മുഖപ്രസംഗം April 22 - 2013
1. ദല്‍ഹി പൊലീസ്: ദേശീയ നാണക്കേട് (മാധ്യമം)
ഇന്ത്യയുടെ മൊത്തം നാണക്കേടായിരിക്കുന്നു ദല്‍ഹി പൊലീസ്. ലോകത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവത്തില്‍ ‘ദല്‍ഹി പെണ്‍കുട്ടി’ കൊല്ലപ്പെട്ടശേഷം ഉയര്‍ന്ന കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ കുറെ പ്രഖ്യാപനങ്ങള്‍ നടത്തി. ഇനി അങ്ങനെയൊന്നുണ്ടാവില്ലെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷേ, ദല്‍ഹി പൊലീസിനെ അറിയാവുന്നവര്‍ക്ക് ആ പ്രതീക്ഷയില്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവരുടെ ആശങ്കകളാണ് വീണ്ടും വീണ്ടും പുലര്‍ന്നുകൊണ്ടിരിക്കുന്നത്. ഇപ്പോളിതാ ഒരു അഞ്ചുവയസ്സുകാരികൂടി പീഡനത്തിനിരയായിരിക്കുന്നു. തട്ടിക്കൊണ്ടുപോയ അയല്‍ക്കാരന്‍ മൂന്നുനാലു ദിവസം അവളെ പൂട്ടിയിട്ട് അത്യന്തം ക്രൂരമായി പീഡിപ്പിച്ചു.
ദല്‍ഹി പൊലീസ്: ദേശീയ നാണക്കേട്
ഇന്ത്യയുടെ മൊത്തം നാണക്കേടായിരിക്കുന്നു ദല്‍ഹി പൊലീസ്. ലോകത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവത്തില്‍ ‘ദല്‍ഹി പെണ്‍കുട്ടി’ കൊല്ലപ്പെട്ടശേഷം ഉയര്‍ന്ന കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ കുറെ പ്രഖ്യാപനങ്ങള്‍ നടത്തി. ഇനി അങ്ങനെയൊന്നുണ്ടാവില്ലെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷേ, ദല്‍ഹി പൊലീസിനെ അറിയാവുന്നവര്‍ക്ക് ആ പ്രതീക്ഷയില്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവരുടെ ആശങ്കകളാണ് വീണ്ടും വീണ്ടും പുലര്‍ന്നുകൊണ്ടിരിക്കുന്നത്. ഇപ്പോളിതാ ഒരു അഞ്ചുവയസ്സുകാരികൂടി പീഡനത്തിനിരയായിരിക്കുന്നു. തട്ടിക്കൊണ്ടുപോയ അയല്‍ക്കാരന്‍ മൂന്നുനാലു ദിവസം അവളെ പൂട്ടിയിട്ട് അത്യന്തം ക്രൂരമായി പീഡിപ്പിച്ചു. പ്രകൃതിവിരുദ്ധ അക്രമങ്ങള്‍ക്കിരയാക്കി. സ്വകാര്യഭാഗങ്ങളില്‍ കുപ്പിയും മെഴുകുതിരിയും കുത്തിക്കയറ്റി. കവിളിലും നെഞ്ചിലും മുറിവേല്‍പിച്ചു. കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. ഒരു പിഞ്ചുകുട്ടിയോട് ഇത്രയൊക്കെ ചെയ്യാന്‍ ഒരു മനുഷ്യജീവിക്ക് കഴിയുമോ എന്ന ചോദ്യമുണ്ട്. ഒരു ഉത്തരം, സ്ഥലം ദല്‍ഹിയാണെങ്കില്‍ ഇതിലപ്പുറവും കഴിയുമെന്നാണ്. കാരണം, അവിടെ ക്രൂരതകള്‍ക്കെല്ലാം ദല്‍ഹി പൊലീസിന്‍െറ കാവലുണ്ട്.
തൊട്ടടുത്ത് പെണ്‍കുട്ടിയെ തടങ്കലിലിട്ട സമയത്തൊന്നും അവളുടെ വീട്ടുകാര്‍ക്ക് പൊലീസിന്‍െറ സേവനം ലഭ്യമായിരുന്നില്ല. പൊലീസ് ഒന്ന് അന്വേഷിച്ചിരുന്നെങ്കില്‍ അവളുടെ യാതനകള്‍ കുറച്ചെങ്കിലും കുറഞ്ഞുകിട്ടുമായിരുന്നു. അല്ല, ആദ്യമേ അവളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞേനേ. കുട്ടിയെ കാണാതായ വിവരം പറയാന്‍ രാത്രി എട്ടുമണിക്ക് പൊലീസ് സ്റ്റേഷനില്‍ എത്തിയ മാതാപിതാക്കളെ പുലര്‍ച്ചെ രണ്ടുവരെ അവിടെനിര്‍ത്തി; ഒരു തിരച്ചിലിനും പൊലീസ് തയാറായില്ല. കാണാതായതിനെപ്പറ്റി പരാതി രേഖപ്പെടുത്താന്‍പോലും സന്നദ്ധമായില്ല. പിന്നീട്, കുട്ടിയെ കണ്ടെത്തിയത് പൊലീസല്ല. എന്നിട്ട് വിവരമറിയിച്ചപ്പോഴോ, പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനും ദല്‍ഹി പൊലീസ് ഒരുക്കമല്ലായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാതെ, മാധ്യമങ്ങളെ വിവരമറിയിക്കാതെ, പ്രാര്‍ഥനയുമായി വീട്ടിലിരിക്കാനായിരുന്നു നിയമപാലകരുടെ ഉപദേശം. മിണ്ടാതിരിക്കുന്നതിന് 2000 രൂപ വെച്ചുനീട്ടുകയും ചെയ്തു. അറിയാതെപോലും ഒരു ശകലം ശരിചെയ്യാന്‍ പൊലീസിന് ആയില്ല. പ്രതിഷേധിച്ചവരില്‍ ഒരു വനിതയെ അസിസ്റ്റന്‍റ് കമീഷണര്‍ കരണത്തടിച്ചു.
പ്രതിഷേധം ശമിപ്പിക്കാനെന്നോണം ചില തല്‍ക്ഷണ നടപടികള്‍ ഇക്കുറിയും ഉണ്ടായിട്ടുണ്ട്. യുവതിയുടെ കരണത്തടിച്ച അഹ്ലാവത്തിനെയും പിതാവിന് കൈക്കൂലി വാഗ്ദാനം ചെയ്ത മഹാവീര്‍ സിങ്ങിനെയും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ധരംപാല്‍ സിങ്ങിനെയും സസ്പെന്‍ഡ് ചെയ്തു. ഇനിയും ചില നടപടികളൊക്കെ വരുന്നുണ്ട്. ദല്‍ഹി പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി ഉണ്ടായേക്കാം. എന്നാല്‍ , ഇത്തരം ചില്ലറ സൂചനാ നടപടികള്‍കൊണ്ട് വലിയ ഫലമില്ല എന്നതാണ് അനുഭവം. രാജ്യത്തെ മിക്ക നിയമപാലന സംവിധാനങ്ങളെയും പൊതുവായും ദല്‍ഹി പൊലീസിനെ പ്രത്യേകിച്ചും ബാധിച്ച വലിയ ധാര്‍മികത്തകര്‍ച്ച പരിഹരിക്കാതെ ഏതാനും ആളുകളെ മാറ്റിയതുകൊണ്ടൊന്നും കാര്യങ്ങള്‍ മെച്ചപ്പെടാന്‍ പോകുന്നില്ല. ജനങ്ങളോടുള്ള ധിക്കാരവും വര്‍ഗീയതയും അമിതാധികാര പ്രയോഗവുമടക്കം ദല്‍ഹി പൊലീസിനെ ബാധിച്ച രോഗത്തിന്‍െറ ലക്ഷണങ്ങള്‍ മുമ്പും പലകുറി കണ്ടിട്ടുണ്ട്. കശ്മീരികളായ മിര്‍സ നിസാര്‍ ഹുസൈനെയും മുഹമ്മദലി ഭട്ടിനെയും ദല്‍ഹി പൊലീസിന്‍െറ തടവില്‍നിന്ന് മോചിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് പി.സി.സി പ്രസിഡന്‍റ് സൈഫുദ്ദീന്‍ സോസിന് അഭ്യര്‍ഥിക്കേണ്ടിവന്നത് ഈ മാസമാണ്. 1996ല്‍ അവരെ 16ാം വയസ്സില്‍ പിടികൂടിയത് ദല്‍ഹി ലജ്പത് നഗര്‍ സ്ഫോടനത്തിന്‍െറ കുറ്റം ചുമത്തിയാണ്. കള്ളക്കേസായിരുന്നു അത്. പക്ഷേ, 16 കൊല്ലം കസ്റ്റഡിയില്‍ പീഡിപ്പിച്ചു. ഒടുവില്‍ ദല്‍ഹി ഹൈകോടതി അവരെ വെറുതെ വിട്ടു. എന്നാല്‍, വിട്ടയച്ചശേഷം ഇപ്പോള്‍ വീണ്ടും അവരെ പിടിച്ച് അകത്താക്കിയിരിക്കുന്നു. ദല്‍ഹി ബട്ല ഹൗസ് സംഭവവും ദല്‍ഹി പൊലീസിന്‍െറ ഉപജാപമായിരുന്നെന്ന് വിശ്വസിക്കുന്നവരാണ് സ്ഥലവാസികള്‍. അടുത്ത കാലത്തായി കോടതിയില്‍ തെളിവില്ലാതെ തള്ളപ്പെട്ട 16 കേസുകള്‍തന്നെ ദല്‍ഹി പൊലീസിന്‍െറ കുടിലതക്കുള്ള സാക്ഷ്യമാണ്- വര്‍ഗീയ മനോഭാവത്തിനും. കോടതിയും ദേശീയ മനുഷ്യാവകാശ കമീഷനും വിമര്‍ശിച്ച പൊലീസ് മേധാവികള്‍ ഇപ്പോഴും രംഗത്തുണ്ട്. അവര്‍ക്ക് പങ്കുള്ള ചില സംഭവങ്ങളെപ്പറ്റി നടന്ന മജിസ്ട്രേറ്റ്തല അന്വേഷണത്തിന്‍െറ ഫലം പുറത്തുവിട്ടിട്ടില്ല. മൊത്തത്തില്‍, എന്തു ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പും വിഭാഗീയ വിഷം നിറഞ്ഞ മനസ്സുമാണ് ദല്‍ഹി പൊലീസിനെ ഭരിക്കുന്നത്. ശിക്ഷിച്ചാല്‍ നിയമപാലകരുടെ മനോവീര്യം തകര്‍ന്നുപോകുമത്രെ. എത്ര പെണ്‍കുഞ്ഞുങ്ങളെ ചതച്ചുകഴിഞ്ഞാലും തൊട്ടാല്‍ തകരുന്ന ഈ മനോവീര്യം എന്തിനുള്ളതാണ്? ദല്‍ഹി പൊലീസിന്‍െറ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര വകുപ്പ് ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതുണ്ട്. ദല്‍ഹി പെണ്‍കുട്ടിയുമായി മണിക്കൂറുകള്‍ നഗരത്തില്‍ കറങ്ങിയ ബസിലെ ക്രൂരത അറിയാത്ത ദല്‍ഹി പൊലീസിനറിയാം എന്ത് കുറ്റം തങ്ങള്‍ ചെയ്താലും വീഴ്ചപറ്റിയാലും കേന്ദ്രം ന്യായീകരിച്ചുകൊള്ളുമെന്ന്. ഈ ശിക്ഷവിമുക്തി മറ്റു പൊലീസ് സേനകളിലേക്കും പടരുന്നുണ്ടെന്ന സൂചനയും ലഭ്യമാണ്. നിയമപാലകര്‍ അക്രമികളോടൊപ്പം നിലനില്‍ക്കുവോളം കാലം അക്രമം പെരുകും. മാനഭംഗത്തിന്‍െറ ലോക തലസ്ഥാനമാക്കി ദല്‍ഹിയെ മാറ്റിയതില്‍ ചെറുതല്ലാത്ത പങ്ക് നീതിബോധം ഒട്ടുമില്ലാത്ത പൊലീസ് സേനക്കുണ്ട്. അതിലെ ആളുകളെ മാത്രമല്ല, മനോഭാവത്തെകൂടി അടിമുടി മാറ്റാനാണ് അധികൃതര്‍ ശ്രദ്ധിക്കേണ്ടത്. അക്രമം തടയാതിരിക്കുക, കുറ്റങ്ങള്‍ക്ക് അരുനില്‍ക്കുക, സ്വയം കുറ്റം ചെയ്യുകയും നിരപരാധികളെ വേട്ടയാടുകയുംചെയ്യുക- ഇതൊക്കെയാണ് പൊലീസ് ഡ്യൂട്ടി എന്ന ധാരണ ഒന്ന് മാറ്റിക്കൊടുക്കണം.
No comments:
Post a Comment