Sunday, May 19, 2013

മുഖപ്രസംഗം May 18- 2013

മുഖപ്രസംഗം May 18- 2013

1. മത-സാംസ്കാരിക ന്യൂനപക്ഷങ്ങളുടെ ദു:സ്ഥിതി (മാധ്യമം) 
എല്‍.ടി.ടി.ഇയെ നിശ്ശേഷം അടിച്ചമര്‍ത്തി വിഘടനവാദത്തിന്‍െറ അടിവേരറുത്ത ശ്രീലങ്കയില്‍, തമിഴ് വംശജരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതിനെക്കുറിച്ച പരാതികള്‍ രാഷ്ട്രാന്തരീയ തലത്തില്‍ സജീവമായിരിക്കെ മറ്റൊരു വശത്ത് മൊത്തം ജനസംഖ്യയുടെ 9.7 ശതമാനം വരുന്ന മുസ്ലിം ന്യൂനപക്ഷവും അരക്ഷിതബോധത്തിലേക്കും അശാന്തിയിലേക്കും തള്ളിയിടപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു.

മത-സാംസ്കാരിക ന്യൂനപക്ഷങ്ങളുടെ ദു:സ്ഥിതി 

മത-സാംസ്കാരിക ന്യൂനപക്ഷങ്ങളുടെ ദു:സ്ഥിതി
എല്‍.ടി.ടി.ഇയെ നിശ്ശേഷം അടിച്ചമര്‍ത്തി വിഘടനവാദത്തിന്‍െറ അടിവേരറുത്ത ശ്രീലങ്കയില്‍, തമിഴ് വംശജരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതിനെക്കുറിച്ച പരാതികള്‍ രാഷ്ട്രാന്തരീയ തലത്തില്‍ സജീവമായിരിക്കെ മറ്റൊരു വശത്ത് മൊത്തം ജനസംഖ്യയുടെ 9.7 ശതമാനം വരുന്ന മുസ്ലിം ന്യൂനപക്ഷവും അരക്ഷിതബോധത്തിലേക്കും അശാന്തിയിലേക്കും തള്ളിയിടപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഭൂരിപക്ഷമായ സിംഹള ബുദ്ധിസ്റ്റുകളുടെ തീവ്രവാദി സംഘടനയായ ബുദ്ധു ബാല സേന (ബി.ബി.എസ്) മുസ്ലിം വ്യാപാര സ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കും നേരെ ഇരുപത്തഞ്ചിലധികം തവണ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ജംഇയ്യതുല്‍ ഉലമ ശ്രീലങ്ക എന്ന പണ്ഡിതസഭ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മാംസത്തിന്‍െറ വിതരണത്തിനെതിരെ ബി.ബി.എസ് പ്രക്ഷോഭം നടത്തിയതോടെ മുസ്ലിംകള്‍ ഹലാല്‍ മാംസവിപണനം നിര്‍ത്തല്‍ ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഹിജാബ് നിരോധിക്കണമെന്നും പലിശരഹിത സ്ഥാപനങ്ങള്‍ പൂട്ടണമെന്ന ആവശ്യവും ശക്തമാവുകയാണ്. മുസ്ലിം തീവ്രവാദത്തെക്കുറിച്ചും ‘ഇസ്ലാമിക ഭീകരത’യെക്കുറിച്ചുമുള്ള ദുഷ്പ്രചാരണവും മുറക്ക് നടക്കുന്നു. മുസ്ലിം ന്യൂനപക്ഷ പീഡനം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചതോടെ ശ്രീലങ്കയിലെ മുസ്ലിം രാജ്യങ്ങളുടെ സ്ഥാനപതിമാരെ കണ്ട പ്രസിഡന്‍റ് മഹിന്ദ രാജപക്സെ തന്‍െറ രാജ്യത്ത് സാമുദായിക സമാധാനം നിലനില്‍ക്കുന്നുവെന്നാണ് അവകാശപ്പെട്ടത്. അദ്ദേഹത്തിന്‍െറ സഹോദരനും പ്രതിരോധ മന്ത്രാലയത്തിന്‍െറ സെക്രട്ടറിയുമായ ഗോടാബയ രാജപക്സെ ബി.ബി.എസിനെ ന്യായീകരിക്കുകയാണ്. അത് തീര്‍ത്തും അരാഷ്ട്രീയ ദാര്‍ശനിക സംഘടനയാണത്രെ.
മ്യാന്മറില്‍ നേരത്തെ ആരംഭിച്ച വംശീയ വിരോധം ഇപ്പോള്‍ പൂര്‍വാധികം രൂക്ഷമായി, അറാകാന്‍ മേഖലയില്‍ പരമ്പരാഗതമായി നിവസിക്കുന്ന റോഹിങ്ക്യ മുസ്ലിംകളെ ആബാലവൃദ്ധം ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണ് ബുദ്ധസന്യാസിമാരുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത്.
ലക്ഷക്കണക്കില്‍ മുസ്ലിംകള്‍ പ്രാണനുംകൊണ്ടോടി ബംഗ്ളാദേശ് അതിര്‍ത്തിയില്‍ പച്ചവെള്ളം കിട്ടാതെ നരകയാതന അനുഭവിക്കുകയാണ്. മ്യാന്മറില്‍ ജനാധിപത്യ പുന$സ്ഥാപന പോരാട്ടത്തിന്‍െറ വീരനായികയായി അവരോധിക്കപ്പെട്ട ഓങ്സാന്‍ സൂചിപോലും ഈ മനുഷ്യക്കുരുതിയെക്കുറിച്ച് ഒരക്ഷരം ഉരിയാടുന്നില്ല. സൂചിയെ സ്വതന്ത്രയായി വിട്ട് അവര്‍ രാഷ്ട്രീയ ജീവിതം പുനരാരംഭിച്ചതോടെ മ്യാന്മറിനെതിരെ ലോകതലത്തില്‍ നിലനിന്ന ഉപരോധം പിന്‍വലിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. ലോകത്തിലെ മിക്ക രാജ്യങ്ങളിലും വംശീയ, സാംസ്കാരിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന കടുത്ത അശാന്തിയുടെയും അരക്ഷിതബോധത്തിന്‍െറയും ഭാഗംതന്നെയാണ് ശ്രീലങ്കയിലും മ്യാന്മറിലും നടക്കുന്നത്. ഇത്രത്തോളം രൂക്ഷമായിട്ടില്ളെങ്കിലും പാകിസ്താനിലെ അമുസ്ലിം ന്യൂനപക്ഷവും പീഡനങ്ങളും അതിക്രമങ്ങളും നേരിടുകയാണ്. ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍ ഏതാണ്ടെല്ലാ പാര്‍ട്ടികളും അമുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണ മതസ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുനല്‍കേണ്ടിവന്നതുതന്നെ താലിബാന്‍െറയും സമാന സംഘടനകളുടെയും ഭീഷണി യാഥാര്‍ഥ്യമായതുകൊണ്ടാവണമല്ളോ.
ദേശരാഷ്ട്രങ്ങളുടെ ആവിര്‍ഭാവത്തോടെ മിക്ക രാജ്യങ്ങളിലും വിവിധ വംശീയ സാംസ്കാരിക ജനവിഭാഗങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വത്തിന് കടുത്ത ഭീഷണി സൃഷ്ടിച്ചുകൊണ്ട് ഭൂരിപക്ഷ രണോത്സുക ദേശീയത ശക്തിപ്രാപിച്ചതാണ് നടേ സൂചിപ്പിച്ച പ്രതിഭാസത്തിന്‍െറ മൂലഹേതു. അതിന്‍െറ പാരമ്യതയായിരുന്നു നാസി ജര്‍മനിയില്‍ ഹിറ്റ്ലര്‍ ജൂത ന്യൂനപക്ഷത്തിന്‍െറ നേരെ കാട്ടിയ കൊടും ക്രൂരത. അതേ ക്രൂരത ഇന്ന് ഇസ്രായേല്‍ ഫലസ്തീന്‍കാരുടെ നേരെയും പ്രയോഗിക്കുന്നു. രണോത്സുക ദേശീയതയുടെ അഥവാ വംശീയതയുടെ അത്യാചാരങ്ങളില്‍നിന്ന് മത-സാംസ്കാരിക ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷനല്‍കാനാണ്, രണ്ടാം ലോകയുദ്ധത്തിനുശേഷം നിലവില്‍ വന്ന ഐക്യരാഷ്ട്രസഭ സാംസ്കാരിക ന്യൂനപക്ഷങ്ങള്‍ക്ക് സമാവകാശങ്ങളും തുല്യ സുരക്ഷയും ഉറപ്പുനല്‍കുന്ന പ്രമാണം അംഗീകരിച്ചത്.
തൊണ്ണൂറുകളില്‍ അത് വീണ്ടും ഊന്നിപ്പറയുന്ന വിളംബരവും അംഗീകരിച്ചു. പക്ഷേ, സ്ഥിതിഗതികളില്‍ കാതലായ മാറ്റം സംഭവിച്ചില്ല. മാത്രമല്ല മതഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് സമാവകാശങ്ങളും തുല്യനീതിയും വ്യവസ്ഥചെയ്യുന്ന മതനിരപേക്ഷ ഭരണഘടന അംഗീകരിച്ച ഇന്ത്യയില്‍പോലും ഭൂരിപക്ഷ സവര്‍ണ മേധാവിത്വത്തില്‍നിന്ന് ഉയിര്‍കൊണ്ട തീവ്രഹിന്ദുത്വ ദേശീയത ഈ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കുനേരെ ഉയര്‍ത്തുന്ന ഭീഷണി പൂര്‍വാധികം ശക്തമാവുകയാണ്. ഒരിക്കല്‍കൂടി ലോകസംഘടനയുടെ സത്വരശ്രദ്ധ പതിയേണ്ട വിഷയമാണ് വിവിധ രാജ്യങ്ങളിലെ മത-സാംസ്കാരിക ന്യൂനപക്ഷങ്ങളുടെ നിലനില്‍പും സുരക്ഷയും.

No comments:

Post a Comment