മുഖപ്രസംഗം April 11 - 2013
1.ഹജ്ജ്: കുത്തകവത്കരണം അനുവദിച്ചുകൊടുക്കരുത് (മാധ്യമം)
സമഗ്രമായ ഹജ്ജ് നയം ആവിഷ്കരിക്കുന്നതോടെ ആ രംഗത്ത് നിലനില്‍ക്കുന്ന അനഭിലഷണീയ പ്രവണതകള്‍ക്ക് അന്ത്യം കുറിക്കാനാകുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയുടെ മുമ്പാകെ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍. ജസ്റ്റിസ് ആഫ്താബ് ആലമിന്‍െറ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് പുതിയ ഹജ്ജ് നയം രൂപപ്പെടുത്തുന്നതിന് നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന വിദേശകാര്യമന്ത്രാലയം ഹജ്ജ് മേഖല കീഴടക്കിയ കച്ചവട ലോബിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഹജ്ജ്: കുത്തകവത്കരണം അനുവദിച്ചുകൊടുക്കരുത്
സമഗ്രമായ ഹജ്ജ് നയം ആവിഷ്കരിക്കുന്നതോടെ ആ രംഗത്ത് നിലനില്‍ക്കുന്ന അനഭിലഷണീയ പ്രവണതകള്‍ക്ക് അന്ത്യം കുറിക്കാനാകുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയുടെ മുമ്പാകെ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍. ജസ്റ്റിസ് ആഫ്താബ് ആലമിന്‍െറ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് പുതിയ ഹജ്ജ് നയം രൂപപ്പെടുത്തുന്നതിന് നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന വിദേശകാര്യമന്ത്രാലയം ഹജ്ജ് മേഖല കീഴടക്കിയ കച്ചവട ലോബിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
പ്രതിവര്‍ഷം ഏതാണ്ട് 1,70,000 പേരാണ് ഇന്ത്യയില്‍നിന്ന് ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നത്. ഇവരില്‍ ഒന്നേകാല്‍ ലക്ഷം പേര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയും ബാക്കിയുള്ളവര്‍ സ്വകാര്യ ഹജ്ജ് ടൂര്‍ ഓപറേറ്റര്‍മാര്‍ വഴിയുമാണ്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെ സംബന്ധിച്ചിടത്തോളം വന്‍ ലാഭമുള്ള ഒരു ബിസിനസായി ഇത് മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ മേഖല പിടിച്ചെടുക്കാന്‍ ടൂര്‍ ഓപറേറ്റര്‍മാര്‍ തമ്മില്‍ കഴുത്തറുപ്പന്‍ മത്സരമാണ് നടക്കുന്നത്. കോടികള്‍ മാറിമറിയുന്ന ബിസിനസായി രംഗം കൊഴുത്തതോടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിയും വിഷയത്തില്‍ അമിത താല്‍പര്യം കാണിക്കുന്ന അവസ്ഥ വന്നു. ഈ ശക്തികളുടെ ഒത്താശയോടെ ഏതാനും വന്‍കിട ഹജ്ജ് ടൂര്‍ ഓപറേറ്റര്‍മാര്‍ സ്വകാര്യ ഹജ്ജ് ക്വോട്ടയുടെ സിംഹഭാഗവും കൈക്കലാക്കാനുള്ള ശ്രമം തുടര്‍ന്നപ്പോഴാണ് ചെറുകിട ഓപറേറ്റര്‍മാര്‍ക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്.
സമഗ്രവും സുവ്യക്തവുമായ ഹജ്ജ് നയത്തിന്‍െറ അഭാവത്തിലാണ് ചൂഷണ സംവിധാനം നിലനില്‍ക്കുന്നതെന്ന് നിരീക്ഷിച്ച കോടതി പുതിയൊരു ഹജ്ജ്നയം നിലവില്‍വരേണ്ടതുണ്ടെന്ന് കണ്ടെത്തി. അതിന്‍െറ അടിസ്ഥാനത്തില്‍, സ്വകാര്യ ക്വോട്ട ലഭിക്കുന്നതിനുള്ള യോഗ്യത നിശ്ചയിക്കുന്ന കാര്യത്തിലും വീതംവെപ്പിലുമൊക്കെ കാതലായ മാറ്റം അനിവാര്യമാണെന്ന് ജസ്റ്റിസ് ആഫ്താബ് ആലം ബന്ധപ്പെട്ടവരെ ഉണര്‍ത്തിയിരുന്നു. ബിസിനസ് ലാക്കോടെ ഈ ആരാധനയെ കാണുന്നവര്‍ക്ക് പകരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചാരിറ്റബ്ള്‍ ട്രസ്റ്റുകളെ എന്തുകൊണ്ട് ഹജ്ജ് സേവനം ഏല്‍പിച്ചുകൂടാ എന്ന നീതിപീഠത്തിന്‍െറ ചോദ്യത്തിന് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. അങ്ങനെ സേവന തല്‍പരതയും ദൈവഭക്തിയുമുള്ള ഗ്രൂപ്പുകളെ ഹജ്ജിന്‍െറ കാര്യമേല്‍പിച്ചാല്‍ തങ്ങളുദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കില്ല എന്നാവാം അധികൃതരുടെ നിഷേധാത്മക സമീപനത്തിന് കാരണം. അതുമാത്രമല്ല, ചെറിയ ഓപറേറ്റര്‍മാരെ രംഗത്തുനിന്ന് ആട്ടിയോടിച്ച് കുത്തകക്കാരുടെ കൈയില്‍ സ്വകാര്യ ഹജ്ജ് ക്വോട്ട മുഴുവന്‍ ഏല്‍പിക്കാനുള്ള കുത്സിത നീക്കമാണ് അണിയറയില്‍ പുരോഗമിക്കുന്നത്. അതിന്‍െറ വ്യക്തമായ തെളിവാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച നിര്‍ദേശത്തില്‍ ടൂര്‍ ഓപറേറ്റര്‍മാരെ രണ്ടു കാറ്റഗറിയില്‍ പരിമിതപ്പെടുത്താനും 80 ശതമാനത്തിലേറെ സീറ്റും ഒന്നാം ഗണത്തില്‍പ്പെട്ട 200ല്‍പരം ഏജന്‍സികള്‍ക്കിടയില്‍ വീതംവെക്കാനുമുള്ള തീരുമാനം. ഈ വിഷയത്തില്‍ കോടതിയെ സമീപിച്ച കേരള മുസ്ലിം സര്‍വീസ് ട്രസ്റ്റിന്‍െറ ഹരജി ജഡ്ജിമാരെ തെറ്റിദ്ധരിപ്പിച്ച് തള്ളിക്കുകയായിരുന്നു. കേരള മുസ്ലിം സര്‍വീസ് ട്രസ്റ്റ് ജമാഅത്തെ ഇസ്ലാമി ഹിന്ദിന്‍െറ കീഴിലാണെന്നും അതൊരു രാഷ്ട്രീയ പാര്‍ട്ടിയായതിനാല്‍ കക്ഷിചേരാന്‍ അനുവദിക്കരുതെന്നുമായിരുന്നു അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി വാദിച്ചത്.
പവിത്രമായ ഒരാരാധനയെ എത്രകണ്ട് മതത്തിന്‍െറ അന്തസ്സത്തക്ക് അനുസൃതമായി വിശ്വാസികള്‍ക്ക് പ്രാപ്യമാക്കാം എന്നതിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച സുപ്രീംകോടതി 2012 മേയില്‍ ഒരു ഇടക്കാല വിധിയിലൂടെ ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഹജ്ജ് സബ്സിഡി ഭരണഘടനാപരമായി സാധുവാണെങ്കിലും മതപരമായി നോക്കുമ്പോള്‍ അതൊഴിവാക്കുകയാണ് കരണീയമെന്നായിരുന്നു കോടതി കണ്ടെത്തിയത്. അതുകൊണ്ടുതന്നെ, പത്തുവര്‍ഷം കൊണ്ട് സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് വിധിക്കുകയുണ്ടായി. ഹാജിമാരുടെ തെരഞ്ഞെടുപ്പ്, തീര്‍ഥാടകരുടെ മക്കയിലേക്കും തിരിച്ചുമുള്ള യാത്ര, പുണ്യസ്ഥലത്തെ താമസ സംവിധാനം തുടങ്ങിയ വിഷയങ്ങളില്‍ പരമാവധി മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ഭരണകൂടത്തിന്‍െറ ബാധ്യതയെന്ന് വിധിന്യായത്തില്‍ പ്രത്യേകം ഉണര്‍ത്തിയിരുന്നു. എന്നാല്‍, തീര്‍ഥാടകരുടെ സൗകര്യങ്ങളിലോ ഹജ്ജിന്‍െറ പവിത്രത കാത്തുസൂക്ഷിക്കുന്നതിലോ അല്ല ബന്ധപ്പെട്ടവര്‍ക്ക് താല്‍പര്യം. നിക്ഷിപ്ത താല്‍പര്യക്കാരുടെ പിണിയാളുകളോ കൂട്ടുകച്ചവടക്കാരോ ആയി മാറിയിരിക്കുകയാണ് ഇവരെന്ന് സംശയിച്ചുപോകാം. നീതിപീഠം മുന്‍കൈയെടുത്ത് സമഗ്രമായ ഹജ്ജ് നയം രൂപവത്കരിച്ചാല്‍ പോലും അതു കടലാസില്‍ ഒതുങ്ങാനാണ് സാധ്യത. 2002ലെ ഹജ്ജ് നിയമത്തിലെ അപാകതകളാണ് കേന്ദ്രസര്‍ക്കാറിനും ഉദ്യോഗസ്ഥ വൃന്ദത്തിനും ഈ രംഗത്ത് തന്നിഷ്ടം കാണിക്കാന്‍ പഴുത് ഒരുക്കിക്കൊടുക്കുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി നിയമാധിഷ്ഠിത ബോഡിയാണെങ്കിലും അതിന്‍െറ അധികാരങ്ങള്‍ പരിമിതമാണ്. തീര്‍ഥാടകരെ തെരഞ്ഞെടുക്കലും മക്കയിലെയും മദീനയിലെയും താമസസൗകര്യങ്ങള്‍ ഒരുക്കലുമാണ് അതിന്‍െറ മുഖ്യ ജോലി. സൗദി ഭരണകൂടം അനുവദിക്കുന്ന ഹജ്ജ് ക്വോട്ടയുടെ വീതംവെപ്പും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കലുമെല്ലാം വിദേശകാര്യമന്ത്രാലയത്തിന്‍െറ നിയന്ത്രണത്തിലാണ്. ഇവിടെയാണ് ബ്യൂറോക്രസിയുടെ അപ്രമാദിത്വവും അഴിമതിയും കൊടികുത്തി വാഴുന്നത്. തീര്‍ഥാടകരുടെ വിശാല താല്‍പര്യം പരിഗണിച്ച് പരമോന്നത നീതിപീഠം തുടക്കംകുറിച്ച നീക്കങ്ങളെപ്പോലും തുരങ്കംവെക്കാനുള്ള ചിലരുടെ ശ്രമങ്ങളെ പരാജയപ്പെടുത്തേണ്ടത് ഹജ്ജിന്‍െറ പാവനത കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവനാളുകളുടെയും ബാധ്യതയാണ്.
No comments:
Post a Comment