Tuesday, April 16, 2013

മുഖപ്രസംഗം April 16 - 2013

മുഖപ്രസംഗം April 16 - 2013 


1. ജെ.ഡി.യു മോഡിക്കു നേരെ കണ്ണാടി പിടിക്കുന്നു (മാധ്യമം)
മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനോട് എന്‍.ഡി.എ ഘടകകക്ഷിയായ ജനതാദള്‍ (യുനൈറ്റഡ്) വ്യക്തമായിത്തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നു. അതിന്‍െറ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്കുമാറിന്‍െറ അഭിപ്രായം പാര്‍ട്ടി അംഗീകരിച്ചിരിക്കുകയാണ് ഇതുവഴി. വ്യക്തികള്‍ക്കുപരിയായി ചില രാഷ്ട്രീയ നിലപാടുകളോടുള്ള പ്രതികരണമാണിതെന്ന് ജെ.ഡി.യു സൂചിപ്പിച്ചിട്ടുണ്ട്. മതനിരപേക്ഷ രാഷ്ട്രീയത്തിന് പാടില്ലാത്തതെന്തൊക്കെയുണ്ടോ അതിന്‍െറയെല്ലാം പ്രതീകമായി നരേന്ദ്രമോഡിയെ കാണുകയും എന്നാല്‍, പ്രായോഗിക രാഷ്ട്രീയത്തിന്‍െറ പേരില്‍ അദ്ദേഹത്തിന്‍െറ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഒന്നും മിണ്ടാതിരിക്കുകയും ചെയ്യുന്ന മറ്റു കക്ഷികള്‍ക്കുള്ള വ്യക്തമായ സന്ദേശം കൂടി ജെ.ഡി.യുവിന്‍െറ പ്രഖ്യാപനത്തിലുണ്ട്.
2. പൊലീസ് നവീകരണം വേഗത്തിലാവട്ടെ (മനോരമ)
രാജ്യം സ്വതന്ത്രമായി ആറരദശകം കഴിഞ്ഞിട്ടും പൊലീസ് ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്ന ബോധം വേരൂന്നിക്കഴിഞ്ഞിട്ടില്ല. തങ്ങള്‍ രാഷ്ട്രീയ മേലാളന്മാരുടെ പാദസേവകരാണെന്നു പൊലീസിലെ നല്ലൊരു വിഭാഗം ഇപ്പോഴും കരുതുകയാണെന്ന ദുഃഖസത്യം അവശേഷിക്കുകയും ചെയ്യുന്നു. പൊലീസിന്റെ നവീകരണം സംബന്ധിച്ചു വിദഗ്ധസമിതികള്‍ പലതവണ നിര്‍ദേശങ്ങള്‍ നല്‍കുകയുണ്ടായി. 1977ല്‍ നിലവില്‍ വന്ന നാഷനല്‍ പൊലീസ് കമ്മിഷനും തുടര്‍ച്ചയായി ശുപാര്‍ശകള്‍ സമര്‍പ്പിച്ചുപോന്നു. പക്ഷേ, കാര്യമായ നടപടികളൊന്നുമുണ്ടായില്ല.
3. ആരോഗ്യരംഗത്തെ വിപത്‌സൂചനകള്‍ 

നമ്മുടെ സര്‍ക്കാര്‍ ആസ്​പത്രികളില്‍ ഡോക്ടര്‍മാരാകാന്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഭൂരിഭാഗവും സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാത്തവരാണെന്ന പബ്ലിക് സര്‍വീസ് കമ്മീഷന്റെ വിലയിരുത്തല്‍ കേരളത്തിന്റെ ജനാരോഗ്യരംഗം നേരിടാന്‍പോകുന്ന വൈഷമ്യങ്ങളുടെ സൂചനകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഡോക്ടര്‍മാരെ സൃഷ്ടിക്കുന്ന സംവിധാനങ്ങള്‍ക്ക് ഇതില്‍ വലിയപങ്കുണ്ട്. അതാകട്ടെ നമ്മുടെ കലാ, സാമൂഹിക വിഷയങ്ങളെ രണ്ടാംകിടയായി കാണുന്ന വിദ്യാഭ്യാസ സമ്പ്രദായവുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. സാമൂഹിക ഉത്തരവാദിത്വങ്ങളില്‍നിന്നും അകന്നുകൊണ്ടിരിക്കുന്ന പ്രൊഫഷണലുകളുടെ സമൂഹത്തെയാണ് അതിവിടെ വളര്‍ത്തിക്കൊണ്ടുവരുന്നത്. ആരോഗ്യമേഖലയില്‍ അനാശാസ്യമായ പ്രവണതകള്‍ കടന്നുകൂടിയിട്ടുള്ള കാര്യം എല്ലാവര്‍ക്കുമറിയാം. സമൂഹത്തെ ചികിത്സിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക്, തങ്ങള്‍ ആരെയാണ് മുഖാമുഖം കാണേണ്ടതെന്ന് അറിയില്ലെന്ന് വരുന്നത് സങ്കടകരമാണ്.

ജെ.ഡി.യു മോഡിക്കു നേരെ കണ്ണാടി പിടിക്കുന്നു 

ജെ.ഡി.യു മോഡിക്കു നേരെ കണ്ണാടി പിടിക്കുന്നു
മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനോട് എന്‍.ഡി.എ ഘടകകക്ഷിയായ ജനതാദള്‍ (യുനൈറ്റഡ്) വ്യക്തമായിത്തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നു. അതിന്‍െറ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്കുമാറിന്‍െറ അഭിപ്രായം പാര്‍ട്ടി അംഗീകരിച്ചിരിക്കുകയാണ് ഇതുവഴി. വ്യക്തികള്‍ക്കുപരിയായി ചില രാഷ്ട്രീയ നിലപാടുകളോടുള്ള പ്രതികരണമാണിതെന്ന് ജെ.ഡി.യു സൂചിപ്പിച്ചിട്ടുണ്ട്. മതനിരപേക്ഷ രാഷ്ട്രീയത്തിന് പാടില്ലാത്തതെന്തൊക്കെയുണ്ടോ അതിന്‍െറയെല്ലാം പ്രതീകമായി നരേന്ദ്രമോഡിയെ കാണുകയും എന്നാല്‍, പ്രായോഗിക രാഷ്ട്രീയത്തിന്‍െറ പേരില്‍ അദ്ദേഹത്തിന്‍െറ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഒന്നും മിണ്ടാതിരിക്കുകയും ചെയ്യുന്ന മറ്റു കക്ഷികള്‍ക്കുള്ള വ്യക്തമായ സന്ദേശം കൂടി ജെ.ഡി.യുവിന്‍െറ പ്രഖ്യാപനത്തിലുണ്ട്.
വാസ്തവത്തില്‍ പ്രചണ്ഡമായ പ്രചാരണത്തിന്‍െറ സൃഷ്ടി മാത്രമാണ് മോഡിയുടെ മികവും അപ്രമാദിത്വവും. ദേശീയതയുടെ കാവല്‍ക്കാരന്‍, വികസനത്തിന്‍െറ തേരാളി എന്നൊക്കെയാണ് അദ്ദേഹത്തെക്കുറിച്ചുള്ള സ്തുതിപാഠങ്ങള്‍. മൂന്നു തവണ മുഖ്യമന്ത്രിയായ ആളെന്ന നിലക്ക് ഗുജറാത്തില്‍ മോഡി കൊണ്ടുവന്നു എന്നുപറയുന്ന വികസനം വസ്തുനിഷ്ഠമായി പരിശോധിക്കാന്‍ പലരും മുതിരുന്നില്ല എന്നതാണ് അദ്ദേഹത്തിന്‍െറ ഒരു സൗഭാഗ്യം. ‘ഗുജറാത്ത് മോഡല്‍’ ഇന്ത്യക്ക് മാതൃകയാണെന്ന പ്രചാരണം വിശ്വസിച്ചുപോയവരില്‍ നിരക്ഷരര്‍ മാത്രമല്ല, വിദ്യാസമ്പന്നരും ഉണ്ട്. എന്നാല്‍, സമര്‍ഥമായ പ്രചാരണ തന്ത്രങ്ങളുടെ മൂടുപടങ്ങള്‍ പൊളിച്ചുനീക്കിയാല്‍ കാണാനാവുക ശരാശരിയോ അതില്‍ താഴെയോ ആയ ഭരണപാടവമാണ്. ഗുജറാത്ത് ‘വികസനം’ വന്‍ കോര്‍പറേറ്റുകളുടെ മാത്രം വളര്‍ച്ചയാണ്. മുമ്പുതന്നെ വ്യവസായ രംഗത്ത് മുന്നേറിയിരുന്ന ഗുജറാത്തില്‍ മോഡി ഭരണം കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ കുത്തകക്കമ്പനികള്‍ക്ക് അനുകൂലമായവയാണ്. ടാറ്റയുടെ നാനോ ഫാക്ടറി ബംഗാളില്‍നിന്ന് ഓടിക്കപ്പെട്ടപ്പോള്‍ ഗുജറാത്തിലാണ് കുടിയിരുത്തപ്പെട്ടത് -ഭൂമി വിലയില്‍ നല്‍കിയ ഇളവുകള്‍ക്കു പുറമെ 60 ശതമാനത്തിലേറെ നികുതിയൊഴിവുകളോടെ. അംബാനിമാര്‍ക്കും അദാനിമാര്‍ക്കും റൂയിയമാര്‍ക്കും മറ്റും വേറൊരിടത്തും കിട്ടാത്ത പരിഗണന ഗുജറാത്തിലെ സാധാരണക്കാരുടെ ചെലവില്‍ കിട്ടിയപ്പോള്‍ അവര്‍ മോഡിയുടെ സ്തോത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. വരേണ്യര്‍ക്കനുകൂലമായി ഭരണയന്ത്രത്തെ പാകപ്പെടുത്തിയതാണ് മോഡി സൃഷ്ടിച്ച ‘ഗുജറാത്ത് വികസന മോഡല്‍.’
വന്‍ കോര്‍പറേറ്റുകള്‍ക്കു വേണ്ടി മോഡി 17,000 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിന് ഉണ്ടാക്കിയെന്ന് കംട്രോളര്‍-ഓഡിറ്റര്‍ ജനറല്‍ പറയുന്നു. ഇത് സാമ്പത്തിക അസമത്വം വര്‍ധിപ്പിച്ചുവെന്ന് പഠനങ്ങള്‍ കാണിക്കുന്നു. യു.എന്നിന്‍െറ പുതിയ മനുഷ്യ വികസന സൂചിക (എച്ച്.ഡി.ഐ) പ്രകാരം ഗുജറാത്തിന്‍െറ ഗതി താഴോട്ടാണ്: 1995-2005 കാലഘട്ടത്തില്‍, അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ആറാം സ്ഥാനത്തുനിന്ന് ഒമ്പതാം സ്ഥാനത്തേക്ക് അത് വീണു. സാക്ഷരതയുടെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ 18ാമതാണ് ഗുജറാത്ത്. 17 പ്രമുഖ സംസ്ഥാനങ്ങളില്‍ പട്ടിണിയുടെ അളവ് നോക്കിയാല്‍ ഗുജറാത്തിന് 13ാം സ്ഥാനമുണ്ട്. ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളില്‍ പലതും ഇതിനെക്കാള്‍ ഭേദമാണ്. ഗുജറാത്തിലെ ശിശുക്കളില്‍ 45 ശതമാനം പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. ദാരിദ്ര്യത്തിലും ഗുജറാത്ത് ‘മാതൃക’ മികച്ചുനില്‍ക്കുന്നുണ്ട് -അവിടെ ദാരിദ്ര്യ നിര്‍മാര്‍ജനം (2004-2009) വെറും 8.6 ശതമാനമാണ്. ശിശു മരണനിരക്കില്‍ (2010-11) ഇന്ത്യയിലെ 35 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും വെച്ച് ഗുജറാത്ത് ‘ഉയര്‍ന്നു’നില്‍ക്കുന്നു-25ാം സ്ഥാനത്ത്. വിദേശ നിക്ഷേപം ഏറ്റവും കൂടുതല്‍ എത്തുന്നത് ഗുജറാത്തിലാണെന്ന പ്രചാരണവും പൊള്ളയാണ്: മോഡിക്കു കീഴില്‍ അക്കാര്യത്തില്‍ ഗുജറാത്ത് ഏറെ പിന്നോട്ടുപോയി; 2000ത്തോടെ മഹാരാഷ്ട്രയും ദല്‍ഹിയും കര്‍ണാടകയും തമിഴ്നാടും അതിനെ പിന്നിലാക്കി. കൃഷിരംഗത്തും ആ സംസ്ഥാനം തിരിച്ചടി നേരിട്ടിരിക്കുന്നു.
നിതീഷ്കുമാറും ജെ.ഡി.യുവും മോഡിയെ എതിര്‍ക്കുന്നത് മുഖ്യമായും ഇന്ത്യയുടെ മതനിരപേക്ഷത ഉയര്‍ത്തിക്കാട്ടിയാണ്. വളരെ ന്യായവുമാണത്. വികസനത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ പൊള്ളയായിരുന്നില്ലെങ്കില്‍ പോലും ഇത്തരമൊരാളെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി വാഴിക്കുന്നത് രാജ്യത്തെ നശിപ്പിക്കാനേ സഹായിക്കൂ -കാരണം, ജനങ്ങളെ ഭിന്നിപ്പിച്ചും വര്‍ഗീയത കളിച്ചുമാണ് മോഡി ഭരണമുറപ്പിച്ചത്. പാര്‍ട്ടിക്കുള്ളില്‍പോലും അദ്ദേഹത്തിന്‍െറ ഉയര്‍ച്ച വിള്ളലുകളാണുണ്ടാക്കുന്നത്. 2002ലെ വംശീയ കലാപങ്ങള്‍ ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത പാടാണ്; പക്ഷേ, മോഡിക്ക് ഇപ്പോഴും അതേപ്പറ്റി മനസ്താപമില്ല. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലക്ക് കടുത്ത പ്രാദേശിക വികാരമുയര്‍ത്തിയ അദ്ദേഹം പ്രധാനമന്ത്രിക്കസേര മുന്നില്‍ കണ്ട് ഇപ്പോള്‍ ഇന്ത്യയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. വിഭാഗീയതയും വര്‍ഗീയതയും മോഡിയെ അയോഗ്യനാക്കുന്നുവെന്ന വാദം യുക്തിസഹമാണ്. എന്നാല്‍, മോഡിക്ക് പകരം അദ്വാനിയെപ്പോലുള്ളവര്‍ ആകാമെന്ന നിലപാട് വെറും തന്ത്രമല്ലെങ്കില്‍ തികച്ചും അയുക്തികമാണെന്ന് പറയാതെവയ്യ. കാരണം, വര്‍ഗീയതയുടെയും ആപത്കരമായ വിഭാഗീയതയുടെയും കാര്യത്തില്‍ മോഡിയെക്കാള്‍ മെച്ചപ്പെട്ട ഗുണങ്ങളൊന്നും അദ്വാനിയെപ്പോലുള്ളവര്‍ക്കില്ല. അദ്വാനി ഇന്ത്യയൊട്ടാകെ വിതച്ചതാണ് മോഡി ഗുജറാത്തില്‍ കൊയ്തെടുത്തത്.
പൊതുതെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിയിരിക്കെ ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളോടുള്ള പാര്‍ട്ടികളുടെ പ്രതിബദ്ധത പരിശോധിക്കപ്പെടേണ്ടതുണ്ട്. അത്തരമൊരു ചര്‍ച്ചക്ക് തുടക്കമിട്ടത് ജെ.ഡി.യു വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തിന് ചെയ്ത സേവനമാണ്.



പൊലീസ് നവീകരണം വേഗത്തിലാവട്ടെ 
malmanoramalogo
രാജ്യം സ്വതന്ത്രമായി ആറരദശകം കഴിഞ്ഞിട്ടും പൊലീസ് ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്ന ബോധം വേരൂന്നിക്കഴിഞ്ഞിട്ടില്ല. തങ്ങള്‍ രാഷ്ട്രീയ മേലാളന്മാരുടെ പാദസേവകരാണെന്നു പൊലീസിലെ നല്ലൊരു വിഭാഗം ഇപ്പോഴും കരുതുകയാണെന്ന ദുഃഖസത്യം അവശേഷിക്കുകയും ചെയ്യുന്നു. പൊലീസിന്റെ നവീകരണം സംബന്ധിച്ചു വിദഗ്ധസമിതികള്‍ പലതവണ നിര്‍ദേശങ്ങള്‍ നല്‍കുകയുണ്ടായി. 1977ല്‍ നിലവില്‍ വന്ന നാഷനല്‍ പൊലീസ് കമ്മിഷനും തുടര്‍ച്ചയായി ശുപാര്‍ശകള്‍ സമര്‍പ്പിച്ചുപോന്നു. പക്ഷേ, കാര്യമായ നടപടികളൊന്നുമുണ്ടായില്ല. 2006ല്‍ സുപ്രീം കോടതി ഇടപെട്ടതിനു ശേഷം പൊലീസ് നവീകരണത്തെക്കുറിച്ചു ചര്‍ച്ചകള്‍ തുടരെ സജീവമായെങ്കിലും ഇപ്പോഴും വഞ്ചി തിരുനക്കരെ തന്നെ. 


പൊലീസിനു പ്രവര്‍ത്തനസ്വാതന്ത്യ്രം ഉറപ്പുവരുത്താന്‍ സംസ്ഥാന തലത്തില്‍ സുരക്ഷാ കമ്മിഷന്‍ രൂപവല്‍ക്കരിക്കുക എന്നതായിരുന്നു സുപ്രീം കോടതി നല്‍കിയ പ്രധാന നിര്‍ദേശം. ഈ സമിതി മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവല്‍ക്കരിക്കണം, പൊലീസ് സേനാംഗങ്ങളെ വിലയിരുത്തണം, അവരെ സംബന്ധിച്ച പരാതികള്‍ അന്വേഷിക്കണം, പൊലീസ് മേധാവി ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥരെ സമിതി തിരഞ്ഞെടുക്കുകയും അവരെ ഒരേ പദവിയില്‍ നാലുവര്‍ഷമെങ്കിലും തുടരാന്‍ അനുവദിക്കുകയും വേണം - ഇവയായിരുന്നു സുപ്രീം കോടതി നല്‍കിയ മറ്റു നിര്‍ദേശങ്ങള്‍.

ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു നിയമവാഴ്ച ഉറപ്പാക്കാനും ജനങ്ങള്‍ക്കു സംരക്ഷണം നല്‍കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പലതവണ സംസ്ഥാനങ്ങള്‍ക്കു കത്തെഴുതിയിട്ടും ഒരു സംസ്ഥാനവും കാര്യമായ നടപടിയെടുത്തില്ല. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചു നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളില്‍ ശക്തമായ സമ്മര്‍ദംചെലുത്താന്‍ പൊതുജനാഭിപ്രായം ഉയരാത്തതും നവീകരണത്തിനു തടസ്സമായി. സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചതും ഉത്തര്‍പ്രദേശില്‍ കുറ്റവാളികളായ രാഷ്ട്രീയക്കാര്‍ക്കെതിരെ ധീരമായി ഇറങ്ങിത്തിരിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വധിക്കപ്പെട്ടതും പൊലീസിന്റെ തന്നെ അതിക്രമങ്ങളുമാണ് ഇപ്പോള്‍ പൊലീസ് നവീകരണത്തെപ്പറ്റി ചിന്തിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നതെന്നു കരുതണം.   

നിയമവാഴ്ച ഇപ്പോള്‍ പുതിയ വെല്ലുവിളികള്‍ നേരിടുകയാണെന്നും ഉത്തരവാദിത്തബോധമുള്ള സുതാര്യമായ പൊലീസ് സേനയ്ക്കായുള്ള മുറവിളി ശക്തിപ്പെടുകയാണെന്നും നിയമവാഴ്ചയെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ ഇന്നലെ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ചൂണ്ടിക്കാട്ടുകയുണ്ടായി. വീരപ്പ മൊയ്ലി അധ്യക്ഷനായി രൂപവല്‍ക്കരിച്ച ഭരണപരിഷ്കാര സമിതിയുടെ റിപ്പോര്‍ട്ടിലെ പൊലീസ് പരിഷ്കരണ ശുപാര്‍ശകളിലും സംസ്ഥാനങ്ങള്‍ വേണ്ടവിധം പ്രതികരിച്ചില്ലെന്ന ഷിന്‍ഡെയുടെ പ്രസ്താവന ഇക്കാര്യത്തിലെ സംസ്ഥാനങ്ങളുടെ വൈമുഖ്യം ഒന്നുകൂടി പ്രകടമാക്കുന്നു. ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മാത്രമാണു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതെന്നതും ശ്രദ്ധേയമാണ്.  

ഭരണപരിഷ്കാര സമിതിയുടെ 165 ശുപാര്‍ശകളില്‍ 153 എണ്ണവും സംസ്ഥാനങ്ങളാണു നടപ്പാക്കേണ്ടത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം ക്രമസമാധാന പാലനവും പൊലീസിന്റെ ചുമതലയും സംസ്ഥാന സര്‍ക്കാരുകള്‍ക്കു തന്നെ. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് ഇതില്‍ ഒരു പങ്കുമില്ലെന്നു പറയാനാവില്ല. ഇപ്പോഴും ഡല്‍ഹി സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊലീസിന്റെ നിയന്ത്രണം കേന്ദ്രത്തിന്റെ കൈകളിലാണ്. കേന്ദ്രസര്‍ക്കാരിന്റെ കൂടി സഹായത്തോടെ മാത്രമേ പല ശുപാര്‍ശകളും നടപ്പാക്കാന്‍ കഴിയൂ. 

കേരളത്തിലും പൊലീസ് നവീകരണത്തിനു ചില ഒറ്റപ്പെട്ട ശ്രമങ്ങളേ ഉണ്ടായിട്ടുള്ളൂ. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്നത്തെ സുപ്രീം കോടതി ജഡ്ജി കെ.ടി. തോമസ് അധ്യക്ഷനായി ഒരു സമിതി രൂപവല്‍ക്കരിക്കുകയുണ്ടായി. ഈ സമിതിയുടെ ശുപാര്‍ശകളില്‍ ജനമൈത്രി പൊലീസ് പോലെ ഏതാനും ചിലതു മാത്രമേ നടപ്പാക്കിയിട്ടുള്ളൂ. കേരളത്തിലും പൊലീസില്‍ ക്രിമിനല്‍വല്‍ക്കരണം വ്യാപകമായിട്ടുണ്ടുതാനും. 

ഉത്തരവാദിത്തവും ചുമതലകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസ് സേനയെ നവീകരിച്ചില്ലെങ്കില്‍ അവര്‍ക്കു ഫലപ്രദമായി പ്രവര്‍ത്തിക്കാനാവില്ല. കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും കൂടിയാലോചിച്ചു ശുപാര്‍ശകള്‍ എത്രയുംവേഗം പ്രയോഗത്തില്‍ വരുത്തുകയാണു വേണ്ടത്.

ആരോഗ്യരംഗത്തെ വിപത്‌സൂചനകള്‍ 

Newspaper Edition
നമ്മുടെ സര്‍ക്കാര്‍ ആസ്​പത്രികളില്‍ ഡോക്ടര്‍മാരാകാന്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഭൂരിഭാഗവും സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാത്തവരാണെന്ന പബ്ലിക് സര്‍വീസ് കമ്മീഷന്റെ വിലയിരുത്തല്‍ കേരളത്തിന്റെ ജനാരോഗ്യരംഗം നേരിടാന്‍പോകുന്ന വൈഷമ്യങ്ങളുടെ സൂചനകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഡോക്ടര്‍മാരെ സൃഷ്ടിക്കുന്ന സംവിധാനങ്ങള്‍ക്ക് ഇതില്‍ വലിയപങ്കുണ്ട്. അതാകട്ടെ നമ്മുടെ കലാ, സാമൂഹിക വിഷയങ്ങളെ രണ്ടാംകിടയായി കാണുന്ന വിദ്യാഭ്യാസ സമ്പ്രദായവുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. സാമൂഹിക ഉത്തരവാദിത്വങ്ങളില്‍നിന്നും അകന്നുകൊണ്ടിരിക്കുന്ന പ്രൊഫഷണലുകളുടെ സമൂഹത്തെയാണ് അതിവിടെ വളര്‍ത്തിക്കൊണ്ടുവരുന്നത്. ആരോഗ്യമേഖലയില്‍ അനാശാസ്യമായ പ്രവണതകള്‍ കടന്നുകൂടിയിട്ടുള്ള കാര്യം എല്ലാവര്‍ക്കുമറിയാം. സമൂഹത്തെ ചികിത്സിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക്, തങ്ങള്‍ ആരെയാണ് മുഖാമുഖം കാണേണ്ടതെന്ന് അറിയില്ലെന്ന് വരുന്നത് സങ്കടകരമാണ്.


അസിസ്റ്റന്റ് സര്‍ജന്‍ നിയമനത്തിനായി കേരളത്തിലുടനീളം അഭിമുഖം നടത്തി റാങ്കുപട്ടിക പ്രസിദ്ധീകരിച്ചശേഷം പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഭാവികേരളം നേരിടാനിരിക്കുന്ന അപായസൂചനകളുള്ളത്. 3913 പേരെ അഭിമുഖത്തിന് വിധേയമാക്കിയതില്‍നിന്ന് 3440 പേരുടെ റാങ്ക് പട്ടികയാണ് പി.എസ്.സി. പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതില്‍ 95 പേര്‍ റഷ്യ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും 180 പേര്‍ ചൈനയില്‍നിന്നും ബാക്കിയുള്ള 3165 പേര്‍ ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്നുമാണ് ബിരുദം നേടിയത്. വിദേശത്ത് പഠിച്ച ചിലര്‍ക്കും ചില സ്വാശ്രയ കോളേജുകളില്‍നിന്ന് പുറത്തുവന്നവര്‍ക്കും വേണ്ടത്ര ക്ലിനിക്കല്‍ അനുഭവം പോലുമില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഏറ്റവും ഞെട്ടിക്കുന്ന വിവരം സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ ഡോക്ടര്‍മാരാകാന്‍ ഇല്ലെന്ന വസ്തുതയാണ്. ഉപരിവര്‍ഗക്കാരും ഉപരി മധ്യവര്‍ഗക്കാരുമാണ് ഡോക്ടര്‍മാരായി വരുന്നവരില്‍ കൂടുതലും. ഇങ്ങനെ പട്ടികയില്‍ എത്തുന്നവര്‍ ഭൂരിഭാഗവും സാമൂഹിക ജീവിതയാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാത്തവരാണെന്ന പി.എസ്.സി.യുടെ കണ്ടെത്തലില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. കാരണം ലക്ഷങ്ങള്‍ ചെലവിട്ട് ഡോക്ടര്‍മാരാകുന്നവരുടെ പ്രാഥമികപരിഗണന ആ തുക തിരിച്ചുപിടിക്കുകയെന്നതാകുമ്പോള്‍ ജനാരോഗ്യമെന്നത് ഒരു പരിഗണനയേ അല്ലാതായിമാറും. മരുന്നുഗവേഷണ രംഗത്തെന്നപോലെ ചികിത്സാ രംഗത്തും ആവശ്യമുള്ള സാങ്കേതികവിദ്യയ്ക്കു വേണ്ടിയുള്ള നിക്ഷേപം മരുന്നിനും ചികിത്സയ്ക്കും നല്‍കേണ്ട വിലയായി രോഗികളില്‍നിന്നും എന്തുവിധേനയും ഈടാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം കച്ചവടവത്കരിക്കപ്പെട്ട ചികിത്സാരംഗത്തിന്റെ ദുര്‍വിധികളിലൊന്നാണ്. ഡോക്ടര്‍മാരില്‍ പലരും മെഡിക്കല്‍ ജേണലുകള്‍ പോലും വായിക്കുന്ന പതിവില്ലെന്നുമൊക്കെയുള്ള പി.എസ്.സി.യുടെ നിരീക്ഷണങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസ, ചികിത്സാരംഗങ്ങള്‍ നേരിടുന്ന അപചയങ്ങളുടെ സ്വാഭാവികഫലം മാത്രമായേ കാണാനാവൂ.

പൊതുവിജ്ഞാനം എം.ബി.ബി.എസ്. കരിക്കുലത്തിന്റെ ഭാഗമാക്കിമാറ്റണമെന്ന നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ക്ക് സാമൂഹികബോധമുണ്ടാക്കാനുള്ള പി.എസ്.സി.യുടെ ശുപാര്‍ശ. എന്നാല്‍, മെഡിക്കല്‍ വിദ്യാഭ്യാസമെന്നത് വന്‍കിട മൂലധനം ആവശ്യപ്പെടുന്ന ഒരു സമ്പ്രദായമായി മാറിക്കഴിഞ്ഞ അവസ്ഥയില്‍ സാമൂഹികബോധമെന്നത് കൃത്രിമമായി വെച്ചുപിടിപ്പിക്കാന്‍ കഴിയുന്ന ഒന്നാണെന്ന് വിചാരിക്കാനാവില്ല. ഇപ്പോള്‍ത്തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ സുരക്ഷിതത്വം ഉറപ്പാക്കിയശേഷം അവധിയില്‍ സ്വകാര്യമേഖലയില്‍ പണിയെടുത്ത് പണം സമ്പാദിക്കാനാണ് പല ഡോക്ടര്‍മാര്‍ക്കും താത്പര്യം. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിന് മുന്‍പുപോലും യുവഡോക്ടര്‍മാര്‍ക്ക് പൊതുജനങ്ങളോടുള്ള മനോഭാവം തൃപ്തികരമല്ലെന്ന് പി.എസ്.സി. ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തിനെയും ലാഭ-നഷ്ടങ്ങളുടെ കച്ചവടക്കണ്ണില്‍ കാണുമ്പോള്‍ നമ്മുടെ നാട്ടിലെ പാവങ്ങളാണ് ഒരിക്കലും മതിയായ ചികിത്സലഭ്യമാവാത്ത നിലയിലേക്ക് പുറന്തള്ളപ്പെടുക. അത്യന്തം ഗുരുതരവും സ്‌ഫോടനാത്മകവുമായ സ്ഥിതിവിശേഷമാണ് അത് നമ്മുടെ ആരോഗ്യരംഗത്തും സമൂഹത്തിലുമുണ്ടാക്കുക. ഇത് പരിഹരിക്കാന്‍ പി.എസ്.സി.യുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് അടിയന്തരമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തേതുണ്ട്. എഴുത്തുപരീക്ഷ നടത്താതെ തയ്യാറാക്കിയ ഡോക്ടര്‍മാരുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യോഗ്യതയില്ലാത്ത ഡോക്ടര്‍ മാരെ അത് സര്‍വീസിലെത്തിക്കുമെന്നാണ് അവരുടെ നിലപാട്. എന്നാല്‍, പട്ടിക റദ്ദാക്കാനാവില്ലെന്നാണ് പി.എസ്.സി.യുടെ മറുപടി. സര്‍ക്കാറാകട്ടെ പി.എസ്.സി. റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വൈകിയെത്തുന്ന ഏത് തീരുമാനവും നീതിനിഷേധിക്കുന്നതിന് തുല്യമായിരിക്കും.

No comments:

Post a Comment