മുഖപ്രസംഗം May 21- 2013
1. ചൊവ്വ വിളിക്കുന്നു (മാധ്യമം)
കഷ്ടിച്ച് ആറു മാസത്തിനുള്ളില്‍ ചൊവ്വയിലേക്കു സ്വന്തം ഉപഗ്രഹം അയക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ഒക്ടോബറില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആര്‍.ഒ) ശ്രീഹരിക്കോട്ടയില്‍നിന്ന് ‘മംഗള്‍യാന്‍’ ഉപഗ്രഹം വിക്ഷേപിക്കും. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിക്കുന്നു. 2012 ആഗസ്റ്റില്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കുകയും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്ത ചൊവ്വാദൗത്യം നമ്മുടെ അയല്‍ഗ്രഹത്തിന്‍െറ അന്തരീക്ഷ പഠനമടക്കം അഞ്ച് പരീക്ഷണ-നിരീക്ഷണ ചുമതലകളാണ് നിര്‍വഹിക്കുക.
2. അട്ടപ്പാടിയില്‍ ഇനി കണ്ണീര്‍ വീഴരുത് (മനോരമ)
പോഷകാഹാരക്കുറവുമൂലം നവജാതശിശുക്കള്‍ മരിക്കുന്ന അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ നെഞ്ചുപൊട്ടിക്കരയുന്ന അമ്മമാരുടെ എണ്ണം വര്‍ധിക്കുകയാണ്. ക്ഷയവും അനുബന്ധ രോഗങ്ങളും ബാധിച്ചു മെലിഞ്ഞുണങ്ങിയ കുട്ടികള്‍ കേരളത്തിന്റെ ദുഃഖമായി മാറുന്നു.
3. പുതിയ സ്‌കൂളുകള്‍ അനുവദിക്കുമ്പോള്‍ (മാതൃഭൂമി)
സംസ്ഥാനത്ത് പുതുതായി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്. അരലക്ഷത്തിലധികം, കൃത്യമായിപ്പറഞ്ഞാല്‍ 50679 പ്ലസ്‌വണ്‍ സീറ്റുകള്‍ ആരും പ്രവേശനം നേടാതെ കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ ഒഴിഞ്ഞു കിടന്ന കാര്യം പരിഗണിക്കാതെയാണ് ഈ തീരുമാനം. 148 പഞ്ചായത്തുകളില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഇല്ല എന്ന ന്യായം പറഞ്ഞ് അനുവദിക്കാന്‍ പോകുന്നു. ഭൂരിഭാഗം വിദ്യാലയങ്ങളും എയ്ഡഡ് മേഖലയിലായിരിക്കും. മാത്രമല്ല അധികബാച്ചുകള്‍ അനുവദിക്കാനും നീക്കമുണ്ട്. ഇത്രയധികം സ്‌കൂളുകളും സീറ്റുകളും ആവശ്യമുണ്ടോയെന്ന് ശാസ്ത്രീയമായി പഠിച്ചു വിലയിരുത്താതെയാണ് വിദ്യാഭ്യാസ വകുപ്പ് വിദ്യാലയദാനത്തിന് പുറപ്പെടുന്നത്.
ചൊവ്വ വിളിക്കുന്നു
കഷ്ടിച്ച് ആറു മാസത്തിനുള്ളില്‍ ചൊവ്വയിലേക്കു സ്വന്തം ഉപഗ്രഹം അയക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ഒക്ടോബറില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആര്‍.ഒ) ശ്രീഹരിക്കോട്ടയില്‍നിന്ന് ‘മംഗള്‍യാന്‍’ ഉപഗ്രഹം വിക്ഷേപിക്കും. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിക്കുന്നു. 2012 ആഗസ്റ്റില്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കുകയും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്ത ചൊവ്വാദൗത്യം നമ്മുടെ അയല്‍ഗ്രഹത്തിന്‍െറ അന്തരീക്ഷ പഠനമടക്കം അഞ്ച് പരീക്ഷണ-നിരീക്ഷണ ചുമതലകളാണ് നിര്‍വഹിക്കുക. പരീക്ഷണങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ ഐ.എസ്.ആര്‍.ഒക്ക് ലഭിച്ചുകഴിഞ്ഞു. പി.എസ്.എല്‍.വി റോക്കറ്റിലേറി ഒക്ടോബറില്‍ ഭൂമിവിടുന്ന ഉപഗ്രഹം നവംബര്‍ അവസാനവാരം ഭൂമിയുടെ ഭ്രമണപഥം ഭേദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്നൂറോളം ദിവസമെടുത്ത്, 2014 സെപ്റ്റംബറില്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുമെന്നും കരുതുന്നു. ഇക്കൊല്ലം ഒക്ടോബര്‍-നവംബറില്‍ പുറപ്പെട്ടില്ലെങ്കില്‍ പിന്നെ 2016ലേ അതിന് കഴിയൂ. 26 മാസത്തിലൊരിക്കലാണ് ചൊവ്വ ഭൂമിയോട് ഇത്രയും അടുത്തെത്തുക. 450 കോടി രൂപ ചെലവുവരുന്ന ഈ പര്യവേക്ഷണയാത്ര ഇന്ത്യ ഇതുവരെ ഏറ്റെടുത്തതില്‍വെച്ച് ഏറ്റവും സങ്കീര്‍ണമായതാണ്. അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂനിയന്‍, ജപ്പാന്‍, ചൈന എന്നിവ മാത്രമാണ് ഇതിനകം ചൊവ്വയിലേക്ക് ആകാശയാനങ്ങള്‍ അയച്ചിട്ടുള്ളത്.
ചൊവ്വാ ദൗത്യം നേരിടുന്ന വെല്ലുവിളികള്‍ പലതാണ്. ആകാശപേടകത്തെ നിയന്ത്രിക്കുന്നതില്‍ ഏറെ ഉത്കണ്ഠ സൃഷ്ടിക്കുന്ന പ്രശ്നമാണ് ഭൂതലത്തില്‍നിന്ന് അങ്ങോട്ട് സന്ദേശമയക്കുന്നതിലും തിരിച്ച് സ്വീകരിക്കുന്നതിലും ഉണ്ടാകുന്ന അരമണിക്കൂറോളം നേരത്തിന്‍െറ കാലതാമസം. മറ്റൊരു വെല്ലുവിളി, ചൊവ്വയെ ലക്ഷ്യമാക്കി കുതിച്ചുവരുന്ന ഒരു ധൂമകേതുവാണ്. ഇന്ത്യന്‍ പേടകം ചൊവ്വയിലിറങ്ങുമെന്ന് കരുതുന്നത് 2014 സെപ്റ്റംബറിലാണ്; ഒക്ടോബറില്‍ ധൂമകേതു അതുവഴി കടന്നുപോകും. അതിന്‍െറ വാലിലെ മീഥേന്‍ നമ്മുടെ പേടകത്തിന്‍െറ പരീക്ഷണങ്ങള്‍ക്ക് ഇടങ്കോലിടുമോ എന്നാണ് ശങ്ക. ചൊവ്വയുടെ അന്തരീക്ഷത്തിലെ വാതകഘടന പഠനവിധേയമാക്കുമ്പോള്‍ വാല്‍നക്ഷത്രത്തില്‍നിന്നുള്ള വാതകം തെറ്റായ ഫലങ്ങളിലേക്ക് നയിച്ചേക്കാം. അതേസമയം, ഒരു ധൂമകേതുവിനെപ്പറ്റികൂടി പഠിക്കാനുള്ള അപൂര്‍വാവസരമാക്കി ഇതിനെ ഉപയോഗപ്പെടുത്താനാവില്ലേ എന്ന ചിന്തയും ചിലര്‍ക്കുണ്ട്. ബംഗളൂരുവിനടുത്തുള്ള കേന്ദ്രത്തില്‍നിന്ന് ‘മംഗള്‍യാന്‍’ ചൊവ്വവരെ എത്തിക്കുന്നതില്‍ വിജയിച്ചാല്‍ പോരാ; ചൊവ്വയോടടുത്ത ശേഷം അതിലെ ഉപകരണങ്ങള്‍ പുന$പ്രവര്‍ത്തിപ്പിക്കുന്നതും വലിയ വെല്ലുവിളിതന്നെ.
അഞ്ചുതരം പരീക്ഷണങ്ങള്‍ക്കുള്ള ഉപകരണങ്ങളാണ് ഉപഗ്രഹത്തില്‍ ഉണ്ടാവുക. ചൊവ്വയില്‍ മീഥേന്‍ എത്രയുണ്ടെന്ന് പരിശോധിക്കുന്ന സംവേദിനിയാണ് ഒന്ന്. സൂക്ഷ്മജീവികളില്‍നിന്നാണ് മീഥേന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് എന്നതിനാല്‍ ചൊവ്വയിലെ മീഥേന്‍ സാന്നിധ്യം സ്ഥിരീകരിക്കുന്നതില്‍ വമ്പിച്ച താല്‍പര്യം ആഗോളതലത്തില്‍ തന്നെയുണ്ട്. ചൊവ്വയുടെ പ്രതലം പഠിക്കാനുള്ള തെര്‍മല്‍ ഇന്‍ഫ്രാറെഡ് സ്പെക്ട്രോമീറ്റര്‍, കളര്‍ കാമറ, അന്തരീക്ഷത്തിലെ ഹൈഡ്രജന്‍ അളക്കാനുള്ള ഫൊട്ടോമീറ്റര്‍, അന്തരീക്ഷ പഠനത്തിനുള്ള ഉപകരണം എന്നിവയാണ് മറ്റുസജ്ജീകരണങ്ങള്‍. മുമ്മൂന്നു ദിവസം കൂടുമ്പോള്‍ ഒരു തവണ പേടകം ചൊവ്വയെ ചുറ്റും. ചില ഘട്ടങ്ങളില്‍ ചൊവ്വയുടെ ഉപരിതലത്തോട് 371 കി.മി വരെ അടുത്തെത്തും. പ്രശ്നങ്ങളെയും പ്രയാസങ്ങളെയും മറികടന്ന് ചൊവ്വാ ദൗത്യം വിജയിപ്പിക്കാന്‍ നമുക്കു കഴിഞ്ഞാല്‍ അത് നാടിനു മാത്രമല്ല, ലോകത്തിനുതന്നെ പ്രയോജനകരമാക്കാനാകും. ചൊവ്വയില്‍ ജീവനുണ്ടോ എന്നതും അവിടെ ജീവിക്കാനാവുമോ എന്നതും മനുഷ്യരാശിയെ സംബന്ധിച്ച് മര്‍മപ്രധാനമായ ചോദ്യങ്ങളായി തീര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ അമേരിക്കയുടെ ‘ക്യൂരിയോസിറ്റി’ ചൊവ്വയിലിറങ്ങിയതുതന്നെ പ്രധാനമായും ജീവന്‍െറ സാന്നിധ്യം തേടിയാണ്. അന്വേഷണം അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ചൊവ്വാ ജീവികളെപ്പറ്റി മുമ്പുണ്ടായിരുന്ന സങ്കല്‍പങ്ങള്‍ വെറും ശാസ്ത്രഭാവന മാത്രമാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും ആ ‘ചുവന്നഗ്രഹ’ത്തില്‍ സൂക്ഷ്മജീവികള്‍ ഉണ്ടെന്നോ ഉണ്ടായിരുന്നിരിക്കാമെന്നോ കരുതാന്‍ ന്യായമുണ്ട്. ഇന്ന് വരണ്ടുകിടക്കുന്ന ഈ ഗ്രഹത്തില്‍ പണ്ടെന്നോ ജലമുണ്ടായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ വിശ്വസിക്കുന്നു. വെള്ളമുള്ളിടത്ത് ജീവന്‍ ഉണ്ടാകാം -അതിന്‍െറ ലക്ഷണങ്ങള്‍ തേടുകയാണ് ശാസ്ത്രം. ചൊവ്വയില്‍ എത്തിനോക്കിയും ഇറങ്ങിനോക്കിയും അവിടെനിന്നുള്ള മണ്ണ് കൊണ്ടുവന്ന് പരിശോധിച്ചുമൊക്കെ ഇനിയും പഠനങ്ങള്‍ തുടരും. ആ പഠനങ്ങളിലേക്കുള്ള വലിയ സംഭാവനയായിത്തീരാവുന്നതാണ് നമ്മുടെ ‘മംഗള്‍യാന്‍’.
കൂടുതല്‍ അറിവ് എന്നതുമാത്രമല്ല മനുഷ്യന്‍െറ ഉന്നം. വൈകാതെത്തന്നെ മറ്റു ഗ്രഹങ്ങളിലേക്ക് മനുഷ്യന്‍ ചേക്കേറേണ്ടിവരുമെന്ന് കരുതപ്പെടുന്നു. ചന്ദ്രനിലും ചൊവ്വയിലും വസിക്കാനും അവയെ കൂടുതല്‍ ദൂരയാത്രകള്‍ക്കുള്ള ഇടത്താവളങ്ങളാക്കാനും വഴിയന്വേഷിക്കുകയാണ് നാം. ചൊവ്വ നമുക്ക് വളരെ അടുത്തുള്ള ഗ്രഹമാണ്. ഇപ്പോള്‍ വാസയോഗ്യമല്ലെങ്കിലും, അതിന്‍െറ അന്തരീക്ഷം നന്നേ ലോലമാണെങ്കിലും ശാസ്ത്രം മുന്നേറുന്ന മുറക്ക് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും 500 വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യന്‍ ചൊവ്വയില്‍ വാസം തുടങ്ങുമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. ചൂഷണത്തിനും വിനാശത്തിനും വേണ്ടിയല്ലാത്തിടത്തോളം ഇത്തരം ശാസ്ത്രസംരംഭങ്ങളെ ഏറെ പ്രതീക്ഷയോടെത്തന്നെ മനുഷ്യരാശി സ്വാഗതം ചെയ്യും.
അട്ടപ്പാടിയില്‍ ഇനി കണ്ണീര്‍ വീഴരുത്
പോഷകാഹാരക്കുറവുമൂലം നവജാതശിശുക്കള്‍ മരിക്കുന്ന അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ നെഞ്ചുപൊട്ടിക്കരയുന്ന അമ്മമാരുടെ എണ്ണം വര്‍ധിക്കുകയാണ്. ക്ഷയവും അനുബന്ധ രോഗങ്ങളും ബാധിച്ചു മെലിഞ്ഞുണങ്ങിയ കുട്ടികള്‍ കേരളത്തിന്റെ ദുഃഖമായി മാറുന്നു.
ചോരക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ രണ്ടു വര്‍ഷത്തിനിടയില്‍ 42 കുട്ടികളാണു പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ ഇങ്ങനെ മരിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ചുമാസത്തിനിടെ തന്നെ 26 മരണങ്ങളുണ്ടായി. പ്രശ്നം രൂക്ഷമായപ്പോള്‍ മന്ത്രിമാരും മറ്റു ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ സന്ദര്‍ശനവും വിലയിരുത്തലുകളും നിര്‍ദേശങ്ങളും ഉണ്ടായി. ആരോഗ്യനില മോശമായവരെ കണ്ടെത്താന്‍ കോട്ടത്തറയിലെ സ്പെഷ്യല്‍റ്റി ആശുപത്രിയില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു തുടര്‍നടപടികള്‍ക്കു നിര്‍ദേശംനല്‍കി. ഒരു കുട്ടിപോലും ഇനി മരിക്കരുതെന്നു പ്രഖ്യാപിച്ച് മന്ത്രിമാരും അധികൃതരും മടങ്ങിയശേഷം ഒരു മാസത്തിനിടെ മരിച്ചതു നാലു കുട്ടികളാണ്. പോഷകാഹാരക്കുറവുമൂലം മറ്റു നാലു കുട്ടികള്‍ കൂടി മരിച്ച സംഭവം അധികൃതര്‍ മൂടിവച്ചതും പിന്നീടു പുറത്തുവന്നു. കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍കോളജ് ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ ഇപ്പോള്‍ ചികില്‍സയിലുള്ള കുട്ടികളുമുണ്ട്.
പ്രസവിച്ച ഉടനെ കുട്ടികള്‍ മരിക്കുന്ന യുവതികളായ അമ്മമാരുടെ ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായിരിക്കുന്നു. മെഡിക്കല്‍ ക്യാംപ് മുഖേന ഇത്തരക്കാരെ കണ്ടെത്തിയെങ്കിലും ഫലപ്രദവും നിരന്തരവുമായ ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായി എന്ന ആരോപണം പരിശോധിക്കേണ്ടതുണ്ട്. ഊരുകളിലുള്ള ഗര്‍ഭിണികള്‍ക്കു ശുശ്രൂഷയും പോഷകാഹാരവും എത്തിക്കുന്നതിലും അപാകതയുണ്ടെന്ന ആക്ഷേപത്തിലും നടപടി കണ്ടില്ല. ആദിവാസി അമ്മമാരുടെ ആരോഗ്യക്കുറവും കൂടുതല്‍ ശിശുമരണങ്ങള്‍ക്കുള്ള സാധ്യതയും 'വിടരുംമുന്‍പേ എന്ന പരമ്പരയിലൂടെ മാസങ്ങള്‍ക്കു മുന്‍പുതന്നെ മലയാള മനോരമ ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗം അട്ടപ്പാടിക്കുവേണ്ടി രണ്ടുകോടി രൂപയുടെ ആരോഗ്യ പാക്കേജ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. നല്ലശിങ്കയില്‍ 7.84 കോടിരൂപ ചെലവില്‍ ആദിവാസികളുടെ പരമ്പരാഗത കൃഷി വ്യാപിപ്പിക്കാനുള്ള നിര്‍ദേശവുമുണ്ടായി. ദുര്‍ഘടമായ പ്രദേശത്തു ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് 20,000 രൂപ പ്രത്യേക അലവന്‍സും ആരോഗ്യവകുപ്പു ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തില്‍ 20% വര്‍ധനയും നടപ്പാക്കി. എന്നാല്‍, പാക്കേജിന്റെ ഫലം കാണാനില്ലെന്നതാണ് അവിടത്തെ ദുരവസ്ഥ വിളിച്ചുപറയുന്നത്. രൂക്ഷമായ വരള്‍ച്ച കൂടിയായപ്പോള്‍ ഊരുകളിലെ ജീവിതം കൂടുതല്‍ പരിതാപകരമായി. കാര്‍ഷികമേഖല തകര്‍ന്നതോടെ തൊഴിലില്ലാതായി. അട്ടപ്പാടി ഹില്‍സ് ഏരിയ ഡവലപ്മെന്റ് സൊസൈറ്റിയുടെ (അഹാഡ്സ്) ഭാഗമായി ആരംഭിച്ച ഊരുകൂട്ടങ്ങളില്‍ ഭൂരിഭാഗവും നിലച്ചു. ആത്മവിശ്വാസവും തൊഴിലിനുള്ള അവസരങ്ങളും ഉണ്ടാക്കിക്കൊടുത്ത വേദികളായിരുന്നു ഊരുകൂട്ടങ്ങള്‍.
പട്ടികവര്‍ഗവികസനം, സാമൂഹികനീതി, ആരോഗ്യം എന്നീ വകുപ്പുകളാണ് ആദിവാസികള്‍ക്കിടയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്. ഒാരോന്നും പരസ്പരപൂരകമായി മുന്നോട്ടുപോകേണ്ടതാണെങ്കിലും അതിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇപ്പോഴത്തെ ദുഃസ്ഥിതിക്കുള്ള പ്രധാന കാരണമെന്നാണു പൊതു വിലയിരുത്തല്‍. വകുപ്പുകളുടെ പ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്മയാണ് അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ക്കു പ്രധാനകാരണമെന്നു മുഖ്യമന്ത്രി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പ്രശ്നപരിഹാരത്തിനു രൂപംനല്‍കിയ പാക്കേജിന്റെ നടത്തിപ്പും തുടര്‍നടപടികളും വിലയിരുത്താന്‍ നാളെ മുഖ്യമന്ത്രി നേരിട്ടു യോഗം വിളിച്ചിരിക്കുകയാണ്. പോഷകാഹാരക്കുറവു മൂലം നവജാതശിശുക്കള്‍ മരിക്കുന്നതിനോളം ഒരു സംസ്ഥാനത്തിനു വലിയ നാണക്കേടില്ലെന്നു ബന്ധപ്പെട്ടവര്‍ ഒാര്‍ത്താല്‍ നന്ന്. ഇപ്പോള്‍ അട്ടപ്പാടിയില്‍ പര്യടനം നടത്തുന്ന കേന്ദ്രസംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലും ശാപമോക്ഷം തേടുന്ന ആദിവാസി ഊരുകള്‍ വലിയ പ്രതീക്ഷ അര്‍പ്പിക്കുന്നു.
മനോരമ21-05-13
പുതിയ സ്‌കൂളുകള്‍ അനുവദിക്കുമ്പോള്‍
സംസ്ഥാനത്ത് പുതുതായി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്. അരലക്ഷത്തിലധികം, കൃത്യമായിപ്പറഞ്ഞാല്‍ 50679 പ്ലസ്‌വണ്‍ സീറ്റുകള്‍ ആരും പ്രവേശനം നേടാതെ കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ ഒഴിഞ്ഞു കിടന്ന കാര്യം പരിഗണിക്കാതെയാണ് ഈ തീരുമാനം. 148 പഞ്ചായത്തുകളില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഇല്ല എന്ന ന്യായം പറഞ്ഞ് അനുവദിക്കാന്‍ പോകുന്നു. ഭൂരിഭാഗം വിദ്യാലയങ്ങളും എയ്ഡഡ് മേഖലയിലായിരിക്കും. മാത്രമല്ല അധികബാച്ചുകള്‍ അനുവദിക്കാനും നീക്കമുണ്ട്. ഇത്രയധികം സ്‌കൂളുകളും സീറ്റുകളും ആവശ്യമുണ്ടോയെന്ന് ശാസ്ത്രീയമായി പഠിച്ചു വിലയിരുത്താതെയാണ് വിദ്യാഭ്യാസ വകുപ്പ് വിദ്യാലയദാനത്തിന് പുറപ്പെടുന്നത്. കേരളത്തില്‍ ഇപ്പോള്‍ 1822 ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളുണ്ട്. അവയില്‍ 770 എണ്ണം സര്‍ക്കാര്‍ മേഖലയിലും 679 എണ്ണം എയ്ഡഡ് മേഖലയിലുമാണ്. 356 അണ്‍ എയ്ഡഡ് സ്‌കൂളുകളും 17 സാങ്കേതിക വിദ്യാലയങ്ങളുംകൂടി ചേരുമ്പോള്‍ ചിത്രം പൂര്‍ത്തിയാവുന്നു. ഇത്രയും വിദ്യാലയങ്ങളിലേക്ക് കഴിഞ്ഞവര്‍ഷം അഞ്ചുലക്ഷത്തോളം വിദ്യാര്‍ഥികള്‍ പ്രവേശനത്തിന് അപേക്ഷിച്ചിട്ടും അരലക്ഷം സീറ്റ് ഒഴിഞ്ഞുകിടന്നു. മെറിറ്റ്, മാനേജ്‌മെന്റ്-കമ്യൂണിറ്റി ക്വാട്ടകള്‍ , അണ്‍ എയ്ഡഡ് തുടങ്ങിയ വിഭാഗങ്ങളിലെല്ലാം സീറ്റുകള്‍ ഒഴിവുണ്ടായിരുന്നു. സാഹചര്യം ഇതായിട്ടും പഞ്ചായത്തിനൊരു പള്ളിക്കൂടമെന്ന പേരില്‍ സ്വകാര്യ മേഖലയില്‍ കൂടുതല്‍ വിദ്യാലയങ്ങള്‍ അനുവദിക്കാനുള്ള നീക്കം നമ്മുടെ പൊതുവിദ്യാഭ്യാസമണ്ഡലത്തെ തകര്‍ക്കാനേ ഉപകരിക്കൂ.
ഹയര്‍ സെക്കന്‍ഡറി സമ്പ്രദായം ആരംഭിച്ചപ്പോള്‍ത്തന്നെ കുട്ടികളുടെ എണ്ണം നോക്കിയായിരുന്നില്ല സ്‌കൂളുകള്‍ അനുവദിച്ചത്. ഓരോവര്‍ഷവും പത്താംതരം ജയിച്ചുവരുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനമാരംഭിക്കാന്‍ എത്ര വിദ്യാലയങ്ങളും സീറ്റുകളും ആവശ്യമാണ് എന്ന കണക്കെടുപ്പോ പഠനമോ നടത്താതെയാണ് പിന്നീടും സീറ്റുകള്‍ നല്‍കിയത്. പുതിയ വിദ്യാലയങ്ങള്‍ അനുവദിക്കുന്നതിനായി ഒരു സമിതിയെ നിയോഗിക്കുന്നുണ്ടെങ്കിലും ഭൗതിക സാഹചര്യങ്ങള്‍ വിലയിരുത്തുക മാത്രമാണ് അവര്‍ ചെയ്യുക. ആവശ്യത്തെക്കുറിച്ചുള്ള ശാസ്ത്രീയപഠനം ഉണ്ടാവുകയില്ലെന്ന് ചുരുക്കം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ പുതുതായി സ്‌കൂള്‍ അനുവദിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 148 പഞ്ചായത്തുകള്‍ അങ്ങനെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയില്‍ പലതിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളുണ്ട്. ഹയര്‍ സെക്കന്‍ഡറികളില്ലാത്ത പഞ്ചായത്തുകള്‍ എന്നത് സാങ്കേതികമായ വാദം മാത്രമാണ്. ഒറ്റതിരിഞ്ഞുകിടക്കുന്ന പ്രദേശങ്ങളല്ല കേരളത്തിലെ പഞ്ചായത്തുകളൊന്നും. അവയുടെ വിസ്തൃതിയും ഭീമമല്ല. തൊട്ടടുത്ത പഞ്ചായത്തുകളിലോ നഗരപരിധിയിലോ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന വിദ്യാലയങ്ങള്‍ ഉണ്ടെന്നതാണ് വാസ്തവം. അതുകൊണ്ടാണ് നേരത്തേതന്നെ ഇത്തരം പഞ്ചായത്തുകളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കാതിരുന്നത്. അധികദൂരത്തല്ലാതെ, നടന്നുതന്നെ പോകാവുന്ന അകലത്തില്‍ ആവശ്യമായത്രയും സീറ്റുകളോടുകൂടിയ വിദ്യാലയങ്ങള്‍ ഉള്ളപ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന പുത്തന്‍ വിദ്യാലയങ്ങള്‍ ആവശ്യമില്ലല്ലോ.
പുതുതായി അനുവദിക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ചേരാന്‍ കുട്ടികളുണ്ടാവുമോ എന്നാണ് പഠനം നടത്തേണ്ടത്. സ്‌കൂള്‍ വരാന്‍ പോകുന്ന പഞ്ചായത്തുകളില്‍ എത്ര കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നു, എത്രപേര്‍ പത്താംതരം ജയിച്ചു, എത്രപേര്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകും തുടങ്ങിയ കാര്യങ്ങള്‍ കണക്കാക്കിവേണം മുന്നോട്ടുപോകേണ്ടത്. അല്ലെങ്കില്‍ ഒഴിഞ്ഞുകിടക്കുന്ന ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ എണ്ണം ഇപ്പോഴത്തെ അരലക്ഷത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക് നീങ്ങുകയാവും ഫലം. ഈ വര്‍ഷം എസ്.എസ്.എല്‍.സി. ജയിച്ചു വരുന്ന നാലരലക്ഷം കുട്ടികള്‍ക്കായി അതിലധികം സീറ്റ് ഇപ്പോള്‍ത്തന്നെയുണ്ട്. വീണ്ടും വിദ്യാലയങ്ങള്‍ വന്നാല്‍ സീറ്റുകള്‍ ശൂന്യമായിക്കിടക്കുക സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മാത്രമല്ല, എയ്ഡഡ് മേഖലയിലുമാണ്. മറ്റൊരപകടം കൂടി ഭാവിയില്‍ ഉയര്‍ന്നുവരാനിടയുള്ളത് കണ്ടില്ലെന്നുനടിക്കരുത്. പുതിയ വിദ്യാലയങ്ങള്‍ക്കൊപ്പം അധ്യാപക, അനധ്യാപക നിയമനങ്ങളും നടക്കും. പഠിക്കാന്‍ വിദ്യാര്‍ഥികളില്ലാതായാല്‍ ഈ അധ്യാപകരെ പ്രൊട്ടക്ടഡ് അധ്യാപകരാക്കി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെടും. കനത്ത സാമ്പത്തിക ബാധ്യതയാണ് അതുവഴി ഉണ്ടാവുക. ഇപ്പോള്‍ത്തന്നെ സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് നിലവിലുള്ള ആ ബാധ്യത ഭാവിയില്‍ ഹയര്‍ സെക്കന്‍ഡറിയിലേക്കും വരാന്‍ മാത്രമേ ഈ പുതിയ നീക്കം സഹായിക്കൂ.
സാധാരണജനങ്ങള്‍ പഠിക്കുന്ന പൊതുവിദ്യാലയങ്ങളെ കൂടുതല്‍ ദരിദ്രമാക്കി തിരോഭവിപ്പിക്കാനും അതു വഴിതെളിക്കും. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുകയാവണം ഒരു ജനാധിപത്യഭരണകൂടത്തിന്റെ ആദ്യലക്ഷ്യം. എല്ലാവര്‍ക്കും തുല്യമായ വിദ്യാഭ്യാസവകാശം നല്‍കാന്‍ അങ്ങനെയെ പറ്റൂ. ആവശ്യമില്ലാത്ത വിദ്യാലയങ്ങള്‍ ഭാവിയില്‍ നികുതിപ്പണം തിന്നുതീര്‍ന്ന വെള്ളാനകളാവുന്നത് ദൂരക്കാഴ്ചയുണ്ടെങ്കില്‍ ഇപ്പോള്‍ത്തന്നെ തടയാം. ശാസ്ത്രീയമായ പഠനം നടത്തി ആവശ്യകത മനസ്സിലാക്കിമാത്രം വിദ്യാലയങ്ങള്‍ അനുവദിക്കാന്‍ തീരുമാനിക്കുകയാണ് ആ ശരിമാര്‍ഗം.
മാതൃഭൂമി 21-05-13
No comments:
Post a Comment