Monday, February 25, 2013

മുഖപ്രസംഗം February 25 - 2013


മുഖപ്രസംഗം February 25 - 2013

1. അനുഭവങ്ങളില്‍നിന്ന് പഠിക്കാനില്ലേ? (മാധ്യമം )

004 ജൂണ്‍ 15ന് ഇശ്റത് ജഹാന്‍ എന്ന പത്തൊമ്പതുകാരിയെ മലയാളിയായ ജാവേദ് ഗുലാം ശൈഖ് അടക്കമുള്ള മറ്റു മൂന്നു പേരോടൊപ്പം വ്യാജ ഏറ്റുമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണമേറ്റെടുത്ത സി.ബി.ഐ രണ്ടു വര്‍ഷത്തിനുശേഷം ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ നാലു ലശ്കറെ ത്വയ്യിബ തീവ്രവാദികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന പൊലീസ് കഥ വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് സൂപ്രണ്ട് ജി.എല്‍. സിംഗാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്്. ഇതുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റുകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

2. മറക്കാതിരിക്കുക, ജനങ്ങളെ  (മാത്രുഭൂമി)

ജനങ്ങളെയും ഭരണസംവിധാനത്തെയും കൂട്ടിയിണക്കുന്ന സുപ്രധാനശൃംഖലയാണ് രാഷ്ട്രീയകക്ഷികള്‍ . നമ്മളിപ്പോള്‍ കാണുന്ന രൂപഘടനയിലുള്ള ആധുനിക രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കഷ്ടിച്ച് ഇരുന്നൂറ്റി ഇരുപത്തിയഞ്ച് വര്‍ഷത്തെ പാരമ്പര്യമേ അവകാശപ്പെടാനാവൂ എന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തല്‍ . പ്രാതിനിധ്യജനാധിപത്യത്തില്‍ ജനങ്ങളെ സംരക്ഷിക്കുകയും പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന സാമൂഹികസംഘടനകളാണ് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍. ഭരണനേതൃത്വം, നയരൂപവത്കരണം, നിയമനിര്‍മാണം, ക്രിയാത്മകപ്രതിപക്ഷം, പൊതുജനാഭിപ്രായരൂപവത്കരണം എന്നിവയാണ് അവരുടെ മൗലിക ചുമതലകള്‍

3. സമന്വയത്തിലൂടെ വളരട്ടെ കേരളം (മനോരമ)

വിവാദങ്ങള്‍ മൂലം പദ്ധതികളൊന്നും കരയ്ക്കടുക്കാത്ത സ്ഥിതിയാണു കുറെക്കാലമായി കേരളത്തില്‍. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പല തട്ടുകളിലായി വിഘടിച്ചു നില്‍ക്കുമ്പോള്‍ കുത്തഴിഞ്ഞ പുസ്തകംപോലെയാവുന്നു നാടിന്റെ വികസനം. ഇതിനു പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭരണ, പ്രതിപക്ഷ നേതാക്കളെയും വ്യത്യസ്ത അഭിപ്രായമുള്ള വിദഗ്ധരെയും പങ്കെടുപ്പിച്ചു മലയാള മനോരമ സംഘടിപ്പിച്ച 'നാളത്തെ കേരളം ആശയക്കൂട്ടായ്മയില്‍ സമന്വയത്തിന്റെ സ്വരം നിറഞ്ഞതു ധന്യമായ അനുഭവമായി.
അനുഭവങ്ങളില്‍നിന്ന് പഠിക്കാനില്ലേ? (മാധ്യമം )
അനുഭവങ്ങളില്‍നിന്ന് പഠിക്കാനില്ലേ?
2004 ജൂണ്‍ 15ന് ഇശ്റത് ജഹാന്‍ എന്ന പത്തൊമ്പതുകാരിയെ മലയാളിയായ ജാവേദ് ഗുലാം ശൈഖ് അടക്കമുള്ള മറ്റു മൂന്നു പേരോടൊപ്പം വ്യാജ ഏറ്റുമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണമേറ്റെടുത്ത സി.ബി.ഐ രണ്ടു വര്‍ഷത്തിനുശേഷം ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ നാലു ലശ്കറെ ത്വയ്യിബ തീവ്രവാദികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന പൊലീസ് കഥ വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് സൂപ്രണ്ട് ജി.എല്‍. സിംഗാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്്. ഇതുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റുകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റുമുട്ടല്‍ കഥ പുറത്തുവിട്ട ക്രൈംബ്രാഞ്ചിന്‍െറ കള്ളക്കഥകള്‍ അവര്‍ക്കുതന്നെ തെളിയിക്കാനാവാതെ പോയതാണ് ഈ കേസില്‍ ഇത്തരമൊരു വഴിത്തിരിവുണ്ടാകാന്‍ കാരണം. ഇന്‍റലിജന്‍സ് ബ്യൂറോയില്‍നിന്നു ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ഈ ‘ഭീകരരെ’ കൊലപ്പെടുത്താനുള്ള ഓപറേഷന്‍ തയാറാക്കിയതെന്ന ക്രൈംബ്രാഞ്ചിന്‍െറ പ്രഥമവിവര റിപ്പോര്‍ട്ടിലെ പരാമര്‍ശംതന്നെ നുണയായിരുന്നു. അവിടന്നിങ്ങോട്ട് പൊലീസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഏറ്റുമുട്ടലിന്‍െറ ഓരോഘട്ടത്തിലും അവശേഷിച്ച പഴുതുകള്‍ പ്രത്യേക അന്വേഷണസംഘവും സി.ബി.ഐയും പുറത്തുകൊണ്ടുവന്നു. നാലുപേരെയും പൊലീസ് പിന്തുടര്‍ന്ന് വാഹനത്തിനു വെടിവെച്ച് തടഞ്ഞുനിര്‍ത്തിയപ്പോള്‍ ‘ഭീകരര്‍’ വെടിയുതിര്‍ക്കുകയും തുടര്‍ന്ന് ഏറ്റുമുട്ടലില്‍ നാലുപേരും വധിക്കപ്പെടുകയും ചെയ്തുവെന്നായിരുന്നു പൊലീസ് കഥ. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നാലുപേരും വ്യത്യസ്തമായ നാലു നേരങ്ങളിലാണ് കൊല്ലപ്പെട്ടതെന്നു കണ്ടെത്തി. അവരുടെ ദേഹത്തു പതിച്ച വെടിയുണ്ടയും അന്നേരം പൊലീസ് ഉപയോഗിച്ച തോക്കിലോ റിവോള്‍വറിലോ നിന്നല്ലെന്നും ഏറ്റുമുട്ടല്‍ നടന്നതായി പൊലീസ് പറഞ്ഞ സമയത്ത് അവരുടെ തോക്കുകളില്‍നിന്നു വെടിയുതിര്‍ന്നിരുന്നില്ലെന്നും ബാലിസ്റ്റിക് റിപ്പോര്‍ട്ട് തെളിയിച്ചു. വധിക്കപ്പെട്ട നാലുപേരും വിവിധ സ്ഥലങ്ങളില്‍നിന്നായി പൊലീസ് നേരത്തേ പിടികൂടി കൊണ്ടു വന്നവരായിരുന്നുവെന്ന് ദൃക്സാക്ഷികളെ വെച്ച് സി.ബി.ഐ കണ്ടെത്തുകയും ചെയ്തു. ഇശ്റത് ജഹാന്‍ അടക്കമുള്ള നാലു ചെറുപ്പക്കാരെ എവിടെനിന്നൊക്കെയോ പിടികൂടി വെടിവെച്ചുകൊന്ന് ‘ഭീകരാക്രമണ പദ്ധതി തകര്‍ത്ത’ കഥയുണ്ടാക്കിയത് അന്നത്തെ പൊലീസ് അസി. കമീഷണറായിരുന്ന സിംഗാളാണെന്നു സി.ബി.ഐ പറയുന്നു.
മകളുടെ കൊലയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇശ്റത്തിന്‍െറ മാതാവ് ഗുജറാത്ത് ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പ്രത്യേകാന്വേഷണസംഘം കേസ് അന്വേഷിച്ചതും ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് കണ്ടെത്തിയതും. തുടര്‍ന്ന്, കോടതി 2011 ഡിസംബര്‍ ഒന്നിന് കേസ് സി.ബി.ഐക്കു വിടുകയായിരുന്നു. സംഭവംനടന്ന് അധികം വൈകാതെതന്നെ ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. ഇശ്റത്തിന്‍െറ മാതാവും മലയാളി ജാവേദിന്‍െറ പിതാവ് ഗോപിനാഥന്‍പിള്ളയും ഇതില്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അവരുന്നയിച്ച വാദഗതികളെ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സി.ബി.ഐ അറസ്റ്റ്. ഗുജറാത്തിലെതന്നെ പ്രമാദമായ സൊഹ്റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസിന്‍െറ വഴിയിലാണ് ഇശ്റത്തിന്‍െറ കേസും നീങ്ങുന്നത്. സൊഹ്റാബുദ്ദീന്‍ കേസില്‍ ജയിലിലായ ഡി.ഐ.ജി വന്‍സാര തന്നെയാണ് ഈ കൊലകള്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ എ.സി.പിയായിരുന്ന സിംഗാളിന് നല്‍കിയത്.
രാജ്യത്ത് ഭീകരാക്രമണ സംഭവങ്ങളുടെ പിന്നിലെ കറുത്തകരങ്ങള്‍ പുറത്താകുകയും അത് രാഷ്ട്രീയവിവാദങ്ങള്‍ക്കു വഴിവെക്കുകയും പിന്നെയും സ്ഫോടനങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇശ്റത് ഏറ്റുമുട്ടല്‍ കേസിലെ അറസ്റ്റ് നടക്കുന്നത്. തീവ്രവാദബന്ധം ആരോപിച്ച് ബംഗളൂരുവില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുസ്ലിം യുവാക്കളില്‍ ചിലരെ ആറുമാസം തടവിലിട്ട ശേഷം തെളിവൊന്നും ഹാജരാക്കാനാവാതെ കഴിഞ്ഞദിവസം എന്‍.ഐ.എ കോടതി വിട്ടയച്ചതും ഇതോടുചേര്‍ത്തു കാണണം. സ്ഫോടനം പോലുള്ള ഭീകരകൃത്യങ്ങള്‍ രാജ്യത്ത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതിന്‍െറ അന്വേഷണങ്ങള്‍ വ്യാജോക്തികളുടെ മറപറ്റി ദുഷ്ടലാക്കുകള്‍ക്കു വഴിമാറുമ്പോള്‍ നിരപരാധികള്‍ കൊലക്കും അന്യായതടവിലെ കൊല്ലാക്കൊലക്കും വിധേയരായിത്തീരുന്നു. ഗുജറാത്തിലെ ഏറ്റുമുട്ടലുകളെയും ബംഗളൂരുവില്‍ ഉന്നതരെ വധിക്കാന്‍ തയാറാക്കിയ ഭീകരാക്രമണപദ്ധതിയെയും കുറിച്ച് അന്നു കേട്ട കഥകളുമൊക്കെ വ്യാജമാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്. ഹൈദരാബാദില്‍ മുമ്പു നടന്ന സ്ഫോടനങ്ങളുടെ പേരില്‍ പിടികൂടി പൊലീസ് പീഡിപ്പിച്ച യുവാക്കളെ നിരപരാധികളെന്നു കണ്ട് വിട്ടയച്ചപ്പോഴും പണ്ടു പറഞ്ഞതെല്ലാം വിഴുങ്ങുകയായിരുന്നു.
കൗതുകമെന്നു പറയട്ടെ, 16 പേരുടെ ജീവനെടുത്ത ഹൈദരാബാദിലെ ദില്‍സുഖ് നഗര്‍ സ്ഫോടനത്തിന്‍െറ അന്വേഷണം ഊര്‍ജിതമായി മുന്നോട്ടു പോകുന്നതിനിടെ ഇതേ കപോലകല്‍പിതങ്ങള്‍ തന്നെ മാധ്യമങ്ങളും മറ്റും പിന്നെയും ചിക്കിച്ചികഞ്ഞു കൊണ്ടേയിരിക്കുന്നു. രാജ്യത്തെ തകര്‍ക്കുന്ന വിധ്വംസകശക്തികളെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കാനുള്ള ജാഗ്രതക്കു പകരം യക്ഷിവേട്ടക്കു കുതൂഹലം കൂട്ടുന്നവര്‍ക്ക് മുന്നനുഭവങ്ങളില്‍നിന്ന് ഒന്നും പഠിക്കാനില്ലെന്നാണോ കരുതേണ്ടത്? അതോ, ആശയക്കുഴപ്പങ്ങളുടെ പൊന്തയില്‍ തല്ലി യഥാര്‍ഥ പ്രതികള്‍ക്കു രക്ഷപ്പെടാന്‍ ഇവര്‍ പഴുതൊരുക്കുകയാണോ?

മറക്കാതിരിക്കുക, ജനങ്ങളെ  (മാത്രുഭൂമി)
Newspaper Edition
ജനങ്ങളെയും ഭരണസംവിധാനത്തെയും കൂട്ടിയിണക്കുന്ന സുപ്രധാനശൃംഖലയാണ് രാഷ്ട്രീയകക്ഷികള്‍ . നമ്മളിപ്പോള്‍ കാണുന്ന രൂപഘടനയിലുള്ള ആധുനിക രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കഷ്ടിച്ച് ഇരുന്നൂറ്റി ഇരുപത്തിയഞ്ച് വര്‍ഷത്തെ പാരമ്പര്യമേ അവകാശപ്പെടാനാവൂ എന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തല്‍ . പ്രാതിനിധ്യജനാധിപത്യത്തില്‍ ജനങ്ങളെ സംരക്ഷിക്കുകയും പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന സാമൂഹികസംഘടനകളാണ് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍. ഭരണനേതൃത്വം, നയരൂപവത്കരണം, നിയമനിര്‍മാണം, ക്രിയാത്മകപ്രതിപക്ഷം, പൊതുജനാഭിപ്രായരൂപവത്കരണം എന്നിവയാണ് അവരുടെ മൗലിക ചുമതലകള്‍. രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ നിന്നുണ്ടാവുന്ന രാഷ്ട്രീയസംസ്‌കാരമാണ് ഏതൊരു രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെ അടിത്തറയായി മാറുക.

നമ്മുടെ ജനാധിപത്യസംവിധാനങ്ങളുടെ ഭാവി യഥാര്‍ഥത്തില്‍ കൈയാളുന്നത് രാഷ്ട്രീയകക്ഷികളാണ് എന്നതാണ് ഇതിന്റെ ചുരുക്കം. തങ്ങള്‍ വിശ്വാസപൂര്‍വം ഏല്‍പ്പിച്ചുകൊടുത്ത ചുമതലകള്‍ അവര്‍ വിവേകപൂര്‍വം നിര്‍വഹിക്കുന്നുണ്ടോയെന്ന് ജനങ്ങള്‍ സംശയിക്കുന്ന സാഹചര്യമാണിപ്പോള്‍. കോടിക്കണക്കിന് രൂപയുടെ നികുതിപ്പണം ചെലവഴിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്റും നിയമനിര്‍മാണസഭകളും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ പാളം തെറ്റിപ്പോവുന്നുണ്ടോ എന്നാണ് അവരുടെ ആശങ്ക. സ്ഥാനത്തും അസ്ഥാനത്തുമുള്ള നിയമത്തിന്റെ പ്രയോഗങ്ങളും അതിന്മേലുയരുന്ന പ്രതിഷേധങ്ങളുംതുടര്‍ച്ചയായി മാറുമ്പോള്‍ നിയമനിര്‍മാണപ്രക്രിയ തന്നെ വഴിതെറ്റിപ്പോവുന്നതില്‍ അത്ഭുതപ്പടാനില്ല.

പൊതുസമൂഹത്തെ അടിയന്തരമായി ബാധിക്കുന്ന വിഷയങ്ങള്‍ക്കും ഗഹനമായ പഠനങ്ങളിലൂടെയും ഇഴപിരിച്ചുള്ള ചര്‍ച്ചകളിലൂടെയും സമഗ്രമാക്കപ്പെടുന്ന നിയമനിര്‍മാണങ്ങള്‍ക്കും വേദിയാവേണ്ട സഭകള്‍ അനാവശ്യവിവാദങ്ങളില്‍ മുങ്ങുന്നതാണ് ഇപ്പോഴത്തെ കാഴ്ച. ഊതിവീര്‍പ്പിച്ച പ്രശ്‌നങ്ങള്‍, രാഷ്ട്രീയവൈരം മുറ്റിനില്‍ക്കുന്ന തരംതാണ ആരോപണങ്ങള്‍, മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുതകുന്ന സൂത്രവിദ്യകള്‍ എന്നിവയൊക്കെ പ്രയോജനപ്പെടുത്തി വളരെ ഗൗരവമുള്ള കാര്യങ്ങളില്‍ നിന്ന് സഭകളെ വഴിതിരിച്ചുവിടുന്നത് ജനാധിപത്യസമ്പ്രദായത്തിന് അപമാനമാവുകയാണ്. സഭാപ്രവര്‍ത്തനം തടസ്സപ്പെടുകയോ തുടര്‍ച്ചയായി സ്തംഭനാവസ്ഥയില്‍ തുടരുകയോ ചെയ്യുന്നതുമൂലം ജനങ്ങളുടെ അവകാശമാണ് ചോദ്യംചെയ്യപ്പെടുന്നത്. പതിനെട്ട് രാഷ്ട്രീയപാര്‍ട്ടികളുണ്ടായിരുന്ന പതിന്നാലാം ലോക്‌സഭയെ നയിച്ച സ്​പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, ഒരിക്കല്‍ തന്റെ അനുഭവം ഇങ്ങനെ രേഖപ്പെടുത്തി: 'സഭയിലെ നടപടിക്രമങ്ങള്‍ തടസ്സപ്പെടുത്തുക എന്നത് തങ്ങള്‍ക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന വികാരം കഴിഞ്ഞ കുറച്ചുകൊല്ലങ്ങളായി പാര്‍ട്ടികള്‍ക്കകത്ത് വളര്‍ന്നുവന്നിട്ടുണ്ട്. അത് അത്യന്തം ഉത്കണ്ഠപ്പെടുത്തുന്ന കാര്യമാണ്. പരസ്​പരം ഏറ്റുമുട്ടാനുള്ള പാര്‍ട്ടികളുടെ മനോഭാവം ഈ അനാരോഗ്യകരമായ സ്ഥിതിവിശേഷത്തെ പ്രകോപിതമാക്കുന്നു. ഇത് പാര്‍ലമെന്റിന്റെയും (നിയമസഭകളുടെയും) പ്രതിച്ഛായയെ വന്‍തോതില്‍ കളങ്കപ്പെടുത്തിയിട്ടുണ്ട്.'

സോമനാഥ് ചാറ്റര്‍ജി ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ നിന്ന് അല്പംപോലും മാറ്റംവന്നിട്ടില്ലെന്നാണ് നമ്മുടെ പാര്‍ലമെന്റിലും നിയമസഭയിലും അരങ്ങേറിയ 'നാടകങ്ങള്‍' തെളിയിക്കുന്നത്. സേവനാവകാശനിയമം പോലെ ഗൗരവമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ട ബില്ലുകള്‍പോലും ചര്‍ച്ച കൂടാതെയാണ് കഴിഞ്ഞ നിയമസഭാസമ്മേളനം പാസ്സാക്കിയത്. ധനകാര്യബില്ലുകള്‍ ഉള്‍പ്പെടെയുള്ള ബില്ലുകള്‍ 'ഗില്ലറ്റിന്‍' ചെയ്ത് പാസ്സാക്കിയ പാരമ്പര്യവും നമ്മുടെ നിയമസഭയ്ക്ക് അവകാശപ്പെടാം. ബഹളങ്ങള്‍ക്കിടയ്ക്ക്, എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാനും നാല് ബത്തകളും മറ്റും അനുവദിക്കാനുമുള്ള ബില്‍ നമ്മുടെ നിയമസഭയില്‍നിന്ന് പാസ്സായിപ്പോയതും ഓര്‍മയില്‍നിന്ന് മാഞ്ഞുപോകാറായിട്ടില്ല. കഴിഞ്ഞ ദിവസം, രാജ്യസഭയില്‍ പി.ജെ. കുര്യന്‍ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കുന്ന പ്രസ്താവന പുറപ്പെടുവിക്കാതെ പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ് ഒഴിഞ്ഞുമാറിയത് ഇത്തരത്തില്‍ ഒരു രാഷ്ട്രീയകാപട്യമായിരുന്നു. ഹൈദരാബാദ് സ്‌ഫോടനത്തിന്റെ മറവില്‍ സര്‍ക്കാര്‍ ഇവിടെ സുപ്രധാനമായ ഒരു പ്രസ്താവന പൂഴ്ത്തിവെക്കുകയായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍.

പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഇരുപുറങ്ങളാണ് ഭരണപക്ഷവും പ്രതിപക്ഷവും എന്നാണ് വിശ്വാസം. ഇവിടെ പലപ്പോഴും പ്രതിപക്ഷം സ്വന്തം കടമകള്‍ മറക്കുന്നു. ഭരണപക്ഷം പലപ്പോഴും ബോധപൂര്‍വം അതിന് അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നത് എപ്പോഴും ജനങ്ങളാണ്. ജനാഭിലാഷം പ്രതിഫലിക്കാത്ത, നിയമപരമായി കുറ്റമറ്റതല്ലാത്ത നിയമങ്ങള്‍ നിലവില്‍വരുന്നു. ധനകാര്യ ബില്ലുകള്‍ തലനാരിഴകീറി പഠിക്കാതെ ജനങ്ങളുടെമേല്‍ നിരന്തരം അടിച്ചേല്‍പ്പിക്കപ്പെടുന്നു. അഴിമതിയും കെടുകാര്യസ്ഥതയും ചോദ്യംചെയ്യപ്പെടുന്നില്ല. ഭരണപരമായ കാര്യങ്ങളില്‍ സ്വേച്ഛാധിപത്യപരമായ രീതിയില്‍ മുന്നോട്ടുപോകാന്‍ സര്‍ക്കാറിന് അനായാസം സാധിക്കുന്നു.

ഭരണപക്ഷവും പ്രതിപക്ഷവും കേവലമായ ഈ കക്ഷിരാഷ്ട്രീയാന്ധതയില്‍പ്പെട്ട് ഉഴലുമ്പോള്‍ നഷ്ടമുണ്ടാവുന്നത് ജനങ്ങള്‍ക്കാണ്; ജനാധിപത്യസംവിധാനത്തിനാണ്. ജനപ്രതിനിധികളുടെ ചുമതലാബോധത്തെയും ആദര്‍ശപ്രതിബദ്ധതയെയും ആശ്രയിച്ചാണ് ജനാധിപത്യസംവിധാനത്തിന്റെ വിജയം. ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടത് രാഷ്ട്രീയനേതൃത്വങ്ങളാണ്. അവര്‍ കാണിക്കുന്ന വിവേകവും ഇച്ഛാശക്തിയുമാവണം ജനങ്ങളുടെ കരുത്ത്. ജനാധിപത്യത്തിന്റെ 'ശ്രീകോവിലുകള്‍' ജനങ്ങളെ മറക്കാതിരിക്കട്ടെ. 

സമന്വയത്തിലൂടെ വളരട്ടെ കേരളം (മനോരമ)
malmanoramalogoവിവാദങ്ങള്‍ മൂലം പദ്ധതികളൊന്നും കരയ്ക്കടുക്കാത്ത സ്ഥിതിയാണു കുറെക്കാലമായി കേരളത്തില്‍. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പല തട്ടുകളിലായി വിഘടിച്ചു നില്‍ക്കുമ്പോള്‍ കുത്തഴിഞ്ഞ പുസ്തകംപോലെയാവുന്നു നാടിന്റെ വികസനം. ഇതിനു പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭരണ, പ്രതിപക്ഷ നേതാക്കളെയും വ്യത്യസ്ത അഭിപ്രായമുള്ള വിദഗ്ധരെയും പങ്കെടുപ്പിച്ചു മലയാള മനോരമ സംഘടിപ്പിച്ച 'നാളത്തെ കേരളം ആശയക്കൂട്ടായ്മയില്‍ സമന്വയത്തിന്റെ സ്വരം നിറഞ്ഞതു ധന്യമായ അനുഭവമായി.

പദ്ധതികള്‍ വരുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുധാരണയ്ക്കു പുറമേ, അവ ബാധിക്കുന്ന അല്ലെങ്കില്‍ അവയില്‍ ഭാഗഭാക്കാവുന്ന ജനങ്ങളെ ഉള്‍പ്പെടുത്തി പൊതു ചര്‍ച്ചകൂടി നടത്തണമെന്നാണു മുന്‍ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. ടി.എം. തോമസ് ഐസക് അഭിപ്രായപ്പെട്ടത്. അങ്ങനെയൊരു ജനകീയ സമന്വയം രൂപപ്പെടാന്‍ മാസങ്ങള്‍നീണ്ട പരിശ്രമം വേണ്ടിവന്നാലും പിന്നെ എതിര്‍പ്പുകള്‍ക്കു പ്രസക്തിയില്ലാതാkകുമെന്നതിനാല്‍ നല്ലതു തന്നെ. ഏതാനും രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ധാരണ മാത്രമല്ല വേണ്ടതെന്നു തോമസ് ഐസക് പറഞ്ഞതിനോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യോജിച്ചു.

കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ജലസംഭരണികളില്‍നിന്നു മണല്‍ വാരാന്‍ സ്വകാര്യ മേഖലയെ ടെന്‍ഡറിലൂടെ ഏല്‍പ്പിക്കാമെന്ന കാര്യത്തില്‍ ഇരുവര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടായില്ല. എല്‍എന്‍ജി പൈപ്പ്ലൈന്‍ നീട്ടുന്നതിനുള്ള എതിര്‍പ്പുകള്‍ എത്രയുംവേഗം പരിഹരിക്കപ്പെടണമെന്നും പൊതുവേ അഭിപ്രായമുണ്ടായി.

കൂടുതല്‍ സുതാര്യത ഉറപ്പാക്കിയാല്‍ വികസന പദ്ധതികള്‍ക്കു പിന്തുണ ലഭിക്കുമെന്നാണു കൂട്ടായ്മ നല്‍കുന്ന സന്ദേശം. ചെറിയ എതിര്‍പ്പുകളുടെ പേരില്‍ നാടിനും ഭാവി തലമുറയ്ക്കും പ്രയോജനകരമായ വലിയ തീരുമാനങ്ങള്‍ വേണ്ടെന്നു വയ്ക്കരുതെന്നായിരുന്നു 'മലയാള മനോരമ ഏതാനും ആഴ്ച മുന്‍പ് പ്രസിദ്ധീകരിച്ച വികസന പരമ്പരയുടെ കാതല്‍. ആശയക്കൂട്ടായ്മയിലും മുഴങ്ങിയത് ഇതേ സ്വരം തന്നെ. കൊല്ലം-കോട്ടപ്പുറം ജലപാതയുടെ വികസനത്തിന് ഏതാനും ചീനവലക്കാരും എല്ലാ അനുമതികളും ലഭിച്ച സീപ്ളെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് ചില ചെറിയ വിഭാഗങ്ങളും തടസ്സം നില്‍ക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി പ്രതിസന്ധിയുടെ മര്‍മത്തിലാണു തൊട്ടത്.

ഭൂമി ഏറ്റെടുക്കുമ്പോഴെല്ലാം എതിര്‍പ്പുണ്ടാകുന്നത് ഊഹക്കച്ചവടക്കാരുടെ ഇടപെടല്‍ മൂലം ഭൂമിവില കുതിച്ചുയരുന്നതുകൊണ്ടാണ്. അത്തരം ഊഹക്കച്ചവടം നിരുല്‍സാഹപ്പെടുത്തുന്ന നടപടികള്‍ വേണമെന്ന ആവശ്യം കൂട്ടായ്മയില്‍ ഉയര്‍ന്നു. പദ്ധതികള്‍ക്കു ഭൂമി നല്‍കുന്ന ഉടമയ്ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കണമെന്ന കാര്യത്തിലും തര്‍ക്കമുണ്ടായില്ല. കൈമാറ്റം ചെയ്യാവുന്ന അവകാശങ്ങള്‍ നല്‍കുന്ന പുതിയ സമ്പ്രദായം പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് വിശദീകരിച്ചു.

ഭൂരഹിതര്‍ക്കു ഭൂമി കൊടുക്കാന്‍ വന്‍കിട തോട്ടങ്ങളുടെ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന 10% ഭൂമി തിരിച്ചെടുക്കണമെന്ന നിര്‍ദേശത്തിനോടും അഭിപ്രായൈക്യം ഉണ്ടായി. ഒരു പടികൂടി കടന്ന്, അതുള്‍പ്പെടെ രണ്ടാം ഭൂപരിഷ്കരണം തന്നെ നടപ്പാക്കാന്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രണ ബോര്‍ഡ് 2030 വരെയുള്ള ദീര്‍ഘകാല പദ്ധതി തയാറാക്കുമ്പോള്‍ പരിസ്ഥിതിയും മണ്ണും ജലവും വായുവും സംരക്ഷിക്കുന്നതിനു പരമപ്രാധാന്യം നല്‍കണമെന്ന് പരിസ്ഥിതി വിദഗ്ധര്‍ക്കൊപ്പം ഭരണകര്‍ത്താക്കളും ഒരുപോലെ അഭിപ്രായപ്പെട്ടു. വികസന പദ്ധതികള്‍ നീര്‍ത്തടാധിഷ്ഠിതമായി  നടപ്പാക്കണമെന്നാണ് സിപിഎം നേതാവ് സി. രവീന്ദ്രനാഥ് എംഎല്‍എ നിര്‍ദേശിച്ചത്.

സ്ത്രീ-ശിശു സൌഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള നിര്‍ദേശങ്ങളും ഉയര്‍ന്നു. സംരംഭകത്വ സംസ്കാരവും സേവന നേതൃത്വവും വിദ്യാര്‍ഥികളില്‍ വളര്‍ത്താനാകുംവിധം വിദ്യാഭ്യാസരീതിയില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിക്കപ്പെട്ടു. പണമില്ലാത്തതുമൂലം ആര്‍ക്കും ചികില്‍സ നിഷേധിക്കപ്പെടരുതെന്നു പറഞ്ഞ മുഖ്യമന്ത്രി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയും നിര്‍ദേശിച്ചു.

സംസ്ഥാനത്ത് റയില്‍വേയുടെ നിര്‍മാണം നടക്കുന്ന നൂറു കേന്ദ്രങ്ങളില്‍ സ്ഥലം ഉയര്‍ത്താന്‍ ഖരമാലിന്യം സ്വീകരിക്കാമെന്ന ഡിവിഷനല്‍ മാനേജര്‍ രാജേഷ് അഗര്‍വാളിന്റെ പ്രസ്താവന മാലിന്യനിര്‍മാര്‍ജന യജ്ഞത്തിനു പുത്തനുണര്‍വു പകരുന്നതായി. ഇതിനകം രണ്ടിടത്ത് ഇത്തരത്തില്‍ പ്ലാറ്റ്ഫോം നിര്‍മിച്ചു റയില്‍വേ  മാതൃകകാട്ടി. ആശയക്കൂട്ടായ്മയില്‍ ഉയര്‍ന്ന സമന്വയ ചിന്തകള്‍ പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നതിലാകട്ടെ ഇനി നമ്മുടെ ശ്രദ്ധ.


No comments:

Post a Comment