മുഖപ്രസംഗം April 20 - 2013
1. പാകിസ്താനിലെ തെരഞ്ഞെടുപ്പും മുശര്‍റഫ് തീര്‍ത്ത കുരുക്കും (മാധ്യമം)
പാകിസ്താന്‍ പാര്‍ലമെന്‍റിലേക്ക് മേയ് 11ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തന്‍െറ പാര്‍ട്ടിയായ ആള്‍ പാകിസ്താന്‍ മുസ്ലിം ലീഗിനെ നയിക്കാന്‍, നാലു വര്‍ഷം നീണ്ട പ്രവാസജീവിതം മതിയാക്കി സ്വദേശത്ത് തിരിച്ചെത്തിയ മുന്‍ സൈനിക മേധാവിയും മുന്‍ പ്രസിഡന്‍റുമായ ജനറല്‍ പര്‍വേസ് മുശര്‍റഫിന് തന്‍െറ ദൗത്യം നിറവേറ്റാന്‍ സാധ്യമാവില്ലെന്നു മാത്രമല്ല തടങ്കലില്‍ കിടക്കേണ്ട ഗതികേട് കൂടി വരുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഉളവായിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പര്‍വേസ് മുശര്‍റഫ് നാലു മണ്ഡലങ്ങളില്‍ സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശ പത്രികകളും തള്ളപ്പെട്ടതോടെതന്നെ മത്സരരംഗത്തു നിന്ന് അദ്ദേഹം നിഷ്കാസിതനായിരുന്നു.
2. വ്യവസായങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുമ്പോള്‍ (മാതൃഭൂമി)
സ്വകാര്യ, സംയുക്തമേഖലയില്‍ വ്യവസായത്തിന് ഭൂമി ഏറ്റെടുക്കുന്നതില്‍ നിലവില്‍ വളരെയധികം സങ്കീര്‍ണതകള്‍ അനുഭവപ്പെടുന്നുണ്ട്. സ്ഥലം നല്‍കുന്നവര്‍ യുക്തമായ നഷ്ടപരിഹാരവും പുനരധിവാസസൗകര്യവും ലഭിക്കാതെ വഞ്ചിക്കപ്പെടുന്നു. പലപ്പോഴും സ്ഥലം ഏറ്റെടുക്കലിന്റെ പേരില്‍ കര്‍ഷകരും ആദിവാസികളുള്‍പ്പെടുന്ന പട്ടിക വിഭാഗങ്ങളും അവരുടെ സ്ഥലത്തുനിന്ന് പുറന്തള്ളപ്പെടുകയാണ്. വ്യവസായികള്‍ക്കാകട്ടെ സ്ഥലം ഒന്നിച്ച് കിട്ടാത്തതാണ് വിഷമം സൃഷ്ടിക്കുന്നത്. ലഭിച്ച സ്ഥലത്തിന് നടുവില്‍ ഏറ്റെടുക്കാനാവാതെ ചെറിയ സ്ഥലങ്ങള്‍ കിടക്കുമ്പോള്‍ പദ്ധതി പ്രദേശം സമഗ്രമായി കണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാതെ വരും.
3. മുഷറഫിന് കണക്ക് പിഴയ്ക്കുന്നു (മനോരമ)
പാക്കിസ്ഥാനിലെ രാഷ്ട്രീയത്തില്‍ വീണ്ടും ഇറങ്ങിക്കളിക്കാനുള്ള മുന്‍ പട്ടാളഭരണാധിപന്‍ പര്‍വേസ് മുഷറഫിന്റെ ശ്രമം പാളിപ്പോയിരിക്കുകയാണ്. അധികാരം നഷ്ടപ്പെട്ടശേഷം നാലുവര്‍ഷമായി വിദേശത്തു കഴിയുകയായിരുന്ന അദ്ദേഹം ഈയിടെ നാട്ടില്‍ തിരിച്ചെത്തിയത് മേയ് 11ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായിരുന്നു. അകപ്പെട്ടുപോയ ഗുരുതരമായ കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കാനുള്ള സുവര്‍ണാവസരമാണിതെന്നും അദ്ദേഹം കരുതി. ആ കണക്കുകൂട്ടലുകളാണ് ഇപ്പോള്‍ തകിടംമറിഞ്ഞിരിക്കുന്നത്.
പാകിസ്താനിലെ തെരഞ്ഞെടുപ്പും മുശര്‍റഫ് തീര്‍ത്ത കുരുക്കും
പാകിസ്താന്‍ പാര്‍ലമെന്‍റിലേക്ക് മേയ് 11ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തന്‍െറ പാര്‍ട്ടിയായ ആള്‍ പാകിസ്താന്‍ മുസ്ലിം ലീഗിനെ നയിക്കാന്‍, നാലു വര്‍ഷം നീണ്ട പ്രവാസജീവിതം മതിയാക്കി സ്വദേശത്ത് തിരിച്ചെത്തിയ മുന്‍ സൈനിക മേധാവിയും മുന്‍ പ്രസിഡന്‍റുമായ ജനറല്‍ പര്‍വേസ് മുശര്‍റഫിന് തന്‍െറ ദൗത്യം നിറവേറ്റാന്‍ സാധ്യമാവില്ലെന്നു മാത്രമല്ല തടങ്കലില്‍ കിടക്കേണ്ട ഗതികേട് കൂടി വരുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഉളവായിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പര്‍വേസ് മുശര്‍റഫ് നാലു മണ്ഡലങ്ങളില്‍ സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശ പത്രികകളും തള്ളപ്പെട്ടതോടെതന്നെ മത്സരരംഗത്തു നിന്ന് അദ്ദേഹം നിഷ്കാസിതനായിരുന്നു. അതിനിടെയാണ്, രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇഫ്തിഖാര്‍ മുഹമ്മദ് ചൗധരിയടക്കം 60 ന്യായാധിപന്മാരെ 2007 നവംബര്‍ മൂന്നിന് പിരിച്ചുവിട്ട അദ്ദേഹത്തിന്‍െറ നടപടിക്കെതിരെ ഒരഭിഭാഷകന്‍ നല്‍കിയ കേസില്‍ തനിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുശര്‍റഫ് ഇസ്ലാമാബാദ് ഹൈകോടതിയിലെത്തിയതും കോടതി അദ്ദേഹത്തിന്‍െറ ഇടക്കാല ജാമ്യം റദ്ദാക്കിയതും. അന്നേരം കോടതിയില്‍ തിങ്ങിനിറഞ്ഞ പൊലീസിന് മുശര്‍റഫിനെ അറസ്റ്റ് ചെയ്യാമായിരുന്നുവെങ്കിലും അവരത് ചെയ്തില്ല. അദ്ദേഹം തന്‍െറ ഫാം ഹൗസിലേക്ക് കാറോടിച്ചു പോയി. സുപ്രീംകോടതിയില്‍ അപ്പീല്‍ ബോധിപ്പിക്കാനുള്ള തിരക്കിലാണെന്നാണ് റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോ കൊല്ലപ്പെട്ടതിലും ബലൂചിസ്താനിലെ ഗോത്രവര്‍ഗ നേതാവ് നവാബ് അക്ബര്‍ ബുഗ്തിയെ വെടിവെച്ചു കൊന്ന സംഭവത്തിലും ഫയല്‍ ചെയ്യപ്പെട്ട കേസുകളില്‍ പ്രതിയാണ് മുശര്‍റഫ്. അതിനാല്‍, വലിഞ്ഞു മുറുകിയ കുരുക്കില്‍നിന്ന് രക്ഷപ്പെടുക അദ്ദേഹത്തിന് എളുപ്പമാവില്ല. പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചുവന്നത് നഷ്ടക്കച്ചവടമായി എന്നദ്ദേഹത്തിന് തോന്നാനാണിട.
കാര്‍ഗില്‍ യുദ്ധം നയിച്ചതില്‍ സ്വയം അഭിമാനിക്കുന്ന മുശര്‍റഫ് പട്ടാളത്തില്‍ ഒരു വിഭാഗത്തിന്‍െറ പിന്തുണ പ്രതീക്ഷിച്ചിരിക്കാം. പക്ഷേ പി.പി.പി, നവാസ് ശരീഫിന്‍െറ മുസ്ലിം ലീഗ്, എം.ക്യു.എം, തഹ്രീകെ ഇന്‍സാഫ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയെല്ലാം എതിര്‍പ്പിനെ അവഗണിച്ചും ജുഡീഷ്യറിയെ അപ്രീതിപ്പെടുത്തിയും മുശര്‍റഫിനെ രക്ഷിക്കാന്‍ നിലവിലെ സൈനിക മേധാവി അശ്റഫ് കയാനി തയാറാവാന്‍ സാധ്യത നന്നേ കുറവാണ്. താന്‍ രാജ്യത്തില്ലാതിരുന്നതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ തന്‍െറ പാര്‍ട്ടിക്ക് നേട്ടം കൊയ്യാനുള്ള സാധ്യത മുശര്‍റഫ് തന്നെ തള്ളിക്കളഞ്ഞിരുന്നതുമാണ്. സത്യത്തില്‍ ജനാധിപത്യത്തോട് ഒരുവിധ പ്രതിബദ്ധതയുമില്ലാത്ത, തനി ഏകാധിപതിയായ പര്‍വേസ് മുശര്‍റഫിനെപ്പോലുള്ള ഒരാള്‍ക്ക് ഇനിയും പാകിസ്താന്‍െറ ഭരണനേതൃത്വം പിടിച്ചെടുക്കാന്‍ അവസരം ലഭിച്ചാല്‍ രാജ്യത്തിന്‍െറ ഭാവി തീര്‍ത്തും ഇരുളടഞ്ഞതാവും എന്ന് തീര്‍ച്ചയാണ്. അല്ലെങ്കില്‍തന്നെ, തെരഞ്ഞെടുപ്പ് സുഗമമായി നടക്കുമോ എന്ന ആശങ്ക കലശലായുണ്ട്. നടന്നാല്‍തന്നെ, ജനങ്ങളോട് പ്രതിബദ്ധതയും നീതിബോധവുമുള്ള പാര്‍ട്ടികളോ നേതാക്കളോ ജയിച്ചുവരാനുള്ള സാധ്യതയും വിദൂരമാണ്. കഴിഞ്ഞ സര്‍ക്കാറില്‍ പങ്കാളികളായായിരുന്ന പി.പി.പി, എം.ക്യു.എം, അവാമി നാഷനല്‍ പാര്‍ട്ടി എന്നീ മൂന്നു കക്ഷികളുടെയും നേതാക്കള്‍ക്കെതിരെ അമേരിക്കയെ അനുകൂലിക്കുന്നവരാണെന്നാരോപിച്ച് തീവ്ര സായുധ സംഘടനയായ തഹ്രീകെ താലിബാന്‍ ഭീഷണി മുഴക്കിക്കഴിഞ്ഞിരിക്കുന്നു. ഭീഷണി ഭയന്ന പി.പി.പി അധ്യക്ഷനും ഭുട്ടോ ദമ്പതികളുടെ പുത്രനുമായ ബിലാവല്‍ ഭുട്ടോ റാലികളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിക്കുമുണ്ട് പ്രാണഭയം. നവാസ് ശരീഫിന്‍െറ മുസ്ലിം ലീഗും ഇംറാന്‍ ഖാന്‍െറ തഹ്രീകെ ഇന്‍സാഫുമാണ് താലിബാന്‍െറ കണ്ണില്‍ പൊറുപ്പിക്കാവുന്ന പാര്‍ട്ടികള്‍. അവര്‍ക്കുപോലും താലിബാനെ പിണക്കാതിരിക്കാന്‍ എത്രത്തോളം സാധിക്കുമെന്നത് ചോദ്യമാണ്. ഈ സാഹചര്യത്തില്‍ ജുഡീഷ്യറിയും സൈന്യവും രാഷ്ട്രീയത്തില്‍ ഇറങ്ങിക്കളിക്കാതെ, ആരോഗ്യകരമായൊരു ജനാധിപത്യ വ്യവസ്ഥക്കുവേണ്ടി ബോധപൂര്‍വം ശ്രമിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് ഒട്ടൊക്കെ സമാധാനപരമായി നടക്കുകയും സുഗമമായ ഭരണമാറ്റം യാഥാര്‍ഥ്യമാവുകയും ചെയ്യൂ.
വ്യവസായങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുമ്പോള്‍
സ്വകാര്യ, സംയുക്തമേഖലയില്‍ വ്യവസായത്തിന് ഭൂമി ഏറ്റെടുക്കുന്നതില്‍ നിലവില്‍ വളരെയധികം സങ്കീര്‍ണതകള്‍ അനുഭവപ്പെടുന്നുണ്ട്. സ്ഥലം നല്‍കുന്നവര്‍ യുക്തമായ നഷ്ടപരിഹാരവും പുനരധിവാസസൗകര്യവും ലഭിക്കാതെ വഞ്ചിക്കപ്പെടുന്നു. പലപ്പോഴും സ്ഥലം ഏറ്റെടുക്കലിന്റെ പേരില്‍ കര്‍ഷകരും ആദിവാസികളുള്‍പ്പെടുന്ന പട്ടിക വിഭാഗങ്ങളും അവരുടെ സ്ഥലത്തുനിന്ന് പുറന്തള്ളപ്പെടുകയാണ്. വ്യവസായികള്‍ക്കാകട്ടെ സ്ഥലം ഒന്നിച്ച് കിട്ടാത്തതാണ് വിഷമം സൃഷ്ടിക്കുന്നത്. ലഭിച്ച സ്ഥലത്തിന് നടുവില്‍ ഏറ്റെടുക്കാനാവാതെ ചെറിയ സ്ഥലങ്ങള്‍ കിടക്കുമ്പോള്‍ പദ്ധതി പ്രദേശം സമഗ്രമായി കണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാതെ വരും. ഇതിനെല്ലാം പരിഹാരമെന്ന നിലയ്ക്കാണ് ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുന്നത്. ഭേദഗതി ബില്‍ തിങ്കളാഴ്ച തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ അവതരിപ്പിക്കപ്പെടും. ഒരു നൂറ്റാണ്ടിലധികം മുന്‍പുണ്ടാക്കിയ നിയമത്തിലാണ് മാറ്റത്തിന് വഴിയൊരുങ്ങുന്നത്. നന്ദിഗ്രാമും സിംഗൂരും ഉള്‍പ്പെടെ പലേടത്തും വ്യവസായത്തിനു വേണ്ടിയുള്ള സ്ഥലമെടുപ്പ് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് നിയമഭേദഗതിക്കായി സര്‍ക്കാര്‍ മുന്നോട്ടു വന്നിട്ടുള്ളത് എന്നാണ് കരുതേണ്ടത്.
ഗ്രാമങ്ങളില്‍ സ്ഥലവിലയുടെ നാലിരട്ടി തുക ഉടമയ്ക്ക് നല്‍കണമെന്നാണ് ഭേദഗതിയിലെ ഒരു പ്രധാന വ്യവസ്ഥ. ഇത് കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്താനുദ്ദേശിച്ചുള്ളതാണ്. എന്നാല്‍, സ്ഥലവില നിശ്ചയിക്കുന്നതില്‍ സര്‍ക്കാറുദ്യോഗസ്ഥര്‍ ഒത്തുകളിച്ചാല്‍ അവിടെയും ഗ്രാമീണര്‍ കബളിപ്പിക്കപ്പെടുമെന്നുമാത്രം. നഗരങ്ങളില്‍ സ്ഥലവിലയുടെ രണ്ടിരട്ടിയാണ് നല്‍കേണ്ടത്. പട്ടികവിഭാഗക്കാരുടെ ഭൂമി ആദിവാസികളുടെയും മറ്റും താത്പര്യം കണക്കിലെടുത്ത് ഗ്രാമസഭയുടെ അംഗീകാരമില്ലാതെ എടുക്കാനാവില്ല. ഇവരുടെ സ്ഥലം ഏറ്റെടുക്കും മുന്‍പ് നഷ്ടപരിഹാരത്തിന്റെ മൂന്നിലൊന്ന് മുന്‍കൂറായി നല്‍കണം. നഷ്ടപരിഹാര, പുനരധിവാസ വ്യവസ്ഥകള്‍ നടപ്പാക്കിയ ശേഷമേ കുടിയൊഴിപ്പിക്കാവൂ എന്നും ഭേദഗതിയില്‍ നിര്‍ദേശിക്കുന്നു. പട്ടികവിഭാഗക്കാരെ പുനരധിവസിപ്പിക്കുന്നത് ഒരേ പ്രദേശത്തായിരിക്കുകയും വേണം. പദ്ധതി പ്രദേശത്ത് അഞ്ച് കൊല്ലമായി താമസിക്കുന്നവര്‍ക്ക് പകരം വീടിന് അര്‍ഹതയുണ്ടാവും. ഇതോടൊപ്പം വ്യവസായസംരംഭകരുടെ വിഷമതകള്‍ കുറയ്ക്കാനും പുതിയ ബില്‍ ലക്ഷ്യമിടുന്നുണ്ട്. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങുന്ന വ്യവസായങ്ങള്‍ക്ക് 70 ശതമാനം സ്ഥലഉടമകളുടെ സമ്മതം ലഭ്യമായാല്‍ മതിയെന്നതാണ് ഇതിലെ പ്രധാന വ്യവസ്ഥ. ഏറ്റെടുക്കുന്ന സ്ഥലത്തിന് നടുവില്‍ എതിര്‍പ്പുള്ള ഒരു വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കാനാവാതെ വന്നാല്‍ പദ്ധതി നടപ്പാക്കുക വിഷമകരമാവും. ഇത് ഒഴിവാക്കാനാണ് പുതിയ വ്യവസ്ഥ. സ്വകാര്യസംരംഭങ്ങള്‍ക്കാകട്ടെ 80 ശതമാനം ഭൂവുടമകളുടെ സമ്മതമാണ് ഭേദഗതിയില്‍ നിര്‍ദേശിക്കുന്നത്.
എന്നാല്‍, എല്ലാ ഭൂവുടമകളുടെയും സമ്മതം ഉറപ്പാക്കണമെന്ന് ഇടതുപക്ഷകക്ഷികള്‍ ആവശ്യമുന്നയിച്ചേക്കും. നിശ്ചിത സമയത്തിനകം വ്യവസായം തുടങ്ങിയില്ലെങ്കില്‍ ഭൂമി ഉടമയ്ക്കുതന്നെ തിരിച്ചുലഭിക്കുമെന്ന വ്യവസ്ഥ തികച്ചും ഉചിതമായി. ഏതെങ്കിലും വ്യവസായ പദ്ധതിയുടെ പേരുപറഞ്ഞ് സ്ഥലം ഏറ്റെടുത്ത ശേഷം ഒന്നും ചെയ്യാതെ ഇടുന്നത് പതിവാണ്. ഭൂമി നല്‍കിയവര്‍ക്ക് ജോലിയെന്ന വാഗ്ദാനമെല്ലാം ഇക്കാരണം കൊണ്ടുതന്നെ ജലരേഖയായിപ്പോകും. സംസ്ഥാനത്തുതന്നെ ഇത്തരത്തില്‍ പലേടത്തും വ്യവസായം തുടങ്ങാതെ സര്‍ക്കാറിന്റെ സഹകരണത്തോടെ നല്‍കിയ സ്ഥലം വെറുതെ കിടക്കുന്നുണ്ട്. ഇത്തരം വാഗ്ദാനലംഘകരെ പിടികൂടാന്‍ ഈ വ്യവസ്ഥ സഹായകമാകും. വ്യവസായങ്ങള്‍ക്കായി ഭൂമി നിശ്ചിത കാലത്തേക്ക് പാട്ടവ്യവസ്ഥയില്‍ ലഭ്യമാക്കലാണ് മറ്റൊരു ശ്രദ്ധേയമായ വ്യവസ്ഥ. ഭൂമിയുടെ ഉടമാവകാശം ഉടമസ്ഥനില്‍ത്തന്നെ നിലനില്‍ക്കുമെന്നതിനാല്‍ ഇതനുസരിച്ച് സ്ഥലം വ്യവസായ സംരംഭകന് ലഭിക്കുക എളുപ്പമായേക്കാം. ഈ ബില്ലിന്‍മേല്‍ ചര്‍ച്ചകള്‍ക്കുശേഷം ഭേദഗതി അംഗീകരിക്കപ്പെട്ട ശേഷമേ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാവുകയുള്ളൂ. ഏതായാലും ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ കാലാനുസൃതമായ ഭേദഗതിക്ക് ശ്രമം നടക്കുന്നുവെന്നതു തന്നെ നല്ല കാര്യമാണ്.
മുഷറഫിന് കണക്ക് പിഴയ്ക്കുന്നു
പാക്കിസ്ഥാനിലെ രാഷ്ട്രീയത്തില്‍ വീണ്ടും ഇറങ്ങിക്കളിക്കാനുള്ള മുന്‍ പട്ടാളഭരണാധിപന്‍ പര്‍വേസ് മുഷറഫിന്റെ ശ്രമം പാളിപ്പോയിരിക്കുകയാണ്. അധികാരം നഷ്ടപ്പെട്ടശേഷം നാലുവര്‍ഷമായി വിദേശത്തു കഴിയുകയായിരുന്ന അദ്ദേഹം ഈയിടെ നാട്ടില്‍ തിരിച്ചെത്തിയത് മേയ് 11ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായിരുന്നു. അകപ്പെട്ടുപോയ ഗുരുതരമായ കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കാനുള്ള സുവര്‍ണാവസരമാണിതെന്നും അദ്ദേഹം കരുതി. ആ കണക്കുകൂട്ടലുകളാണ് ഇപ്പോള്‍ തകിടംമറിഞ്ഞിരിക്കുന്നത്.
നാഷനല്‍ അസംബ്ളിയിലേക്കു മല്‍സരിക്കാന്‍ നല്‍കിയ എല്ലാ പത്രികകളും തള്ളപ്പെട്ടതിനു പിന്നാലെ മുഷറഫ് അറസ്റ്റിലാവുകയും ചെയ്തു. പ്രസിഡന്റായിരുന്ന ഒന്‍പതുവര്‍ഷക്കാലത്തിന്റെ അവസാന ഘട്ടത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇഫ്തിഖാര്‍ മുഹമ്മദ് ചൌധരി ഉള്‍പ്പെടെ അറുപതോളം ജഡ്ജിമാരെ തടങ്കലിലാക്കിയതു സംബന്ധിച്ച കേസിലാണ് ഈ അറസ്റ്റ്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയ്ക്കു സുരക്ഷാസംവിധാനം ഏര്‍പ്പാടുചെയ്തു കൊടുക്കാതെ അവരുടെ മരണത്തിനിടയാക്കി എന്നതുള്‍പ്പെടെയുള്ള ഗുരുതരമായ കേസുകള്‍ വേറെയുമുണ്ട്. മുഷറഫിനെ വധിക്കുമെന്ന ഭീഷണി തെഹ്രീഖെ താലിബാന്‍ എന്ന തീവ്രവാദി സംഘടന ഈയിടെ ആവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നു. പാക്കിസ്ഥാനിലെ മറ്റൊരു മുന്‍ പട്ടാളഭരണാധിപനും അധികാരം നഷ്ടപ്പെട്ടശേഷം ഇതുപോലൊരു ദുര്‍ഘടസ്ഥിതിയിലായിട്ടില്ല.
പൊതുതിരഞ്ഞെടുപ്പിനു മൂന്നാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണു നാടകീയമായ ഈ സംഭവവികാസം. മുഷറഫിന് അനുവദിച്ചിരുന്ന ജാമ്യം നീട്ടാന്‍ ഇസ്ലാമാബാദ് ഹൈക്കോടതി വ്യാഴാഴ്ച വിസമ്മതിക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. അതിനെ തൃണവല്‍ഗണിച്ച് ഉടന്‍തന്നെ അദ്ദേഹം അംഗരക്ഷകരുടെ അകമ്പടിയോടെ സ്ഥലംവിടുകയും ഇസ്ലാമാബാദ് പരിസരത്തുള്ള തന്റെ ആഡംബര ഫാംഹൌസില്‍ അഭയംപ്രാപിക്കുകയുമാണു ചെയ്തത്. പൊലീസ് നിസ്സഹായരായി നോക്കിനിന്നു. ഫാംഹൌസില്‍ നിന്നാണ് ഇന്നലെ രാവിലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു മജിസ്ട്രേട്ട് മുന്‍പാകെ ഹാജരാക്കിയത്. കോടതി അദ്ദേഹത്തെ രണ്ടുദിവസത്തേക്കു ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കി ഫാംഹൌസിലേക്കു തന്നെ തിരിച്ചയയ്ക്കുകയും ചെയ്തു. അതിനുവേണ്ടി ആ വീടു താല്‍ക്കാലിക സബ്ജയിലായി പ്രഖ്യാപിച്ചിരിക്കുകയുമാണ്.
വിദേശത്തു കഴിയുമ്പോള്‍ തന്നെ മുഷറഫ് ഒാള്‍ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. നാട്ടില്‍ തിരിച്ചെത്തുകയും അധികാരം വീണ്ടെടുക്കുകയും ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. എന്നാല്‍, ജനങ്ങളെ ആകര്‍ഷിക്കാന്‍ ഇതുവരെ ഈ സംഘടനയ്ക്കു കഴിഞ്ഞിട്ടില്ല. മുഷറഫ് അല്ലാതെ അതിന് അറിയപ്പെടുന്ന നേതാക്കള്‍ ആരുമില്ലതാനും. മുഷറഫിന്റെ പത്രികകള്‍ തള്ളപ്പെട്ടതോടെ ആ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു മോഹങ്ങള്‍ അസ്തമിക്കുകയും ചെയ്തു.
രാഷ്ട്രീയ ഗോദയിലല്ല, നീതിന്യായ കോടതികളിലാണു മുഷറഫിന് ഇനി തന്റെ സമയവും ബുദ്ധിയും കൌശലവുമെല്ലാം ഉപയോഗിക്കേണ്ടിവരിക. 2007 നവംബറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ജഡ്ജിമാരെ തടങ്കലിലാക്കിയതു സംബന്ധിച്ച കേസ് തന്നെയാണ് ഏറ്റവും പ്രധാനം. ഇതു രാജ്യദ്രോഹത്തിന്റെ വിഭാഗത്തില്‍പ്പെടുന്നു. കുറ്റക്കാരനെന്നു കണ്ടാല്‍ വധശിക്ഷ വരെ ലഭിക്കാം.
ഈ കേസിലൂടെ വാസ്തവത്തില്‍ മുഷറഫും ജുഡീഷ്യറിയും തമ്മിലുള്ള യുദ്ധത്തിന്റെ തുടര്‍ച്ചയാണു സംഭവിക്കാന്‍ പോകുന്നത്. 1999 ഒക്ടോബറില്‍ പട്ടാളഭരണത്തിലൂടെ അധികാരം പിടിച്ചടക്കിയ മുഷറഫ് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോവുകയായിരുന്നു. അതിനിടയിലാണ് അദ്ദേഹം ജുഡീഷ്യറിയുമായി ഏറ്റുമുട്ടാന്‍ തുടങ്ങിയത്. അത് അദ്ദേഹത്തിന്റെ പതനത്തിനു വഴിയൊരുക്കി. ഇപ്പോള്‍ അതേ നീതിപീഠത്തിനു മുന്‍പില്‍ നില്‍ക്കുകയാണു മുഷറഫ്.
No comments:
Post a Comment