബ് വസന്തത്തില്‍ വിതച്ചത് കൊയ്യാനുള്ള വിളംബരമാണ്.

കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണം  (മാത്രുഭൂമി )
Newspaper Editionകാണാതായ കുട്ടികളെ കണ്ടെത്തുന്നതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിന്നുണ്ടായ പ
രാമര്‍ശങ്ങള്‍ കേന്ദ്രത്തിന്റെയും സംസ്ഥാനസര്‍ക്കാറുകളുടെയും കണ്ണ് തുറപ്പിക്കുമോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. കാണാതായ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാത്ത കേന്ദ്രത്തെയും ചില സംസ്ഥാന സര്‍ക്കാറുകളെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇത്തരം കുട്ടികളെ കണ്ടെത്തുന്നതിനെക്കുറിച്ച് ആര്‍ക്കും വേവലാതിയില്ലെന്ന് ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ ഒരു സന്നദ്ധ സംഘടന നല്‍കിയ പൊതു താത്പര്യഹര്‍ജി പരിഗണിക്കെയാണ് ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവെ, വിക്രമജിത്‌സിങ് എന്നിവരുമടങ്ങിയ ബെഞ്ച് ഈ അനാസ്ഥയെക്കുറിച്ചു പറഞ്ഞത്. 2008 മുതല്‍ 2010 വരെ 1.7 ലക്ഷം കുട്ടികളെ കാണാതായിട്ടുണ്ടെന്ന് സന്നദ്ധസംഘടനയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം രാജ്യത്തെ സ്ഥിതി എത്രമാത്രം ആപത്കരമാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. 

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഗൂഢസംഘങ്ങള്‍ പല സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ലൈംഗികചൂഷണങ്ങള്‍ക്കും ബാലവേലയ്ക്കും മാത്രമല്ല, മയക്കുമരുന്നു കടത്തിനും കുട്ടികളെ ഉപയോഗിക്കുന്നു. പ്രലോഭിപ്പിച്ചോ ബലം പ്രയോഗിച്ചോ, കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിനു നിയോഗിക്കുന്നവരാണ് മറ്റൊരു കൂട്ടര്‍. സര്‍ക്കാറിന്റെയും വിവിധ അന്വേഷണ ഏജന്‍സികളുടെയും കൂട്ടായ ശ്രമം കൊണ്ടേ ഈ സ്ഥിതി വിശേഷത്തെ നേരിടാനാവൂ. കുട്ടികളെ കാണാതായതു സംബന്ധിച്ചുള്ള കേസുകളില്‍ ഉൗര്‍ജിതമായ അന്വേഷണം ആവശ്യമാണ്. ദൗര്‍ഭാഗ്യവശാല്‍, പല കേസുകളിലും കുട്ടികളെ കണ്ടെത്താനോ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനോ കഴിയാറില്ല. അന്വേഷകരുടെയും സര്‍ക്കാറിന്റെയും അലസസമീപനം പലപ്പോഴും രക്ഷിതാക്കളെ ഹതാശരാക്കുന്നു. ഈ രംഗത്തെ സ്ഥിതി കൂടുതല്‍ വഷളാകാന്‍ ഇതിടയാക്കും. കേരളത്തില്‍ കാണാതാകുന്ന കുട്ടികളെക്കുറിച്ചുള്ള അന്വേഷണത്തിന് പ്രത്യേക മോണിറ്ററിങ് സെല്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. എല്ലാ പോലീസ് സ്റ്റേഷനുകളിലെയും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ കാണാതായ കുട്ടികളെ സംബന്ധിച്ചുള്ള അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കേരളം അറിയിച്ചു. ഇക്കാര്യത്തില്‍ കേരളത്തിലെ സ്ഥിതി പല ഇതര സംസ്ഥാനങ്ങളെയും അപേക്ഷിച്ച് മെച്ചമാണ്. എന്നാല്‍ പല കേസുകള്‍ക്കും തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. 

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുവന്ന് കേരളത്തില്‍ വിവിധ ജോലികള്‍ക്കും വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുവരുന്ന കുട്ടികള്‍ പലതരത്തിലുള്ള കൊടുംപീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. മുഖം വികൃതമാക്കിയും അംഗഭംഗം വരുത്തിയും അവരെ ഭിക്ഷാടനത്തിനിറക്കാന്‍ ഗൂഢസംഘങ്ങള്‍ മടിക്കാറില്ല. കുട്ടികള്‍ ബാലവേല ഏജന്റുമാരുടെ കെണിയില്‍പ്പെടുന്നതും സാധാരണമാണ്. പലേടത്തും അനാഥാലയങ്ങളിലും കുട്ടികള്‍ സുരക്ഷിതരല്ല. ചില അനധികൃത സ്ഥാപനങ്ങള്‍ കുട്ടികളെ അവയവ വ്യാപാരത്തിനുവരെ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അനാഥാലയങ്ങളിലെ കുട്ടികള്‍ എവിടെനിന്നു വരുന്നു, പിന്നീട് എങ്ങോട്ടുപോകുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണങ്ങള്‍ നടക്കാറില്ല. രാജ്യമെങ്ങും കുട്ടികള്‍ക്കു ചുറ്റും ചതിക്കുഴികള്‍ ഏറെയുള്ളതിനാല്‍, കാണാതാകുന്ന കുട്ടികളുടെ എണ്ണം കൂടുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നു. പരമോന്നത നീതിപീഠത്തില്‍ നിന്നുണ്ടായ പരാമര്‍ശങ്ങളുടെ അന്തസ്സത്തയും മറ്റൊന്നല്ല. ഇത്തരം കാര്യങ്ങളിലും കോടതിയുടെ ഇടപെടല്‍ വേണ്ടിവരുന്നു എന്നത് ബന്ധപ്പെട്ട ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം അപമാനകരമാണ്. ഇനിയെങ്കിലും ഇക്കാര്യത്തില്‍ ചുമതല നിറവേറ്റാന്‍ ബന്ധപ്പെട്ടവരെല്ലാം തയ്യാറായേ മതിയാകൂ. കോടതിയുടെ പരാമര്‍ശങ്ങള്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ രക്ഷിതാക്കള്‍ക്കും മറ്റും പ്രേരകമാകുകയും വേണം.


 ഈ കരി പുരണ്ടത് കോണ്‍ഗ്രസില്‍ തന്നെ (മനോരമ)
malmanoramalogoകോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിസംഘടനയായ കെഎസ്യുവിന്റെ കാടത്തം പാര്‍ട്ടിക്കു മാത്രമല്ല, കേരളത്തിനു തന്നെ അപമാനം വരുത്തിയിരിക്കുകയാണ്. എന്തിന്റെ പേരിലായാലും, തിരുവനന്തപുരത്തു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ മേല്‍ ഒരുസംഘം കെഎസ്യുക്കാര്‍ കരിഒായില്‍ അഭിഷേകം ചെയ്തപ്പോള്‍ ആ കാളിമ വീണത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നു പറയുന്ന മൂല്യബോധത്തില്‍ തന്നെയല്ലേ? 

ഹയര്‍ സെക്കന്‍ഡറി ഫീസ് വര്‍ധനയുടെ പേരില്‍, ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇറങ്ങിത്തിരിച്ച കെഎസ്യുക്കാര്‍ കരിഒായില്‍ പ്രയോഗത്തിനായി കരുതിക്കൂട്ടിത്തന്നെയാണു ഡയറക്ടറെ ചെന്നുകണ്ടതെന്നു വ്യക്തം. ഫീസ് കാര്യം ഡയറക്ടറുമായി അഞ്ചു മിനിറ്റോളം ചര്‍ച്ചചെയ്ത പ്രവര്‍ത്തകര്‍ കയ്യില്‍ കരുതിയിരുന്ന കരിഒായില്‍ പൊടുന്നനെ ഒഴിക്കുകയായിരുന്നു. 

ആദര്‍ശമില്ലാത്ത മനുഷ്യന്‍ വഴിതെറ്റിയ കപ്പല്‍ പോലെയാണെന്നു പറഞ്ഞ മഹാത്മാ ഗാന്ധിയെ മാര്‍ഗതാരമാക്കുന്ന കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയില്‍നിന്ന് ഇത് ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഇത്തരം തെമ്മാടിക്കൂട്ടങ്ങളെ വച്ചുപൊറുപ്പിക്കാന്‍ സംഘടനാ നേതൃത്വങ്ങള്‍ ഒരിക്കലും തയാറായിക്കൂടാ. കോണ്‍ഗ്രസും സിപിഎമ്മും ഡിവൈഎഫ്ഐയുമൊക്കെ ജനാധിപത്യത്തിനു കരിയഭിഷേകങ്ങള്‍ നടത്തിയ നാടാണിതെന്നുകൂടി ഒാര്‍ക്കുമ്പോഴാണു നമ്മുടെ നാട്ടിലെ സംഘടനകളുടെ സാംസ്കാരികാധഃപതനം എത്രയെന്നു ബോധ്യപ്പെടുക. പേശീബലം കൊണ്ടു കോളജ് യൂണിയന്‍ നേടുന്നതും കരിഒായില്‍ പ്രയോഗവും ചാപ്പകുത്തലും പൊതുമുതല്‍ നശിപ്പിക്കലുമൊക്കെ പ്രവര്‍ത്തനശൈലിയാക്കിയ വിദ്യാര്‍ഥി സംഘടനകളില്‍ നിന്നാണോ ഈ നാടിനെ നയിക്കാന്‍ യോഗ്യരായ നേതാക്കള്‍ പിറവികൊള്ളേണ്ടത്?  

ഹയര്‍ സെക്കന്‍ഡറി ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തതു മന്ത്രിതലത്തിലായിരുന്നു. പിന്നീട് ഈ ഫീസ് വര്‍ധന പിന്‍വലിക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനമെടുക്കുകയും ചെയ്തു. ഭരണത്തിനു നേതൃത്വംനല്‍കുന്ന കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടന ഇതൊന്നുമറിയാതെയാണോ ചൊവ്വാഴ്ച അക്രമത്തിന് ഇറങ്ങിത്തിരിച്ചത്? മിക്ക കാര്യങ്ങളിലും തീരുമാനങ്ങളുടെ പശ്ചാത്തലവും ഗുണദോഷങ്ങളും പഠിക്കാതെ പ്രതികരിക്കുകയും ഹര്‍ത്താല്‍ വരെയുള്ള ജനദ്രോഹ സമരപരിപാടികള്‍ നടത്തുകയും ചെയ്യുന്ന അധമ രാഷ്ട്രീയശൈലി തന്നെയാണു ഭരണകക്ഷിയുടെ വിദ്യാര്‍ഥിസംഘടനയിലുള്ള ഇവരും പിന്തുടര്‍ന്നത്. 

ചര്‍ച്ചയ്ക്കെന്നു പറഞ്ഞാണു ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്ര കുമാറിന്റെ ഒാഫിസില്‍ സംഘം എത്തിയത്. ഈ യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഈ പദവിയില്‍ ചുമതലയേല്‍ക്കുംമുന്‍പായിരുന്നു ഫീസ് വര്‍ധന തീരുമാനം. ആ തീരുമാനത്തില്‍ ഒരു പങ്കുമില്ലാത്ത, എന്നാല്‍ അതു പിന്‍വലിക്കാനുള്ള യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്റെ നേരെയായിരുന്നു കരിഒായില്‍ സ്പ്രേ ചെയ്തത്. വര്‍ധന പിന്‍വലിക്കാനുള്ള തീരുമാനം ഡയറക്ടര്‍ കെഎസ്യുക്കാരെ അറിയിച്ചിട്ടും കരിഒായില്‍ ഒഴിക്കുകയായിരുന്നു. 

സംഭവത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘടനയില്‍ നിന്നുള്ള പുറത്താക്കലിലും ചട്ടപ്പടി പൊലീസ് കേസെടുക്കലിലുമായി ഈ നീചകൃത്യം ഒതുങ്ങരുത്. ഇത്തരം അക്രമസമരങ്ങള്‍ തള്ളിപ്പറയാനും ഇനിയൊരിക്കലും ആവര്‍ത്തിക്കാതിരിക്കാനുമുള്ള ആര്‍ജവം കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിക്കുക എന്നതാണു പാര്‍ട്ടിക്കു ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ പ്രായശ്ചിത്തം. ക്രിമിനല്‍ കേസ് നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയും വേണം. 

ജനാധിപത്യ വ്യവസ്ഥയില്‍ പ്രകടനങ്ങളും പ്രതിഷേധങ്ങളും അഭിപ്രായസ്വാതന്ത്യ്രത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെടുന്നു. എന്നാല്‍, ഈ സ്വാതന്ത്യ്രത്തിന്റെ മറവില്‍ സംഘടിതശക്തികള്‍ മറ്റുള്ളവരുടെ മൌലികാവകാശങ്ങളില്‍ കടന്നുകയറാന്‍ ഒരിക്കലും അനുവദിച്ചുകൂടാ. ഇതോടൊപ്പം, നിയമപാലകര്‍ നോക്കുകുത്തികളായി മാറുകകൂടി ചെയ്യുമ്പോള്‍ ഭരണഘടന ഉറപ്പാക്കുന്ന പൌരാവകാശങ്ങള്‍ ജനങ്ങള്‍ക്കു നഷ്ടപ്പെടുകയാണ്. സ്വന്തം പാര്‍ട്ടിയെയും നാടിനെയുമെല്ലാം നാണംകെടുത്തുന്ന ഇത്തരം സമരക്കാരില്‍ നിന്നു സര്‍ക്കാര്‍ ഒാഫിസുകളും തെരുവുകളുമെല്ലാം സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

നിന്ദ്യവും നെറികെട്ടതുമായ ഇത്തരം പ്രതിഷേധങ്ങളും മറ്റുള്ളവരുടെ മൌലികാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സമരാഭാസങ്ങളും ഉപേക്ഷിക്കാനുള്ള സംസ്കാരമാണ് ഉത്തരവാദിത്തമുള്ള സംഘടനകളില്‍ നിന്നു ജനം പ്രതീക്ഷിക്കുന്നത്.

No comments:

Post a Comment