മുഖപ്രസംഗം February 09 - 2013
1. ശിക്ഷ കഠിനതരമാക്കിയാല്‍ പരിഹാരമാവുമോ? (മാധ്യമം )
രാജ്യത്ത് സ്ത്രീപീഡനങ്ങള്‍ പെരുകിവരുന്നതോടൊപ്പംതന്നെ സ്ത്രീധന പീഡനങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്താലുള്ള ശിക്ഷ കഠിനതരമാക്കുന്ന തരത്തില്‍ 1961ലെ സ്ത്രീധന നിരോധ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു. നിര്‍ദിഷ്ട ഭേദഗതിപ്രകാരം സ്ത്രീധനം ചോദിച്ചുവാങ്ങിയെന്ന് തെളിഞ്ഞാല്‍ അഞ്ചു വര്‍ഷത്തിനു പകരം ഏഴു വര്‍ഷംവരെ ജയില്‍ശിക്ഷ പ്രതിക്ക് ലഭിക്കും. എന്നാല്‍, സ്ത്രീധനം കൊടുക്കുന്നവര്‍ക്ക് നിലവിലെ അഞ്ചു വര്‍ഷം തടവുശിക്ഷ മേലില്‍ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയായി ചുരുങ്ങും. വിവാഹവേളയില്‍ വധൂവരന്മാര്‍ക്ക് സമ്മാനമായി കിട്ടിയ വസ്തുവോ സംഖ്യയോ 5000 രൂപയില്‍ കൂടുതലുണ്ടെങ്കില്‍ സ്ത്രീധന നിരോധ ഓഫിസറുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
2. സ്വര്‍ണപ്പണയവിപണി സുതാര്യമാക്കാന്‍ (മാത്രുഭൂമി )
പെട്ടെന്ന് പണത്തിനാവശ്യം വരുമ്പോള്‍ സാധാരണക്കാര്‍ ആശ്രയിക്കുന്നത് സ്വര്‍ണപ്പണയമെടുക്കുന്നവരെയാണ്. മുന്‍കാലങ്ങളില്‍ നാട്ടിന്‍പുറത്ത് സമ്പന്നരായ ചില വ്യക്തികളായിരുന്നു ഈ മേഖല അടക്കിവാണിരുന്നത്. ഇപ്പോള്‍ വാണിജ്യബാങ്കുകളും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുമാണ് ഈ രംഗത്തെ പ്രമുഖര്‍. വ്യക്തികളുടെ താത്പര്യാനുസരണം നടന്നിരുന്ന പണയ ഇടപാടുകളില്‍ വ്യവസ്ഥാപിതരീതി കൊണ്ടുവരാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴും കൊള്ളപ്പലിശ, കബളിപ്പിക്കല്‍ എന്നിവയെക്കുറിച്ച് പരാതി ചിലേടത്തൊക്കെ ഉയരാറുണ്ട്. ബാങ്കുകളുടെ കാര്യത്തിലാണെങ്കില്‍ ഇടപാടുകാര്‍ക്ക് പരാതി നല്‍കാന്‍ ബാങ്കിങ് ഓംബുഡ്‌സ്മാന്‍ ഉണ്ട്. ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ കാര്യത്തില്‍ സാധാരണക്കാര്‍ക്ക് പരാതി നല്‍കാന്‍ നിലവില്‍ സംവിധാനമൊന്നുമില്ല. ഇക്കാര്യം പരിഗണിച്ചാണ് സ്വര്‍ണപ്പണയത്തിന്റെ കാര്യത്തില്‍ ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കായി ഓംബുഡ്‌സ്മാന്‍ ആവശ്യമാണെന്ന ശുപാര്‍ശ വന്നിട്ടുള്ളത്.
3. താങ്ങായി മാറാത്ത താങ്ങുവില (മനോരമ )
നാളികേരവില ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുമ്പോള്‍ കേരകര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ താങ്ങുവില നിരാശപ്പെടുത്തുന്നതായി. മില്‍ കൊപ്രയ്ക്കു താങ്ങുവില ക്വിന്റലിന് 5100 രൂപ ആയിരുന്നതു 150 രൂപ കൂട്ടി 5250 രൂപയായാണു കേന്ദ്രം പുതുക്കിനിശ്ചയിച്ചത്. കേന്ദ്രം ഇൌയിടെ പാമോയില്‍ ഇറക്കുമതിത്തീരുവ കൂട്ടിയതും വെളിച്ചെണ്ണ കയറ്റുമതിക്കുള്ള തുറമുഖ നിയന്ത്രണം നീക്കിയതും മറ്റും താങ്ങുവില പുതുക്കലിലും കുറേക്കൂടി ഉദാര സമീപനമുണ്ടാകുമെന്ന പ്രതീക്ഷ കര്‍ഷകരില്‍ ഉണര്‍ത്തിയിരുന്നു. എന്നാല്‍, പ്രതീക്ഷകള്‍ കെടുത്തുന്ന തീരുമാനമാണു സര്‍ക്കാരില്‍ നിന്നുണ്ടായത്.
ശിക്ഷ കഠിനതരമാക്കിയാല്‍ പരിഹാരമാവുമോ? (മാധ്യമം )
രാജ്യത്ത് സ്ത്രീപീഡനങ്ങള്‍ പെരുകിവരുന്നതോടൊപ്പംതന്നെ സ്ത്രീധന പീഡനങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്താലുള്ള ശിക്ഷ കഠിനതരമാക്കുന്ന തരത്തില്‍ 1961ലെ സ്ത്രീധന നിരോധ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു. നിര്‍ദിഷ്ട ഭേദഗതിപ്രകാരം സ്ത്രീധനം ചോദിച്ചുവാങ്ങിയെന്ന് തെളിഞ്ഞാല്‍ അഞ്ചു വര്‍ഷത്തിനു പകരം ഏഴു വര്‍ഷംവരെ ജയില്‍ശിക്ഷ പ്രതിക്ക് ലഭിക്കും. എന്നാല്‍, സ്ത്രീധനം കൊടുക്കുന്നവര്‍ക്ക് നിലവിലെ അഞ്ചു വര്‍ഷം തടവുശിക്ഷ മേലില്‍ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയായി ചുരുങ്ങും. വിവാഹവേളയില്‍ വധൂവരന്മാര്‍ക്ക് സമ്മാനമായി കിട്ടിയ വസ്തുവോ സംഖ്യയോ 5000 രൂപയില്‍ കൂടുതലുണ്ടെങ്കില്‍ സ്ത്രീധന നിരോധ ഓഫിസറുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതില്‍ വീഴ്ചവരുത്തിയാല്‍ ഒരു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം. സ്ത്രീധനത്തിന്റെ നിര്‍വചനത്തിലും ഭേദഗതി നിര്‍ദേശമുണ്ട്. അതുപ്രകാരം വിവാഹത്തിനു മുമ്പോ വിവാഹവേളയിലോ ശേഷമോ നല്‍കുന്ന വസ്തുക്കളും സമ്മാനങ്ങളും സ്ത്രീകളെ പീഡിപ്പിക്കുന്ന തരത്തില്‍ സ്വത്തുക്കളോ വിലപിടിപ്പുള്ള വസ്തുക്കളോ ആവശ്യപ്പെടുന്നതുമെല്ലാം മേലില്‍ സ്ത്രീധന പരിധിയില്‍വരും.
നേരത്തെതന്നെ സ്ത്രീധനത്തിനെതിരെ കര്‍ക്കശനിയമം നിലവിലുണ്ടായിട്ടും 2011ല്‍ 8618 സ്ത്രീധന മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 6619 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. മാനഭംഗത്തിന് വധശിക്ഷവരെ വ്യവസ്ഥചെയ്യുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പുറത്തിറക്കിയത് കൂട്ടമാനഭംഗവും തന്മൂലമുള്ള ജീവഹത്യയും ഭീതിദമായി വര്‍ധിക്കുകയും ദല്‍ഹി സംഭവം രാജ്യത്താകെ ജനരോഷം ആളിക്കത്തിക്കുകയും ചെയ്ത സാഹചര്യത്തിലാണ്. അതുപോലെ ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ മാത്രം ശാപമായ സ്ത്രീധനം കര്‍ശനമായി വിലക്കിയിട്ടുകൂടി സ്ത്രീധനമുക്ത വിവാഹങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടുന്ന സ്ഥിതിക്കിപ്പോഴും മാറ്റമില്ല. വെറും ആറായിരത്തില്‍പരം കേസുകളേ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളൂ എങ്കില്‍കൂടി മഹാഭൂരിപക്ഷം വിവാഹങ്ങളിലും ഏതെങ്കിലും വിധത്തിലെ നിര്‍ബന്ധ സമ്മാനമോ സ്വത്തിടപാടോ നടത്തിയിട്ടുണ്ടാവുമെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ ശിക്ഷ കഠിനതരമാക്കിയാലും ഈയവസ്ഥക്ക് വലിയ മാറ്റം പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. പണാധിപത്യം സമസ്ത ജീവിതരംഗങ്ങളെയും പിടിയിലൊതുക്കുകയും എന്തിലും ഏതിലും പണവും സ്വത്തും നിര്‍ണായകമാവുകയും ചെയ്ത നവമുതലാളിത്ത സംസ്കാരത്തിന്റെ സ്വാധീനവലയത്തിലാണ് സമൂഹം. മതമോ മതേതരത്വമോ സമുദായമോ വര്‍ഗമോ ഒന്നും അതില്‍നിന്ന് മുക്തമല്ല. സ്വാഭാവികമായും കുടുംബജീവിതത്തിന്റെ അസ്തിവാരമായ വിവാഹബന്ധങ്ങളിലും മുഖ്യപരിഗണന പണത്തിനുതന്നെ. നിരന്തരമായ ബോധവത്കരണമോ കലാസാംസ്കാരിക ഇടപെടലുകളോ ഒന്നും സ്ത്രീധനത്തിന്റെ വ്യാപ്തി ഗണ്യമായി കുറക്കാന്‍ പര്യാപ്തമായിട്ടില്ല. ഉന്നത വിദ്യാഭ്യാസ യോഗ്യതയും വന്‍വേതനം ലഭിക്കുന്ന തൊഴിലും വിവാഹമാര്‍ക്കറ്റില്‍ വിലപേശാനുള്ള ഉപാധികളായിത്തീര്‍ന്നിരിക്കെ സമൂഹം പുരോഗമിക്കുകയും പ്രബുദ്ധമാവുകയും ചെയ്താലെങ്കിലും ഈ ശാപം അവസാനിക്കുന്ന പ്രതീക്ഷക്കുപോലും മങ്ങലേല്‍ക്കുകയാണ്.
സ്ത്രീധനം വാങ്ങുന്നതു മാത്രമല്ല, കൊടുക്കുന്നതും നിയമദൃഷ്ട്യാ കുറ്റകരമാണെങ്കിലും ഇതുവരെ ആരെങ്കിലും കൊടുത്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടതായി അറിയില്ല. നിര്‍ദിഷ്ട ഭേദഗതി പ്രകാരം കൊടുക്കുന്നവരുടെ ശിക്ഷ പരമാവധി ഒരുവര്‍ഷമായി ഇളവ് ചെയ്തിട്ടുണ്ട്. അതുകൊണ്ടെന്ത് മാറ്റമാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമല്ല. സ്ത്രീധനം നല്‍കില്ലെന്ന് രക്ഷിതാക്കള്‍ തീരുമാനിച്ചാല്‍ വാങ്ങുന്നവരും ഇല്ലാതാകും. അതോടെ ഈ ദുഷിച്ച സമ്പ്രദായം തനിയെ അവസാനിക്കുകയും ചെയ്യും. പക്ഷേ, പൂച്ചക്ക് ആര് മണികെട്ടും എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. ഒരാളോ രണ്ടാളോ ഒരുകൂട്ടം ആളുകളോ മാത്രം വിചാരിച്ചാല്‍ സംഭവിക്കാവുന്ന മാറ്റമല്ല ഇത്. എല്ലാ പ്രദേശത്തുമുള്ള, സമ്പന്നരും ദരിദ്രരും കൂട്ടായി സ്ത്രീധനം നല്‍കി സന്താനങ്ങളുടെ വിവാഹം നടത്തുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്താലേ ഫലമുണ്ടാവൂ. സമ്പന്നരുടെ മനോഭാവം പക്ഷേ, ഇതിന് സഹായകമല്ല. വന്‍തുകയും ആഭരണക്കൂമ്പാരവും മുന്തിയ വാഹനവും ഓഫര്‍ നല്‍കി വരന്മാരെ വിലക്കെടുക്കുന്നത് പണക്കാര്‍ അഭിമാനപ്രശ്നമായി കരുതുകയാണ്. സ്ത്രീധന വിവാഹങ്ങള്‍ ബഹിഷ്കരിക്കുമെന്ന് വിവാഹകാര്‍മികരായ പുരോഹിതന്മാരും പണ്ഡിതന്മാരും പാര്‍ട്ടി നേതാക്കളും പൗരപ്രമുഖരും തീരുമാനിക്കുകയാണ് ഒരു പരിഹാരമാര്‍ഗം. മറ്റൊന്ന് സ്ത്രീധനം നിശ്ചയിക്കപ്പെട്ടിട്ടുണ്ടെന്ന് ഏതെങ്കിലും വിവാഹത്തെപ്പറ്റി വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും നിയമപാലകരെ അറിയിക്കുകയും ചെയ്യാന്‍ ആദര്‍ശപ്രതിബദ്ധതയുള്ള യുവജന സംഘടനകള്‍ മുന്നോട്ടുവരികയാണ്. അനിഷ്ടം ഭയന്ന് നിസ്സംഗതയോ മൗനമോ അവലംബിക്കുന്നതാണ് ഇത്തരം ദുരാചാരങ്ങള്‍ തുടരാന്‍ പ്രോത്സാഹനമാവുന്നത്. സ്ത്രീധനം വാരിക്കോരി കൊടുത്തശേഷം വിവാഹബന്ധം അറ്റുപോയാല്‍ വന്‍തുകയുടെ അവകാശവാദവുമായി കോടതികളെ സമീപിക്കുന്ന പതിവ് സാര്‍വത്രികമായുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അന്യായക്കാരെ കൂടി നിയമനടപടികള്‍ക്ക് വിധേയരാക്കുമെന്ന് ഉറപ്പായാല്‍ സ്ത്രീധന ഇടപാടുകള്‍ക്ക് ശമനമുണ്ടാവും. എന്തായാലും മാന്യോചിതമോ മനുഷ്യോചിതമോ അല്ലാത്ത സ്ത്രീധന സമ്പ്രദായം എന്തുവില കൊടുത്തും രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്യുമെന്ന് എല്ലാവരും ഒറ്റക്കെട്ടായി പ്രതിജ്ഞയെടുക്കേണ്ട സമയം ഏറെ വൈകി.
സ്വര്‍ണപ്പണയവിപണി സുതാര്യമാക്കാന്‍ (മാത്രുഭൂമി )
പെട്ടെന്ന് പണത്തിനാവശ്യം വരുമ്പോള്‍ സാധാരണക്കാര്‍ ആശ്രയിക്കുന്നത് സ്വര്‍ണപ്പണയമെടുക്കുന്നവരെയാണ്. മുന്‍കാലങ്ങളില്‍ നാട്ടിന്‍പുറത്ത് സമ്പന്നരായ ചില വ്യക്തികളായിരുന്നു ഈ മേഖല അടക്കിവാണിരുന്നത്. ഇപ്പോള്‍ വാണിജ്യബാങ്കുകളും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുമാണ് ഈ രംഗത്തെ പ്രമുഖര്‍. വ്യക്തികളുടെ താത്പര്യാനുസരണം നടന്നിരുന്ന പണയ ഇടപാടുകളില്‍ വ്യവസ്ഥാപിതരീതി കൊണ്ടുവരാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴും കൊള്ളപ്പലിശ, കബളിപ്പിക്കല്‍ എന്നിവയെക്കുറിച്ച് പരാതി ചിലേടത്തൊക്കെ ഉയരാറുണ്ട്. ബാങ്കുകളുടെ കാര്യത്തിലാണെങ്കില്‍ ഇടപാടുകാര്‍ക്ക് പരാതി നല്‍കാന്‍ ബാങ്കിങ് ഓംബുഡ്‌സ്മാന്‍ ഉണ്ട്. ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ കാര്യത്തില്‍ സാധാരണക്കാര്‍ക്ക് പരാതി നല്‍കാന്‍ നിലവില്‍ സംവിധാനമൊന്നുമില്ല. ഇക്കാര്യം പരിഗണിച്ചാണ് സ്വര്‍ണപ്പണയത്തിന്റെ കാര്യത്തില്‍ ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കായി ഓംബുഡ്‌സ്മാന്‍ ആവശ്യമാണെന്ന ശുപാര്‍ശ വന്നിട്ടുള്ളത്. സ്വര്‍ണപ്പണയവിപണിയെപ്പറ്റി പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ധസമിതിയാണ് റിസര്‍വ് ബാങ്കിന് ഇക്കാര്യം ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
സാധാരണക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഏകീകരിക്കാനും നിയന്ത്രിക്കാനും നിരീക്ഷിക്കാനും സംവിധാനം കൊണ്ടുവരേണ്ടത് തികച്ചും ആവശ്യമാണ്. സമിതിയുടെ ശുപാര്‍ശ സ്വാഗതാര്‍ഹവുമാണ്. രണ്ട് ലക്ഷത്തിലേറെ വരുന്ന വായ്പകളില്‍ ഇടപാട് ചെക്ക് വഴി മാത്രമാക്കുക, പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുക, പലിശനിരക്ക് യുക്തിസഹമായി ഏകീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ സമിതി റിസര്‍വ്ബാങ്കിന് സമര്‍പ്പിച്ച ശുപാര്‍ശകളില്‍ ഉള്‍പ്പെടും. ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ വാണിജ്യബാങ്കുകളില്‍ നിന്ന് എടുക്കുന്ന വായ്പയ്ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നാണ് മറ്റൊരു നിര്‍ദേശം. കുടിശ്ശികയുടെ പേരില്‍ സ്വര്‍ണം ലേലം ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങളിലും ഏകീകരണത്തിന് ശുപാര്‍ശയുണ്ട്. വായ്പയെടുത്ത ആളുടെ താലൂക്കില്‍ വെച്ചുതന്നെയാവണം ലേലം എന്ന് സമിതി വിലയിരുത്തുന്നു. അത്യാവശ്യസമയത്ത് സ്വര്‍ണം പണയം വെക്കേണ്ട ഗതികേടിലെത്തുന്നവര്‍ അതിന്റെ പേരില്‍ കബളിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഇതിന്റെ ഉദ്ദേശ്യം. സ്വര്‍ണം പണയംവെക്കാന്‍ സാധാരണഗതിയില്‍ അധികം പേരും സമീപിക്കുന്നത് വാണിജ്യബാങ്കുകളെയാണ്. ഈ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നതും ബാങ്കുകള്‍ തന്നെ. എന്നാല്‍, ഈ മേഖലയിലെ നിയമത്തെക്കുറിച്ചും വ്യവസ്ഥകളെക്കുറിച്ചും വ്യക്തമായ ധാരണയില്ലാത്ത ഗ്രാമീണരും സാധാരണക്കാരും ബാങ്കിലെ നടപടിക്രമങ്ങളുടെ സങ്കീര്‍ണതയെ ഭയന്ന് ബാങ്കിതര ധനകാര്യസ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.
ഇക്കൂട്ടരുടെ അജ്ഞത ചൂഷണം ചെയ്ത് ആരെങ്കിലും അവിഹിതമാര്‍ഗത്തിലൂടെ നേട്ടമുണ്ടാക്കുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ളതാണ് വിദഗ്ധസമിതിയുടെ ശുപാര്‍ശകള്‍. നടപടിക്രമം ലഘൂകരിച്ചും കാലതാമസം ഒഴിവാക്കിയും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ ഇടപാടുകാര്‍ക്ക് ആകര്‍ഷകമായ സാഹചര്യമാണ് ഒരുക്കുന്നത്. ഈ സൗകര്യത്തിന്റെ മറവില്‍ ചൂഷണം നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത്തരം ചൂഷണങ്ങളക്കുറിച്ചുള്ള പരാതി സ്വീകരിക്കാനും അന്വേഷണം നടത്തി സാധാരണക്കാര്‍ക്ക് പരിഹാരം ഉറപ്പാക്കാനും ഓംബുഡ്‌സ്മാന്‍ ഫലപ്രദമാണ്. പലിശനിരക്കിന്റെ കാര്യത്തിലും ലേലത്തിന്റെ കാര്യത്തിലും ഏകീകരണവും സുതാര്യതയും കൊണ്ടുവരുന്നത് സാധാരണക്കാര്‍ക്ക് ഏറേ ഗുണകരമാകുകയും ചെയ്യും. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്ക് സുതാര്യതയുടെയും വിശ്വാസ്യതയുടെയും മുദ്ര നല്‍കാനും ഈ സംവിധാനം സഹായകമാകുമെന്നുറപ്പാണ്.
താങ്ങായി മാറാത്ത താങ്ങുവില (മനോരമ )
നാളികേരവില ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുമ്പോള്‍ കേരകര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ താങ്ങുവില നിരാശപ്പെടുത്തുന്നതായി. മില്‍ കൊപ്രയ്ക്കു താങ്ങുവില ക്വിന്റലിന് 5100 രൂപ ആയിരുന്നതു 150 രൂപ കൂട്ടി 5250 രൂപയായാണു കേന്ദ്രം പുതുക്കിനിശ്ചയിച്ചത്. താങ്ങുവില മില്‍ കൊപ്രയ്ക്ക് 6300 രൂപയും ഉണ്ടക്കൊപ്രയ്ക്ക് 6550 രൂപയുമാണു ശുപാര്‍ശ ചെയ്തിരുന്നത്. ഉണ്ടക്കൊപ്രയ്ക്കും 150 രൂപ വര്‍ധിപ്പിച്ചപ്പോള്‍ 5500 രൂപയാണു പുതിയ താങ്ങുവില.കേന്ദ്രം ഇൌയിടെ പാമോയില്‍ ഇറക്കുമതിത്തീരുവ കൂട്ടിയതും വെളിച്ചെണ്ണ കയറ്റുമതിക്കുള്ള തുറമുഖ നിയന്ത്രണം നീക്കിയതും മറ്റും താങ്ങുവില പുതുക്കലിലും കുറേക്കൂടി ഉദാര സമീപനമുണ്ടാകുമെന്ന പ്രതീക്ഷ കര്‍ഷകരില്‍ ഉണര്‍ത്തിയിരുന്നു. എന്നാല്‍, പ്രതീക്ഷകള്‍ കെടുത്തുന്ന തീരുമാനമാണു സര്‍ക്കാരില്‍ നിന്നുണ്ടായത്. താങ്ങുവില ഉയര്‍ത്തല്‍ വിപണിയില്‍ ചെറുചലനം പോലുമുണ്ടാക്കിയില്ലെന്നതു തന്നെ പ്രതീക്ഷിച്ച തീരുമാനമുണ്ടായില്ലെന്നതിനു തെളിവാണ്.
രാജ്യത്തെ പണപ്പെരുപ്പവും ഉല്‍പാദനച്ചെലവിലെ വര്‍ധനയും കണക്കിലെടുക്കുമ്പോള്‍ പുതിയ താങ്ങുവില തികച്ചും അപര്യാപ്തവും നിരാശാജനകവുമാണെന്നു കര്‍ഷകരടക്കം കേരമേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പത്തിന്റെ തോതുമാത്രം കണക്കിലെടുത്താല്‍ തന്നെ താങ്ങുവില നിലവിലുള്ള 5100ല്‍ നിന്ന് 500 രൂപയെങ്കിലും വര്‍ധിപ്പിക്കേണ്ടിയിരുന്നു. ഉല്‍പാദനച്ചെലവിലും വിളവെടുപ്പു കൂലിയിലുമുള്ള വര്‍ധനകൂടി കണക്കിലെടുക്കുമ്പോള്‍ അതും മതിയാകാതെ വരും. തുക 7000 രൂപയാക്കണമെന്നതായിരുന്നു കര്‍ണാടകയുടെ ആവശ്യം. തമിഴ്നാട് ചോദിച്ചത് 7500 രൂപയും. താങ്ങുവില വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തോടു കേന്ദ്ര ധനമന്ത്രാലയത്തിന് എതിര്‍പ്പായിരുന്നു. പ്രതിരോധമന്ത്രി എ.കെ. ആന്റണി, കൃഷിമന്ത്രി ശരദ് പവാര്‍, ഭക്ഷ്യമന്ത്രി കെ.വി. തോമസ് എന്നിവരുള്‍പ്പെട്ട മന്ത്രിസഭാ ഉപസമിതി ശക്തമായ നിലപാട് എടുത്തതുകൊണ്ടാണ് ഇത്രയെങ്കിലും വര്‍ധനയുണ്ടായത്.
സംഭരണമാണു തേങ്ങാവിലയിടിവിനു നമ്മുടെയും ഒറ്റമൂലി. സഹകരണ സംഘങ്ങളും നാളികേര ഉല്‍പാദക സംഘങ്ങളും ഉള്‍പ്പെടെ നാനൂറോളം ഏജന്‍സികള്‍ കൊപ്രാസംഭരണത്തിനു റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും മിക്കതും സജീവമായി രംഗത്തില്ല. അതുകൊണ്ടുതന്നെ ഒാരോ വര്‍ഷവും ലക്ഷ്യമിടുന്നതിന്റെ ചെറിയൊരു പങ്കുമാത്രമേ സംഭരിക്കാന്‍ കഴിയാറുള്ളൂ. സംഭരണത്തിന്റെ നടപടിക്രമങ്ങള്‍ വളരെ സങ്കീര്‍ണമാണെന്നതു കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നുമുണ്ട്. സംഭരണരംഗത്തുള്ള സംഘങ്ങള്‍ ഏതൊക്കെയെന്നു പോലും കര്‍ഷകര്‍ക്ക് അറിയില്ല. പരമാവധി ആറു ശതമാനം ഇൌര്‍പ്പം അനുവദിച്ചിട്ടുണ്ടെങ്കിലും അതിലും കുറഞ്ഞ ഇൌര്‍പ്പമുള്ള കൊപ്ര പോലും നിരസിക്കപ്പെടുന്ന അനുഭവം പല കര്‍ഷകര്‍ക്കുമുണ്ട്. നടപടിക്രമങ്ങള്‍ ലളിതവും സുതാര്യവുമാക്കിയാലേ സംഭരണത്തില്‍ കര്‍ഷകരുടെ സഹകരണം ഉറപ്പാക്കാനാവുകയുള്ളൂ.
തേങ്ങ സൂക്ഷിക്കാനോ കൊപ്രയാക്കാനോ സൌകര്യമില്ലാത്തവരാണു കേരകര്‍ഷകരില്‍ നല്ലപങ്കും. ഇൌ സാഹചര്യത്തില്‍ കൊപ്രാസംഭരണവും താങ്ങുവിലയും ഇടനിലക്കാര്‍ ചൂഷണംചെയ്യുന്നത് ഒഴിവാക്കാനാണു സംസ്ഥാന സര്‍ക്കാര്‍ പച്ചത്തേങ്ങ സംഭരണം നടപ്പാക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളില്‍ കൃഷിഭവന്‍ വഴി സംഭരണത്തിനു തുടക്കമായിട്ടുണ്ട്. കൃഷിഭവനുകളിലെ ദൈനംദിന ജോലിത്തിരക്കുകള്‍ക്കിടയില്‍ ഇതെത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന സംശയം പരക്കെ ഉയര്‍ന്നിട്ടുണ്ടെങ്കിലും പദ്ധതിക്കു നല്ല പ്രതികരണമാണുള്ളതെന്നു കൃഷിവകുപ്പ് അധികൃതര്‍ അവകാശപ്പെടുന്നു. സംഭരണം ആഴ്ചയില്‍ രണ്ടുദിവസത്തേക്കു നിജപ്പെടുത്തിയും കുടുംബശ്രീ, സഹകരണ സംഘങ്ങള്‍ എന്നിവയുടെ പിന്തുണ തേടിയും പരിമിതികളെ അതിജീവിക്കാനാണു ശ്രമം. അവകാശവാദങ്ങള്‍ എന്തുമാകട്ടെ, നടപടികള്‍കൊണ്ടു വിപണിയില്‍ ഫലമുണ്ടാകുകയാണു വേണ്ടത്.
കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവിലയ്ക്കൊപ്പം അധികമായി ക്വിന്റലിനു കര്‍ണാടക സര്‍ക്കാര്‍ 700 രൂപയും തമിഴ്നാട് സര്‍ക്കാര്‍ 400 രൂപയും നല്‍കിയാണു സംഭരണം നടത്തിവരുന്നത്. അതായത്, താങ്ങുവില പുതുക്കലിനു മുന്‍പുതന്നെ കൊപ്രയ്ക്ക് അവിടങ്ങളിലെ സംഭരണവില യഥാക്രമം 5800 രൂപയും 5500 രൂപയുമായിരുന്നു. വര്‍ധിച്ച ഉല്‍പാദനച്ചലവും മറ്റു യാഥാര്‍ഥ്യങ്ങളും കണക്കിലെടുത്തു താങ്ങുവില തീരുമാനം കര്‍ഷകര്‍ക്കു ഗുണകരമായി മാറ്റിയെഴുതാന്‍ കേന്ദ്രം തയാറാകണം. ഇതിനായി, തേങ്ങ ഉല്‍പാദിപ്പിക്കുന്ന മറ്റു സംസ്ഥാനങ്ങളുടെ സഹകരണത്തോടെ കേരളം സമ്മര്‍ദംചെലുത്തേണ്ടിയിരിക്കുന്നു. അതിനു ഫലമുണ്ടായില്ലെങ്കില്‍, അയല്‍സംസ്ഥാനങ്ങളുടെ മാതൃകയില്‍ സ്വന്തം വിഹിതം കൂടിച്ചേര്‍ത്തു തുക വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മനസ്സുകാണിക്കണം. ഒപ്പം, കൊപ്രയുടെയും പച്ചത്തേങ്ങയുടെയും സംഭരണം കാര്യക്ഷമമായും വ്യാപകമായും നടപ്പാക്കുകയും വേണം. എന്തായാലും, അനിശ്ചിതത്വത്തിന്റെ ഉയരത്തില്‍ കേരകര്‍ഷകനെ ഇനിയെങ്കിലും തനിച്ചുനിര്‍ത്തരുത്.
മനോരമ 09-02-13
No comments:
Post a Comment