Wednesday, May 29, 2013

മുഖപ്രസംഗം May 28- 2013

മുഖപ്രസംഗം May 28- 2013

1. നടപ്പാതയിലെ കുരുതി  (മാധ്യമം)
കേരളം പോലെ ‘വികസിത’വും പൗരാവകാശത്തെപ്പറ്റി നാട്യങ്ങളുള്ളതുമായ ഒരു സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാതിരുന്ന ഒരു ദുരന്തം ശനിയാഴ്ച കോഴിക്കോട്ടുണ്ടായി. നഗരത്തിന്‍െറ ഹൃദയ ഭാഗത്ത് അറുപതുകാരി ഓടയില്‍ വീണു മരിച്ചു. ശക്തമായ മഴമൂലം വാഹനങ്ങള്‍ തിരിച്ചുവിടേണ്ടിവന്നതിനാലാണ് അവര്‍ ആ വഴി നടക്കാനിടയായത്. നടപ്പാതയില്‍ സ്ളാബില്ലാത്ത ഭാഗമുള്ളത് വെള്ളമൊഴുക്കില്‍ കാണാനായില്ല. ഓടയില്‍ വീണതോടെ ഒഴുക്കില്‍പെട്ട് ഒലിച്ചുപോയി. രണ്ടര മണിക്കൂര്‍ കഴിഞ്ഞ് മറ്റൊരിടത്തുനിന്ന് മൃതദേഹം കിട്ടി. കിണാശ്ശേരി സ്വദേശിനി ആയിശാബി അവിചാരിതമായി അത്യാഹിതത്തില്‍ പെടുകയായിരുന്നുവെന്ന് നമുക്ക് പറഞ്ഞൊഴിയാം. എന്നാല്‍, അതില്‍നിന്ന് രക്ഷപ്പെടാന്‍ അവര്‍ എന്ത് മുന്‍കരുതലാണ് സ്വീകരിക്കേണ്ടിയിരുന്നത്? നഗരവീഥിയില്‍ പെരുമഴയത്ത് നടപ്പാതയിലൂടെ നടന്നതോ അവരുടെ കുറ്റം? ഒരൊറ്റ മണിക്കൂര്‍ മഴപെയ്താല്‍ റോഡുകളും ഓടകളും നിറഞ്ഞൊഴുകുന്നതിലെ ആസൂത്രണമില്ലായ്മക്ക് സാധാരണ ജനങ്ങള്‍ എന്തു പിഴച്ചു? അടുത്ത ചുവടില്‍ ജീവന്‍ പൊലിയുമെന്ന അവസ്ഥയിലേക്ക് നമ്മുടെ റോഡുകളും നടപ്പാതകളും എത്തിയതിന്‍െറ ഉത്തരവാദിത്തം ആര്‍ക്കാണ്? രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ ഒന്നും ഇല്ലാതെ, മൃതദേഹം വീണ്ടെടുക്കാന്‍ മഴ നിലക്കേണ്ടിവരുന്ന സ്ഥിതിയിലേക്ക് നഗര വികസനം ‘വളര്‍ന്ന ’ത് ഏതു ജനങ്ങള്‍ക്കുവേണ്ടിയാണ്?
2. മുന്നൊരുക്കങ്ങള്‍ പിഴയ്ക്കുമ്പോള്‍ (മാതൃഭൂമി)
മഴവെള്ളം നിറഞ്ഞ ഓടയില്‍ വീണ് കോഴിക്കോട് നഗരമധ്യത്തില്‍ ആയിഷബി എന്ന വീട്ടമ്മ ദാരുണമായി മരിക്കാനിടയായ സംഭവം മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരിലും ഞെട്ടലുണ്ടാക്കും. മനുഷ്യനിര്‍മിത ദുരന്തമാണിത്. എത് നഗരത്തിലും കാലവര്‍ഷത്തിനു മുമ്പേ കൈക്കൊള്ളേണ്ട മുന്നൊരുക്കങ്ങള്‍ പിഴയ്ക്കുമ്പോഴാണ് നമ്മുടെതന്നെ കെടുകാര്യസ്ഥതയുടെ ഇരകളായി ആയിഷബിയെപ്പോലുള്ള രക്തസാക്ഷികളുണ്ടാകുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് അവകാശവാദങ്ങള്‍ ഉയരുന്ന കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍ പരിസരത്താണ് ഓടയില്‍ വീണ സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ നമ്മുടെ സുരക്ഷാ സംവിധാനങ്ങളും നാണംകെട്ടത്. മഴ തോര്‍ന്ന് വെള്ളത്തിന്റെ ഒഴുക്ക് നിലച്ചപ്പോള്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായതെന്ന വാര്‍ത്ത ആരിലും അമ്പരപ്പുളവാക്കും. 
3. കൊടുംക്രൂരതയ്ക്ക് തടയിടണം (മനോരമ)
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പ്രചാരണ യാത്രയ്ക്കു നേരെയുണ്ടായ ഭീകരാക്രമണം മാവോയിസ്റ്റുകളെ നേരിടുന്നതിലുള്ള സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നീക്കങ്ങള്‍ക്കു വന്‍ തിരിച്ചടിയായി. മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സിരാകേന്ദ്രങ്ങളിലൊന്നായ ബസ്തര്‍ മേഖലയില്‍ അവര്‍ നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും ഭീകരമാണിത്. 

നടപ്പാതയിലെ കുരുതി 
നടപ്പാതയിലെ കുരുതി
കേരളം പോലെ ‘വികസിത’വും പൗരാവകാശത്തെപ്പറ്റി നാട്യങ്ങളുള്ളതുമായ ഒരു സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാതിരുന്ന ഒരു ദുരന്തം ശനിയാഴ്ച കോഴിക്കോട്ടുണ്ടായി. നഗരത്തിന്‍െറ ഹൃദയ ഭാഗത്ത് അറുപതുകാരി ഓടയില്‍ വീണു മരിച്ചു. ശക്തമായ മഴമൂലം വാഹനങ്ങള്‍ തിരിച്ചുവിടേണ്ടിവന്നതിനാലാണ് അവര്‍ ആ വഴി നടക്കാനിടയായത്. നടപ്പാതയില്‍ സ്ളാബില്ലാത്ത ഭാഗമുള്ളത് വെള്ളമൊഴുക്കില്‍ കാണാനായില്ല. ഓടയില്‍ വീണതോടെ ഒഴുക്കില്‍പെട്ട് ഒലിച്ചുപോയി. രണ്ടര മണിക്കൂര്‍ കഴിഞ്ഞ് മറ്റൊരിടത്തുനിന്ന് മൃതദേഹം കിട്ടി. കിണാശ്ശേരി സ്വദേശിനി ആയിശാബി അവിചാരിതമായി അത്യാഹിതത്തില്‍ പെടുകയായിരുന്നുവെന്ന് നമുക്ക് പറഞ്ഞൊഴിയാം. എന്നാല്‍, അതില്‍നിന്ന് രക്ഷപ്പെടാന്‍ അവര്‍ എന്ത് മുന്‍കരുതലാണ് സ്വീകരിക്കേണ്ടിയിരുന്നത്? നഗരവീഥിയില്‍ പെരുമഴയത്ത് നടപ്പാതയിലൂടെ നടന്നതോ അവരുടെ കുറ്റം? ഒരൊറ്റ മണിക്കൂര്‍ മഴപെയ്താല്‍ റോഡുകളും ഓടകളും നിറഞ്ഞൊഴുകുന്നതിലെ ആസൂത്രണമില്ലായ്മക്ക് സാധാരണ ജനങ്ങള്‍ എന്തു പിഴച്ചു? അടുത്ത ചുവടില്‍ ജീവന്‍ പൊലിയുമെന്ന അവസ്ഥയിലേക്ക് നമ്മുടെ റോഡുകളും നടപ്പാതകളും എത്തിയതിന്‍െറ ഉത്തരവാദിത്തം ആര്‍ക്കാണ്? രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ ഒന്നും ഇല്ലാതെ, മൃതദേഹം വീണ്ടെടുക്കാന്‍ മഴ നിലക്കേണ്ടിവരുന്ന സ്ഥിതിയിലേക്ക് നഗര വികസനം ‘വളര്‍ന്ന ’ത് ഏതു ജനങ്ങള്‍ക്കുവേണ്ടിയാണ്?
നമ്മുടെ ഭരണനിര്‍വഹണത്തിലെ പൊളിഞ്ഞു കിടക്കുന്ന സ്ളാബുകള്‍ ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമാകുന്നുവെന്ന തിരിച്ചറിവാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. കോഴിക്കോട്ടെ ‘ഓടദുരന്ത’ത്തിന് കുറ്റം പറയേണ്ടത് കോര്‍പറേഷനെയോ അതോ പൊതുമരാമത്ത് വകുപ്പിനെയോ എന്നു പോലും അറിയാത്ത അവസ്ഥയാണ്. കോര്‍പറേഷന്‍ അധികൃതരുടെ അഭിപ്രായത്തില്‍ മരാമത്ത് വകുപ്പിനാണ് സ്ളാബിന്‍െറ ചുമതല. മരാമത്തുകാര്‍ പറയുന്നു കോര്‍പറേഷന്‍െറ കീഴിലാണ് അതെന്ന്. ഈ തര്‍ക്കം പരിഹരിക്കാനെന്നോണം പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍ അവസാനിപ്പിച്ച് അധികൃതര്‍ നഷ്ടപരിഹാര വാഗ്ദാനങ്ങളോടെ മൗനത്തിലൊളിക്കുമ്പോള്‍ ഭരണത്തിന്‍െറ നാഥനില്ലാ പുറംപോക്കുകളില്‍ മനുഷ്യര്‍ കുരുതി ചെയ്യപ്പെടുന്ന അവസ്ഥ തുടരുകയേ ഉള്ളൂ. വാസ്തവത്തില്‍ നടപ്പാതയുടെ സ്ളാബിനെക്കുറിച്ചുള്ള തര്‍ക്കം പോലും മറ്റു ചില സത്യങ്ങള്‍ പുറത്തുവിടുന്നുണ്ട്. കാല്‍ നടക്കാരും സൈക്കിള്‍ സവാരിക്കാരുമായ സാധാരണക്കാരോട് നാം അനുവര്‍ത്തിക്കുന്ന അവഗണന മാരകമായ തലത്തിലത്തെിയിരിക്കുന്നു എന്നതാണ് ഒന്ന്. നഗരങ്ങളിലെ റോഡ്വികസനത്തിന് കോടികള്‍ നീക്കിവെക്കുമ്പോഴാകട്ടെ, അത് ചെലവിട്ട് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയാലാകട്ടെ, റോട്ടിലെ ഗതാഗതം അനുനിമിഷം നിയന്ത്രിക്കുമ്പോഴാകട്ടെ, ഇത്തിരി നടന്ന് ലക്ഷ്യം പ്രാപിക്കാനും റോഡ് മുറിച്ചുകടക്കാനും നിവൃത്തിയില്ലാതെ പൊരിവെയിലത്തും പെരുമഴയത്തും കഷ്ടപ്പെടുന്ന കാല്‍നടക്കാരുടെ കാര്യം ആസൂത്രകരുടെ മനസ്സില്‍ വരുന്നില്ല. ഏറെ നടക്കേണ്ടതില്ലാത്ത രീതിയില്‍ വിവിധ സ്ഥലങ്ങളിലേക്ക് ബസും ട്രെയിനും പിടിക്കാനാവുന്ന വിധം പൊതുഗതാഗത സൗകര്യങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടില്ല. നടപ്പാതകളിലൂടെ വരെ ഇരച്ചുപായുന്ന വാഹനങ്ങള്‍ ‘സീബ്രാ ക്രോസിങ്’ കാണാറില്ല. സുരക്ഷിതമായി നടക്കാവുന്ന ഇടങ്ങളെന്ന നിലക്ക് റോഡുനിരപ്പില്‍നിന്ന് ഉയര്‍ത്തി കോണ്‍ക്രീറ്റിട്ടുവെച്ച പാതകളിലാണ് മുന്നറിയിപ്പുകള്‍ പോലുമില്ലാത്ത മരണഗര്‍ത്തങ്ങള്‍ വാപൊളിച്ചു കിടക്കുന്നത്. കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തും മറ്റു നഗരങ്ങളിലുമെല്ലാം ഇത്തരം സ്ളാബ് പൊളിഞ്ഞ നടപ്പാതകള്‍ ഇരകളെ കാത്ത് കിടപ്പുണ്ട്. കൊല്ലങ്ങള്‍ക്കു മുമ്പൊരു പെരുമഴയത്ത് കോഴിക്കോട്ട് ട്രാഫിക് ഹെഡ്കോണ്‍സ്റ്റബ്ള്‍ ഇത്തരമൊരു കെണിയില്‍ വീണു മരിച്ചു. കുറച്ചു മുമ്പ് തിരുവനന്തപുരത്ത് ഓടയില്‍ വീണ് കുടുങ്ങിപ്പോയ വഴിയാത്രക്കാരനെ മണിക്കൂറുകളെടുത്താണ് രക്ഷപ്പെടുത്തിയത്. പൊതുവഴിയില്‍ സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്നില്ളെന്നുവന്നാല്‍ നിയമങ്ങള്‍ക്കോ അവകാശപത്രികകള്‍ക്കോ ഭരണഘടനക്കോ എന്തു വില?
നഗരാസൂത്രണമെന്നാല്‍ റോഡുകള്‍ വീതി കൂട്ടലും മിനുസപ്പെടുത്തലുമാണ് എന്ന് സര്‍ക്കാര്‍ ധരിച്ചുപോയിരിക്കുന്നു. മഴപെയ്താല്‍ വെള്ളം ഒഴിഞ്ഞുപോകാന്‍ സംവിധാനമുണ്ടോ, കാല്‍നടക്കാര്‍ക്ക് ഭീതിയും അപായവുമില്ലാതെ സഞ്ചരിക്കാന്‍ കഴിയുമോ തുടങ്ങിയ ലളിതമായ ചോദ്യങ്ങള്‍ ഭരണകര്‍ത്താക്കളുടെ മനസ്സില്‍ ഉയരാത്തിടത്തോളം കാലം ദാരുണമായ അത്യാഹിതങ്ങള്‍ തുടരും. ആരുടെയോ ഭാഗ്യം കൊണ്ടാണ് അപകടങ്ങളും മരണങ്ങളും ഇത്രമാത്രമായി നില്‍ക്കുന്നത്. കോഴിക്കോട്ട് ആയിശാബിയുടെ അത്യാഹിതമരണം ഒഴിവാക്കാനാവുമായിരുന്നില്ളേ എന്ന ചിന്ത ഒരു ആത്മപരിശോധനക്കും തിരുത്തിനും വേണ്ടിയെങ്കിലും അധികൃതര്‍ സ്വയം ഉയര്‍ത്തേണ്ടതുണ്ട്. നടപ്പാതകളെയും കാല്‍നടക്കാരെയും പരിഗണിക്കാതെയുള്ള വികസന പദ്ധതികളും ഭരണ നിര്‍വഹണവും എത്ര തുടരുന്നുവോ അത്രയും അപമൃത്യുവും അത്യാഹിതങ്ങളും വര്‍ധിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞിട്ടുണ്ട്. അതു പോരാ. പിഴവുകളെപ്പറ്റി ആലോചനയും സംസ്ഥാന തലത്തില്‍ നിവാരണവും വേണം. പണച്ചെലവ് ഒരു തടസ്സമായി കാണാതത്തെന്നെ സുരക്ഷിതമായും സൗകര്യത്തോടെയും നടക്കാനുള്ള സജ്ജീകരണങ്ങള്‍ അടിയന്തരമായി ഒരുക്കണം. ഓടയില്‍ വീണു മരിച്ചവരുടെ ഓര്‍മയോട് അങ്ങനെയെങ്കിലും നീതി ചെയ്യണം.
മുന്നൊരുക്കങ്ങള്‍ പിഴയ്ക്കുമ്പോള്‍ 

Newspaper Edition
മഴവെള്ളം നിറഞ്ഞ ഓടയില്‍ വീണ് കോഴിക്കോട് നഗരമധ്യത്തില്‍ ആയിഷബി എന്ന വീട്ടമ്മ ദാരുണമായി മരിക്കാനിടയായ സംഭവം മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരിലും ഞെട്ടലുണ്ടാക്കും. മനുഷ്യനിര്‍മിത ദുരന്തമാണിത്. എത് നഗരത്തിലും കാലവര്‍ഷത്തിനു മുമ്പേ കൈക്കൊള്ളേണ്ട മുന്നൊരുക്കങ്ങള്‍ പിഴയ്ക്കുമ്പോഴാണ് നമ്മുടെതന്നെ കെടുകാര്യസ്ഥതയുടെ ഇരകളായി ആയിഷബിയെപ്പോലുള്ള രക്തസാക്ഷികളുണ്ടാകുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് അവകാശവാദങ്ങള്‍ ഉയരുന്ന കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍ പരിസരത്താണ് ഓടയില്‍ വീണ സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ നമ്മുടെ സുരക്ഷാ സംവിധാനങ്ങളും നാണംകെട്ടത്. മഴ തോര്‍ന്ന് വെള്ളത്തിന്റെ ഒഴുക്ക് നിലച്ചപ്പോള്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായതെന്ന വാര്‍ത്ത ആരിലും അമ്പരപ്പുളവാക്കും. കാരണം കോഴിക്കോട്ട് മാത്രമല്ല, കേരളത്തിലെ ഏതു പ്രധാനനഗരത്തിലെയും സ്ഥിരം കാഴ്ചയാണ് നഗരസഭകളുടെ അനാസ്ഥയുടെ പ്രതീകമെന്നോണം നില്‍ക്കുന്ന മൂടാത്ത ഓവുചാലുകള്‍. ഏതു മഴക്കാലത്തെയും വാര്‍ത്തകളിലൊന്നാണ് ഇത്തരം ചതിക്കുഴികളില്‍ വീണ് പരിക്കേല്‍ക്കുന്നവരുടെ വേദനകള്‍. കാലവര്‍ഷദുരന്തങ്ങളില്‍നിന്ന് നാം ഒരിക്കലും ഒരു പാഠവും പഠിക്കുന്നില്ലെന്ന് ഇത് തെളിയിക്കുന്നു. 


കാലവര്‍ഷം എത്തുന്നതിന് മുമ്പുതന്നെ ഓടകള്‍ സ്ലാബിട്ട് മൂടണമെന്നും മാലിന്യങ്ങള്‍ നീക്കി നഗരം ശുചീകരിക്കണമെന്നും പകര്‍ച്ചവ്യാധികള്‍ തടയാനുള്ള മുന്‍കരുതലുകളെടുക്കണമെന്നുമുള്ള മുറവിളികള്‍ ഓരോ പഞ്ചായത്തില്‍നിന്നും നഗരസഭകളില്‍നിന്നും ഉയരാറുണ്ട്. എന്നാല്‍, അനാവശ്യമായ രാഷ്ട്രീയവിവാദങ്ങളില്‍ മുഴുകി ഭരണവും ഉത്തരവാദിത്വവും മറക്കുന്ന ജനപ്രതിനിധികള്‍ക്ക് ഈ മുറവിളികള്‍ കൈകാര്യം ചെയ്യാന്‍ സമയമുണ്ടാകുന്നില്ലെന്നതാണ് പ്രശ്‌നം. മരണം നടന്നപ്പോള്‍ത്തന്നെ നഗരസഭയും പി.ഡബ്ല്യു.ഡി.യും പരസ്​പരം പഴിചാരി ഉത്തരവാദിത്വങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നത്. സ്വാതന്ത്ര്യം കിട്ടി 66 വര്‍ഷം കഴിഞ്ഞിട്ടും നാമിനിയും മഴയത്ത് ഒലിച്ചുപോകാത്ത റോഡുകളും വെള്ളം കെട്ടിനില്‍ക്കാത്ത ഓടകളുമുണ്ടാക്കാന്‍ പഠിച്ചിട്ടില്ലെന്നതുതന്നെ നമ്മുടെ വികസനമാതൃകയുടെ പ്രാകൃതത്വവും പിന്നാക്കാവസ്ഥയും വെളിപ്പെടുത്തുന്നുണ്ട്. ഓരോ മഴക്കാലവും നമ്മുടെ ആസ്​പത്രികളില്‍ രോഗികളെ കൊണ്ടുനിറയുന്ന കാലത്തിന്റെ വേദനപ്പിക്കുന്ന ഓര്‍മയാണ്. മലിനജലം കെട്ടിനില്‍ക്കാത്ത പ്രദേശങ്ങള്‍ ഇല്ലെന്ന് തന്നെയായിട്ടുണ്ട്.

കാലവര്‍ഷം എത്തുന്നതിന് മുമ്പുള്ള മഴ മാത്രമേ കേരളത്തില്‍ പെയ്തിട്ടുള്ളൂ. വരള്‍ച്ചയെക്കുറിച്ചുള്ള മുറവിളികള്‍ പെട്ടെന്നുതന്നെ മഴക്കെടുതികളെക്കുറിച്ചുള്ള നിലവിളികളായി മാറിക്കഴിഞ്ഞു. ഓരോ വര്‍ഷവും നഗരങ്ങളിലെ മഴക്കെടുതികള്‍ കൂടുതല്‍ രൂക്ഷമായിവരികയുമാണ്. മലിനജലം എങ്ങോട്ടൊഴുക്കിവിടുമെന്ന ചിന്തകൂടിയില്ലാതെ പണിതുയര്‍ത്തിക്കൊണ്ടിരിക്കുന്ന ഫ്‌ളാറ്റുകളും വന്‍കിട കെട്ടിടങ്ങളും ഏത് നഗരത്തെയും മഴക്കെടുതിയില്‍ കുടുക്കിയിടുകയാണിപ്പോള്‍. മാലിന്യം നീക്കംചെയ്യാനുള്ള സംവിധാനം ഒരു നഗരത്തിലും കൃത്യമായി പാലിക്കപ്പെടാത്തതുകൊണ്ടുതന്നെ മഴക്കാലമെന്നത് പകര്‍ച്ചവ്യാധികളുടെകൂടി കൂടപ്പിറപ്പായാണ് മലയാളികള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്. കാലവര്‍ഷത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളൂ. മലയാളികളെ ഓരോ വര്‍ഷവും കൊന്നെടുക്കുന്ന പനിയുടെയും മഞ്ഞപ്പിത്തത്തിന്റെയും ദാരുണവാര്‍ത്തകള്‍ ഇത്തവണയും ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര യുദ്ധസാഹചര്യം കണക്കെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒത്തൊരുമിച്ച് ഇനി പണിയെടുക്കേണ്ടതായുണ്ട്. ഓടകള്‍ മൂടുന്നതും കൊതുക് വിരിയുന്നതിന് മുമ്പേ തന്നെ നശിപ്പിക്കുന്നതുമൊക്കെ ഏത് നഗരസഭകള്‍ക്കും ചെയ്യാവുന്ന പ്രാഥമിക കാര്യങ്ങള്‍ മാത്രമാണ്. എന്നാല്‍, ഇതൊക്കെ ആസൂത്രണം ചെയ്യാനുള്ള സമയവും അവസരങ്ങളുമൊക്കെ നഷ്ടപ്പെടുത്തിയതിന്റെ ചരിത്രമാണ് നമ്മുടെ നാടിന് പറയാനുള്ളത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് സഞ്ജയന്‍ കളിയാക്കിയതുപോലെ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ജനങ്ങളോട് ഉത്തരവാദിത്വമില്ലാത്ത നഗരസഭകളാണെങ്കില്‍ അതൊന്നും നടക്കാന്‍ പോകുന്നില്ലെന്ന കൊതുകളുടെതന്നെ ആത്മവിശ്വാസമാണ് ഇവിടെ വിജയിച്ചത് പോരുന്നത്. ഈ നാട്ടില്‍ ഒരു സര്‍ക്കാര്‍ നിലവിലുണ്ടെന്ന വിശ്വാസം പോലും സാധാരണ ജനങ്ങള്‍ക്ക് നഷ്ടമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ കൈവിട്ടുപോകുന്നത് . ഒരു സര്‍ക്കാറിനും അത് ഭൂഷണമാകില്ല.
കൊടുംക്രൂരതയ്ക്ക് തടയിടണം 
malmanoramalogo
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പ്രചാരണ യാത്രയ്ക്കു നേരെയുണ്ടായ ഭീകരാക്രമണം മാവോയിസ്റ്റുകളെ നേരിടുന്നതിലുള്ള സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നീക്കങ്ങള്‍ക്കു വന്‍ തിരിച്ചടിയായി. മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സിരാകേന്ദ്രങ്ങളിലൊന്നായ ബസ്തര്‍ മേഖലയില്‍ അവര്‍ നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും ഭീകരമാണിത്. 

സംസ്ഥാന പൊലീസിന്റെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും നേരെയുള്ള ആക്രമണങ്ങളെക്കാള്‍ പ്രഹരമേല്‍പിക്കാനാവുക രാഷ്ട്രീയനേതൃത്വങ്ങളെ കടന്നാക്രമിച്ചുകൊണ്ടുള്ള തന്ത്രമാണെന്നു മാവോയിസ്റ്റുകള്‍ കരുതുന്നുണ്ടാവണം. സംസ്ഥാന തിരഞ്ഞെടുപ്പിനു മുന്‍പായി കോണ്‍ഗ്രസ് നടത്തിയ പരിവര്‍ത്തന്‍ യാത്രയ്ക്കു നേരെയായിരുന്നു ആക്രമണം. മാവോയിസ്റ്റുകള്‍ പ്രധാനമായും നോട്ടമിട്ടത് അവര്‍ക്കെതിരെയുള്ള 'സല്‍വാ ജുദം എന്ന സ്വകാര്യസേനയുടെ സ്ഥാപകന്‍ മഹേന്ദ്ര കര്‍മയെയായിരുന്നു. കര്‍മയോടൊപ്പം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേലിന്റേതടക്കം മറ്റ് ഒട്ടേറെ ജീവനുകളും ആക്രമണത്തില്‍ പൊലിഞ്ഞു. ഹീനമായ ആ ആക്രമണത്തിന്റെ മറ്റൊരു ഇര മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി.സി. ശുക്ളയാണ്. 

ഗോത്രവര്‍ഗക്കാരുടെ സംരക്ഷണത്തിന്റെ പേരില്‍ രൂപവല്‍ക്കരിച്ച 'സല്‍വാ ജുദം സേനയ്kക്ക് ഒരു പരിധിയോളം സര്‍ക്കാര്‍ പിന്തുണയുണ്ടായിരുന്നുവെങ്കിലും 2011ല്‍ സുപ്രീം കോടതി ഇത്തരമൊരു സേന നിയമവിരുദ്ധമാണെന്നു വിധിക്കുകയുണ്ടായി. ഇതിനിടെ, ഗോത്രവര്‍ഗക്കാര്‍ക്ക് ഈ സേനയുടെ ഭീകരത നേരിടേണ്ടിവന്നതു മാവോയിസ്റ്റ് വളര്‍ച്ചയ്ക്കു വളമായിത്തീരുകയും ചെയ്തു.

കൊടുംക്രൂരമായ ഈ കൂട്ട നരഹത്യ രാജ്യത്തെയാകെ ഞെട്ടിക്കുമ്പോഴും അതില്‍ പതറാതെ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നുക തന്നെയാണു സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്യേണ്ടത്. മാവോയിസ്റ്റുകളുടെ ആക്രമണം രാജ്യത്തിനും ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കുമെതിരെയുള്ള കടന്നാക്രമണം തന്നെയാണ്. അതു തടയാന്‍ ബഹുമുഖ തന്ത്രമാണു ഫലപ്രദമായി നടപ്പാക്കേണ്ടത്. അതിനുപകരം, കേന്ദ്രസേനയും സംസ്ഥാന പൊലീസും കടുത്ത ആക്രമണത്തിന് ഒരുമ്പെട്ടാല്‍ അതും മാവോയിസ്റ്റുകള്‍ മുതലാക്കുമെന്നാണു വിദഗ്ധരുടെ ആശങ്ക.  

ദുര്‍ബലവിഭാഗങ്ങളെ ജനാധിപത്യധാരയിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുക എന്നതാവണം മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പ്രധാനമുഖം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ചെലവിടുന്നുണ്ടെങ്കിലും അഴിമതിയും കെടുകാര്യസ്ഥതയുംമൂലം ഫണ്ട് ലക്ഷ്യത്തിലെത്താതെ പോകുന്നു. വികസനപദ്ധതികളുടെ പേരില്‍ നാടും മണ്ണുമെല്ലാം നഷ്ടപ്പെടുന്ന ദുര്‍ബലവിഭാഗങ്ങളെ സ്വന്തം അണികളില്‍ ചേര്‍ക്കാന്‍ അതുകൊണ്ടുതന്നെ മാവോയിസ്റ്റുകള്‍ക്കു ബുദ്ധിമുട്ടില്ല. 
  
മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ആന്ധ്രാ സര്‍ക്കാരിന്റെ ദ്വിമുഖസമീപനം ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. പ്രത്യേക പൊലീസ് സേന രൂപവല്‍ക്കരിച്ചതിനോടൊപ്പം അവികസിത മേഖലകളില്‍ സര്‍ക്കാരിന്റെ സാന്നിധ്യവും വികസനപദ്ധതികളും എത്തിക്കാനും ആ സംസ്ഥാനത്തിനു കഴിഞ്ഞു. വികസനവും ക്ഷേമവും എത്തിച്ചുകൊണ്ട്, സ്വാതന്ത്യ്രത്തിന്റെയും മെച്ചപ്പെട്ട ജീവിതത്തിന്റെയും പാതയിലേക്കു ദുര്‍ബലവിഭാഗങ്ങളെ കൊണ്ടുവന്നാലേ അവരെ മാവോയിസ്റ്റുകളുടെ സ്വാധീനത്തില്‍നിന്നു മോചിപ്പിക്കാനാവൂ. 

കോണ്‍ഗ്രസിന്റെ പരിവര്‍ത്തന്‍ യാത്രയ്ക്കൊപ്പം, ഭരണകക്ഷിയായ ബിജെപിയുടെ വികാസ് യാത്രയെയും മാവോയിസ്റ്റുകള്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തരഭീഷണിയായാണു മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ ഭരണകൂടങ്ങള്‍ കാണുന്നതെന്നിരിക്കേ, ഈ പോരാട്ടത്തില്‍ കേന്ദ്ര, സംസ്ഥാനങ്ങള്‍ ദീര്‍ഘകാല പദ്ധതി ആവിഷ്കരിച്ച് ഏകോപനത്തോടെ മുന്നേറുകയും ഇന്റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തുകയും വേണം. 

ദക്ഷിണേന്ത്യയില്‍ ആന്ധ്ര, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെങ്കിലും കേരളത്തില്‍ അത്ര സജീവമല്ല. എന്നാല്‍, അയല്‍ സംസ്ഥാനങ്ങളില്‍ ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങുമ്പോള്‍ വയനാട് ജില്ലയിലെ മലനിരകളിലൂടെ ഇവര്‍ കേരളത്തിലെ വനങ്ങളില്‍ എത്തിച്ചേരാറുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ആറുമാസത്തിലേറെയായി ഇവിടെ നടത്തുന്ന വ്യാപക തിരച്ചിലില്‍ ആരെയും പിടികൂടാന്‍ സാധിച്ചിട്ടില്ലെങ്കിലും ഛത്തീസ്ഗഡിലുണ്ടായ ആക്രമണം കേരളത്തിലും രാജ്യത്തുടനീളവും പൊലീസ് നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ഒാര്‍മിപ്പിക്കുന്നു.   

No comments:

Post a Comment