Thursday, February 28, 2013

മുഖപ്രസംഗം February 28 - 2013

മുഖപ്രസംഗം February 28 - 2013


1. വിലപേശല്‍ ശേഷി നഷ്ടപ്പെട്ട കേരളം (മാധ്യമം)

ദല്‍ഹി ഭരണ സിരാകേന്ദ്രത്തില്‍ കുഞ്ചികസ്ഥാനങ്ങളിലിരിക്കുന്ന മലയാളികളായ ഉദ്യോഗസ്ഥമേധാവികളുടെ കണക്കെടുത്താല്‍ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ അസൂയപ്പെട്ടു പോകും. കേന്ദ്രഭരണത്തിന്‍െറ ഗതി നിയന്ത്രിക്കുന്നതില്‍ കേരളീയരുടെ പങ്ക് നിര്‍ണായകമാണ്. ചരിത്രത്തിലൊരിക്കലും ലഭിക്കാത്ത പ്രാതിനിധ്യമാണ് രണ്ടാം യു.പി.എ മന്ത്രിസഭയില്‍ കേരളത്തിന് ലഭിച്ചത്. പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം, പ്രവാസം, വ്യോമയാനം തുടങ്ങി മര്‍മപ്രധാനമായ വകുപ്പുകളില്‍ കേരളത്തിന് കൈയൊപ്പ് ചാര്‍ത്താന്‍ ഭാഗ്യം കൈവന്നപ്പോള്‍ എല്ലാവരും ആഹ്ളാദിച്ചു. നമുക്ക് പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താന്‍ അത് കാരണമായി. കേന്ദ്രവും കേരളവും ഭരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണികളാണെന്ന അനുകൂലാവസ്ഥ സംസ്ഥാനത്തിന്‍െറ ശിരോലിഖിതം തിരുത്തിയെഴുതാന്‍ സഹായകമാവുമെന്ന് പലരും കണക്കുകൂട്ടി. ദല്‍ഹി ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്താനും  തീരുമാനങ്ങളെടുപ്പിക്കാനും ശേഷിയുള്ള ഉഗ്രപ്രതാപികളായ മലയാളി നേതാക്കളുള്ളപ്പോള്‍ എന്തിനു കേരളം പിറകോട്ടടിക്കണം എന്ന ചോദ്യം പലവുരു ആവര്‍ത്തിക്കപ്പെട്ടു. പക്ഷേ, കേരളത്തിന്‍െറ വിലപേശല്‍ ശേഷിയെ കുറിച്ചുള്ള സകല അവകാശവാദങ്ങളും പൊള്ളയായ വീരസ്യം പറച്ചിലാണെന്നും ദല്‍ഹിയിലെ രാഷ്ട്രീയ പ്രമാണിമാരുടെ മുന്നില്‍ കേരളീയര്‍ തൃണം മാത്രമാണെന്നും സമര്‍ഥിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

2. വെള്ളം മുടങ്ങുന്ന തലസ്ഥാനം (മനോരമ)

ഒരു തലസ്ഥാനത്തിനും തിരുവനന്തപുരത്തിന്റേതു പോലൊരു ഗതികേട് ഉണ്ടാവില്ല. കുടിവെള്ളം എത്തിക്കുന്ന പൈപ്പ് ഇടയ്ക്കിടയ്ക്കു പൊട്ടുക; പൊട്ടിയ പൈപ്പ് മാറ്റിയിടാന്‍ ദിവസങ്ങളോളം എടുക്കുക; താല്‍ക്കാലികമായി വെള്ളമെത്തിക്കാനുള്ള സംവിധാനങ്ങള്‍ പരാജയപ്പെടുക; ഈ ദിവസമെല്ലാം വെള്ളമില്ലാതെ നഗരവാസികള്‍ നരകിക്കുക - ഇത് ആവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായെങ്കിലും തിങ്കളാഴ്ച പൈപ്പ് പൊട്ടിയതു കേരളത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടാണ്.


Wednesday, February 27, 2013

മുഖപ്രസംഗം February 27 - 2013


1. റെയില്‍വേയുടെ കുതിപ്പും കിതപ്പും (മാധ്യമം )

പൊതുബജറ്റില്‍നിന്ന് വേര്‍പെടുത്തി റെയില്‍വേക്ക് പ്രത്യേക ബജറ്റ് അവതരണമെന്ന സമ്പ്രദായം 1920കളില്‍ ബ്രിട്ടീഷിന്ത്യയില്‍ ആരംഭിച്ചതാണ്. അന്ന് പൊതുഗതാഗതത്തിന്‍െറ 75ഉം ചരക്കുനീക്കത്തിന്‍െറ 90ഉം ശതമാനം തീവണ്ടി വഴിയായിരുന്നതുകൊണ്ട് അങ്ങനെ വേണ്ടിവന്നതാവാം. ഇന്ന് പക്ഷേ, യഥാക്രമം ഇരുപതും നാല്‍പതും ശതമാനമായി തീവണ്ടി ഗതാഗതവും ചരക്കുനീക്കവും ചുരുങ്ങിയിരിക്കെ, പൊതുബജറ്റിന്‍െറ നാലു ശതമാനം മാത്രം വരുന്ന റെയില്‍വേക്ക് പ്രത്യേക ബജറ്റ് അവതരണത്തിന്‍െറ പ്രസക്തി ചോദ്യംചെയ്യപ്പെടുന്നുണ്ട്. അതെന്തായാലും 17 സംവത്സരങ്ങള്‍ക്കുശേഷം കോണ്‍ഗ്രസുകാരനായ ഒരു റെയില്‍വേ മന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകതയോടെ പവന്‍കുമാര്‍ ബന്‍സല്‍ പാര്‍ലമെന്‍റില്‍ കഴിഞ്ഞദിവസം കൊണ്ടുവന്ന റെയില്‍വേ ബജറ്റ് പ്രത്യാശയേക്കാള്‍ ആശങ്കക്കും സന്തോഷത്തേക്കാള്‍ ദു$ഖത്തിനും വകനല്‍കുന്നതാണ്.


2. റെയില്‍വേ വികസനത്തിന് ചുവപ്പുകൊടി (മാത്രുഭൂമി )

കേരളത്തിന് എന്തുപറ്റി? പരുക്കന്‍ സാമ്പത്തിക യാഥാര്‍ഥ്യങ്ങളില്‍നിന്നുകൊണ്ട് മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റിലൂടെ കണ്ണോടിക്കുന്നവര്‍ ഈ ചോദ്യം ഉന്നയിച്ചുപോകുക സ്വാഭാവികം. അത്ഭുതങ്ങള്‍ ഒന്നുമില്ല. ലോക്‌സഭാതിരഞ്ഞെടുപ്പ് അരികിലെത്തിയിട്ടും ജനപ്രിയ പദ്ധതികള്‍ പേരിനുപോലും കാണാനില്ല. കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന സംസ്ഥാനസര്‍ക്കാരും എട്ട് കേന്ദ്രമന്ത്രിമാരും ഉണ്ടായിട്ടും കേരളം ക്രൂരമായി അവഗണിക്കപ്പെടുന്നു.

3. എല്ലാ പ്രതീക്ഷയും ട്രാക്കിലായില്ല  മനോരമ 

റയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അവതരിപ്പിച്ച കന്നി ബജറ്റ് പുതിയ ദിശാബോധം ഉള്‍ക്കൊള്ളുകയും ആധുനിക സങ്കേതിക വിദ്യയ്ക്കു പരമാവധി ഊന്നല്‍നല്‍കുകയും ചെയ്യുന്നു. യാത്രാനിരക്കു കൂട്ടിയിട്ടില്ലെങ്കിലും ചരക്കുകൂലി വര്‍ധിപ്പിച്ചിട്ടുണ്ട്. ഒപ്പം റയില്‍വേയിലെ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ സൂചനകളും ബജറ്റില്‍ അടങ്ങിയിരിക്കുന്നു. മുന്‍ റയില്‍മന്ത്രിമാരില്‍ പലരും പ്രകടിപ്പിച്ച പ്രാദേശിക സങ്കുചിതത്വം ഇത്തവണ കാണാനില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, കേരളത്തോടു കുറച്ചുകൂടി അനുഭാവപൂര്‍വമായ സമീപനം ഉണ്ടാവേണ്ടിയിരുന്നു എന്ന അഭിപ്രായവും നിലനില്‍ക്കുന്നു.




Tuesday, February 26, 2013

മുഖപ്രസംഗം February 26 - 2013

മുഖപ്രസംഗം February 26 - 2013
1. ജസ്റ്റിസ് തോമസ് പറഞ്ഞത്  (മാധ്യമം )

രാജീവ്ഗാന്ധി വധക്കേസില്‍ മൂന്നു പ്രതികള്‍ക്ക് വിധിച്ച വധശിക്ഷ ഇനി നടപ്പാക്കിയാല്‍ അത് ഭരണഘടനക്ക് എതിരായിപ്പോകുമെന്ന ജസ്റ്റിസ് കെ.ടി. തോമസിന്‍െറ മുന്നറിയിപ്പ് ശ്രദ്ധയര്‍ഹിക്കുന്നു. കേസില്‍ വധശിക്ഷ വിധിച്ച മൂന്നംഗ സുപ്രീംകോടതി ബെഞ്ചിന്‍െറ അധ്യക്ഷനായിരുന്നു കെ.ടി. തോമസ്. കേസ് ആരംഭിച്ചിട്ട് 22 വര്‍ഷം കഴിഞ്ഞു. ഇക്കാലമത്രയും പ്രതികള്‍ തടവിലായിരുന്നു. ഒരു കുറ്റത്തിന് ഒന്നുകില്‍ ജീവപര്യന്തം അല്ലെങ്കില്‍ വധശിക്ഷ എന്നതാണ് നിയമം. ജീവപര്യന്തമാണെങ്കില്‍ 14 വര്‍ഷം കഴിയുമ്പോള്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് അവസരമുണ്ട്. എന്നാല്‍, രാജീവ് വധക്കേസില്‍ വധശിക്ഷയാണ് നല്‍കിയത് എന്നതിനാല്‍ അത്തരം പുന$പരിശോധനക്ക് അവസരമില്ല. അതേസമയം, പ്രതികള്‍ 22 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചുകഴിഞ്ഞു. ഒരേ കുറ്റത്തിന് രണ്ടുശിക്ഷ പാടില്ല. ഭരണഘടനയുടെ 21ാം വകുപ്പിന്‍െറ അന്തസ്സത്തക്ക് എതിരാകും അത്. 1999 ഒക്ടോബറിലാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. 2010നു മുമ്പ് അത് നടപ്പാക്കാത്ത സാഹചര്യത്തില്‍ പ്രതികള്‍ പുന$പരിശോധനാ ആനുകൂല്യത്തിന് അര്‍ഹരാണ്.

2. പദ്ധതിനിര്‍വഹണം കുട്ടിക്കളിയല്ല  (മനോരമ)

വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന്റെ പക്കല്‍ വേണ്ടത്ര പണമില്ല എന്ന വസ്തുതയോടൊപ്പംതന്നെ ദൌര്‍ഭാഗ്യകരമാണു വികസന പദ്ധതികള്‍ക്കു സര്‍ക്കാര്‍ അനുവദിക്കുന്ന തുകയില്‍ വലിയൊരുഭാഗം തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉപയോഗിക്കാതിരിക്കുകയാണെന്ന തുടര്‍ക്കഥയും. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോള്‍ ഇത്തവണയും നമ്മെ തുറിച്ചുനോക്കുന്നത് അത്തരമൊരു യാഥാര്‍ഥ്യമാണ്. അനുവദിക്കപ്പെട്ട തുകയുടെ ഏതാണ്ട് മൂന്നില്‍ രണ്ടുഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ക്കു ചെലവഴിക്കാനായിട്ടില്ല.

Monday, February 25, 2013

മുഖപ്രസംഗം February 25 - 2013


മുഖപ്രസംഗം February 25 - 2013

1. അനുഭവങ്ങളില്‍നിന്ന് പഠിക്കാനില്ലേ? (മാധ്യമം )

004 ജൂണ്‍ 15ന് ഇശ്റത് ജഹാന്‍ എന്ന പത്തൊമ്പതുകാരിയെ മലയാളിയായ ജാവേദ് ഗുലാം ശൈഖ് അടക്കമുള്ള മറ്റു മൂന്നു പേരോടൊപ്പം വ്യാജ ഏറ്റുമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണമേറ്റെടുത്ത സി.ബി.ഐ രണ്ടു വര്‍ഷത്തിനുശേഷം ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ നാലു ലശ്കറെ ത്വയ്യിബ തീവ്രവാദികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന പൊലീസ് കഥ വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് സൂപ്രണ്ട് ജി.എല്‍. സിംഗാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്്. ഇതുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റുകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

2. മറക്കാതിരിക്കുക, ജനങ്ങളെ  (മാത്രുഭൂമി)

ജനങ്ങളെയും ഭരണസംവിധാനത്തെയും കൂട്ടിയിണക്കുന്ന സുപ്രധാനശൃംഖലയാണ് രാഷ്ട്രീയകക്ഷികള്‍ . നമ്മളിപ്പോള്‍ കാണുന്ന രൂപഘടനയിലുള്ള ആധുനിക രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കഷ്ടിച്ച് ഇരുന്നൂറ്റി ഇരുപത്തിയഞ്ച് വര്‍ഷത്തെ പാരമ്പര്യമേ അവകാശപ്പെടാനാവൂ എന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തല്‍ . പ്രാതിനിധ്യജനാധിപത്യത്തില്‍ ജനങ്ങളെ സംരക്ഷിക്കുകയും പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന സാമൂഹികസംഘടനകളാണ് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍. ഭരണനേതൃത്വം, നയരൂപവത്കരണം, നിയമനിര്‍മാണം, ക്രിയാത്മകപ്രതിപക്ഷം, പൊതുജനാഭിപ്രായരൂപവത്കരണം എന്നിവയാണ് അവരുടെ മൗലിക ചുമതലകള്‍

3. സമന്വയത്തിലൂടെ വളരട്ടെ കേരളം (മനോരമ)

വിവാദങ്ങള്‍ മൂലം പദ്ധതികളൊന്നും കരയ്ക്കടുക്കാത്ത സ്ഥിതിയാണു കുറെക്കാലമായി കേരളത്തില്‍. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പല തട്ടുകളിലായി വിഘടിച്ചു നില്‍ക്കുമ്പോള്‍ കുത്തഴിഞ്ഞ പുസ്തകംപോലെയാവുന്നു നാടിന്റെ വികസനം. ഇതിനു പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭരണ, പ്രതിപക്ഷ നേതാക്കളെയും വ്യത്യസ്ത അഭിപ്രായമുള്ള വിദഗ്ധരെയും പങ്കെടുപ്പിച്ചു മലയാള മനോരമ സംഘടിപ്പിച്ച 'നാളത്തെ കേരളം ആശയക്കൂട്ടായ്മയില്‍ സമന്വയത്തിന്റെ സ്വരം നിറഞ്ഞതു ധന്യമായ അനുഭവമായി.

Saturday, February 23, 2013

മുഖപ്രസംഗം February 23 - 2013


1. വീണ്ടും ഭീകര സ്ഫോടനങ്ങള്‍  (മാധ്യമം)  

നിയമങ്ങളും നടപടികളും കര്‍ക്കശമാക്കുംതോറും രാജ്യത്ത് ഭീകരസ്ഫോടനങ്ങളും തജ്ജന്യ ദുരന്തങ്ങളും വര്‍ധിക്കുകയാണോ? കഴിഞ്ഞദിവസം ഹൈദരാബാദിനെ നടുക്കിയ ബോംബ്സ്ഫോടനം അങ്ങനെ ചിന്തിക്കാനാണ് പ്രേരണയാവുന്നത്. ആന്ധ്രയുടെ തലസ്ഥാനനഗരിയെ വിറങ്ങലിപ്പിച്ചുകൊണ്ട് വ്യാഴാഴ്ച സായാഹ്നത്തില്‍ രണ്ടിടത്ത് നടന്ന സ്ഫോടനങ്ങളില്‍ 16 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഔദ്യാഗിക വിവരം. സംഭവം അരങ്ങേറുന്നതിന് 48 മണിക്കൂര്‍ മുമ്പ് ആന്ധ്ര, തമിഴ്നാട്, ദല്‍ഹി സര്‍ക്കാറുകള്‍ക്ക് ആക്രമണസാധ്യതയെക്കുറിച്ച് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ആഭ്യന്തരമന്ത്രി ഷിന്‍ഡെ പറയുന്നു. എന്നാല്‍, യഥോചിതമായ ജാഗ്രത ആന്ധ്ര സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നോ, കരുതല്‍ നടപടികളെ തോല്‍പിക്കാന്‍ ഭീകരര്‍ക്ക് കഴിഞ്ഞുവെന്നോ ആണ് കരുതേണ്ടത്. 

2.വീണ്ടും ഒരു ഭീകരരാത്രി  (മാത്രുഭൂമി)

ഹൈദരാബാദിലെ ഇരട്ട സ്‌ഫോടനത്തില്‍ മരിച്ച 16 പേരും സാധാരണക്കാരാണ്. മിക്കവരും ചെറുപ്പക്കാര്‍ . എം.ബി.എ. വിദ്യാര്‍ഥികളായ വിജയകുമാര്‍, രാജു, പോളിടെക്‌നിക് വിദ്യാര്‍ഥി ഐജാസ് അഹമ്മദ്, 22-കാരനായ മുഹമ്മദ് റഫീക്ക്, പോലീസ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന രാജശേഖര - ഇവരൊക്കെയാണ് കണ്ണുംകാതുമില്ലാത്ത ഭീകരതയ്ക്ക് ഇരയായത്. 23-കാരന്‍ അബ്ദുള്‍ വാസി മാര്‍സിയെ ഇത്തവണയും ഭാഗ്യം തുണച്ചു. ഹൈദരാബാദിലെ തന്നെ മെക്ക മസ്ജിദ് സ്‌ഫോടനത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ടയാളാണ് ഈ ചെറുപ്പക്കാരന്‍. ഓരോ ഭീകരാക്രമണവും വലിയ ഞെട്ടലാണ് കൊണ്ടുവരുന്നത്. ക്രമേണ രാജ്യവും നഗരപ്രദേശങ്ങളും സാധാരണ നിലയിലേക്ക് മടങ്ങും. എന്നാലും ഉറ്റ ബന്ധുക്കളെ നഷ്ടപ്പെട്ടവര്‍ക്ക് അത് എന്നെന്നും നീറുന്ന സ്മരണയാണ്. .

3. ഭീകരതയ്ക്കെതിരെ ഒന്നിച്ചുനില്‍ക്കണം (മനോരമ)

ചെറിയൊരു ഇടവേളയ്ക്കുശേഷം ഭീകരര്‍ അവരുടെ കരാളദംഷ്ട്രകള്‍ വീണ്ടും ഇന്ത്യയുടെ നേരെ ഉയര്‍ത്തിയിരിക്കുകയാണ്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത അവരുടെ ഉദ്ദേശ്യം ഇത്തവണയും പരമാവധി നാശനഷ്ടങ്ങളുണ്ടാക്കുകയായിരുന്നുവെന്നു വ്യക്തം. ഹൈദരാബാദ് നഗരത്തിലെ ജനത്തിരക്കുള്ള ദില്‍സുക്ക് നഗര്‍ പ്രദേശവും അവിടെ ജനങ്ങള്‍ ഏറ്റവുമധികം തടിച്ചുകൂടുന്ന സന്ധ്യാനേരവുമാണ് അവര്‍ ആക്രമണത്തിനു വേണ്ടി തിരഞ്ഞെടുത്തത്.രണ്ടു സിനിമാശാലകള്‍ക്കു സമീപം സൈക്കിളുകളില്‍ ഘടിപ്പിച്ചിരുന്ന ബോംബുകള്‍ ഏതാനും മിനിറ്റുകള്‍ ഇടവിട്ടു പൊട്ടി 16 പേര്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ മിക്കവരും ചെറുപ്പക്കാര്‍. ആശുപത്രിയിലുള്ള ചിലരുടെ നില ഗുരുതരമാണ്. ഈ സംഖ്യകള്‍ സൂചിപ്പിക്കുന്നതിനെക്കാള്‍ വലിയ ആഘാതമാണു ഭീകരത തിരിച്ചെത്തിയെന്ന തിരിച്ചറിവ് നമ്മിലുണ്ടാക്കുന്നത്.



വീണ്ടും ഭീകര സ്ഫോടനങ്ങള്‍    (മാധ്യമം)

സിറിയ നേരിടുന്ന മാനുഷിക ദുരന്തംനിയമങ്ങളും നടപടികളും കര്‍ക്കശമാക്കുംതോറും രാജ്യത്ത് ഭീകരസ്ഫോടനങ്ങളും തജ്ജന്യ ദുരന്തങ്ങളും വര്‍ധിക്കുകയാണോ? കഴിഞ്ഞദിവസം ഹൈദരാബാദിനെ നടുക്കിയ ബോംബ്സ്ഫോടനം അങ്ങനെ ചിന്തിക്കാനാണ് പ്രേരണയാവുന്നത്. ആന്ധ്രയുടെ തലസ്ഥാനനഗരിയെ വിറങ്ങലിപ്പിച്ചുകൊണ്ട് വ്യാഴാഴ്ച സായാഹ്നത്തില്‍ രണ്ടിടത്ത് നടന്ന സ്ഫോടനങ്ങളില്‍ 16 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഔദ്യാഗിക വിവരം. സംഭവം അരങ്ങേറുന്നതിന് 48 മണിക്കൂര്‍ മുമ്പ് ആന്ധ്ര, തമിഴ്നാട്, ദല്‍ഹി സര്‍ക്കാറുകള്‍ക്ക് ആക്രമണസാധ്യതയെക്കുറിച്ച് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ആഭ്യന്തരമന്ത്രി ഷിന്‍ഡെ പറയുന്നു. എന്നാല്‍, യഥോചിതമായ ജാഗ്രത ആന്ധ്ര സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നോ, കരുതല്‍ നടപടികളെ തോല്‍പിക്കാന്‍ ഭീകരര്‍ക്ക് കഴിഞ്ഞുവെന്നോ ആണ് കരുതേണ്ടത്. പതിവുപോലെ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഒരു സിമി ഉല്‍പന്നമായ ഇന്ത്യന്‍ മുജാഹിദീനാണെന്ന സൂചനകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. അങ്ങനെയൊരു ഭീകരക്കൂട്ടം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതായി ജനങ്ങള്‍ക്ക് അറിയില്ലെങ്കിലും നിരോധിത ‘സിമി’ വിദേശ തീവ്രവാദശക്തികളുടെ സഹായസഹകരണങ്ങളോടെ രൂപംനല്‍കിയ സംഘടനയാണതെന്നും രാജ്യത്ത് ഇതിനകം നടന്ന ഒട്ടേറെ സ്ഫോടനങ്ങളില്‍ ആ സംഘടന പങ്കുവഹിച്ചതായും നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പതിവായി ആവര്‍ത്തിക്കുന്നു. എന്നാല്‍, മാലേഗാവ് (2006), മക്കാ മസ്ജിദ് (2007), സംഝോത എക്സ്പ്രസ് (2007) സ്ഫോടനങ്ങളെ തുടര്‍ന്നും നിയമപാലകരുടെ കൈ ആദ്യം നീണ്ടത് ഇന്ത്യന്‍ മുജാഹിദീന്‍െറയും സിമിയുടെയും നേരെത്തന്നെ ആയിരുന്നല്ലോ. ഏറെക്കഴിഞ്ഞാണ് ഹിന്ദുത്വ ഭീകരരുടെ ആസൂത്രിത ചെയ്തികളാണ് പ്രസ്തുത സ്ഫോടനങ്ങളുടെയെല്ലാം പിന്നില്‍ എന്നു തെളിഞ്ഞത്. എന്നിരിക്കെ ഇപ്പോഴത്തെ ഹൈദരാബാദ് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏതെങ്കിലും ഒരു ഗ്രൂപ്പിന്‍െറ പേരില്‍ കെട്ടിയേല്‍പിക്കാവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ ഔദ്യാഗിക പ്രസ്താവനയാണ് യാഥാര്‍ഥ്യബോധം പ്രകടമാക്കുന്നത്.സ്ഫോടനങ്ങളുടെ പിന്നില്‍ പല ശക്തികളെയും സംശയിക്കാവുന്നതാണ് ഹൈദരാബാദില്‍ നിലവിലെ സാഹചര്യം. മക്കാ മസ്ജിദ് സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കാവിഭീകരരുടെ നേരെ രാജ്യത്തിന്‍െറ പൊതുശ്രദ്ധ തിരിഞ്ഞതില്‍ രോഷാകുലരും ചാര്‍മിനാറിനു സമീപം ഉയര്‍ന്ന ക്ഷേത്രത്തിന്‍െറ പേരില്‍ കലാപത്തിന് വഴിമരുന്നിട്ടതുമായ ശക്തികളുടെ പ്രതികാരബുദ്ധിയില്‍ പൊട്ടിമുളച്ചതാവാം ഇതും. അല്ലെങ്കില്‍ അഗ്നിപര്‍വതം കണക്കെ പൊട്ടിത്തെറിക്കാനിരിക്കുന്ന തെലുങ്കാനാ പ്രക്ഷോഭത്തിന്‍െറ ഗതിമാറ്റത്തെക്കുറിച്ച സൂചനയാവാം. അതുമല്ലെങ്കില്‍ നേതാക്കളുടെ പേരിലുള്ള കേസില്‍ കടുത്ത പ്രതിഷേധവുമായി കഴിയുന്ന എം.ഐ.എം പ്രവര്‍ത്തകരുടെ വിവേകശൂന്യ നടപടിയും ആയിക്കൂടെന്നില്ല. സാമ്പ്രദായിക പാക് തീവ്രവാദസംഘടനകളുടെ കരങ്ങളും സംശയിക്കപ്പെടുന്നതില്‍ അസ്വാഭാവികതയില്ല. എന്തായാലും ആരായാലും പഴുതടച്ചതും കുറ്റമറ്റതുമായ അന്വേഷണം തന്നെയാണ് വസ്തുതകള്‍ പുറത്തുകൊണ്ടുവരേണ്ടത്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍തന്നെ എന്ന പരമ്പരാഗത മുന്‍വിധിയില്‍നിന്ന് മുക്തമായിരിക്കണം അന്വേഷണമെന്നു മാത്രം.ഇന്ത്യാ മഹാരാജ്യത്തിന്‍െറ സ്വാസ്ഥ്യവും സമാധാനവും അപഹരിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ഭീകരാക്രമണങ്ങളെ സര്‍വരും ശക്തിയായി അപലപിക്കുകയും യു.എ.പി.എ പോലുള്ള വജ്രായുധങ്ങള്‍ സര്‍ക്കാറുകള്‍ യഥേഷ്ടം പ്രയോഗിക്കുകയും തീവ്രവാദവും ഭീകരതയും നേരിടാന്‍ അമേരിക്ക, ഇസ്രായേല്‍, ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍, അയല്‍രാജ്യങ്ങള്‍ എന്നിവയുമായി നാം കരാറിലേര്‍പ്പെടുകയുമൊക്കെ ചെയ്തിട്ടും നിരപരാധികളുടെ ചോരപ്പുഴ ഒഴുക്കുന്ന ഈ ഘോരകൃത്യങ്ങളുടെ പരമ്പരക്ക് വിരാമമിടാന്‍ കഴിയാതെപോവുന്നത് എന്തുകൊണ്ടെന്ന് സഗൗരവം ചിന്തിക്കേണ്ട സമയം അതിക്രമിച്ചു. പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനം ആരംഭിച്ചതേയുള്ളൂ. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ദേശരക്ഷയുടെ കാര്യം ഊന്നിപ്പറഞ്ഞു. പറച്ചിലുകള്‍ക്കപ്പുറത്ത് പ്രായോഗികമായി രാജ്യസുരക്ഷ ഉറപ്പാക്കാന്‍ എന്തു ചെയ്യാനാവുമെന്നാണ് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ചിന്തിക്കേണ്ടതും ചര്‍ച്ചചെയ്യേണ്ടതും. സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങളും തെരഞ്ഞെടുപ്പ് അജണ്ടയും മുന്നില്‍വെച്ച് നടത്തുന്ന വാക്പയറ്റോ ആരോപണപ്രത്യാരോപണങ്ങളോ നിരന്തരമായ സഭാസ്തംഭനമോ ഒരു ഗുണവും ചെയ്യില്ലെന്നു മാത്രമല്ല, രാജ്യത്തെ അശാന്തവും അരക്ഷിതവുമാക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ശക്തികള്‍ക്ക് ഈയവസ്ഥ കരുത്തുപകരുകയും ചെയ്യും. തീവ്രവാദവും ഭീകരതയും വളരാനുള്ള യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കാനുള്ള നേരായ ശ്രമങ്ങളിലല്ല ഭരണാധികാരികളടക്കം പലര്‍ക്കും താല്‍പര്യമെന്ന് കരുതേണ്ടിവരുന്നു. ഏറ്റവുമൊടുവില്‍ ജയ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍, ഭീകരരെ പരിശീലിപ്പിക്കുന്ന ഹിന്ദുത്വ ക്യാമ്പുകളെക്കുറിച്ച് ആഭ്യന്തരമന്ത്രി ഷിന്‍ഡെ മതിയായ തെളിവുകളോടെ ചെയ്ത പ്രസ്താവനയില്‍നിന്ന് അദ്ദേഹം പിറകോട്ടുപോവാന്‍ നിര്‍ബന്ധിതനായി. ഇന്ത്യന്‍ ഫാഷിസത്തിന്‍െറ ധാര്‍ഷ്ട്യം മതേതര സര്‍ക്കാറിനെയും ശക്തികളെയും അത്രത്തോളം ദുര്‍ബലമാക്കി എന്ന നഗ്നയാഥാര്‍ഥ്യമാണ് തന്മൂലം അനാവരണം ചെയ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഭീകരവാദിക്കൂട്ടങ്ങളെ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരാനും നിയമത്തിന്‍െറ പിടിയിലേല്‍പിക്കാനും എങ്ങനെ, എത്രത്തോളം സാധ്യമാവും എന്ന ചോദ്യം തികച്ചും പ്രസക്തമാണ്. ഭീകരതയെ ജാതിയും മതവും നോക്കാതെ നേരിടാന്‍ ത്രാണിയില്ലാതെ സ്വീകരിക്കപ്പെടുന്ന കടുത്ത സുരക്ഷാനടപടികള്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയെന്ന വിപരീതഫലമേ ചെയ്യൂ.




വീണ്ടും ഒരു ഭീകരരാത്രി ( മാത്രുഭൂമി )

Newspaper Edition
ഹൈദരാബാദിലെ ഇരട്ട സ്‌ഫോടനത്തില്‍ മരിച്ച 16 പേരും സാധാരണക്കാരാണ്. മിക്കവരും ചെറുപ്പക്കാര്‍ . എം.ബി.എ. വിദ്യാര്‍ഥികളായ വിജയകുമാര്‍, രാജു, പോളിടെക്‌നിക് വിദ്യാര്‍ഥി ഐജാസ് അഹമ്മദ്, 22-കാരനായ മുഹമ്മദ് റഫീക്ക്, പോലീസ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന രാജശേഖര - ഇവരൊക്കെയാണ് കണ്ണുംകാതുമില്ലാത്ത ഭീകരതയ്ക്ക് ഇരയായത്. 23-കാരന്‍ അബ്ദുള്‍ വാസി മാര്‍സിയെ ഇത്തവണയും ഭാഗ്യം തുണച്ചു. ഹൈദരാബാദിലെ തന്നെ മെക്ക മസ്ജിദ് സ്‌ഫോടനത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ടയാളാണ് ഈ ചെറുപ്പക്കാരന്‍. ഓരോ ഭീകരാക്രമണവും വലിയ ഞെട്ടലാണ് കൊണ്ടുവരുന്നത്. ക്രമേണ രാജ്യവും നഗരപ്രദേശങ്ങളും സാധാരണ നിലയിലേക്ക് മടങ്ങും. എന്നാലും ഉറ്റ ബന്ധുക്കളെ നഷ്ടപ്പെട്ടവര്‍ക്ക് അത് എന്നെന്നും നീറുന്ന സ്മരണയാണ്. അവര്‍ക്ക് എല്ലാ സഹായവും എത്തിക്കുകയെന്നതാണ് അടിയന്തരമായ കര്‍ത്തവ്യം. ഭീകരാക്രമണം തടയാന്‍ എല്ലാ പഴുതുകളും അടയ്ക്കുകയെന്നത് ഒരുപക്ഷേ, സാധ്യമല്ലായിരിക്കാം. സുരക്ഷാവിഭാഗങ്ങളുടെ ജാഗ്രത കൊണ്ട് ഇത്തരത്തിലുള്ള പല നീക്കങ്ങളും തടയപ്പെടുന്നുമുണ്ടാവണം. മുളയിലേതന്നെ അത്തരം ഭീകരമായ ആലോചനകള്‍ കരിഞ്ഞു പോകുന്നുമുണ്ടാവണം. അതുപക്ഷേ, പൊതുജനങ്ങള്‍ അറിയുന്നില്ലെന്നു മാത്രം. എങ്കിലും ഓരോ സംഭവത്തിനുംശേഷം വിവിധതലങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങള്‍ സുരക്ഷാ സംവിധാനത്തിലെ ചില പാളിച്ചകള്‍ പുറത്തുകൊണ്ടു വരാറുണ്ട്. ദില്‍സുഖ് നഗറിലെ സ്‌ഫോടനത്തിന്റെ പിറകിലും ഇത്തരത്തിലുള്ള ചില പഴുതുകള്‍ കാണാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് എന്തുകൊണ്ട് തുടരെ സംഭവിക്കുന്നു?

കടകളും സിനിമാതിയേറ്ററുകളും റസ്റ്റോറന്റുകളും ഒരു അമ്പലവും നിലകൊള്ളുന്ന, ആളുകള്‍ തിക്കിത്തിരക്കുന്ന, നഗരപ്രാന്തമാണ് ദില്‍സുഖ്‌നഗര്‍. ഇവിടം സ്‌ഫോടനം നടക്കാന്‍ സാധ്യതയുള്ള ഇടമാണെന്ന് ഡല്‍ഹി പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഈ പ്രദേശത്ത് ബോംബ് സ്‌ഫോടനം നടത്താനുള്ള ഉദ്ദേശ്യത്തോടെ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ ഒരു പ്രവര്‍ത്തകന്‍ നിരീക്ഷണം നടത്തിയതായി, കഴിഞ്ഞവര്‍ഷം ആ പ്രവര്‍ത്തകനെ പിടികൂടിയപ്പോള്‍ ഡല്‍ഹി പോലീസ് മനസ്സിലാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി പോലീസ് ഈ വിവരം കൈമാറുകയും ചെയ്തിരുന്നു. മൂന്നുദിവസം മുമ്പ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ ഹൈദരാബാദ്, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സ്‌ഫോടനം നടക്കാനുള്ള സാധ്യതയെക്കുറിച്ച് സൂചനയും നല്‍കിയിരുന്നുവത്രെ. എന്നാല്‍, ഇതുസംബന്ധിച്ച് സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുംവിധം, ലഭിച്ച വിവരം കൃത്യമായിരുന്നില്ലെന്നാണ് ഇതേക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ പറഞ്ഞത്. ഇതു ശരിയായിരിക്കാം. അതേസമയം, ചില ആപത് സൂചനകള്‍ കണ്ടിരുന്നു. സ്‌ഫോടനം നടന്ന സ്ഥലത്തിനുസമീപം സ്ഥാപിച്ചിരുന്ന ഒരു സുരക്ഷാക്യാമറയുടെ വയറുകള്‍ അറുത്തുമാറ്റിയത് അധികാരികളുടെ കണ്ണില്‍ പ്പെട്ടിരുന്നതായി പറയുന്നു. എന്നാല്‍, ഇത് ശരിയാക്കാനുള്ള നടപടിയുണ്ടായില്ല. ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച സത്യാവസ്ഥ കൂടുതല്‍ അന്വേഷണത്തില്‍നിന്നേ വെളിപ്പെടൂ. എന്നാല്‍, കാര്യങ്ങളെ അയഞ്ഞമട്ടില്‍ കാണാനുള്ള ഒരു പ്രവണത പൊതുവേയുണ്ട്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സാധാരണ ഇത്തരം നീചകൃത്യങ്ങള്‍, രക്തത്തില്‍ കൈമുക്കി, കൊട്ടിഗ്‌ഘോഷിക്കുകയാണല്ലോ അത് ചെയ്യുന്നവരുടെ പതിവ്. എന്നാല്‍, വിവരങ്ങള്‍ മുഴുവന്‍ ലഭിക്കും മുന്‍പേ, ധൃതിപിടിച്ച് ഒരു നിഗമനത്തില്‍ എത്താതിരിക്കുന്നതാണ് നല്ലത്. ഹൈദരാബാദിലെ പഴയ നഗരപ്രദേശത്ത്, മെക്ക മസ്ജിദില്‍ 2007-ല്‍ നടന്ന സ്‌ഫോടനത്തിനുപിന്നില്‍ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്‌ലാമി എന്ന സംഘടനയാണെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. ചിലരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. എന്നാല്‍, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ.) പിന്നീട് വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകളില്‍ പെട്ട ആറുപേരെ അറസ്റ്റ്‌ചെയ്തു. പലതവണ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടുള്ള സ്ഥലമാണ് ഹൈദരാബാദ്.

അമേരിക്കയില്‍ ഭീകരാക്രമണം നടന്നതിനുശേഷം, അവിടെ അതുപോലുള്ള ഒരാക്രമണം പിന്നീട് ഉണ്ടായിട്ടില്ലെന്ന് - ഉണ്ടാവാതിരിക്കട്ടെ - സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരും ചൂണ്ടിക്കാട്ടാറുള്ളതാണ്. സുരക്ഷാ കാര്യത്തില്‍ ആ നിലവാരത്തിലേക്ക് ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് എത്താനാവുമോ എന്നാലോചിക്കുമ്പോള്‍ നിരവധി ഘടകങ്ങളും കണക്കിലെടുക്കണം. സാമൂഹികമായ അസന്തുലിതാവസ്ഥ, വിഘടനവാദങ്ങള്‍, അശാന്തമായ അയല്‍പ്പക്കം, സായുധരായ തീവ്ര ഇടതുപക്ഷം ഇതൊക്കെ ഇന്ത്യ നേരിടുന്ന വെല്ലുവിളികളാണ്. സുരക്ഷാ സംവിധാനങ്ങളും രഹസ്യാന്വേഷണവും ശക്തിപ്പെടുത്തണം എന്ന കാര്യത്തില്‍ സംശയമില്ല. പലതരം തീവ്രവാദങ്ങള്‍ക്ക് തഴച്ചുവളരാനുള്ള സാമൂഹികമായ സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയെന്നതും പ്രധാനമാണ്.




ഭീകരതയ്ക്കെതിരെ ഒന്നിച്ചുനില്‍ക്കണം  (മനോരമ)


malmanoramalogoചെറിയൊരു ഇടവേളയ്ക്കുശേഷം ഭീകരര്‍ അവരുടെ കരാളദംഷ്ട്രകള്‍ വീണ്ടും ഇന്ത്യയുടെ നേരെ ഉയര്‍ത്തിയിരിക്കുകയാണ്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത അവരുടെ ഉദ്ദേശ്യം ഇത്തവണയും പരമാവധി നാശനഷ്ടങ്ങളുണ്ടാക്കുകയായിരുന്നുവെന്നു വ്യക്തം. ഹൈദരാബാദ് നഗരത്തിലെ ജനത്തിരക്കുള്ള ദില്‍സുക്ക് നഗര്‍ പ്രദേശവും അവിടെ ജനങ്ങള്‍ ഏറ്റവുമധികം തടിച്ചുകൂടുന്ന സന്ധ്യാനേരവുമാണ് അവര്‍ ആക്രമണത്തിനു വേണ്ടി തിരഞ്ഞെടുത്തത്. രണ്ടു സിനിമാശാലകള്‍ക്കു സമീപം സൈക്കിളുകളില്‍ ഘടിപ്പിച്ചിരുന്ന ബോംബുകള്‍ ഏതാനും മിനിറ്റുകള്‍ ഇടവിട്ടു പൊട്ടി 16 പേര്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ മിക്കവരും ചെറുപ്പക്കാര്‍. ആശുപത്രിയിലുള്ള ചിലരുടെ നില ഗുരുതരമാണ്. ഈ സംഖ്യകള്‍ സൂചിപ്പിക്കുന്നതിനെക്കാള്‍ വലിയ ആഘാതമാണു ഭീകരത തിരിച്ചെത്തിയെന്ന തിരിച്ചറിവ് നമ്മിലുണ്ടാക്കുന്നത്.

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഒന്‍പതു തവണ ആക്രമണം നടന്ന നഗരമാണു ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ജനവാസ കേന്ദ്രങ്ങളിലൊന്നായ ഹൈദരാബാദ്. 2007ലെ ഇരട്ട സ്ഫോടനത്തില്‍ നാല്‍പതിലേറെ പേരാണു മരിച്ചത്. എന്നാല്‍, അതിനുശേഷം ഹൈദരാബാദ് അത്തരം സംഭവങ്ങളില്‍ നിന്നു വിമുക്തമായിരുന്നു. ഭീകരര്‍ അടങ്ങിയിരിക്കുകയായിരുന്നുവെന്ന് ഇതിനര്‍ഥമില്ല. ശക്തമായ ഇന്റലിജന്‍സ്, സുരക്ഷാ സംവിധാനങ്ങള്‍ അവരുടെ കുത്സിതശ്രമങ്ങള്‍ക്കു തടയിടുകയായിരുന്നുവെന്നു വേണം കരുതാന്‍. അതിനാണ് ഇപ്പോള്‍ ഭംഗം സംഭവിച്ചിരിക്കുന്നത്. ഇതിനു മുന്‍പ് ഇന്ത്യയില്‍ നടന്ന ഏറ്റവും ഒടുവിലത്തെ ഭീകരാക്രമണം 2011 സെപ്റ്റംബറില്‍ ഡല്‍ഹി ഹൈക്കോടതിയുടെ കവാടത്തിലുണ്ടായ ബോംബ് സ്ഫോടനമായിരുന്നു. 13 പേര്‍ മരിച്ചു. അതിനുശേഷം ഒന്നരവര്‍ഷം കഴിയുന്നതിനു മുന്‍പാണു ഹൈദരാബാദിലെ ഇരട്ടസ്ഫോടനത്തിലൂടെ ഭീകരര്‍ നമ്മുടെ നാടിനു മുന്നില്‍ വീണ്ടും വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.

മുംബൈ ആക്രമണക്കേസിലെ പാക്കിസ്ഥാന്‍കാരനായ പ്രതി അജ്മല്‍ കസബിനെ കഴിഞ്ഞ നവംബറില്‍ തൂക്കിക്കൊന്നതിനെ തുടര്‍ന്നു ലഷ്കറെ തയിബ പോലുള്ള പാക്ക് ഭീകരസംഘടനകള്‍ ഇന്ത്യയ്ക്കെതിരെ ആക്രമണഭീഷണി മുഴക്കിയിരുന്നു. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെ ഈമാസം ഒന്‍പതിനു തൂക്കിക്കൊന്നതോടെ അവര്‍ ഭീഷണി ആവര്‍ത്തിക്കുകയും ചെയ്തു. അഫ്സല്‍ ഗുരുവിന്റെ മരണത്തിനു പകവീട്ടുമെന്ന് ഇന്ത്യന്‍ മുജാഹിദീന്‍ പോലുള്ള ഭീകര സംഘടനകളും ഭീഷണിപ്പെടുത്തുകയുണ്ടായി. അതിനെ തുടര്‍ന്നു വന്‍നഗരങ്ങളിലെല്ലാം അതീവ ജാഗ്രത പുലര്‍ത്തണമെന്നു കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഏതെങ്കിലും പ്രത്യേക നഗരത്തില്‍ ആക്രമണമുണ്ടാകുമെന്നു സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കിയിരിക്കുന്നത്.

ഹൈദരാബാദ് സ്ഫോടനത്തിന് ഉത്തരവാദിയായി സംശയിക്കപ്പെടുന്നതു നിരോധിക്കപ്പെട്ട ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദീനാണ്. സ്ഫോടനത്തിന് ഉപയോഗിച്ച രീതിയാണ് ഈ സംശയത്തിനു കാരണം. ഇന്ത്യയിലെ മറ്റുചില നഗരങ്ങളില്‍ നടന്ന സ്ഫോടനങ്ങളിലും അവര്‍ സൈക്കിള്‍ ബോംബുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, ഹൈദരാബാദ് സ്ഫോടനവുമായി ബന്ധപ്പെട്ടു പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍  മന്ത്രി ഷിന്‍ഡെ ഒരു സംഘടനയുടെയും പേരു പറഞ്ഞിട്ടില്ല.

കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുന്‍പിലെത്തിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണു കേന്ദ്ര ഗവണ്‍മെന്റിനുള്ളത്. അത്രതന്നെ ഭാരിച്ചതും സങ്കീര്‍ണവുമാണ് ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടുന്നതു തടയുക എന്നതും. ഇന്റലിജന്‍സ് - സുരക്ഷാസംവിധാനങ്ങളില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടോ എന്നു കണ്ടുപിടിക്കുകയും ആവശ്യമായ പ്രതിവിധികള്‍ ഉടന്‍ കൈക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്. ന്യൂയോര്‍ക്കിലും വാഷിങ്ടണിലും 2001 സെപ്റ്റംബറിലുണ്ടായ ഭീകരാക്രമണം അമേരിക്കയുടെ ഇന്റലിജന്‍സ് - സുരക്ഷാ സംവിധാനങ്ങള്‍ ഉടച്ചുവാര്‍ക്കുന്നതിനു വഴിയൊരുക്കിയിരുന്നു. അതിനുശേഷവും രാജ്യാന്തരഭീകരര്‍ അമേരിക്കയ്ക്കെതിരെ പല തവണ ആക്രമണഭീഷണി മുഴക്കിയെങ്കിലും ഒരിക്കലും അവര്‍ക്ക് അമേരിക്കയെ സ്പര്‍ശിക്കാനായില്ല. ഭീകരതയെ നേരിടുന്ന ഇന്ത്യയെപ്പോലുള്ള എല്ലാ രാജ്യങ്ങള്‍ക്കും അതില്‍ വ്യക്തമായ പാഠമുണ്ട്.

മികച്ച ഇന്റലിജന്‍സ് സംവിധാനത്തിനു ഭീകരാക്രമണങ്ങള്‍ തടയാനാകുമെന്നാണു മറ്റു ചില രാജ്യങ്ങളിലും പൊലീസിന്റെ തക്കസമയത്തുള്ള ഇടപെടല്‍മൂലം അലസിപ്പോയ പല ഭീകരാക്രമണ പരിപാടികളും സാക്ഷ്യപ്പെടുത്തുന്നത്. ഭീകരസംഘടനകള്‍ ലക്ഷ്യപ്രാപ്തിക്കായി ഉന്നത സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന ഇക്കാലത്ത് അവരെ മറികടക്കുന്ന വിദ്യകളും തന്ത്രങ്ങളും സ്വായത്തമാക്കാനും അധികൃതര്‍ക്കു കഴിയണം. ഇതുപോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരെ ജനങ്ങളെല്ലാം ഒന്നിച്ചുനില്‍ക്കുകയും വേണം.

മുഖപ്രസംഗം February 22 - 2013

മുഖപ്രസംഗം February 22 - 2013


1. കേരള ബി.ജെ.പിയുടെ ഗതി (മാധ്യമം)

കേരളത്തിലെ ബി.ജെ.പിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനായ കെ.ജി. മാരാരുടെ ജീവചരിത്രപുസ്തകമായ ‘രാഷ്ട്രീയത്തിലെ സ്നേഹസാഗര’ത്തില്‍ ഒരു രംഗമുണ്ട്. പൊതുപ്രവര്‍ത്തനത്തിന്‍െറ ആദ്യഘട്ടത്തില്‍ തന്‍െറ ഗ്രാമത്തില്‍, ഗോവധത്തിനെതിരെ അദ്ദേഹം ചുവരെഴുത്ത് നടത്തി. അടുത്ത ദിവസം വന്നുനോക്കുമ്പോള്‍ കമ്യൂണിസ്റ്റുകാരനായ ഒരു ചെറുപ്പക്കാരന്‍ ആ ചുവരെഴുത്തുകള്‍ ചുരണ്ടിമാറ്റുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോഴും ആ പ്രവര്‍ത്തന സംസ്കാരം കൈവിടാതെ തുടരുന്നതില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍, കെ.ജി. മാരാര്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനം ഗോവധനിരോധം എന്ന ആശയം ഉന്നയിക്കാന്‍പോലും കഴിയാത്തവിധം സാംസ്കാരികമായ ദുര്‍ബലാവസ്ഥയിലാണ്, ഇപ്പോള്‍ കേരളത്തില്‍. മറ്റു പല സംസ്ഥാനങ്ങളിലും ഗോവധം നിയമം മൂലം നിരോധിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചപ്പോഴാണ് ഇതെന്നോര്‍ക്കുക. തങ്ങളുടെ പ്രാഥമിക മുദ്രാവാക്യങ്ങളെപ്പോലും ജനകീയമാക്കുന്നതില്‍ വന്‍ പരാജയമായിരുന്നു ആ പ്രസ്ഥാനം എന്നര്‍ഥം.

2. തലമറന്ന് എണ്ണതേച്ചാല്‍ (മാതൃഭൂമി)

തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന കേരളത്തിന്റെ അന്തസ്സിന്റെ പ്രതീകമായിരുന്നു കേരവൃക്ഷം. എന്നാല്‍, അത് ഇന്ന് ഒരു സുന്ദര ഗതകാലസ്മരണ മാത്രമാവുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ കേരകര്‍ഷകരുടെ അവസ്ഥ ഒട്ടും ആശാവഹമല്ലെന്ന് മാത്രമല്ല, തീര്‍ത്തും ദയനീയവുമാണ്. തേങ്ങയുടെയും കൊപ്രയുടെയും വിലയില്ലായ്മതന്നെയാണ് പ്രശ്‌നം. ഇപ്പോഴത്തെ നില തുടരുകയാണെങ്കില്‍ ആസന്നഭാവിയില്‍ത്തന്നെ കേരകൃഷി കേരളത്തില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കൃഷിയുടെ പട്ടികയില്‍ ചെന്നുചേരും. ഇക്കാര്യത്തില്‍ തലമറന്ന് എണ്ണതേയ്ക്കുന്ന സര്‍ക്കാര്‍നിലപാടുകള്‍ ആത്മഹത്യാപരമാണ്.