മുഖപ്രസംഗം May 04- 2013
1. വിശ്വോത്തര ജനാധിപത്യത്തിന്‍െറ മഹനീയ മാതൃക! (മാധ്യമം)
മേയ് അഞ്ചിന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പ്രചാരണത്തിന് കഴിഞ്ഞദിവസം തിരശ്ശീല വീണു. അഴിമതിയായിരുന്നു മുഖ്യ ഇഷ്യൂ. ഒടുവില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഴിമതി നിറഞ്ഞ മോശം ഭരണമായിരുന്നു ബി.ജെ.പിയുടേതെന്ന് കുറ്റപ്പെടുത്തിയപ്പോള്‍ യു.പി.എയാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരെന്ന് ബി.ജെ.പി തിരിച്ചടിച്ചു. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ അഴിമതിയില്‍ ലോക റെക്കോഡ് സ്ഥാപിച്ചതായി കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വാചാലയായത് അഴിമതിയെക്കുറിച്ചുതന്നെ. രാജ്യം കണ്ടതില്‍ വെച്ചേറ്റവും ഭീകരമായ അഴിമതി സര്‍ക്കാറുകളില്‍ ഒന്നായിരുന്നു കര്‍ണാടകയിലെ ബി.ജെ.പിയുടേതെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല.
2. വൈകിയുദിച്ച തിരിച്ചറിവ് (മനോരമ)
'പണ്ടു കുട്ടനാട്ടില്‍ കൃഷി യന്ത്രവല്‍ക്കരിക്കുന്നതിനെതിരെ ഞങ്ങള്‍ ഒരുപാടു സമരം ചെയ്തു. അച്യുതാനന്ദനായിരുന്നു നേതാവ്. എംഎല്‍എ ആയ ഞാനും ട്രാക്ടറിന്റെ ടാങ്കില്‍ ഉപ്പു വാരിയിടാന്‍ പോയിട്ടുണ്ട്. ഇന്ന് ആലോചിക്കുമ്പോള്‍ ആ സമരം മഹാ അബദ്ധമായിരുന്നു എന്നാണ് എന്റെ വിശ്വാസം. അന്നു തൊഴില്‍ നഷ്ടമാകുന്നവരെ സഹായിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നാടിനു ഗുണം ചെയ്തില്ല- ജെഎസ്എസ് നേതാവ് കെ.ആര്‍. ഗൌരിയമ്മ ഇന്നിങ്ങനെ പറയുന്നത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ്. സ്വന്തം പുരയിടത്തില്‍ കിളയ്ക്കാനും തെങ്ങില്‍ കയറാനും ആളെ കിട്ടാത്തതിന്റെ പരിഭവമാണു സിപിഎം നേതാവും കൃഷിമന്ത്രിയുമായിരുന്ന ഗൌരിയമ്മയുടെ വാക്കുകളിലുള്ളത്.
വിശ്വോത്തര ജനാധിപത്യത്തിന്‍െറ മഹനീയ മാതൃക!
മേയ് അഞ്ചിന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പ്രചാരണത്തിന് കഴിഞ്ഞദിവസം തിരശ്ശീല വീണു. അഴിമതിയായിരുന്നു മുഖ്യ ഇഷ്യൂ. ഒടുവില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഴിമതി നിറഞ്ഞ മോശം ഭരണമായിരുന്നു ബി.ജെ.പിയുടേതെന്ന് കുറ്റപ്പെടുത്തിയപ്പോള്‍ യു.പി.എയാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരെന്ന് ബി.ജെ.പി തിരിച്ചടിച്ചു. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ അഴിമതിയില്‍ ലോക റെക്കോഡ് സ്ഥാപിച്ചതായി കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വാചാലയായത് അഴിമതിയെക്കുറിച്ചുതന്നെ. രാജ്യം കണ്ടതില്‍ വെച്ചേറ്റവും ഭീകരമായ അഴിമതി സര്‍ക്കാറുകളില്‍ ഒന്നായിരുന്നു കര്‍ണാടകയിലെ ബി.ജെ.പിയുടേതെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നപ്പോള്‍ കോണ്‍ഗ്രസിലെയും ജനതാദള്‍ എസിലെയും ആവശ്യമായത്ര എം.എല്‍.എമാരെ കൂറുമാറ്റി രാജിവെപ്പിച്ച് ഉപതെരഞ്ഞെടുപ്പുകളിലൂടെ ബി.ജെ.പി ടിക്കറ്റില്‍ ജയിപ്പിച്ചെടുക്കാന്‍ പാര്‍ട്ടി ചെലവിട്ട സംഖ്യ സകല അഭ്യൂഹങ്ങള്‍ക്കും അപ്പുറത്താണ്. ഈ പകിടകളിയില്‍ മുഖ്യപങ്കുവഹിച്ച ഖനിയുടമകളായ റെഡ്ഡിമാര്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ ചെയ്ത വഴിവിട്ട സഹായം പിന്നീട് പാര്‍ട്ടിയെത്തന്നെ തിരിഞ്ഞുകുത്തി. ഇപ്പോള്‍ വീണ്ടും ജനവിധി തേടുമ്പോള്‍ ബി.ജെ.പി മാത്രമല്ല, കോണ്‍ഗ്രസും ജനതാദള്‍ സെക്കുലറും പടക്കളത്തിലിറക്കിയിരിക്കുന്നത് ഭൂരിഭാഗവും സിറ്റിങ് എം.എല്‍.എമാരെ തന്നെ. മത്സരിക്കുന്ന 72 ബി.ജെ.പി എം.എല്‍.എമാരില്‍ 44 പേരും മഹാ കോടീശ്വരന്മാരാണ്. 80 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 69 പേരും കോടീശ്വരന്മാര്‍ തന്നെ. ഗോവിന്ദരാജ് നഗറില്‍നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയാകൃഷ്ണ 910 കോടിയാണ് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം ഒന്നാം സ്ഥാനത്ത്. ബംഗളൂരു നഗരമേഖലയിലെ 156 പ്രമുഖ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ശരാശരി സ്വത്ത് 25 കോടിയാണെന്ന് കര്‍ണാടക ഇലക്ഷന്‍ വാച്ച് വെളിപ്പെടുത്തുന്നു. ഈ സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും കഴിഞ്ഞ തെരഞ്ഞെടുപ്പു വേളയില്‍ വെളിപ്പെടുത്തിയ സ്വത്തിനേക്കാള്‍ ഇരട്ടിയോ അതിലധികമോ സമ്പാദിച്ചതായി ഇപ്പോഴത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഭരണപക്ഷത്തെ 73 എം.എല്‍.എമാര്‍ 132 ശതമാനമാണ് സ്വത്ത് കൂട്ടിയതെങ്കില്‍ പ്രതിപക്ഷത്തിരുന്നവരും മോശമാക്കിയില്ല. 57 കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ആസ്തിവഹകളിലെ ശരാശരി വര്‍ധന 13 കോടിയാണ്. അതായത് 60 ശതമാനം.
മദ്യവും ഖനിയും റിയല്‍ എസ്റ്റേറ്റും വിദ്യാഭ്യാസവുമാണ് കര്‍ണാടകയിലെ ഏറ്റവും വലിയ ധനാഗമന സ്രോതസ്സുകള്‍. ഈ സ്രോതസ്സുകളുടെ ദുര്‍വിനിയോഗത്തിനുള്ള സുവര്‍ണാവസരമാണ് ഭരണം. ഭരണത്തിലെത്തിയില്ലെങ്കിലും ശരാശരി നിയമസഭാംഗമായിരുന്നാല്‍പോലും കോടികള്‍ തരപ്പെടുത്താനാവുമെന്ന് അനുഭവം സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍, എത്ര കോടികള്‍ മുടക്കിയും ജയിച്ചേ തീരൂ എന്ന് തീരുമാനിച്ച സ്ഥാനാര്‍ഥികളും പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമീഷന്‍െറ കര്‍ശനമായ വിലക്കുകളും നിയന്ത്രണങ്ങളും നിരീക്ഷണവും മറികടന്ന് കള്ളപ്പണത്തിന്‍െറ ഘോരയുദ്ധത്തിലാണേര്‍പ്പെട്ടത്. രാജ്യം ഭരിക്കുന്ന യു.പി.എയോ പ്രധാന പ്രതിപക്ഷമായ ബി.ജെ.പിയോ സംസ്ഥാനം ഒരിക്കല്‍ ഭരിച്ച ജനതാദള്‍ സെക്കുലറോ ഒന്നും ഈ കുളിമുറിയില്‍ ഉടുത്തവരല്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ മൂര്‍ധന്യത്തില്‍ സമ്മതിദായകരെ സ്വാധീനിക്കാന്‍ കടത്തിയ 10 കോടി രൂപ ഇലക്ഷന്‍ കമീഷന്‍ പിടികൂടി. 42,000 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു. യഥാര്‍ഥ സംഖ്യയുടെ അടുത്തൊന്നും ഇതെത്തുകയില്ലെന്ന് കട്ടായം. വേശ്യകളെക്കൂടി തെരഞ്ഞെടുപ്പ് പ്രചാരണ ഗോദയിലിറക്കിയതാണ് ഒടുവിലത്തെ വിശേഷം. അപ്രകാരം കുപ്രസിദ്ധ ക്രിമിനലുകളെ രംഗത്തിറക്കി പണവും മദ്യവും മദിരാക്ഷിയും യഥേഷ്ടം ഒഴുക്കി ഏതെങ്കിലും പാര്‍ട്ടി അധികാരം പിടിച്ചടക്കും. സാധ്യമായില്ലെങ്കില്‍ കുതിരക്കച്ചവടത്തിലൂടെ രൂപംകൊള്ളുന്ന മുന്നണിയായിരിക്കും അടുത്ത അഞ്ചു വര്‍ഷത്തേക്ക് ചക്കരക്കുടത്തിന്‍െറ കസ്റ്റോഡിയന്മാര്‍. ഈ ക്രിമിനല്‍ നടപടിക്ക് നാം നല്‍കിയ ഓമനപ്പേരാണ് പാര്‍ലമെന്‍ററി ജനാധിപത്യം!
ആറു പതിറ്റാണ്ട് പിന്നിട്ട ഇന്ത്യന്‍ ജനാധിപത്യത്തിന് പക്വത കൈവന്നെന്നും വിശ്വോത്തരമാണ് നമ്മുടെ ജനാധിപത്യമെന്നും വീമ്പിളക്കാന്‍ കിട്ടുന്ന അവസരമൊന്നും നാം പാഴാക്കാറില്ല. പക്ഷേ, ഇന്നും ശൈശവദശയിലായ പാകിസ്താന്‍ ജനാധിപത്യത്തേക്കാള്‍ ഒട്ടും ഭേദമല്ല ധനശക്തിയും കായികശേഷിയും സര്‍വോപരി അധാര്‍മിക സ്വാധീനവും ഗതിനിര്‍ണയിക്കുന്ന ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുമെന്നല്ലേ ഏറ്റവും പുതിയ കര്‍ണാടക തെരഞ്ഞെടുപ്പും തെളിയിക്കുന്നത്? പ്രചാരണത്തിന് തെരുവുകളും ചുവരുകളും വരെ വിലക്കിയ തെരഞ്ഞെടുപ്പ് കമീഷനെ നോക്കുകുത്തിയാക്കി നിര്‍ത്തി, ക്രിമിനലുകള്‍ പണച്ചാക്കും നുണച്ചാക്കും വാരിവിതറി നടത്തുന്ന ഈ മഹോത്സവത്തിന്, ജനകീയ പ്രശ്നപരിഹാരവും യഥാര്‍ഥ വികസനവും അജണ്ടയാക്കിയ സുസ്ഥിര ഭരണകൂടത്തെ ഉല്‍പാദിപ്പിക്കാനാവുമെങ്കില്‍ അത് ലോകാദ്ഭുതങ്ങളിലൊന്നായിരിക്കും.
വൈകിയുദിച്ച തിരിച്ചറിവ്
'പണ്ടു കുട്ടനാട്ടില്‍ കൃഷി യന്ത്രവല്‍ക്കരിക്കുന്നതിനെതിരെ ഞങ്ങള്‍ ഒരുപാടു സമരം ചെയ്തു. അച്യുതാനന്ദനായിരുന്നു നേതാവ്. എംഎല്‍എ ആയ ഞാനും ട്രാക്ടറിന്റെ ടാങ്കില്‍ ഉപ്പു വാരിയിടാന്‍ പോയിട്ടുണ്ട്. ഇന്ന് ആലോചിക്കുമ്പോള്‍ ആ സമരം മഹാ അബദ്ധമായിരുന്നു എന്നാണ് എന്റെ വിശ്വാസം. അന്നു തൊഴില്‍ നഷ്ടമാകുന്നവരെ സഹായിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നാടിനു ഗുണം ചെയ്തില്ല- ജെഎസ്എസ് നേതാവ് കെ.ആര്‍. ഗൌരിയമ്മ ഇന്നിങ്ങനെ പറയുന്നത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ്. സ്വന്തം പുരയിടത്തില്‍ കിളയ്ക്കാനും തെങ്ങില്‍ കയറാനും ആളെ കിട്ടാത്തതിന്റെ പരിഭവമാണു സിപിഎം നേതാവും കൃഷിമന്ത്രിയുമായിരുന്ന ഗൌരിയമ്മയുടെ വാക്കുകളിലുള്ളത്. വൈകിയെങ്കിലും ഈ തിരിച്ചറിവിലേക്ക് ഇപ്പോള്‍ സിപിഎം കൂടി വന്നിരിക്കുന്നു. തെറ്റുപറ്റിയാല്‍ തിരുത്തും എന്ന നിലപാട് അഭിമാനകരമാണെന്നു സിപിഎം പറയാറുണ്ട്. തെറ്റിനും തിരുത്തിനുമിടയില്‍ ഉണ്ടാകുന്ന നഷ്ടങ്ങളുടെ കണക്കെടുപ്പുകൂടി നടത്തേണ്ട ചുമതല പാര്‍ട്ടിക്കില്ലേ?
കര്‍ഷകത്തൊഴിലാളി യൂണിയനെക്കുറിച്ച് ആദ്യമായി സിപിഎം തയാറാക്കിയ രേഖയിലാണു യന്ത്രവല്‍ക്കരണം കൂടിയേതീരൂവെന്നും യൂണിഫോം അടക്കം കര്‍ഷകത്തൊഴിലാളികളുടെ രൂപഭാവങ്ങള്‍ മാറണമെന്നുമൊക്കെയുള്ള നവസമീപനങ്ങള്‍ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. യന്ത്രവല്‍ക്കരണത്തെ കുറെനാളായി എതിര്‍ക്കാറില്ലല്ലോ എന്നൊക്കെ പാര്‍ട്ടി വിശദീകരിക്കുന്നുണ്ടെങ്കിലും ട്രാക്ടര്‍ തൊട്ടു കൊയ്ത്തുയന്ത്രം വരെയുള്ളവയുടെ കാര്യത്തില്‍ സിപിഎം സ്വീകരിച്ചുപോന്ന നിലപാടു മലയാളികള്‍ക്ക് അറിയാം. പ്രായോഗിക തലത്തില്‍ അത് ഇപ്പോഴും മാറിയിട്ടുമില്ല. കര്‍ഷകത്തൊഴിലാളി നിലനില്‍ക്കണമെങ്കില്‍ തന്നെ യന്ത്രവല്‍ക്കരണം വേണമെന്നാണു പൊടുന്നനെ ഇപ്പോള്‍ പാര്‍ട്ടി പറയുന്നത്. തോര്‍ത്തുമുണ്ട് ഉടുത്തു പാടത്തു വിയര്‍പ്പൊഴുക്കുന്ന തൊഴിലാളിയുടെ കാലമൊക്കെ കഴിഞ്ഞുവെന്നു തിരിച്ചറിയുന്നതുകൊണ്ടാവണം യൂണിഫോം വേണമെന്നും മറ്റും പാര്‍ട്ടി ആവശ്യപ്പെടുന്നത്.
കാര്‍ഷികമേഖലയില്‍ നിലനില്‍ക്കുന്ന രീതികള്‍ തന്നെ ഉടച്ചുവാര്‍ക്കണമെന്നാണു പാര്‍ട്ടിയുടെ ഇപ്പോഴത്തെ ആവശ്യം. അല്ലെങ്കില്‍ തൊഴിലാളിക്കു വംശനാശം വരുമെന്നും കൃഷി നശിക്കുമെന്നുമുള്ള കണ്ടെത്തലുമുണ്ട്. യന്ത്രവല്‍ക്കരണത്തിനുവേണ്ടി നേരത്തേ നിലകൊണ്ടവരുടെ വാദമുഖങ്ങളും ഇതുതന്നെയായിരുന്നു. എന്നാല്‍, യന്ത്രം വന്നാല്‍ തൊഴിലാളിക്കു പണി പോകുമെന്നായിരുന്നു അന്നു പാര്‍ട്ടി ചെറുത്തു പറഞ്ഞുപോന്നത്. യന്ത്രം ഉപയോഗിക്കുന്ന പ്രഫഷനല്‍ തൊഴിലാളിയാണു കാലഘട്ടത്തിന്റെ ആവശ്യം എന്നായി ഇപ്പോള്‍ പാര്‍ട്ടിയുടെ പുതിയ കാഴ്ചപ്പാട്. കര്‍ഷകത്തൊഴിലാളികളെയെല്ലാം പഴയ തൊഴില്‍ സംസ്കാരത്തിന്റെ ഇരുട്ടറയില്‍ ഇത്രയും കാലം തളച്ചിട്ടതിന്റെ ഉത്തരവാദിത്തം കൂടി ഈ നയംമാറ്റത്തോടൊപ്പം സിപിഎം ഏറ്റെടുക്കേണ്ടതല്ലേ?
വര്‍ത്തമാനകാലത്തെ അനിവാര്യമായ ആവശ്യങ്ങളിലൊന്നാണു തൊഴില്‍മേഖലയില്‍ വൈദഗ്ധ്യം നേടിയ തൊഴിലാളികള്‍. കാര്‍ഷികമേഖലയിലേക്കും പ്രഫഷനലിസം കടന്നുവരികയാണെങ്കില്‍ അതുണ്ടാക്കുന്ന മാറ്റങ്ങള്‍ വിസ്മയിപ്പിക്കുന്നതായിരിക്കും. സംസ്ഥാനത്തു നെല്ലുല്‍പാദനം കുത്തനെ ഇടിയുകയും കൃഷിഭൂമിയുടെ വിസ്തൃതി കുറയുകയും കേരളത്തിന്റെ മണ്ണില്‍ കണ്ണീര്‍മാത്രം വിളയുകയും ചെയ്യുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ തിരിച്ചറിവു സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെ. പ്രായോഗികതലത്തില്‍ ഈ സമീപനം എങ്ങനെയാണു നടപ്പാകുന്നതെന്നു കാണാന്‍ കാത്തിരിക്കുകയാണു കേരളം.
നേരത്തേ കംപ്യൂട്ടറിനെ അതിശക്തമായി എതിര്‍ത്ത് കാലത്തിനു പുറംതിരിഞ്ഞുനിന്ന സിപിഎം, പിന്നീടു പാര്‍ട്ടി ഒാഫിസുകള്‍ വരെ കംപ്യൂട്ടര്‍വല്‍ക്കരിച്ച് തെറ്റുതിരുത്തിയപ്പോഴേക്കും കാലം എത്രയോ മുന്നോട്ടുപോയി എന്നു പാര്‍ട്ടി ഒാര്‍മിക്കുന്നുണ്ടാവണം; കേരളത്തിന് എത്രയേറെ അവസരങ്ങളാണു നഷ്ടപ്പെട്ടതെന്നും. ഇപ്പോള്‍ കാര്‍ഷികമേഖല സംബന്ധിച്ചു വൈകിവന്ന കുറ്റസമ്മതവും അതില്‍നിന്നുണ്ടായ തിരിച്ചറിവും ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ്.
No comments:
Post a Comment