Saturday, April 27, 2013

മുഖപ്രസംഗം April 27 - 2013

മുഖപ്രസംഗം April 27 - 2013


1. ബന്ധം വഷളാക്കരുത്; നന്നാക്കണം (മാധ്യമം)
ഏഷ്യയിലെ രണ്ട് വന്‍ശക്തികളായ ഇന്ത്യയും ചൈനയും പരസ്പര ബന്ധങ്ങള്‍ സാധാരണഗതിയിലാക്കാനും ചിരകാല തര്‍ക്കങ്ങള്‍ പരിഹരിക്കാനും 250 കോടിയോളം വരുന്ന ജനസമൂഹത്തെ സുസ്ഥിതിയിലേക്ക് നയിക്കാനും യോജിച്ചുനില്‍ക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് ലോകസാഹചര്യം. അടുത്ത മാസം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങിന്‍െറ സന്ദര്‍ശനം അതിലേക്കുള്ള ക്രിയാത്മകമായ കാല്‍വെപ്പായും വിലയിരുത്തപ്പെടുന്നു. 

ബന്ധം വഷളാക്കരുത്; നന്നാക്കണം 


ബന്ധം വഷളാക്കരുത്; നന്നാക്കണം
ഏഷ്യയിലെ രണ്ട് വന്‍ശക്തികളായ ഇന്ത്യയും ചൈനയും പരസ്പര ബന്ധങ്ങള്‍ സാധാരണഗതിയിലാക്കാനും ചിരകാല തര്‍ക്കങ്ങള്‍ പരിഹരിക്കാനും 250 കോടിയോളം വരുന്ന ജനസമൂഹത്തെ സുസ്ഥിതിയിലേക്ക് നയിക്കാനും യോജിച്ചുനില്‍ക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് ലോകസാഹചര്യം. അടുത്ത മാസം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങിന്‍െറ സന്ദര്‍ശനം അതിലേക്കുള്ള ക്രിയാത്മകമായ കാല്‍വെപ്പായും വിലയിരുത്തപ്പെടുന്നു. മേയ് ഒമ്പതിന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ശിദിന്‍െറ ബെയ്ജിങ് സന്ദര്‍ശനം ലിയുടെ പര്യടനം ഫലപ്രദമാക്കാനുള്ള ചര്‍ച്ചകള്‍ ഉദ്ദേശിച്ചുമാവാം. ഇരുരാജ്യങ്ങളും ചേര്‍ന്ന സംയുക്ത സൈനികാഭ്യാസത്തിനും പരിപാടിയിട്ടിട്ടുണ്ട്. ഇതെല്ലാം സൃഷ്ടിക്കുന്ന ശുഭപ്രതീക്ഷക്ക് മങ്ങലേല്‍പിക്കുന്നതാണ് ഏപ്രില്‍ 15 മുതല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പീപ്പ്ള്‍സ് ലിബറേഷന്‍ ആര്‍മിയുടെ അതിര്‍ത്തിലംഘന വാര്‍ത്തകള്‍. ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണരേഖക്ക് 19 കിലോമീറ്റര്‍ ഉള്ളിലേക്ക് കടന്ന് സൈനിക ക്യാമ്പ് ചൈനീസ് സൈന്യം സ്ഥാപിച്ചുവെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഇന്ത്യക്കുള്ള പ്രതിഷേധം ചൈനയെ അറിയിച്ചുവെങ്കിലും അസാധാരണമായൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ചൈനയുടെ നിലപാട്. ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണരേഖ ചൈനീസ് പട്ടാളം അതിക്രമിച്ചുകടക്കുകയോ അതിര്‍ത്തിയില്‍ അന്യോന്യാഭിമുഖീകരണം ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഹുവാ ചുന്‍യാങ് അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. പ്രശ്നം പരിഹരിക്കാന്‍ അനുകൂലമായ സാഹചര്യമാണ് ഇരുരാജ്യങ്ങളിലെയും മീഡിയ ഒരുക്കേണ്ടത് എന്നവര്‍ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. ചൈനീസ് പട്ടാളം തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തുതന്നെയാണെന്ന് ഊന്നിപ്പറയുന്ന ഹുവാ സമാധാനപരമായ സംഭാഷണങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയുംതന്നെ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ശിദും ഉത്കണ്ഠക്കിടം നല്‍കുന്ന ഒന്നും സംഭവിച്ചിട്ടില്ലെന്നും മീഡിയ പ്രശ്നം വഷളാക്കരുതെന്നുമാണ് അഭ്യര്‍ഥിച്ചിരിക്കുന്നത്.
പക്ഷേ, ജനാധിപത്യ ഇന്ത്യയില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും ചൈനയുടെ കടന്നുകയറ്റം ചര്‍ച്ചക്ക് വിഷയീഭവിക്കുന്നതില്‍ അദ്ഭുതമില്ല. ഭരിക്കുന്ന സര്‍ക്കാറിന്‍െറ ബലഹീനതയും ഉദാസീനതയുമാണ് ചൈനീസ് പട്ടാളത്തിന്‍െറ അതിര്‍ത്തിലംഘനം സമുചിതമായി നേരിടുന്നതിലെ പരാജയത്തിന് കാരണമെന്ന് കുറ്റപ്പെടുത്താന്‍ ലഭിച്ച അവസരം വലതുപക്ഷം ഉപയോഗപ്പെടുത്തുന്നതിലുമില്ല അസ്വാഭാവികത. വിശിഷ്യ, അമ്പതുകളില്‍ പഞ്ചശീലകരാര്‍ ഒപ്പുവെച്ച് ഹിന്ദി-ചീനി ഭായ്ഭായ് മുദ്രാവാക്യങ്ങളാല്‍ അന്തരീക്ഷം മുഖരിതമാക്കിക്കൊണ്ടിരിക്കെ ഓര്‍ക്കാപ്പുറത്ത് ഇന്ത്യയെ കടന്നാക്രമിച്ച് 15,000 ച. നാഴിക പിടിച്ചടക്കിയ ചൈനയുടെ നടപടി ഇന്ത്യന്‍ മനസ്സിനേല്‍പിച്ച അഗാധമായ മുറിവ് അരനൂറ്റാണ്ടിനുശേഷവും ഉണങ്ങാതെ കിടക്കുന്ന പശ്ചാത്തലത്തില്‍. രണ്ടു രാജ്യങ്ങളുടെയും അതിര്‍ത്തിയായി മക്മഹോന്‍ രേഖ ഇന്ത്യ അംഗീകരിക്കുമ്പോള്‍ ചൈന അതിനു തയാറല്ല എന്നതാണ് അന്നും ഇന്നും പ്രശ്നത്തിന്‍െറ മര്‍മം. 1959ല്‍ ചൈന പിടിച്ചെടുത്ത തിബത്തില്‍നിന്ന് ബുദ്ധമതാചാര്യന്‍ ദലൈലാമ രക്ഷപ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയതു മുതല്‍ വഷളായിത്തുടങ്ങിയ ഇന്ത്യ-ചീന ബന്ധം ലഡാക്ക്-നേഫാ മേഖലയുടെമേല്‍ തങ്ങളുടെ അവകാശവാദം സ്ഥാപിച്ചെടുക്കാന്‍ ചൈന നടത്തിയ സായുധാക്രമണത്തോടെ തീര്‍ത്തും തകരുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷമാണ് അതിര്‍ത്തിത്തര്‍ക്കം അപരിഹാര്യമായി തുടരവെത്തന്നെ ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇരുപക്ഷത്തുനിന്നും നയതന്ത്ര ശ്രമങ്ങള്‍ പുനരാരംഭിച്ചതും ഒരളവോളം സഫലമായതും. ഇന്ന് രണ്ടു രാജ്യങ്ങളും തമ്മില്‍ പ്രോത്സാഹജനകമായ വ്യാപാര-വ്യവസായിക-സാംസ്കാരിക ബന്ധങ്ങള്‍ പുന$സ്ഥാപിതമാവുകയും ആ ദിശയില്‍ പ്രസ്താവ്യമായ പുരോഗതി പ്രകടമാവുകയും ചെയ്തിട്ടുണ്ട്. എന്തുവിലകൊടുത്തും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയല്ലാതെ പിറകോട്ടടിപ്പിക്കുന്ന ഏതു നീക്കവും രണ്ടു കൂട്ടര്‍ക്കും മഹാനഷ്ടം വരുത്തിവെക്കുകയേയുള്ളൂ.
ലഡാക്ക് മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനും ഇന്ത്യ സ്വീകരിച്ച ഒടുവിലത്തെ നടപടികളാണ് പുതിയ പ്രകോപനത്തിന് നിമിത്തമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യക്ക് അതിന്‍െറ നിയമാനുസൃത അതിരുകള്‍ ഭദ്രമാക്കാതെ തരമില്ല. അരുണാചല്‍പ്രദേശ് എന്ന പഴയ നേഫാ മേഖലയെ രാജ്യത്തെ ഇതര പ്രവിശ്യകളെപ്പോലെ വികസിപ്പിക്കാതിരിക്കാനും ന്യായമില്ല. അതേയവസരത്തില്‍ പഴയ മക്മഹോന്‍ രേഖയെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അതിസൂക്ഷ്മവും ചടുലവുമായ നയതന്ത്ര വൈദഗ്ധ്യം പ്രവര്‍ത്തിച്ചേ പറ്റൂ. തികച്ചും വൈകാരികമായ പ്രതികരണങ്ങളോ ദേശാഭിമാനത്തിന്‍െറ മറവിലെ ഭ്രാന്തമായ സൈനികനീക്കങ്ങളോ നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ സഹായകമല്ലെന്ന് മാത്രമല്ല അവശേഷിച്ചതും നഷ്ടപ്പെടുത്തുകയേ ഉള്ളൂ എന്ന് തിരിച്ചറിയുകയും വേണം. ‘പാകിസ്താന്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് കടന്നുകയറിയാല്‍ നമ്മള്‍ വന്‍ ഒച്ചപ്പാടുണ്ടാക്കും. പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം വിച്ഛേദിക്കും. സമാധാന ചര്‍ച്ചകള്‍ അവസാനിപ്പിക്കും. അതേസമയം, ചൈനയാണ് ഇന്ത്യന്‍ പ്രദേശത്ത് കടന്നുകയറുന്നതെങ്കില്‍ നമ്മള്‍ കടുത്ത പ്രതിഷേധമൊന്നും ഉയര്‍ത്തില്ല. ഒരു മേശക്കു ചുറ്റുമിരുന്ന് പ്രശ്നം പരിഹരിക്കാമെന്ന് പറയും. കേന്ദ്രത്തിന്‍െറ ഈ സമീപനം ശരിയല്ല’ എന്ന ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ വിമര്‍ശത്തില്‍ കഴമ്പുണ്ട്. ഇന്ത്യക്കെതിരെ പാകിസ്താനും ചൈനയും യോജിക്കുന്ന അവസ്ഥയുമുണ്ട്. സമഗ്രവും സമതുലിതവും യാഥാര്‍ഥ്യ ബോധത്തോടുകൂടിയതുമായ നയതന്ത്രജ്ഞത എല്ലാ അയല്‍നാടുകളുടെയും കാര്യത്തില്‍ സ്വീകരിക്കാന്‍ ഇന്ത്യക്ക് കഴിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു സങ്കീര്‍ണ സമസ്യകളുടെ പരിഹാരവും സൗഹൃദ പുന$സ്ഥാപനവും.

No comments:

Post a Comment