Saturday, February 9, 2013

മുഖപ്രസംഗം February 08 - 2013

മുഖപ്രസംഗം February 08 - 2013
1. അഫ്സ്പ: തീരുമാനിക്കേണ്ടത് സൈന്യമോ? (മാധ്യമം )
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയ നേതൃത്വം കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ മേന്മയായി നാം പലപ്പോഴും മേനിനടിക്കാറുള്ളത്. പല രംഗങ്ങളിലും ഇത് ശരിയാണുതാനും. എന്നാല്‍ പ്രതിരോധ, സൈനിക രംഗങ്ങളില്‍  തീരുമാനങ്ങളെടുക്കുന്നത് സൈനിക നേതൃത്വമാണെന്ന ഗൗരവപ്പെട്ട വിമര്‍ശം നേരത്തേതന്നെ നിലവിലുണ്ട്. പ്രതിരോധ ബജറ്റ് പാര്‍ലമെന്‍റ് ചര്‍ച്ചക്കുപോലും വിധേയമാക്കപ്പെടാത്ത രാജ്യമാണ് നമ്മുടേത്. ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്ട് (സൈന്യത്തിന്‍െറ പ്രത്യേകാധികാര നിയമം-അഫ്സ്പ) മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മാത്രമല്ല, പരമ്പരാഗത രാഷ്ട്രീയക്കാരുടെവരെ വിമര്‍ശങ്ങള്‍ക്ക് വിധേയമായ ഒരു കാടന്‍ നിയമമാണ്. നിര്‍ണയിക്കപ്പെട്ട പ്രദേശങ്ങളില്‍ തോന്നിയതുപോലെ പെരുമാറാന്‍ സൈനികര്‍ക്ക് സമ്പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്നു പ്രസ്തുത നിയമം. എന്തു തോന്ന്യാസം ചെയ്താലും സൈനികന് നിയമപരിരക്ഷ നല്‍കുന്നതാണ് ആ നിയമം


അഫ്സ്പ: തീരുമാനിക്കേണ്ടത് സൈന്യമോ? (മാധ്യമം )

അഫ്സ്പ: തീരുമാനിക്കേണ്ടത് സൈന്യമോ?
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയ നേതൃത്വം കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ മേന്മയായി നാം പലപ്പോഴും മേനിനടിക്കാറുള്ളത്. പല രംഗങ്ങളിലും ഇത് ശരിയാണുതാനും. എന്നാല്‍ പ്രതിരോധ, സൈനിക രംഗങ്ങളില്‍  തീരുമാനങ്ങളെടുക്കുന്നത് സൈനിക നേതൃത്വമാണെന്ന ഗൗരവപ്പെട്ട വിമര്‍ശം നേരത്തേതന്നെ നിലവിലുണ്ട്. പ്രതിരോധ ബജറ്റ് പാര്‍ലമെന്‍റ് ചര്‍ച്ചക്കുപോലും വിധേയമാക്കപ്പെടാത്ത രാജ്യമാണ് നമ്മുടേത്. സൈന്യത്തിന്‍െറ അമിതാധികാര പ്രവണതകളെയും നടപടികളെയും ചോദ്യംചെയ്യുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനമായി ചാപ്പകുത്തി വിമര്‍ശകരെ അടിച്ചിരുത്തുന്ന പ്രവണത വ്യാപകമാണ്.
ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്ട് (സൈന്യത്തിന്‍െറ പ്രത്യേകാധികാര നിയമം-അഫ്സ്പ) മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മാത്രമല്ല, പരമ്പരാഗത രാഷ്ട്രീയക്കാരുടെവരെ വിമര്‍ശങ്ങള്‍ക്ക് വിധേയമായ ഒരു കാടന്‍ നിയമമാണ്. നിര്‍ണയിക്കപ്പെട്ട പ്രദേശങ്ങളില്‍ തോന്നിയതുപോലെ പെരുമാറാന്‍ സൈനികര്‍ക്ക് സമ്പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്നു പ്രസ്തുത നിയമം. എന്തു തോന്ന്യാസം ചെയ്താലും സൈനികന് നിയമപരിരക്ഷ നല്‍കുന്നതാണ് ആ നിയമം. ദല്‍ഹി ബലാത്സംഗത്തെ തുടര്‍ന്ന്, സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയമിക്കപ്പെട്ട ജസ്റ്റിസ് വര്‍മ കമീഷന്‍പോലും അഫ്സ്പയുടെ ക്രൂരതകളെക്കുറിച്ച് പറയുന്നുണ്ട്. സൈനികര്‍ നടത്തുന്ന ബലാത്സംഗങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോവുന്നുവെന്നും അതിന് കാരണം അഫ്സ്പയാണെന്നുമാണ് വര്‍മ കമീഷന്‍ നിരീക്ഷിക്കുന്നത്. അഫ്സ്പ പിന്‍വലിക്കണമെന്ന ജനകീയ ആവശ്യമാകട്ടെ, രാജ്യത്ത് നേരത്തേതന്നെ ശക്തമായി നിലനില്‍ക്കുന്നുണ്ടുതാനും.
അഫ്സ്പയെ ആവേശപൂര്‍വം പിന്താങ്ങിയവരില്‍ ഒരാളായിരുന്നു മുന്‍ ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ ധനമന്ത്രിയുമായ പി. ചിദംബരം. കഴിഞ്ഞദിവസം ദല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് സംഘടിപ്പിച്ച കെ. സുബ്രഹ്മണ്യം അനുസ്മരണ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ വിശകലനമര്‍ഹിക്കുന്നതാണ്. അഫ്സ്പയെക്കാള്‍ അല്‍പംകൂടി മനുഷ്യത്വപരമായ ഒരു നിയമം ആവശ്യമാണെന്നും എന്നാല്‍, പ്രസ്തുത നിയമത്തെ ലഘൂകരിക്കുന്ന ഒരു  നീക്കത്തെയും നിലവിലുള്ളതും കഴിഞ്ഞതുമായ സൈനിക നേതൃത്വങ്ങള്‍ക്ക് ഇഷ്ടമില്ലെന്നുമാണ് അദ്ദേഹം വളച്ചുകെട്ടില്ലാതെ പറഞ്ഞിരിക്കുന്നത്. അഫ്സ്പ പ്രയോഗിച്ചിരിക്കുന്ന ജില്ലകളുടെ കാര്യത്തില്‍ പുനരാലോചന നടത്തുന്നതുപോലും സൈനികര്‍ക്ക് ഇഷ്ടമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. സൈനിക നേതൃത്വത്തിനും സര്‍ക്കാറിനുമിടയില്‍ സമവായമില്ലാത്തത് കാരണം കേന്ദ്രത്തിന് ഇക്കാര്യത്തില്‍ മുന്നോട്ടുപോവാന്‍ കഴിയുന്നില്ല -അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ നേതാവ് പറയേണ്ട കാര്യമാണോ ഇത്? അഫ്സ്പ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് അത് പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളെല്ലാം കാലങ്ങളായി അതിശക്തമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജമ്മു-കശ്മീര്‍, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ ക്രമസമാധാനനിലയെപ്പോലും തകരാറിലാക്കുന്ന തരത്തില്‍ അഫ്സ്പ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അവിടങ്ങളില്‍ ശക്തമാണ്. ഇത്തരം പ്രക്ഷോഭങ്ങളില്‍ ഡസന്‍കണക്കിനാളുകളാണ് രക്തസാക്ഷികളായത്. ജനകീയ താല്‍പര്യങ്ങളെയാണ് ജനാധിപത്യ സര്‍ക്കാറുകള്‍ പ്രതിനിധാനം ചെയ്യുന്നതെങ്കില്‍ ജനങ്ങള്‍ അഫ്സ്പക്കെതിരാണ് എന്നതിന് വേണ്ടതിലേറെ തെളിവുകളുണ്ട്. രാജ്യത്തെ പ്രമുഖരായ സാംസ്കാരിക പ്രവര്‍ത്തകരും നിയമജ്ഞരും മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം അഫ്സ്പക്കെതിരെ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്. എന്നിട്ടും സൈന്യത്തിന് ഇഷ്ടമില്ലെന്നു പറഞ്ഞ് നിയമത്തെക്കുറിച്ച് പുനരാലോചന നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാവുന്നില്ല. സൈന്യത്തിന്‍െറ ഇഷ്ടമനുസരിച്ചാണോ ജനാധിപത്യത്തില്‍ തീരുമാനങ്ങളെടുക്കേണ്ടത്? എങ്കില്‍ രാഷ്ട്രീയ നേതൃത്വത്തിന് അപ്രമാദിത്വമുള്ള വ്യവസ്ഥയാണ് നമ്മുടേത് എന്ന അവകാശവാദത്തിന് എന്ത് അര്‍ഥമാണുള്ളത്?
കടുത്ത നിയമങ്ങളിലൂടെയും കാടന്‍ വ്യവസ്ഥകളിലൂടെയും ജനങ്ങളെ വരുതിയില്‍ നിര്‍ത്തിക്കൊണ്ടല്ല ഒരു ജനാധിപത്യക്രമം നിലനില്‍ക്കേണ്ടത്, ജനങ്ങളുടെ പിന്തുണയാര്‍ജിച്ചുകൊണ്ടാണ്. എന്നാല്‍, നിയമത്തിന്‍െറ ചമ്മട്ടികൊണ്ട് ജനതയെ പ്രഹരിച്ചുനിര്‍ത്താമെന്ന കാഴ്ചപ്പാടിനാണ് നമ്മുടെ നാട്ടില്‍ ഇന്ന് മേല്‍ക്കൈ ലഭിക്കുന്നത്. അഫ്സ്പ അതിന്‍െറ മികച്ച ഉദാഹരണമാണ്. അതിനെക്കുറിച്ച് പുനരാലോചന നടത്താന്‍പോലും ധൈര്യമില്ലാതെ സൈന്യത്തിനു മുന്നില്‍ മുട്ടുവിറക്കുന്നവരാണ് രാഷ്ട്രീയ നേതൃത്വം എന്നത് രാജ്യത്തെ കൂടുതല്‍ ദുര്‍ബലമാക്കുന്നു.

No comments:

Post a Comment