Wednesday, February 6, 2013

മുഖപ്രസംഗം February 06 - 2013

മുഖപ്രസംഗം February 06 - 2013

1.    അധ്യാപനത്തിലെ നിലവാരത്തകര്‍ച്ച (മാധ്യമം )
വിദ്യാര്‍ഥികളുടെ പഠനനിലവാരത്തിലെ പിന്നാക്കാവസ്ഥക്ക് കാരണം അധ്യാപകര്‍ക്ക് നല്‍കുന്ന പരിശീലനത്തിന്‍െറ കുറവാണെന്നും കാര്യക്ഷമതയും ഉല്‍പാദനക്ഷമതയുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഊര്‍ജസ്വലമായ പരിശീലനംകൊണ്ടേ സാധിക്കുകയുള്ളൂവെന്നും കഴിഞ്ഞ ദിവസം കോഴിക്കോട്ട് ത്രിദിന സാമൂഹിക വികസന കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യവെ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. അദ്ദേഹത്തിന്‍െറ പ്രസ്താവനക്ക് അടിവരയിടുന്നതാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന്‍െറ ഫലങ്ങള്‍.
 2.   സ്ത്രീസുരക്ഷ:പദ്ധതികള്‍ ഫലപ്രദമാക്കണം   (മാതൃഭൂമി)
സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമം കൂടിവരുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക കര്‍മപദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ്. അതിക്രമങ്ങളെക്കുറിച്ച് പരാതികള്‍ നല്‍കുന്നതിലെ സങ്കീര്‍ണതകളും സാങ്കേതികതകളും പരമാവധി കുറയ്ക്കാന്‍ ഇത് ലക്ഷ്യമിടുന്നു. പരാതിനല്‍കല്‍ എളുപ്പമാക്കാനും മൂന്നാമതൊരാളാണ് പരാതി നല്‍കുന്നതെങ്കില്‍ ആ വ്യക്തിയെ അതിന്റെ പേരില്‍ പലതവണ വിളിച്ചുവരുത്തുന്നത് ഒഴിവാക്കാനുമുള്ള നിര്‍ദേശങ്ങള്‍ പദ്ധതിയിലുണ്ട്.


3. ഫാക്ടിനു വേണം ജീവശ്വാസം (മനോരമ )
രാസവളം ഉല്‍പാദിപ്പിച്ചു പ്രചരിപ്പിക്കാന്‍ സ്ഥാപിച്ച ഫാക്ട് സപ്തതിയുടെ നിറവിലാണ്. പക്ഷേ, ഈ എഴുപതാം വയസ്സില്‍ നഷ്ടപ്രതാപത്തെയും നാഥനില്ലായ്മയെയും കുറിച്ചു വേദനിക്കാനാണു കമ്പനിയുടെ വിധി. കാലാവസ്ഥ കൂടി ചതിച്ചതോടെ, സാമ്പത്തിക സ്രോതസ്സുകള്‍ വറ്റിവരണ്ടു. ഒരുലക്ഷം ടണ്ണിലേറെ വളം കെട്ടിക്കിടക്കുകയാണ്. നഷ്ടം പെരുകി 210 കോടി രൂപയിലെത്തിക്കഴിഞ്ഞു. അടിയന്തര സഹായം ലഭിച്ചില്ലെങ്കില്‍ പീഡിത വ്യവസായമായി മാറുമെന്നതാണ് ഈ അവസ്ഥ നല്‍കുന്ന സൂചന.

അധ്യാപനത്തിലെ നിലവാരത്തകര്‍ച്ച  (മാധ്യമം)
കാലം മാറിയിട്ടും മാറാതെ ബി.ജെ.പിവിദ്യാര്‍ഥികളുടെ പഠനനിലവാരത്തിലെ പിന്നാക്കാവസ്ഥക്ക് കാരണം അധ്യാപകര്‍ക്ക് നല്‍കുന്ന പരിശീലനത്തിന്‍െറ കുറവാണെന്നും കാര്യക്ഷമതയും ഉല്‍പാദനക്ഷമതയുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഊര്‍ജസ്വലമായ പരിശീലനംകൊണ്ടേ സാധിക്കുകയുള്ളൂവെന്നും കഴിഞ്ഞ ദിവസം കോഴിക്കോട്ട് ത്രിദിന സാമൂഹിക വികസന കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യവെ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. അദ്ദേഹത്തിന്‍െറ പ്രസ്താവനക്ക് അടിവരയിടുന്നതാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന്‍െറ ഫലങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ സ്കൂളുകളിലും ചില സി.ബി.എസ്.ഇ സ്ഥാപനങ്ങളിലും അധ്യാപക നിയമനത്തില്‍ യോഗ്യരെ കണ്ടെത്താനാണ് വിദ്യാഭ്യാസാവകാശ നിയമപ്രകാരം പരീക്ഷ നടത്തിയത്. ബി.എഡ് ആണ് ടെസ്റ്റ് എഴുതാനുള്ള അടിസ്ഥാനയോഗ്യത. പരീക്ഷ എഴുതിയവരില്‍ മഹാഭൂരിപക്ഷവും ദയനീയമായി പരാജയപ്പെടുകയായിരുന്നു. തോല്‍വി 99 ശതമാനത്തിലധികം. 7.95 ലക്ഷം ബി.എഡുകാരില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ജയിച്ചുകയറിയത്. വിദ്യാഭ്യാസാവകാശ നിയമപ്രകാരം കേരളത്തില്‍ ആദ്യമായി നടത്തിയ അധ്യാപക യോഗ്യത പരീക്ഷയിലും കൂട്ടത്തോല്‍വിയാണ് ഫലങ്ങള്‍ പുറത്തുകൊണ്ടുവന്നത്. അതായത് 93 ശതമാനവും പരാജയപ്പെട്ടു! എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 50,647 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ യോഗ്യത നേടിയത് 8000 പേര്‍മാത്രം. അവരില്‍തന്നെ മൂന്നേമൂന്നു പേര്‍ക്കേ 80 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചുള്ളൂ. അതിനുമുമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപക നിയമനയോഗ്യതക്കുള്ള സെറ്റ് പരീക്ഷയിലും കൂട്ടത്തോല്‍വി തന്നെയായിരുന്നു ഫലം. 30,187 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 1909 പേര്‍ മാത്രമാണ് വിജയിച്ചത് -കേവലം 6.32 ശതമാനം. ഇസ്ലാമിക് ഹിസ്റ്ററി ഉള്‍പ്പെടെ മൂന്നു വിഷയങ്ങളില്‍ ഒരാള്‍പോലും വിജയിച്ചില്ല.
ഇത്രത്തോളം ദയനീയമായ കൂട്ടത്തോല്‍വിക്ക് പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പരീക്ഷരീതിയുടെ അശാസ്ത്രീയത, നെഗറ്റീവ് മാര്‍ക്ക് നല്‍കുന്ന ഏര്‍പ്പാട് തുടങ്ങി പലതും. മേലില്‍ നെഗറ്റീവ് മാര്‍ക്കിടല്‍ സമ്പ്രദായം ഉപേക്ഷിക്കാന്‍ പരീക്ഷ ബോര്‍ഡ് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. പരാജയത്തിന്‍െറ ശതമാനം അമ്പരപ്പിക്കുംവിധം ഉയര്‍ത്തുന്നതില്‍ ഈ കാരണങ്ങള്‍ക്കൊക്കെ പങ്കുണ്ടാവാം. പക്ഷേ, അതിനെല്ലാം അപ്പുറത്ത് നമ്മുടെ വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചതന്നെയാണ് മുഖ്യപ്രതി. ഒന്നാം ക്ളാസ് മുതല്‍ പന്ത്രണ്ടാം ക്ളാസുവരെ ആരെയും തോല്‍പിക്കാന്‍ പാടില്ലെന്ന ശാസന, അത് പഠിപ്പിക്കാതിരിക്കാന്‍ അധ്യാപകനും പഠിക്കാതിരിക്കാന്‍ വിദ്യാര്‍ഥിക്കും അവസരമൊരുക്കുന്ന സ്ഥിതിവിശേഷം, ചോദ്യങ്ങള്‍ തയാറാക്കുന്നതിലെ ഉദാസീനത, മൂല്യനിര്‍ണയം നടത്തുമ്പോള്‍ സര്‍ക്കാര്‍തന്നെ നിഷ്കര്‍ഷിച്ച അപരിമേയമായ ഉദാരവത്കരണം എന്നീ കാരണങ്ങള്‍ ഒത്തുവരുമ്പോള്‍ വിദ്യാഭ്യാസ നിലവാരം പാതാളത്തിലെത്തുന്നതില്‍ അദ്ഭുതമുണ്ടോ? ഇപ്രകാരം നിലവാരം തകര്‍ന്ന വിദ്യാഭ്യാസത്തിലൂടെ മിനിമം അമ്പതു ശതമാനം തരപ്പെടുത്തിയവര്‍ അധ്യാപക പരിശീലന പരിപാടിക്ക് പ്രവേശനം ലഭിക്കാന്‍ അര്‍ഹരായി. പ്രൈമറിതലത്തില്‍ രണ്ടു വര്‍ഷത്തെ ടീച്ചേഴ്സ് ട്രെയ്നിങ് കോഴ്സോ ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഒരു വര്‍ഷത്തെ ബി.എഡോ പാസാവുന്നവര്‍ തലമുറകളെ പഠിപ്പിക്കാന്‍ യോഗ്യരാണെന്നാണ് നിശ്ചയം. സര്‍ക്കാര്‍ സ്കൂളുകളില്‍ നിയമനത്തിന് പി.എസ്.സി ടെസ്റ്റ് പാസാവുകയെങ്കിലും വേണം. എയ്ഡഡ്-സ്വകാര്യ സ്കൂളുകളില്‍ അധ്യാപകരാവാന്‍ അതുപോലും വേണ്ട. പലതിലും പണമാണ് നിയമനത്തിന്‍െറ ആദ്യ പരിഗണന. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലവാരത്തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നതിന്‍െറ മുഖ്യ പശ്ചാത്തലം ഇതാണ്. സ്വയംവളരണമെന്നും മികവുതെളിയിക്കണമെന്നും ശാഠ്യമുള്ള കുറെ പേരെങ്കിലും അധ്യാപകരില്‍ ഉണ്ടെന്ന വസ്തുത നിഷേധിക്കുന്നില്ല. അവരാണുതാനും അവശേഷിക്കുന്ന നിലവാരത്തിന് ഉത്തരവാദികള്‍. എന്നാല്‍, കൂണ്‍പോലെ സ്വകാര്യ സ്വാശ്രയ മേഖലയില്‍ മുളച്ചുപൊന്തുന്ന അധ്യാപക പരിശീലന കേന്ദ്രങ്ങളുടെ ഉല്‍പന്നങ്ങള്‍ അധ്യാപകസമൂഹത്തെയാകെ മാനംകെടുത്തുന്നു എന്ന സത്യം ബാക്കിനില്‍ക്കുന്നു. തന്മൂലം അധ്യാപകരുടെ യോഗ്യതയും ശേഷിയും ഉറപ്പുവരുത്താന്‍ ചില നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ആരംഭിച്ചിട്ടുണ്ടെന്നത് ആശ്വാസകരമാണ്. നിലവിലെ അധ്യാപകരും ഭാവി അധ്യാപകരും അതില്‍ വെള്ളംചേര്‍ക്കാന്‍ സമ്മര്‍ദം ചെലുത്തുകയല്ല, ആ നടപടികള്‍ വിജയിപ്പിക്കാന്‍ ആത്മാര്‍ഥമായി സഹകരിക്കുകയാണ് രാജ്യത്തിന്‍െറ ഭാവിയില്‍ താല്‍പര്യമുണ്ടെങ്കില്‍ വേണ്ടത്.
   സ്ത്രീസുരക്ഷ:പദ്ധതികള്‍ ഫലപ്രദമാക്കണം   (മാത്രുഭൂമി )
Newspaper Edition
സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമം കൂടിവരുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക കര്‍മപദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ്. അതിക്രമങ്ങളെക്കുറിച്ച് പരാതികള്‍ നല്‍കുന്നതിലെ സങ്കീര്‍ണതകളും സാങ്കേതികതകളും പരമാവധി കുറയ്ക്കാന്‍ ഇത് ലക്ഷ്യമിടുന്നു. പരാതിനല്‍കല്‍ എളുപ്പമാക്കാനും മൂന്നാമതൊരാളാണ് പരാതി നല്‍കുന്നതെങ്കില്‍ ആ വ്യക്തിയെ അതിന്റെ പേരില്‍ പലതവണ വിളിച്ചുവരുത്തുന്നത് ഒഴിവാക്കാനുമുള്ള നിര്‍ദേശങ്ങള്‍ പദ്ധതിയിലുണ്ട്. ഡല്‍ഹിയില്‍ ബസ്സില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് നാടാകെ ജനരോഷം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ക്രിമിനല്‍ നിയമഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ കര്‍മപദ്ധതി. സ്ത്രീകള്‍ക്കനുകൂലമായ നിയമങ്ങളും വ്യവസ്ഥകളും ഇല്ലാത്തതല്ല, മറിച്ച് അവ പ്രായോഗികതലത്തില്‍ ഫലപ്രദമാകാത്തതാണ് ഇവിടത്തെ പ്രധാനപ്രശ്‌നം. അതുകൊണ്ടുതന്നെ നിയമഭേദഗതിയും കര്‍മപദ്ധതിയുമൊക്കെ പരമാവധി പ്രയോഗത്തില്‍ വരുന്നുണ്ടെന്ന് ഉറപ്പാക്കുകകൂടി വേണം. സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമത്തെക്കുറിച്ച് ഏത് പോലീസ് സ്റ്റേഷനിലും പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാമെന്നതാണ് കര്‍മപദ്ധതിയിലെ പ്രധാനകാര്യം.

എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്തശേഷം അത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയാല്‍ മതി. പരാതിക്കാരിയെ പോലീസ് സ്റ്റേഷന്റെ പരിധിയുടെ പേരില്‍ അങ്ങോട്ടുമിങ്ങോട്ടും നടത്തുന്നത് ഒഴിവാക്കാന്‍ ഇത് സഹായകമാകും. പരാതിയുമായെത്തുന്ന സ്ത്രീകളെ മോശമായ രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിച്ചും ഏറേ നേരം കാഴ്ചവസ്തുവായി നിര്‍ത്തിയും വിഷമിപ്പിക്കാതിരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് മറ്റൊരു വ്യവസ്ഥ. ഇതിനായി, പരാതിക്കാരികളുടെ പ്രശ്‌നത്തെ അനുതാപത്തോടെ കാണാന്‍ പോലീസുദ്യോഗസ്ഥരെ പരിശീലിപ്പിക്കും. സ്ത്രീകള്‍ക്കെതിരായ കുറ്റം ചെയ്തവരുടെ സമ്പൂര്‍ണവിവരം ദേശീയാടിസ്ഥാനത്തില്‍ പൊതുരേഖയാക്കലാണ് മറ്റൊരു നടപടി. ദേശീയ കുറ്റകൃത്യരേഖാ കേന്ദ്രത്തിന്റെ (എന്‍.സി.ആര്‍.ബി.) വെബ്‌സൈറ്റില്‍ ഈ വിവരം ഉണ്ടാകും. ഇത് തികച്ചും ലജ്ജാകരമായ അനുഭവമാകുമെന്നതിനാല്‍ കുറ്റം ചെയ്യുന്നത് കുറയാന്‍ സാധ്യതയുണ്ട്. പേരുകള്‍ ആര്‍ക്കും പരിശോധിക്കാവുന്നവിധമാണ് നല്‍കുക. സ്ത്രീകളോട് അതിക്രമം കാണിക്കുന്നവര്‍ എവിടെയെത്തിയാലും ഇതുവഴി തിരിച്ചറിയാനാകും. ചില വിദേശരാജ്യങ്ങളില്‍ ഇത്തരമൊരു സംവിധാനം ഉള്ളത് ഏറേ പ്രയോജനം ചെയ്യുന്നതായി വനിതാസംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പൊതുയാത്രാവാഹനങ്ങളില്‍ ഡ്രൈവറുടെയും സഹായികളായ മറ്റു ജീവനക്കാരുടെയും വിരലടയാളമുള്‍പ്പെടെയുള്ള വ്യക്തിഗതതിരിച്ചറിയല്‍ വിവരങ്ങള്‍ നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. വിവരങ്ങള്‍ ശേഖരിച്ച് നല്‍കേണ്ട ബാധ്യത വാഹനമുടമയ്ക്കാണ്. വിവരങ്ങള്‍ നല്‍കാത്തവരെ ജോലിക്ക് നിയോഗിക്കരുതെന്ന വ്യവസ്ഥയും ക്രമേണ നടപ്പാക്കും. രാത്രിയിലും വിജനപ്രദേശങ്ങളിലും വാഹനങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന യാത്രക്കാരികളെ ഉപദ്രവിക്കുന്നവരെ പിടികൂടാന്‍ ഇത് സഹായകമാകും. പിടിക്കപ്പെടുമെന്ന പേടി മൂലം കുറ്റകൃത്യം ചെയ്യാനുള്ള സാധ്യത കുറയുമെന്നും പ്രത്യാശിക്കാം. രാജ്യത്താകമാനം മൂന്നക്കമുള്ള ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ കൊണ്ടുവരികയാണ് മറ്റൊരു പദ്ധതി. ഇത്തരം നമ്പറുകളിലേക്ക് എല്ലാ ടെലികോം കമ്പനികളുടെയും നമ്പറില്‍ നിന്ന് വിളിക്കാനാവുമെന്ന് ഉറപ്പാക്കും. നിയമമായാലും ചട്ടമായാലും നടപ്പാക്കുന്ന രീതിയെ ആശ്രയിച്ചിരിക്കും അതിന്റെ ഫലപ്രാപ്തി. സ്ത്രീകളുടെ സംരക്ഷണത്തിന് നിലവിലുള്ള നിയമങ്ങള്‍തന്നെ പലപ്പോഴും അവര്‍ക്ക് വേണ്ട പോലെ പ്രയോജനപ്പെടുന്നില്ല. കോടതികളില്‍ സ്ത്രീകള്‍ക്കെതിരായ കേസുകള്‍ തീര്‍പ്പാക്കാന്‍ അതിവേഗസംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, കോടതിയിലെത്തുന്ന മിക്ക കേസുകളിലും കുറ്റക്കാര്‍ രക്ഷപ്പെടുകയോ അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടാതെ പോകുകയോ ചെയ്യുന്നു. പലപ്പോഴും കേസെടുക്കുന്നതിലെ പാളിച്ചയും അന്വേഷണത്തിലെ വീഴ്ചയും കേസ് വാദിക്കുന്നതില്‍ പ്രോസിക്യൂട്ടര്‍ കാണിക്കുന്ന അലംഭാവവുമെല്ലാം ഇതിന് കാരണങ്ങളാണ്. ഈ അവസ്ഥയ്ക്കും മാറ്റം വരുത്താന്‍ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണം.
മാത്രുഭൂമി 06-02-2013


ഫാക്ടിനു വേണം ജീവശ്വാസം (മനോരമ )
 
malmanoramalogoരാസവളം ഉല്‍പാദിപ്പിച്ചു പ്രചരിപ്പിക്കാന്‍ സ്ഥാപിച്ച ഫാക്ട് സപ്തതിയുടെ നിറവിലാണ്. പക്ഷേ, ഈ എഴുപതാം വയസ്സില്‍ നഷ്ടപ്രതാപത്തെയും നാഥനില്ലായ്മയെയും കുറിച്ചു വേദനിക്കാനാണു കമ്പനിയുടെ വിധി. കാലാവസ്ഥ കൂടി ചതിച്ചതോടെ, സാമ്പത്തിക സ്രോതസ്സുകള്‍ വറ്റിവരണ്ടു. ഒരുലക്ഷം ടണ്ണിലേറെ വളം കെട്ടിക്കിടക്കുകയാണ്. നഷ്ടം പെരുകി 210 കോടി രൂപയിലെത്തിക്കഴിഞ്ഞു. അടിയന്തര സഹായം ലഭിച്ചില്ലെങ്കില്‍ പീഡിത വ്യവസായമായി മാറുമെന്നതാണ് ഈ അവസ്ഥ നല്‍കുന്ന സൂചന.
പെരിയാറിന്റെ തീരത്ത് ഉദ്യോഗമണ്ഡലില്‍ തുടങ്ങി അമ്പലമേട്ടിലെ കൊച്ചിന്‍ ഡിവിഷനിലേക്കു കൂടി ഉല്‍പാദനം വ്യാപിപ്പിച്ച് പെട്രോ കെമിക്കല്‍, രാസവളം നിര്‍മാണ വ്യവസായ മേഖലയില്‍ ആഗോളശ്രദ്ധ നേടിയ സ്ഥാപനത്തിന്റെ ദുരവസ്ഥയാണിത്.

ജീവനക്കാരുടെ എണ്ണം പതിനായിരത്തില്‍ നിന്നു നാലായിരത്തിനു താഴെ എത്തിയപ്പോഴും മികച്ച ഉല്‍പാദനക്ഷമതയാണു നേടിയതെങ്കിലും കമ്പനി കടക്കെണിയിലേക്കു നീങ്ങുന്നു. കഴിഞ്ഞ വര്‍ഷം പലിശയിനത്തില്‍ മാത്രം 147 കോടിരൂപ നല്‍കേണ്ടി വന്നു. അതേസമയം, സബ്സിഡിയിനത്തില്‍ 600 കോടിയിലേറെ രൂപ കിട്ടേണ്ടതാണ്. മഴക്കുറവിനു പുറമേ, വളത്തിന്റെ വില കേന്ദ്രം കുത്തനെ ഉയര്‍ത്തിയതും വില്‍പനയെ ബാധിച്ചു. ഡിസംബറില്‍ അവസാനിച്ച മൂന്നുമാസത്തില്‍ വില്‍പന 67,672 ടണ്ണാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍  ഇത് 71,240 ടണ്ണായിരുന്നു. രാജ്യാന്തര വിപണിയില്‍ വില വല്ലാതെ ഇടിഞ്ഞതിനാല്‍, ഉപോല്‍പന്നമായ കാപ്രോലാക്ടത്തിന്റെ ഉല്‍പാദനം മാസങ്ങളായി നിര്‍ത്തിവച്ചിരിക്കുകയാണ്.

അസംസ്കൃത വസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലവര്‍ധന കമ്പനിക്കു കനത്ത ഭാരമായി തുടരുന്നു. പുതുവൈപ്പ് ടെര്‍മിനലില്‍ നിന്ന് അടുത്ത മാസം എല്‍എന്‍ജി ലഭിക്കുന്നതോടെ ചെലവു ഗണ്യമായി കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ. വാതക പൈപ്ലൈന്‍ ഫാക്ടിന്റെ പടിവാതില്‍ക്കല്‍ എത്തുകയും ചെയ്തു. പക്ഷേ, വാതകത്തിന്റെ വിലയെക്കുറിച്ച് ഇനിയും ധാരണയായിട്ടില്ല. പ്ളാന്റില്‍ ഇത് ഉപയോഗിക്കുന്നതിനുള്ള സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്്.

ഫാക്ടിന്റെ ഏറ്റവും വലിയ ആസ്തികളിലൊന്നായ ഭൂമി ഉപയോഗപ്പെടുത്തിയാണു സംയുക്ത സംരംഭങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഉദ്യോഗമണ്ഡലില്‍ യൂറിയ പ്ളാന്റ്, കൊച്ചിന്‍ ഡിവിഷനില്‍ അമോണിയ - യൂറിയ കോംപ്ളക്സ്, കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷനുകള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, പദ്ധതികളെല്ലാം കടലാസില്‍ മാത്രമേയുള്ളൂ. വിശദമായി ആസൂത്രണം ചെയ്ത് ഇവ നടപ്പാക്കുന്നതിനു മുഴുവന്‍സമയ സാരഥിയില്ല. കേന്ദ്ര രാസവളം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിക്കാണു മൂന്നു വര്‍ഷത്തിലേറെയായി ഫാക്ട് സിഎംഡിയുടെ അധിക ചുമതല. പുതിയൊരു സാരഥിയെ നിയമിച്ചുവെന്നു കേട്ടിട്ട് ഏറെ നാളായെങ്കിലും ഇനിയും ചുമതലയേറ്റിട്ടില്ല.

ഫാക്ടിനെ കേന്ദ്ര സര്‍ക്കാര്‍ കൈവിടുമോ എന്ന ആശങ്ക ഉയരുന്നതിനിടയ്ക്കാണു പുനരുദ്ധാരണത്തിനും വികസനത്തിനുമായി 6779 കോടി രൂപയുടെ പാക്കേജ് സംബന്ധിച്ച് ഈയിടെ പ്രഖ്യാപനമുണ്ടായത്. പക്ഷേ, ഇതും ഒരു മരീചികയായി തുടരുകയാണെന്നു കമ്പനി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിശദാംശങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. നാഫ്ത ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരം നടപ്പു സാമ്പത്തിക വര്‍ഷത്തേക്കു കൂടി തുടരുമെന്ന ഉറപ്പുമാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ.

ഫാക്ടിന്റെ ആപല്‍ക്കരമായ സ്ഥിതിയെക്കുറിച്ചുള്ള ഉത്കണ്ഠ ജീവനക്കാര്‍ക്കും മാനേജ്മെന്റിനും മാത്രമല്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ഫാക്ട് ഒരു വികാരമാണ്. കാര്‍ഷിക - വ്യവസായ മേഖലയ്ക്കെന്ന പോലെ സാംസ്കാരിക രംഗത്തും ഇതൊരു ചാലകശക്തിയായിരുന്നു. കേന്ദ്ര രാസവളം മന്ത്രാലയത്തിലെ സ്ഥാപിത താല്‍പര്യങ്ങള്‍ ഫാക്ടിന്റെ ഭാവി തകര്‍ക്കുന്നത് ഈ സ്ഥാപനത്തെ സ്നേഹിക്കുന്നവര്‍ക്ക് ഒരിക്കലും നോക്കിനില്‍ക്കാനാവില്ല. സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും അടിയന്തരമായി ഇടപെട്ട് ഈ ദുരവസ്ഥയ്ക്കും അനിശ്ചിതത്വത്തിനും പരിഹാരം കാണണം. കമ്പനിയുടെ ഉല്‍പാദനക്ഷമത, പ്രവര്‍ത്തന പരിപാടി തുടങ്ങിയവയെക്കുറിച്ചു രാസവളം മന്ത്രാലയവുമായി ധാരണാപത്രമുണ്ടാക്കുന്നതിനു ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പുനരുദ്ധാരണ - വികസന പാക്കേജ് സംബന്ധിച്ച വിശദാംശങ്ങളും വ്യക്തമാക്കണം. അടുത്ത കേന്ദ്ര ബജറ്റില്‍ ഇതേക്കുറിച്ചെല്ലാം നിര്‍ദേശമുണ്ടാകാന്‍ വേണ്ട സമ്മര്‍ദംചെലുത്താന്‍ ഇനിയും വൈകരുത്.

മനോരമ 06-02-2013

No comments:

Post a Comment