Wednesday, April 17, 2013

മുഖപ്രസംഗം April 17 - 2013

മുഖപ്രസംഗം April 17 - 2013


1. ചാവെസിന്‍െറ പിന്‍ഗാമി (മാധ്യമം)
സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്‍െറ മുന്‍നിര പോരാളിയായിരുന്ന ഹ്യൂഗോ ചാവെസിന്‍െറ പിന്‍ഗാമിയായി അദ്ദേഹത്തിന്‍െറ മാനസപുത്രന്‍ നികളസ് മദുറോ വെനിസ്വേലയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് നവ കോളോണിയല്‍ , നവ ലിബറല്‍ നയങ്ങള്‍ക്കെതിരെ സമരമുഖത്തുള്ളവരെ പൊതുവിലും ലാറ്റിനമേരിക്കന്‍ ഇടതുപക്ഷ ചേരിയെ വിശേഷിച്ചും ആഹ്ളാദഭരിതരാക്കുന്നു. അമേരിക്കയുടെ ശക്തമായ എതിര്‍പ്പിനെ നേരിട്ട് രാജ്യത്തെ സോഷ്യലിസ്റ്റ് പാതയിലൂടെ നയിക്കാന്‍ പ്രതിജ്ഞാബദ്ധനായിരുന്ന ചാവെസ് തന്‍െറ പിന്‍ഗാമിയായി നാമനിര്‍ദേശം ചെയ്തിരുന്നതും തന്നെപ്പോലെത്തന്നെ തീപ്പൊരി പ്രസംഗകനായ മദുറോവിനെയായിരുന്നല്ലോ. ഡ്രൈവറായി ജീവിതമാരംഭിച്ച് തൊഴിലാളി പ്രസ്ഥാനത്തിലൂടെ ജനനായകനായി ഉയര്‍ന്നുവന്ന മദുറോവിന് തന്നെപ്പോലെ സാധാരണക്കാരും ദരിദ്രരുമായ മഹാഭൂരിപക്ഷത്തിന്‍െറ നാഡിമിഡിപ്പുകള്‍ മനസ്സിലാക്കി, മാറിയ ലോക സാഹചര്യങ്ങളില്‍ അവരെ നയിക്കാനും അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനും സാധിക്കണമെങ്കില്‍ ആഭ്യന്തരവും വൈദേശികവുമായ കടുത്ത വെല്ലുവിളികളെ നെഞ്ചൂക്കോടെ നേരിടാന്‍ കഴിയേണ്ടതുണ്ട്. 
2. 'വലിയ' കേരളത്തെ സ്വാഗതം ചെയ്യാം (മനോരമ)
വിജയത്തിനു കുറുക്കുവഴികളില്ല എന്ന സാധാരണ വാചകം എന്‍.ആര്‍. നാരായണമൂര്‍ത്തി പറയുമ്പോള്‍ അത് അസാധാരണമായൊരു വിജയകഥയുടെ ആമുഖവാക്യം തന്നെയായി മാറുന്നു. ഇന്‍ഫോസിസ് ചെയര്‍മാന്‍ ഇമെരിറ്റസും നാഷനല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഒാഫ് ഇന്ത്യയുടെ ചെയര്‍മാനുമായ അദ്ദേഹം സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അങ്ങനെ പറഞ്ഞത്. 
3. കാലത്തില്‍ കൊത്തിവെച്ച പാട്ടുകളുടെ സ്മരണ (മാതൃഭൂമി)
''മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്, മലയാളമെന്നൊരു നാടുണ്ട്...'' ഇന്നും പ്രവാസത്തിന്റെ വേദന അനുഭവിക്കുന്ന ഓരോ മലയാളിയുടെയും ഹൃദയത്തിന്റെ തുമ്പിലേക്ക് അറിയാതെ തുളുമ്പിവരുന്ന പാട്ടാണിത്. ആരുപാടി, ആരെഴുതി, ആര് ഈണമിട്ടു എന്നൊന്നും അറിയാതെയും ആ പാട്ട് കാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അതെഴുതിയ പി. ഭാസ്‌കരന്‍മാസ്റ്റര്‍ ഇന്ന് നമ്മോടൊപ്പമില്ല. ഈണമിട്ട ബാബുരാജും വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായി. ആ പാട്ടുപാടിയ മലയാളിയല്ലാത്ത മലയാളിയുടെ പ്രിയഗായകന്‍ പി.ബി. ശ്രീനിവാസ്‌കൂടി കഴിഞ്ഞ ദിവസം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതോടെ പാട്ടുമാത്രം ബാക്കിയാവുകയാണ് ; പാട്ടിന്റെ സ്മരണയില്‍ ഒരിക്കലും മരിക്കാതെ അതിന്റെ ശില്പികളും. പാറപ്പുറത്തിന്റെ നോവലിനെ ആസ്​പദമാക്കി 1963-ല്‍ ശോഭനാ പരമേശ്വരന്‍നായര്‍ നിര്‍മിച്ച് എന്‍.എന്‍. പിഷാരോടി സംവിധാനംചെയ്ത 'നിണമണിഞ്ഞ കാല്പാടുകള്‍' എന്ന സിനിമയിലെ ഗാനമാണ് 'മാമലകള്‍ക്കപ്പുറത്ത്'.


ചാവെസിന്‍െറ പിന്‍ഗാമി 

ചാവെസിന്‍െറ പിന്‍ഗാമി
സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്‍െറ മുന്‍നിര പോരാളിയായിരുന്ന ഹ്യൂഗോ ചാവെസിന്‍െറ പിന്‍ഗാമിയായി അദ്ദേഹത്തിന്‍െറ മാനസപുത്രന്‍ നികളസ് മദുറോ വെനിസ്വേലയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് നവ കോളോണിയല്‍, നവ ലിബറല്‍ നയങ്ങള്‍ക്കെതിരെ സമരമുഖത്തുള്ളവരെ പൊതുവിലും ലാറ്റിനമേരിക്കന്‍ ഇടതുപക്ഷ ചേരിയെ വിശേഷിച്ചും ആഹ്ളാദഭരിതരാക്കുന്നു. അമേരിക്കയുടെ ശക്തമായ എതിര്‍പ്പിനെ നേരിട്ട് രാജ്യത്തെ സോഷ്യലിസ്റ്റ് പാതയിലൂടെ നയിക്കാന്‍ പ്രതിജ്ഞാബദ്ധനായിരുന്ന ചാവെസ് തന്‍െറ പിന്‍ഗാമിയായി നാമനിര്‍ദേശം ചെയ്തിരുന്നതും തന്നെപ്പോലെത്തന്നെ തീപ്പൊരി പ്രസംഗകനായ മദുറോവിനെയായിരുന്നല്ലോ. ഡ്രൈവറായി ജീവിതമാരംഭിച്ച് തൊഴിലാളി പ്രസ്ഥാനത്തിലൂടെ ജനനായകനായി ഉയര്‍ന്നുവന്ന മദുറോവിന് തന്നെപ്പോലെ സാധാരണക്കാരും ദരിദ്രരുമായ മഹാഭൂരിപക്ഷത്തിന്‍െറ നാഡിമിഡിപ്പുകള്‍ മനസ്സിലാക്കി, മാറിയ ലോക സാഹചര്യങ്ങളില്‍ അവരെ നയിക്കാനും അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനും സാധിക്കണമെങ്കില്‍ ആഭ്യന്തരവും വൈദേശികവുമായ കടുത്ത വെല്ലുവിളികളെ നെഞ്ചൂക്കോടെ നേരിടാന്‍ കഴിയേണ്ടതുണ്ട്. അതിനദ്ദേഹത്തിന് ശേഷിയുണ്ടോ എന്ന് തെളിയിക്കേണ്ടത് കാലമാണ്.

ഇപ്പോള്‍തന്നെ, 2012 ഒക്ടോബറില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഹ്യൂഗോ  ചാവെസ് നേടിയതിനേക്കാള്‍ പത്തു ശതമാനം കുറഞ്ഞ ഭൂരിപക്ഷത്തിനാണ് മദുറോ ഒരുവിധം ജയിച്ചുകയറിയിരിക്കുന്നത്. വെനിസ്വേലയിലെ 19 ദശലക്ഷം സമ്മതിദായകരില്‍ 78.7 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന് 50.66 മാത്രമാണ് നേടാനൊത്തത്; പ്രതിയോഗിയും പ്രതിപക്ഷ സഖ്യമായ ഡെമോക്രാറ്റിക് യൂനിറ്റി സ്ഥാനാര്‍ഥിയുമായ ഹെന്‍ട്രിക് കാപ്രിലസിന് 49.07 ശതമാനം വോട്ട് ലഭിച്ചു. അതിനാല്‍തന്നെ കാപ്രിലസ് പരാജയം സമ്മതിച്ചിട്ടില്ല. വീണ്ടും വോട്ടെണ്ണാന്‍ ആവശ്യപ്പെട്ടിരിക്കുകയുമാണ്. ചാവെസ് രൂപംനല്‍കിയ യുനൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് സ്വന്തം അണികളെ ഏകീകരിക്കാന്‍ കഴിഞ്ഞപ്പോള്‍ പ്രതിപക്ഷം ശിഥിലമാണ് എന്നതായിരുന്നു ഇതപര്യന്തമുള്ള അവസ്ഥയെങ്കില്‍ ഇപ്പോള്‍ മുന്‍ഗാമിയുടെ വ്യക്തിപ്രഭാവമില്ലാത്ത മദുറോവിനെ നേരിടുന്നതില്‍ പ്രതിപക്ഷം ഒറ്റക്കെട്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. തല്‍ക്കാലം അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന പട്ടാളം ഭാവിയില്‍ അതേ നിലപാട് തുടരണമെന്നും ഉറപ്പില്ല. ലോകത്തേറ്റവും എണ്ണ നിക്ഷേപമുള്ള വെനിസ്വേലയില്‍ എണ്ണക്കുത്തക കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും ഒട്ടും ചെറുതല്ല. പെട്രോളിയോസ് ഡി വെനിസ്വേല എന്ന കമ്പനി ദേശസാത്കരിച്ച് ഒരു ശതമാനത്തിനു പകരം 16 ശതമാനമാക്കി റോയല്‍റ്റി വര്‍ധിപ്പിക്കുന്നതില്‍ വിജയിച്ച ചാവെസിന് അതുമൂലമാണ് രാജ്യത്തെ കൊടിയ ദാരിദ്ര്യം വലിയ അളവില്‍ നിയന്ത്രിക്കാനായത്. നിക്ഷിപ്ത താല്‍പര്യങ്ങളുള്ള എണ്ണക്കമ്പനികള്‍ ചാവെസിന്‍െറ പിന്‍ഗാമിയെ വിയര്‍പ്പിക്കാന്‍ പരമാവധി ശ്രമിക്കും എന്ന് തീര്‍ച്ച.
ഭീമമായ കടവും 20 ശതമാനത്തോളം നാണയപ്പെരുപ്പവും കുറ്റകൃത്യങ്ങളുടെ ഭീകര വര്‍ധനയും വെനിസ്വേല നേരിടുന്ന വന്‍ പ്രശ്നങ്ങളാണ്. ഭക്ഷ്യസാധനങ്ങളില്‍ 70 ശതമാനവും ഇറക്കുമതി ചെയ്യേണ്ട വെനിസ്വേലക്ക് വന്‍തോതില്‍ സബ്സിഡി നല്‍കിക്കൊണ്ടേ ദരിദ്ര ജനവിഭാഗങ്ങളെ തൃപ്തിപ്പെടുത്താനാവൂ. വെല്ലുവിളികളെ നേരിടുന്നതില്‍ റഷ്യ, ഇറാന്‍ , സിറിയ പോലുള്ള ചുരുക്കം രാജ്യങ്ങള്‍ക്കു പുറമെ ക്യൂബയും ലാറ്റിന്‍ അമേരിക്കന്‍ നാടുകളുമാണ് വെനിസ്വേലയോടൊപ്പമുള്ളത്. ഇക്കൂട്ടത്തില്‍ സിറിയ സ്വയംതന്നെ ആഭ്യന്തര യുദ്ധംമൂലം തകര്‍ന്നുകൊണ്ടിരിക്കുന്നു. ആ രാജ്യത്തിന്‍െറ ഭാവി ഭരണകൂടം ബശ്ശാര്‍ അല്‍അസദിന്‍െറ അതേ വിദേശനയം തുടരാന്‍ ഇടയില്ലതാനും. ചാവെസ്-കാസ്ട്രോ കൂട്ടുകെട്ട് സാമ്രാജ്യശക്തികളെ വെല്ലുവിളിക്കുന്നതില്‍ ദുര്‍ബലമായ സോഷ്യലിസ്റ്റ് ചേരിക്ക് വീര്യവും ആവേശവും പകര്‍ന്നിരുന്നെങ്കില്‍ അതേ കരുത്ത് അവരുടെ പിന്‍ഗാമികളില്‍നിന്ന് പ്രതീക്ഷിക്കാനാവില്ല. ഒരേയവസരത്തില്‍ ക്രിസ്തുമത വിശ്വാസിയും സോഷ്യലിസ്റ്റുമായിരുന്നു ഹ്യൂഗോ ചാവെസെങ്കില്‍ , സായിബാബ ഭക്തനും ഒപ്പം വിപ്ളവകാരിയുമെന്ന പരിവേഷമാണ് മദുറോവിന്. തന്‍െറ രാജ്യത്തെ തൊഴിലാളികളുടെ കുറഞ്ഞ കൂലി 40 ശതമാനം കൂട്ടുമെന്ന തന്‍െറ വാഗ്ദാനം ഉള്‍പ്പെടെ സാമാന്യ ജനജീവിതം മെച്ചപ്പെടുത്താനുള്ള നടപടികളുമായി എത്രത്തോളം മുന്നോട്ടുപോവാന്‍ അദ്ദേഹത്തിന് കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു മദൂുറോയുടെ സോഷ്യലിസ്റ്റ്വത്കരണ സ്വപ്നങ്ങളുടെ സാക്ഷാത്കാരം. ലോകരാഷ്ട്രീയത്തില്‍ ഇപ്പോള്‍ വലതുപക്ഷ ചേരിയില്‍ നിലയുറപ്പിച്ച ഇന്ത്യയുടെ ബന്ധങ്ങള്‍ ചാവെസിന്‍െറ വെനിസ്വേലയുമായി സൗഹാര്‍ദപരമായിരുന്നു. ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയില്‍ 10 ശതമാനത്തോളം വെനിസ്വേലയില്‍നിന്നാണ്. മാറിയ സാഹചര്യത്തില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ ഊഷ്മളമായി നിലനിര്‍ത്താന്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ജാഗ്രത അനുപേക്ഷ്യമാണ്.

'വലിയ' കേരളത്തെ സ്വാഗതം ചെയ്യാം 

malmanoramalogo
വിജയത്തിനു കുറുക്കുവഴികളില്ല എന്ന സാധാരണ വാചകം എന്‍.ആര്‍. നാരായണമൂര്‍ത്തി പറയുമ്പോള്‍ അത് അസാധാരണമായൊരു വിജയകഥയുടെ ആമുഖവാക്യം തന്നെയായി മാറുന്നു. ഇന്‍ഫോസിസ് ചെയര്‍മാന്‍ ഇമെരിറ്റസും നാഷനല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഒാഫ് ഇന്ത്യയുടെ ചെയര്‍മാനുമായ അദ്ദേഹം സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അങ്ങനെ പറഞ്ഞത്. 


സമൂഹത്തിന്റെയും രാജ്യത്തിന്റെയും സ്ഥാപനത്തിന്റെയുമെല്ലാം വിജയത്തിന് അച്ചടക്കം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അച്ചടക്കവും സമര്‍പ്പണവും ആധാരശിലകളാക്കിയ ഒരു സ്ഥാപനത്തിന്റെ ശില്‍പി ആത്മവിശ്വാസത്തോടെ പറയുമ്പോള്‍ മലയാളിക്ക് അത് അങ്ങേയറ്റം പ്രസക്തമായിത്തീരുന്നു; വൃഥാവിവാദങ്ങളും മെല്ലെപ്പോക്കും കേരളത്തിന്റെ വികസനത്തെ പിന്നോട്ടുകൊണ്ടുപോകുമ്പോള്‍ വിശേഷിച്ചും. 

അച്ചടക്കത്തിന് അത്രയേറെ മൂല്യംനല്‍കുന്ന രാജ്യമല്ല ഇന്ത്യ എന്നു കൊച്ചിയില്‍ നടന്ന മുഖാമുഖത്തില്‍ നാരായണമൂര്‍ത്തി എടുത്തുപറയുകയുണ്ടായി. റോഡില്‍ നാം എങ്ങനെയാണു വണ്ടിയോടിക്കുന്നത് എന്നതുതന്നെ ഇപ്പറഞ്ഞതിന് ഏറ്റവും കൃത്യമായ ഉദാഹരണം. റോഡില്‍ തെളിയേണ്ടത് അഭിജാതമായ ഒരു സംസ്കാരമാണെന്നിരിക്കേ, അക്കാര്യം പാലിക്കാന്‍ ആവുന്നത്ര ശ്രദ്ധിക്കുന്നുണ്ടെന്നു നമ്മളില്‍ എത്രപേര്‍ക്കു നെഞ്ചില്‍ കൈവച്ചു പറയാന്‍ കഴിയും? കേരളത്തിന്റെ പാതകളില്‍ പായുന്ന പല വാഹനങ്ങള്‍ക്കുമുള്ളത് അച്ചടക്കരാഹിത്യത്തിന്റെയും അശ്രദ്ധയുടെയും സ്വാര്‍ഥതയുടെയും മുഖമുദ്രകളല്ലേ? എതിരെ വരുന്ന വാഹനവും പിറകെ വരുന്ന വാഹനവും നമുക്കു പ്രശ്നമല്ല. എന്റെമാത്രം ലക്ഷ്യസ്ഥാനമാണു പ്രധാനം എന്ന ചിന്തയോടെ സ്റ്റിയറിങ് തിരിക്കുമ്പോള്‍ ചെറുതാകുന്നത് അവനവന്‍ കൂടിയല്ലേ? അച്ചടക്കമില്ലാത്ത വാഹനയോട്ടം ചെന്നെത്തുന്നതാകട്ടെ, പലപ്പോഴും അപകടങ്ങളിലേക്കും. 

പൊതുനിരത്തില്‍ മാത്രമല്ല സംസ്കാര രാഹിത്യത്തിന്റെ അടയാളങ്ങളുള്ളത്. സിനിമാശാലകളിലും ആരാധനാലയങ്ങളിലും വിവാഹച്ചടങ്ങുകളിലും എന്തിന്, മരണവീടുകളില്‍പോലും നമ്മുടെ മര്യാദകേടിന്റെ മണിമുഴക്കം കേള്‍പ്പിച്ച് മൊബൈല്‍ ഫോണുകള്‍ അരങ്ങുവാഴുന്നു. അപകടദൃശ്യങ്ങളിലേക്കും മറ്റുള്ളവരുടെ ശരീരങ്ങളിലേക്കും സ്വകാര്യനേരങ്ങളിലേക്കുമൊക്കെ മൊബൈല്‍ ക്യാമറ നീട്ടാന്‍ മലയാളിക്കു നാണമില്ലാതായിക്കഴിഞ്ഞു. അപകടത്തില്‍ കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ പൊട്ടിക്കരച്ചിലും കുഞ്ഞിനു മുലയൂട്ടുന്ന അമ്മയുടെ സ്വകാര്യതയുമൊക്കെ മൊബൈലില്‍ പകര്‍ത്തുമ്പോഴും ആ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലേക്കു വികലസംതൃപ്തിയോടെ നല്‍കുമ്പോഴുമൊക്കെ സാംസ്കാരിക കേരളത്തിനല്ലേ തലയില്‍ മുണ്ടിടേണ്ടിവരുന്നത്? 

പണവും പ്രതാപവുമുള്ളവനു നിയമങ്ങളൊന്നും ബാധകമല്ലെന്നു വരുന്നതു സമൂഹവികസനത്തെ സഹായിക്കില്ലെന്നും നാരായണമൂര്‍ത്തി പറയുകയുണ്ടായി. എല്ലാക്കാര്യങ്ങള്‍ക്കും രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്താതെ വിമര്‍ശനത്തിന്റെ കണ്ണാടി നമുക്കുനേരെ കൂടി തിരിച്ചുവയ്ക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങളിലും വിവാദങ്ങളിലും മാത്രം ഹരംകൊള്ളുന്ന ഒരു ജനതയ്ക്ക് ഈ നിരീക്ഷണങ്ങളില്‍നിന്നു പഠിക്കാനില്ലേ? 

സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗദര്‍ശി പദവി സ്വീകരിച്ച സാം പിത്രോദ മലയാളികള്‍ക്കു നല്‍കിയ ഉപദേശം സര്‍വസ്പര്‍ശിയായിരുന്നു: 'മലയാളി വലുതായി ചിന്തിക്കാന്‍ പഠിക്കണം. പാരമ്പര്യങ്ങളുടെയും പരാധീനതകളുടെയും വിയോജിപ്പുകളുടെയുമൊക്കെ ചട്ടക്കൂടുകളില്‍നിന്നു പുറത്തിറങ്ങി ലോകസാധ്യതകളിലേക്കു കണ്ണും കാതും തുറന്നുള്ള ആസൂത്രണം വേണമെന്നായിരുന്നു, രാജ്യത്തെ ടെലികോം വിപ്ളവത്തിന്റെ സൂത്രധാരന്‍ പറഞ്ഞതിന്റെ കാതല്‍. 

വ്യക്തിപരമായ അച്ചടക്കവും ആത്മാര്‍ഥതയും വീടിനും നാടിനും രാജ്യപുരോഗതിക്കുതന്നെയും ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ്. അവനവനെമാത്രം വലുതായിക്കാണുന്ന മാനസികാവസ്ഥ മാറിയാല്‍ തന്നെ സമൂഹനിര്‍മിതിക്കു നാം അവിഭാജ്യഘടകമായിത്തീരുമെന്നു തീര്‍ച്ച. കേരളത്തെ മലയാളി തന്നെ കൊച്ചുകേരളം എന്നു വിളിക്കാറുണ്ട്. ഈ 'കൊച്ചു ചിന്താഗതി ഉപേക്ഷിച്ചു നാം ലോകത്തോളം വലുതാവണ്ടേ? അതിനുള്ള ചൂണ്ടുപലകയാണു നാരായണമൂര്‍ത്തി കഴിഞ്ഞദിവസം മലയാളിക്കു മുന്‍പില്‍ സ്ഥാപിച്ചത്.


കാലത്തില്‍ കൊത്തിവെച്ച പാട്ടുകളുടെ സ്മരണ 
Newspaper Edition
''മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്, മലയാളമെന്നൊരു നാടുണ്ട്...'' ഇന്നും പ്രവാസത്തിന്റെ വേദന അനുഭവിക്കുന്ന ഓരോ മലയാളിയുടെയും ഹൃദയത്തിന്റെ തുമ്പിലേക്ക് അറിയാതെ തുളുമ്പിവരുന്ന പാട്ടാണിത്. ആരുപാടി, ആരെഴുതി, ആര് ഈണമിട്ടു എന്നൊന്നും അറിയാതെയും ആ പാട്ട് കാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അതെഴുതിയ പി. ഭാസ്‌കരന്‍മാസ്റ്റര്‍ ഇന്ന് നമ്മോടൊപ്പമില്ല. ഈണമിട്ട ബാബുരാജും വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായി. ആ പാട്ടുപാടിയ മലയാളിയല്ലാത്ത മലയാളിയുടെ പ്രിയഗായകന്‍ പി.ബി. ശ്രീനിവാസ്‌കൂടി കഴിഞ്ഞ ദിവസം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതോടെ പാട്ടുമാത്രം ബാക്കിയാവുകയാണ് ; പാട്ടിന്റെ സ്മരണയില്‍ ഒരിക്കലും മരിക്കാതെ അതിന്റെ ശില്പികളും. പാറപ്പുറത്തിന്റെ നോവലിനെ ആസ്​പദമാക്കി 1963-ല്‍ ശോഭനാ പരമേശ്വരന്‍നായര്‍ നിര്‍മിച്ച് എന്‍.എന്‍. പിഷാരോടി സംവിധാനംചെയ്ത 'നിണമണിഞ്ഞ കാല്പാടുകള്‍' എന്ന സിനിമയിലെ ഗാനമാണ് 'മാമലകള്‍ക്കപ്പുറത്ത്'. നടന്‍ മധുവിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റചിത്രമായിരുന്നു അത്. ആ പാട്ടിന്റെ 50-ാം വര്‍ഷത്തിലായി പി.ബി. ശ്രീനിവാസിന്റെ മരണമെന്നത് യാദൃച്ഛികംമാത്രം. എന്നാല്‍, പിറന്നുവീണ ഉടനെ മറവിയിലേക്ക് മരിച്ചുവീഴുന്ന സമീപകാല ചലച്ചിത്രഗാനങ്ങളുടെ മഹാപ്രവാഹങ്ങള്‍ക്ക് നടുവില്‍ ഒരു പാട്ട് 50 വര്‍ഷം കഴിഞ്ഞിട്ടും അതിന്റെ പൊലിമ ഇത്തിരിയും മായാതെ നില്‍ക്കുന്നു എന്ന വിസ്മയത്തിന് മലയാളി കടപ്പെട്ടിരിക്കുന്നത് പൊയ്‌പ്പോയ കാലത്തിന്റെ മഹാപ്രതിഭകളോടുകൂടിയാണ്. ആ കടപ്പാടുകള്‍ മലയാളം മറക്കാന്‍ പാടില്ലാത്തതാണ്. 'നിണമണിഞ്ഞ കാല്പാടുകളില്‍ത്തന്നെ മലയാളത്തിന്റെ മറ്റൊരു നിത്യഹരിതഗായകനായ കെ.പി. ഉദയഭാനു പാടിയ 'അനുരാഗനാടകത്തിന്‍, അന്ത്യമാം രംഗം തീര്‍ന്നു' എന്ന പാട്ടിനും ഇപ്പോള്‍ 50 വയസ്സായി. ആ മഹാഗായകന്‍ ഇന്നും നമ്മോടൊപ്പമുണ്ടെന്ന് പലപ്പോഴും സര്‍ക്കാറും പൊതുസമൂഹവും ഓര്‍ക്കാന്‍ വിട്ടുപോകുന്ന കാര്യങ്ങളാണ്. പി.ബി. ശ്രീനിവാസിന്റെ തലമുറയില്‍ ഒരുപക്ഷേ, ഇനി നമ്മോടൊപ്പമുള്ള അവസാനത്തെ നക്ഷത്രങ്ങളിലൊന്നാണ് കെ.പി. ഉദയഭാനു. പാട്ട് കച്ചവടമാക്കിയിട്ടില്ലാത്ത വംശപാരമ്പര്യമാണ് അവരുടേത്. എന്നും ഓര്‍മിക്കുന്ന ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിക്കാനായതും ഒത്തുതീര്‍പ്പില്ലാത്ത ആ നിലപാടുകളുടെ കരുത്താണ്.

എട്ടുഭാഷയില്‍ പി.ബി. ശ്രീനിവാസ് പാടി. ആന്ധ്രയിലെ ഗോദാവരി ജില്ലയില്‍ ജനിച്ച അദ്ദേഹം തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി, ഉറുദു, ഇംഗ്ലീഷ്, സംസ്‌കൃതം ഭാഷകളില്‍ പാടിയത് ആ ഭാഷകള്‍ പഠിച്ച് അര്‍ഥമറിഞ്ഞുകൊണ്ടായിരുന്നു. ഗസല്‍ ചക്രവര്‍ത്തി തലത് മെഹമൂദിനെ അനുസ്മരിപ്പിക്കുന്ന ശബ്ദമുള്ളതുകൊണ്ടുകൂടിയാവാം ഗസല്‍ പാരമ്പര്യത്തില്‍ അടിയുറച്ച സംഗീതസംവിധായകനായ ബാബുരാജിന്റെ ഇഷ്ടഗായകന്‍കൂടിയായി മാറാന്‍ പി.ബി. ശ്രീനിവാസിന് കഴിഞ്ഞത്. കന്നഡത്തില്‍ ഡോ. രാജ്കുമാറിന്റെ ശബ്ദംതന്നെയായിരുന്നു അദ്ദേഹം. 300 ഹിറ്റ്ഗാനങ്ങള്‍ ശ്രീനിവാസ് രാജ്കുമാറിനുവേണ്ടി പാടി. തമിഴില്‍ ജമിനി ഗണേശന്റെ ശബ്ദമായിരുന്നു. ലതാ മങ്കേഷ്‌കര്‍, പി. സുശീല, എസ്. ജാനകി, പി. ഭാനുമതി, കെ. ജമുനറാണി, എല്‍.ആര്‍. ഈശ്വരി എന്നിവര്‍ക്കൊപ്പം പി.ബി. ശ്രീനിവാസ് പാടിയ ദ്വന്ദഗാനങ്ങള്‍ ഇന്നും ജനഹൃദയങ്ങള്‍ നെഞ്ചിലേറ്റുന്നവയാണ്. കര്‍ണാടകസര്‍ക്കാര്‍ അദ്ദേഹത്തെ കന്നഡ രാജയോത്സവ പുരസ്‌കാരവും തമിഴ്‌നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്‌കാരവും നല്‍കി ആദരിച്ചിട്ടുണ്ട്. മലയാളത്തില്‍ കമുകറ പുരുഷോത്തമന്റെ പേരിലുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഉന്നത ദേശീയബഹുമതിയായ പദ്മപുരസ്‌കാരം നല്‍കി ആദരിക്കാന്‍ രാഷ്ട്രം മറന്നത് ദുഃഖകരമായ വസ്തുതയാണ്.

മലയാളി അവരുടെ ഓര്‍മകള്‍ കൊത്തിവെച്ച ഗാനശില്പങ്ങള്‍ കൂടിയായതുകൊണ്ടാണ് പി.ബി. ശ്രീനിവാസിന്റെ ഈ പാട്ടുകള്‍ എന്നും ഓര്‍മിക്കുന്നവയായി മാറിയത്. സാധാരണ മനുഷ്യരുടെ വേദനകളും ആഗ്രഹങ്ങളും തത്ത്വചിന്തയായും കവിതയായുമൊക്കെ അവരെ അനുഭവിപ്പിക്കുന്നതില്‍ ഒരു കാലത്ത് ചലച്ചിത്രഗാനങ്ങള്‍ വഹിച്ചിരുന്ന പങ്ക് വളരെ വലുതാണ്. ഭാഷയോടും സാഹിത്യത്തോടും തത്ത്വചിന്തയോടുമെല്ലാം അവരെ അടുപ്പിക്കുന്നതില്‍ അദ്ദേഹത്തെപ്പോലുള്ള മഹാഗായകര്‍ വഹിച്ച പങ്കും സ്മരിക്കപ്പെടുന്നത് ആ ശബ്ദത്തിന്റെ വ്യത്യസ്തതകൊണ്ടും അത് പ്രസരിപ്പിച്ച അനുഭൂതികളുടെ ആഴംകൊണ്ടുമാണ്. വ്യത്യസ്തതയായിരുന്നു അവരുടെ മുഖമുദ്ര. അത് അച്ചിലിട്ട് വാര്‍ത്തതുപോലെ മിനുസപ്പെടുത്തിയ ശബ്ദമായിരുന്നില്ല. ഹൃദയത്തില്‍ അനായാസം കൈയൊപ്പുചാര്‍ത്തുന്ന ശബ്ദസൗകുമാര്യം അവയ്ക്കുണ്ടായിരുന്നു. പി.ബി. ശ്രീനിവാസ് വിടപറയുമ്പോള്‍ നഷ്ടമാകുന്നത് ആ അനശ്വരസംഗീതം നമുക്ക് പകര്‍ന്നുതന്ന അവസാനത്തെ കുലപതിമാരിലൊരാളെയാണ്. എന്നാല്‍, ആ സംഗീതം നിശ്ശബ്ദമാകുന്നില്ല. അത് അനശ്വരമാണ്, നിത്യഹരിതമാണ്. അതിന് പ്രായമില്ല. അത് കാലത്തില്‍ കൊത്തിവെച്ച ശില്പമാണ്.

No comments:

Post a Comment