Thursday, May 30, 2013

മുഖപ്രസംഗം May 30- 2013

മുഖപ്രസംഗം May 30- 2013

1. ഗ്വണ്ടാനമോയില്‍ ഒബാമ കാട്ടുന്ന ആത്മവഞ്ചന (മാധ്യമം)
പൗരാവകാശ പുന$സ്ഥാപനത്തിനായിരിക്കും താന്‍ മുന്തിയ പരിഗണന നല്‍കുക എന്ന് വാഗ്ദാനം നല്‍കി അഞ്ചുവര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡന്‍റ് പദത്തിലേറിയ ബറാക് ഒബാമ ആഗോള സമൂഹത്തെ അങ്ങേയറ്റം നിരാശരാക്കിയിരിക്കുകയാണ്. തന്‍െറ മുന്‍ഗാമി ജോര്‍ജ് ഡബ്ള്യു. ബുഷിന്‍െറ കാലഘട്ടത്തിലെ മനുഷ്യാവകാശധ്വംസനങ്ങളുമായി വര്‍ധിത വീര്യത്തോടെ മുന്നോട്ടുപോകുന്ന അദ്ദേഹം കടുത്ത ആത്മവഞ്ചനയാണ് കാണിക്കുന്നതെന്നാണ് പൗരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ക്യൂബന്‍ തീരത്തെ ഗ്വണ്ടാനമോ തടവറയില്‍ കഴിഞ്ഞ 11 വര്‍ഷമായി കുറ്റപത്രമോ വിചാരണയോ ഇല്ലാതെ ദുരിത ജീവിതം നയിക്കുന്ന 22 രാജ്യങ്ങളില്‍നിന്നുള്ള 166 മനുഷ്യ ജീവിതങ്ങളെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന നടുക്കുന്ന വാര്‍ത്തകള്‍ പൗരാവകാശത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ അമേരിക്കക്ക് ധാര്‍മികാവകാശമില്ല എന്ന കാഴ്ചപ്പാട് ബലപ്പെടുത്തുന്നു.
2. മാരകരോഗബാധിതരെപെന്‍ഷന് കാത്തുനിര്‍ത്തരുത് (മാതൃഭൂമി)
രോഗചികിത്സയ്ക്കുള്ള സൗകര്യം പണമുള്ളവര്‍ക്ക് മാത്രമാകുന്ന സാഹചര്യമുണ്ടാകുന്നത് ഒരു സമൂഹത്തിനും അലങ്കാരമല്ല. നിര്‍ധനരായ മാരകരോഗബാധിതര്‍ക്ക് ഇത്തിരിയെങ്കിലും ആശ്വാസമേകാനുള്ള പെന്‍ഷന്‍ പദ്ധതി കേരളത്തില്‍ രൂപംകൊണ്ടതുതന്നെ അത്തരം നല്ല ചില ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ടാണ്. എന്നാല്‍, അതിന്ന് രോഗബാധിതരെ പെന്‍ഷനുവേണ്ടി കാത്തുനിര്‍ത്തുന്ന അവസ്ഥയിലേക്ക് പാളിപ്പോയിരിക്കുകയാണ്. 'സര്‍ക്കാര്‍ ഉത്തരവുകളിറങ്ങുന്നത് ഒച്ചിന്റെ വേഗത്തില്‍' എന്ന ഇതുസംബന്ധിച്ചുള്ള വാര്‍ത്ത നമ്മുടെ ഉദ്യോഗസ്ഥസംവിധാനങ്ങള്‍ വരുത്തിവെക്കുന്ന കുറ്റകരമായ മെല്ലെപ്പോക്കിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
3. നമ്മുടെ നഗരങ്ങള്‍ക്ക് ഇനി വേഗച്ചിറകുകള്‍ (മനോരമ)

കേരളത്തിന്റെ മറ്റൊരു വികസനസ്വപ്നം കൂടി യാഥാര്‍ഥ്യത്തിലേക്ക്. തിരുവനന്തപുരം, കോഴിക്കോട് മോണോ റയില്‍ പദ്ധതികള്‍ക്കു തുടക്കമിടാന്‍ ഇനി kkകാര്യമായ തടസ്സങ്ങളൊന്നുമില്ല. തിരുവനന്തപുരം മോണോ റയിലിന് ഇന്നലെ സംസ്ഥാന മന്ത്രിസഭായോഗം അനുമതി നല്‍കിയതോടെ ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനു(ഡിഎംആര്‍സി)മായി കണ്‍സല്‍റ്റന്‍സി കരാര്‍ ഒപ്പിടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. 

ഗ്വണ്ടാനമോയില്‍ ഒബാമ കാട്ടുന്ന ആത്മവഞ്ചന 
ഗ്വണ്ടാനമോയില്‍ ഒബാമ കാട്ടുന്ന ആത്മവഞ്ചന
പൗരാവകാശ പുന$സ്ഥാപനത്തിനായിരിക്കും താന്‍ മുന്തിയ പരിഗണന നല്‍കുക എന്ന് വാഗ്ദാനം നല്‍കി അഞ്ചുവര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡന്‍റ് പദത്തിലേറിയ ബറാക് ഒബാമ ആഗോള സമൂഹത്തെ അങ്ങേയറ്റം നിരാശരാക്കിയിരിക്കുകയാണ്. തന്‍െറ മുന്‍ഗാമി ജോര്‍ജ് ഡബ്ള്യു. ബുഷിന്‍െറ കാലഘട്ടത്തിലെ മനുഷ്യാവകാശധ്വംസനങ്ങളുമായി വര്‍ധിത വീര്യത്തോടെ മുന്നോട്ടുപോകുന്ന അദ്ദേഹം കടുത്ത ആത്മവഞ്ചനയാണ് കാണിക്കുന്നതെന്നാണ് പൗരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ക്യൂബന്‍ തീരത്തെ ഗ്വണ്ടാനമോ തടവറയില്‍ കഴിഞ്ഞ 11 വര്‍ഷമായി കുറ്റപത്രമോ വിചാരണയോ ഇല്ലാതെ ദുരിത ജീവിതം നയിക്കുന്ന 22 രാജ്യങ്ങളില്‍നിന്നുള്ള 166 മനുഷ്യ ജീവിതങ്ങളെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന നടുക്കുന്ന വാര്‍ത്തകള്‍ പൗരാവകാശത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ അമേരിക്കക്ക് ധാര്‍മികാവകാശമില്ല എന്ന കാഴ്ചപ്പാട് ബലപ്പെടുത്തുന്നു. ഗ്വണ്ടാനമോ തടവറ അടച്ചുപൂട്ടാന്‍ 2009ല്‍ ഉത്തരവ് നല്‍കിയ ഭരണത്തലവന് ഇതുവരെ അത് പ്രയോഗവത്കരിക്കാന്‍ സാധിച്ചില്ല എന്നത്, അമേരിക്കയുടെ സമീപകാല ചരിത്രത്തില്‍ മനുഷ്യാവകാശം തെരഞ്ഞെടുപ്പ് പ്രചാരണവിഷയമായി ഉയര്‍ത്തിപ്പിടിച്ച് വൈറ്റ്ഹൗസിലെത്തിയ ഒരാളുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരമാണ് എടുത്തുകാട്ടുന്നത്.
2001 സെപ്റ്റംബറിനുശേഷം ഭീകരവിരുദ്ധ പോരാട്ടത്തിന്‍െറ മറവില്‍ ലോകത്തിന്‍െറ വിവിധ ദിക്കുകളില്‍നിന്ന് പിടിച്ചുകൊണ്ടുപോയി തടവിലിട്ട എഴുനൂറോളം മനുഷ്യരില്‍ 11 കുട്ടികളടക്കം 532 പേരെ നിരപരാധികളാണെന്ന് കണ്ട് നേരത്തേ വിട്ടയച്ചിരുന്നു. ബാക്കിയായ 166 പേരില്‍ ഒരാളുടെയും തീവ്രവാദ ബന്ധം തെളിയിക്കാന്‍ ഇന്നേവരെ കഴിഞ്ഞിട്ടില്ല. നിരപരാധികളാണെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും എന്തുകൊണ്ട് ഈ മനുഷ്യരെ മോചിപ്പിക്കുന്നില്ല എന്ന ചോദ്യമുയരുമ്പോള്‍ യു.എസ് കോണ്‍ഗ്രസാണ് തടസ്സംനില്‍ക്കുന്നതെന്ന് പറഞ്ഞ് പ്രസിഡന്‍റ് ഒബാമ കൈകഴുകി സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. യാതനകളും മാനസിക പീഡനങ്ങളും സഹിക്കവയ്യാതെ നിരവധിപേര്‍ ജീവനൊടുക്കിയതായാണ് റിപ്പോര്‍ട്ട്. അനന്തമായ നീതിനിഷേധത്തില്‍ പ്രതിഷേധിച്ചും ഖുര്‍ആനിനെ അപമതിക്കുന്നതില്‍ രോഷം പ്രകടിപ്പിച്ചും നൂറോളം തടവുകാര്‍ നിരാഹാര സമരം തുടങ്ങിയിട്ട് മൂന്ന് മാസമായി. ഇതില്‍ ഇരുപത്തഞ്ചോളം പേര്‍ക്ക് മൂക്കിലൂടെ പൈപ്പിട്ട് നിര്‍ബന്ധിച്ച് ഭക്ഷണം കൊടുക്കുകയാണ്. അഞ്ചുപേര്‍ അത്യാസന്ന നിലയിലാണെന്നാണ് ഏറ്റവുമൊടുവിലത്തെ വാര്‍ത്ത.
ഭീകരവിരുദ്ധ പോരാട്ടത്തിന്‍െറ മറവില്‍ അരങ്ങേറുന്ന ഈ കൊടിയ പൗരാവകാശ ധ്വംസനത്തെ നിസ്സംഗരായി നോക്കിനില്‍ക്കാനേ ആഗോള സമൂഹത്തിന് സാധിക്കുന്നുള്ളൂ. ഭൂമുഖത്തിന്‍െറ ഏതെങ്കിലും കോണില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനത്തിന് എതിരെ യു.എന്‍ ചാര്‍ട്ടറും രാഷ്ട്രാന്തരീയ ഉടമ്പടികളും പൊക്കിപ്പിടിച്ച് ധര്‍മരോഷം കൊള്ളുന്ന രാജ്യമാണ് ഒബാമയുടേത്. അമേരിക്കയെ മഹത്തരമാക്കുന്ന ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിന് നിയമവാഴ്ച കാറ്റില്‍പറത്തുന്ന തടങ്കല്‍പ്പാളയങ്ങള്‍ അടച്ചുപൂട്ടേണ്ടതുണ്ടെന്ന് ഒബാമ പലതവണ ആവര്‍ത്തിച്ചതാണ്. ഇറാഖിലെ അബൂഗുറൈബ് ജയിലിന്‍െറ ഇരുളടഞ്ഞ മുറികളിലും ഗ്വണ്ടാനമോയുടെ അതിസുരക്ഷിത സെല്ലുകളിലും അമേരിക്ക ഉദ്ഘോഷിക്കുന്ന വിലപ്പെട്ട മൂല്യങ്ങള്‍ ബലികഴിക്കുകയാണെന്ന് വൈറ്റ്ഹൗസിലെത്തുന്നതിന് മുമ്പ് ധര്‍മരോഷംകൊണ്ട മനുഷ്യസ്നേഹിയാണ് അമേരിക്കയുടെ ഈ അമരക്കാരന്‍. യു.എസ് കോണ്‍ഗ്രസില്‍ തീവ്രവലതുപക്ഷത്തിന്‍െറ പിന്തുണ നേടാനുള്ള ശ്രമത്തില്‍ മുമ്പു പറഞ്ഞത് മുഴുവന്‍ അദ്ദേഹത്തിന് വിഴുങ്ങേണ്ടിവന്നു. ഹാവാര്‍ഡ് ലോ റിവ്യൂവിന്‍െറ തലപ്പത്തിരിക്കുകയും ഷികാഗോ യൂനിവേഴ്സിറ്റിയില്‍ ഭരണഘടനാ നിയമം പഠിപ്പിക്കുകയും ചെയ്ത ഒരു നിയമവിശാരദന്‍െറ ഭരണത്തിന് കീഴില്‍ ഇത്ര ഭയാനകമായ പൗരാവകാശ ധ്വംസനങ്ങള്‍ അരങ്ങേറുമോ എന്ന് നിഷ്പക്ഷമതികള്‍ക്ക് പരസ്പരം ചോദിക്കേണ്ടിവരുന്ന ദയനീയാവസ്ഥ!
മാറ്റം സാധ്യമാണെന്ന പ്രതീക്ഷാ നിര്‍ഭരമായ വാഗ്ദാനം യു.എസ് ജനങ്ങള്‍ക്ക് കൈമാറിയാണ് ബറാക് ഒബാമ എന്ന ആഫ്രിക്കന്‍ വംശജന്‍ ലോകത്തിലെ ഏക സൂപ്പര്‍ പവറിന്‍െറ അധിപനാവുന്നത്. ആ നിലയില്‍ തന്‍െറ മുന്‍ഗാമികള്‍ ചെയ്തുകൂട്ടിയ അരുതായ്മകള്‍ നികത്താനും ഭൂമുഖത്ത് സമാധാനവും ശാന്തിയും പുന$സ്ഥാപിക്കാനും അദ്ദേഹത്തിന് ധാര്‍മികമായ ബാധ്യതയുണ്ടായിരുന്നു. എന്നാല്‍, പൗരാവകാശങ്ങള്‍ പിച്ചിച്ചീന്തുന്ന പുതിയ പുതിയ മര്‍ദകോപാധികള്‍ പുറത്തെടുക്കാനാണദ്ദേഹം താല്‍പര്യം കാട്ടുന്നതെന്ന ആക്ഷേപം നൂറുശതമാനം ശരിവെക്കുന്നതാണ് പുതിയ അനുഭവങ്ങള്‍. ആളില്ലാ വിമാനങ്ങള്‍ (ഡ്രോണ്‍) വിട്ട് സൈന്യത്തെ വിന്യസിക്കാതെത്തന്നെ പുതിയ യുദ്ധമുഖങ്ങള്‍ തുറന്നുകൊണ്ടുള്ള പരീക്ഷണങ്ങള്‍ പാകിസ്താനിലും യമനിലുമൊക്കെ ഇതിനകം നാലായിരത്തോളം മനുഷ്യരുടെ ജീവനെടുത്തെന്നാണ് റിപ്പോര്‍ട്ട്. ഡ്രോണ്‍ ആക്രമണത്തില്‍ കൂടുതലായും കൊല്ലപ്പെടുന്നത് നിരപരാധികളായ സിവിലിയന്മാരാണെന്ന യാഥാര്‍ഥ്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പഴുതു തേടുകയാണ് വൈറ്റ്ഹൗസ് ഇന്ന്. ഡ്രോണ്‍ പ്രയോഗം അങ്ങേയറ്റത്തെ സൂക്ഷ്മതയോടെ മാത്രമേ മേലില്‍ ഉണ്ടാകൂ എന്ന് പ്രഖ്യാപിക്കുമ്പോഴും കൂട്ടക്കൊലയുടെയും മര്‍ദകോപാധികളുടെയും ഇരുണ്ട അധ്യായത്തിന് പൂര്‍ണ അറുതിവരുത്താന്‍ തന്‍െറ രണ്ടാമൂഴം വിനിയോഗിക്കുമെന്ന് ഉറപ്പിച്ചുപറയാന്‍ പ്രസിഡന്‍റ് ഒബാമക്ക് കഴിയുന്നില്ല. ആസുരമായൊരു വ്യവസ്ഥിതിയില്‍ യു.എസ് പ്രസിഡന്‍റും ഒരു പാവ മാത്രമാണെന്ന് ഇതിലപ്പുറം എങ്ങനെ സമര്‍ഥിക്കാന്‍?
മാരകരോഗബാധിതരെപെന്‍ഷന് കാത്തുനിര്‍ത്തരുത്

Newspaper Edition
രോഗചികിത്സയ്ക്കുള്ള സൗകര്യം പണമുള്ളവര്‍ക്ക് മാത്രമാകുന്ന സാഹചര്യമുണ്ടാകുന്നത് ഒരു സമൂഹത്തിനും അലങ്കാരമല്ല. നിര്‍ധനരായ മാരകരോഗബാധിതര്‍ക്ക് ഇത്തിരിയെങ്കിലും ആശ്വാസമേകാനുള്ള പെന്‍ഷന്‍ പദ്ധതി കേരളത്തില്‍ രൂപംകൊണ്ടതുതന്നെ അത്തരം നല്ല ചില ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ടാണ്. എന്നാല്‍, അതിന്ന് രോഗബാധിതരെ പെന്‍ഷനുവേണ്ടി കാത്തുനിര്‍ത്തുന്ന അവസ്ഥയിലേക്ക് പാളിപ്പോയിരിക്കുകയാണ്. 'സര്‍ക്കാര്‍ ഉത്തരവുകളിറങ്ങുന്നത് ഒച്ചിന്റെ വേഗത്തില്‍' എന്ന ഇതുസംബന്ധിച്ചുള്ള വാര്‍ത്ത നമ്മുടെ ഉദ്യോഗസ്ഥസംവിധാനങ്ങള്‍ വരുത്തിവെക്കുന്ന കുറ്റകരമായ മെല്ലെപ്പോക്കിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 2012-'13 വര്‍ഷത്തെ ബജറ്റില്‍ മാരകരോഗങ്ങളായ അര്‍ബുദം, കുഷ്ഠം, ക്ഷയം എന്നിവ ബാധിച്ചവര്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ 525 രൂപയാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍, 2012 മാര്‍ച്ച് 19-ന്റെ ബജറ്റ് പ്രഖ്യാപനം സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങിയത് 2013 മാര്‍ച്ച് 30-നാണ്. സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് ഒരുദിവസം മുമ്പ് മാത്രം. ഈ ഒരുവര്‍ഷക്കാലത്തിനിടയില്‍ മാരകരോഗബാധിതരായ രോഗികളുടെ അപേക്ഷകളെല്ലാം തന്നെ സര്‍ക്കാര്‍ ഉത്തരവില്ല എന്ന കാരണം പറഞ്ഞ് നിഷേധിച്ചുവെന്നത് സമൂഹത്തിലെ ഏറ്റവും പരിഗണനകിട്ടേണ്ട മനുഷ്യരോടുകാട്ടിയ കൊടും ക്രൂരതയാണ്. ഒരുവര്‍ഷം ജീവിച്ചിരിക്കാനിടയില്ലാത്തവര്‍കൂടി ഈ അപേക്ഷകരുടെ നിരയിലുണ്ടാകുമെന്ന് അറിയുമ്പോഴാണ് ഒച്ചിഴയുന്നമട്ടിലുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ വേഗം എത്രയായിരംപേരുടെ വേദനകളെയാണ് മൂര്‍ച്ഛിപ്പിച്ചത് എന്ന് തിരിച്ചറിയാനാവുക. 2012-'13 വര്‍ഷത്തില്‍ പഴയ പെന്‍ഷന്‍ നിരക്കായ അര്‍ബുദ, കുഷ്ഠരോഗ ബാധിതര്‍ക്ക് 200 രൂപയും ക്ഷയരോഗബാധിതര്‍ക്ക് 50 രൂപയും മാത്രമാണ് നല്‍കിപ്പോന്നത്. അതേസമയം, പുതിയ ഉത്തരവ് 2013 മാര്‍ച്ച് 30-ന് ഇറങ്ങുന്നതിനു മുമ്പുതന്നെ 2013-'14 വര്‍ഷത്തില്‍ ഇവര്‍ക്കുള്ള പെന്‍ഷന്‍ തുക 800 രൂപയാക്കി ഉയര്‍ത്തിക്കൊണ്ട് മാര്‍ച്ച് 15-ന്റെ ബജറ്റില്‍ ധനകാര്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഇനി 800 രൂപയുടെ വര്‍ധന പ്രാബല്യത്തില്‍ വരാനുള്ള കാത്തിരിപ്പാണ്. രണ്ട് ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കിടയില്‍ അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ കിട്ടാതെ മാരകരോഗബാധിതര്‍ മരിക്കാനിടയാകുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് നമ്മുടെ ഉദ്യോഗസ്ഥസംവിധാനങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല.

കേരളത്തിന്റെ ജനസംഖ്യയില്‍ 0.27 ശതമാനം പേര്‍ കുഷ്ഠരോഗബാധിതരാണ്. കഴിഞ്ഞവര്‍ഷം മാത്രം 26,126 പേര്‍ ക്ഷയരോഗചികിത്സയ്ക്ക് വിധേയരായിട്ടുണ്ട്. ഓരോ വര്‍ഷവും പുതിയ 35,000 പേര്‍ അര്‍ബുദ ബാധിതരാവുന്നുണ്ട്. ഇതില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മാരകരോഗബാധിതരെ തുണയ്ക്കുകയെന്ന പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വംകൂടിയാണ് സര്‍ക്കാര്‍ ഉത്തരവുകള്‍ വൈകുന്നതിലൂടെ നിറവേറാതെപോകുന്നത്. ഇതിന്റെ മാനദണ്ഡങ്ങളാകട്ടെ ഇന്നും പണ്ടേതോ കാലത്ത് നിര്‍ണയിച്ചതാണ്. അഗതികള്‍ക്കുള്ള സാമ്പത്തികസഹായത്തിനുള്ള അപേക്ഷാഫോറത്തില്‍ തന്നെയാണ് മാരകരോഗബാധിതരും പെന്‍ഷന് അപേക്ഷിക്കേണ്ടത്. ബന്ധുക്കളില്‍ ആര്‍ക്കും പ്രതിമാസം 50 രൂപയില്‍ കൂടുതല്‍ വരുമാനമില്ലെന്ന് തെളിയിക്കുകയും വേണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എത്രയോ ദുരിതബാധിതര്‍ക്ക് ഇത്തരം മാനദണ്ഡങ്ങള്‍കൊണ്ട് അര്‍ഹിക്കുന്ന സഹായം നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. കാന്‍സര്‍ രോഗികള്‍ക്കുള്ള പെന്‍ഷന് അപേക്ഷിച്ചവരില്‍ വില്ലേജ് ഓഫീസര്‍മാര്‍ മുഖാന്തരം അന്വേഷണം നടത്തി പ്രതിവര്‍ഷം 2,400 രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടെന്ന് കണ്ടെത്തി പെന്‍ഷന്‍ നിഷേധിക്കുന്നതിലുള്ള ക്രൂരത ഏതൊരു സര്‍ക്കാറും തിരുത്തുകതന്നെ വേണം. പ്രതിവര്‍ഷമുള്ള വരുമാനത്തിന്റെ പരിധിയില്‍ ഇവിടെ മാറ്റംവരുത്തിയേ തീരൂ. 

മാരകരോഗബാധിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം കിട്ടണമെങ്കില്‍ വാര്‍ഷിക വരുമാനം ഒരുലക്ഷത്തില്‍ കുറവും കാരുണ്യ ലോട്ടറിയില്‍നിന്ന് കിട്ടണമെങ്കില്‍ മൂന്നുലക്ഷത്തില്‍ കുറവും ആയിരിക്കണം. എന്നാല്‍, കാരുണ്യ ലോട്ടറിയുടെ പ്രഖ്യാപനവേളയില്‍ സാന്ത്വനപരിചരണം തേടുന്ന രോഗികള്‍ക്ക് അതിന്റെ ഫണ്ടില്‍നിന്ന് സഹായം കിട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനിയും മാനദണ്ഡമായിട്ടില്ല. ഉദ്യോഗസ്ഥതലത്തില്‍ അതിനുള്ള കരടുരേഖ ചര്‍ച്ചചെയ്ത് അംഗീകരിക്കാന്‍ സമയമില്ലാത്തതുകൊണ്ട് മാത്രമാണ് ഇത് വൈകുന്നുവെന്നത് ഫലത്തില്‍ സഹായനിഷേധം തന്നെയായി മാറുകയാണ്. മാരകരോഗബാധിതരെ പെന്‍ഷനുവേണ്ടിയും അര്‍ഹമായ സഹായധനത്തിനുവേണ്ടിയും കാത്തുനിര്‍ത്തുന്ന അവസ്ഥ ഏതുനിലയ്ക്കും ഒഴിവാക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥതലത്തില്‍ ഒച്ചിഴയുന്ന മട്ടിലുള്ള മെല്ലെപ്പോക്കുണ്ടാകുന്നുണ്ടെങ്കില്‍ അതിന് വേഗംകൂട്ടാനുള്ള നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണം. സഹായധനം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങളും ഉദാരമാക്കേണ്ടതുണ്ട്. ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണത്. അത് മറക്കുന്നത് അന്യായമാണ്.
നമ്മുടെ നഗരങ്ങള്‍ക്ക് ഇനി വേഗച്ചിറകുകള്‍ 
mmonline_logo
കേരളത്തിന്റെ മറ്റൊരു വികസനസ്വപ്നം കൂടി യാഥാര്‍ഥ്യത്തിലേക്ക്. തിരുവനന്തപുരം, കോഴിക്കോട് മോണോ റയില്‍ പദ്ധതികള്‍ക്കു തുടക്കമിടാന്‍ ഇനി kkകാര്യമായ തടസ്സങ്ങളൊന്നുമില്ല. തിരുവനന്തപുരം മോണോ റയിലിന് ഇന്നലെ സംസ്ഥാന മന്ത്രിസഭായോഗം അനുമതി നല്‍കിയതോടെ ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനു(ഡിഎംആര്‍സി)മായി കണ്‍സല്‍റ്റന്‍സി കരാര്‍ ഒപ്പിടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. 

തൂണുകള്‍ക്കു മുകളിലുള്ള ട്രാക്കിലൂടെ ചക്രമില്ലാതെ അതിവേഗം ഒാടുന്നതാണു മോണോ റയില്‍. കോഴിക്കോട് മോണോ റയിലിനു നേരത്തേ തന്നെ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. രണ്ടാഴ്ച മുന്‍പു ഡിഎംആര്‍സിയുമായി ഇരുപദ്ധതികളുടെയും കണ്‍സല്‍റ്റന്‍സി ഫീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധാരണയിലെത്തി. തിരുവനന്തപുരം പദ്ധതിക്കു ഭരണാനുമതി നല്‍കുന്നതിലുള്ള കാലതാമസം മൂലം ധാരണാപത്രം ഒപ്പിടുന്നതു നീളുകയായിരുന്നു. ആ സാങ്കേതിക കടമ്പകൂടി കടന്നതോടെ മോണോ റയില്‍ നിര്‍മാണം വൈകാതെ തുടങ്ങാനാകും. 

കോഴിക്കോട്ട് മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്ത വരെയും തിരുവനന്തപുരത്തു കഴക്കൂട്ടം ടെക്നോസിറ്റി മുതല്‍ കരമന വരെയുമാണ് ആദ്യഘട്ടത്തിലെ മോണോ റയില്‍ പദ്ധതി. തിരുവനന്തപുരം മോണോ റയിലിനു 3590 കോടി രൂപയും കോഴിക്കോട്ട് 1991 കോടി രൂപയുമാണു മൊത്തം ചെലവു പ്രതീക്ഷിക്കുന്നത്. ആകെ തുകയായ 5581 കോടിയുടെ 3.25 ശതമാനമായ 181.4 കോടിരൂപ കണ്‍സല്‍റ്റന്‍സി ഫീസ് നല്‍കാമെന്നാണു കേരള മോണോ റയില്‍ കോര്‍പറേഷനും ഡിഎംആര്‍സിയുമായുള്ള കരാര്‍.

കോഴിക്കോട്, തിരുവനന്തപുരം മോണോ റയില്‍ പദ്ധതികള്‍ക്കുള്ള ശ്രമങ്ങള്‍ ഒരുമിച്ചാണു തുടങ്ങിയതെങ്കിലും കോഴിക്കോടു പദ്ധതി കൂടുതല്‍ മുന്നോട്ടുപോയിരുന്നു. ഡിഎംആര്‍സി ഡല്‍ഹിക്കു പുറത്തുള്ള മെട്രോ, മോണോ റയില്‍ പദ്ധതികള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന ഡല്‍ഹി സര്‍ക്കാരിന്റെ നിലപാട് ആശങ്കയ്ക്കിടയാക്കുകയും ചെയ്തു. 

എന്നാല്‍, ഈ നിലപാട് തിരുവനന്തപുരം, കോഴിക്കോട് മോണോ റയില്‍ പദ്ധതികളെ ബാധിക്കില്ലെന്നു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. കാരണം, കൊച്ചി മെട്രോയില്‍ നിന്നു വ്യത്യസ്തമായി ഡിഎംആര്‍സി നമ്മുടെ മോണോ റയിലുകളുടെ നിര്‍മാണം ഏറ്റെടുക്കുന്നില്ല; അവര്‍ ഈ പദ്ധതികളുടെ കണ്‍സല്‍റ്റന്റ് മാത്രമാണ്. കണ്‍സല്‍റ്റന്‍സി പാടില്ലെന്നു ഡല്‍ഹി സര്‍ക്കാര്‍ നിലപാടെടുത്തിട്ടില്ലെന്നും മന്ത്രി വിശദീകരിക്കുകയുണ്ടായി. 

മോണോ റയില്‍ പദ്ധതികളുടെ കരാര്‍ ഏറ്റെടുക്കാന്‍ ഡിഎംആര്‍സി മുന്നോട്ടുവച്ച മിക്ക വ്യവസ്ഥകളും കേരളം അംഗീകരിച്ചിട്ടുണ്ട്. മോണോ റയില്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്കു സമയക്രമം നിശ്ചയിക്കണമെന്ന കേരളത്തിന്റെ ആവശ്യം ഡിഎംആര്‍സി അംഗീകരിക്കാതിരുന്നതിനാല്‍ അതു കേരളം പിന്‍വലിച്ചു. കരാര്‍ ഒപ്പിടുന്നതുമുതല്‍ കണ്‍സല്‍റ്റേഷന്‍ ഫീസ് വേണമെന്ന ഡിഎംആര്‍സിയുടെ നിബന്ധനയും കേരളം അംഗീകരിച്ചു. 

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നു തടസ്സങ്ങളുണ്ടായി പദ്ധതി നീണ്ടുപോയാലും പ്രതിഫലം കൃത്യമായ ഇടവേളകളില്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്താനാണു ഡിഎംആര്‍സി ഇക്കാര്യത്തില്‍ കര്‍ശന നിലപാടെടുത്തത്. കൂടുതല്‍ വിവാദങ്ങള്‍ക്കിട നല്‍കാതെ, രണ്ടു പദ്ധതികളിലും ഡിഎംആര്‍സിയുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ വ്യവസ്ഥയ്ക്കു കേരളം വഴങ്ങുകയായിരുന്നു. 

കഴിഞ്ഞ വര്‍ഷം ജൂണില്‍ കോഴിക്കോട് മോണോ റയിലിന്റെയും കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരം മോണോ റയിലിന്റെയും പദ്ധതി റിപ്പോര്‍ട്ടുകള്‍ ഡിഎംആര്‍സി സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ 22.2 കിലോമീറ്ററാണു തലസ്ഥാനത്തു മോണോ റയില്‍ നിര്‍മിക്കുന്നത്; കോഴിക്കോട്ടു 14.2 കിലോമീറ്ററും. തിരുവനന്തപുരത്തു 2016ല്‍ കമ്മിഷന്‍ ചെയ്യുകയാണു ലക്ഷ്യം.

2012 സെപ്റ്റംബറില്‍ നിര്‍മാണം തുടങ്ങാനായാല്‍ 2015 സെപ്റ്റംബറില്‍ കോഴിക്കോട്ട് മോണോ റയില്‍ ഓടിത്തുടങ്ങുമെന്നായിരുന്നു ഡിഎംആര്‍സി നേരത്തേ പറഞ്ഞതെങ്കിലും നിര്‍മാണം തുടങ്ങാനായില്ല. കരാര്‍ ഒപ്പുവയ്ക്കുന്നതടക്കമുള്ള സര്‍ക്കാര്‍ നടപടികള്‍ ഇത്രയും വൈകിയതാണു നിര്‍മാണം തുടങ്ങാതിരിക്കാനുള്ള കാരണം. 

മോണോ റയില്‍ നിലവില്‍വന്നാല്‍ രണ്ടു നഗരങ്ങളിലെയും ഗതാഗതക്കുരുക്കു 40% കുറയുമെന്നാണു ഡിഎംആര്‍സിയുടെ പഠന റിപ്പോര്‍ട്ട്. കൊച്ചി മെട്രോയ്ക്കൊപ്പം, കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടംതന്നെയാവും മോണോ റയില്‍ പദ്ധതി. ഡിഎംആര്‍സിയുമായി ധാരണാപത്രം ഒപ്പിടലും സ്ഥലം ഏറ്റെടുക്കലും ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കുകയാണ് ഇനിവേണ്ടത്.

No comments:

Post a Comment