Wednesday, April 3, 2013

മുഖപ്രസംഗം April 03 - 2013

മുഖപ്രസംഗം April 03 - 2013

1. സദാചാരത്തകര്‍ച്ചയുടെ ശിക്ഷ (മാധ്യമം) 
 പരസ്ത്രീഗമനം, സ്ത്രീപീഡനം, ലൈംഗികാരാജകത്വം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ക്കെതിരെ രാജ്യം മുഴുക്കെ ശക്തമായ പ്രതിഷേധവും കര്‍ക്കശ നിയമങ്ങളും വന്നുകൊണ്ടിരിക്കെത്തന്നെ സമൂഹത്തിന് മാതൃകയാവേണ്ട മന്ത്രിമാരും ഉന്നതനേതാക്കളും ഇവ്വിധം കളങ്കിതരാവുന്നത് പൊറുപ്പിക്കാനാവാത്തതാണ്. മന്ത്രിസഭ രൂപവത്കരിക്കുമ്പോള്‍ ജാതി, സമുദായ, രാഷ്ട്രീയ പരിഗണനകളാല്‍, കളങ്കിതരെ ഉള്‍പ്പെടുത്താതെ സാമാന്യ ജീവിതവിശുദ്ധി പരിരക്ഷിക്കുന്നവരെ മാത്രം തെരഞ്ഞെടുക്കണമെന്ന് നിഷ്കര്‍ഷിക്കാന്‍ പാര്‍ട്ടികള്‍ക്കോ മുന്നണികള്‍ക്കോ ആവുന്നില്ല. മന്ത്രിപദവിയില്‍ അവരോധിതരായ ശേഷം ഗുരുതരാരോപണങ്ങള്‍ ഉയരുമ്പോഴും നടപടി ഉണ്ടാവുന്നുമില്ല. മാധ്യമക്കണ്ണുകള്‍ കിടപ്പറയിലും കുളിമുറിയിലുംവരെ എത്തിക്കഴിഞ്ഞ വര്‍ത്തമാനകാലത്ത് കുടുംബത്തിന്‍െറയും സമൂഹത്തിന്‍െറയും അന്തസ്സോര്‍ത്തെങ്കിലും ഒരല്‍പം സംയമനം പാലിക്കാന്‍ ഇവര്‍ക്കൊന്നും കഴിയില്ലെങ്കില്‍ സദാചാരത്തകര്‍ച്ചയുടെ ശിക്ഷ അനുഭവിക്കുകയല്ലാതെ നിവൃത്തിയില്ല.

2. വഴിതെറ്റുന്ന രാഷ്ട്രീയം  (മാത്രുഭൂമി) 
തന്റെ ധാര്‍മികബോധം കൊണ്ടാണ് രാജിയെന്ന ഗണേഷിന്റെ അവകാശവാദത്തില്‍ കഴമ്പൊന്നുമില്ല. വളരെ ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന പരാതി പോലീസിന് മുന്നിലെത്തിയപ്പോള്‍ സര്‍ക്കാറിനെ രക്ഷിക്കാനാണ് അദ്ദേഹം സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായത്. എന്നാല്‍ , തന്റെ രാജി 'അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് നല്‍കിയ വില' എന്ന് ഗണേഷും 'മുഖ്യമന്ത്രി വഞ്ചിച്ചു' എന്ന് യാമിനിയും വിലപിക്കുമ്പോള്‍, ഇത് കുടുംബതര്‍ക്കത്തിനപ്പുറത്തേക്ക് വളര്‍ന്ന് ഒരു രാഷ്ട്രീയദുരന്തമായി മാറുന്നു. സ്വകാര്യജീവിതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കാതെ രണ്ടിനും അതിന്റേതായ മാന്യതയും സംശുദ്ധിയും നല്‍കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായാലേ സമൂഹത്തിന് മുന്നോട്ടുപോകാനാവൂ. അഭിപ്രായഭിന്നതകള്‍ ഉണ്ടാവുമ്പോള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കാതെ നീട്ടിക്കൊണ്ടുപോയി വഷളാക്കിയതിന്റെ ഫലമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന രാഷ്ട്രീയ, ഭരണ പ്രതിസന്ധികള്‍. 
3. ടിപ്പറുകള്‍ക്ക് മദംപൊട്ടുന്നു (മനോരമ)
സംസ്ഥാനത്തെ വാഹനാപകടങ്ങളില്‍ കൂടുതലും ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെട്ടതാണെന്നു സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു. അവയുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കുന്നതിനു ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായിരുന്നെങ്കില്‍ ഈ കുരുതിപ്പരമ്പരയ്ക്ക് അറുതിവരുത്താമായിരുന്നില്ലേ? ലക്കും ലഗാനുമില്ലാതെ ചീറിപ്പായുന്ന ബസുകള്‍ റോഡില്‍ വീഴ്ത്തുന്ന ചോരപ്പാടുകളാകട്ടെ, നാള്‍ക്കുനാള്‍ കൂടുകയുമാണ്.  റോഡുസുരക്ഷാവാരവും നാടുണര്‍ത്തലും അരങ്ങുതകര്‍ക്കുന്നുണ്ടായിരിക്കും. എന്നാല്‍, അതിനിടയില്‍ റോഡ് വികസനം തൊട്ടു കര്‍ശന നിയമപാലനം വരെയുള്ള കാര്യങ്ങള്‍ വിസ്മരിക്കപ്പെടുകയല്ലേ?



സദാചാരത്തകര്‍ച്ചയുടെ ശിക്ഷ  
സദാചാരത്തകര്‍ച്ചയുടെ ശിക്ഷ
വനംമന്ത്രി കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കാന്‍ അദ്ദേഹത്തിന്‍െറ പിതാവും പിതാവിന്‍െറ സ്വന്തം പാര്‍ട്ടിയും ആവശ്യപ്പെട്ടപ്പോള്‍ അത് സ്വീകരിക്കാതെ പ്രശ്നപരിഹാരത്തിന് മറ്റു വഴികള്‍ തേടിയ ഉമ്മന്‍ചാണ്ടി തന്‍െറ തീരുമാനത്തിന് കനത്തവില നല്‍കേണ്ടിവന്നു എന്നതാണ് ഏറ്റവും ഒടുവില്‍ ഗണേഷ്കുമാറിന്‍െറ രാജിയില്‍ കലാശിച്ച അസംബന്ധ നാടകത്തിന്‍െറ പരിണതി. ഇപ്പോള്‍ ഗണേഷ്കുമാറിന്‍െറ രാജിയോടെ പ്രതിസന്ധി പരിഹരിക്കപ്പെട്ടു എന്നാശ്വസിക്കാനും മുഖ്യമന്ത്രിക്കാവാത്ത പതനത്തില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുകയും ചെയ്യുന്നു. ഗാര്‍ഹിക പീഡനത്തെക്കുറിച്ച പരാതിയുമായി തന്നെ വന്നുകണ്ട മന്ത്രിപത്നിയെ പരാതി സ്വീകരിക്കാതെ തിരിച്ചയക്കുകയും തനിക്ക് അവരില്‍നിന്ന് പരാതിയേ ലഭിച്ചിട്ടില്ലെന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകവഴി ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞാലംഘനവും ഭരണഘടനാലംഘനവും നടത്തിയെന്നാരോപിക്കുന്ന പ്രതിപക്ഷം അദ്ദേഹത്തിന്‍െറ രാജിക്കായി മുറവിളി കൂട്ടുകയാണ്. ഗണേഷ്കുമാറിന്‍െറ ഭാര്യ യാമിനി തന്നെ വന്നുകണ്ട് കുടുംബപ്രശ്നങ്ങള്‍ അവതരിപ്പിച്ചതല്ലാതെ പരാതിയൊന്നും തന്നിരുന്നില്ലെന്നും രേഖാമൂലം പരാതി സമര്‍പ്പിച്ച നിമിഷം താനത് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും നിയമസഭയെ ഒരിക്കലും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ഗണേഷ്കുമാറിന്‍െറ രാജിയോടെ പ്രശ്നം അവസാനിച്ചുവെന്നുമുള്ള നിലപാടില്‍ മുഖ്യമന്ത്രിയും ഉറച്ചുനില്‍ക്കുന്നു. സര്‍ക്കാറിന് ഒരു ഭീഷണിയുമില്ല എന്ന് യു.ഡി.എഫ് ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ടുതാനും.

അധികാരമേറ്റ് ഏറെത്താമസിയാതെ മുസ്ലിംലീഗിന്‍െറ അഞ്ചാം മന്ത്രി സമസ്യയോടെ വിവാദച്ചുഴിയിലേക്ക് എടുത്തുചാടിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്നീടൊരിക്കലും സ്വാസ്ഥ്യമെന്തെന്ന് അറിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. ഒന്നിനു പിറകെ ഒന്നായി വിവാദങ്ങള്‍ സര്‍ക്കാറിനെ വേട്ടയാടുകയാണ്. ന്യൂനപക്ഷങ്ങളുടെ അനര്‍ഹമെന്ന് വിശേഷിപ്പിക്കപ്പെട്ട അധികാരലബ്ധിക്കെതിരെ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി പോലുള്ള ജാതിസംഘടനകള്‍ ഉയര്‍ത്തിയ അപസ്വരങ്ങള്‍ കെട്ടടങ്ങുന്നതിനുമുമ്പേ ആരംഭിച്ചു കോണ്‍ഗ്രസിലെ ആഭ്യന്തരവഴക്കുകളും ‘ഹരിത’വാദികളായ എം.എല്‍ .എമാര്‍ ഉയര്‍ത്തിയ കോലാഹലങ്ങളും. അതൊരുവക അടങ്ങി എന്ന് കരുതിയപ്പോഴാണ് ചീഫ് വിപ്പ് പി.സി. ജോര്‍ജിന്‍െറ വെളിപാടുകള്‍ സൃഷ്ടിച്ച അസ്വാരസ്യങ്ങള്‍. അതിനുമുമ്പേ തുടങ്ങിയ ബാലകൃഷ്ണപിള്ള-ഗണേഷ്കുമാര്‍ പോര് മൂര്‍ച്ഛിച്ചതും ജോര്‍ജിന്‍െറ ഇടപെടല്‍മൂലംതന്നെ. ഗണേഷ്കുമാറിന്‍െറ രാജിയോടെ പിള്ള വെടിനിര്‍ത്തും എന്ന ശുഭപ്രതീക്ഷക്ക് വലിയ വകയൊന്നും ഇല്ലാതിരിക്കെ ഗണേഷിന്‍െറ പകരക്കാരനെച്ചൊല്ലിയുള്ള പൊട്ടലും ചീറ്റലും ഉടന്‍ തുടങ്ങാനിരിക്കുന്നു. ഇതിനിടയില്‍ സര്‍ക്കസ് കൂടാരത്തിലെ റിങ്മാസ്റ്ററുടെ മെയ്വഴക്കത്തോടെ സര്‍ക്കാറിനെ നിലനിര്‍ത്താന്‍ തനിക്കുള്ള വൈദഗ്ധ്യം ഉമ്മന്‍ചാണ്ടി പരമാവധി പ്രയോഗിക്കുന്നു എന്നതിനെക്കാള്‍ പ്രതിപക്ഷത്തിന്‍െറ ബലഹീനതയോടാണ് നിലനില്‍പിന് യു.ഡി.എഫ് കടപ്പെട്ടിരിക്കുന്നത്. വിഭാഗീയതയുടെ വിഷമവൃത്തത്തില്‍നിന്ന് പുറത്തുകടക്കാനാവാതെ കുഴങ്ങുന്ന സി.പി.എം ടി.പി. ചന്ദ്രശേഖരന്‍ വധത്തോടെ തീര്‍ത്തും പ്രതിരോധത്തിലായി. ഒപ്പം, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്ത് ശല്യം അവസാനിപ്പിക്കാനുള്ള പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍െറ അന്തിമനീക്കം കേന്ദ്ര നേതൃത്വത്തിന്‍െറ മനപ്പൂര്‍വമെന്ന് കരുതേണ്ട ഉദാസീനതയില്‍ തട്ടി വഴിമുട്ടുകയാണ്. അതിനിടെ പങ്കാളിത്ത പെന്‍ഷനെതിരെ സര്‍ക്കാര്‍ ജീവനക്കാരെ പ്രക്ഷോഭരംഗത്തിറക്കാന്‍ നടത്തിയ ശ്രമം പാളി. വിലക്കയറ്റത്തിനും അതുപോലുള്ള ജനകീയ പ്രശ്നങ്ങള്‍ക്കുമെതിരെ നടത്തുന്ന സമരങ്ങളും പച്ചതൊടുന്നില്ല. ഇതിനിടയില്‍ കേവലഭൂരിപക്ഷത്തിന്‍െറ നൂല്‍പാലത്തിന്മേല്‍ ആഭ്യന്തര ഉരുള്‍പൊട്ടലുകളുടെ നിരന്തര ഭീഷണിയെ നേരിട്ട് ഏതു നിമിഷവും അടിതെറ്റി വീഴാവുന്ന പരുവത്തില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് സംസ്ഥാനത്തിന്‍െറ കാതലായ പ്രശ്നങ്ങളെ അവധാനപൂര്‍വം അഭിമുഖീകരിക്കാനോ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനോ കഴിയാതെപോവുന്നത് സ്വാഭാവികം മാത്രമാണ്. അതിവേഗം ബഹുദൂരം മുന്നേറുന്നത് അഴിമതിയും അധികാരദുര്‍വിനിയോഗവും ഖജനാവ് ചോര്‍ച്ചയുമാണ്. സൗദി അറേബ്യയുടെ നിതാഖാത് മൂലം വഴിയാധാരമാവുന്ന പതിനായിരങ്ങളുടെ പ്രശ്നം നേരിടാന്‍ നടത്തുന്ന ചടുലനീക്കങ്ങള്‍ സഫലമായാല്‍പോലും പ്രതിസന്ധിയുടെ താല്‍ക്കാലിക മുട്ടുശാന്തിയില്‍ കവിഞ്ഞ ഒന്നും പ്രതീക്ഷിക്കാനില്ല. സുസ്ഥിരമായ പ്രതിവിധി, രാജ്യത്തേറ്റവും തൊഴില്‍രഹിതരുള്ള സംസ്ഥാനത്തിന്‍െറ ആസൂത്രിതവും സമഗ്രവും പാരിസ്ഥിതിക സന്തുലിതവുമായ വികസനമാണ്. അക്കാര്യത്തില്‍ വക്കുതൊടാന്‍പോലും വലിയ കൊട്ടിഘോഷങ്ങളോടെ നടത്തപ്പെട്ട എമര്‍ജിങ് കേരളക്കായില്ല. ഏറെ പ്രതീക്ഷകള്‍ ഉയര്‍ത്തിയ കൊച്ചി ടീകോം പദ്ധതി മരവിച്ചുനില്‍ക്കുന്നു. അതിനിടെ കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി മുതലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നു.
ഇതൊന്നും സര്‍ക്കാറിന്‍െറ സത്വര പരിഗണനയിലേക്കോ മുഖ്യവിഷയമായോ വരാതിരിക്കാന്‍ കാരണം നടേപറഞ്ഞ അസംബന്ധങ്ങളുടെ ഒഴിയാബാധതന്നെ. അതിന്‍െറ മൂലഹേതു ആകട്ടെ, ആര്‍ക്കും ബോധ്യമാവുന്നവിധം നമ്മുടെ പൊതുജീവിതത്തെ ആഴത്തില്‍ ഗ്രസിച്ച ധര്‍മച്യുതിയും. പരസ്ത്രീഗമനം, സ്ത്രീപീഡനം, ലൈംഗികാരാജകത്വം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ക്കെതിരെ രാജ്യം മുഴുക്കെ ശക്തമായ പ്രതിഷേധവും കര്‍ക്കശ നിയമങ്ങളും വന്നുകൊണ്ടിരിക്കെത്തന്നെ സമൂഹത്തിന് മാതൃകയാവേണ്ട മന്ത്രിമാരും ഉന്നതനേതാക്കളും ഇവ്വിധം കളങ്കിതരാവുന്നത് പൊറുപ്പിക്കാനാവാത്തതാണ്. മന്ത്രിസഭ രൂപവത്കരിക്കുമ്പോള്‍ ജാതി, സമുദായ, രാഷ്ട്രീയ പരിഗണനകളാല്‍, കളങ്കിതരെ ഉള്‍പ്പെടുത്താതെ സാമാന്യ ജീവിതവിശുദ്ധി പരിരക്ഷിക്കുന്നവരെ മാത്രം തെരഞ്ഞെടുക്കണമെന്ന് നിഷ്കര്‍ഷിക്കാന്‍ പാര്‍ട്ടികള്‍ക്കോ മുന്നണികള്‍ക്കോ ആവുന്നില്ല. മന്ത്രിപദവിയില്‍ അവരോധിതരായ ശേഷം ഗുരുതരാരോപണങ്ങള്‍ ഉയരുമ്പോഴും നടപടി ഉണ്ടാവുന്നുമില്ല. മാധ്യമക്കണ്ണുകള്‍ കിടപ്പറയിലും കുളിമുറിയിലുംവരെ എത്തിക്കഴിഞ്ഞ വര്‍ത്തമാനകാലത്ത് കുടുംബത്തിന്‍െറയും സമൂഹത്തിന്‍െറയും അന്തസ്സോര്‍ത്തെങ്കിലും ഒരല്‍പം സംയമനം പാലിക്കാന്‍ ഇവര്‍ക്കൊന്നും കഴിയില്ലെങ്കില്‍ സദാചാരത്തകര്‍ച്ചയുടെ ശിക്ഷ അനുഭവിക്കുകയല്ലാതെ നിവൃത്തിയില്ല.
വഴിതെറ്റുന്ന രാഷ്ട്രീയം    

Newspaper Edition
കേരളരാഷ്ട്രീയത്തിലെ അസംബന്ധനാടകപരമ്പരകള്‍ അവസാനിക്കുന്നില്ല. കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും അറപ്പും വെറുപ്പും ജനിപ്പിക്കുന്ന കഥകളാണ് തുടരെത്തുടരെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത് രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവരെല്ലാം ധാര്‍മികശുദ്ധിയില്ലാത്തവരും സദാചാരം തൊട്ടുതീണ്ടാത്തവരുമാണെന്ന ധാരണ പരത്തുമെന്ന കാര്യം ഏറെ ദുഃഖകരമാണ്. 22 മാസം പിന്നിട്ട ഐക്യജനാധിപത്യമുന്നണി സര്‍ക്കാറിന്റെ നേരിയ ഭൂരിപക്ഷമാണ് എല്ലാ കൊള്ളരുതായ്മകള്‍ക്കും ഒരു പ്രധാനകാരണമെന്ന വസ്തുത മറക്കാനാവില്ല. അധികാരം നിലനിര്‍ത്താന്‍ എല്ലാരംഗത്തും ഒത്തുതീര്‍പ്പുകള്‍, വഴങ്ങിക്കൊടുക്കലുകള്‍ എന്നിവ ഭരണശൈലിയായി മാറുന്നു. വനംമന്ത്രി ഗണേഷ്‌കുമാറിന്റെ രാജിയിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന മുറവിളിയിലും എത്തിനില്‍ക്കുന്ന സാഹചര്യത്തെ ഭരണപാളിച്ചകളുടെ ഒരു നിര്‍ണായകഘട്ടമെന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല.

മുന്നണിമന്ത്രിസഭകളുടെ നിത്യശാപമാണ് മന്ത്രിയും പാര്‍ട്ടിയും തമ്മിലുള്ള പൊരുത്തക്കേടുകള്‍. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനംമന്ത്രിയായി ചുമതലയേറ്റ ദിവസം മുതല്‍ കെ.ബി. ഗണേഷ്‌കുമാറും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ കൂടിയായ അച്ഛന്‍ ആര്‍. ബാലകൃഷ്ണപ്പിള്ളയും തമ്മിലുള്ള അസ്വാരസ്യങ്ങളും തുടങ്ങിയെന്നതാണ് യാഥാര്‍ഥ്യം. പാര്‍ട്ടിയെ 'അനുസരിച്ച്' മുന്നോട്ടുപോകുന്ന മന്ത്രിയെയായിരുന്നു പിള്ളയ്ക്ക് ആവശ്യം. 'അനുസരിക്കാം; എന്നാല്‍ വരുതിയില്‍ നിര്‍ത്തി ഭരിക്കാം' എന്ന വ്യാമോഹം നടപ്പില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ഭരണത്തിലും നിയമനങ്ങളിലും പാര്‍ട്ടിയെ അവഗണിക്കുകയാണ് മന്ത്രിയെന്ന് ഒളിഞ്ഞും തെളിഞ്ഞും പരാതി പറഞ്ഞുതുടങ്ങിയ ചെയര്‍മാന്‍ അവസാനം മന്ത്രിയെ മാറ്റണമെന്ന ആവശ്യം യു.ഡി.എഫില്‍ ഉന്നയിക്കുകയും മുഖ്യമന്ത്രിക്ക് കത്തുനല്‍കുകയും ചെയ്തു. ഇതിനിടെയാണ് നെല്ലിയാമ്പതിയിലെ സ്വകാര്യ എസ്റ്റേറ്റുകളുടെ പാട്ടഭൂമി സംബന്ധിച്ച കരാര്‍ പുതുക്കുന്ന പ്രശ്‌നം കീറാമുട്ടിയായി സര്‍ക്കാറിന് മുന്നില്‍ വന്നുവീണത്. തര്‍ക്കഭൂമി സര്‍ക്കാറിന് അവകാശപ്പെട്ടതാണെന്നായിരുന്നു വനംമന്ത്രിയുടെ വിട്ടുവീഴ്ചയില്ലാത്ത തീരുമാനം. അതല്ല അത് എസ്റ്റേറ്റ് ഉടമകളുടേതാണെന്നായിരുന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ വാദം. ഇരുവരും പരസ്​പരം വഴങ്ങാതെ നിന്നപ്പോള്‍, മന്ത്രിയെ 'തെറിപ്പിക്കും' എന്ന് ചീഫ് വിപ്പ് ഉയര്‍ത്തിയ വെല്ലുവിളിയുടെ പരിസമാപ്തിയാണ് ഇപ്പോള്‍ കാണുന്നതെന്ന് അനുമാനിക്കുന്നവര്‍ ധാരാളം.

ആരെക്കുറിച്ചും എന്തും പറയുകയും അതിനുശേഷം, മാപ്പുപറഞ്ഞ് മലക്കം മറിയുകയും പിന്നീട്, അതേ തെറ്റ് ആവര്‍ത്തിക്കുകയും ചെയ്യുന്ന ജോര്‍ജ്, മുന്നണിക്ക് ഒരു തലവേദനയായിട്ട് മാസങ്ങളായി. മുഖ്യമന്ത്രിക്കോ ജോര്‍ജിന്റെതന്നെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ്സിനോ നിയന്ത്രിക്കാനാവാത്ത വിധത്തില്‍ ഉയര്‍ന്നുപറക്കുന്ന ചീഫ് വിപ്പ് തന്നെയാണ് ഗണേഷിന്റെ രാജി സംബന്ധിച്ച ആദ്യവെടി പൊട്ടിച്ചതെന്നത് വിസ്മരിക്കാനാവില്ല. മന്ത്രിയുടെ കുടുംബത്തിലെ താളപ്പിഴകളും തെറ്റുകുറ്റങ്ങളും പരസ്യമായ വിഴുപ്പലക്കലിനായി പൊതുസമൂഹത്തിനുമുന്നില്‍ വലിച്ചെറിഞ്ഞത് അദ്ദേഹമായിരുന്നു. ഭരണാധികാരിയുടെ ഔദ്യോഗികജീവിതവും സ്വകാര്യജീവിതവും രണ്ടായി കാണണമെന്നാണ് ജനാധിപത്യക്രമത്തിലെ പൊതുകീഴ്‌വഴക്കം. ഒരു ഭരണാധികാരിയെ, അദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തിലെ കാര്യങ്ങള്‍ ഉന്നയിച്ച് 'വഴക്കിയെടുക്കാന്‍' ശ്രമിക്കുന്നത് നല്ല രാഷ്ട്രീയത്തിന് ചേര്‍ന്നതാണെന്ന് പറയാനാവില്ല. സാഹചര്യങ്ങള്‍ കൈവിട്ടുപോയപ്പോള്‍ , ഗണേഷിന്റെ ഭാര്യ ഡോ. യാമിനി തങ്കച്ചി മുഖ്യമന്ത്രിയെ കണ്ട് സങ്കടപ്പെട്ടതും പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതും സ്വാഭാവികം മാത്രം. നിയമത്തിന്റെ വഴിക്കുമാത്രം പോകാതെ മുഖ്യമന്ത്രിയെ മധ്യസ്ഥനാക്കാന്‍ അവര്‍ സമ്മതിച്ചതും ആ വഴിക്ക് കാര്യങ്ങള്‍ മുന്നോട്ടുപോയതും സൂചിപ്പിക്കുന്നത് ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടന്നുവെന്നുതന്നെയാണ്.

ഇതിനിടെ, ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ പാളിയതിന്റെ കാരണമാണ് അജ്ഞാതമായി അവശേഷിക്കുന്നത്. ബാഹ്യശക്തികളുടെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് മുഖ്യമന്ത്രിയുടെ നിഗമനം. തന്റെ ധാര്‍മികബോധം കൊണ്ടാണ് രാജിയെന്ന ഗണേഷിന്റെ അവകാശവാദത്തില്‍ കഴമ്പൊന്നുമില്ല. വളരെ ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന പരാതി പോലീസിന് മുന്നിലെത്തിയപ്പോള്‍ സര്‍ക്കാറിനെ രക്ഷിക്കാനാണ് അദ്ദേഹം സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായത്. എന്നാല്‍ , തന്റെ രാജി 'അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് നല്‍കിയ വില' എന്ന് ഗണേഷും 'മുഖ്യമന്ത്രി വഞ്ചിച്ചു' എന്ന് യാമിനിയും വിലപിക്കുമ്പോള്‍, ഇത് കുടുംബതര്‍ക്കത്തിനപ്പുറത്തേക്ക് വളര്‍ന്ന് ഒരു രാഷ്ട്രീയദുരന്തമായി മാറുന്നു. സ്വകാര്യജീവിതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കാതെ രണ്ടിനും അതിന്റേതായ മാന്യതയും സംശുദ്ധിയും നല്‍കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായാലേ സമൂഹത്തിന് മുന്നോട്ടുപോകാനാവൂ. അഭിപ്രായഭിന്നതകള്‍ ഉണ്ടാവുമ്പോള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കാതെ നീട്ടിക്കൊണ്ടുപോയി വഷളാക്കിയതിന്റെ ഫലമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന രാഷ്ട്രീയ, ഭരണ പ്രതിസന്ധികള്‍. 

 ടിപ്പറുകള്‍ക്ക് മദംപൊട്ടുന്നു   

malmanoramalogo
മരണം വിതയ്ക്കുന്ന ടിപ്പര്‍ ലോറികളുടെ ചീറിപ്പാച്ചില്‍ നാടിനാകെ പേടിസ്വപ്നമായിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ചമാത്രം രണ്ടു വ്യത്യസ്ത അപകടങ്ങളിലായി ആറുപേരുടെ ജീവനാണു ടിപ്പര്‍ ലോറികള്‍ കവര്‍ന്നത്. സംസ്ഥാനത്തെ വാഹനാപകടങ്ങളില്‍ കൂടുതലും ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെട്ടതാണെന്നു സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു. അവയുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കുന്നതിനു ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായിരുന്നെങ്കില്‍ ഈ കുരുതിപ്പരമ്പരയ്ക്ക് അറുതിവരുത്താമായിരുന്നില്ലേ? ലക്കും ലഗാനുമില്ലാതെ ചീറിപ്പായുന്ന ബസുകള്‍ റോഡില്‍ വീഴ്ത്തുന്ന ചോരപ്പാടുകളാകട്ടെ, നാള്‍ക്കുനാള്‍ കൂടുകയുമാണ്. 


ശനിയാഴ്ച, ആലപ്പുഴ - ചങ്ങനാശേരി റോഡില്‍ അമിതവേഗത്തിലെത്തിയ ടിപ്പര്‍ ലോറി കാറില്‍ ഇടിച്ച് അച്ഛനും അമ്മയും രണ്ട് ആണ്‍മക്കളുമടങ്ങിയ കുടുംബമാണ് ഇല്ലാതായത്. അന്നുതന്നെ കോതമംഗലത്തിനു സമീപം, മലയാറ്റൂര്‍ തീര്‍ഥാടകരായ കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന ജീപ്പും ടിപ്പറും കൂട്ടിയിടിച്ചു സഹോദരങ്ങളായ രണ്ടു യുവാക്കളും മരിച്ചു. ഏറ്റവുമൊടുവിലായി മലയാളി ടിപ്പര്‍ അപകടത്തില്‍ മരിച്ച വാര്‍ത്ത കേട്ടതു ചെന്നൈയില്‍ നിന്നാണ്. കേരള സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഒാഫിസറുടെ മകനായ ഐഐടി വിദ്യാര്‍ഥിയാണ് അപകടത്തില്‍പ്പെട്ടത്. ആലപ്പുഴ - ചങ്ങനാശേരി റോഡില്‍ 2005ല്‍ ട്രാന്‍സ്പോര്‍ട്ട് ബസിലേക്കു ടിപ്പര്‍ ലോറി ഇടിച്ചുകയറി 10 ജീവന്‍ പൊലിയുകയുണ്ടായി. ക്ളീനര്‍ ഒാടിച്ചുപഠിച്ചതാണ് അപകടകാരണമെന്നായിരുന്നു അധികൃതരുടെ കണ്ടെത്തല്‍. 

നിയമത്തിന് അതീതമാണെന്ന മട്ടിലാണു പ്രധാന പാതകളിലൂടെയും നാട്ടുവഴികളിലൂടെയുമൊക്കെയുള്ള ടിപ്പര്‍ ലോറികളുടെ യാത്ര. വേഗപരിധിയും സമയപരിധിയും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ മാനിക്കാതെ അവ തലങ്ങും വിലങ്ങും പായുമ്പോള്‍ ഗതാഗതനിയമവും നിയമപാലകരുമെല്ലാം പലപ്പോഴും കണ്ണടയ്ക്കാറുമുണ്ട്. അപകടമുണ്ടാകുമ്പോള്‍ പരിശോധന ഉഷാറാകുമെങ്കിലും ഏതാനും ദിവസങ്ങള്‍ക്കു ശേഷം ടിപ്പര്‍ ലോറികളെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ ദുഃസ്ഥിതി മാറാതെ ടിപ്പര്‍ അപകടങ്ങള്‍ കുറയില്ല. 

ടിപ്പര്‍ ലോറികളെ പേടിച്ചേ മറ്റേതു വാഹനത്തിനും കാല്‍നടക്കാരനും വഴിയിലിറങ്ങാനാവൂ എന്ന സാഹചര്യം നിര്‍ഭാഗ്യകരംതന്നെ. സ്കൂള്‍ തുറക്കുമ്പോഴും വിടുമ്പോഴും നഗരങ്ങളിലെ തിരക്കുസമയങ്ങളിലും ഇത്തരം വാഹനങ്ങള്‍ക്കു നിയന്ത്രണമുണ്ട്. പക്ഷേ, നിയന്ത്രണം ലംഘിക്കുന്നതു സാധാരണമായിക്കഴിഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ട്രിപ്പുകള്‍ എടുക്കാനുള്ള ഒാട്ടത്തിനിടയിലാണു മിക്കപ്പോഴും ടിപ്പര്‍ ലോറികള്‍ അപകടമുണ്ടാക്കുന്നത്. ഡ്രൈവര്‍ക്കും സഹായിക്കും ട്രിപ്പ് അനുസരിച്ചായിരിക്കും വേതനമെന്നിരിക്കേ ഈ മരണപ്പാച്ചില്‍ പതിവായിക്കഴിഞ്ഞു; അപകടങ്ങളും. 
ടിപ്പര്‍ ലോറികള്‍ക്കു സമയപരിധി ഏര്‍പ്പെടുത്തിയതിനെതിരെയുള്ള ഹര്‍ജി കേള്‍ക്കവേ പട്ടണങ്ങളില്‍ പകല്‍സമയത്തു ടിപ്പര്‍ ലോറികള്‍ നിരോധിക്കണമെന്നു ഹൈക്കോടതി അഭിപ്രായപ്പെടുകയുണ്ടായി. 

ടിപ്പറുകള്‍ക്കു സ്പീഡ് ഗവര്‍ണര്‍ എന്ന വേഗപ്പൂട്ട് ഘടിപ്പിക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ , എല്ലാ ടിപ്പറുകള്‍ക്കും അവ ഘടിപ്പിച്ചിട്ടുണ്ടോ എന്നും അവ പ്രവര്‍ത്തനക്ഷമമാണോ എന്നും പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ മെനക്കെടാറില്ല. ടിപ്പര്‍ ഡ്രൈവര്‍മാരുടെ യോഗ്യത, ലോഡ്, വേഗം എന്നിവ തുടര്‍ച്ചയായി പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പും പൊലീസും സംയുക്തമായി മുന്നിട്ടിറങ്ങണം. അപകടങ്ങളില്‍ ഭൂരിപക്ഷവും സംഭവിക്കുന്നത് അശ്രദ്ധകൊണ്ടും ധിക്കാരം കൊണ്ടുമാണ്. 

സംസ്ഥാനത്തു സ്വകാര്യ ബസുകളുടെ മത്സരയോട്ടവും മരണപ്പാച്ചിലും തടയാന്‍ അധികൃതര്‍ പ്രകടിപ്പിക്കുന്ന വിമുഖതയും റോഡപകടങ്ങള്‍ക്കു മറ്റൊരു കാരണമാകുന്നു. വീതികുറഞ്ഞ റോഡുകളിലെ തിരക്കും മറ്റു വാഹനങ്ങളുടെ സാന്നിധ്യവും അവഗണിച്ചുകൊണ്ടാണു ട്രിപ്പുകള്‍ വൈകാതിരിക്കാനും അടുത്ത സ്റ്റോപ്പില്‍ നിന്നു മത്സരിച്ചു യാത്രക്കാരെ കയറ്റാനും ബസുകള്‍ പരക്കം പായുന്നത്. സ്വകാര്യ ബസ് അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും അതെല്ലാം അവഗണിക്കപ്പെടുന്നു. പരിശോധനകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയാലും കര്‍ശനനടപടികള്‍ പലപ്പോഴും ഒഴിവാക്കപ്പെടുകയും ചെയ്യുന്നു.  

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 36,715 റോഡപകടങ്ങളിലായി 4286 പേര്‍ മരണമടഞ്ഞു. മുന്‍വര്‍ഷത്തെക്കാള്‍ കൂടുതലാണിത്. റോഡുസുരക്ഷാവാരവും നാടുണര്‍ത്തലും അരങ്ങുതകര്‍ക്കുന്നുണ്ടായിരിക്കും. എന്നാല്‍, അതിനിടയില്‍ റോഡ് വികസനം തൊട്ടു കര്‍ശന നിയമപാലനം വരെയുള്ള കാര്യങ്ങള്‍ വിസ്മരിക്കപ്പെടുകയല്ലേ?

No comments:

Post a Comment