Monday, May 6, 2013

മുഖപ്രസംഗം May 06- 2013


മുഖപ്രസംഗം May 06- 2013

1. അഴിമതിക്കാര്‍ക്ക് സമാധാനം! (മാധ്യമം)
ഭരണംപോലെ അതിന്‍െറ അവിഭാജ്യഘടകമാക്കി മാറ്റിയ അഴിമതിയെയും കുടുംബകാര്യം പോലെ കൊണ്ടുനടത്തുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയെയും ഗവണ്‍മെന്‍റിനെയും ചുറ്റിപ്പറ്റി ഉയര്‍ന്നുവരുന്ന അഴിമതിക്കേസുകളെല്ലാം വീട്ടുകാര്യമെന്ന മട്ടിലാണ് കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്നത്. നിയമവ്യവസ്ഥക്കും രാഷ്ട്രീയസദാചാര കീഴ്വഴക്കങ്ങള്‍ക്കും തങ്ങള്‍ അതീതരാണെന്ന ഭാവത്തിലാണ് യു.പി.എ സര്‍ക്കാറിനെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങളെയെല്ലാം ഇതുവരെ പാര്‍ട്ടി നേരിട്ടത്. അഴിമതിയോ അതില്‍ പ്രതികളായിവരുന്നവരോ അല്ല, അവരെ കണ്ടുപിടിക്കുന്നവരാണ് പലപ്പോഴും യു.പി.എയുടെ ദൃഷ്ടിയില്‍ വില്ലന്മാരാകുന്നത്. 
2. കൂകിപ്പായുന്ന അഴിമതിട്രെയിന്‍  (മനോരമ)
റയില്‍വേ ബജറ്റില്‍ വകയിരുത്തുന്ന തുക മുഴുവന്‍ വിനിയോഗിക്കുന്നത് റയില്‍വേയുടെ ഭരണം നടത്തുന്ന ഏഴംഗ റയില്‍വേ ബോര്‍ഡിന്റെ അനുമതിയോടെയാണ്. 63,363 കോടി രൂപയാണ് ഈ വര്‍ഷത്തെ റയില്‍വേ ബജറ്റില്‍ പദ്ധതികള്‍ക്കായി വകയിരുത്തിയിരിക്കുന്നത്. ബജറ്റിലെ ഒാരോ രൂപയും രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തെ മെച്ചപ്പെടുത്താനുള്ളതാണെങ്കിലും ആ ലക്ഷ്യം നടക്കുന്നില്ലെന്നും ജനങ്ങളുടെ നികുതിപ്പണത്തില്‍ നല്ലൊരു പങ്കും പലരുടെയും കീശയിലേക്കു പല അളവില്‍ ഒഴുകുകയാണെന്നും ഇപ്പോഴത്തെ കോഴ സംഭവവും തെളിയിക്കുന്നു.

അഴിമതിക്കാര്‍ക്ക് സമാധാനം! 

അഴിമതിക്കാര്‍ക്ക് സമാധാനം!
ഭരണംപോലെ അതിന്‍െറ അവിഭാജ്യഘടകമാക്കി മാറ്റിയ അഴിമതിയെയും കുടുംബകാര്യം പോലെ കൊണ്ടുനടത്തുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയെയും ഗവണ്‍മെന്‍റിനെയും ചുറ്റിപ്പറ്റി ഉയര്‍ന്നുവരുന്ന അഴിമതിക്കേസുകളെല്ലാം വീട്ടുകാര്യമെന്ന മട്ടിലാണ് കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്നത്. നിയമവ്യവസ്ഥക്കും രാഷ്ട്രീയസദാചാര കീഴ്വഴക്കങ്ങള്‍ക്കും തങ്ങള്‍ അതീതരാണെന്ന ഭാവത്തിലാണ് യു.പി.എ സര്‍ക്കാറിനെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങളെയെല്ലാം ഇതുവരെ പാര്‍ട്ടി നേരിട്ടത്. അഴിമതിയോ അതില്‍ പ്രതികളായിവരുന്നവരോ അല്ല, അവരെ കണ്ടുപിടിക്കുന്നവരാണ് പലപ്പോഴും യു.പി.എയുടെ ദൃഷ്ടിയില്‍ വില്ലന്മാരാകുന്നത്. 2ജി സ്പെക്ട്രം മുതല്‍ കല്‍ക്കരിപ്പാടം അഴിമതി വരെയുള്ളതില്‍ വമ്പിച്ച തുക അടിച്ചുമാറ്റിയവരല്ല, അതു കണ്ടെത്തി പുറത്തുവിട്ടവരാണ് പാര്‍ട്ടിയുടെ പഴി കേട്ടത്. അമ്പലം വിഴുങ്ങികളെ അകത്താക്കുന്നതിനല്ല, അഴിമതി തടയാനായി രൂപപ്പെടുത്തിയ ഭരണഘടനാസ്ഥാപനങ്ങളുടെ ചിറകരിയാനും അധികാരപരിധി പരിമിതപ്പെടുത്താനുമുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് കേന്ദ്രമന്ത്രി പ്രമുഖരെയും പാര്‍ട്ടി നേതൃത്വത്തെയും ഉപയോഗപ്പെടുത്തി കോണ്‍ഗ്രസ് ശ്രമിച്ചത്. കല്‍ക്കരിപ്പാടം കുംഭകോണവുമായി ബന്ധപ്പെട്ട് നിയമമന്ത്രി അശ്വിനികുമാറിനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനെതിരെ സുപ്രീംകോടതി നടത്തിയ രൂക്ഷമായ വിമര്‍ശം കേന്ദ്രസര്‍ക്കാര്‍ അധികാരദുര്‍വിനിയോഗത്തിലും അമിതാധികാര പ്രയോഗത്തിലും എത്രടം മുന്നോട്ടുപോയി എന്നതിന്‍െറ തെളിവാണ്. ഇക്കണ്ട അപവാദങ്ങളുടെയെല്ലാം കൊടുമയിലാണ് റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സലും അഴിമതിക്കുരുക്കിലായിരിക്കുന്നത്.
ബന്‍സലിന്‍െറ മരുമകന്‍ വിജയ് സിംഗ്ളയെ തൊണ്ടിസഹിതം സി.ബി.ഐ പിടികൂടുകയായിരുന്നു. റെയില്‍വേ ബോര്‍ഡിലെ ഒരു ഉന്നതന്‍െറ പ്രമോഷനുവേണ്ടി 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് തുകസഹിതം മന്ത്രി മരുമകനെ, സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇയാളുമായി പത്തുകോടി രൂപയുടെ അഴിമതിയിടപാടു നടത്തി റെയില്‍വേ ബോര്‍ഡിലെ മികച്ച സ്ഥാനം കൈയടക്കാന്‍ ശ്രമിച്ചതിന് ബോര്‍ഡ് മെംബര്‍ മഹേഷ്കുമാറിനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. റെയില്‍വേ മന്ത്രാലയത്തിലെ ഉന്നതതല ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി സ്വന്തം ‘ഇടപാടുകാര്‍’ക്ക് വേണ്ടതെല്ലാം തരപ്പെടുത്തിക്കൊടുക്കുന്ന ഒരു സംഘംതന്നെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ സി.ബി.ഐ അവരുടെ മന്ത്രാലയത്തിലെ വേരുകള്‍ ചികയാനുള്ള ശ്രമത്തിലാണ്. എന്നാല്‍, കേന്ദ്രമന്ത്രിസഭയിലെ രണ്ടാമത്തെ പ്രമുഖന്‍ രണ്ടാഴ്ചക്കുള്ളില്‍ വിവാദത്തില്‍ കുരുങ്ങിപ്പോയ സ്ഥിതിക്ക് മന്ത്രിസഭയുടെയും യു.പി.എയുടെയും നില പരുങ്ങലിലാക്കി അവരുടെ സ്വന്തം സി.ബി.ഐ കേസുമായി എത്രത്തോളം മുന്നോട്ടുപോകും എന്നു കണ്ടറിയണം. ഇതുവരെയുള്ള അഴിമതി ആരോപണങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ബന്‍സലിനെ കുരുക്കിലാക്കുന്ന പുതിയ കേസ്. സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടുകളും തുടര്‍നടപടികളുമാണ് മന്‍മോഹന്‍ മന്ത്രിസഭയെ വിവിധ സന്ദര്‍ഭങ്ങളില്‍ ഉലച്ചതെങ്കില്‍ ഇവിടെ പ്രതിയെ തൊണ്ടിസഹിതം പൊക്കുകയായിരുന്നു സി.ബി.ഐ. അതിനാല്‍ കേസില്‍ മറ്റു പ്രതിവാദങ്ങള്‍ക്ക് അവസരമില്ലാതായി. എന്നാല്‍ , മന്ത്രിയെ രക്ഷപ്പെടുത്താനുള്ള ചതുരുപായത്തില്‍ കോണ്‍ഗ്രസ് തോറ്റുകൊടുത്തില്ല. ആള്‍ മന്ത്രിയുടെ മരുമകനും വിശ്വസ്തനായ അയല്‍ക്കാരനും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ താക്കോല്‍സൂക്ഷിപ്പുകാരനും എല്ലാം ആണെങ്കിലും, കൈക്കൂലി വാങ്ങിയത് റെയില്‍വേ മന്ത്രാലയത്തിലെ പ്രമോഷനും ജോലിസാധ്യതകള്‍ക്കുമാണെങ്കിലും താനൊന്നുമറിയാത്ത പാവം മന്ത്രിയാണെന്നാണ് ബന്‍സലിന്‍െറ നിലപാട്. പാര്‍ട്ടിയുടെ കോര്‍കമ്മിറ്റി യോഗംചേര്‍ന്ന് ഈ ബന്ധമുക്തിപ്രഖ്യാപനം ശരിവെച്ച് മന്ത്രിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. 2009ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വന്‍ വ്യവസായികളെയും വ്യാപാരികളെയും അഗര്‍വാള്‍ സഭക്കാരെയും ബന്‍സലിനു വേണ്ടി വിളിച്ചുചേര്‍ത്ത് പിന്തുണയുറപ്പിച്ചത് വിജയ് സിംഗ്ളയായിരുന്നു. അയാളും സഹോദരന്‍ മദന്‍മോഹനും മന്ത്രി ബന്‍സലിന്‍െറ വലംകൈകളാണെന്ന് ചണ്ഡിഗഢുകാര്‍ക്കെല്ലാം നന്നായറിയാം. ഈ പട്ടാപ്പകല്‍ സത്യത്തിന്‍െറ വായ് പൊത്തിപ്പിടിച്ചാണ് പിടിയിലായ മരുമകന് മന്ത്രിയുമായി ബന്ധമില്ലെന്നും അതുകൊണ്ട് ബന്‍സല്‍ കുറ്റമുക്തനാണെന്നും പാര്‍ട്ടി പ്രഖ്യാപിക്കുന്നത്.
ഇങ്ങനെ ബന്‍സലിനെ സംരക്ഷിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത് കര്‍ണാടക തെരഞ്ഞെടുപ്പാണത്രേ. തെരഞ്ഞെടുപ്പിന്‍െറ തലേന്നാള്‍ മന്ത്രിയെ ഇറക്കിവിട്ടാല്‍ അതിന്‍െറ പ്രതിച്ഛായാനഷ്ടം കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരായി തിരിയുമോ എന്നായിരുന്നു കോണ്‍ഗ്രസിന്‍െറ വേവലാതി. എന്നാല്‍ , അപവദിക്കപ്പെട്ട ഒരാളെ വാഴിക്കുന്നതിനെ ജനം എങ്ങനെ കാണും എന്നതൊന്നും പാര്‍ട്ടിയെ അസ്വസ്ഥപ്പെടുത്തുന്നില്ല. ഇതുതന്നെയാണ് പ്രശ്നത്തിന്‍െറ മര്‍മം. ഒരു മന്ത്രിയുടെ വകുപ്പില്‍ തരംപോലെ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും മറ്റുമായി ബന്ധു വന്‍തോതില്‍ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞിരിക്കെ, മന്ത്രി തല്‍സ്ഥാനത്ത് തുടരുവോളം അത് കേസിന്‍െറ തുടരന്വേഷണത്തെ ബാധിക്കുമെന്നുറപ്പാണ്. അല്ലെങ്കിലും ഇത്രയടുത്തൊരു ബന്ധു സ്വന്തം വകുപ്പുമായി ബന്ധപ്പെട്ട് കുരുക്കിലാകുമ്പോള്‍ രാജിവെച്ചൊഴിയുക രാഷ്ട്രീയധാര്‍മികതയുടെ ഭാഗമാണ്. ഈ മാനമര്യാദയൊക്കെ വെടിഞ്ഞ് പാര്‍ട്ടിയുടെ ദുരഭിമാനം സംരക്ഷിക്കാനാണ് കോണ്‍ഗ്രസിനു തിടുക്കം. ഇന്ത്യയില്‍ അഴിമതിയെ സ്ഥാപനവത്കരിച്ച പാര്‍ട്ടി അതിന്‍െറ കൊണ്ടുനടത്തിപ്പും സ്വന്തം ബാധ്യതയായി ഏറ്റെടുത്തതിനാല്‍ പ്രധാനമന്ത്രി മുതല്‍ അശ്വിനികുമാര്‍ വരെയുള്ളവര്‍ക്കു ലഭിച്ച ‘സംരക്ഷണത്തണലി’ല്‍നിന്ന് ബന്‍സല്‍ മാത്രം പുറത്തിരിക്കേണ്ടി വരില്ല. ജനത്തിനൊന്നും ലഭിച്ചില്ലെങ്കിലെന്ത്, ജനാധിപത്യം അതിന്‍െറ താക്കോല്‍ സ്ഥാനക്കാര്‍ക്കെങ്കിലും പരിരക്ഷ നല്‍കണമല്ലോ.
കൂകിപ്പായുന്ന അഴിമതിട്രെയിന്‍  
malmanoramalogo
ലോകത്തിലെ ഏറ്റവും വലിയ റയില്‍സംവിധാനങ്ങളിലൊന്നാണ് ഇന്ത്യന്‍ റയില്‍വേ. നാനാത്വത്തിലെ ഏകത്വമായി രാജ്യത്തിന്റെ നാഡീവ്യൂഹമായി പടര്‍ന്നുകിടക്കുന്ന റയില്‍ ശൃംഖല നമ്മുടെ അഭിമാനം തന്നെയാണ്. എന്നാല്‍, റിസര്‍വേഷനിലും ചെറിയ നിയമനങ്ങളിലും തുടങ്ങി അത്യുന്നതങ്ങളിലേക്കുവരെ പടര്‍ന്നുകയറുന്ന അഴിമതിപ്പുക തുപ്പി കുതിക്കുകയാണിപ്പോള്‍ ഇന്ത്യന്‍ റയില്‍വേ. 

ഇപ്പോള്‍ രാജ്യം കേള്‍ക്കുന്ന അഴിമതിക്കഥയിലെ പ്രധാന കഥാപാത്രങ്ങള്‍ അതിന്റെ ഗൌരവം അത്യധികം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. റയില്‍വേ ബോര്‍ഡില്‍ പ്രധാനപ്പെട്ടതും അനധികൃത സാമ്പത്തികനേട്ടത്തിനു സാധ്യതയുള്ളതുമായ ഇലക്ട്രിക്കല്‍ കാര്യത്തിന്റെ ചുമതല അനുവദിച്ചുകിട്ടാന്‍ 10 കോടി രൂപ കോഴ നല്‍കാന്‍ തയാറായത് റയില്‍വേ ബോര്‍ഡ് അംഗം മഹേഷ്കുമാര്‍. അതു കൈപ്പറ്റുന്നതാവട്ടെ റയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിന്റെ അനന്തരവന്‍ വിജയ് സിംഗയും. 

പശ്ചിമ റയില്‍വേ ജനറല്‍ മാനേജര്‍ പദവിയില്‍നിന്ന് ഇക്കഴിഞ്ഞ ദിവസമാണ് മഹേഷ്കുമാര്‍ സ്റ്റാഫിന്റെ ചുമതലയുള്ള റയില്‍വേ ബോര്‍ഡ് അംഗമായി ചുമതലയേറ്റത്. 'വരവ് കുറഞ്ഞ ആ പദവിയില്‍നിന്ന് കൈക്കൂലി ആഘോഷിക്കാന്‍ കഴിയുന്ന പുതിയ സ്ഥാനത്തിനുവേണ്ടി അദ്ദേഹം കോടികള്‍ വാരിയെറിയാന്‍ തയാറാവുകയായിരുന്നു; ഭാവിയില്‍ കൈക്കൂലി കിട്ടാന്‍വേണ്ടി മുന്‍കൂട്ടി കൈക്കൂലി കൊടുക്കുന്ന 'റിസര്‍വേഷന്‍! ഉടന്‍തന്നെ ഏകദേശം 2000 കോടി രൂപയുടെ കരാര്‍ ഇടപാടുകളില്‍ കയ്യിടാന്‍ പഴുതുള്ളതാണ് ഇലക്ട്രിക്കല്‍ കാര്യ അംഗം എന്ന പദവി. 

ജൂണില്‍ ഇലക്ട്രിക്കല്‍ ചുമതലയുള്ള അംഗമാകുന്നതുവരെയുള്ള ഇടവേളയില്‍ മഹേഷ്കുമാറിനു പശ്ചിമ റയില്‍വേ ജനറല്‍ മാനേജരുടെ അധികച്ചുമതല ലഭിക്കുന്നതിനുള്ള രണ്ടു കോടി രൂപ കൈക്കൂലിയുടെ ആദ്യഗഡുവായ 90 ലക്ഷംരൂപ കൈപ്പറ്റിയപ്പോള്‍ വിജയ് സിംഗയെ സിബിഐ പിടികൂടുകയായിരുന്നു. കൈക്കൂലി ഇടപാടില്‍ മൊത്തം എട്ടു പേര്‍ പങ്കാളികളാണെന്നാണ് സിബിഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ട്. വിജയ് സിംഗയും മഹേഷ്കുമാറുമടക്കം ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മഹേഷ്കുമാറിനെ ബോര്‍ഡ് അംഗ സ്ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. 

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റയില്‍വേയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്കു തൊഴില്‍ നല്‍കുന്നത്. ജോലി ലഭിക്കാനായി പണം നല്‍കുന്നതും അതോടു ബന്ധപ്പെട്ട നിയമനത്തട്ടിപ്പു കഥകളും കാലങ്ങളായി റയില്‍വേയില്‍നിന്നു കേട്ടുവരുന്നതാണ്. ഇത്തരം സംഭവങ്ങളില്‍ പലരെയും പിടികൂടാറുമുണ്ട്. എന്നാല്‍, വലിയ ഉത്തരവാദിത്തങ്ങളുള്ള റയില്‍വേ ബോര്‍ഡിലെ അംഗംതന്നെ കൂടുതല്‍ സാമ്പത്തികസാധ്യതയുള്ള സ്ഥാനത്തിനുവേണ്ടി കോഴ നല്‍കുന്നത് അഴിമതിയുടെ വ്യാപ്തിയാണു വെളിപ്പെടുത്തുന്നത്; ധനത്തിനും അധികാരത്തിനുംവേണ്ടിയുള്ള ആര്‍ത്തിയുടെ ആഴവും. 

റയില്‍വേ ബജറ്റില്‍ വകയിരുത്തുന്ന തുക മുഴുവന്‍ വിനിയോഗിക്കുന്നത് റയില്‍വേയുടെ ഭരണം നടത്തുന്ന ഏഴംഗ റയില്‍വേ ബോര്‍ഡിന്റെ അനുമതിയോടെയാണ്. 63,363 കോടി രൂപയാണ് ഈ വര്‍ഷത്തെ റയില്‍വേ ബജറ്റില്‍ പദ്ധതികള്‍ക്കായി വകയിരുത്തിയിരിക്കുന്നത്. ബജറ്റിലെ ഒാരോ രൂപയും രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തെ മെച്ചപ്പെടുത്താനുള്ളതാണെങ്കിലും ആ ലക്ഷ്യം നടക്കുന്നില്ലെന്നും ജനങ്ങളുടെ നികുതിപ്പണത്തില്‍ നല്ലൊരു പങ്കും പലരുടെയും കീശയിലേക്കു പല അളവില്‍ ഒഴുകുകയാണെന്നും ഇപ്പോഴത്തെ കോഴ സംഭവവും തെളിയിക്കുന്നു. 

അല്ലെങ്കില്‍തന്നെ വിവാദങ്ങളുടെ ചുഴിയില്‍പ്പെട്ടുലയുന്ന കേന്ദ്ര സര്‍ക്കാരിനുമുന്നില്‍ ഒരു സങ്കീര്‍ണപ്രശ്നംകൂടി ഫണം നിവര്‍ത്തുകയാണ്. റയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിന് ഇതുവരെ അഴിമതിക്കറ പുരണ്ട പശ്ചാത്തലമില്ലെങ്കിലും അനന്തരവന്റെ കൈക്കൂലിക്കൈകളില്‍ അദ്ദേഹത്തിനു തീര്‍ച്ചയായും ധാര്‍മിക ഉത്തരവാദിത്തമുണ്ട്. ഈ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി ഇതിലുള്‍പ്പെട്ട അഴിമതിക്കാരെയും കൈക്കൂലിക്കാരെയുമെല്ലാം പിടികൂടിയേ തീരൂ. എങ്കില്‍പ്പോലും ഒരു നീളന്‍ അഴിമതിത്തീവണ്ടിയുടെ ഒരു ചെറിയ ബോഗിയിലെ യാത്രക്കാര്‍ മാത്രമാവും വെളിച്ചത്താവുന്നത്. അതു പോരാ. ഈ വന്‍ കോഴക്കൊയ്ത്തിനെ മുന്‍നിര്‍ത്തി റയില്‍വേയെ അഴിമതിമുക്തമാക്കാനുള്ള ഏകോപിത ശ്രമങ്ങള്‍ എത്രയുംപെട്ടെന്നു സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകതന്നെ വേണം.

No comments:

Post a Comment