Saturday, February 23, 2013

മുഖപ്രസംഗം February 22 - 2013

മുഖപ്രസംഗം February 22 - 2013


1. കേരള ബി.ജെ.പിയുടെ ഗതി (മാധ്യമം)

കേരളത്തിലെ ബി.ജെ.പിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനായ കെ.ജി. മാരാരുടെ ജീവചരിത്രപുസ്തകമായ ‘രാഷ്ട്രീയത്തിലെ സ്നേഹസാഗര’ത്തില്‍ ഒരു രംഗമുണ്ട്. പൊതുപ്രവര്‍ത്തനത്തിന്‍െറ ആദ്യഘട്ടത്തില്‍ തന്‍െറ ഗ്രാമത്തില്‍, ഗോവധത്തിനെതിരെ അദ്ദേഹം ചുവരെഴുത്ത് നടത്തി. അടുത്ത ദിവസം വന്നുനോക്കുമ്പോള്‍ കമ്യൂണിസ്റ്റുകാരനായ ഒരു ചെറുപ്പക്കാരന്‍ ആ ചുവരെഴുത്തുകള്‍ ചുരണ്ടിമാറ്റുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോഴും ആ പ്രവര്‍ത്തന സംസ്കാരം കൈവിടാതെ തുടരുന്നതില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍, കെ.ജി. മാരാര്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനം ഗോവധനിരോധം എന്ന ആശയം ഉന്നയിക്കാന്‍പോലും കഴിയാത്തവിധം സാംസ്കാരികമായ ദുര്‍ബലാവസ്ഥയിലാണ്, ഇപ്പോള്‍ കേരളത്തില്‍. മറ്റു പല സംസ്ഥാനങ്ങളിലും ഗോവധം നിയമം മൂലം നിരോധിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചപ്പോഴാണ് ഇതെന്നോര്‍ക്കുക. തങ്ങളുടെ പ്രാഥമിക മുദ്രാവാക്യങ്ങളെപ്പോലും ജനകീയമാക്കുന്നതില്‍ വന്‍ പരാജയമായിരുന്നു ആ പ്രസ്ഥാനം എന്നര്‍ഥം.

2. തലമറന്ന് എണ്ണതേച്ചാല്‍ (മാതൃഭൂമി)

തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന കേരളത്തിന്റെ അന്തസ്സിന്റെ പ്രതീകമായിരുന്നു കേരവൃക്ഷം. എന്നാല്‍, അത് ഇന്ന് ഒരു സുന്ദര ഗതകാലസ്മരണ മാത്രമാവുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ കേരകര്‍ഷകരുടെ അവസ്ഥ ഒട്ടും ആശാവഹമല്ലെന്ന് മാത്രമല്ല, തീര്‍ത്തും ദയനീയവുമാണ്. തേങ്ങയുടെയും കൊപ്രയുടെയും വിലയില്ലായ്മതന്നെയാണ് പ്രശ്‌നം. ഇപ്പോഴത്തെ നില തുടരുകയാണെങ്കില്‍ ആസന്നഭാവിയില്‍ത്തന്നെ കേരകൃഷി കേരളത്തില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കൃഷിയുടെ പട്ടികയില്‍ ചെന്നുചേരും. ഇക്കാര്യത്തില്‍ തലമറന്ന് എണ്ണതേയ്ക്കുന്ന സര്‍ക്കാര്‍നിലപാടുകള്‍ ആത്മഹത്യാപരമാണ്.




കേരള ബി.ജെ.പിയുടെ ഗതി 

കേരള ബി.ജെ.പിയുടെ ഗതി
കേരളത്തിലെ ബി.ജെ.പിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനായ കെ.ജി. മാരാരുടെ ജീവചരിത്രപുസ്തകമായ ‘രാഷ്ട്രീയത്തിലെ സ്നേഹസാഗര’ത്തില്‍ ഒരു രംഗമുണ്ട്. പൊതുപ്രവര്‍ത്തനത്തിന്‍െറ ആദ്യഘട്ടത്തില്‍ തന്‍െറ ഗ്രാമത്തില്‍, ഗോവധത്തിനെതിരെ അദ്ദേഹം ചുവരെഴുത്ത് നടത്തി. അടുത്ത ദിവസം വന്നുനോക്കുമ്പോള്‍ കമ്യൂണിസ്റ്റുകാരനായ ഒരു ചെറുപ്പക്കാരന്‍ ആ ചുവരെഴുത്തുകള്‍ ചുരണ്ടിമാറ്റുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോഴും ആ പ്രവര്‍ത്തന സംസ്കാരം കൈവിടാതെ തുടരുന്നതില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍, കെ.ജി. മാരാര്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനം ഗോവധനിരോധം എന്ന ആശയം ഉന്നയിക്കാന്‍പോലും കഴിയാത്തവിധം സാംസ്കാരികമായ ദുര്‍ബലാവസ്ഥയിലാണ്, ഇപ്പോള്‍ കേരളത്തില്‍. മറ്റു പല സംസ്ഥാനങ്ങളിലും ഗോവധം നിയമം മൂലം നിരോധിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചപ്പോഴാണ് ഇതെന്നോര്‍ക്കുക. തങ്ങളുടെ പ്രാഥമിക മുദ്രാവാക്യങ്ങളെപ്പോലും ജനകീയമാക്കുന്നതില്‍ വന്‍ പരാജയമായിരുന്നു ആ പ്രസ്ഥാനം എന്നര്‍ഥം.

കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പിയുടെ പുതിയ സംസ്ഥാന പ്രസിഡന്‍റിന്‍െറ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത് ഓര്‍ത്തുപോയത്. ആദര്‍ശ പ്രതിബദ്ധതയുള്ള, വ്യത്യസ്തമായ പാര്‍ട്ടി എന്നൊക്കെ അവകാശപ്പെടുന്നവരാണ് ബി.ജെ.പിക്കാര്‍. എന്നാല്‍, സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈയിടെ കേരളത്തിലെ പാര്‍ട്ടി ഘടകത്തിലുണ്ടായ വിഴുപ്പലക്കലുകള്‍ പ്രസ്തുത അവകാശവാദങ്ങളെയെല്ലാം പരിഹാസ്യമാക്കുന്നതാണ്. സാധാരണഗതിയില്‍, അഖിലേന്ത്യാ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് മുമ്പുതന്നെ സംസ്ഥാന അധ്യക്ഷന്മാരെ തെരഞ്ഞെടുക്കാറുള്ള പാര്‍ട്ടിക്ക് കേരളത്തില്‍ ആ ഷെഡ്യൂള്‍ പാലിക്കാന്‍ കഴിഞ്ഞില്ല. കേന്ദ്ര നേതൃത്വത്തിന്‍െറ നിരന്തരമായ ഇടപെടലുകള്‍ക്കുശേഷവും തര്‍ക്കങ്ങള്‍ മൂക്കുകയല്ലാതെ, പ്രതിസന്ധി അയഞ്ഞില്ല. ഒടുവില്‍, അസാധാരണ നടപടിയെന്ന നിലക്ക്, അഖിലേന്ത്യാ പ്രസിഡന്‍റ് തന്‍െറ സവിശേഷാധികാരം ഉപയോഗിച്ച് പ്രസിഡന്‍റിനെ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. 1980ല്‍ കേരളത്തില്‍ ബി.ജെ.പി രൂപവത്കരിക്കുന്ന വേളയില്‍ മാത്രമാണ് സംസ്ഥാന അധ്യക്ഷനെ (ഒ. രാജഗോപാല്‍) കേന്ദ്ര നേതൃത്വം നേരിട്ട് നിയോഗിച്ചത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരായ പലരുടെയും നിലപാടിന് വിരുദ്ധമായാണ് വി. മുരളീധരന്‍ സംസ്ഥാന പ്രസിഡന്‍റായിരിക്കുമെന്ന ഉത്തരവ് അഖിലേന്ത്യാ പ്രസിഡന്‍റ് പ്രഖ്യാപിക്കുന്നത്.
സമ്പത്ത്, അധികാരം, സ്ഥാനമാനങ്ങള്‍ തുടങ്ങിയവ പങ്കുവെക്കുന്നതിലെ തര്‍ക്കമാണ് സാധാരണഗതിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളില്‍ ചക്കളത്തിപ്പോരിന് കാരണമാവാറ്. ആശയപരമായ സംഘര്‍ഷങ്ങളുടെ പേരില്‍ ആളില്ലാത്ത നക്സലൈറ്റ് പാര്‍ട്ടികള്‍ മാത്രമേ ഇക്കാലത്ത് പിളരാറുള്ളൂ. കേരളത്തില്‍ ഇതുവരെ ഒരു എം.എല്‍.എയെ പോലും സൃഷ്ടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. ആ നിലയില്‍, അധികാരത്തിന്‍െറ പങ്കുവെക്കലില്‍ അതിന് കാര്യമായ റോളില്ല. എന്നിട്ടും ആ പാര്‍ട്ടിയില്‍ എന്തുകൊണ്ട് ഇങ്ങനെ ഗ്രൂപ്പിസം അരങ്ങേറുന്നുവെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. അതിന്‍െറ കാരണങ്ങള്‍ അന്വേഷിക്കുമ്പോഴാണ് ബി.ജെ.പി എത്തിപ്പെട്ട ധാര്‍മികമായ പാപ്പരത്തം ബോധ്യപ്പെടുക. മലയാളികള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച മുഴുത്ത വര്‍ഗീയ അജണ്ടകളുമായി രംഗത്തിറങ്ങിയ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പുകളില്‍ ഒരിക്കലും വിജയിക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍പിന്നെ തങ്ങളുടെ കൈയിലുള്ള വോട്ടുകള്‍ വില്‍പനക്കു വെക്കാനാണ് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. മൊത്തമായ വോട്ടുവില്‍പന എന്ന ആശയം കേരളത്തില്‍ ആദ്യമായി പരിചയപ്പെടുത്തിയത് ബി.ജെ.പിയായിരിക്കും. കേരളത്തിലെ സംഘ്പരിവാര്‍ പ്രസ്ഥാനത്തിലെ പ്രമുഖനായ പി.പി. മുകുന്ദന്‍ പുറത്താക്കപ്പെട്ടതുപോലും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നായിരുന്നല്ലോ. വോട്ടുവില്‍പന കേരളത്തിലെ ബി.ജെ.പിയിലുണ്ടാക്കിയ ഉലച്ചിലുകള്‍ ചെറുതല്ല. കെ. രാമന്‍പിള്ളയെ പോലുള്ള തലമുതിര്‍ന്ന നേതാവ് ഇപ്പോള്‍ സ്വന്തമായ മറ്റൊരു പാര്‍ട്ടിയുമായി നടക്കുകയാണ്. യു. ദത്താത്രേയ റാവുവിനെപ്പോലുള്ള ആദ്യകാല നേതാക്കളാവട്ടെ, പാര്‍ട്ടിയുടെ നിലപാടുകളില്‍ മനംനൊന്ത് പൊതുപ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ചു. 1998-2004 കാലഘട്ടത്തില്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലിരിക്കുന്ന കാലത്ത് സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ കമീഷന്‍ പറ്റിയെന്നതായിരുന്നു ബി.ജെ.പിയെ ഉലച്ച ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു പ്രശ്നം.
ചുരുക്കത്തില്‍, ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട എന്തെങ്കിലും സൈദ്ധാന്തിക സംഘര്‍ഷങ്ങളോ അത് പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളോ അല്ല, സാമ്പത്തികവും വ്യക്തിപരവുമായ സ്വാര്‍ഥതാല്‍പര്യങ്ങളാണ് ബി.ജെ.പിയിലെ തര്‍ക്കങ്ങള്‍ക്കു പിന്നില്‍. പാര്‍ട്ടി എന്തെങ്കിലും രാഷ്ട്രീയ മുന്നേറ്റം നടത്തുന്നതിന് മുമ്പുതന്നെ അധികാരത്തിലുള്ള പാര്‍ട്ടികളെ കടത്തിവെട്ടുന്ന വിഭാഗീയതയും ഉള്‍പ്പാര്‍ട്ടി പോരും അവര്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ആ പാര്‍ട്ടിക്ക് വിശേഷിച്ച് ഒന്നും സംഭാവന ചെയ്യാന്‍ കഴിയില്ലെന്ന സന്ദേശം വീണ്ടും നല്‍കുന്നതാണ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍.


തലമറന്ന് എണ്ണതേച്ചാല്‍

തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന കേരളത്തിന്റെ അന്തസ്സിന്റെ
Newspaper Edition
പ്രതീകമായിരുന്നു കേരവൃക്ഷം. എന്നാല്‍, അത് ഇന്ന് ഒരു സുന്ദര ഗതകാലസ്മരണ മാത്രമാവുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ കേരകര്‍ഷകരുടെ അവസ്ഥ ഒട്ടും ആശാവഹമല്ലെന്ന് മാത്രമല്ല, തീര്‍ത്തും ദയനീയവുമാണ്. തേങ്ങയുടെയും കൊപ്രയുടെയും വിലയില്ലായ്മതന്നെയാണ് പ്രശ്‌നം. ഇപ്പോഴത്തെ നില തുടരുകയാണെങ്കില്‍ ആസന്നഭാവിയില്‍ത്തന്നെ കേരകൃഷി കേരളത്തില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കൃഷിയുടെ പട്ടികയില്‍ ചെന്നുചേരും. ഇക്കാര്യത്തില്‍ തലമറന്ന് എണ്ണതേയ്ക്കുന്ന സര്‍ക്കാര്‍നിലപാടുകള്‍ ആത്മഹത്യാപരമാണ്.

കേരകര്‍ഷകര്‍ക്ക് തീര്‍ത്തും ആശങ്കയുളവാക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. കൊപ്രസംഭരണത്തില്‍ നാഫെഡിനുണ്ടാകുന്ന നഷ്ടത്തിന്റെ 15 ശതമാനംമാത്രമേ വഹിക്കാനാവൂ എന്നനിലപാടാണ് കേരളത്തിലെ കൊപ്രസംഭരണത്തെ ഇപ്പോള്‍ തുടക്കത്തില്‍ത്തന്നെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. മുന്‍വര്‍ഷങ്ങളില്‍ നാഫെഡിന്റെ നഷ്ടം നികത്തിയിട്ടുള്ളത് കേന്ദ്രസര്‍ക്കാറാണ്. എന്നാല്‍, കേന്ദ്രം നിലപാട് മാറ്റിയതോടെ നഷ്ടംസഹിച്ച് കൊപ്രസംഭരിക്കാന്‍ നാഫെഡ് തയ്യാറാകില്ല. അതോടെ കേരകര്‍ഷകരുടെ കൈയില്‍ കെട്ടിക്കിടക്കുന്ന കൊപ്രശേഖരം കര്‍ഷകരുടെ മാത്രം തലവേദനയായി മാറുകയാണ്.

കഴിഞ്ഞവര്‍ഷം കിലോഗ്രാമിന് 51 രൂപയ്ക്കാണ് നാഫെഡ് കേരളത്തിലെ കര്‍ഷകരില്‍നിന്ന് കൊപ്ര സംഭരിച്ചത്. 30,000 ടണ്‍ സംഭരിക്കാന്‍ ലക്ഷ്യമിട്ടെങ്കിലും 19,000 ടണ്‍ മാത്രമാണ് സംഭരിച്ചത്. 2010-ല്‍ ഇത് 6,000 ടണ്‍ മാത്രമായിരുന്നു. ഇക്കഴിഞ്ഞ ജനവരിയിലാണ് കൊപ്രയുടെ താങ്ങുവില 150 രൂപ കൂട്ടി ക്വിന്റലിന് 5,250 രൂപയാക്കി ഉയര്‍ത്തിയത്. കിലോയ്ക്ക് 52.50-ന് സംഭരിക്കുന്ന കൊപ്ര നാഫെഡിന്റെ ഗോഡൗണിലെത്തിക്കുമ്പോഴേക്കും അത് 56 രൂപയിലധികമാകും. എന്നാല്‍, ഇപ്പോഴത്തെ വിപണിവില 46 രൂപയാണ്. ആ നിലയ്ക്ക് കിലോയ്ക്ക് 10 രൂപ നഷ്ടമുണ്ടാകും. ഈ നഷ്ടം കേന്ദ്രസര്‍ക്കാര്‍ നികത്തില്ലെന്ന നിലപാടാണ് നാഫെഡിനും അതുവഴി കേരളത്തിലെ കേരകര്‍ഷകര്‍ക്കും തിരിച്ചടിയായത്. കൊപ്രയ്ക്ക് പ്രഖ്യാപിച്ച താങ്ങുവിലയുടെ നേട്ടം ഇതോടെ കര്‍ഷകര്‍ക്ക് അപ്രാപ്യമാകും.

കൊപ്രയുടെ അവസ്ഥയേക്കാള്‍ ഗുരുതരമാണ് തേങ്ങയുടേത്. കഴിഞ്ഞദിവസം കേരളത്തിലെ എം.പി.മാരുടെയും മന്ത്രിമാരുടെയും സംയുക്തയോഗം തേങ്ങയുടേതടക്കമുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ തീരുമാനമെടുത്തിട്ടുണ്ട്. സബ്‌സിഡികളും ആനുകൂല്യങ്ങളും നിരന്തരം വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ആവശ്യങ്ങള്‍ക്ക് എത്രമാത്രം പരിഗണനകിട്ടുമെന്ന കാര്യം സംശയമാണ്. കാരണം രാജ്യത്തെ സാമ്പത്തികസ്ഥിതി കണക്കിലെടുത്താണ് ഇപ്പോള്‍ കൊപ്രസംഭരണത്തിലെ നഷ്ടം നികത്തുന്നതിന് പരിധി നിശ്ചയിച്ചതെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്.

കേരളത്തിലെ കേരകര്‍ഷകര്‍ സ്വന്തം ഉത്പന്നങ്ങള്‍ക്ക് മറ്റു വിപണനസാധ്യതകള്‍ തേടേണ്ടതിന്റെ ആവശ്യകതയിലേക്കും ഇത് വിരല്‍ചൂണ്ടുന്നുണ്ട്. ഉദാഹരണത്തിന് കേരളത്തില്‍ പ്രതിദിനം വര്‍ധിച്ചുവരുന്ന ഒരുവിപണിയാണ് ഇളനീരിന്റേത്. എന്നാല്‍, ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത് കേരളത്തിനുപുറത്തുള്ള കേരകര്‍ഷകരാണ്. 15 മുതല്‍ 25 വരെ രൂപ വില ഈടാക്കപ്പെടുന്ന ഇളനീര്‍ വിപണിയുടെ സിംഹഭാഗവും മറുനാടന്‍ കര്‍ഷകരാണ് പ്രയോജനപ്പെടുത്തുന്നത്. ഇളനീരിനായിമാത്രം കൃഷി ചെയ്യുന്ന തെങ്ങിന്റെ കാര്യത്തിലും കേരളം വളരെ പിറകിലാണ്. കേരകൃഷിയുടെ കേന്ദ്രമായ കോഴിക്കോട് ജില്ലയില്‍ ഇളനീരിനായി കൃഷിചെയ്യുന്ന തെങ്ങുകളുടെ എണ്ണം 160 മാത്രമാണ്. 1,21,688 ഹെക്ടറില്‍ തെങ്ങുകൃഷിനടത്തുന്ന കോഴിക്കോട്ടെ കണക്ക് വെച്ചുനോക്കിയാല്‍ മറ്റുജില്ലകളിലെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ഒരു തേങ്ങ വില്പനയ്ക്ക് കൊണ്ടുപോകുമ്പോള്‍ നാലു രൂപ മുതല്‍ ആറു രൂപവരെമാത്രം കിട്ടുന്നിടത്താണ് ഒരു ഇളനീരിന് കമ്പോളത്തില്‍ 15 മുതല്‍ 25 വരെ ഉപഭോക്താവിന് നല്‍കേണ്ടിവരുന്നത്.

തെങ്ങില്‍നിന്ന് ചെത്തിയെടുക്കാവുന്ന നീര എന്ന മധുരക്കള്ളിന്റെ സാധ്യത കേരകര്‍ഷകര്‍തന്നെ പലതവണ മുന്നോട്ടുവെച്ചിട്ടുള്ളതാണ്. കൂടാതെ തെങ്ങില്‍നിന്ന് വിനാഗിരി, ശര്‍ക്കര എന്നിവ ഉണ്ടാക്കിയെടുത്ത് വില്‍ക്കാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കാനുള്ള തീരുമാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. തെങ്ങ് ഒരു ഖനിയാണ്. കല്പവൃക്ഷമെന്ന് പേരിട്ട് ആദരിച്ചതുകൊണ്ടായില്ല, കേരകര്‍ഷകരുടെ അവസ്ഥയറിഞ്ഞ് ആ ഖനി പ്രയോജനപ്പെടുത്താനുള്ള പൂര്‍ണ അവകാശം കര്‍ഷകര്‍ക്ക് നല്‍കുകയാണ് വേണ്ടത്.

രാജ്യത്തിന്റെ കേരോത്പാദനത്തിന്റെ 40 ശതമാനത്തോളം കേരളത്തിലാണ്. മറ്റേത് സംസ്ഥാനത്തേക്കാളും തേങ്ങയുടെയും കൊപ്രയുടെയുമൊക്കെ ഇറക്കുമതി ബാധിക്കുക കേരളത്തെത്തന്നെയാണ്. പാമോയില്‍ ഇറക്കുമതി വെളിച്ചെണ്ണവിപണിയെ ഒരുപരിധിവരെ തകര്‍ത്തിട്ടുണ്ട്. 1990-കള്‍വരെ കേരളം കേട്ടിട്ടുപോലുമില്ലാത്ത പാമോയില്‍, ആഗോളീകരണനയങ്ങളുടെ പ്രതീകമായി ചെറുക്കപ്പെട്ടിട്ടും വിപണിയെ കീഴടക്കുകയാണുണ്ടായത്. ഇത് കേരളത്തിന്റെ പൊതുവായ പ്രശ്‌നംകൂടിയാണ്. അതിന് പരിഹാരംതേടേണ്ടത് ഒരു ജനവിഭാഗമെന്ന നിലയ്ക്കുള്ള നമ്മുടെ അതിജീവനത്തിന്റെ പ്രശ്‌നം തന്നെയാണ്.

No comments:

Post a Comment