Saturday, February 16, 2013

മുഖപ്രസംഗം February 16 - 2013


1. പരസ്യങ്ങള്‍ക്കും വേണം നിയന്ത്രണരേഖ (മാധ്യമം )

ദല്‍ഹി സംഭവം ഉല്‍പാദിപ്പിച്ച സ്ത്രീപീഡന വിരുദ്ധ വികാരങ്ങളുടെയും പ്രതിഷേധ പ്രതികരണങ്ങളുടെയും പശ്ചാത്തലത്തില്‍ , സ്ത്രീയെ വില്‍പനച്ചരക്കും ഉപഭോക്തൃവസ്തുവുമാക്കി മാറ്റിയ മുതലാളിത്ത സംസ്കാരത്തിന്‍െറ ഭാഗമായി നിര്‍ബാധം തുടരുന്ന പല അധാര്‍മികകൃത്യങ്ങളും ശക്തമായി വിചാരണ ചെയ്യപ്പെട്ടുതുടങ്ങിയിട്ടുണ്ടെന്നത് ആശ്വാസകരവും ശുഭസൂചകവുമാണ്. അതില്‍പെട്ടതാണ് കേരള നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും സമിതി തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്. സ്ത്രീനഗ്നത പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം വേണമെന്ന് സമിതി നിയമസഭക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. നഗ്നത പ്രദര്‍ശന പരസ്യങ്ങള്‍ സമൂഹത്തിലും കുട്ടികളിലും ദൂഷ്യസ്വഭാവം വളരാന്‍ ഇടവരുത്തുമെന്ന് നിയമസഭാ സമിതി ചൂണ്ടിക്കാട്ടുന്നു. സെന്‍സര്‍ സംവിധാനം കര്‍ക്കശമാക്കുകയും സഭ്യേതര പരസ്യങ്ങള്‍ക്കെതിരെ നടപടി കൈക്കൊള്ളുകയും വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചിട്ടുണ്ട്. കിടമത്സരം തീവ്രതരമായ പരസ്യമേഖലയില്‍ പിടിച്ചുനില്‍ക്കാനും ആധിപത്യം നേടാനുമുള്ള ത്വരയില്‍ പ്രയോഗിക്കപ്പെടുന്ന ഹീനതന്ത്രങ്ങളുടെ ഭാഗമാണ് പലയിടത്തും പലപ്പോഴും പലപേരിലും ആഘോഷമായി നടക്കാറുള്ള വിശ്വസുന്ദരി മത്സരങ്ങള്‍ . മിസ് വേള്‍ഡ്, മിസ് യൂനിവേഴ്സ്, മിസ് അമേരിക്ക, മിസ് യൂറോപ്പ്, മിസ് പെസഫിക് തുടങ്ങിയ പട്ടങ്ങള്‍ക്കായി കൊണ്ടാടപ്പെടുന്ന സൗന്ദര്യമത്സരങ്ങളില്‍ മുക്കാലേമുണ്ടാണിയും നഗ്നമായി പ്രത്യക്ഷപ്പെടുന്ന വനിതകള്‍ യുദ്ധംജയിച്ച ഗമയോടെയാണ് അണിനിരക്കുന്നത്.


2. ഒളിമ്പിക് ചരിത്രത്തെ അവഹേളിക്കുന്ന തീരുമാനം  (മാത്രുഭൂമി) 

പുരാതന ഒളിമ്പിക്‌സിലെയും ആധുനിക ഒളിമ്പിക്‌സിലെയും സുപ്രധാന മത്സരയിനങ്ങളിലൊന്നാണ് ഗുസ്തി. ആ മത്സരയിനത്തെ 2020 മുതല്‍ ഒളിമ്പിക്‌സിന്റെ ഭാഗമല്ലാതാക്കുകയെന്നത് തീര്‍ത്തും അപലപനീയമാണ്. കഴിഞ്ഞ ചൊവ്വാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൗസേനില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിര്‍വാഹകസമിതി യോഗം ഗുസ്തിയെ ഒളിമ്പിക്‌സ് ഗോദയുടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഒളിമ്പിക് പ്രസ്ഥാനത്തിനും അതിന്റെ ചരിത്രത്തിനും നിരക്കാത്ത തീരുമാനം. 100 മീറ്റര്‍ ഓട്ടം ഇല്ലാത്ത ഒളിമ്പിക്‌സ് എങ്ങനെയുണ്ടാവുമോ അതുപോലയാവും ഗുസ്തിയില്ലാത്ത ഒളിമ്പിക്‌സും. പുതിയ ഒരു മത്സരത്തിന് ഇടം നല്കാന്‍ വേണ്ടിയാണ് നൂറ്റിയിരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മാറ്റുരച്ചിട്ടുള്ള ഗുസ്തി വേണ്ടെന്നുവെക്കുന്നത്. പുതിയ മത്സരയിനമായി പരിഗണിക്കുന്നതിന് ഐ.ഒ.സി. ചുരുക്കപ്പട്ടിക തയ്യാറാക്കായിട്ടുള്ള മത്സരയിനങ്ങള്‍ ഏതൊക്കെയെന്നറിയേണ്ടേ? റോളര്‍ സ്‌പോര്‍ട്‌സ്, വെയ്ക്ക്‌ബോര്‍ഡിങ്, കരാട്ടെ, സ്‌ക്വാഷ്, സ്‌പോര്‍ട്ട് ക്ലൈമ്പിങ്, വൂഷു, ബേസ്‌ബോള്‍-സോഫ്റ്റ്‌ബോള്‍! നിലവിലുള്ള 26 കായികയിനങ്ങളില്‍ നിന്ന് ഗുസ്തിയെ മാറ്റി മേല്പറഞ്ഞ ഏഴില്‍ ഒന്നിനെ ഒളിമ്പിക്‌സിന്റെ ഭാഗമാക്കാനാണ് ഐ.ഒ.സി.യുടെ നീക്കം.



3. ഗുസ്തിയെ മലര്‍ത്തിയടിച്ച ഒളിംപിക് സമിതി ( മനോരമ)
ഒളിംപിക്സില്‍ നിന്നു ഗുസ്തി ഒഴിവാക്കാനുള്ള ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) എക്സിക്യൂട്ടീവ് ബോര്‍ഡ് നിര്‍ദേശം യുക്തിക്കും നീതിക്കും ഒട്ടും നിരക്കുന്നതല്ല. അവര്‍ ഈ നിലപാടിലെത്തിയതാകട്ടെ, വേണ്ടത്ര ചര്‍ച്ചയോ ഒളിംപിക്സിലെ പ്രമുഖ രാഷ്ട്രങ്ങളുടെ പങ്കാളിത്തമോ കൂടാതെയാണെന്നത് ഉന്നതസമിതിയുടെ ഏകാധിപത്യ മനോഭാവം വിളിച്ചറിയിക്കുന്നു. ഐഒസിയുടെ പതിനഞ്ചംഗ എക്സിക്യൂട്ടീവ് ബോര്‍ഡാണു രഹസ്യവോട്ടെടുപ്പിലൂടെ 2020 ഒളിംപിക്സിനുള്ള കായിക ഇനങ്ങളുടെ പട്ടികയില്‍ നിന്നു ഗുസ്തി ഒഴിവാക്കിയത്. യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കാണ് ഈ കമ്മിറ്റിയില്‍ ആധിപത്യം. ഒളിംപിക്സില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന അമേരിക്കയുടെയും റഷ്യയുടെയും അഭിപ്രായമൊട്ട് ആരാഞ്ഞുമില്ല. ടെലിവിഷന്‍ റേറ്റിങ്, ടിക്കറ്റ് വില്‍പന, ഉത്തേജകമരുന്നു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ജനസ്വീകാര്യത തുടങ്ങി മൂന്നു ഡസനിലധികം ഘടകങ്ങള്‍ കണക്കിലെടുത്താണത്രേ ഗുസ്തിയുടെ വിധി കുറിച്ചത്.





പരസ്യങ്ങള്‍ക്കും വേണം നിയന്ത്രണരേഖ (മാധ്യമം )
പരസ്യങ്ങള്‍ക്കും വേണം നിയന്ത്രണരേഖ
ദല്‍ഹി സംഭവം ഉല്‍പാദിപ്പിച്ച സ്ത്രീപീഡന വിരുദ്ധ വികാരങ്ങളുടെയും പ്രതിഷേധ പ്രതികരണങ്ങളുടെയും പശ്ചാത്തലത്തില്‍ , സ്ത്രീയെ വില്‍പനച്ചരക്കും ഉപഭോക്തൃവസ്തുവുമാക്കി മാറ്റിയ മുതലാളിത്ത സംസ്കാരത്തിന്‍െറ ഭാഗമായി നിര്‍ബാധം തുടരുന്ന പല അധാര്‍മികകൃത്യങ്ങളും ശക്തമായി വിചാരണ ചെയ്യപ്പെട്ടുതുടങ്ങിയിട്ടുണ്ടെന്നത് ആശ്വാസകരവും ശുഭസൂചകവുമാണ്. അതില്‍പെട്ടതാണ് കേരള നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും സമിതി തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്. സ്ത്രീനഗ്നത പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം വേണമെന്ന് സമിതി നിയമസഭക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. നഗ്നത പ്രദര്‍ശന പരസ്യങ്ങള്‍ സമൂഹത്തിലും കുട്ടികളിലും ദൂഷ്യസ്വഭാവം വളരാന്‍ ഇടവരുത്തുമെന്ന് നിയമസഭാ സമിതി ചൂണ്ടിക്കാട്ടുന്നു. സെന്‍സര്‍ സംവിധാനം കര്‍ക്കശമാക്കുകയും സഭ്യേതര പരസ്യങ്ങള്‍ക്കെതിരെ നടപടി കൈക്കൊള്ളുകയും വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചിട്ടുണ്ട്.
എന്തു വിലകൊടുത്തും ഏത് അവിഹിതമാര്‍ഗേണയും പണമുണ്ടാക്കുക ലക്ഷ്യമായി പ്രഖ്യാപിച്ച്, അതിനായി അതീവ വികസിത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നാനാവിധ തന്ത്രങ്ങള്‍ ലോകത്തെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന നവഉദാരീകരണ സാമ്പത്തിക നയത്തിന്‍െറ പ്രണേതാക്കള്‍ മനുഷ്യസമൂഹത്തിന് സമ്മാനിച്ച ശാപങ്ങളിലൊന്നാണ് പരസ്യങ്ങളില്‍ സ്ത്രീശരീര പ്രദര്‍ശനത്തിന്‍െറ സാധ്യതകള്‍. അനേക ലക്ഷം കോടി മുതലിറക്കി ആഗോളതലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പരസ്യക്കമ്പനികള്‍ , നഗ്നമേനി പ്രദര്‍ശനമാണ് തങ്ങളുടെ ലക്ഷ്യസാഫല്യത്തിന് മുഖ്യമായും അവലംബിച്ചുകാണുന്നത്. സിനിമ, ടെലിവിഷന്‍ , മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ , ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ , പാതയോരങ്ങളിലും വ്യോമ, റെയില്‍ , റോഡ് ഗതാഗത സിരാകേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കപ്പെടുന്ന ബോര്‍ഡുകള്‍ മുതല്‍ സ്കൂള്‍കുട്ടികള്‍ ഉപയോഗിക്കുന്ന നോട്ട്ബുക്കുകള്‍വരെ എല്ലാമിന്ന് പരസ്യമയമാണ്. ക്രിക്കറ്റ്, ഫുട്ബാള്‍ , ടെന്നിസ് തുടങ്ങിയ വിനോദമേളകള്‍ സംഘടിപ്പിക്കപ്പെടുന്നതുതന്നെ പരസ്യങ്ങള്‍ക്കുവേണ്ടിയാണെന്ന് തോന്നും. നിത്യോപയോഗ സാധനങ്ങളാകട്ടെ, ആഡംബര വസ്തുക്കളാകട്ടെ എല്ലാറ്റിന്‍െറയും പുറംപൊതിച്ചിലുകള്‍ പരസ്യങ്ങള്‍ കൈയടക്കിയിരിക്കുന്നു. ഈ പരസ്യങ്ങളില്‍ സിംഹഭാഗത്തിന്‍െറയും വശ്യത ഭാഗികമോ പൂര്‍ണമോ ആയ സ്ത്രീശരീര നഗ്നതയായിരിക്കണമെന്ന് പരസ്യക്കമ്പനികള്‍ തീരുമാനിച്ചപോലെയാണ്. കാണികളുടെയും അനുവാചകരുടെയും കണ്ണുകളെ റാഞ്ചിയെടുത്ത് അവരുടെ അധമവികാരങ്ങളെ പരമാവധി ഉദ്ദീപിപ്പിച്ച് കാര്യം നേടുകയെന്നതാണ് അജണ്ട. കിടമത്സരം തീവ്രതരമായ പരസ്യമേഖലയില്‍ പിടിച്ചുനില്‍ക്കാനും ആധിപത്യം നേടാനുമുള്ള ത്വരയില്‍ പ്രയോഗിക്കപ്പെടുന്ന ഹീനതന്ത്രങ്ങളുടെ ഭാഗമാണ് പലയിടത്തും പലപ്പോഴും പലപേരിലും ആഘോഷമായി നടക്കാറുള്ള വിശ്വസുന്ദരി മത്സരങ്ങള്‍ . മിസ് വേള്‍ഡ്, മിസ് യൂനിവേഴ്സ്, മിസ് അമേരിക്ക, മിസ് യൂറോപ്പ്, മിസ് പെസഫിക് തുടങ്ങിയ പട്ടങ്ങള്‍ക്കായി കൊണ്ടാടപ്പെടുന്ന സൗന്ദര്യമത്സരങ്ങളില്‍ മുക്കാലേമുണ്ടാണിയും നഗ്നമായി പ്രത്യക്ഷപ്പെടുന്ന വനിതകള്‍ യുദ്ധംജയിച്ച ഗമയോടെയാണ് അണിനിരക്കുന്നത്. എന്നാല്‍ , അനേകലക്ഷം സഹോദരിമാരുടെ നിഷ്കളങ്ക ശരീരങ്ങള്‍ കൊത്തിവലിക്കാന്‍ കഴുകക്കണ്ണുകളെ പ്രേരിപ്പിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അവര്‍ ഓര്‍ക്കുന്നില്ല. സൗന്ദര്യമത്സരം പുരോഗമിച്ച് ഓരോ അവയവങ്ങള്‍ക്കും പ്രത്യേക മത്സരം സംഘടിപ്പിക്കുന്നിടത്തോളം വഷളായിത്തീര്‍ന്നിട്ടുണ്ട് ഈ രംഗമെന്നതും പരമാര്‍ഥമാണ്. പരിഷ്കരണത്തിന്‍െറയും സ്വാതന്ത്ര്യത്തിന്‍െറയും ആസ്വാദനത്തിന്‍െറയും പേരിലാണ് ഈ അവിശുദ്ധ കൃത്യങ്ങള്‍ ന്യായീകരിക്കപ്പെടുന്നത്. സത്യത്തില്‍ , ഏതാനും കോര്‍പറേറ്റ് ഭീമന്മാരുടെ അനന്തമായ ലാഭേച്ഛയല്ലാതെ മറ്റൊന്നും ഇതിന്‍െറ പിന്നിലില്ല.
വ്യവസായവും ഉല്‍പാദനവും വ്യാപാരവുമെല്ലാം വളരണം, വികസിക്കണം. അതിന് പരസ്യങ്ങളുടെ പിന്‍ബലം അനുപേക്ഷ്യമാണെന്നും സമ്മതിക്കാം. പരസ്യങ്ങളുടെ ആവിഷ്കാരത്തിലും രൂപകല്‍പനയിലും നൂതനപരീക്ഷണങ്ങളും സ്വാഭാവികമാണ്. പക്ഷേ, സംസ്കാരവും സദാചാരവും മാന്യതയും സഭ്യതയും സര്‍വോപരി സ്ത്രീസുരക്ഷയും ബലികഴിച്ചുതന്നെ വേണമോ പരസ്യവിപണി കൊഴുപ്പിക്കാന്‍ എന്നതാണ് ചോദ്യം. ഭാവനയും സദാചാരവും ഒപ്പം സ്ത്രീവ്യക്തിത്വത്തോട് ആദരവുമുണ്ടെങ്കില്‍ നാരീശരീരപ്രദര്‍ശനം കൂടാതെതന്നെ പരസ്യക്കമ്പോളം ചലനാത്മകവും വശ്യവും മനോഹരവുമാക്കാന്‍ കഴിയുമെന്ന് തീര്‍ച്ച. അതിന് ഉദാഹരണങ്ങള്‍ ഇപ്പോള്‍തന്നെ പരസ്യങ്ങളുടെ ലോകത്തുണ്ടുതാനും. ആഗോളതലത്തിലോ ദേശീയതലത്തിലോ ഇക്കാര്യത്തില്‍ ക്രിയാത്മക മാറ്റം കൊണ്ടുവരാന്‍ നമുക്ക് ഒരുവേള സാധിച്ചില്ലെങ്കില്‍തന്നെ നിയമസഭാ സമിതിയുടെ ശിപാര്‍ശകള്‍ സംസ്ഥാനതലത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികളെടുത്താല്‍ വലിയൊരളവില്‍ അത് പ്രശ്നപരിഹാരമാവും. സ്ത്രീപീഡനത്തിന്‍െറ മാര്‍ഗങ്ങളിലൊന്ന് അടയ്ക്കുക മാത്രമല്ല പരസ്യങ്ങളുടെ സെന്‍സര്‍ഷിപ് കര്‍ശനമാക്കുന്നതിലൂടെ സാധിക്കുക. ഭയാനകമായി പെരുകുന്ന റോഡപകടങ്ങളുടെ ഒരു മുഖ്യവില്ലന്‍ കവലകളില്‍ സ്ഥാപിക്കപ്പെട്ട സ്ത്രീശരീര പ്രദര്‍ശന മുഖമുള്ള പരസ്യബോര്‍ഡുകള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തട്ടിയെടുക്കുന്നതാണെന്ന് അനുഭവം തെളിയിച്ചിട്ടുണ്ട്. ലൈംഗികതയുടെ അനാരോഗ്യകരമായ അതിപ്രസരത്തിലേക്ക് നേരത്തേ കാലത്തേ ഇളംതലമുറയെ വലിച്ചിഴക്കുന്നതിലും ഇത്തരം പരസ്യങ്ങള്‍ വഹിക്കുന്ന അനിഷേധ്യപങ്ക് കണക്കിലെടുക്കണം.
ഒളിമ്പിക് ചരിത്രത്തെ അവഹേളിക്കുന്ന തീരുമാനം  
(മാത്രുഭൂമി) 
Newspaper Editionപുരാതന ഒളിമ്പിക്‌സിലെയും ആധുനിക ഒളിമ്പിക്‌സിലെയും സുപ്രധാന മത്സരയിനങ്ങളിലൊന്നാണ് ഗുസ്തി. ആ മത്സരയിനത്തെ 2020 മുതല്‍ ഒളിമ്പിക്‌സിന്റെ ഭാഗമല്ലാതാക്കുകയെന്നത് തീര്‍ത്തും അപലപനീയമാണ്. കഴിഞ്ഞ ചൊവ്വാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൗസേനില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിര്‍വാഹകസമിതി യോഗം ഗുസ്തിയെ ഒളിമ്പിക്‌സ് ഗോദയുടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഒളിമ്പിക് പ്രസ്ഥാനത്തിനും അതിന്റെ ചരിത്രത്തിനും നിരക്കാത്ത തീരുമാനം. 100 മീറ്റര്‍ ഓട്ടം ഇല്ലാത്ത ഒളിമ്പിക്‌സ് എങ്ങനെയുണ്ടാവുമോ അതുപോലയാവും ഗുസ്തിയില്ലാത്ത ഒളിമ്പിക്‌സും. പുതിയ ഒരു മത്സരത്തിന് ഇടം നല്കാന്‍ വേണ്ടിയാണ് നൂറ്റിയിരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മാറ്റുരച്ചിട്ടുള്ള ഗുസ്തി വേണ്ടെന്നുവെക്കുന്നത്. പുതിയ മത്സരയിനമായി പരിഗണിക്കുന്നതിന് ഐ.ഒ.സി. ചുരുക്കപ്പട്ടിക തയ്യാറാക്കായിട്ടുള്ള മത്സരയിനങ്ങള്‍ ഏതൊക്കെയെന്നറിയേണ്ടേ? റോളര്‍ സ്‌പോര്‍ട്‌സ്, വെയ്ക്ക്‌ബോര്‍ഡിങ്, കരാട്ടെ, സ്‌ക്വാഷ്, സ്‌പോര്‍ട്ട് ക്ലൈമ്പിങ്, വൂഷു, ബേസ്‌ബോള്‍-സോഫ്റ്റ്‌ബോള്‍! നിലവിലുള്ള 26 കായികയിനങ്ങളില്‍ നിന്ന് ഗുസ്തിയെ മാറ്റി മേല്പറഞ്ഞ ഏഴില്‍ ഒന്നിനെ ഒളിമ്പിക്‌സിന്റെ ഭാഗമാക്കാനാണ് ഐ.ഒ.സി.യുടെ നീക്കം. ഒരു കച്ചിത്തുരുമ്പെന്ന പോലെ, ഈ ഏഴ് ഇനങ്ങള്‍ക്കൊപ്പം ഗുസ്തിക്കും അവകാശമുന്നയിക്കാം എന്നൊരു ഇളവ് ഐ.ഒ.സി. നല്കിയിട്ടുള്ളത് ദേശീയ, അന്തര്‍ദേശീയ ഫെഡറേഷനുകള്‍ക്കും ആരാധകര്‍ക്കും ആശ്വാസം പകരുന്നുണ്ട്. 

ഐ.ഒ.സി.യുടെ തീരുമാനത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് ഒളിമ്പിക് കുടുംബത്തിലെ ബഹുഭൂരിപക്ഷം അംഗങ്ങളില്‍ നിന്നും അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷനില്‍ നിന്നും ഉയര്‍ന്നിട്ടുള്ളത്. ഗുസ്തിയിലെ മല്ലന്മാരായ അമേരിക്ക, റഷ്യ, ഇറാന്‍ ഫെഡറേഷനുകള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നുകഴിഞ്ഞു. വിരുദ്ധചേരികളില്‍ നില്ക്കുന്ന ഈ രാജ്യങ്ങള്‍ ഗുസ്തിക്കുവേണ്ടി ഒറ്റക്കെട്ടായി അണിനിരക്കുകയാണ്. തിരിച്ചുവരവിന് ഗുസ്തിക്ക് വഴി അടഞ്ഞിട്ടില്ലെന്ന ഐ.ഒ.സി. പ്രസിഡന്റ് ഷാക്ക് റോഗ്ഗെയുടെ ആശ്വാസവചനം ബാക്കിനില്ക്കുമ്പോഴും ആര്‍ക്കുവേണ്ടിയാണ് ഈ ജനപ്രിയ മത്സരത്തെ ഒഴിവാക്കിയത് എന്നതിന് ഉത്തരമില്ല. മോഡേണ്‍ പെന്റാത്‌ലണ്‍, ഗുസ്തി -ഇവയിലേതെങ്കിലും ഒന്നിനെ ഒഴിവാക്കാനായിരുന്നു ധാരണ. നിര്‍വാഹക സമിതിവോട്ടെടുപ്പില്‍ തത്പരകക്ഷികള്‍ ഇടപെട്ടതോടെ ഗുസ്തി പുറത്ത്, പെന്റാത്‌ലണ്‍ അകത്ത്. നിര്‍വാഹക സമിതിയില്‍ സ്വാധീനശക്തികളുണ്ടെന്ന് ഐ.ഒ.സി. അംഗം റിച്ചാര്‍ഡ് കാരിയോണ്‍ വെളിപ്പെടുത്തിയിരുന്നു. സാമാന്യ യുക്തിക്ക് നിരക്കാത്ത പലതും അവിടെ സംഭവിക്കുന്നുണ്ട്. ഗുസ്തിക്കുണ്ടായ ദുരനുഭവം ഈ വെളിപ്പെടുത്തലിനെ സാധൂകരിക്കുകയാണ്. 1896-ല്‍ ആധുനിക ഒളിമ്പിക്‌സ് തുടങ്ങിയതുമുതല്‍ ഗുസ്തിയുണ്ട്. അതിനുമുമ്പും സ്ഥിതി മറിച്ചല്ല. സുപ്രസിദ്ധ ഗ്രീക്ക് തത്ത്വചിന്തകന്‍ പ്ലാറ്റോ നല്ലൊരു ഗുസ്തിക്കാരനായിരുന്നു, പൗരന്മാരുടെ കായികക്ഷമതയുയര്‍ത്താന്‍ ഗുസ്തി നല്ലതാണെന്ന അഭിപ്രായക്കാരനും. ബി.സി. 708 മുതല്‍ ഗുസ്തി ഒളിമ്പിക് മത്സരയിനമായിരുന്നുവെന്ന ചരിത്രസത്യം ഐ.ഒ.സി. എന്തേ മറന്നുപോയി? 

മെയില്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടക്കുന്ന നിര്‍വാഹകസമിതി യോഗം പുതുതായി ഏതൊക്കെ മത്സരങ്ങളെ ഒളിമ്പിക്‌സിലേക്ക് പരിഗണിക്കണമെന്ന് നിര്‍ദേശിക്കും. സപ്തംബറില്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ ചേരുന്ന യോഗത്തിലായിരിക്കും അവസാന വാക്ക്. പരമ്പരാഗത കായികശക്തികളെല്ലാം ഗുസ്തിക്കുവേണ്ടി അണിനിരക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇവരെല്ലാം ഗുസ്തിയില്‍ വന്‍തോതില്‍ മെഡല്‍വാരിയവരാണെന്നതുതന്നെ കാരണം. കായികശക്തിയല്ലാത്ത ഇന്ത്യയ്ക്കുമുണ്ട് ഗുസ്തിയില്‍ നാല് മെഡല്‍ -ഒരു വെള്ളിയും മൂന്ന് വെങ്കലവും. ഒരു ഒളിമ്പിക് മെഡലിന് വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന നമുക്ക് കെ.ഡി. യാദവിന്റെയും സുശീല്‍കുമാറിന്റെയും യോഗേശ്വര്‍ ദത്തിന്റെയും മെഡലുകള്‍ അമൂല്യമാണ്. കായികശക്തികള്‍ക്കൊപ്പം ഗുസ്തിയുടെ തിരിച്ചുവരവിനായി ഇന്ത്യയും കൈകൊര്‍ക്കുകയാണ്. മെയിലും സപ്തംബറിലും നടക്കുന്ന ഐ.ഒ.സി. നിര്‍വാഹകസമിതി യോഗങ്ങളെ പ്രതീക്ഷയോടെയാണ് നമ്മള്‍ ഉറ്റുനോക്കുന്നത്. കരുത്തന്മാരെല്ലാം ഒറ്റക്കെട്ടായി നില്ക്കുമെന്നതിനാല്‍ ഒളിമ്പിക്‌സിലെ പ്രൗഢമായ പാരമ്പര്യം കാക്കാന്‍ ഗുസ്തി തിരിച്ചെത്തുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.


ഗുസ്തിയെ മലര്‍ത്തിയടിച്ച ഒളിംപിക് സമിതി ( മനോരമ)
ഹോക്കി ഒഴിവാക്കാനും ആലോചന  

malmanoramalogoഒളിംപിക്സില്‍ നിന്നു ഗുസ്തി ഒഴിവാക്കാനുള്ള ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) എക്സിക്യൂട്ടീവ് ബോര്‍ഡ് നിര്‍ദേശം യുക്തിക്കും നീതിക്കും ഒട്ടും നിരക്കുന്നതല്ല. അവര്‍ ഈ നിലപാടിലെത്തിയതാകട്ടെ, വേണ്ടത്ര ചര്‍ച്ചയോ ഒളിംപിക്സിലെ പ്രമുഖ രാഷ്ട്രങ്ങളുടെ പങ്കാളിത്തമോ കൂടാതെയാണെന്നത് ഉന്നതസമിതിയുടെ ഏകാധിപത്യ മനോഭാവം വിളിച്ചറിയിക്കുന്നു.

ഐഒസിയുടെ പതിനഞ്ചംഗ എക്സിക്യൂട്ടീവ് ബോര്‍ഡാണു രഹസ്യവോട്ടെടുപ്പിലൂടെ 2020 ഒളിംപിക്സിനുള്ള കായിക ഇനങ്ങളുടെ പട്ടികയില്‍ നിന്നു ഗുസ്തി ഒഴിവാക്കിയത്. യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കാണ് ഈ കമ്മിറ്റിയില്‍ ആധിപത്യം. ഒളിംപിക്സില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന അമേരിക്കയുടെയും റഷ്യയുടെയും അഭിപ്രായമൊട്ട് ആരാഞ്ഞുമില്ല. ടെലിവിഷന്‍ റേറ്റിങ്, ടിക്കറ്റ് വില്‍പന, ഉത്തേജകമരുന്നു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ജനസ്വീകാര്യത തുടങ്ങി മൂന്നു ഡസനിലധികം ഘടകങ്ങള്‍ കണക്കിലെടുത്താണത്രേ ഗുസ്തിയുടെ വിധി കുറിച്ചത്. ഇതു സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ടില്‍ വിവിധ കായിക ഇനങ്ങളുടെ റാങ്കിങ് നല്‍കിയിട്ടില്ലായിരുന്നു.

പക്ഷേ, രാഷ്ട്രീയ, വൈകാരിക ഘടകങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് തീരുമാനമെടുത്തപ്പോള്‍ ഗുസ്തിയെക്കാള്‍ പ്രിയംകുറഞ്ഞ പെന്റാത്ലണ്‍ അകത്തും ഗുസ്തി ഒളിംപിക്സ് ഗോദയില്‍ നിന്നു പുറത്തുമായി. പത്തൊന്‍പതാം നൂറ്റാണ്ടിലെ സൈനികര്‍ക്ക് അനിവാര്യമായിരുന്ന വാള്‍പയറ്റ്, അശ്വാഭ്യാസം, നീന്തല്‍, ഒാട്ടം, വെടിവയ്പ് എന്നീ അഞ്ച് ഇനങ്ങളാണു ജനകീയമല്ലാത്ത മോഡേണ്‍ പെന്റാത്ലണില്‍ ഉള്‍പ്പെടുന്നത്. ഈ കായിക ഇനം ഒളിംപിക്സില്‍ നിന്നു പുറത്താകുമെന്നായിരുന്നു കരുതപ്പെട്ടിരുന്നതെങ്കിലും ഐഒസി ബോര്‍ഡ് അതുണ്ടായില്ല.

1912 സ്റ്റോക്കോം ഗെയിംസിലാണു മോഡേണ്‍ പെന്റാത്ലണ്‍ ആദ്യമായി ഒളിംപിക്സിലെത്തുന്നത്. ഐഒസിയുടെ മുന്‍ പ്രസിഡന്റ് ജുവാന്‍ അന്റോണിയോ സമരാഞ്ചിന്റെ പുത്രന്‍ സമരാഞ്ച് ജൂനിയര്‍ ഐഒസി കമ്മിറ്റിയില്‍ അംഗമാണെന്നു മാത്രമല്ല, അദ്ദേഹം ഇന്റര്‍നാഷനല്‍ മോഡേണ്‍ പെന്റാത്ലണ്‍ യൂണിയന്‍ വൈസ് പ്രസിഡന്റുമാണ്. കളിയുടെ പ്രചാരം സംബന്ധിച്ചായാലും ഗുസ്തിയെ ഒരുവിധത്തിലും അവഗണിക്കാനാവില്ല. 2012 ലണ്ടന്‍ ഒളിംപിക്സില്‍ 71 രാജ്യങ്ങള്‍ ഗുസ്തിയില്‍ പങ്കെടുത്തു. 180 രാജ്യങ്ങളില്‍ ഗുസ്തി ഫെഡറേഷനുകളുണ്ട്. പെന്റാത്ലണില്‍ ലണ്ടന്‍ മേളയില്‍ പങ്കെടുത്തത് 26 രാജ്യങ്ങള്‍ മാത്രം.

നൂറില്‍ താഴെ രാജ്യങ്ങളിലേ ഈ കായിക ഇനത്തിനു ഫെഡറേഷനുകളുള്ളൂ. ടെലിവിഷന്‍ സ്വീകാര്യത കണക്കിലെടുത്താലും പെന്റാത്ലണിലെ ഒാട്ടം, നീന്തല്‍ ഇനങ്ങള്‍ക്കല്ലാതെ മറ്റുള്ളവയ്ക്ക് എത്ര പ്രേക്ഷകരുണ്ടാവും? കായിക ഇനങ്ങളുടെ ഇത്തരം യോഗ്യതയാണ് അവയെ ഒളിംപിക്സിന്റെ പട്ടികയില്‍ നിലനിര്‍ത്തുന്നതെന്ന ഐഒസിയുടെ പ്രസ്താവന എത്രയോ ബാലിശമാണ്. ഒളിംപിക്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ മത്സരമാണു ഗുസ്തി. 1896ല്‍ ഗ്രീസിലെ ആതന്‍സില്‍ അരങ്ങേറിയ ആദ്യത്തെ ആധുനിക ഒളിംപിക്സില്‍ അത്ലറ്റിക് ഇനങ്ങളോടൊപ്പം ഗുസ്തിയും ഉണ്ടായിരുന്നു.

മിക്ക രാജ്യങ്ങളിലും പ്രചാരത്തിലിരിക്കുന്ന ഗുസ്തിയുടെ പ്രിയം വര്‍ധിപ്പിക്കുന്നതിന് ഇത് ഒളിംപിക്സില്‍ തുടരുകയും ചെയ്യേണ്ടിയിരിക്കുന്നു. ഗുസ്തിയില്‍ ഇന്ത്യയുടെ പാരമ്പര്യം വളരെ കരുത്തുറ്റതാണ്. ഇപ്പോഴും ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ ഗുസ്തിയുടെ അരങ്ങു തന്നെ. ലണ്ടന്‍ ഒളിംപിക്സില്‍ സുശീല്‍കുമാറിന്റെയും യോഗേശ്വര്‍ ദത്തിന്റെയും വീറുറ്റ പ്രകടനത്തില്‍ ആവേശംകൊണ്ട് ഏഷ്യന്‍ ഗെയിംസിലും ഒളിംപിക്സിലും മെഡല്‍ പ്രതീക്ഷയോടെ നൂറുകണക്കിനു കുരുന്നുകള്‍ പരിശീലനം തേടിവരുമ്പോഴാണ് ഉന്നത കായിക ഗോദ അവര്‍ക്ക് അന്യമാകുന്നത്.

ഈ വര്‍ഷംതന്നെ നടക്കുന്ന ഐഒസി എക്സിക്യൂട്ടീവ് ബോര്‍ഡിനും ജനറല്‍ അസംബ്ളിക്കും അപേക്ഷ നല്‍കാമെന്നതിനാല്‍ ഗുസ്തിയുടെ കാര്യത്തില്‍ പുനര്‍വിചാരത്തിന് ഒരു വിദൂരസാധ്യത നിലനില്‍ക്കുന്നു. ഏതായാലും, ആരോടും കണക്കുബോധിപ്പിക്കേണ്ട കാര്യമില്ലാത്ത, ഏകാധിപത്യസ്വഭാവമുള്ള ഒളിംപിക്സ് ഭാരവാഹികളുടെ മലര്‍ത്തിയടി ഇന്ത്യയിലെ കായികപ്രേമികളെ വേദനിപ്പിക്കുന്നു. കമ്മിറ്റിയുടെ അടുത്ത ഇര ഹോക്കിയായിരിക്കുമെന്നു സൂചനകളുണ്ട്. പാശ്ചാത്യരാജ്യങ്ങള്‍ക്ക് അനുകൂലമായ വിധത്തില്‍ ഹോക്കിയുടെ നിയമങ്ങള്‍ നേരത്തേ തന്നെ മാറ്റിയെഴുതിയിരുന്നു. എന്നിട്ടും ഹോക്കി തഴയപ്പെടാന്‍ പോവുകയാണെന്നത് അദ്ഭുതമുളവാക്കുന്നു.


No comments:

Post a Comment