മുഖപ്രസംഗം May 14- 2013
നവലിബറല്‍ ക്രമവും അഴിമതിയും (മാധ്യമം)
രണ്ട് കേന്ദ്രമന്ത്രിമാരുടെ രാജിയിലേക്ക് നയിച്ച അഴിമതിക്കഥകള്‍ രാജ്യത്തിന് നല്‍കുന്ന ഗുണപാഠമെന്താണ്? ഒന്നാമതായി, ഭരണകക്ഷികളില്‍ അഴിമതി ഒരു അപഭ്രംശമല്ല, മറിച്ചൊരു പതിവുതന്നെയായി മാറിയിരിക്കുന്നു എന്ന്. മാത്രമല്ല, ഭരണകക്ഷിക്കു പുറമെ മുഖ്യ പ്രതിപക്ഷ കക്ഷിയടക്കം മിക്ക പാര്‍ട്ടികളും ഇതേ രീതി അവലംബിക്കുന്നവരാണ് എന്ന്. മൂന്നാമതായി, പാര്‍ട്ടികള്‍ മാത്രമല്ല വ്യവസ്ഥിതിതന്നെ കൊള്ളക്കാര്‍ക്കും അഴിമതിക്കാര്‍ക്കുമായി പരുവപ്പെട്ടുകഴിഞ്ഞു എന്ന്. കര്‍ണാടകത്തിലെ അഴിമതി ഭരണത്തിനേറ്റ പരാജയം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ബി.ജെ.പിയെ കളിയാക്കുമ്പോള്‍ കേന്ദ്രത്തിന് നിരന്തരം നേരിടേണ്ടിവരുന്ന കുംഭകോണ ആരോപണങ്ങള്‍ എടുത്തുപറഞ്ഞ് ബി.ജെ.പി തിരിച്ചടിക്കുന്നു. ഇപ്പോള്‍ ബി.ജെ.പി ജയില്‍നിറക്കല്‍ സമരവും പ്രഖ്യാപിച്ചിരിക്കുന്നു.
നവലിബറല്‍ ക്രമവും അഴിമതിയും
രണ്ട് കേന്ദ്രമന്ത്രിമാരുടെ രാജിയിലേക്ക് നയിച്ച അഴിമതിക്കഥകള്‍ രാജ്യത്തിന് നല്‍കുന്ന ഗുണപാഠമെന്താണ്? ഒന്നാമതായി, ഭരണകക്ഷികളില്‍ അഴിമതി ഒരു അപഭ്രംശമല്ല, മറിച്ചൊരു പതിവുതന്നെയായി മാറിയിരിക്കുന്നു എന്ന്. മാത്രമല്ല, ഭരണകക്ഷിക്കു പുറമെ മുഖ്യ പ്രതിപക്ഷ കക്ഷിയടക്കം മിക്ക പാര്‍ട്ടികളും ഇതേ രീതി അവലംബിക്കുന്നവരാണ് എന്ന്. മൂന്നാമതായി, പാര്‍ട്ടികള്‍ മാത്രമല്ല വ്യവസ്ഥിതിതന്നെ കൊള്ളക്കാര്‍ക്കും അഴിമതിക്കാര്‍ക്കുമായി പരുവപ്പെട്ടുകഴിഞ്ഞു എന്ന്. കര്‍ണാടകത്തിലെ അഴിമതി ഭരണത്തിനേറ്റ പരാജയം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ബി.ജെ.പിയെ കളിയാക്കുമ്പോള്‍ കേന്ദ്രത്തിന് നിരന്തരം നേരിടേണ്ടിവരുന്ന കുംഭകോണ ആരോപണങ്ങള്‍ എടുത്തുപറഞ്ഞ് ബി.ജെ.പി തിരിച്ചടിക്കുന്നു. ഇപ്പോള്‍ ബി.ജെ.പി ജയില്‍നിറക്കല്‍ സമരവും പ്രഖ്യാപിച്ചിരിക്കുന്നു. 550 ലക്ഷം കോടി രൂപയുടെ അഴിമതിക്കഥകളോടെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ദുഷിച്ച സര്‍ക്കാറായിട്ടാണ് ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ് യു.പി.എ സര്‍ക്കാറിനെ വിശേഷിപ്പിക്കുന്നത്.
ശരിക്കും കണക്കെടുത്താല്‍ ഒന്നാം സ്ഥാനം ആര്‍ക്കെന്ന് തീര്‍ച്ചപ്പെടുത്തുക അത്ര എളുപ്പമാവില്ല. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപ്പാടം, ഹെലികോപ്ടര്‍ ഇടപാട് തുടങ്ങിയ വന്‍ അഴിമതികള്‍ യു.പി.എയുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ മാത്രം ‘നേട്ട’ങ്ങളാണ്. മന്ത്രിമാര്‍ അഴിമതി നടത്തുക മാത്രമല്ല, അന്വേഷണത്തില്‍ ഇടപെടുകവരെ ചെയ്തു. 2ജി സ്പെക്ട്രം വിതരണത്തിലും കല്‍ക്കരിപ്പാടം വിതരണത്തിലും പ്രധാനമന്ത്രിയുടെ ഓഫിസ് വരെ നീളുന്നു സംശയത്തിന്‍െറ മുന. സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍െറ കരട് നിയമമന്ത്രി ചോദിച്ചുവാങ്ങുന്നു. സി.ബി.ഐ ഡയറക്ടര്‍ പരിചാരകന്‍െറ അനുസരണശീലത്തോടെ അത് നല്‍കുന്നു. മന്ത്രിയും കല്‍ക്കരി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പ്രധാനമന്ത്രി കാര്യാലയത്തിലുള്ള ചിലരും ചേര്‍ന്ന് റിപ്പോര്‍ട്ടില്‍ വെട്ടും തിരുത്തും മാറ്റവും വരുത്തുന്നു. വ്യക്തിതലത്തിലല്ല, സംവിധാനങ്ങളിലും വ്യവസ്ഥിതിയിലുമാണ് അഴിമതി രോഗാണു ബാധിച്ചത് എന്നര്‍ഥം. പ്രധാനമന്ത്രിയുടെ ഓഫിസ്, മന്ത്രികാര്യാലയങ്ങള്‍ എന്നിവ മാത്രമല്ല പങ്കാളികള്‍. സി.ബി.ഐ എന്ന ‘സ്വതന്ത്ര’ സംവിധാനം ‘കൂട്ടിലെ തത്ത’യായിരിക്കുന്നു. അഡ്വക്കറ്റ് ജനറല്‍ എന്ന ഭരണഘടനാ പദവിയും അഴിമതിക്ക് കൂട്ടാകുന്നു. ഭോപാല്‍-ബോഫോഴ്സ് കേസുകളില്‍ കെ. പരാശരനും നരസിംഹറാവു ഭരണത്തിലെ കോര്‍പറേറ്റ് കുംഭകോണങ്ങളില്‍ ജി. രാമസ്വാമിയുമെന്നപോലെ ഇപ്പോള്‍ വഹന്‍വതിയും അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തെ തരംതാഴ്ത്തിയിരിക്കുന്നു. സുപ്രീംകോടതിയില്‍ കള്ളംപറയുകവരെ ചെയ്തു അദ്ദേഹം. പവന്‍കുമാര്‍ ബന്‍സല്‍ റെയില്‍വേ മന്ത്രിയായിരിക്കെ മരുമകന്‍ സിംഗ്ള 10 കോടി രൂപയുടെ അഴിമതിയില്‍ പങ്കാളിയായതും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല -നമ്മുടെ ഭരണഘടനാ സംവിധാനങ്ങള്‍ മുതല്‍ കല്‍ക്കരിപ്പാടങ്ങളും റെയില്‍വേയുമടക്കം എല്ലാം സ്വകാര്യ താല്‍പര്യക്കാര്‍ക്കായി സൗകര്യപ്പെടുത്തുന്ന ജോലിയാണ് സര്‍ക്കാറുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനെ ചെറുക്കാനും തിരുത്താനും കഴിയേണ്ടിയിരുന്ന സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെ.പി.സി) എന്ന സംവിധാനവും ഇന്ന് വിശ്വാസ്യത നഷ്ടപ്പെട്ട രാഷ്ട്രീയ ചട്ടുകമായിരിക്കുന്നു. പാര്‍ലമെന്‍റ് തന്നെയും നിരന്തരം തടസ്സപ്പെടുന്നു.
പൊതുമുതല്‍ കൊള്ളയടിക്കുന്ന ഭരണവര്‍ഗങ്ങളുടെ കൂട്ടത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കല്ലതാനും. ലേലം കൂടാതെ സ്വകാര്യ സംരംഭകര്‍ക്ക് കൈമാറിയ കൂടുതല്‍ കല്‍ക്കരിപ്പാടങ്ങളും എന്‍.ഡി.എ ഭരണത്തിലുള്ള സംസ്ഥാനങ്ങളിലേതാണ്. ഇതുസംബന്ധിച്ച നിയമം (എം.എം.ഡി.ആര്‍ ആക്ട്) അനുസരിച്ച് പാടം അനുവദിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിനാണ് -കേന്ദ്ര ചട്ടങ്ങള്‍ക്കനുസൃതമായാണ് അനുമതി എന്ന് ഉറപ്പുവരുത്തുക മാത്രമാണ് കേന്ദ്രം ചെയ്യുന്നത്. ആ ഘട്ടത്തില്‍ കേന്ദ്രം വരുത്തിയ ഗുരുതരമായ വീഴ്ചകള്‍ കാട്ടി സംസ്ഥാന സര്‍ക്കാറുകളുടെ പങ്ക് കുറച്ചുകാണേണ്ടതല്ല. ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ്, ഒഡിഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ടാറ്റ, എസ്സാര്‍, ജിന്‍ഡാല്‍ തുടങ്ങിയവക്ക് കല്‍ക്കരി സമ്പത്ത് കൈമാറുന്നതില്‍ മുന്നിട്ടുനിന്നത്.
ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി നിക്ഷേപമുള്ള ഇന്ത്യയില്‍ അതിന്‍െറ അഞ്ചിലൊന്നാണ് ഇങ്ങനെ സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് നല്‍കിയത്. ഈ ‘സ്വകാര്യ’ പ്രീണനത്തില്‍ ബി.ജെ.പി പിന്നിലല്ല. 1991ല്‍ നവലിബറല്‍ നയങ്ങള്‍ തുടങ്ങിയശേഷം പൊതുസമ്പത്ത് കുറഞ്ഞവിലക്ക് കൈമാറുന്ന രീതി വന്‍തോതില്‍ നടപ്പാക്കിത്തുടങ്ങിയത് 1998-2004 കാലത്തെ എന്‍.ഡി.എ ഭരണത്തിലാണ്. കര്‍ണാടകയില്‍ റെഡ്ഡി സഹോദരന്മാര്‍ പൊതുമുതല്‍ കൊള്ളയടിച്ചത് ബി.ജെ.പി ഭരണത്തിലാണ്. ഉത്തരഖണ്ഡില്‍ ബി.ജെ.പി മുഖ്യന്‍ പൊഖ്റിയാലിന്‍െറ സര്‍ക്കാര്‍ ജലവൈദ്യുതി നിലയങ്ങളും ഫാക്ടറി ഭൂമിയും മറ്റും ഉദാരമായി സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് നല്‍കി. പഞ്ചാബില്‍ മൂന്നു മന്ത്രിമാരെ ബി.ജെ.പി രാജിവെപ്പിച്ചത് വര്‍ധിച്ച അഴിമതി കാരണമാണ്. ഛത്തിസ്ഗഢിലും മോശമല്ല കാര്യങ്ങള്‍. ഗുജറാത്തിലെ ‘മാതൃകാഭരണം’ അഴിമതിവിരുദ്ധ ഓംബുഡ്സ്മാനെ നിയമിക്കണമെന്ന പാര്‍ട്ടി നിര്‍ദേശംപോലും നടപ്പാക്കിയില്ല. ഏതെങ്കിലും അഴിമതിക്കേസല്ല, അഴിമതി സംസ്കാരമാണ് നമ്മെ വരിഞ്ഞുമുറുക്കുന്നത്. അത് പാര്‍ട്ടി ഭേദമില്ലാത്തവിധം വ്യാപകമാണ്. സ്വകാര്യ മേഖലയുടെ ‘കാര്യക്ഷമത’ക്ക് ഇടനിലക്കാരായി മാറിയിരിക്കുന്നു സര്‍ക്കാറുകളും മന്ത്രിമാരും. നവലിബറല്‍ നയങ്ങളുടെ അടിത്തറയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.
No comments:
Post a Comment