മുഖപ്രസംഗം January 31-01-2013
1. മനുഷ്യനും ആനയ്ക്കും സുരക്ഷ വേണം ( മാതൃഭൂമി)
ഉത്സവങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ആനകളെ ഉപയോഗിക്കുമ്പോള്‍ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അടുത്തകാലത്തുണ്ടായ ദുരന്തങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. എറണാകുളം ജില്ലയിലെ രായമംഗലം കൂട്ടുമഠം ക്ഷേത്രത്തില്‍ ഈയിടെ ആനയിടഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചു. ഉത്സവകാലത്ത് കേരളത്തില്‍ ആനയിടയുന്നത് സാധാരണമായിട്ടും വേണ്ടത്ര മുന്‍കരുതലുകളെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തത് അപലപനീയമാണ്. രായമംഗലത്ത് ഇടഞ്ഞ ആന ആക്രമണോത്സുകതയുള്ളതാണെന്നു പറയപ്പെടുന്നു. കാഴ്ചക്കുറവുള്ള അതിനെ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതായും പറയുന്നു. സുരക്ഷിതത്വം, പരിപാലനം എന്നിവ സംബന്ധിച്ചുള്ള നിബന്ധനകള്‍ പാലിക്കാത്തതാണ് പലപ്പോഴും ആന ഇടയാനും ഇടഞ്ഞാല്‍ കൂടുതല്‍ ആളപായവും നാശനഷ്ടവും ഉണ്ടാകാനും കാരണമാകുന്നത്.
2. കേരളം കേള്‍ക്കണം, നെല്ലിന്റെ വിലാപം (മനോരമ)
സംസ്ഥാനത്തു നെല്ലുല്‍പാദനം കുത്തനെ ഇടിയുന്നുവെന്നും കൃഷിഭൂമിയുടെ വിസ്തൃതി കുറയുന്നുവെന്നുമുള്ള ലോക്കല്‍ ഫണ്ട് ഒാഡിറ്റ് റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ മണ്ണിലെ കണ്ണീര്‍വിളവു വീണുകിടക്കുന്നുണ്ട്. നെല്‍ക്കര്‍ഷകരെയും നെല്‍വയല്‍ സംരക്ഷണത്തെയും അര്‍ഹമായ വിധം പരിഗണിക്കാത്ത സംസ്ഥാനത്ത് നെല്ലുല്‍പാദനം കുത്തനെ ഇടിഞ്ഞതു ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ പരാശ്രയത്വം വര്‍ധിപ്പിച്ചിരിക്കുകയാണ്.
3. കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടത് ചൊട്ടുവിദ്യയല്ല (മാധ്യമം)
ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസോ ഷെഡ്യൂളോ വെട്ടിക്കുറക്കാന്‍ അനുവദിക്കില്ലെന്ന് യു.ഡി.എഫ് നേതൃയോഗത്തിനുശേഷം കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ നടത്തിയ പ്രസ്താവനയില്‍നിന്നുതന്നെ സംസ്ഥാന സര്‍ക്കാറും മുന്നണി നേതൃത്വവും ഈ വിഷയത്തെ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതിനകം 1400 ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുകയും ദിനേന ഓരോ ജില്ലയിലും നിരവധി ബസുകള്‍ പുതുതായി കട്ടപ്പുറത്ത് കയറ്റുകയും ചെയ്യുന്നതിനിടയിലാണ് മുന്നണി കണ്‍വീനറുടെ ഈ വാചാടോപം. കെ.എസ്.ആര്‍.ടി.സി എന്ന പൊതുമേഖലാ സ്ഥാപനം എന്നെന്നേക്കുമായി അടച്ചുപൂട്ടണോ വേണ്ടേ എന്ന ഗൗരവമാര്‍ന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.