Monday, April 1, 2013

മുഖപ്രസംഗം April 01 - 2013

മുഖപ്രസംഗം April 01 - 2013


1. മൂന്നാം ബദലിനെക്കുറിച്ച ചര്‍ച്ചകള്‍ (മാധ്യമം)
ലോക് സഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വര്‍ഷം അവശേഷിക്കെ പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഒന്ന്, നിലവിലെ യു.പി.എ സര്‍ക്കാര്‍ കാലാവധി തികക്കുമോ അതോ ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടിവരുമോ? രണ്ട് കോണ്‍ഗ്രസിതര, ബി.ജെ.പിയിതര മൂന്നാം മുന്നണി അഥവാ മൂന്നാം ബദല്‍ ഇത്തവണയെങ്കിലും യാഥാര്‍ഥ്യമാവുമോ? ശ്രീലങ്കന്‍ തമിഴര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രശ്നത്തില്‍ ഉടക്കി പതിനെട്ടംഗ ഡി.എം.കെ പാര്‍ലമെന്ററി ഗ്രൂപ് യു.പി.എ സര്‍ക്കാറിന് നല്‍കിവന്ന സഹകരണവും പിന്തുണയും പിന്‍വലിക്കുകയും മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ന്യൂനപക്ഷമാവുകയും ചെയ്തതിനെ തുടര്‍ന്നുളവായ അനിശ്ചിതത്വം തുടരുന്നതുകൊണ്ടാണ് കാലാവധി തികക്കുന്നതിനെക്കുറിച്ച ചോദ്യം പ്രസക്തമാവുന്നത്.
2. ഗ്രാമീണ മേഖലയിലെ ചികിത്സ  (മാത്രുഭൂമി)
ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍, വിശേഷിച്ചും സര്‍ക്കാര്‍ ആസ്​പത്രികളിലെ സൗകര്യക്കുറവും ഗ്രാമങ്ങളിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും എപ്പോഴും ചര്‍ച്ചാവിഷയമാകാറുള്ളതാണ്. മെഡിക്കല്‍ കോളേജുകള്‍ പുതുതായി ധാരാളം തുടങ്ങിയിട്ടുണ്ടെങ്കിലും ഗ്രാമീണ മേഖലയില്‍ സേവനമനുഷ്ഠിക്കുന്നതിന് വേണ്ടത്ര ഡോക്ടര്‍മാരെ കിട്ടാത്ത സ്ഥിതിയുണ്ട്. ഇതിന് അടുത്തകാലത്തൊന്നും പരിഹാരം കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഡിഗ്രിയുള്ള നഴ്‌സുമാര്‍ക്ക് പരിശീലനം നല്‍കി, അത്യാവശ്യം ചികിത്സ നല്‍കുന്നതിന് പ്രാപ്തരാക്കി, ആദിവാസി മേഖലയിലെ ചില സബ്‌സെന്ററുകളില്‍ അവരെ നിയോഗിക്കാന്‍ കേരള ആരോഗ്യവകുപ്പ് ആലോചിച്ചുവരികയാണ്.
3. പുതുവൈപ്പിന് പുതിയ തടസ്സം (മനോരമ)
പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനു ശേഷം കമ്മിഷന്‍ ചെയ്യാന്‍ ഒരുങ്ങുന്ന പുതുവൈപ്പ് എല്‍എന്‍ജി (ദ്രവീകൃത പ്രകൃതി വാതകം) ടെര്‍മിനലിനു വീണ്ടും വഴിമുട്ടുകയാണ്. ടെര്‍മിനലിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയായെങ്കിലും വാതകം കൊണ്ടുപോകുന്ന കുഴലിനു വേണ്ടിയുള്ള സ്ഥലമെടുപ്പില്‍ തമിഴ്നാട് ഉയര്‍ത്തിയിരിക്കുന്ന എതിര്‍പ്പാണു പദ്ധതിയെ അനിശ്ചിതത്വത്തിലാക്കുന്നത്.
മൂന്നാം ബദലിനെക്കുറിച്ച ചര്‍ച്ചകള്‍  
മൂന്നാം ബദലിനെക്കുറിച്ച ചര്‍ച്ചകള്‍
ലോക് സഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വര്‍ഷം അവശേഷിക്കെ പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഒന്ന്, നിലവിലെ യു.പി.എ സര്‍ക്കാര്‍ കാലാവധി തികക്കുമോ അതോ ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടിവരുമോ? രണ്ട് കോണ്‍ഗ്രസിതര, ബി.ജെ.പിയിതര മൂന്നാം മുന്നണി അഥവാ മൂന്നാം ബദല്‍ ഇത്തവണയെങ്കിലും യാഥാര്‍ഥ്യമാവുമോ? ശ്രീലങ്കന്‍ തമിഴര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രശ്നത്തില്‍ ഉടക്കി പതിനെട്ടംഗ ഡി.എം.കെ പാര്‍ലമെന്ററി ഗ്രൂപ് യു.പി.എ സര്‍ക്കാറിന് നല്‍കിവന്ന സഹകരണവും പിന്തുണയും പിന്‍വലിക്കുകയും മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ന്യൂനപക്ഷമാവുകയും ചെയ്തതിനെ തുടര്‍ന്നുളവായ അനിശ്ചിതത്വം തുടരുന്നതുകൊണ്ടാണ് കാലാവധി തികക്കുന്നതിനെക്കുറിച്ച ചോദ്യം പ്രസക്തമാവുന്നത്. തല്‍ക്കാലം മുലായംസിങ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും മായാവതിയുടെ ബി.എസ്.പിയും പുറമെനിന്ന് പിന്തുണക്കുന്നതുകൊണ്ട് യു.പി.എ മന്ത്രിസഭക്ക് ഉടനടി ഭീഷണിയില്ലെന്നു പറയാമെങ്കിലും സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് ബന്ധങ്ങള്‍ ആടിയുലയുന്നതുമൂലം ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് കരുതാനാണ് ന്യായം. മന്ത്രി ബേനിപ്രസാദ് വര്‍മയുടെ മുലായം വിരോധം പലതവണ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കെ ഇരു പാര്‍ട്ടികള്‍ക്കുമിടയിലെ അസ്വാരസ്യങ്ങള്‍ ഒതുക്കിത്തീര്‍ക്കുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നീക്കങ്ങള്‍ സഫലമാവുന്നില്ല. മുലായം യു.പി.എക്ക് നല്‍കിവരുന്ന പിന്തുണ പിന്‍വലിച്ചേക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സൂചന നല്‍കുന്നതോടൊപ്പം, എന്നാലും തന്റെ മന്ത്രിസഭ വീഴില്ലെന്ന് ആശ്വസിക്കുകയാണദ്ദേഹം. മുഖ്യ പ്രതിപക്ഷമായ ബി.ജെ.പി ഒരവിശ്വാസപ്രമേയത്തിലൂടെ യു.പി.എ സര്‍ക്കാറിനെ താഴെയിറക്കാന്‍ തയാറല്ലെന്നതാവാം അദ്ദേഹത്തിന്റെ ആശ്വാസത്തിനടിസ്ഥാനം. മമത ബാനര്‍ജിയുടെ ചാഞ്ചാട്ടവും അദ്ദേഹത്തിന് പ്രതീക്ഷ നല്‍കുന്നുണ്ടാവാം. ഒരിടക്കാല തെരഞ്ഞെടുപ്പിലേക്ക് പെട്ടെന്നെടുത്തുചാടി ഭാഗ്യം പരീക്ഷിക്കാന്‍ ഒരു പാര്‍ട്ടിയും ഇപ്പോള്‍ ഒരുക്കമല്ലെന്നാണ് ഈയഭിപ്രായ പ്രകടനങ്ങളുടെയെല്ലാം ആകത്തുക.
അതേയവസരത്തില്‍, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെന്നപോലെ ഇത്തവണയും ഒരു മൂന്നാം മുന്നണിയെക്കുറിച്ച ചര്‍ച്ചയും അത് തട്ടിക്കൂട്ടാനുള്ള നീക്കങ്ങളും വീണ്ടും സജീവമാണ്. പക്ഷേ സുപ്രധാന വികസന, സാമ്പത്തിക, വിദേശ നയങ്ങളുടെ കാര്യത്തില്‍ മുഖ്യ ദേശീയ കക്ഷികളായ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ കാതലായ അഭിപ്രായവ്യത്യാസങ്ങളില്ലെന്നിരിക്കെ, രണ്ടിനും ബദലായി ഒരു ജനപക്ഷ മതേതര ബദല്‍ എന്ന ആശയത്തിലധിഷ്ഠിതമായ മുന്നണിയെക്കുറിച്ച അന്വേഷണമോ ആ ദിശയിലുള്ള ഗൗരവാവഹമായ നീക്കങ്ങളോ ദൃശ്യമല്ലെന്നതാണ് ഏറ്റവും പ്രകടമായ യാഥാര്‍ഥ്യം. പകരം, യു.പി.എയുടെയും എന്‍.ഡി.എയുടെയും ആഗോളീകരണ-ഉദാരീകരണ സാമ്പത്തിക നയങ്ങള്‍ക്കും സാമ്പത്തിക പരിഷ്കരണം എന്ന പേരിട്ട നവ മുതലാളിത്ത അജണ്ടക്കും അമേരിക്ക, ഇസ്രായേല്‍ കൂട്ടുകെട്ടിന്റെ പക്ഷംചേര്‍ന്നുള്ള വിദേശനയത്തിനും ന്യൂനപക്ഷവിരുദ്ധമായ ആഭ്യന്തര നിലപാടുകള്‍ക്കും ഒരു കാരണത്താലല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ പലപ്പോഴും പിന്തുണ നല്‍കിവന്ന പ്രാദേശിക കക്ഷികളാണ് മൂന്നാം മുന്നണിയെക്കുറിച്ച് സംസാരിക്കുന്നത്. അമേരിക്കയുമായി ആണവകരാറില്‍ ഒപ്പിട്ടതിന്റെ പേരില്‍ ഒന്നാം യു.പി.എ സര്‍ക്കാറിന് നല്‍കിവന്ന പിന്തുണ ഇടതുപക്ഷം പിന്‍വലിച്ച സന്ദിഗ്ധഘട്ടത്തില്‍ ആ സര്‍ക്കാറിന്റെ രക്ഷക്കെത്തിയ പാര്‍ട്ടിയാണ് സമാജ്വാദി. ഇപ്പോഴും മുഖ്യവിഷയങ്ങളില്‍ വലതുപക്ഷത്തിന്റേതിന് വിരുദ്ധമായ നയനിലപാടുകള്‍ മുലായം സിങ് യാദവിനോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ ഇല്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പതിവ് മുറപ്രകാരം അദ്ദേഹം ചിലപ്പോള്‍ മുസ്ലിം ന്യൂനപക്ഷത്തിനനുകൂലമായി സംസാരിക്കാറുണ്ട് എന്നേയുള്ളൂ വ്യത്യാസം. ഇക്കാര്യത്തില്‍ ബംഗാളിലെ മമത ബാനര്‍ജിയോ ബിഹാറിലെ നിതീഷ് കുമാറോ ഒഡിഷയിലെ ബിജു പട്നായിക്കോ ഒന്നും മൗലികമായി വ്യത്യസ്ത നിലപാടുകളുള്ളവരല്ല. തമിഴ്നാട്ടിലെ ജയലളിതയാകട്ടെ എന്‍.ഡി.എയുടെ പക്ഷത്ത് നിലയുറപ്പിക്കാന്‍ ഒട്ടും സംശയിക്കാത്ത മാനസികാവസ്ഥയിലാണു താനും. ആന്ധ്രയിലെ ടി.ആര്‍.എസ്, ടി.ഡി.പി, ജഗന്‍മോഹന്‍ കോണ്‍ഗ്രസ് എന്നിവയിലൊന്നും അവയുടെ നേതാക്കളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കതീതമായ ദേശീയ കാഴ്ചപ്പാടുള്ളവരല്ലെന്നും വ്യക്തമാണ്. ഇവരെയൊക്കെ കൂട്ടുപിടിച്ചാണ് മൂന്നാം മുന്നണിയുണ്ടാക്കാന്‍ ശ്രമം നടക്കുന്നത് എന്നതുകൊണ്ട് അര്‍ഥവത്തായ ഒരു മൂന്നാം ബദലിനെക്കുറിച്ച സ്വപ്നം കേവലം പകല്‍ക്കിനാവായി അവശേഷിക്കുകയേ ചെയ്യൂ. തന്നെയല്ല, ഈയിനത്തില്‍പ്പെട്ട പാര്‍ട്ടികളൊന്നിനും സ്വന്തം സംസ്ഥാന സീമകള്‍ക്കപ്പുറത്ത് വേരുകളില്ല എന്നതുകൊണ്ട് മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ കൂട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സാധ്യതപോലും വിദൂരമാണ്. ഇടതുപക്ഷമാകട്ടെ, മുമ്പെന്നത്തേക്കാളും ബലഹീനമാണ് എന്നതിനുപുറമെ അവിയല്‍ പാകത്തിലുള്ള തട്ടിക്കൂട്ട് മുന്നണിക്ക് തങ്ങളില്ലെന്ന് പലപ്പോഴും വ്യക്തമാക്കിയിട്ടുമുണ്ട്. ഒപ്പം, സി.പി.എമ്മും സി.പി.ഐയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇടതുജനാധിപത്യ ബദലിലെ ചേരുവകള്‍ ഏതെന്ന് ഇനിയും കണ്ടെത്തിയിട്ടു വേണം. ചുരുക്കത്തില്‍, തെരഞ്ഞെടുപ്പിനുശേഷം സംജാതമാവാനിടയുള്ള രാഷ്ട്രീയാസ്ഥിരതയും അനിശ്ചിതത്വവും മുന്നില്‍ക്കണ്ട് വിലപേശല്‍ തന്ത്രത്തിലൂടെ പ്രധാനമന്ത്രിമോഹം പൂവണിയിക്കാനുള്ള ചില പ്രാദേശിക കക്ഷിനേതാക്കളുടെ കണക്കുകൂട്ടലുകളും കരുനീക്കങ്ങളും എന്നതില്‍കവിഞ്ഞ പ്രസക്തിയോ സാധ്യതയോ മൂന്നാം മുന്നണി ചര്‍ച്ചകള്‍ക്കും ശ്രമങ്ങള്‍ക്കുമില്ല എന്ന് വിലയിരുത്തുന്നതാണ് ശരി.
മാധ്യമം 01-04-13

ഗ്രാമീണ മേഖലയിലെ ചികിത്സ 
Newspaper Edition
ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍, വിശേഷിച്ചും സര്‍ക്കാര്‍ ആസ്​പത്രികളിലെ സൗകര്യക്കുറവും ഗ്രാമങ്ങളിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും എപ്പോഴും ചര്‍ച്ചാവിഷയമാകാറുള്ളതാണ്. മെഡിക്കല്‍ കോളേജുകള്‍ പുതുതായി ധാരാളം തുടങ്ങിയിട്ടുണ്ടെങ്കിലും ഗ്രാമീണ മേഖലയില്‍ സേവനമനുഷ്ഠിക്കുന്നതിന് വേണ്ടത്ര ഡോക്ടര്‍മാരെ കിട്ടാത്ത സ്ഥിതിയുണ്ട്. ഇതിന് അടുത്തകാലത്തൊന്നും പരിഹാരം കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഡിഗ്രിയുള്ള നഴ്‌സുമാര്‍ക്ക് പരിശീലനം നല്‍കി, അത്യാവശ്യം ചികിത്സ നല്‍കുന്നതിന് പ്രാപ്തരാക്കി, ആദിവാസി മേഖലയിലെ ചില സബ്‌സെന്ററുകളില്‍ അവരെ നിയോഗിക്കാന്‍ കേരള ആരോഗ്യവകുപ്പ് ആലോചിച്ചുവരികയാണ്. സ്വാഭാവികമായും ഡോക്ടര്‍മാരുടെ സംഘടനകള്‍ ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ക്ക് കീഴിലെ സബ്‌സെന്ററുകളില്‍ ഇങ്ങനെ നിയോഗിക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് മൂന്നരവര്‍ഷത്തെ പരിശീലനമാണ് നല്‍കുക. ആദിവാസി മേഖലകളില്‍, ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്ത സബ്‌സെന്ററുകളുടെ വിവരം സര്‍ക്കാര്‍ ശേഖരിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. നഗരങ്ങളില്‍ നിന്ന് അകലെ കിടക്കുന്ന പ്രദേശങ്ങളില്‍ സേവനമനുഷ്ഠിക്കാന്‍ ഡോക്ടര്‍മാരെ കിട്ടാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു വഴി തേടിയതെന്ന് വ്യക്തമാണ്. അതല്ലാതെ ആദിവാസികളെ ചികിത്സിക്കാന്‍ എം.ബി.ബി.എസ്സുകാര്‍ വേണ്ട എന്നതുകൊണ്ടായിരിക്കില്ല. ഒരു ഡോക്ടറുടെ സേവനം ലഭ്യമല്ലാത്ത ഒരിടത്ത് പ്രാഥമിക ചികിത്സയെങ്കിലും ഇങ്ങനെ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് നല്ലതല്ലേ? മുറിവൈദ്യന്മാരുടെയും വ്യാജവൈദ്യന്മാരുടെയും കൈയിലേക്ക് പാവപ്പെട്ടവരെ എറിഞ്ഞുകൊടുക്കുന്നതിനേക്കാളും നല്ലതാണിത്. വിദഗ്ധ ചികിത്സയും കൂടുതല്‍ ചികിത്സയും വേണ്ടവരെ മറ്റു കേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയും ചെയ്യാമല്ലോ. ഇത്തരത്തില്‍ നഴ്‌സുമാരെ നിയോഗിക്കാന്‍ ആലോചിക്കുന്ന സ്ഥലങ്ങള്‍ സൗകര്യങ്ങള്‍ നന്നെ കുറഞ്ഞ വയാണ്. ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും ഇടയിലുള്ള ഒരു വിടവ് നികത്തുന്നതിനുള്ള നടപടിയായിട്ടുമാത്രമേ ഇതിനെ കാണാവൂ. അടിസ്ഥാന ലക്ഷ്യം എല്ലാവര്‍ക്കും വൈദ്യശാസ്ത്ര പ്രമാണങ്ങളനുസരിച്ചുള്ള ചികിത്സ എത്തിക്കുക എന്നതുതന്നെയാവണം, സംശയമില്ല. എന്നാല്‍ അതിനുമുമ്പ് ആധുനിക സൗകര്യങ്ങള്‍ ഇല്ലാത്തിടത്ത് അത്യാവശ്യചികിത്സ ലഭ്യമാക്കുകതന്നെ വേണം.

ഗ്രാമീണ മേഖലയെ ലക്ഷ്യംവെച്ച് മൂന്നരവര്‍ഷത്തെ ഒരു മെഡിക്കല്‍ പാഠ്യപദ്ധതി നടപ്പില്‍ വരുത്തുന്നതുമായി മുന്നോട്ടുപോകുകയാണ് കേന്ദ്ര ആരോഗ്യവകുപ്പ്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ.) ഈ കോഴ്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്. അതിന്റെ സിലബസ്സും തയ്യാറായിട്ടുണ്ട്. പ്രധാനമായും ജില്ലാ ആസ്​പത്രികളിലായിരിക്കും ഇവര്‍ക്ക് പരിശീലനം നല്‍കുക. ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പുറമെ മൂന്നാമതൊരു വിഭാഗമായി ഇവര്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. ആസൂത്രണക്കമ്മീഷന്റെ ഉന്നതതല വിദഗ്ധ സമിതിയുടെ പിന്തുണ ഈ സമീപനത്തിനുണ്ട്. അതേസമയം ,ഇത് ഒരു മിനി എം.ബി.ബി.എസ്. കോഴ്‌സ് അല്ലെന്നും പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വെച്ചുകൊണ്ട്, അടിസ്ഥാന ആരോഗ്യസേവനം നല്‍കുന്ന പരിപാടിയാണെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ഇന്ത്യയിലെ ഗ്രാമങ്ങള്‍ ശരിയായ വൈദ്യസേവനത്തിന്റെ കുറവ് നന്നായി അനുഭവിക്കുന്നുണ്ട്. പലയിടത്തും മുറിവൈദ്യന്മാരുടെ കൈയിലാണ് ചികിത്സ. പുതിയ കമ്യൂണിറ്റി ഹെല്‍ത്ത് കോഴ്‌സ് കൊണ്ട് എല്ലാം പരിഹരിക്കാമെന്ന് ആരും കരുതില്ല. മറ്റനേകം പ്രശ്‌നങ്ങള്‍ ആരോഗ്യമേഖലയെ അലട്ടുന്നുണ്ട്.

സര്‍ക്കാറിന്റെ ഈ നീക്കത്തോട് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വൈദ്യവിദ്യാഭ്യാസത്തിന്റെ നിലവാരത്തില്‍ വെള്ളം ചേര്‍ക്കുകയായിരിക്കും ഇതിന്റെ ഫലമെന്നാണ് അവരുടെ പക്ഷം. എല്‍.എം.പി. പോലുള്ള യോഗ്യതകള്‍ എടുത്തു കളഞ്ഞുകൊണ്ട്, രാജ്യമൊട്ടുക്കും ഒരു ഏകീകൃത സ്വഭാവം ഉണ്ടാക്കിയെടുത്തശേഷം വൈദ്യവിദ്യാഭ്യാസത്തെ പുറകോട്ട് നടത്തുകയാണ് ഇതുവഴി ചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം രാജ്യത്ത് ഗ്രാമീണ മേഖലയില്‍ ഡോക്ടര്‍മാരുടെയും അനുബന്ധ സേവനം നല്‍കുന്നവരുടെയും എണ്ണക്കുറവ് ഒരു വസ്തുതയാണ്. കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയിട്ടും ഇതാണ് സ്ഥിതി. തങ്ങളുടെ കൈയിലുള്ള ആസ്​പത്രികള്‍ തന്നെ പല കാരണങ്ങള്‍കൊണ്ടും നന്നായി നടത്താന്‍ പാടുപെടുന്ന സര്‍ക്കാര്‍ കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുമെന്ന് കരുതാന്‍ വയ്യ. സ്വകാര്യ കോളേജില്‍ പഠിച്ചിറങ്ങുന്നവരില്‍ എത്ര പേര്‍ ഗ്രാമങ്ങളിലെ അസൗകര്യങ്ങള്‍ നേരിടാന്‍ തയ്യാറാവും? സര്‍ക്കാറിന് ഇക്കാര്യങ്ങളൊക്കെ കണക്കിലെടുക്കേണ്ടതുണ്ട്.
മാത്രുഭൂമി 01-04-13


പുതുവൈപ്പിന് പുതിയ തടസ്സം (മനോരമ)

പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനു ശേഷം കമ്മിഷന്‍ ചെയ്യാന്‍ ഒരുങ്ങുന്ന പുതുവൈപ്പ് എല്‍എന്‍ജി (ദ്രവീകൃത പ്രകൃതി വാതകം) ടെര്‍മിനലിനു വീണ്ടും വഴിമുട്ടുകയാണ്. ടെര്‍മിനലിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയായെങ്കിലും വാതകം കൊണ്ടുപോകുന്ന കുഴലിനു വേണ്ടിയുള്ള സ്ഥലമെടുപ്പില്‍ തമിഴ്നാട് ഉയര്‍ത്തിയിരിക്കുന്ന എതിര്‍പ്പാണു പദ്ധതിയെ അനിശ്ചിതത്വത്തിലാക്കുന്നത്.

പുതുവൈപ്പില്‍ നിന്നു മംഗലാപുരത്തേക്കും ബാംഗൂരിലേക്കും കുഴലിടുന്നതിനു പദ്ധതിയുടെ ചുമതലയുള്ള ഗെയ്ല്‍ ഇന്ത്യ 3600 കോടി രൂപയാണു ചെലവിടുന്നത്. എന്നാല്‍, ബാംഗൂരിലേക്കുള്ള കുഴല്‍ തമിഴ്നാട്ടിലെ കൃഷിഭൂമിയിലൂടെ ഇടാനാവില്ലെന്നും ദേശീയപാതയോടു ചേര്‍ത്തു വേണം ഇതു സ്ഥാപിക്കാനെന്നുമാണു തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിലപാട്.

ഈ നിര്‍ദേശം തീര്‍ത്തും അപ്രായോഗികമാണെന്നാണു ഗെയ്ലിന്റെ വിലയിരുത്തല്‍. സര്‍വേയും പൈപ്പ് വാങ്ങലും മറ്റും പൂര്‍ത്തിയാക്കിയ അവസരത്തിലുള്ള ബദല്‍ നിര്‍ദേശം പദ്ധതിച്ചെലവില്‍ വന്‍ വര്‍ധനയും കാലതാമസവും വരുത്തിവയ്ക്കും. ദേശീയപാതയുടെ ഒാരത്തുകൂടി പൈപ്പിടുമ്പോള്‍ ആയിരം കിലോമീറ്ററിനു പകരം 1250 കിലോമീറ്ററെങ്കിലും വേണ്ടിവരും. പദ്ധതി പൂര്‍ത്തിയാക്കല്‍ അഞ്ചു വര്‍ഷത്തേക്കു നീളുമെന്നതാണു മറ്റൊരു പ്രശ്നം.

ഇതിനെല്ലാം ഉപരിയായി അടിസ്ഥാന സൌകര്യ വികസന പദ്ധതികളുടെ നടത്തിപ്പില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഇത്തരം നടപടിയെന്നും കരുതേണ്ടിയിരിക്കുന്നു. പെട്രോളിയം ഉല്‍പന്നങ്ങള്‍ പൈപ്പ് ലൈന്‍ വഴýി അയയ്ക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗമെന്നു രാജ്യാന്തരതലത്തില്‍ തെളിഞ്ഞു കഴിഞ്ഞിട്ടുമുണ്ട്.

താരതമ്യേന വിലകുറഞ്ഞ പ്രകൃതിവാതകം വൈദ്യുതി ഉല്‍പാദനത്തിനും വ്യവസായ ആവശ്യങ്ങള്‍ക്കും പുതിയ ഉൌര്‍ജം പകരുന്നതാണ്. വീടുകളിലേക്കു പ്രകൃതിവാതകം കുഴല്‍ വഴി എത്തിക്കാനാവുമെന്നതാണു മറ്റൊരു നേട്ടം. വൈദ്യുതി മേഖല മുതല്‍ അടുക്കള വരെ വിപ്ളവം സൃഷ്ടിക്കാവുന്ന പദ്ധതിയില്‍ കേരളം വന്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു.

പുതുവൈപ്പ് ടെര്‍മിനലിന്റെ 50 ലക്ഷം ടണ്‍ ശേഷിയില്‍ 10 ശതമാനത്തിനു മാത്രമേ കേരളത്തില്‍ ആവശ്യക്കാരുള്ളൂ. ആ നിലയ്ക്ക് അയല്‍ സംസ്ഥാനങ്ങളില്‍ കൂടി വിപണി കണ്ടെത്തിയേ തീരൂ. ഈ അനിശ്ചിതത്വം മാറ്റാതെ പദ്ധതി കമ്മിഷന്‍ ചെയ്യാന്‍ ടെര്‍മിനലിന്റെ ഉടമകളായ പൊതുമേഖലാ സ്ഥാപനങ്ങള്‍ മടിക്കുന്നു. 4200 കോടി രൂപ മുതല്‍ മുടക്കുള്ള പദ്ധതി അപ്രായോഗികമാവുമെന്നാണ് ആശങ്ക.

കൊച്ചി മേഖലയിലെ ഫാക്ട്, ടിസിസി, ബിപിസിഎല്‍, കൊച്ചി റിഫൈനറി തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം കൂടുതല്‍ ആദായകരമാക്കാന്‍ എല്‍എന്‍ജിക്കുവേണ്ടി കാത്തിരിക്കുകയാണ്. കളമശേരി, അമ്പലമുകള്‍ എന്നിവിടങ്ങള്‍ വരെ പൈപ്പിടുന്നതിന്റെ ജോലികള്‍ പൂര്‍ത്തിയായി. ഇതിനു പുറമേ, കായംകുളത്തേക്കു കടല്‍ത്തട്ടിനടിയിലൂടെ വാതകമെത്തിക്കാന്‍ പൈപ്പിടേണ്ടതുണ്ട്. ചെലവേറിയ നാഫ്ത ഇന്ധനം ഉപയോഗിക്കുന്നതിനാല്‍ കായംകുളം താപനിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നില്ല. എല്‍എന്‍ജിയോ, എല്‍പിജിയോ ഇന്ധനമായി ഉപയോഗിച്ചാല്‍ യൂണിറ്റിനു മൂന്നു രൂപയുടെയെങ്കിലും കുറവുണ്ടാകും. ഇതു കണക്കിലെടുത്തു താപനിലയത്തിലെ യന്ത്രസംവിധാനങ്ങളില്‍ മാറ്റം വരുത്താന്‍ എന്‍ടിപിസി ബോര്‍ഡ് അനുമതി നല്‍കിക്കഴിഞ്ഞു. താപനിലയത്തിന്റെ രണ്ടാം ഘട്ട വികസനത്തിനും പദ്ധതിയുണ്ട്. പക്ഷേ, സ്ഥലമെടുപ്പിനും കടലില്‍ പൈപ്പിടുന്നതിനും പ്രാദേശിക എതിര്‍പ്പുകള്‍ നേരിടുന്നു.  

പൈപ്പ്ലൈനിനു വേണ്ടി കൃഷിഭൂമിയെടുക്കുന്നതില്‍ കേരളത്തിന്റെ മാതൃക തമിഴ്നാട് സ്വീകരിക്കണമെന്നാണു ഗെയ്ല്‍ അധികൃതര്‍ നിര്‍ദേശിക്കുന്നത്. യഥാര്‍ഥത്തില്‍ കൃഷിഭൂമി ഏറ്റെടുക്കുന്നില്ല, ഭൂമിയുടെ ഉപയോഗത്തിനുള്ള അവകാശം മാത്രമേ കമ്പനി ഏറ്റെടുക്കുന്നുള്ളൂ. നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാനും ഗെയ്ല്‍ തയാറായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ മേഖലയിലെ കോള്‍ നിലങ്ങളില്‍ 26 കിലോമീറ്റര്‍ പൈപ്പിടാന്‍ കഴിഞ്ഞ ദിവസം ജില്ലാ അധികൃതര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ ധാരണയായി. ഈ മാതൃക മറ്റിടങ്ങളിലേക്കെല്ലാം വ്യാപിപ്പിക്കാവുന്നതാണ്. കേരളത്തിന്റെ വടക്കന്‍ ജില്ലകളിലും കര്‍ണാടകയുടെചില ഭാഗങ്ങളിലും നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കും ഇങ്ങനെ പരിഹാരം കണ്ടെത്താനാവുമെന്നാണു ഗെയ്ലിന്റെ പ്രതീക്ഷ.

ഇതെല്ലാം കണക്കിലെടുത്തു കേന്ദ്ര പെട്രോളിയം മന്ത്രാലയം തമിഴ്നാട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി പ്രശ്നത്തിന് എത്രയും വേഗം പരിഹാരമുണ്ടാക്കണം. കേരളത്തിന്റെ വികസനത്തിന് എല്‍എന്‍ജി അനിവാര്യമായതിനാല്‍ ജനപ്രതിനിധികള്‍ കൂട്ടായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുകയും വേണം.
മനോരമ 01-04-13

No comments:

Post a Comment