മുഖപ്രസംഗം May 07- 2013
1. ഇസ്രായേല്‍ യുദ്ധക്കളി തുടങ്ങുന്നു (മാധ്യമം)
സിറിയയില്‍ വ്യോമാക്രമണം ആവര്‍ത്തിച്ചുകൊണ്ട് ഇസ്രായേല്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ചിരിക്കുന്നു. ഡമസ്കസ് നഗരപരിസരത്തെ സൈനിക ഗവേഷണ കേന്ദ്രത്തിനുനേരെ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു നിരവധി പോര്‍വിമാനങ്ങള്‍ പങ്കെടുത്ത ആക്രമണം. ലബനാനില്‍ ഹിസ്ബുല്ല പോരാളികള്‍ക്ക് കൈമാറാനായി കൊണ്ടുപോയ ഇറാന്‍ നിര്‍മിത മിസൈലുകളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ മറ്റൊരു ആക്രമണം ലബനാനിലേക്കുള്ള റോക്കറ്റുകള്‍ ഉന്നമിട്ടാണ് എന്നായിരുന്നു വിശദീകരണം.
2. ഗുരുവിനെ ഇനിയും ലഘുവാക്കരുത് (മനോരമ)
ഗുരുവിനൊപ്പം താമസിച്ച്, അടുത്തിരുന്നു വിദ്യ നേടിയ കാലമല്ലിത്. കേട്ടതൊക്കെ മനഃപാഠമാക്കേണ്ട രീതിയുമnല്ല ഇപ്പോള്‍. പുതിയ കാലത്തിന് അനുയോജ്യമായി ഉള്ളറിഞ്ഞു പഠിപ്പിക്കുന്നവരെ പാഠം പഠിപ്പിക്കാന്‍ എന്നിട്ടും സാഹചര്യങ്ങള്‍ മല്‍സരിക്കുന്നതു നിര്‍ഭാഗ്യകരം തന്നെ. പുതുതലമുറയെ പ്രതീക്ഷയുടെ ഭാവിയിലേക്കു കരുതലോടെ കൈപിടിച്ചു നടത്തുന്ന അധ്യാപകരുടെ ദുരിതങ്ങളും സങ്കടങ്ങളും അതു കാണേണ്ടവര്‍ കാണാതെപോകുന്നു.
3. കള്ളപ്പണത്തിന്റെ പറുദീസ (മാത്രുഭൂമി)
വലിയ അഴിമതികളുടെയും കൈക്കൂലികളുടെയും നികുതി വെട്ടിപ്പുകളുടെയുമൊക്കെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയാത്ത ദിവസങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലമാണിത്. അനധികൃതവും നിയമവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ സ്വരൂപിക്കപ്പെടുന്ന ഈ മൂലധനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയാകെത്തന്നെ താറുമാറാക്കിക്കൊണ്ടിരിക്കുന്നതിനെച്ചൊല്ലിയുള്ള മുറവിളികള്‍ പൊതുസമൂഹം അവിരാമം തുടരുകയാണ്. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസത്തില്‍മാത്രം ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടുത്തിയിട്ടില്ലാത്ത 1,400 കോടിരൂപയുടെ സ്വത്തുക്കളും വരുമാനവുമാണ് കണ്ടെത്തിയിട്ടുള്ളത്. സംശയകരമായ സാഹചര്യത്തില്‍ നടന്ന 32,000 ബാങ്കിടപാടുകളെക്കുറിച്ച് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് നപ്രത്യക്ഷനികുതി ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയായിരുന്നു ഈ അന്വേഷണം.
ഇസ്രായേല്‍ യുദ്ധക്കളി തുടങ്ങുന്നു
സിറിയയില്‍ വ്യോമാക്രമണം ആവര്‍ത്തിച്ചുകൊണ്ട് ഇസ്രായേല്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ചിരിക്കുന്നു. ഡമസ്കസ് നഗരപരിസരത്തെ സൈനിക ഗവേഷണ കേന്ദ്രത്തിനുനേരെ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു നിരവധി പോര്‍വിമാനങ്ങള്‍ പങ്കെടുത്ത ആക്രമണം. ലബനാനില്‍ ഹിസ്ബുല്ല പോരാളികള്‍ക്ക് കൈമാറാനായി കൊണ്ടുപോയ ഇറാന്‍ നിര്‍മിത മിസൈലുകളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ മറ്റൊരു ആക്രമണം ലബനാനിലേക്കുള്ള റോക്കറ്റുകള്‍ ഉന്നമിട്ടാണ് എന്നായിരുന്നു വിശദീകരണം. അതേസമയം, വാസ്തവത്തില്‍ നാശമുണ്ടായത് സിറിയയുടെ സൈനിക സ്ഥാപനങ്ങള്‍ക്കാണ് എന്നത് സൂചിപ്പിക്കുന്നത്, ഇസ്രായേല്‍ പതിവുപോലെ തെറ്റിദ്ധാരണ പരത്തി യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നു എന്നുതന്നെ. സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ ഇടപെട്ട് മുതലെടുപ്പു നടത്താനും അമേരിക്കയെക്കൂടി ഇടപെടുവിക്കാനും ഇസ്രായേലിന് ഉദ്ദേശ്യമുണ്ടാവാമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇറാന്‍-സിറിയ-ഹിസ്ബുല്ല കൂട്ടുകെട്ട് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഹാനികരമാണെന്ന് തിരിച്ചറിഞ്ഞ ഇസ്രായേല്‍ ആയുധക്കടത്ത് തടയാന്‍ സ്വീകരിക്കുന്ന നടപടികളെ കുറ്റപ്പെടുത്താനാവില്ലെന്നാണ് യു.എസ് വക്താവ് പ്രതികരിച്ചത്. ആക്രമണത്തെപ്പറ്റി അമേരിക്കക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നിരിക്കാമെന്ന് സൂചിപ്പിക്കുന്നുണ്ട്. സിറിയയില്‍ ബശ്ശാര്‍ അല്‍അസദിനെതിരായി നടക്കുന്ന ചെറുത്തുനില്‍പില്‍ കക്ഷിചേരില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, യു.എസ് പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍ ഇപ്പോള്‍ പറയുന്നത് സിറിയന്‍ വിമതര്‍ക്ക് ആയുധം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നാണ്.
ഇസ്രായേലിന്‍െറ ആക്രമണം രണ്ട് ഭീഷണികള്‍ ഉയര്‍ത്തുന്നു. യുദ്ധം വ്യാപിക്കാനുള്ള സാധ്യതയാണ് ഒന്ന്. വ്യോമാക്രമണത്തെ യുദ്ധപ്രഖ്യാപനം തന്നെയായി വിലയിരുത്തുന്നതില്‍ ശരിയുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണീ ആക്രമണം. തിരിച്ചടിക്കാന്‍ സിറിയ തീരുമാനിക്കുകയാണെങ്കില്‍ ഒരു വന്‍ യുദ്ധമാണ് സംഭവിക്കുക. ലബനാനും ജോര്‍ഡനും ഇറാനും മറ്റും അതില്‍ ഭാഗഭാക്കായെന്ന് വരും. ഇത്തരമൊരു യുദ്ധം സിറിയയിലെ ജനാധിപത്യവാദികളായ വിമതര്‍ക്ക് സഹായകമാവാനല്ല, മേഖലയില്‍ വന്‍ദുരന്തം വിതക്കാനും ലോകസമ്പദ്ഘടനക്ക് കൂടുതല്‍ ആഘാതം സൃഷ്ടിക്കാനുമാണ് സാധ്യത. രണ്ടാമത്തെ ഭീഷണി, ഇസ്രായേലിനും അമേരിക്കക്കും സിറിയയില്‍ നേരിട്ട് കടന്നുകയറാന്‍ വഴിതുറന്നേക്കുമെന്നതാണ്. ഇത്തരം ഇടപെടല്‍ അന്തിമമായി സാമ്രാജ്യത്വവികസനത്തിലേക്കും അതുണ്ടാക്കാവുന്ന ദുരന്തങ്ങളിലേക്കും നയിക്കും. അഫ്ഗാനിസ്താനിലും ഇറാഖിലും മറ്റും സംഭവിച്ചതുപോലെ ജനാധിപത്യ സാധ്യതകളെ അട്ടിമറിച്ച് യു.എസ് പാവകളെ അധികാരത്തിലിരുത്താന്‍ സൗകര്യമൊരുങ്ങും.
നിര്‍ഭാഗ്യവശാല്‍ ന്യായബോധമോ ലോകാഭിപ്രായമോ സമാധാനവാഞ്ഛയോ ഒന്നുമല്ല ഇസ്രായേലിനെ നയിക്കുന്നത്. അമേരിക്കയുടെ അന്ധമായ പിന്തുണയുടെ ബലത്തില്‍ നിയമങ്ങളും മര്യാദകളും ലംഘിച്ച് ശീലിച്ചതാണ് ആ രാജ്യം. സിറിയയിലെ ജനാധിപത്യ പോരാട്ടങ്ങള്‍ ദുര്‍ബലപ്പെടാനും ഇസ്രായേല്‍-യു.എസ് ഇടപെടലിനെതിരെ ബശ്ശാറുമായി യോജിക്കാന്‍ വിമതര്‍ നിര്‍ബന്ധിതരാകാനും പുതിയ സാഹചര്യം ഇടവരുത്തുമോ എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. സിറിയയില്‍ ഭരണമാറ്റം വേണമെന്ന് ശക്തമായി വാദിക്കുന്ന ഈജിപ്തും അറബ് ലീഗും ഇസ്രായേലി ആക്രമണത്തെ തുറന്ന് അപലപിച്ചിരിക്കുകയാണ്. ആ നിലക്ക് നോക്കുമ്പോള്‍, ബശ്ശാര്‍ ഭരണകൂടത്തിന് ഇസ്രായേലില്‍നിന്നു കിട്ടിയ ചെറുസഹായമായി ഭവിക്കും വ്യോമാക്രമണം. സങ്കീര്‍ണമായ സിറിയന്‍ രാഷ്ട്രീയത്തെയും രാഷ്ട്രാന്തരീയ ബന്ധങ്ങളെയും പുതിയ സംഭവവികാസങ്ങള്‍ എത്ര, എങ്ങനെ, ബാധിക്കുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ.
യു.എസ് നേതൃത്വത്തില്‍ സിറിയക്കെതിരെ വ്യോമാക്രമണങ്ങള്‍ തുടങ്ങാനായി സമ്മര്‍ദം ശക്തിപ്പെടുന്നതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ ആക്രമണത്തിനു മുമ്പുതന്നെ യു.എസ്, ബ്രിട്ടീഷ്, ഫ്രഞ്ച് വിദേശകാര്യ ഉദ്യോഗസ്ഥര്‍ തമ്മില്‍ രഹസ്യമായി ഇത് ചര്‍ച്ച ചെയ്തിരുന്നുവെന്ന് ‘ന്യൂയോര്‍ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഭ്യന്തരയുദ്ധത്തില്‍ ബലം നഷ്ടപ്പെട്ട സിറിയന്‍ ഭരണകൂടത്തെ പരാജയപ്പെടുത്താന്‍ എളുപ്പമാണെന്ന് അവര്‍ കരുതുന്നുവത്രെ. ഇത്തരം പ്രതിസന്ധിയില്‍ സമാധാനത്തിനായി ശ്രമിക്കേണ്ട ഐക്യരാഷ്ട്രസഭ വെറുമൊരു പ്രസ്താവനാ പ്രസ്ഥാനമായിപ്പോയിരിക്കുന്നു. യു.എന്‍ സെക്രട്ടറി ജനറല്‍ പുതിയ സാഹചര്യത്തെപ്പറ്റി ശങ്ക പ്രകടിപ്പിച്ചെങ്കിലും ആക്രമണകാരിയായ ഇസ്രായേലിനെ കുറ്റപ്പെടുത്താന്‍ തയാറായിട്ടില്ല. സിറിയ രാസായുധങ്ങള്‍ പ്രയോഗിച്ചുവെന്ന് തെളിഞ്ഞാല്‍ അമേരിക്ക ഇടപെടുമെന്ന് പ്രസിഡന്‍റ് ഒബാമ പറഞ്ഞിരുന്നു. എന്നാല്‍, യു.എന്‍ നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമീഷന്‍ പറയുന്നത് രാസായുദ്ധത്തിനു തെളിവുകളില്ല എന്നാണ്. യു.എസിന് ഇടപെടാന്‍ പഴുതില്ലാതിരിക്കെയാണ് അതിനവരെ പ്രേരിപ്പിക്കുമാറ് ഇസ്രായേല്‍ ആക്രമണം നടത്തിയത് എന്നത് ഒരു ഒത്തുകളിയുടെ സൂചനകൂടിയാവുമോ?
ഗുരുവിനെ ഇനിയും ലഘുവാക്കരുത്
ഗുരുവിനൊപ്പം താമസിച്ച്, അടുത്തിരുന്നു വിദ്യ നേടിയ കാലമല്ലിത്. കേട്ടതൊക്കെ മനഃപാഠമാക്കേണ്ട രീതിയുമnല്ല ഇപ്പോള്‍. പുതിയ കാലത്തിന് അനുയോജ്യമായി ഉള്ളറിഞ്ഞു പഠിപ്പിക്കുന്നവരെ പാഠം പഠിപ്പിക്കാന്‍ എന്നിട്ടും സാഹചര്യങ്ങള്‍ മല്‍സരിക്കുന്നതു നിര്‍ഭാഗ്യകരം തന്നെ. പുതുതലമുറയെ പ്രതീക്ഷയുടെ ഭാവിയിലേക്കു കരുതലോടെ കൈപിടിച്ചു നടത്തുന്ന അധ്യാപകരുടെ ദുരിതങ്ങളും സങ്കടങ്ങളും അതു കാണേണ്ടവര്‍ കാണാതെപോകുന്നു.
മലയാള മനോരമ പ്രസിദ്ധീകരിച്ച 'ഗുരുവേ മാപ്പ് എന്ന പരമ്പര ഈ വിഷയങ്ങളിലുള്ള അന്വേഷണമായിരുന്നു. നല്ല വസ്ത്രം, ആഹാരം, ശുചിത്വം എന്നൊക്കെ കുട്ടികള്‍ക്ക് അടിസ്ഥാന പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്ന അധ്യാപകര്‍ക്കു നല്ലൊരു ജീവിതം നയിക്കാനുള്ള വേതനം നല്‍കാത്ത ചില സ്കൂളുകള്‍ ഉത്തരം പറയേണ്ടതു കാലത്തിനു മുന്നിലല്ലേ? ഇച്ഛാഭംഗങ്ങളില്‍ നിന്നുണ്ടായ നിസ്സംഗതയോടെ കേരളത്തിലെ അണ്‍എയ്ഡഡ് സ്കൂളുകളില്‍ അധ്യാപനം നടത്തുന്നവരില്‍നിന്നു വലിയ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാവുന്ന തലമുറയെ വാര്‍ത്തെടുക്കുന്നതെങ്ങനെ?
ശമ്പളം നല്‍കാന്‍പോലും കയ്യനക്കേണ്ടി വരാത്ത എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരില്‍ ഒരു വിഭാഗമാകട്ടെ, ആ കൈ ഉപയോഗിക്കുന്നതു വിരോധമുള്ള അധ്യാപകരുടെ സസ്പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പിടാന്‍ മാത്രമാണെന്നാണു പരാതി. സ്കൂള്‍ നടത്തിപ്പില്‍ പ്രധാനാധ്യാപകനോ പ്രിന്‍സിപ്പലോ ആണു പ്രധാനിയെങ്കിലും തോന്നിയ കോഴത്തുക വാങ്ങി അധ്യാപകനെ നിയമിക്കാനും തോന്നുമ്പോഴൊക്കെ സസ്പെന്‍ഡ് ചെയ്യാനും മാനേജര്‍ക്കാവും.
ഇഷ്ടക്കാരെ രക്ഷിക്കാനും ഇഷ്ടമില്ലാത്തവരെ ശിക്ഷിക്കാനും തോന്നിയപോലെ ഉപയോഗിക്കുന്ന ഇൌ സസ്പെന്‍ഷന്‍ ആയുധം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ ശാപമാണെന്നു പറയാതെ വയ്യ. അധ്യാപകരുടെ സംരക്ഷണമാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇത്തരം തന്നിഷ്ടങ്ങള്‍ സ്കൂളില്‍നിന്ന് ഒഴിവാക്കിയാവണം അധ്യാപകര്‍ക്കായി പ്രഖ്യാപിച്ച പാക്കേജ് കുറ്റമറ്റതാക്കേണ്ടത്. അധ്യാപകര്‍ ആരെയും ഭയപ്പെടേണ്ട കാര്യമില്ലെന്ന്, മനോരമ പരമ്പരയോടു പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞത് പ്രതീക്ഷയോടെ ഇതോടുചേര്‍ക്കാം.
സ്കൂളുകളുടെ നടത്തിപ്പു ചുമതലയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പിടിഎയ്ക്കും കൂടുതല്‍ അധികാരം നല്‍കിയത് വിദ്യാഭ്യാസ നിലവാരത്തിന്റെ മെച്ചം ലക്ഷ്യമിട്ടായിരുന്നു; സ്ഥിരം നിരീക്ഷണത്തിനു സാഹചര്യമൊരുക്കാനുമായിരുന്നു. പക്ഷേ, ഫലമുണ്ടായതു തിരിച്ചാണ്. കിട്ടിയ പരിമിതമായ അധികാരം പോലും പരമാധികാരമെന്നു നിനച്ച ചില തദ്ദേശ പ്രതിനിധികളും പിടിഎ ഭാരവാഹികളും അധ്യാപകരെ കയറി ഭരിക്കുകയാണ്. സമ്മര്‍ദത്തിന്റെ മറ്റൊരു തലം കൂടി അധ്യാപകരുടെ തലയില്‍ വന്നു വീഴുന്നതു മിച്ചം.
ക്ളാസില്‍ പോകാന്‍ നേരമില്ലാതെ നട്ടംതിരിയുകയാണു നമ്മുടെ അധ്യാപകസമൂഹം. റജിസ്റ്ററുകള്‍ തയാറാക്കാനും ഉച്ചഭക്ഷണ നടത്തിപ്പിനും കലോല്‍സവം കൈകാര്യം ചെയ്യാനുമൊക്കെയാണു പഠിപ്പിക്കേണ്ട സമയത്തിന്റെ പകുതിയിലേറെ നഷ്ടപ്പെടുന്നത്. പാഠ്യേതര പ്രവര്‍ത്തനങ്ങളുടെയും സ്കൂളിലെ ഭരണപരമായ കാര്യങ്ങളുടെയും ചുമതല അധ്യാപകന്റെ തലയ്ക്കിടുമ്പോള്‍ നമ്മുടെ കുട്ടികളുടെ വിലപ്പെട്ട പഠനസമയമാണു നഷ്ടമാകുന്നത്. 200 സാധ്യായ ദിവസങ്ങളെന്ന ലക്ഷ്യം കൃത്യമായി നടപ്പാക്കണമെന്ന് അധ്യയനവര്‍ഷാരംഭത്തില്‍ സര്‍ക്കുലര്‍ ഇറക്കിയതുകൊണ്ടു മാത്രം കാര്യമില്ല.
ദേശീയതലത്തിലെ വിദ്യാഭ്യാസ മാര്‍ഗരേഖകളില്‍നിന്ന് ഏറെ അകലെയാണ് ഇപ്പോഴും കേരളം. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ നിര്‍ദേശങ്ങളില്‍ പലതും നടപ്പാക്കാതെ നീളുകയുമാണ്. അധ്യാപക പാക്കേജിന്റെ ഭാവിയും അനിശ്ചിതത്വത്തില്‍ തന്നെ. പ്രായോഗികതയ്ക്കാണു വിദ്യാഭ്യാസ മേഖലയില്‍ മുന്‍ഗണന എന്നിരിക്കേ, അതില്‍ ഏറ്റവും പ്രധാനം നല്ല പഠനാന്തരീക്ഷം സൃഷ്ടിക്കലാണ്. ഇതിനായി നമുക്കുണ്ടാവേണ്ടത് സംതൃപ്തരായ അധ്യാപക സമൂഹമാണെന്നു മറന്നുകൂടാ. അടുത്ത അധ്യയനവര്‍ഷത്തിലെങ്കിലും ഇൌ ലക്ഷ്യത്തിലേക്കുള്ള സഞ്ചാരമാര്‍ഗം തെളിയട്ടെ.
കള്ളപ്പണത്തിന്റെ പറുദീസ
വലിയ അഴിമതികളുടെയും കൈക്കൂലികളുടെയും നികുതി വെട്ടിപ്പുകളുടെയുമൊക്കെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയാത്ത ദിവസങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലമാണിത്. അനധികൃതവും നിയമവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ സ്വരൂപിക്കപ്പെടുന്ന ഈ മൂലധനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയാകെത്തന്നെ താറുമാറാക്കിക്കൊണ്ടിരിക്കുന്നതിനെച്ചൊല്ലിയുള്ള മുറവിളികള്‍ പൊതുസമൂഹം അവിരാമം തുടരുകയാണ്. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസത്തില്‍മാത്രം ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടുത്തിയിട്ടില്ലാത്ത 1,400 കോടിരൂപയുടെ സ്വത്തുക്കളും വരുമാനവുമാണ് കണ്ടെത്തിയിട്ടുള്ളത്. സംശയകരമായ സാഹചര്യത്തില്‍ നടന്ന 32,000 ബാങ്കിടപാടുകളെക്കുറിച്ച് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് നപ്രത്യക്ഷനികുതി ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയായിരുന്നു ഈ അന്വേഷണം. പത്തുലക്ഷമോ അതിലേറെയോ വരുന്ന തുകകളുടെ ഇടപാടുകളായിരുന്നു ഇവ. കള്ളപ്പണം രാജ്യത്തെ ചൂഴ്ന്നുനില്ക്കുന്ന ഏറ്റവും വലിയൊരു വിപത്തായി മാറിയിരിക്കുന്ന അവസ്ഥയിലേക്ക് ഇത് വിരല്‍ചൂണ്ടുന്നുണ്ട്.
കള്ളപ്പണത്തിന്റെ കാര്യത്തില്‍ വികസ്വര രാജ്യങ്ങളില്‍ ഇന്ത്യ എട്ടാംസ്ഥാനത്താണ്. ഗ്ലോബല്‍ ഫിനാന്‍സ് ഇന്റഗ്രിറ്റിയുടെ 2010-ലെ ഒരു പഠന റിപ്പോര്‍ട്ടില്‍ 2001-2010 കാലത്ത് 8,720 കോടി രൂപയുടെ കള്ളപ്പണമാണ് ഇന്ത്യയില്‍ നിന്ന് ഒഴുകിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിന്ന് 1947 -2010 കാലത്ത് 12.53 ലക്ഷം കോടി രൂപയുടെ കള്ളപ്പണം പുറത്തേക്കൊഴുകിയതായാണ് കണക്ക്. ആഗോളീകരണം ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ 1991 മുതല്‍ക്കാണ് ഈ ഒഴുക്ക് അനിയന്ത്രിതമായത്. 2011-ല്‍ 782 ഇന്ത്യക്കാരുടെ സ്വിസ്ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാറിന് കിട്ടിയെങ്കിലും ധനമന്ത്രാലയം അത് പുറത്തുവിടാന്‍ വിസമ്മതിക്കുകയാണുണ്ടായത്. 2012 മെയില്‍ ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ 2010 ഒടുവില്‍ വരെ ഇന്ത്യക്കാരുടെ സ്വിസ്ബാങ്ക് നിക്ഷേപം 9,295 കോടി രൂപയാണെന്നാണ് വെളിവാക്കിയത്. ഈ കണക്കുകളിലെല്ലാം വെളിവാക്കപ്പെടാത്ത വാസ്തവങ്ങള്‍ ഇഴുകിച്ചേര്‍ന്നു കിടപ്പുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ നടക്കുന്ന ചര്‍ച്ചകളിലും മറ്റും ഇത് 70 ലക്ഷം കോടിരൂപയാണ്. 180 ലോക രാഷ്ട്രങ്ങളില്‍ ഈ കണക്ക് ഇന്ത്യയെ മുന്‍പന്തിയിലെത്തിക്കുന്നുണ്ട്; കള്ളപ്പണ ഉത്പാദനത്തിന്റെ പറുദീസയാക്കുന്നുമുണ്ട്.
കള്ളപ്പണം പുറത്തേക്ക് ഒഴുകുന്നത് തടയുന്ന കാര്യത്തില്‍ മാറിമാറിവരുന്ന സര്‍ക്കാറുകള്‍ക്ക് കാര്യമായി ഒന്നുംതന്നെ ചെയ്യാനാവാറില്ലെന്നതാണ് ഈ വിഷയത്തില്‍ പൊതുസമൂഹത്തിനുള്ള കടുത്ത ആശങ്കയുടെ അടിസ്ഥാനം. 1947 മുതല്‍ ഇന്ത്യയില്‍ നിന്ന് ഒഴുകിയ കള്ളപ്പണം തിരിച്ചുപിടിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ഒരു ഔദ്യോഗിക അന്വേഷണസംഘത്തെ അയയ്ക്കാന്‍പോലും ഇനിയും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. 2006-ലെ സ്വിസ് ബാങ്കിങ് അസോസിയേഷന്‍ റിപ്പോര്‍ട്ടനുസരിച്ച്മാത്രം ലോകത്തിലേറ്റവും കള്ളപ്പണം സ്വിസ് ബാങ്കുകളിലുള്ളത് ഇന്ത്യയില്‍ നിന്നാണ്. എന്നാല്‍, ഇത് കണ്ടുകെട്ടാനോ തിരിച്ചുപിടിക്കാനോ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് കേന്ദ്രസര്‍ക്കാര്‍. എന്തിന്, ലഭ്യമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലും തയ്യാറാകാത്ത കേന്ദ്രസര്‍ക്കാറിന്റെ ദൗര്‍ബല്യം കള്ളപ്പണക്കാര്‍ക്ക് തഴച്ചുവളരുന്നതിനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് വിദേശത്ത് പണം നിക്ഷേപിച്ചിട്ടുള്ളവരെ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാറിന് ലഭിച്ചിട്ടുള്ളതെന്നും അവ പരസ്യപ്പെടുത്തുന്നത് കരാറിന്റെ ലംഘനമാകുമെന്നുമാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാട്. എന്നാല്‍, ഭീകരപ്രവര്‍ത്തനവും മയക്കുമരുന്നു കടത്തും ആയുധക്കടത്തുമെല്ലാം കള്ളപ്പണമുപയോഗിച്ച് നടക്കുന്നുണ്ടെന്ന് കള്ളപ്പണക്കേസിന്റെ പരിഗണനയില്‍ ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയത് തീര്‍ത്തും പ്രസക്തമായ കാര്യമാണ്. അത് നികുതി പ്രശ്‌നമായി ലളിതവത്കരിക്കാനാവില്ലെന്നാണ് ബി. സുദര്‍ശന്‍ റെഡ്ഡിയും ബി.എസ്. ചൗഹാനുമടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടത്. കള്ളപ്പണം ഇന്ത്യയുടെ ഭരണവ്യവസ്ഥയെത്തന്നെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് വളര്‍ന്നിട്ടും അത് തടയാനാവാതെ പോകുന്നതിന്റെ കാരണങ്ങള്‍ നമ്മുടെ രാഷ്ട്രീയമായ ഇച്ഛാശക്തിയില്ലായ്മയില്‍ത്തന്നെയാണ് തിരയേണ്ടത്. കള്ളപ്പണം രാജ്യത്തെ വിറ്റുതുലയ്ക്കാനും അടിയറവ് വെക്കാനുമുള്ള ഒരധികാരശക്തിയായി മാറുന്നു എന്ന യാഥാര്‍ഥ്യമാണ് ഒരു ജനതയെന്ന നിലയ്ക്ക് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന്. കീഴടക്കപ്പെടാതെപോകുന്ന കള്ളപ്പണം കീഴടക്കുന്നത് ജനതയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെത്തന്നെയാണ്
No comments:
Post a Comment