മുഖപ്രസംഗം May 20- 2013
1. പൊരുത്തക്കേടുകളോട് പൊരുതിനില്‍ക്കാനാവാതെ (മാധ്യമം)
കടുത്ത വര്‍ഗീയതയിലും പരമത വിദ്വേഷത്തിലും ഊട്ടിയെടുക്കപ്പെട്ടതാണ് സംഘ്പരിവാറും അതിനകത്തെ അനുബന്ധ ഘടകങ്ങളുമെല്ലാം. അതിന്‍െറ അധികാരരാഷ്ട്രീയ മുഖമായ ഭാരതീയ ജനതാപാര്‍ട്ടിയില്‍നിന്നും നാട് മറുത്തൊന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയുടെ ഗതിയറിഞ്ഞ് പാറ്റാനറിയുന്ന മിടുക്കില്‍ ഇടക്ക് മതേതരത്വത്തിന്‍െറയും ന്യൂനപക്ഷാനുഭാവത്തിന്‍െറയും വികസനപ്രേമത്തിന്‍െറയുമൊക്കെ പുറംപൂച്ചില്‍ ഒളിക്കാന്‍ പാര്‍ട്ടി ശ്രമിക്കാറുണ്ട്. അവസരമൊത്തു വരുമ്പോള്‍ ഈ പൂച്ചില്‍നിന്നു പുറത്തുചാടാനും ബി.ജെ.പിക്ക് അറിയാം. വര്‍ഗ, വംശവൈരത്തിന്‍െറ മാത്രം അടിത്തറയില്‍ വികസിച്ചുവന്ന ഒരു പാര്‍ട്ടിയുടെ സ്വാഭാവികപരിണതിയാണ് ഈ നിലപാടില്ലാ കണ്ടംചാട്ടങ്ങള്‍. രാജ്യാധികാരം പരമലക്ഷ്യമായി കാണുന്ന പാര്‍ട്ടിയുടെ രാജനൈതികത സംബന്ധിച്ച വാചകമടിക്ക് അധരത്തിനപ്പുറം ആയുസ്സില്ലെന്ന് ഭരണ-പ്രതിപക്ഷ സ്ഥാനങ്ങളിലിരുന്ന് പാര്‍ട്ടി തെളിയിച്ചതാണ്.
2. നോക്കുകൂലി വാഴുന്നു; നിയമം നോക്കുകുത്തി (മനോരമ)
നോക്കുകൂലി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ക്കു നോക്കുകുത്തിയുടെ വിലപോലുമില്ലാതായി. നിയമങ്ങളുടെ സംരക്ഷണമുണ്ടെങ്കിലും തൊഴിലാളികളുടെ സംഘടിതശക്തി ഭയന്ന് അവര്‍ ചോദിക്കുന്ന പണം നല്‍കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്.
പൊരുത്തക്കേടുകളോട് പൊരുതിനില്‍ക്കാനാവാതെ
കടുത്ത വര്‍ഗീയതയിലും പരമത വിദ്വേഷത്തിലും ഊട്ടിയെടുക്കപ്പെട്ടതാണ് സംഘ്പരിവാറും അതിനകത്തെ അനുബന്ധ ഘടകങ്ങളുമെല്ലാം. അതിന്‍െറ അധികാരരാഷ്ട്രീയ മുഖമായ ഭാരതീയ ജനതാപാര്‍ട്ടിയില്‍നിന്നും നാട് മറുത്തൊന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയുടെ ഗതിയറിഞ്ഞ് പാറ്റാനറിയുന്ന മിടുക്കില്‍ ഇടക്ക് മതേതരത്വത്തിന്‍െറയും ന്യൂനപക്ഷാനുഭാവത്തിന്‍െറയും വികസനപ്രേമത്തിന്‍െറയുമൊക്കെ പുറംപൂച്ചില്‍ ഒളിക്കാന്‍ പാര്‍ട്ടി ശ്രമിക്കാറുണ്ട്. അവസരമൊത്തു വരുമ്പോള്‍ ഈ പൂച്ചില്‍നിന്നു പുറത്തുചാടാനും ബി.ജെ.പിക്ക് അറിയാം. വര്‍ഗ, വംശവൈരത്തിന്‍െറ മാത്രം അടിത്തറയില്‍ വികസിച്ചുവന്ന ഒരു പാര്‍ട്ടിയുടെ സ്വാഭാവികപരിണതിയാണ് ഈ നിലപാടില്ലാ കണ്ടംചാട്ടങ്ങള്‍. രാജ്യാധികാരം പരമലക്ഷ്യമായി കാണുന്ന പാര്‍ട്ടിയുടെ രാജനൈതികത സംബന്ധിച്ച വാചകമടിക്ക് അധരത്തിനപ്പുറം ആയുസ്സില്ലെന്ന് ഭരണ-പ്രതിപക്ഷ സ്ഥാനങ്ങളിലിരുന്ന് പാര്‍ട്ടി തെളിയിച്ചതാണ്. എല്ലാവരെയും പരീക്ഷിച്ച് മടുത്തതിനാല്‍ തങ്ങള്‍ക്കൊരവസരം ചോദിച്ച് അധികാരത്തിലേറിയവര്‍ അഴിമതി, അധികാര ദുര്‍വിനിയോഗം, ഭരണ കെടുകാര്യസ്ഥത എന്നിവയിലെല്ലാം ബദ്ധശത്രുവായ കോണ്‍ഗ്രസിനോട് കിടമത്സരം നടത്തുന്നതാണ് കണ്ടത്. അപ്പോഴൊക്കെ പാര്‍ട്ടി വിട്ടുവീഴ്ചയില്ലാതെ പുലര്‍ത്തിപ്പോന്നത് വംശവെറിയുടെ സ്വതസ്സിദ്ധ പ്രതിച്ഛായയാണ്. അധികാരം കൈയില്‍ തടയുമെങ്കില്‍ എന്തു വിട്ടുവീഴ്ചയും, ഇല്ലെങ്കില്‍ തീവ്രവര്‍ഗീയ ലൈന്‍ എന്നതിനപ്പുറം മറ്റൊരു സവിശേഷതയും ആത്യന്തിക ദേശീയതയുടെയും ആര്‍ഷസംസ്കൃതിയുടെയും അവകാശവാദക്കാര്‍ക്ക് സ്വന്തമാക്കാനായിട്ടില്ല. മറിച്ചൊരു ലൈനിലേക്ക് നീങ്ങുന്ന പാര്‍ട്ടിയെ പിന്തിരിപ്പിക്കാന്‍ വോട്ട് ബാങ്ക് നഷ്ടത്തെക്കുറിച്ച നേരിയ ആധി മതി.
ഗുജറാത്ത് വംശഹത്യയുടെ കളങ്കിത പ്രതിച്ഛായയാണ് അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കടമ്പ. വംശവെറിക്കോ മതവര്‍ഗീയ ചിന്തക്കോ തൊണ്ണൂറുകളിലെ വിപണിമൂല്യം ഇപ്പോള്‍ കിട്ടുന്നില്ലെന്ന് അറിയാവുന്നതു കൊണ്ടാണ് സ്വന്തം തട്ടകമായ ഗുജറാത്തിനപ്പുറം വികസന, ജനക്ഷേമനായകനായി നരേന്ദ്രമോഡിയെ ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഗുജറാത്തില്‍ മൂന്നു വട്ടം അധികാരമേറ്റതിലൂടെ അടിച്ചുറപ്പിച്ച സ്വേച്ഛാധിപത്യ ഭരണക്രമത്തിലെ വിധേയത്വം അതിനപ്പുറം നീളില്ലെന്ന് കര്‍ണാടകയുടെ നഷ്ടം ബി.ജെ.പിയെ ബോധ്യപ്പെടുത്തിയിരിക്കുന്നു. അഴിമതി, കുതികാല്‍ വെട്ട് എന്നിവയിലെല്ലാം ദുഷിപ്പിന്‍െറ പരമാവധി സാധ്യതകള്‍ കാഴ്ചവെച്ചും കര്‍ണാടക പാര്‍ട്ടിക്കും രാജ്യത്തിനും പുതിയ അനുഭവമായി. ഇതില്‍നിന്നു ആത്മവിശ്വാസം വീണ്ടെടുത്ത കോണ്‍ഗ്രസ് ആകട്ടെ, ഇതേ വോട്ടുബാങ്ക് രാഷ്ട്രീയം വെച്ചുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിനു വേണ്ട കളമൊരുക്കം തുടങ്ങി. ഗുജറാത്ത് വംശഹത്യയുടെ തുടരുന്ന കേസ് പരമ്പരകള്‍ സജീവമായി മുന്നോട്ടു കൊണ്ടുപോകാനും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അന്വേഷണം കര്‍ശനമാക്കാനും ഭീകരവേട്ടയുടെ പേരില്‍ അറസ്റ്റിലായ മുസ്ലിം യുവാക്കളുടെ വിചാരണക്ക് ആക്കം കൂട്ടാനുമുള്ള നീക്കങ്ങളെ അതിന്‍െറ ഭാഗമായി കാണണം. എന്നാല്‍ , കോണ്‍ഗ്രസിന്‍െറ ഈദൃശ പ്രവര്‍ത്തനങ്ങളെ വോട്ട്ബാങ്ക് രാഷ്ട്രീയമെന്ന് പരിഹസിക്കുന്ന ബി.ജെ.പിയും അവരുടെ നിയുക്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയും പ്രയോഗത്തില്‍ കോണ്‍ഗ്രസിനെ കമ്പോടുകമ്പ് പിന്തുടരുന്നു. വികസനനായകനായി മോഡിയെ ഉയര്‍ത്തിക്കാട്ടാന്‍ ടി ഷര്‍ട്ട് മുതല്‍ റോക് സംഗീതമേള വരെ സംഘടിപ്പിക്കുമ്പോഴും ജയാശങ്ക ദുരീകരിക്കാന്‍ വര്‍ഗീയത കൈവിടാതെ സൂക്ഷിക്കണം. ഗുജറാത്ത് വംശഹത്യയിലെ ഏറ്റവും കിരാതമായ സംഭവങ്ങളിലൊന്നായിരുന്ന നരോദ പാട്യ കൂട്ടക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി മായ കോട്നാനിക്കും ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്രംഗിക്കും വധശിക്ഷ നല്‍കാന്‍ ശിപാര്‍ശ ചെയ്യുമെന്നു പ്രഖ്യാപിച്ച ശേഷം പാര്‍ട്ടി പിറകോട്ടുപോയത്, വംശഹത്യാ കേസിലെ പ്രതി അമിത് ഷായെ യു.പി രാഷ്ട്രീയനിരീക്ഷകനായി നിയോഗിച്ചത്, സൊഹ്റാബുദ്ദീന്‍ വധക്കേസില്‍ സി.ബി.ഐ കുരുക്കെറിഞ്ഞ രാജസ്ഥാനിലെ മുന്‍മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയക്കു വേണ്ടി വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ ഏറ്റെടുത്തു നടത്താന്‍ തീരുമാനിച്ചത്- എല്ലാം ഈ വര്‍ഗീയ അജണ്ട തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണ്. ഒരു ഭാഗത്ത് മതേതരത്വത്തിന്‍െറ മേല്‍ക്കുപ്പായം സ്വയം എടുത്തണിഞ്ഞും മറ്റുള്ളവരെ അണിയിച്ചും, വികസനനായക പരിവേഷമണിയിച്ച മോഡിയുടെ സ്തുതിഗീതങ്ങളുടെ ബഹുഭാഷാ ആല്‍ബം പുറത്തിറക്കിയും അടുത്ത പൊതുതെരഞ്ഞെടുപ്പിന്‍െറ ഒരുക്കങ്ങള്‍ നടത്തുന്ന പാര്‍ട്ടി തങ്ങള്‍ക്കു ചേരുന്ന വേഷം ഏതെന്ന് തിരിച്ചറിയുന്നുണ്ട്. അമിത് ഷാക്കു പിന്നാലെ കട്ടാരിയയെയും സി.ബി.ഐ പിന്തുടരുന്നത് മോഡിക്കുതന്നെ വിനയായിത്തീരുമോ എന്ന ആശങ്കയുമുണ്ട്. അത്തരമൊരു പഴുത് അന്വേഷണ ഏജന്‍സിക്കു കൊടുക്കാത്ത വിധം രാഷ്ട്രീയസമ്മര്‍ദം സ്വരൂപിക്കാന്‍ ഏറ്റവും ഉചിതം വംശവൈരത്തിന്‍െറ കാര്‍ഡു കളിക്കുകയാണെന്നു ബി.ജെ.പി മനസ്സിലാക്കുന്നു. എന്നാല്‍ , പഴയ മട്ടില്‍ അതു പച്ചയായി പറയാനുള്ള ധൈര്യം പുതിയ ഇന്ത്യയില്‍ അവര്‍ക്ക് ലഭിക്കുന്നില്ല. വഗീയ രാഷ്ട്രീയത്തോടു പൊതുവെ ജനാഭിമുഖ്യം കുറഞ്ഞതും വികസനം എന്നതു മധ്യവര്‍ഗത്തിനും അതിനു മീതെയും അലങ്കാര മുദ്രാവാക്യമായി മാറിയതും കണ്ടില്ലെന്നു നടിക്കാനാവില്ല. അതേസമയം, വംശവൈരത്തില്‍ അധിഷ്ഠിതമായ സ്വന്തം അസ്തിത്വത്തെ മറികടക്കാനുള്ള ഇച്ഛാശക്തിയുമില്ല. ഈ ധര്‍മസങ്കടത്തെ എങ്ങനെ മറികടക്കുമെന്നതാണ് ബി.ജെ.പി നേരിടുന്ന സമീപകാല പ്രതിസന്ധി. അതിന്‍െറ ഫലമാണ് അടുത്ത കാലത്തായി ബി.ജെ.പിയുടെ നയനിലപാടുകളിലും നീക്കങ്ങളിലും കാണുന്ന പാളിച്ചകളും പൊരുത്തക്കേടുകളും.
നോക്കുകൂലി വാഴുന്നു; നിയമം നോക്കുകുത്തി
നോക്കുകൂലി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ക്കു നോക്കുകുത്തിയുടെ വിലപോലുമില്ലാതായി. നിയമങ്ങളുടെ സംരക്ഷണമുണ്ടെങ്കിലും തൊഴിലാളികളുടെ സംഘടിതശക്തി ഭയന്ന് അവര്‍ ചോദിക്കുന്ന പണം നല്‍കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്.
ജോലി ചെയ്യാതെ നോക്കി നില്‍ക്കുകയും സാധാരണക്കാരന്റെ കയ്യില്‍നിന്നു പണം തട്ടിയെടുക്കുകയും ചെയ്യുന്ന സമ്പ്രദായം പരിഷ്കൃത സമൂഹത്തിനു നാണക്കേടാണ്. ഏതു സംരംഭത്തിന്റെയും ചെലവ് ഇതുമൂലം വര്‍ധിക്കുന്നു.
പരസ്യമായി എതിര്‍ക്കുന്ന തൊഴിലാളി സംഘടനകള്‍ നോക്കുകൂലിയെ രഹസ്യമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നതാണു വാസ്തവം. നോക്കുകൂലി എന്ന പേരു മാറ്റി നഷ്ടപരിഹാരം എന്ന പേരില്‍ പണം നല്‍കിയാല്‍ മതിയെന്നാണു ചില സ്ഥലങ്ങളില്‍ തൊഴിലാളികളുടെ നിലപാട്.
ആലപ്പുഴയില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ സഹോദരപുത്രനില്‍നിന്നു നോക്കുകൂലി വാങ്ങാന്‍ സിഐടിയു തൊഴിലാളികള്‍ക്ക് ഒരു മടിയുമുണ്ടായില്ല. തൊട്ടടുത്ത ദിവസം ലേബര്‍ ഓഫിസറോടു തന്നെ നോക്കുകൂലി ആവശ്യപ്പെട്ടു.
ചരക്ക് ഇറക്കുന്നതില്‍ ഒതുങ്ങിനിന്ന നോക്കുകൂലി ഇതര മേഖലകളിലേക്കും വ്യാപിക്കുന്നതു ഭീതിയോടെയാണു സമൂഹം കാണുന്നത്. നിര്‍മാണ മേഖലയില്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനു പകരമായി തൊഴിലാളികള്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതുവരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍. നോക്കുകൂലിയുടെ പേരിലുള്ള തര്‍ക്കങ്ങള്‍ പതിവായതോടെ നിര്‍മാണ മേഖലയിലേക്കു കടക്കാന്‍പോലും ജനങ്ങള്‍ മടിക്കുന്നു. വലിയ തുക തന്നെ നോക്കുകൂലിയായി നല്‍കേണ്ടി വരുന്നു.
നോക്കുകൂലി നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നില്ലെന്നതാണു യാഥാര്‍ഥ്യം. നിയന്ത്രണങ്ങള്‍ പലതും കടലാസില്‍ ഒതുങ്ങുകയാണ്. കോഴിക്കോട് നോക്കുകൂലി വിമുക്ത ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ആലപ്പുഴ ജില്ലയില്‍ അതിനുള്ള ശ്രമം തൊഴിലാളി സംഘടനകളുടെ എതിര്‍പ്പുമൂലം പരാജയപ്പെട്ടു. തിരുവനന്തപുരം അടുത്തുതന്നെ നോക്കുകൂലി വിമുക്തമാക്കുമെന്നാണു സര്‍ക്കാരിന്റെ വാഗ്ദാനം.
എന്നാല്‍, ഇവിടങ്ങളില്‍ നോക്കുകൂലി പൂര്‍ണമായും ഇല്ലാതായെന്നു പറയാന്‍ സര്‍ക്കാരിനും സാധിക്കില്ല. ജനങ്ങളെ വിഡ്ഢികളാക്കി അധികൃതര്‍ ഒളിച്ചുകളി നടത്തുകയാണ്. നോക്കുകൂലി നിയമംമൂലം നിരോധിച്ചിരിക്കുകയാണ്. ഗാര്‍ഹിക ആവശ്യത്തിനു സ്വന്തമായോ ഇഷ്ടമുള്ള ആളുകളെ ഉപയോഗിച്ചോ സാധനങ്ങള്‍ ഇറക്കാന്‍ ഉടമയ്ക്ക് അവകാശമുണ്ട്.
നോക്കുകൂലി വാങ്ങിയാല്‍ പിടിച്ചുപറി എന്ന പേരില്‍ പൊലീസിനു കേസെടുക്കാം. വസ്തുവില്‍ കയറി ഭീഷണിപ്പെടുത്തിയാല്‍ ഗുണ്ടാനിയമം അനുസരിച്ചു നടപടി എടുക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. എന്നാല്‍, പരാതി ലഭിച്ചാലും തൊഴില്‍പ്രശ്നമെന്ന നിലയില്‍ ഇടപെടാന്‍ പൊലീസ് മടിക്കാറുണ്ടെന്നാണ് ആക്ഷേപം. കര്‍ശന നടപടിക്കു മുതിരാതെ ചര്‍ച്ചയിലൂടെ പരിഹാരം കാണാനാണു ലേബര്‍ വകുപ്പും ശ്രമിക്കാറുള്ളതെന്ന് ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തുന്നു.
യന്ത്രവല്‍ക്കരണംമൂലം പല മേഖലകളിലും തൊഴില്‍ നഷ്ടപ്പെടുന്നു എന്നതു ശരിതന്നെ. എന്നാല്‍, തൊഴിലാളി യൂണിയനുകള്‍ കൂടി സഹകരിച്ചാല്‍ പല മേഖലകളിലും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്നതാണ് യാഥാര്‍ഥ്യം.
കുട്ടനാട്ടില്‍ കൊയ്ത്തു യന്ത്രം എത്തിയപ്പോഴും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഒടുവില്‍ യന്ത്രവും തൊഴിലാളിയും തമ്മിലുള്ള സഹവര്‍ത്തിത്വമാണു പ്രശ്നം പരിഹരിച്ചത്. കാര്‍ഷികമേഖലയില്‍ ചെലവു കുറയ്ക്കാനും ഉല്‍പാദനം ഉയര്‍ത്താനും യന്ത്രങ്ങള്‍ കൂടിയേ തീരൂ.
ക്രമസമാധാനം തകര്‍ക്കുന്ന നിലയിലേക്കു നോക്കുകൂലി തര്‍ക്കങ്ങള്‍ വീണ്ടും നീങ്ങിത്തുടങ്ങിയിരിക്കുന്നു. അധ്വാനിക്കാതെ പണം പിടിച്ചുപറിക്കുന്ന നോക്കുകൂലിക്കെതിരെ ബോധവല്‍ക്കരണം വേണം. ഇക്കാര്യത്തില്‍ യൂണിയനുകള്‍ ഒളിച്ചുകളി നടത്തരുത്. ബാലിശമായ വാദമുഖങ്ങള്‍ ഉന്നയിക്കുന്ന യൂണിയന്‍ നേതാക്കള്‍ സ്വയം അപഹാസ്യരാകുകയുമാണ്. നിര്‍മാണ മേഖലയിലെ സ്തംഭനം വികസനം മുരടിപ്പിക്കും. നിയമം ശക്തമായി നടപ്പാക്കുന്നതിനൊപ്പം നോക്കുകൂലി സംബന്ധിച്ച പരാതികള്‍ സര്‍ക്കാരിനെ അറിയിക്കാന്‍ സംവിധാനം ഒരുക്കുകയും വേണം
മനോരമ 20-05-13
No comments:
Post a Comment