Sunday, April 7, 2013

മുഖപ്രസംഗം April 07 - 2013

മുഖപ്രസംഗം April 07 - 2013

1. റാഗിങ്ങിന്റെ പേരിലോ ഈ അതിക്രമം?  (മാതൃഭൂമി)
സേലത്ത് മലയാളിയായ കോളേജ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ ഉയര്‍ന്ന ക്ലാസിലെ വിദ്യാര്‍ഥികള്‍ അറസ്റ്റിലായിരിക്കയാണ്. നാമക്കലിലെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം ഒരു വിദ്യാര്‍ഥിയുടെ ജീവനെടുത്തുവെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. റാഗിങ്ങിന്റെ ഭാഗമാണോ ഈ സംഭവം എന്ന് വിശദമായ അന്വേഷണത്തിനുശേഷമേ അറിയാനാവുകയുള്ളൂ. എങ്കിലും കലാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള വഴക്കുകള്‍ ഇത്രയും കടുത്ത ശത്രുതയിലും അങ്ങനെ കൊലപാതകത്തിലും എത്തുന്നുവെന്നത് ഖേദകരമാണ്.
2. ഗുരുത്വദോഷി (വാര്‍ത്തകളിലെ വ്യക്തി) മാധ്യമം 
ഒരു ഭൗതികവസ്തു അതിന്‍െറ പിണ്ഡത്തിന് ആനുപാതികമായ ബലംമൂലം ആകര്‍ഷിക്കപ്പെടുന്ന പ്രകൃതിപ്രതിഭാസമാണ് ഭൂഗുരുത്വം (ഗ്രാവിറ്റി). ഭൗതികമായ ഒരു വസ്തുവിന്‍െറ ഭാരത്തിന് കാരണം ഭൂഗുരുത്വമാണ്. ഭൂഗുരുത്വം മൂലമാണ് വസ്തുക്കള്‍ താഴെ വീഴുന്നത്. മുതിര്‍ന്നവരോടുള്ള ആദരവിനും ബഹുമാനത്തിനും നമ്മള്‍ ഗുരുത്വം എന്നു പറയും. ഗുരുത്വം കാണിക്കാന്‍ മുന്നിലുള്ളത് പഠിപ്പിച്ച മാഷ് ആവണമെന്നില്ല. പ്രായത്തില്‍ മുതിര്‍ന്നവരെയും ജനപ്രതിനിധികളെയും രാജ്യം ഭരിക്കുന്നവരെയുമൊക്കെ കാണുമ്പോള്‍ ഗുരുത്വം കാട്ടാം. ഗുരുത്വദോഷി എന്ന വിളിപ്പേരു വീഴാതിരിക്കാന്‍ പൊതുവെ എല്ലാവരും ശ്രദ്ധിക്കും. പക്ഷേ, ഗുരുത്വദോഷം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായാലോ? അവിടെയാണ് നമ്മള്‍ ലോകപ്രശസ്ത ‘ഗുരുത്വദോഷി’ സുനിത വില്യംസിനെ നമിച്ചുപോവുന്നത്.
റാഗിങ്ങിന്റെ പേരിലോ ഈ അതിക്രമം? 
Newspaper Edition
സേലത്ത് മലയാളിയായ കോളേജ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ ഉയര്‍ന്ന ക്ലാസിലെ വിദ്യാര്‍ഥികള്‍ അറസ്റ്റിലായിരിക്കയാണ്. നാമക്കലിലെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം ഒരു വിദ്യാര്‍ഥിയുടെ ജീവനെടുത്തുവെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. റാഗിങ്ങിന്റെ ഭാഗമാണോ ഈ സംഭവം എന്ന് വിശദമായ അന്വേഷണത്തിനുശേഷമേ അറിയാനാവുകയുള്ളൂ. എങ്കിലും കലാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള വഴക്കുകള്‍ ഇത്രയും കടുത്ത ശത്രുതയിലും അങ്ങനെ കൊലപാതകത്തിലും എത്തുന്നുവെന്നത് ഖേദകരമാണ്. മുന്‍പ് സീനിയര്‍ വിദ്യാര്‍ഥികള്‍ രണ്ട് ജൂനിയര്‍ വിദ്യാര്‍ഥികളെ തീവണ്ടിയില്‍ വെച്ച് ബ്ലേഡ് കൊണ്ട് മുറിപ്പെടുത്തിയിരുന്നു. ജനമനസ്സാക്ഷിയെ അതിലേറെ ഞെട്ടിച്ച സംഭവമായി സേലത്തെ വിദ്യാര്‍ഥിയുടെ മരണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്തെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. മേലില്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ എന്ത് ചെയ്യാനാവുമെന്ന് ആലോചിക്കുകയും വേണം. സേലത്ത് കൊല്ലപ്പെട്ടയാളും അക്രമിസംഘത്തിലുള്ളവരും മലയാളികളാണ്. മുമ്പ് തീവണ്ടിയില്‍ മലയാളി വിദ്യാര്‍ഥികളെ ബ്ലേഡ് കൊണ്ട് മുറിപ്പെടുത്തിയ കേസിലും പ്രതിസ്ഥാനത്തുള്ളത് മലയാളികളാണ്. 

കേരളത്തില്‍നിന്ന് അന്യസംസ്ഥാനത്തേക്ക് പോകുന്ന ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് തുണയാകേണ്ട സീനിയര്‍ മലയാളി വിദ്യാര്‍ഥികള്‍ തന്നെയാണ് അവരെ ഏറ്റവുമധികം ദ്രോഹിക്കുന്നതെന്നാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് തടയാന്‍ വഴി കണ്ടെത്തിയേ തീരൂ. ബൈക്കില്‍ പോവുകയായിരുന്ന രണ്ട് രണ്ടാംവര്‍ഷ വിദ്യാര്‍ഥികളെ കാറില്‍ പിന്നാലെയെത്തിയ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നാണ് കേസ്. ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും സീനിയര്‍ വിദ്യാര്‍ഥികള്‍ ആര്‍ഭാടജീവിതത്തിനായി ജൂനിയര്‍ വിദ്യാര്‍ഥികളില്‍ നിന്ന് പണം വാങ്ങുന്നതു പതിവാണെന്ന പരാതി വ്യാപകമാണ്. ചിലപ്പോഴെല്ലാം മദ്യത്തിനും മയക്കുമരുന്നിനും പണം കണ്ടെത്താനാണ് ഇതെന്നാണ് പറയപ്പെടുന്നത്. കോളേജുകളില്‍ മാനേജ്‌മെന്റും അധ്യാപകരും മനസ്സുവെച്ചാല്‍ ഒരു പരിധിവരെ ഇത് നിയന്ത്രിക്കാനാവും. എന്നാല്‍ ഫീസിനത്തില്‍ വന്‍തുക ഈടാക്കുന്നതല്ലാതെ വിദ്യാര്‍ഥികളുടെ സ്വഭാവരൂപവത്കരണത്തിലും പഠനനിലവാരമുയര്‍ത്തുന്നതിലും പലപ്പോഴും കോളേജുകളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ല. ഈ അവസ്ഥയില്‍ മാറ്റമുണ്ടാകണം. കേരളത്തില്‍ നിന്ന് അന്യസംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്നവരിലേറെയും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമാണ്. റാഗിങ്ങാണെങ്കില്‍ അത് തടയാന്‍ ശക്തമായ നിയമങ്ങളുള്ളതാണ്. അത് കര്‍ശനമായി നടപ്പാക്കാന്‍ കോളജധികൃതര്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ അതത് സര്‍ക്കാറുകള്‍ കൂടുതല്‍ ശ്രദ്ധിക്കണം. 

റാഗിങ് പലപ്പോഴും അതിരുവിടുന്നുണ്ട്. കോളേജില്‍ പുതുതായെത്തുന്ന വിദ്യാര്‍ഥികളെ ചെറുതായൊന്ന് കളിയാക്കുന്നതില്‍ നിന്ന് ഇത് ഭീഷണമായ രൂപഭാവങ്ങളിലേക്ക് മാറിയിരിക്കുന്നു. അതുകൊണ്ടാണ് റാഗിങ് തടയാന്‍ രാജ്യത്ത് കര്‍ശന നിയമനിര്‍മാണം വേണ്ടിവന്നത്. നിയമത്തെക്കുറിച്ചുള്ള ബോധവത്കരണവും മുന്നറിയിപ്പും നിരീക്ഷണവും പരാതി സംവിധാനവും വ്യാപകമാക്കിയതോടെ സംസ്ഥാനത്ത് റാഗിങ് ഒരു പരിധിവരെ നിയന്ത്രിക്കാനായിട്ടുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ മലയാളികള്‍ തന്നെ ജൂനിയര്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നതിന് നേതൃത്വം നല്‍കുമ്പോള്‍ എവിടെയൊക്കെയോ കാര്യമായ പിഴവുകള്‍ സംഭവിക്കുന്നുണ്ടെന്ന് വ്യക്തം. വിദ്യാര്‍ഥികളെ അന്യസംസ്ഥാനങ്ങളിലേക്കയയ്ക്കുമ്പോള്‍ രക്ഷാകര്‍ത്താക്കള്‍ കുറേക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും കൊള്ളപ്പലിശയ്ക്ക് ലക്ഷക്കണക്കിന് രൂപ വായ്പയെടുത്തായിരിക്കും മക്കളെ തൊഴിലധിഷ്ഠിത പഠനത്തിന് അന്യസംസ്ഥാനത്തെ സ്വാശ്രയ കോളേജുകളില്‍ അയയ്ക്കുന്നത്. ചില വിദ്യാര്‍ഥികള്‍ക്കാകട്ടെ കൈയും കണക്കുമില്ലാതെ ചോദിക്കുമ്പോഴെല്ലാം മാതാപിതാക്കളില്‍ നിന്ന് പണം കിട്ടുകയും ചെയ്യും. സ്‌കൂള്‍ പഠനം കഴിഞ്ഞ് മാതാപിതാക്കളുടെ നിയന്ത്രണത്തില്‍ നിന്ന് വിട്ടുമാറുന്ന യുവാക്കള്‍ മോശം കൂട്ടുകെട്ടില്‍പ്പെടാനും മദ്യവും മയക്കുമരുന്നുമൊക്കെ ഉപയോഗിച്ചുതുടങ്ങാനുമുള്ള സാധ്യത ഏറെയാണ്. കുട്ടിക്കാലം മുതലേ മാതാപിതാക്കള്‍ മക്കളുടെ സ്വഭാവ രൂപവത്കരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്.
മാതൃഭൂമി 07-04-13


ഗുരുത്വദോഷി (വാര്‍ത്തകളിലെ വ്യക്തി) 
ഗുരുത്വദോഷി
ഒരു ഭൗതികവസ്തു അതിന്‍െറ പിണ്ഡത്തിന് ആനുപാതികമായ ബലംമൂലം ആകര്‍ഷിക്കപ്പെടുന്ന പ്രകൃതിപ്രതിഭാസമാണ് ഭൂഗുരുത്വം (ഗ്രാവിറ്റി). ഭൗതികമായ ഒരു വസ്തുവിന്‍െറ ഭാരത്തിന് കാരണം ഭൂഗുരുത്വമാണ്. ഭൂഗുരുത്വം മൂലമാണ് വസ്തുക്കള്‍ താഴെ വീഴുന്നത്. മുതിര്‍ന്നവരോടുള്ള ആദരവിനും ബഹുമാനത്തിനും നമ്മള്‍ ഗുരുത്വം എന്നു പറയും. ഗുരുത്വം കാണിക്കാന്‍ മുന്നിലുള്ളത് പഠിപ്പിച്ച മാഷ് ആവണമെന്നില്ല. പ്രായത്തില്‍ മുതിര്‍ന്നവരെയും ജനപ്രതിനിധികളെയും രാജ്യം ഭരിക്കുന്നവരെയുമൊക്കെ കാണുമ്പോള്‍ ഗുരുത്വം കാട്ടാം. ഗുരുത്വദോഷി എന്ന വിളിപ്പേരു വീഴാതിരിക്കാന്‍ പൊതുവെ എല്ലാവരും ശ്രദ്ധിക്കും. പക്ഷേ, ഗുരുത്വദോഷം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായാലോ? അവിടെയാണ് നമ്മള്‍ ലോകപ്രശസ്ത ‘ഗുരുത്വദോഷി’ സുനിത വില്യംസിനെ നമിച്ചുപോവുന്നത്.
ഭൂഗുരുത്വമില്ലാത്ത ലോകത്ത് ജീവിച്ച് നല്ല ശീലമുള്ള ധൈര്യശാലി. അമ്പതു മണിക്കൂറും നാല്‍പതു മിനിറ്റും ആകാശത്ത് നടന്ന് ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിതയെന്ന റെക്കോഡ് നേടിയ ശാസ്ത്രപ്രതിഭ. രണ്ടു ദൗത്യങ്ങളിലായി 322 ദിവസം ബഹിരാകാശത്തു കഴിഞ്ഞ വിസ്മയതാരം. ഗുരുത്വത്തെ നിഷേധിച്ചുകൊണ്ട് നക്ഷത്രലോകത്തു കഴിയുന്ന സുനിതക്ക് നാട്ടിലെ രാഷ്ട്രീയം അറിയില്ലെന്ന് നാം വിചാരിച്ചു. പക്ഷേ, ശക്തമായ ഒരു അവഗണനയിലൂടെ നരേന്ദ്രമോഡി എന്ന അധികാരരൂപത്തോട് കാട്ടിയ ഗുരുത്വദോഷം സുനിതയുടെ രാഷ്ട്രീയ പ്രവര്‍ത്തനമായി. പുതിയ റെക്കോഡു കുറിച്ച ശേഷം ആദ്യമായി ഇന്ത്യയിലെത്തിയതാണ്. അതിനിടെ പിതാവിന്‍െറ നാടായ ഗുജറാത്തിലൊന്നുപോയി. വരുന്നത് അന്താരാഷ്ട്ര പ്രശസ്തയായ ഗഗനചാരി. ഗുജറാത്തിന്‍െറ പ്രിയപുത്രി. ഒപ്പംനിന്നൊരു ഫോട്ടോ എടുത്താല്‍ പോലും മോഡിക്ക് അതൊരു വലിയ കാര്യമാവും. മുഖ്യമന്ത്രിയുടെ ഓഫിസ് സുനിത-മോഡി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും സുനിത പ്രതികരിച്ചില്ല. അഹ്മദാബാദ് വിമാനത്താവളത്തിലിറങ്ങിയ സുനിതക്ക് ഗുജറാത്ത് സര്‍ക്കാറിന്‍െറ വാഹനത്തില്‍ സഞ്ചരിക്കാമെന്ന് പ്രോട്ടോകോള്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും സുനിത നിരസിച്ചു. ഒരു ദിവസം മുഴുവനും ഗുജറാത്തിലെ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നുവെങ്കിലും സുനിത നരേന്ദ്രമോഡിയെ സന്ദര്‍ശിക്കാന്‍ തയാറായില്ല. മോഡിയുടെ എതിരാളിയുടെ ഭാര്യയെ സന്ദര്‍ശനത്തില്‍ കൂടെ കൂട്ടുകയും ചെയ്തു.
മോഡി പ്രധാനമന്ത്രിയാവാന്‍ കുപ്പായം തുന്നിച്ചിരിക്കുന്ന സമയമാണ്. അതിനായി പ്രതിച്ഛായാ നിര്‍മാണം നടക്കുന്നു. സൂപ്പര്‍മുഖ്യമന്ത്രി എന്ന ഇമേജ് ഉണ്ടാക്കാന്‍ വേണ്ടതെല്ലാം ചെയ്യുന്നു. പ്രതിച്ഛായയുടെ ശക്തി ഹിറ്റ്ലറോളം അറിഞ്ഞിട്ടുള്ളവനാണ്. അതിനായി അമേരിക്കന്‍ ലോബിയിങ് കമ്പനിയെപ്പോലും ചുമതലപ്പെടുത്തുകയുണ്ടായി. മുന്‍ നൈജീരിയന്‍ ഏകാധിപതി സാനി അബാച്ചെയെപ്പോലുള്ളവര്‍ക്കായി പ്രതിച്ഛായാസേവനം നടത്തിയ ആപ്കോ വേള്‍ഡ്വൈഡ് എന്ന കമ്പനിയെത്തന്നെയാണ് ഗുജറാത്തിലെ സ്വേച്ഛാധിപതി വിളിച്ചുവരുത്തിയത്. റിപ്പബ്ളിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളിലെ സെനറ്റര്‍മാര്‍ അടങ്ങിയ കമ്പനിയാണ് അത്. വംശഹത്യയുടെ കളങ്കം മായാതെ കിടക്കുന്നതുകൊണ്ട് അമേരിക്ക വിസ നിഷേധിച്ചിരുന്നു. അമേരിക്കന്‍ കമ്പനി പ്രതിച്ഛായ ഊതിവീര്‍പ്പിച്ചാല്‍ ഇനിയെങ്കിലും വിസ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു മോഡി. അതിനിടയിലാണ് സ്വന്തം സംസ്ഥാനത്ത് വേരുകളുള്ള, അമേരിക്കയില്‍ ജനിച്ച, അമേരിക്കക്കാരനെ വിവാഹം കഴിച്ച, അന്താരാഷ്ട്ര പ്രശസ്തയായ വനിത നാട്ടില്‍ വന്നിട്ട് തിരിഞ്ഞുനോക്കാതെ പോയത്. അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ ഗുജറാത്ത് എന്ന ബ്രാന്‍ഡിനെ വിപണനം ചെയ്യാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ കിട്ടിയ അപ്രതീക്ഷിതമായ തിരിച്ചടി. മാധ്യമങ്ങളായ മാധ്യമങ്ങളെല്ലാം സുനിതയുടെ അവഗണന വെണ്ടക്കാവലുപ്പത്തില്‍ വിളമ്പുകയുമുണ്ടായി. വാര്‍ത്തയുണ്ടാക്കിയ ക്ഷീണം ചെറുതൊന്നുമല്ല.
സുനിതയുടെ നാടുകാണലിനു പിന്നില്‍, തികട്ടിവന്ന ഗൃഹാതുരത്വം മാത്രമല്ല എന്ന് കരുതുന്നവരുമുണ്ട്. യാത്രയിലുടനീളം കൂടെയുണ്ടായിരുന്നത് ഗുജറാത്തിലെ മുന്‍ ആഭ്യന്തരമന്ത്രി ഹരേണ്‍ പാണ്ഡ്യയുടെ വിധവ ജാഗ്രതി. ഹരേണ്‍ പാണ്ഡ്യ 2003 മാര്‍ച്ച് 26ന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതാണ്. സുനിതയുടെ പിതാവിന്‍െറ സഹോദരപുത്രനാണ് ഹരേണ്‍ പാണ്ഡ്യ. അദ്ദേഹത്തിന്‍െറ വധം വര്‍ഗീയമായ ഒരു പകപോക്കലല്ല, അത് രാഷ്ട്രീയമായ ഒരു നീക്കമായിരുന്നുവെന്ന് സുനിതയുടെ കുടുംബം ഉറച്ചുവിശ്വസിക്കുന്നുവെന്നാണ് ഈ സന്ദര്‍ശനം നല്‍കുന്ന സൂചന.
2003 ഏപ്രിലില്‍ സുനിതയെ ഇന്‍റര്‍നാഷനല്‍ സ്പേസ് സ്റ്റേഷനിലെ ബാക്ക് അപ് ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഹരേണ്‍ പാണ്ഡ്യ അഹ്മദാബാദില്‍ വന്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. ബാഹ്യാകാശ ദൗത്യത്തിനു തെരഞ്ഞെടുക്കപ്പെട്ട് ആറുമാസത്തിനകമാണ് സുനിതക്ക് ഏറെ അടുപ്പമുണ്ടായിരുന്ന ഹരേണ്‍ വധിക്കപ്പെടുന്നത്. മരണത്തിനുതൊട്ടുമുമ്പ് സുനിതയും കുടുംബവും അഹ്മദാബാദില്‍ വന്ന് പാണ്ഡ്യ കുടുംബത്തിനൊപ്പം താമസിച്ചിരുന്നു. നരേന്ദ്രമോഡിക്കുവേണ്ടി ഹരേണ്‍ പാണ്ഡ്യയെ തുളസിറാം പ്രജാപതി വധിക്കുകയായിരുന്നുവെന്ന് ഐ.പി.എസ് ഓഫിസര്‍ സഞ്ജയ് ശര്‍മ പറയുന്നു. 2002ലെ വംശഹത്യയില്‍ മോഡിക്കുള്ള പങ്ക് തുറന്നുകാട്ടാന്‍ ഹരേണ്‍ തുനിഞ്ഞേക്കുമെന്ന് മോഡി ഭയന്നിരുന്നു. പിന്നീട് തുളസിറാം കൊല്ലപ്പെട്ടതിനാല്‍ പാണ്ഡ്യയുടെ കൊലക്കു പിന്നിലെ ആസൂത്രകരെ കണ്ടെത്താനായില്ല. പാണ്ഡ്യ കേശുഭായ് പട്ടേലിന്‍െറ ഏറ്റവുമടുത്ത അനുയായി ആയിരുന്നു. 1998ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ കേശുഭായ് പട്ടേല്‍ മുഖ്യമന്ത്രിയായി. 2002ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മോഡിക്ക് പാര്‍ട്ടിടിക്കറ്റ് നിഷേധിക്കപ്പെട്ടതുമുതല്‍ പാണ്ഡ്യയും മോഡിയും ശത്രുതയിലായിരുന്നു. ഗോധ്ര കലാപത്തിനുശേഷം ഇരകളുടെ മൃതദേഹം അഹ്മദാബാദിലേക്കു കൊണ്ടുവരുന്നതിനെ കാബിനറ്റ് യോഗത്തില്‍ എതിര്‍ത്തിരുന്നു പാണ്ഡ്യ. അത് വര്‍ഗീയവികാരം ആളിക്കത്തിക്കുമെന്ന് അദ്ദേഹം ഭയന്നു. ഇരകളുടെ കുടുംബാംഗങ്ങളും ഇസ്ലാംമതനേതാക്കളുമായി സമാധാനയോഗം വിളിച്ചുകൂട്ടിയ ഏകവ്യക്തിയും പാണ്ഡ്യ ആയിരുന്നു. 2002 ഫെബ്രുവരി 27ന് മോഡിയുടെ വസതിയില്‍ എന്താണ് നടന്നത് എന്നറിയാവുന്നത് ഐ.പി.എസ് ഓഫിസര്‍ സഞ്ജയ് ഭട്ടും പാണ്ഡ്യയും മാത്രമായിരുന്നു. ആ സമയം മുതല്‍ അദ്ദേഹത്തിന് വധഭീഷണിയുണ്ടായിരുന്നു. ആവശ്യത്തിനു സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നതിന്‍െറ പേരില്‍ സംഘ്പരിവാറിനുള്ളില്‍നിന്ന് മോഡിക്ക് എതിരെ വിമര്‍ശങ്ങളുണ്ടായി. വധഭീഷണിയെക്കുറിച്ച് ഭട്ട് പാണ്ഡ്യയെ അറിയിച്ചിരുന്നു. 2011 ആഗസ്റ്റില്‍ കൊലക്കേസിലെ 12 പ്രതികളെയും ഗുജറാത്ത് ഹൈകോടതി വെറുതെ വിട്ടു. ഇത്രയും പിന്നാമ്പുറക്കഥകള്‍ ഓര്‍ക്കുമ്പോള്‍ സുനിത മോഡിയെ അവഗണിച്ചതും ഹരേണ്‍ പാണ്ഡ്യയുടെ വിധവയെ കൂടെ കൂട്ടിയതും രാഷ്ട്രീയമായ ഒരു പ്രതികരണംതന്നെയായിരുന്നുവെന്ന് തെളിയുന്നു.
ഗാന്ധിയും മദര്‍ തെരേസയുമാണ് മുന്നിലെ മാതൃകകള്‍. ഇന്ത്യന്‍ കുടുംബത്തില്‍ വളര്‍ന്നതുകൊണ്ട് ഗാന്ധിജിയായിരുന്നു മാതൃകാപുരുഷന്‍. ഗാന്ധിജിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വളര്‍ന്നു. അമ്മ ക്രിസ്ത്യാനിയായിരുന്നതിനാല്‍ മറ്റൊരു റോള്‍ മോഡലിനെക്കൂടി കണ്ടെത്തി -മദര്‍ തെരേസ. സ്നേഹത്തിന്‍െറയും സഹനങ്ങളുടെയും ഉദാത്തപ്രതീകങ്ങള്‍. അതുകൊണ്ട് ബഹിരാകാശശാസ്ത്രമേ സുനിതക്ക് അറിയാവൂ എന്ന് കരുതാന്‍ ന്യായമില്ല. മാനവികതക്ക് എതിരെ നില്‍ക്കുന്ന മോഡിയുടെ പുറംമോടിക്ക് തന്‍െറ സാന്നിധ്യംകൊണ്ട് മിഴിവുകൂട്ടേണ്ടതില്ല എന്നു കരുതിക്കാണും സുനിത. അതുകൊണ്ടുതന്നെ ആകാശത്ത് ചരിക്കുമ്പോള്‍ ഭൂമിയുടെ പ്രാര്‍ഥനകള്‍ അവര്‍ക്കൊപ്പമുണ്ടാവും.
മാധ്യമം 07-04-13

No comments:

Post a Comment