മുഖപ്രസംഗം April 19 - 2013
1. സൈബുന്നിസയും നമ്മുടെ നാട്ടുകാരിയാണ് (മാധ്യമം)
മുംബൈ സ്ഫോടനത്തിന് പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ സൂക്ഷിച്ചുവെന്ന കുറ്റത്തിന് നടന്‍ സഞ്ജയ് ദത്തിനോടൊപ്പം കോടതി ശിക്ഷിച്ചയാളാണ് സൈബുന്നിസ അന്‍വര്‍ കാസി എന്ന 70കാരി. വൃക്കരോഗിയും വൃദ്ധയുമായ തന്നെ ശിക്ഷയില്‍നിന്ന് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് അവരുടെ ദയാ അപേക്ഷ രാഷ്ട്രപതിയുടെ മുന്നിലുണ്ട്. അതിനിടെ, കോടതിയില്‍ കീഴടങ്ങേണ്ട തീയതി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് അവര്‍ കൂട്ടുപ്രതികളോടൊപ്പം സുപ്രീംകോടതിയെ സമീപിച്ചു. ഇതേ ആവശ്യവുമായി നടന്‍ സഞ്ജയ് ദത്തും കോടതിയെ സമീപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അല്‍തമസ് കബീറിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് സൈബുന്നിസയുടെ ഹരജി ചൊവ്വാഴ്ച തള്ളി. സഞ്ജയ് ദത്തിന്‍െറ കേസാകട്ടെ, ബുധനാഴ്ചയാണ് പി. സദാശിവത്തിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ചത്. ഹരജി പരിഗണിച്ച കോടതി ദത്തിന് കീഴടങ്ങാനുള്ള സമയപരിധി ഒരു മാസം നീട്ടി നല്‍കി. 53കാരനും ആരോഗ്യവാനും സമ്പന്നനുമായ ദത്തിന്‍െറ ഹരജി പരിഗണിക്കുകയും വൃദ്ധയും രോഗിയും ദരിദ്രയുമായ സൈബുന്നിസയുടെ ഹരജി പരിഗണിക്കാതിരിക്കുകയും ചെയ്ത സുപ്രീംകോടതിയുടെ നിലപാട് നീതിബോധമുള്ളവരെ വിഷമിപ്പിക്കുക സ്വാഭാവികം.
2. ഇടപ്പള്ളിയില്‍ ഉയരേണ്ട മാതൃക (മനോരമ)
കൊച്ചി നഗരത്തില്‍ ദേശീയപാതയിലെ വന്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംക്ഷനുകളില്‍ ഫ്ളൈഒാവറുകള്‍ നിര്‍മിച്ച് കൊച്ചിക്കു സഞ്ചാരസ്വാതന്ത്യ്രം നല്‍കുന്നതു കേരളത്തിനാകെ പ്രതീക്ഷ നല്‍കുന്നു.
3. സ്വര്‍ണവിലയിടിവും സമ്പദ്‌വ്യവസ്ഥയും (മാതൃഭൂമി)
സ്വര്‍ണവില പത്തുപന്ത്രണ്ടു വര്‍ഷമായി വാണം പോലെ കുതിച്ചുകയറുകയായിരുന്നു. ഇതെവിടെച്ചെന്നു നില്‍ക്കുമെന്ന് സാധാരണജനം നെഞ്ചത്തു കൈവെച്ച് ചോദിച്ചുപോയി. ഏതായാലും കുറച്ചു നാളായി സ്വര്‍ണവിലയിലുണ്ടായ കുറവ് ശരാശരി ഇന്ത്യക്കാരന് ആശ്വാസമായിരിക്കയാണ്. പെണ്‍മക്കളുടെ കല്യാണത്തിന് ഏറെ പൊന്നെടുക്കാനാവില്ലെങ്കിലും ഒരു ലക്ഷം രൂപയ്ക്ക് അഞ്ച് പവന്‍ കിട്ടുമെങ്കില്‍ അത്രയെങ്കിലും ആയല്ലോ എന്നാണ് ഇടത്തരം കുടുംബങ്ങളിലെ അച്ഛനമ്മമാര്‍ കരുതുന്നത്. സ്വര്‍ണവില ഏതാണ്ട് ഒരു കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തിയിരിക്കയാണ്. ഇത് എത്രനാള്‍ തുടരുമെന്നതിന് വ്യക്തതയില്ല.
സൈബുന്നിസയും നമ്മുടെ നാട്ടുകാരിയാണ്
മുംബൈ സ്ഫോടനത്തിന് പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ സൂക്ഷിച്ചുവെന്ന കുറ്റത്തിന് നടന്‍ സഞ്ജയ് ദത്തിനോടൊപ്പം കോടതി ശിക്ഷിച്ചയാളാണ് സൈബുന്നിസ അന്‍വര്‍ കാസി എന്ന 70കാരി. വൃക്കരോഗിയും വൃദ്ധയുമായ തന്നെ ശിക്ഷയില്‍നിന്ന് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് അവരുടെ ദയാ അപേക്ഷ രാഷ്ട്രപതിയുടെ മുന്നിലുണ്ട്. അതിനിടെ, കോടതിയില്‍ കീഴടങ്ങേണ്ട തീയതി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് അവര്‍ കൂട്ടുപ്രതികളോടൊപ്പം സുപ്രീംകോടതിയെ സമീപിച്ചു. ഇതേ ആവശ്യവുമായി നടന്‍ സഞ്ജയ് ദത്തും കോടതിയെ സമീപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അല്‍തമസ് കബീറിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് സൈബുന്നിസയുടെ ഹരജി ചൊവ്വാഴ്ച തള്ളി. സഞ്ജയ് ദത്തിന്‍െറ കേസാകട്ടെ, ബുധനാഴ്ചയാണ് പി. സദാശിവത്തിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ചത്. ഹരജി പരിഗണിച്ച കോടതി ദത്തിന് കീഴടങ്ങാനുള്ള സമയപരിധി ഒരു മാസം നീട്ടി നല്‍കി. 53കാരനും ആരോഗ്യവാനും സമ്പന്നനുമായ ദത്തിന്‍െറ ഹരജി പരിഗണിക്കുകയും വൃദ്ധയും രോഗിയും ദരിദ്രയുമായ സൈബുന്നിസയുടെ ഹരജി പരിഗണിക്കാതിരിക്കുകയും ചെയ്ത സുപ്രീംകോടതിയുടെ നിലപാട് നീതിബോധമുള്ളവരെ വിഷമിപ്പിക്കുക സ്വാഭാവികം. തൊട്ടടുത്ത ദിവസങ്ങളിലായി ഒരേ കോടതിയില്‍നിന്ന് വ്യത്യസ്തമായ രണ്ടു വിധികള്‍ വരുന്നത് പരിചിതമായ നീതിസങ്കല്‍പങ്ങള്‍ക്ക് നിരക്കാത്തതുമാണ്. ദത്തിന്‍െറ കേസില്‍, സമയം നീട്ടിനല്‍കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി. റാവേല്‍ സൈബുന്നിസയുടെ കേസ് കഴിഞ്ഞ ദിവസം തള്ളിയ കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. ആ സമയത്ത് സുപ്രീംകോടതി ജഡ്ജി പി. സദാശിവം നടത്തിയ ഒരു പരാമര്‍ശം നീതിബോധമുള്ളവര്‍ക്ക് മുഖത്തടിയേറ്റതുപോലുള്ള അനുഭവമായിരുന്നു. ‘ഒരേ ചട്ടം എല്ലാവര്‍ക്കും ബാധകമാക്കാന്‍ കഴിയില്ലെന്നാ’യിരുന്നു അദ്ദേഹം പറഞ്ഞത്!
മുമ്പ് അഫ്സല്‍ ഗുരുവിന് വധശിക്ഷ വിധിക്കുമ്പോള്‍ ‘സാമൂഹിക മനസ്സാക്ഷിയെ സംപ്രീതിപ്പെടുത്താന്‍ ഇദ്ദേഹത്തെ തൂക്കിലേറ്റേണ്ടതുണ്ടെ’ന്ന് നിരീക്ഷിച്ചതും ഇതേ സുപ്രീംകോടതി തന്നെയാണ്. നമ്മുടെ നീതിന്യായ സംവിധാനത്തെക്കുറിച്ച വലിയ നിരാശ ബുദ്ധിജീവികള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമിടയിലുണ്ടാക്കിയ പരാമര്‍ശമായിരുന്നു അത്. നീതിന്യായ സംവിധാനത്തിന്‍െറ സ്വതന്ത്രത, നിഷ്പക്ഷത, വസ്തുനിഷ്ഠത എന്നിവ തത്ത്വത്തില്‍ ശക്തമായി നിലവിലുണ്ടെങ്കിലും പ്രയോഗത്തില്‍ പലപ്പോഴും ഇതൊന്നും പാലിക്കപ്പെടുന്നില്ല എന്ന വിമര്‍ശം ഗൗരവത്തില്‍ നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് രാജ്യത്തെ ഏറ്റവും വലിയ/ പീഡിത ന്യൂനപക്ഷമായ മുസ്ലിംകള്‍ക്കിടയില്‍ , തങ്ങള്‍ ജുഡീഷ്യറിയുടെ മുന്നില്‍പോലും രണ്ടാംകിടക്കാരായി പരിഗണിക്കപ്പെടുന്നുവെന്ന ബോധം നിലനില്‍ക്കുന്നുണ്ട്. ഇന്നും രാജ്യത്തെ വിവിധ ജയിലുകളിലായി കുറ്റപത്രംപോലും സമര്‍പ്പിക്കപ്പെടാതെ വര്‍ഷങ്ങള്‍ തള്ളിനീക്കുന്ന പരശ്ശതം മുസ്ലിം യുവാക്കള്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിനുനേര്‍ക്ക് ഉയര്‍ത്തപ്പെട്ട കൂര്‍ത്തു മൂര്‍ത്ത ചോദ്യമാണ്. നിയമങ്ങളുടെ കാര്‍ക്കശ്യങ്ങളെല്ലാം അടിച്ചേല്‍പിക്കപ്പെടുകയും നിയമത്തിന്‍െറ ഔാര്യങ്ങളെല്ലാം നിഷേധിക്കപ്പെടുകയും ചെയ്യുക സമൂഹത്തിലെ ഏറ്റവും ദുര്‍ബലര്‍ക്കാണ് എന്നത്, നിലവിലുള്ള ലോക നീതിയാണ്. ആ അര്‍ഥത്തില്‍തന്നെയാണ് ഇന്ത്യയില്‍ മുസ്ലിംകള്‍ പലപ്പോഴും നിയമത്തിന്‍െറ ഇരകളാക്കപ്പെടുന്നത്.
അങ്ങേയറ്റം സങ്കടകരമായ ഈ പശ്ചാത്തലത്തിലാണ് സൈബുന്നിസയുടെ ഹരജി തള്ളപ്പെടുകയും ദത്തിന്‍െറ ഹരജി സ്വീകരിക്കപ്പെടുകയും അതിനെ ന്യായീകരിക്കുന്ന വിചിത്രമായ പ്രസ്താവന വരുകയും ചെയ്യുന്നത്. പരമോന്നത നീതിപീഠത്തില്‍നിന്ന് എന്തുകൊണ്ട് ഇങ്ങനെയുണ്ടാവുന്നു എന്ന് പലരും ആശ്ചര്യപ്പെട്ടുതുടങ്ങി. എന്നാല്‍, ഇന്നലെ സൈബുന്നിസ നല്‍കിയ മറ്റൊരു ഹരജിയില്‍ ജസ്റ്റിസ് പി. സദാശിവം തന്നെ അവരുടെ ഹരജി സ്വീകരിക്കുകയും കീഴടങ്ങാന്‍ നാല് ആഴ്ചത്തെ അവധി നല്‍കുകയും ചെയ്തു. നീതിനിര്‍വഹണത്തിന്‍െറ നിഷ്പക്ഷതയില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളും ആശ്വാസത്തിന്‍െറ നെടുവീര്‍പ്പിടും ഈ സന്ദര്‍ഭത്തില്‍
ഒരു പ്രത്യേക ജനസമൂഹത്തെ അരികിലേക്ക് മാറ്റിനിര്‍ത്തുകയും അവരുടെ വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് അവര്‍ക്ക് മാത്രം എന്തോ നഷ്ടം വരുത്തുന്ന കാര്യമാണെന്ന് ആരും വിചാരിക്കരുത്. ഒരു ജനതയെ നാം പരിക്ഷീണമാക്കിയാല്‍ മൊത്തം രാജ്യം തന്നെയാണ് പരിക്ഷീണമാകുന്നത്. കാരണം, അവരും നമ്മുടെ രാജ്യത്തിന്‍െറ ഭാഗമാണ്. എന്നാല്‍ , തീവ്രദേശീയവാദത്തിന്‍െറയും ഹിന്ദുത്വത്തിന്‍െറയും പേരില്‍ രാഷ്ട്രീയം കളിക്കുന്നവര്‍ ഇത് മനസ്സിലാക്കുന്നേയില്ല. അവരുടെ പ്രചാരണ താണ്ഡവങ്ങളില്‍ പലപ്പോഴും മാധ്യമങ്ങളും നീതിന്യായ സ്ഥാപനങ്ങളും വീണുപോവുന്നു എന്നതും സത്യമാണ്. അങ്ങനെയുള്ളൊരു വഴുക്കലായിരുന്നു ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി സുപ്രീം കോടതിയില്‍നിന്നുണ്ടായ വ്യത്യസ്ത വിധികള്‍. എന്നാല്‍, വ്യാഴാഴ്ചതന്നെ അത് തിരുത്താന്‍ സുപ്രീംകോടതിക്ക് സാധിച്ചുവെന്നത് നമ്മളെ ആഹ്ളാദിപ്പിക്കുന്നു.
ഇടപ്പള്ളിയില്‍ ഉയരേണ്ട മാതൃക
കൊച്ചി നഗരത്തില്‍ ദേശീയപാതയിലെ വന്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംക്ഷനുകളില്‍ ഫ്ളൈഒാവറുകള്‍ നിര്‍മിച്ച് കൊച്ചിക്കു സഞ്ചാരസ്വാതന്ത്യ്രം നല്‍കുന്നതു കേരളത്തിനാകെ പ്രതീക്ഷ നല്‍കുന്നു.
ആദ്യ നടപടിയായി കേരള റോഡ് ഫണ്ട് ബോര്‍ഡ് ഇടപ്പള്ളിയില്‍ ഫ്ളൈഒാവര്‍ നിര്‍മിക്കും. ടോള്‍ പിരിവ് ഉണ്ടാവില്ല എന്നതും ആശ്വാസം പകരുന്നു. ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) നല്‍കിയ ഡിസൈന്‍ അനുസരിച്ചായിരിക്കും നാലുവരി ഫ്ളൈഒാവര്‍ നിര്‍മിക്കുക. മറ്റു ഫ്ളൈഒാവറുകള്‍ക്കു പണം അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. അവയുടെയും അടിയന്തരസ്വഭാവം തിരിച്ചറിഞ്ഞ് ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് ഉണ്ടായിക്കൂടാ.
ദേശീയപാതയിലെ പത്തു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ വരുന്ന ജംക്ഷനുകളാണ് ഇടപ്പള്ളിയും പാലാരിവട്ടവും വൈറ്റിലയും കുണ്ടന്നൂരും. ഇവിടങ്ങളിലെ ഗതാഗതക്കുരുക്കു മൂലം മണിക്കൂറുകളാണു യാത്രക്കാര്‍ കാത്തുകിടക്കേണ്ടി വരുന്നത്. രണ്ടു ദേശീയപാതകള്‍ സംഗമിക്കുന്ന ജംക്ഷനാണു കുണ്ടന്നൂര്‍; കൊച്ചി തുറമുഖത്തേക്കുള്ള കവാടവും. കേരളത്തിലെ ഏറ്റവും വലിയ ജംക്ഷനാണു വൈറ്റില. ഇടപ്പള്ളിയിലും രണ്ടു ദേശീയപാതകള്‍ ഒന്നുചേരുന്നു. എറണാകുളം നഗരത്തെയും ഐടി നഗരമായ കാക്കനാടിനെയും ബന്ധിപ്പിക്കുന്ന ജംക്ഷനാണു പാലാരിവട്ടം. ഈ നാലു ജംക്ഷനുകളുമുള്ള റോഡിലൂടെ ലക്ഷക്കണക്കിനു വാഹനങ്ങളാണ് ഒാരോ ദിവസവും കടന്നുപോകുന്നത്.
ഫ്ളൈഒാവര്‍ നിര്‍മാണം ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങിയ സാഹചര്യത്തിലാണു 'മലയാള മനോരമ ഇക്കാര്യത്തിനു വേണ്ടി മുന്നിട്ടിറങ്ങിയത്. ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത 'ഉയരട്ടെ പാലങ്ങള്‍ , കുതിക്കട്ടെ കൊച്ചി ആശയക്കൂട്ടായ്മയിലൂടെ ഫ്ളൈഒാവര്‍ നിര്‍മാണക്കാര്യത്തിലെ അനിശ്ചിതത്വം നീങ്ങുകയായിരുന്നു. നാലു ജംക്ഷനുകളിലും ഫ്ളൈഒാവര്‍, കുണ്ടന്നൂരില്‍ നിന്ന് ഇടപ്പള്ളി വരെയുള്ള എലിവേറ്റഡ് ഹൈവേ, നിലവിലുള്ള ജംക്ഷനുകളിലെ തിരക്ക് ഒഴിവാക്കാന്‍ ദേശീയപാതയ്ക്കു സമാന്തരമായി ബൈപാസ് എന്നിങ്ങനെ മൂന്നു നിര്‍ദേശങ്ങളാണ് അതുവരെ ചര്‍ച്ചചെയ്തിരുന്നത്.
ഇതില്‍ ഏതു വേണമെന്നു രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ആശയക്കൂട്ടായ്മയില്‍ പ്രഖ്യാപിച്ചു. തുടര്‍ന്നുണ്ടായ തീരുമാനത്തെ മാതൃകാപരമെന്നുതന്നെ വിശേഷിപ്പിക്കണം. രണ്ടുമാസം തികയാന്‍ 14 ദിവസം ശേഷിക്കേയാണു നാലു ജംക്ഷനുകളിലും ഫ്ളൈഒാവര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും ആദ്യ ഫ്ളൈഒാവറിനു പണം അനുവദിച്ചതും.
ഇടപ്പള്ളി ഫ്ളൈഒാവറിനായി 180 കോടി രൂപയാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതെങ്കിലും 86 കോടി രൂപയ്ക്കു നിര്‍മിക്കാമെന്നാണു ഡിഎംആര്‍സി സര്‍ക്കാരിനെ അറിയിച്ചിരുന്നത്. എന്നാല്‍ , ഇടപ്പള്ളി ഫ്ളൈഒാവറിന്റെ നിര്‍മാണം റോഡ്ഫണ്ട് ബോര്‍ഡ് നേരിട്ടു നിര്‍വഹിക്കാനാണു സര്‍ക്കാരിന്റെ തീരുമാനം. കൊച്ചിയില്‍ നോര്‍ത്ത് മേല്‍പ്പാലവും സലിം രാജന്‍ ഫ്ളൈഒാവറും സമയബന്ധിതമായി നിര്‍മിക്കുന്ന ഡിഎംആര്‍സിയെക്കൊണ്ടുതന്നെ ഇടപ്പള്ളി ഫ്ളൈഒാവറും നിര്‍മിപ്പിക്കാമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. മെട്രോ റയില്‍ നിര്‍മാണവും ഫ്ളൈഒാവറിന്റെ നിര്‍മാണവും ഒരേസമയത്തു നടക്കേണ്ടതിനാല്‍ ഒരേ കരാറുകാരന്‍ രണ്ടിന്റെയും ജോലിചെയ്യുന്നതാവും ഉത്തമം എന്നതാണ് ഇതിനു കാരണമായി പറയുന്നത്.
മെട്രോ റയില്‍ നിര്‍മാണം അടുത്തെത്തിയതും ഹൈക്കോടതി ഇടപെട്ടതും ഇടപ്പള്ളിയുടെ കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയെങ്കില്‍ അതിലും ഗുരുതരാവസ്ഥയിലാണു കേരളത്തിലെ ഏറ്റവും വലിയ ജംക്ഷനായ വൈറ്റിലയുടെ കാര്യമെന്നു മറക്കരുത്. ഇടപ്പള്ളി ഫ്ളൈഒാവറിനൊപ്പംതന്നെ കുണ്ടന്നൂര്‍, വൈറ്റില, പാലാരിവട്ടം ഫ്ളൈഒാവറുകളുടെ നിര്‍മാണവും സര്‍ക്കാര്‍ അടിയന്തരമായി ഏറ്റെടുക്കണം; നിര്‍മാണം സമയബന്ധിതമായിരിക്കുകയും വേണം.
സ്വര്‍ണവിലയിടിവും സമ്പദ്‌വ്യവസ്ഥയും
സ്വര്‍ണവില പത്തുപന്ത്രണ്ടു വര്‍ഷമായി വാണം പോലെ കുതിച്ചുകയറുകയായിരുന്നു. ഇതെവിടെച്ചെന്നു നില്‍ക്കുമെന്ന് സാധാരണജനം നെഞ്ചത്തു കൈവെച്ച് ചോദിച്ചുപോയി. ഏതായാലും കുറച്ചു നാളായി സ്വര്‍ണവിലയിലുണ്ടായ കുറവ് ശരാശരി ഇന്ത്യക്കാരന് ആശ്വാസമായിരിക്കയാണ്. പെണ്‍മക്കളുടെ കല്യാണത്തിന് ഏറെ പൊന്നെടുക്കാനാവില്ലെങ്കിലും ഒരു ലക്ഷം രൂപയ്ക്ക് അഞ്ച് പവന്‍ കിട്ടുമെങ്കില്‍ അത്രയെങ്കിലും ആയല്ലോ എന്നാണ് ഇടത്തരം കുടുംബങ്ങളിലെ അച്ഛനമ്മമാര്‍ കരുതുന്നത്. സ്വര്‍ണവില ഏതാണ്ട് ഒരു കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തിയിരിക്കയാണ്. ഇത് എത്രനാള്‍ തുടരുമെന്നതിന് വ്യക്തതയില്ല. 2014 വരെ സ്വര്‍ണവില കുറഞ്ഞുനില്‍ക്കുമെന്നാണ് ഒരു സുപ്രധാന സാമ്പത്തിക സ്ഥാപനത്തിന്റെ അവലോകനം. വ്യാഴാഴ്ച സ്വര്‍ണവില അല്പം ഉയര്‍ന്നിട്ടുണ്ട്. ഏതായാലും സാധാരണ വീട്ടമ്മയ്ക്കു മാത്രമല്ല, ഇന്ത്യന്‍ ധനകാര്യമന്ത്രിക്കും സ്വര്‍ണവിലയിലെ കുറവ് ആശ്വാസം നല്‍കുന്നുണ്ട്. സ്വര്‍ണം, ക്രൂഡ് ഓയില്‍ എന്നിവയുടെ വിലയിലെ കുറവും പണപ്പെരുപ്പം താഴ്ന്നതും കറന്റ് അക്കൗണ്ടിലെ കമ്മി കുറയ്ക്കുമെന്നാണ് ധനമന്ത്രിയുടെ പ്രതീക്ഷ. പണപ്പെരുപ്പത്തിലെ കുറവുമൂലം രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ച് ഉയര്‍ന്നതും നല്ല സൂചനയാണ്. അസംസ്‌കൃത പെട്രോളിയവും സ്വര്‍ണവും ആണ് ഇന്ത്യയുടെ ഇറക്കുമതി വസ്തുക്കളില്‍ പ്രധാനം. അവയുടെ വില കുറഞ്ഞതോടെ ഇറക്കുമതിച്ചെലവ് കുറയും.
ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യത്തില്‍ വര്‍ധനയുടെ പ്രവണത കാണുന്നുണ്ട്. ഇതെല്ലാം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടാന്‍ സഹായകമായേക്കാം. എന്നാല്‍, ഇതിന് കാരണമാകുന്നത് സ്വര്‍ണത്തിന്റെയും ക്രൂഡിന്റെ യും വിലക്കുറവുള്‍പ്പെടെ ഇന്ത്യയുടെ നിയന്ത്രണപരിധിക്ക പ്പുറമുള്ള കാരണങ്ങളാണ്. അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തില്‍ അയവുവരുന്നുവെന്നതാണ് സ്വര്‍ണവില കുറയാന്‍ ഒരു കാരണം. സാമ്പത്തികനില മെച്ചപ്പെടുന്നതുമൂലം ഡോളര്‍ കരുത്താര്‍ജിക്കുന്നുണ്ട്. അതു കാരണം സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയവര്‍ ചുവടു മാറ്റുന്നതാണ് സ്വര്‍ണവിലയെ ബാധിക്കുന്നത്. മഞ്ഞലോഹം വാങ്ങുന്ന ഒരു പ്രധാന രാജ്യമായ ചൈനയിലെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞു. അതും സ്വര്‍ണവില കുറയാനുള്ള കാരണമായി കണക്കാക്കപ്പെടുന്നു. സാമ്പത്തികത്തകര്‍ച്ച നേരിടുന്ന രാജ്യമായ സൈപ്രസ് കരുതല്‍ നിക്ഷേപമായ പതിന്നാല് ടണ്‍ സ്വര്‍ണം വിറ്റൊഴിക്കുമെന്ന റിപ്പോര്‍ട്ടാണ് വിലയിടിവിന് കാരണമായി കാണിക്കുന്ന മറ്റൊരു ഘടകം. പക്ഷേ, പത്തിലേറെ ടണ്‍ സ്വര്‍ണം വില്‍ക്കുന്നത് ആഗോളവിപണിയില്‍ ഇത്ര വലിയ ചലനമുണ്ടാക്കുമെന്ന് വിശ്വസിക്കാന്‍ വിഷമമുണ്ട്. സൈപ്രസിലെ കേന്ദ്രബാങ്ക് സ്വര്‍ണം വില്‍ക്കുമെന്ന പേരില്‍ സ്വര്‍ണവിപണിയിലെ വില്പനക്കാര്‍ നടത്തുന്ന പ്രചാരണമാണ് ഇടിവിന് കാരണമെന്ന സൂചന അവഗണിക്കാനാവില്ല. യൂറോപ്യന്‍ മേഖലയിലെ സാമ്പത്തികമാന്ദ്യം പൂര്‍ണമായും നീങ്ങിയിട്ടില്ല. എങ്കിലും യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങള്‍ സൈപ്രസിന്റെ വഴിയേ പോകാനിടയില്ല.
ഇന്ത്യ സ്വര്‍ണത്തിന്റെ ഇറക്കുമതിത്തീരുവ 2013 ജനവരി യില്‍ 50 ശതമാനം ഉയര്‍ത്തി. ഇത് സ്വര്‍ണത്തിന്റെ ഇറക്കുമതിയും അതുവഴി ഇറക്കുമതിച്ചെലവും കുറയ്ക്കാന്‍ കാരണമായ ഒരു ആഭ്യന്തര ഘടകമാണെന്ന് പറയാം. തീരുവ കൂട്ടിയശേഷം ജനവരി മുതല്‍ മാര്‍ച്ച് കാലയളവില്‍ സ്വര്‍ണ ഇറക്കുമതിയില്‍ മുന്‍കൊല്ലം ഇക്കാലയളവിനെ അപേക്ഷിച്ച് 24 ശതമാനം കുറവുവന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വര്‍ണവിലയിലെ ഇടിവിന് കാരണമായിട്ടുള്ള ആഗോളതലത്തിലെ ഘടങ്ങളില്‍ ഏത് സമയത്തും മാറ്റം വന്നേക്കാം. അതുകൊണ്ട് ഇപ്പോഴത്തെ അനുകൂലഘടകങ്ങള്‍ പ്രയോജനപ്പെടുത്തി സ്വന്തംനിലയ്ക്ക് സാമ്പത്തികനില മെച്ചപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. ഭരണതലത്തില്‍ സാമ്പത്തിക അച്ചടക്കമുള്‍പ്പെടെയുള്ള നടപടികള്‍ ഇതിന് ആവശ്യമാണ്. അതോടൊപ്പം സ്വര്‍ണത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ഇന്ത്യക്കാര്‍ സ്വയം ശ്രമിക്കുകയും വേണം. സ്വര്‍ണത്തിലെ നിക്ഷേപം ഡീമാറ്റ് രൂപത്തില്‍ നടത്താവുന്നതാണ്. മക്കളുടെ കല്യാണത്തിന് പരിമിതമായ തോതില്‍ സ്വര്‍ണം വാങ്ങുന്നത് മനസ്സിലാക്കാം. എന്നാല്‍ , പെണ്‍കുട്ടിയെ പൊന്നില്‍പ്പൊതിഞ്ഞ് കല്യാണപ്പന്തലിലേക്കിറക്കുന്ന പ്രവണതയ്ക്ക് നിശ്ചയമായും മാറ്റം വരേണ്ടതുണ്ട്. ഇന്ത്യയില്‍ സ്വര്‍ണം വാങ്ങലിന്റെ ആഘോഷമായി കണക്കാക്കപ്പെടുന്ന അക്ഷയതൃതീയയും വിവാഹസീസണുമെല്ലാം അടുത്ത മാസമാണ്. അതോടെ സ്വര്‍ണവില വീണ്ടും ഉയരുമെന്നാണ് ആഗോളതലത്തില്‍ത്തന്നെയുള്ള കണക്കുകൂട്ടല്‍ എന്നോര്‍ക്കണം.
No comments:
Post a Comment