Monday, February 18, 2013

മുഖപ്രസംഗം February 18 - 2013

മുഖപ്രസംഗം February 18 - 2013

1. പാകിസ്താനിലെ പൊട്ടിത്തെറികള്‍ (മാധ്യമം )

ശനിയാഴ്ച ബലൂചിസ്താന്‍ തലസ്ഥാനമായ ക്വറ്റയില്‍ നടന്ന അതിഭീകരമായ സ്ഫോടനത്തില്‍ തൊണ്ണൂറോളം പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലേറെ പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. പൊട്ടിത്തെറികള്‍ പാകിസ്താനിലെ പതിവു പ്രതിഭാസമായി മാറിയിട്ട് വര്‍ഷം പലതായി. കഴിഞ്ഞൊരു ദശകത്തില്‍ മാത്രം 11,250 പേരെയാണ് ഭീകരസ്ഫോടനങ്ങള്‍ യമപുരിക്കയച്ചത്. 21,000ത്തില്‍ അധികമാളുകള്‍ ആ ദുരന്തങ്ങളുടെ ജീവച്ഛവങ്ങളായി ഇപ്പോഴും രാജ്യത്തുണ്ട്.


2. കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കണം (മാത്രുഭൂമി )

സംസ്ഥാനത്ത് പൊതുമേഖലയിലെ ബസ് സര്‍വീസായ കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നഷ്ടത്തിലാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങളേറെയായി. പൊതുജനോപകാരപ്രദമായ സര്‍വീസ് എന്നനിലയില്‍ വലിയ ലാഭമുദ്ദേശിച്ചായിരുന്നില്ല നടത്തിപ്പ്. എങ്കിലും നഷ്ടം കുമിഞ്ഞുകൂടിയതോടെ ഇപ്പോള്‍ സ്ഥാപനത്തിന്റെ നിലനില്പുതന്നെ വിഷമത്തിലാകുന്ന സ്ഥിതിയാണ്. ഡീസലിന്റെ സബ്‌സിഡി എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതാണ് ഏറ്റവുമൊടുവില്‍ കോര്‍പ്പറേഷന് കെണിയായത്. അയ്യായിരത്തിലധികം ബസ്സുകള്‍ കോര്‍പ്പറേഷനുണ്ട്. സബ്‌സിഡിയുള്ളപ്പോള്‍ ഡീസല്‍വാങ്ങാന്‍ പ്രതിമാസം 67 കോടി രൂപയാണ് കോര്‍പ്പറേഷന്‍ ചെലവിട്ടിരുന്നത്. ഇപ്പോഴത് 85.5 കോടി ആയിട്ടുണ്ട്. ഒരുദിവസം എട്ട്‌ലക്ഷം രൂപ അധികച്ചെലവ്. അതായത് മാസത്തില്‍ 2.5 കോടി രൂപയും ഒരുവര്‍ഷംകൊണ്ട് 30 കോടിയോളം രൂപയും അധികച്ചെലവ് വരും. ഡീസലിന്റെ വില ഓരോ മാസവും കൂടുമെന്നിരിക്കെ അധികച്ചെലവ് അഥവാ നഷ്ടത്തിലെ വര്‍ധന അതിലൊന്നും ഒതുങ്ങില്ലെന്നുറപ്പ്. 


3. കാലത്തിനൊത്ത സിവില്‍ സര്‍വീസ്  (മനോരമ)
മന്ത്രിയായാലും ഉദ്യോഗസ്ഥനായാലും ഭരണനിര്‍വഹണത്തില്‍ വരുത്തിവയ്ക്കുന്ന കാലതാമസം ജനവിരുദ്ധമായിത്തീരുന്നു.   തിരുവനന്തപുരം നഗരത്തില്‍ ഒരു ചെറിയ പാലം പണിയാന്‍ സര്‍ക്കാരിനു വേണ്ടിവന്നത് 24 വര്‍ഷങ്ങള്‍. ഈ നീണ്ട കാത്തിരിപ്പിനിടയില്‍ ജനങ്ങള്‍ക്കുണ്ടായ ഇന്ധനനഷ്ടവും സമയനഷ്ടവും അതിഭീമമാണ്. 1989 ല്‍ തീരുമെന്നു പ്രതീക്ഷിച്ച പാലത്തിനു കാലതാമസം മൂലമുണ്ടായ അധികച്ചെലവ് വേറെയും. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മോശമായ ഉദ്യോഗസ്ഥസംവിധാനം ഇന്ത്യയിലാണെന്നാണു വിദഗ്ധസമിതികളുടെ റിപ്പോര്‍ട്ട്. വിയറ്റ്നാമും ഫിലിപ്പീന്‍സും ചൈനയുമെല്ലാം പദ്ധതികളുടെയും സേവനങ്ങളുടെയും നിര്‍വഹണകാര്യത്തില്‍ നമ്മെക്കാള്‍ വളരെ മുന്നില്‍ നില്‍ക്കുന്നു. ഈ കെടുകാര്യസ്ഥതയ്ക്ക് ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്നത് ഐഎഎസുകാരുള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥവൃന്ദമാണ്. അവരാണു തീരുമാനങ്ങളെടുക്കുന്നതിലും നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നത്. ഐഎഎസ് തലത്തില്‍ കാര്യക്ഷമത കുറഞ്ഞിട്ടുണ്ടെന്നും ഭരണത്തിന്റെ ഉരുക്ക് ചട്ടക്കൂട് എന്നു വിശേഷിപ്പിക്കുന്ന ഈ സംവിധാനം കാലോചിതമായി പൊളിച്ചെഴുതണമെന്നും സമിതി റിപ്പോര്‍ട്ടുകളും വിദഗ്ധരും പറയുന്നു.

പാകിസ്താനിലെ പൊട്ടിത്തെറികള്‍ (മാധ്യമം )
പാകിസ്താനിലെ പൊട്ടിത്തെറികള്‍
ശനിയാഴ്ച ബലൂചിസ്താന്‍ തലസ്ഥാനമായ ക്വറ്റയില്‍ നടന്ന അതിഭീകരമായ സ്ഫോടനത്തില്‍ തൊണ്ണൂറോളം പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലേറെ പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. പൊട്ടിത്തെറികള്‍ പാകിസ്താനിലെ പതിവു പ്രതിഭാസമായി മാറിയിട്ട് വര്‍ഷം പലതായി. കഴിഞ്ഞൊരു ദശകത്തില്‍ മാത്രം 11,250 പേരെയാണ് ഭീകരസ്ഫോടനങ്ങള്‍ യമപുരിക്കയച്ചത്. 21,000ത്തില്‍ അധികമാളുകള്‍ ആ ദുരന്തങ്ങളുടെ ജീവച്ഛവങ്ങളായി ഇപ്പോഴും രാജ്യത്തുണ്ട്.
രക്തപങ്കിലമായ പിറവിയായിരുന്നു പാകിസ്താന്‍േറത്. ഇന്നും ആ ദുര്യോഗം ആ ദുര്‍ബലരാഷ്ട്രത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. സ്വതവേ അസ്ഥിരമായ രാഷ്ട്രത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്താന്‍ മേഖലക്ക് അകത്തും പുറത്തും നിന്ന് ശത്രു-മിത്ര വേഷമിട്ട് പലരും ശ്രമിക്കുന്നുമുണ്ട്. ചോരക്കളിയില്‍നിന്ന് രാഷ്ട്രീയ മുതല്‍ക്കൂട്ടിനു ശ്രമിക്കുന്നവര്‍ക്കെല്ലാം പറ്റിയ വേതാളഭൂമിയായി മാറിയിരിക്കുകയാണ് പാകിസ്താന്‍ . ദുര്‍ബല ജനത മുതല്‍ ശക്തരായ രാഷ്ട്രീയനേതൃത്വം വരെ ചോരപ്പകയുടെ രക്തസാക്ഷികളായി മാറി. വിഭജനദുരന്തത്തില്‍നിന്ന് അഭയം തേടിയെത്തിയ മുഹാജിറുകളും മുസ്ലിം ന്യൂനപക്ഷമായ ശിയാ വിഭാഗക്കാരായ ഹസാരകളും ഇതര ന്യൂനപക്ഷസമുദായക്കാരുമൊക്കെയാണ് ഈ ചോരപ്പകയില്‍ ഭൂരിഭാഗത്തിന്‍െറയും ഇരകള്‍. കഴിഞ്ഞ മാസമാണ് ക്വറ്റയില്‍ നൂറിലേറെ ഹസാരകളുടെ ജീവന്‍ കവര്‍ന്ന ഇരട്ട സ്ഫോടനമുണ്ടായത്. ജനുവരി 10ന് നടന്ന അലംദാര്‍ സ്ഫോടനദുരന്തത്തെ തുടര്‍ന്ന് മന്ത്രിസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍ ഭരണത്തിലാണ് ബലൂചിസ്താന്‍. എന്നാല്‍, ശനിയാഴ്ച നടന്ന ചാവേറാക്രമണം ഇന്‍റലിജന്‍സ് വീഴ്ചയെന്നു പറഞ്ഞൊഴിയാന്‍ മാത്രമേ ഗവര്‍ണര്‍ക്ക് കഴിയുന്നുള്ളൂ. ചാവേറുകളുടെയും ഭീകരന്മാരുടെയും സ്ഥിരായുധമായി മാറിയ ഐ.ഇ.ഡി സ്ഫോടനങ്ങളെ നേരിടാന്‍ പാക് സേന സുസജ്ജമായെന്നു പ്രഖ്യാപിക്കപ്പെട്ട് ദിനങ്ങള്‍ക്കകമാണ് ജനം തിങ്ങിയ മാര്‍ക്കറ്റില്‍ ഒരു ട്രാക്ടറില്‍ ക്വിന്‍റല്‍ കണക്കിന് സ്ഫോടകവസ്തുക്കള്‍ കൊണ്ടുവന്ന് ഭീകരന്മാര്‍ ആക്രമണം നടത്തിയിരിക്കുന്നത്.
അസ്ഥിരതയും അസമാധാനവും മൂലം ബലൂചിസ്താന്‍ ഇന്ത്യയിലെ കശ്മീരുമായി തുലനം ചെയ്യപ്പെടാറുണ്ട്. ഭൂമിശാസ്ത്രപരമായി പാകിസ്താനിലെ ഏറ്റവും വിസ്തൃതിയേറിയ ഈ ഭൂപ്രദേശം പ്രകൃതിവിഭവങ്ങളിലും സമ്പന്നമാണ്. ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനവും. എന്നാല്‍ , ഭീകരതയും തീവ്രവാദവും തിടംവെച്ചു വാഴുന്ന പ്രവിശ്യ കൂടിയാണിത്. പലതരം തീവ്രവാദസംഘടനകള്‍, ഇവയെയൊക്കെ തുറന്നും ഒളിഞ്ഞും തീറ്റിപ്പോറ്റുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ , സൈന്യത്തിന്‍െറയും പാക് രഹസ്യാന്വേഷണവിഭാഗമായ ഐ.എസ്.ഐയുടെയും ഒത്താശകള്‍ , അഫ്ഗാന്‍ അധിനിവേശത്തിനുശേഷം അമേരിക്കയുടെ കതിരും കായുമണിഞ്ഞ കുടില സാമ്രാജ്യത്വ മോഹങ്ങള്‍ -ഇതെല്ലാം കൂടി ബലൂചിസ്താനെ പാകിസ്താന്‍െറ എന്നല്ല, ഈ മേഖലയുടെ തന്നെ ശാപഭൂമിയാക്കി മാറ്റിയിരിക്കുന്നു.

ശനിയാഴ്ചത്തെ ആക്രമണത്തിന്‍െറ ഉത്തരവാദിത്തമേറ്റെടുത്ത ലശ്കറെ ജങ്വിയും അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തിന്‍െറ ഉപോല്‍പന്നമായ പാകിസ്താന്‍ താലിബാനും കഴിഞ്ഞവര്‍ഷം തന്നെ അഫ്ഗാനില്‍ നാമാവശേഷമാക്കിയ ഹസാരകളുടെ പാക് പിന്മുറക്കാരെ തുരത്തുകയാണ് ലക്ഷ്യമെന്നു വിളംബരം ചെയ്ത് ഭീഷണി നോട്ടീസുകള്‍ വിതരണം ചെയ്തിരുന്നു. അതിനു പിറകെയെന്നോണമാണ് ജനുവരിയില്‍ നൂറിലേറെയാളുകളെ ചുട്ടുകൊന്ന സ്ഫോടനം നടന്നത്. ജനുവരിയിലെ മരംകോച്ചുന്ന തണുപ്പില്‍ സ്വന്തക്കാരുടെ ശവശരീരങ്ങളുമായി അലംദാര്‍ നഗരത്തില്‍ ഹസാരകള്‍ കുത്തിയിരിപ്പു നടത്തിയതിനെ തുടര്‍ന്നാണ് നവാബ് അസ്ലം റൈസാനി മുഖ്യമന്ത്രിയായ ഭരണകൂടത്തെ പിരിച്ചുവിട്ട് അവിടെ ഗവര്‍ണറുടെ ഭരണത്തിന്‍ കീഴിലാക്കിയത്. അതിനു തൊട്ടു മുന്‍വര്‍ഷം ഹസാരകളെ കൂട്ടക്കൊല ചെയ്തതിലുള്ള പ്രതിഷേധത്തെ റൈസാനി ഭരണകൂടം നേരിട്ടത് അറു പ്രാകൃത രീതിയിലായിരുന്നു. ശനിയാഴ്ച സ്ഫോടനത്തെ തുടര്‍ന്ന് ലശ്കറെ ജങ്വിയെ പോലുള്ളവരെ ഉന്നമിട്ടുകൊണ്ടുള്ള അടിച്ചമര്‍ത്തല്‍ നീക്കം ആവശ്യപ്പെട്ട് ഹസാരകളുടെ വിവിധ സംഘടനകള്‍ യോജിച്ച പ്രക്ഷോഭത്തിനിറങ്ങിയിട്ടുണ്ട്.

പുരാതന ഗോത്രരീതികള്‍ക്കു ചേരുംവിധമുള്ള ഭരണവും രാഷ്ട്രീയവും അതിന് എരിവു പകരുന്ന തീവ്രവാദവും അതിലേക്ക് എണ്ണയൊഴിച്ചു കൊണ്ടിരിക്കുന്ന ബാഹ്യശക്തികളും എല്ലാം കൂടി ബലൂചിസ്താനെ അരക്ഷിതഭൂമിയാക്കി മാറ്റിയിരിക്കുന്നു. ഈ അരാജകത്വം പാകിസ്താനെ മാത്രമല്ല, ഇന്ത്യയടക്കമുള്ള മേഖലയിലെ സമാധാനം നിലനില്‍ക്കുന്ന പ്രദേശങ്ങളെ കൂടി കലുഷിതമാക്കാന്‍ പോന്നതാണ് എന്നു രാഷ്ട്രീയനിരീക്ഷകന്മാര്‍ എന്നോ നല്‍കിവരുന്ന മുന്നറിയിപ്പാണ്. ശിയാ-സുന്നി വിഭാഗീയസംഘര്‍ഷമെന്നാണ് ഈ മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് പുറം ലോകം പേരിട്ടിരിക്കുന്നതെങ്കിലും 2001ല്‍ അമേരിക്ക തുടങ്ങിവെച്ച ഭീകരവിരുദ്ധയുദ്ധത്തിന്‍െറ കൈവഴികളിലൊന്നായി തന്നെ ഈ പൊട്ടിത്തെറികലാപങ്ങളെ കാണേണ്ടിയിരിക്കുന്നു. അഫ്ഗാനിസ്താനിലെ തങ്ങളുടെ പോര്‍നിലം പാകപ്പെടുത്തിയെടുക്കാന്‍ പാകിസ്താനെ ഭീകരവിരുദ്ധ ആക്രമണത്തിലെ പങ്കാളിയാക്കിയ അമേരിക്ക പക്ഷേ, അടുത്ത വര്‍ഷത്തോടെ അവിടെനിന്ന് കാലു വലിക്കുന്നത് പാകിസ്താനെ മുച്ചൂടും തീവ്രവാദത്തില്‍ മുക്കിയ ശേഷമാണ്. 2014ലെ അമേരിക്കന്‍ സേനാ പിന്മാറ്റം ബുധനാഴ്ച ദേശത്തോടു ചെയ്ത പ്രഭാഷണത്തില്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. പാക് താലിബാന്‍, ലശ്കറെ ത്വയ്യിബ, ജമാഅത്തുദ്ദഅ്വ, സിപാഹെ സഹാബ, ജയ്ശെ മുഹമ്മദ്, ലശ്കറെ ജങ്വി, ലാല്‍മസ്ജിദ് ഗാങ് തുടങ്ങി പലരുടെയും താല്‍പര്യസംരക്ഷണാര്‍ഥം വളര്‍ന്ന തീവ്രവാദസംഘടനകള്‍ മേഖലയില്‍ സര്‍വതന്ത്രസ്വതന്ത്രരാകുന്നതോടെ കാര്യങ്ങള്‍ ഏതുദിശയില്‍ നീങ്ങും എന്നത് ആശങ്കയുണര്‍ത്തേണ്ട വിഷയമാണ്. അതിനാല്‍, മാറുന്ന രാഷ്ട്രീയകാലാവസ്ഥയിലെ ഈ പൊട്ടിത്തെറികള്‍ പാകിസ്താനെ മാത്രമല്ല, മേഖലയെ മൊത്തം കിടിലം കൊള്ളിക്കാന്‍ പോന്നതാണ്.
കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കണം (മാത്രുഭൂമി )
Newspaper Edition
സംസ്ഥാനത്ത് പൊതുമേഖലയിലെ ബസ് സര്‍വീസായ കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നഷ്ടത്തിലാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങളേറെയായി. പൊതുജനോപകാരപ്രദമായ സര്‍വീസ് എന്നനിലയില്‍ വലിയ ലാഭമുദ്ദേശിച്ചായിരുന്നില്ല നടത്തിപ്പ്. എങ്കിലും നഷ്ടം കുമിഞ്ഞുകൂടിയതോടെ ഇപ്പോള്‍ സ്ഥാപനത്തിന്റെ നിലനില്പുതന്നെ വിഷമത്തിലാകുന്ന സ്ഥിതിയാണ്. ഡീസലിന്റെ സബ്‌സിഡി എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതാണ് ഏറ്റവുമൊടുവില്‍ കോര്‍പ്പറേഷന് കെണിയായത്. അയ്യായിരത്തിലധികം ബസ്സുകള്‍ കോര്‍പ്പറേഷനുണ്ട്. സബ്‌സിഡിയുള്ളപ്പോള്‍ ഡീസല്‍വാങ്ങാന്‍ പ്രതിമാസം 67 കോടി രൂപയാണ് കോര്‍പ്പറേഷന്‍ ചെലവിട്ടിരുന്നത്. ഇപ്പോഴത് 85.5 കോടി ആയിട്ടുണ്ട്. ഒരുദിവസം എട്ട്‌ലക്ഷം രൂപ അധികച്ചെലവ്. അതായത് മാസത്തില്‍ 2.5 കോടി രൂപയും ഒരുവര്‍ഷംകൊണ്ട് 30 കോടിയോളം രൂപയും അധികച്ചെലവ് വരും. ഡീസലിന്റെ വില ഓരോ മാസവും കൂടുമെന്നിരിക്കെ അധികച്ചെലവ് അഥവാ നഷ്ടത്തിലെ വര്‍ധന അതിലൊന്നും ഒതുങ്ങില്ലെന്നുറപ്പ്. ശമ്പളപരിഷ്‌കരണവും പെന്‍ഷന്‍ ബാധ്യതയും മൂലം കോര്‍പ്പറേഷന്‍ മുതുക് നിവര്‍ത്താനാവാതെ കുനിഞ്ഞുപോയെന്നാണ് അധികൃതര്‍ പറയുന്നത്. അതോടൊപ്പം ഡീസല്‍ സബ്‌സിഡി ഇല്ലാതാവുകകൂടി ചെയ്തതോടെ സ്ഥാപനത്തിന്റെ നടുവൊടിയാറായ മട്ടാണ്. 

ബസ്‌സര്‍വീസ്‌രംഗത്ത് കെ.എസ്.ആര്‍.ടി.സി. ഇല്ലാത്ത അവസ്ഥ ആലോചിക്കാന്‍പോലും മലയാളിക്ക് ആവില്ല. സ്വകാര്യമേഖലയിലെ ഏകപക്ഷീയമായ സമരങ്ങള്‍ക്കും പിടിവാശികള്‍ക്കുമിടയില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നത് കെ.എസ്.ആര്‍ .ടി.സി.യാണ്. കോര്‍പ്പറേഷനെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്ന് രക്ഷിക്കാന്‍ സര്‍ക്കാറിനേ സാധിക്കൂ. ഡീസലിന്റെ വാണിജ്യനികുതിയില്‍ ഇളവ്‌നല്‍കിക്കൊണ്ട് കോര്‍പ്പറേഷനെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.നിലവില്‍ 24 ശതമാനമാണ് ഡീസലിന് സര്‍ക്കാര്‍ ഈടാക്കുന്ന തീരുവ. എന്നാല്‍ വൈദ്യുതി ബോര്‍ഡിനെപ്പോലുള്ള വന്‍കിട ഉപഭോക്താക്കളില്‍നിന്ന് നാല്ശതമാനം തീരുവയേ ഈടാക്കുന്നുള്ളൂ. കെ.എസ്.ആര്‍.ടി.സി.ക്കും അത്തരമൊരു ഇളവ് നല്‍കിയാല്‍ അത് വലിയൊരാശ്വാസമാകും. കെ.എസ്.ആര്‍.ടി.സി. നേരിടുന്ന പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പഠിച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ഡീസല്‍ വാങ്ങണമെന്നാണ്. അതോടെ ഡീസലിന്റെ വില അതത് ദിവസം നല്‍കണമെന്നാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആദ്യത്തെ കുറച്ചുദിവസം പ്രയാസം നേരിട്ടേക്കുമെങ്കിലും ഈ രീതി സ്വീകരിക്കുന്നത് ഗുണകരമാവും. കെ.എസ്.ആര്‍.ടി.സി.യെ സഹായിക്കാന്‍ സംസ്ഥാനത്ത് പലേടത്തും സര്‍ക്കാര്‍ ദേശസാത്കൃതറൂട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വിലവര്‍ധന മൂലം ഡീസല്‍ വാങ്ങാനാവുന്നില്ലെന്നപേരില്‍ ലാഭകരമായ പല റൂട്ടുകളിലെയും സര്‍വീസ്   കെ.എസ്.ആര്‍.ടി.സി. വെട്ടിച്ചുരുക്കുന്നതായി പരാതിയുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് സ്വകാര്യബസ്സുകള്‍ സ്ഥാനംപിടിച്ചെന്നുവരും. അങ്ങനെവന്നാല്‍ , ഡീസല്‍തീരുവ കുറയ്ക്കുന്നതുള്‍പ്പെടെ പരിഹാരമാര്‍ഗങ്ങള്‍ക്ക് സര്‍ക്കാര്‍ തയ്യാറായാലും സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കുക വിഷമകരമാവും. അത്തരമൊരവസ്ഥയ്ക്ക് വഴിയൊരുക്കാതെ എത്രയുംവേഗം കോര്‍പ്പറേഷനെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതോടൊപ്പം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ മാനേജ്‌മെന്റും ജീവനക്കാരും സ്വയം മുന്നോട്ടുവരണം. ശമ്പളം, പെന്‍ഷന്‍ എന്നീ കാര്യങ്ങളില്‍ തൊഴിലാളികള്‍ക്കനുകൂലമായ നിലപാടാണ് കോര്‍പ്പറേഷന്‍ പുലര്‍ത്തിവന്നിട്ടുള്ളത്. കാലംചെല്ലുന്തോറും പെന്‍ഷന്‍ ബാധ്യത ജീവനക്കാരുടെ ശമ്പളത്തിന് തുല്യമോ അതിലധികമോ വരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പെന്‍ഷന്‍ നല്‍കേണ്ടത് ആവശ്യമാണെങ്കിലും അതിന്റെ ഭാരംകൊണ്ട് സ്ഥാപനംതന്നെ ഞെരിഞ്ഞമരുന്ന അവസ്ഥ വിഷമം സൃഷ്ടിക്കും. അതിനാല്‍ , നവീന മാനേജ്‌മെന്റ് രീതികളിലൂടെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ലാഭത്തിലാക്കാനും മാര്‍ഗങ്ങളാരായണം. അന്യസംസ്ഥാനങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമായി ബസ്‌സര്‍വീസ് നടത്തുന്നുണ്ട്. പലേടത്തും ബസ് കൂലി ഇവിടത്തേക്കാള്‍ കുറവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നിരിക്കെ ഇവിടെ ഇത്രയും കനത്ത നഷ്ടം സ്ഥാപനത്തിന് വരുന്നതെന്തുകൊണ്ട് എന്ന് പഠിക്കണം. അതനുസരിച്ച് ഇവിടെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്താവുന്നതാണ്.

കാലത്തിനൊത്ത സിവില്‍ സര്‍വീസ്  (മനോരമ)
malmanoramalogo
മന്ത്രിയായാലും ഉദ്യോഗസ്ഥനായാലും ഭരണനിര്‍വഹണത്തില്‍ വരുത്തിവയ്ക്കുന്ന കാലതാമസം ജനവിരുദ്ധമായിത്തീരുന്നു. ഡിജിപി പദവിയില്‍ നിന്നു റിട്ടയര്‍ ചെയ്ത ജേക്കബ് പുന്നൂസ് ഇക്കാര്യം ഈയിടെ മനോരമയിലെ തന്റെ പംക്തിയില്‍ ഉദാഹരണസഹിതം അവതരിപ്പിക്കുകയുണ്ടായി. തിരുവനന്തപുരം നഗരത്തില്‍ ഒരു ചെറിയ പാലം പണിയാന്‍ സര്‍ക്കാരിനു വേണ്ടിവന്നത് 24 വര്‍ഷങ്ങള്‍. ഈ നീണ്ട കാത്തിരിപ്പിനിടയില്‍ ജനങ്ങള്‍ക്കുണ്ടായ ഇന്ധനനഷ്ടവും സമയനഷ്ടവും അതിഭീമമാണ്. 1989 ല്‍ തീരുമെന്നു പ്രതീക്ഷിച്ച പാലത്തിനു കാലതാമസം മൂലമുണ്ടായ അധികച്ചെലവ് വേറെയും.

വൈദ്യുതി, വെള്ളം, ചികിത്സാസൌകര്യം, റോഡ് എന്നിങ്ങനെയുള്ള അടിസ്ഥാന സേവനങ്ങള്‍ നല്‍കേണ്ടതു സര്‍ക്കാരാണ്. സര്‍ക്കാര്‍ നല്‍കേണ്ട സേവനങ്ങളില്‍ പലതും വിലയ്ക്കു വാങ്ങാന്‍ ദുര്‍ബലവിഭാഗങ്ങള്‍ക്കു കഴിയുന്നുമില്ല. ജനങ്ങള്‍ക്കു പ്രയോജനകരമായ പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ സര്‍ക്കാരിനു കഴിയാതിരിക്കുന്നതു സമ്പദ്വ്യവസ്ഥയെയും വല്ലാതെ ബാധിക്കുന്നു. 

ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മോശമായ ഉദ്യോഗസ്ഥസംവിധാനം ഇന്ത്യയിലാണെന്നാണു വിദഗ്ധസമിതികളുടെ റിപ്പോര്‍ട്ട്. വിയറ്റ്നാമും ഫിലിപ്പീന്‍സും ചൈനയുമെല്ലാം പദ്ധതികളുടെയും സേവനങ്ങളുടെയും നിര്‍വഹണകാര്യത്തില്‍ നമ്മെക്കാള്‍ വളരെ മുന്നില്‍ നില്‍ക്കുന്നു. ഈ കെടുകാര്യസ്ഥതയ്ക്ക് ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്നത് ഐഎഎസുകാരുള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥവൃന്ദമാണ്. അവരാണു തീരുമാനങ്ങളെടുക്കുന്നതിലും നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നത്. ഐഎഎസ് തലത്തില്‍ കാര്യക്ഷമത കുറഞ്ഞിട്ടുണ്ടെന്നും ഭരണത്തിന്റെ ഉരുക്ക് ചട്ടക്കൂട് എന്നു വിശേഷിപ്പിക്കുന്ന ഈ സംവിധാനം കാലോചിതമായി പൊളിച്ചെഴുതണമെന്നും സമിതി റിപ്പോര്‍ട്ടുകളും വിദഗ്ധരും പറയുന്നു. മന്‍മോഹന്‍ സിങ് 2004 ല്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റപ്പോള്‍ ബ്യൂറോക്രസിയുടെ നവീകരണം ഒരു മുഖ്യ അജന്‍ഡയായി പ്രഖ്യാപിച്ചിരുന്നതാണ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം വിലയിരുത്തല്‍ , അതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥക്കയറ്റം, കണക്കുബോധിപ്പിക്കല്‍ , അനാവശ്യ രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നു മോചനം എന്നിങ്ങനെ പല പരിഷ്കരണനടപടികളെക്കുറിച്ചും സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ചുവെങ്കിലും സമഗ്രമായ പൊളിച്ചെഴുത്ത് ഇതുവരെ ഉണ്ടായിട്ടില്ല.

സാമ്പത്തിക പരിഷ്കരണവും ആഗോളവല്‍ക്കരണവുമായി ഇന്ത്യ രണ്ടു പതിറ്റാണ്ടുകളായി മുന്നേറുന്നുണ്ടെങ്കിലും കാര്യമായ പരിഷ്കരണം കടന്നുചെല്ലാത്ത രംഗമാണ് ബ്യൂറോക്രസി. ബ്രിട്ടീഷ് ഭരണകാലത്തെ ചട്ടങ്ങളും നടപടിക്രമങ്ങളും വലിയ മാറ്റമില്ലാതെ തുടരുന്നു. ചട്ടങ്ങള്‍ അന്ധമായി പാലിക്കപ്പെടുകയും ഉടക്കുകള്‍ ഉയരുകയും ചെയ്യുമ്പോള്‍ കുരുക്കുകളുണ്ടാകുന്നു. കുരുക്കഴിക്കാന്‍ ഫയലുകള്‍ മേലോട്ടും താഴോട്ടും നീങ്ങുമെന്നല്ലാതെ തീരുമാനം മിക്കവാറും ഉണ്ടാകില്ല. അന്വേഷണവും നടപടിക്രമവും ഭയന്നാണു മിക്ക ഉദ്യോഗസ്ഥരും തീരുമാനമെടുക്കാന്‍ വൈകുന്നത്. മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും തീട്ടൂരമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. കുഴപ്പമുണ്ടായാല്‍ ബലിയാടാകുന്നതും ഉദ്യോഗസ്ഥര്‍ തന്നെ. ഉന്നത ഉദ്യോഗസ്ഥരുടെ തുടരെയുള്ള സ്ഥലംമാറ്റങ്ങള്‍, ഭരണകര്‍ത്താക്കളുടെ ഏകാധിപത്യ മനോഭാവം, പരിശീലനക്കുറവ് ഇതെല്ലാം സിവില്‍ സര്‍വീസിനെ ബാധിക്കുന്നുണ്ട്.

ഇതൊക്കെയാണെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍വീസുകളുടെ മേഖലയില്‍ പലയിടത്തും ഉദ്യോഗസ്ഥസംവിധാനങ്ങള്‍ വിജയംവരിച്ചിട്ടുണ്ടെന്നതാണ് വാസ്തവം. നൂതനാശയങ്ങളും സംരംഭകത്വ മികവും പ്രകടിപ്പിച്ചു തികഞ്ഞ ജനസേവകരായി മാതൃകസൃഷ്ടിച്ചവരുമുണ്ട്. ഉദ്യോഗസ്ഥരെയെല്ലാം കര്‍മനിരതരാക്കുകയാണു ഭരണക്കാരുടെ ഉത്തരവാദിത്തം. സ്വകാര്യമേഖലയിലെ പ്രഫഷനല്‍ മാനേജ്മെന്റിന്റെ കര്‍മകുശലത സിവില്‍ സര്‍വീസ് ആര്‍ജിക്കണമെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു തീരുമാനങ്ങളെടുക്കാന്‍ കൂടുതല്‍ അധികാരങ്ങളും സൌകര്യങ്ങളും നല്‍കണം. പ്രത്യേകിച്ചും ചെറിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു സ്വാതന്ത്യ്രമുണ്ടാവണം. 

ജനങ്ങള്‍ക്കു പ്രയോജനകരമായ തീരുമാനമെടുക്കുമ്പോള്‍ ചട്ടങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ ക്രൂശിക്കപ്പെടാനും പാടില്ല. അതേസമയം ഭരണകൂടങ്ങളോടും ജനങ്ങളോടും കണക്കുബോധിപ്പിക്കാന്‍ തങ്ങള്‍ക്കു ബാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഒാര്‍ക്കുകയും വേണം. മികവായിരിക്കണം ഉദ്യോഗക്കയറ്റത്തിനുള്ള അടിസ്ഥാന യോഗ്യത. ഇവയെല്ലാം വിലയിരുത്താനും നടപടികള്‍ സ്വീകരിക്കാനും ഒരു സ്വതന്ത്ര അതോറിറ്റിയുണ്ടാകുന്നതും സ്വാഗതാര്‍ഹമാണ്. ഇടപെടലും പകപോക്കലുമില്ലാതെയുള്ള സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാന്‍ രാഷ്ട്രീയക്കാരും തയാറാകണം. അടിസ്ഥാനപരമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന, മെച്ചപ്പെട്ട ജീവിതസൌകര്യങ്ങള്‍ കാത്തിരിക്കുന്ന സജീവമായ ഒരു തലമുറയാണ് ഇന്നുള്ളത്. അവരുടെ അഭിലാഷമനുസരിച്ച് ഉദ്യോഗസ്ഥസംവിധാനം പൊളിച്ചെഴുതേണ്ടതുണ്ട്.

No comments:

Post a Comment