മുഖപ്രസംഗം April 12 - 2013
1. കരുത്തോടെ മലയാളം വിക്കി (മാധ്യമം)
2001 ജൂണ്‍ 15ന് അമേരിക്കക്കാരായ ജിമ്മി വെയില്‍സിന്‍െറയും ലാറി സാങ്ങറിന്‍െറയും നേതൃത്വത്തില്‍ തുടക്കംകുറിച്ച ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. 286 ഭാഷകളിലായി 26 മില്യന്‍ ലേഖനങ്ങളുടെ മഹാസമാഹാരമാണ് ഇന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആറാമത്തെ വെബ്സൈറ്റ്. ഇംഗ്ളീഷില്‍ മാത്രം 4.2 മില്യന്‍ ലേഖനങ്ങളുള്ള വിക്കിപീഡിയക്ക് ഒരു ലക്ഷം ലേഖകരുള്ളതായാണ് കണക്കാക്കപ്പെടുന്നത്. ഒരു വിഷയത്തെക്കുറിച്ച് ഒരു ലേഖകന്‍ നല്‍കുന്ന വിവരങ്ങളാണ് സാധാരണ വിജ്ഞാനകോശങ്ങളില്‍ ഉണ്ടാവുക. അതില്‍നിന്ന് ഭിന്നമായി, ആര്‍ക്കും വിവരങ്ങള്‍ നല്‍കാനും തിരുത്താനും സാധിക്കുന്നുവെന്നതാണ് വിക്കിപീഡിയയുടെ ഏറ്റവും വലിയ പ്രസക്തി.
2. സിഖ്‌വിരുദ്ധലഹള, വിടാതെ പിന്നാലെ (മാതൃഭൂമി)
ഇന്ദിരാഗാന്ധിയുടെ ദാരുണമായ കൊലയും തുടര്‍ന്ന് ഡല്‍ഹിയില്‍ സിഖുകാര്‍ക്ക് നേരേയുണ്ടായ അതിക്രമങ്ങളും നടന്നിട്ട് മുപ്പതുവര്‍ഷമാവുകയാണെങ്കിലും ഇപ്പോഴും ആ സംഭവങ്ങളുടെ അനുരണനങ്ങള്‍ അവസാനിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കിക്കൊണ്ട് അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വീണ്ടും പൊതുജനശ്രദ്ധയിലേക്ക് വന്നിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് ടൈറ്റ്‌ലറും സജ്ജന്‍കുമാറും ഉള്‍പ്പെട്ട് രണ്ടു കേസുകളാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലിരിക്കുന്നത്. മുന്‍കേന്ദ്രമന്ത്രിയായ ജഗദീഷ് ടൈറ്റ്‌ലര്‍ക്ക് എതിരെയുള്ള കേസ് വീണ്ടും അന്വേഷിക്കാന്‍ ഡല്‍ഹിയിലെ ഒരു സെഷന്‍സ് കോടതി ഉത്തരവിട്ടിരിക്കയാണ്.
കരുത്തോടെ മലയാളം വിക്കി
2001 ജൂണ്‍ 15ന് അമേരിക്കക്കാരായ ജിമ്മി വെയില്‍സിന്‍െറയും ലാറി സാങ്ങറിന്‍െറയും നേതൃത്വത്തില്‍ തുടക്കംകുറിച്ച ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. 286 ഭാഷകളിലായി 26 മില്യന്‍ ലേഖനങ്ങളുടെ മഹാസമാഹാരമാണ് ഇന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആറാമത്തെ വെബ്സൈറ്റ്. ഇംഗ്ളീഷില്‍ മാത്രം 4.2 മില്യന്‍ ലേഖനങ്ങളുള്ള വിക്കിപീഡിയക്ക് ഒരു ലക്ഷം ലേഖകരുള്ളതായാണ് കണക്കാക്കപ്പെടുന്നത്. ഒരു വിഷയത്തെക്കുറിച്ച് ഒരു ലേഖകന്‍ നല്‍കുന്ന വിവരങ്ങളാണ് സാധാരണ വിജ്ഞാനകോശങ്ങളില്‍ ഉണ്ടാവുക. അതില്‍നിന്ന് ഭിന്നമായി, ആര്‍ക്കും വിവരങ്ങള്‍ നല്‍കാനും തിരുത്താനും സാധിക്കുന്നുവെന്നതാണ് വിക്കിപീഡിയയുടെ ഏറ്റവും വലിയ പ്രസക്തി. അതിനാല്‍തന്നെ, എപ്പോഴും സജീവമായി നില്‍ക്കുന്നു ആ വെബ്സൈറ്റ്. ലോകത്തെ ഏറ്റവും വലിയ റഫറന്‍സ് ലൈബ്രറിയായി ചുരുങ്ങിയ കാലംകൊണ്ട് അത് മാറിക്കഴിഞ്ഞു.
വൈജ്ഞാനിക രാഷ്ട്രീയത്തെക്കുറിച്ച ചര്‍ച്ചയില്‍ നിര്‍ണായക പദവിയാണ് വിക്കിപീഡിയക്കുള്ളത്. അറിവിന്‍െറ കുത്തകവത്കരണത്തിനെതിരെയുള്ള പ്രായോഗിക ചെറുത്തുനില്‍പായി അതിനെ കാണാം. ഒപ്പം, ജനകീയമായ വൈജ്ഞാനിക പങ്കുവെപ്പിന്‍െറ സംസ്കാരംകൂടിയാണ് വിക്കി പ്രതിനിധാനം ചെയ്യുന്നത്. തടിയന്‍ പുസ്തകങ്ങളുടെ ലോകത്തെ മടുത്തവര്‍ക്കുള്ള ആശ്വാസകേന്ദ്രം കൂടിയാണ് വിക്കി. പേര് സൂചിപ്പിക്കുന്നതുപോലെ, ഒരു വിഷയത്തെക്കുറിച്ച് പൊടുന്നനെ സംവാദാത്മകമായ വിവരങ്ങള്‍ നല്‍കുന്നുവെന്നതാണ് അതിന്‍െറ ആകര്‍ഷണം.
വിക്കിപീഡിയയുടെ മലയാളം എഡിഷന്‍ 2002 ഡിസംബര്‍ 21നാണ് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം, മുപ്പതിനായിരത്തിലേറെ ലേഖനങ്ങള്‍ മലയാളം വിക്കിപീഡിയയില്‍ പ്രസിദ്ധീകരിക്കപ്പെട്ടുകഴിഞ്ഞു. ഏതെങ്കിലും വിഷയത്തില്‍ വെറുതെയൊരു ലേഖനം പ്രസിദ്ധീകരിക്കുന്നതിന് പകരം, വിശദ വിവരങ്ങളും തിരുത്തലുകളും (പേജ് ഡെപ്ത്) കൊണ്ട് സമ്പന്നമാണ് മലയാളം വിക്കിപീഡിയ. ഇംഗ്ളീഷ് കഴിഞ്ഞാല്‍ ഏറ്റവും പേജ് ഡെപ്ത് ഉള്ള വിക്കിപീഡിയ വെബ്സൈറ്റ് മലയാളം ആണെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യന്‍ ഭാഷകളില്‍ ബംഗാളി വിക്കി, ലേഖനങ്ങളുടെ എണ്ണത്തിന്‍െറ കാര്യത്തില്‍ മലയാളത്തേക്കാള്‍ ഏറെ മുന്നിലാണെങ്കിലും പേജ് ഡെപ്ത് ഒട്ടുമില്ലാത്ത, എണ്ണം കൂട്ടാന്‍ വേണ്ടിയുള്ള കൊച്ചുകൊച്ചു ലേഖന തലക്കെട്ടുകളുടെ സമാഹാരം മാത്രമാണ്.
വിജ്ഞാനതല്‍പരരും കര്‍മോത്സുകരുമായ മലയാളി ചെറുപ്പക്കാരാണ് മലയാളം വിക്കിപീഡിയയെ ഈ വിധം സമ്പന്നമാക്കിയത്. തീര്‍ത്തും സൗജന്യസേവനമെന്ന നിലക്കാണ് അവര്‍ അതിലെ ലേഖനങ്ങള്‍ തയാറാക്കിയത്. മലയാളത്തിന്‍െറ വളര്‍ച്ചയെക്കുറിച്ച് നമ്മുടെ രാഷ്ട്രീയക്കാരും നിയമസഭയുമൊക്കെ കിടിലന്‍ ബഡായികള്‍ വിട്ടുകൊണ്ടിരുന്ന സന്ദര്‍ഭത്തില്‍തന്നെയാണ്, ഭരണകൂടത്തിന്‍െറ പ്രത്യേകമായ പ്രോത്സാഹനമോ പിന്തുണയോ ഇല്ലാതെതന്നെ, മലയാള ഭാഷയെ സൈബര്‍ ലോകത്ത് സജീവമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മലയാളി ചെറുപ്പക്കാര്‍ സജീവമായതെന്നത് അഭിമാനകരമായ കാര്യമാണ്. നമ്മുടെ ഭാഷയെ സൈബര്‍ ലോകത്തും സജീവമായ വ്യവഹാര ഭാഷയാക്കുന്നതില്‍ അത് വഹിച്ച പങ്ക് വളരെ വലുതാണ്. അജ്ഞാതരായ ആ ചെറുപ്പക്കാരെ അതിനാല്‍ നാം അഭിവാദ്യം ചെയ്യുക.
മലയാളം വിക്കിയുടെ കുതിപ്പിന്‍െറ വാര്‍ത്തകള്‍ വന്ന ദിവസം തന്നെയാണ് സമാനമായ മറ്റൊരു സന്തോഷവാര്‍ത്തയും പുറത്തുവന്നത്. ഓപണ്‍ സോഴ്സുകളും സ്വതന്ത്ര സോഫ്റ്റ്വെയറുകളും വികസിപ്പിക്കുന്നവര്‍ക്കുവേണ്ടി ഗൂഗ്ള്‍ എല്ലാ വര്‍ഷവും നടത്താറുള്ള സമ്മര്‍ കോഡ് പ്രോജക്ടിന്‍െറ സഹായക സംഘടനയായി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ തെരഞ്ഞെടുത്തതാണ് ആ വാര്‍ത്ത. ഇന്‍റര്‍നെറ്റില്‍ മലയാളത്തെ സജീവമാക്കിയ മലയാളം യൂനിക്കോഡ് ജനകീയവത്കരിക്കുകയും ലളിതമാക്കുകയും ചെയ്ത സംഘമാണ് ഇവര്‍. ഓര്‍ക്കുക, അതും നമ്മുടെ ചെറുപ്പക്കാരുടെ അധ്വാനമേറിയ ഒരു മുന്‍കൈ ആയിരുന്നു. മലയാള ഭാഷക്കുവേണ്ടി ഫണ്ടുകള്‍ ഒപ്പിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്‍െറ സംഭാവനയായിരുന്നില്ല അത്. ചെറുപ്പക്കാര്‍ക്കൊന്നും മലയാളത്തില്‍ താല്‍പര്യമില്ല, ഹോ, മാതൃഭാഷ മരിച്ചുകൊണ്ടിരിക്കുകയാണ് എന്നൊക്കെ വൃദ്ധ സാംസ്കാരികത പായാരം പറയുന്നതിനിടയിലാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് മനസ്സിലാക്കുക. സൈബര്‍ ലോകത്ത് നമ്മുടെ ഭാഷയെ ജീവസ്സുറ്റതാക്കി നിലനിര്‍ത്തുന്ന മുഴുവന്‍ വിവര പോരാളികളെയും ഈ സന്ദര്‍ഭത്തില്‍ അഭിവാദ്യം ചെയ്യുന്നു.
സിഖ്‌വിരുദ്ധലഹള, വിടാതെ പിന്നാലെ
ഇന്ദിരാഗാന്ധിയുടെ ദാരുണമായ കൊലയും തുടര്‍ന്ന് ഡല്‍ഹിയില്‍ സിഖുകാര്‍ക്ക് നേരേയുണ്ടായ അതിക്രമങ്ങളും നടന്നിട്ട് മുപ്പതുവര്‍ഷമാവുകയാണെങ്കിലും ഇപ്പോഴും ആ സംഭവങ്ങളുടെ അനുരണനങ്ങള്‍ അവസാനിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കിക്കൊണ്ട് അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വീണ്ടും പൊതുജനശ്രദ്ധയിലേക്ക് വന്നിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് ടൈറ്റ്‌ലറും സജ്ജന്‍കുമാറും ഉള്‍പ്പെട്ട് രണ്ടു കേസുകളാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലിരിക്കുന്നത്. മുന്‍കേന്ദ്രമന്ത്രിയായ ജഗദീഷ് ടൈറ്റ്‌ലര്‍ക്ക് എതിരെയുള്ള കേസ് വീണ്ടും അന്വേഷിക്കാന്‍ ഡല്‍ഹിയിലെ ഒരു സെഷന്‍സ് കോടതി ഉത്തരവിട്ടിരിക്കയാണ്. ടൈറ്റ്‌ലര്‍ക്ക് എതിരെ തെളിവില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നുമായിരുന്നു കേസ് അന്വേഷിച്ച സി.ബി.ഐ.യുടെ നിലപാട്. സി.ബി.ഐ.യുടെ ഈ റിപ്പോര്‍ട്ട് മജിസ്‌ട്രേട്ട്‌കോടതി സ്വീകരിക്കുകയുണ്ടായി. ഇത് ചോദ്യംചെയ്ത്, ലഹളയില്‍ കൊലചെയ്യപ്പെട്ട ബാദല്‍ സിങ്ങിന്റെ ഭാര്യ ലഖ്‌വീന്ദര്‍ കൗര്‍ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് സെഷന്‍സ് കോടതിയുടെ ഉത്തരവ്. സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ ചൂണ്ടിക്കാണിച്ച ചിലരുടെ മൊഴി എടുത്തിട്ടില്ല എന്നതുപോലുള്ള സാങ്കേതികമായ ചില കാരണങ്ങളുടെ പേരിലാണ് കോടതി വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുള്ളതെങ്കിലും ഇത് സി.ബി.ഐ.ക്ക് തിരിച്ചടിയാണ്. അതുപോലെ ഇപ്പോള്‍ എ.ഐ.സി.സി.യില്‍ ഒഡിഷയുടെ ചുമതലവഹിക്കുന്ന ടൈറ്റ്‌ലറുടെ രാഷ്ട്രീയഭാവിയെയും ഇത് ബാധിക്കും. അതേസമയം, ഇത് സി.ബി.ഐ.യും ഹര്‍ജിക്കാരിയും തമ്മിലുള്ള പ്രശ്‌നമാണെന്നാണ് ടൈറ്റ്‌ലറുടെ നിലപാട്. 2007-ല്‍ കേസ് അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ട് സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്ന് അത് സ്വീകരിക്കുകയുണ്ടായില്ല. 2009-ല്‍ ഇതേ തരത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് സ്വീകരിക്കപ്പെട്ടതും തുടര്‍ന്ന് ഇപ്പോള്‍ ഹര്‍ജിയെത്തുടര്‍ന്ന് നിരാകരിക്കപ്പെട്ടതും.
1984 ഒക്ടോബര്‍ 31-ന് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമുണ്ടായ ആസൂത്രിതമായ ലഹളയില്‍ രണ്ടായിരത്തിഎഴുനൂറോളം സിഖുകാര്‍ കൊല ചെയ്യപ്പെടുകയുണ്ടായി. ഒരു ഗുരുദ്വാരയില്‍ അഭയം തേടിയ മൂന്നുപേര്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ ടൈറ്റ്‌ലര്‍ ജനക്കൂട്ടത്തെ ഇളക്കിവിട്ടു എന്നാണ് കേസ്. അന്ന് പാര്‍ലമെന്റ് അംഗമായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിനുശേഷം '85-ല്‍ രാജീവ്ഗാന്ധി സര്‍ക്കാറില്‍ മന്ത്രിയുമായി. ലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മീഷന്‍ പേരെടുത്തു പറഞ്ഞതിനെത്തുടര്‍ന്ന് 2005-ല്‍ ടൈറ്റ്‌ലര്‍ക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. എന്‍.ഡി.എ. സര്‍ക്കാര്‍ രണ്ടായിരാമാണ്ടില്‍ നിയോഗിച്ച നാനാവതി കമ്മീഷന്‍ ടൈറ്റ്‌ലര്‍ക്കും സജ്ജന്‍കുമാറിനുമെതിരെ കേസ് രജിസ്റ്റര്‍ചെയ്യണമെന്ന് ശുപാര്‍ശചെയ്തിരുന്നു. നവംബര്‍ ഒന്നിന് സംഭവസ്ഥലത്ത് ടൈറ്റ്‌ലര്‍ ഉണ്ടായിരുന്നതിന് തെളിവില്ല എന്നതാണ് കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐ. കാരണമായി പറഞ്ഞിരുന്നത്.
കോണ്‍ഗ്രസ് എം.പി.യായിരുന്ന സജ്ജന്‍ കുമാറിനെതിരെയുള്ള കേസില്‍ മറ്റൊരു സെഷന്‍സ് കോടതിയില്‍ വാദം
പൂര്‍ത്തിയായിട്ടുണ്ട്. അടുത്തുതന്നെ ഈ കേസില്‍ വിധിപറയും. അതിനുമുമ്പായി, ആവശ്യമെങ്കില്‍ ഏപ്രില്‍ 16-ന് ഇരുഭാഗത്തിന്റെയും വിശദീകരണം കേള്‍ക്കും. മറ്റ് അഞ്ചു പേര്‍കുടി ഈ കേസില്‍ പ്രതികളാണ്. ഡല്‍ഹി കന്റോണ്‍മെന്റിനു സമീപം രാജ്‌നഗറില്‍ അഞ്ച് സിഖുകാര്‍ കൊല ചെയ്യപ്പെട്ട കേസാണിത്. കുറ്റത്തിന്റെ വൈപുല്യവും സ്വഭാവവും കണക്കിലെടുക്കുമ്പോള്‍ ഒരു വലിയ ഗൂഢാലോചന ഇതിനുപിന്നില്‍ നടന്നിട്ടുണ്ടെന്ന് സി.ബി.ഐ. വാദിക്കുകയുണ്ടായി.
ടൈറ്റ്‌ലര്‍ക്കെതിരെയുള്ള കോടതിവിധിയെ ശിരോമണി അകാലിദളും ബി.ജെ.പി.യും സ്വാഗതം ചെയ്തിട്ടുണ്ട്. കേസിന്റെ തുടര്‍ന്നുള്ള ഗതിവിഗതികള്‍ ഒരു രാഷ്ട്രീയതര്‍ക്കത്തിന് വഴിതുറന്നേക്കാമെന്ന് ഇത് കാണിക്കുന്നു. തത്കാലം എന്തെങ്കിലും നടപടിയെടുക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ്സ് ആലോചിക്കുന്നില്ല. എങ്കിലും കോടതിവിധികള്‍ വരുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ ഉറച്ചൊരു തീരുമാനം കോണ്‍ഗ്രസിന് കൈക്കൊള്ളേണ്ടിവരും വിശേഷിച്ചും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ. കേസുകള്‍ സ്വതന്ത്രമായി അന്വേഷിക്കുന്നതില്‍ സി.ബി.ഐ.ക്കുള്ള ശക്തിയും ദൗര്‍ബല്യവും കൂട്ടത്തില്‍ ചര്‍ച്ചാവിഷയമാവുന്നുണ്ട്. ടൈറ്റ്‌ലറും സജ്ജന്‍കുമാറും ഉള്‍പ്പെട്ട രണ്ടു കേസുകളും അന്വേഷിച്ചത് സി.ബി.ഐ.തന്നെയാണ്. ഇതിലൊന്നില്‍ കോടതിയുടെ വിമര്‍ശനത്തിന് ഈ അന്വേഷണ ഏജന്‍സി പാത്രമായി. മറ്റേതില്‍ അങ്ങനെയുണ്ടായില്ല. എന്നാലും രാഷ്ട്രീയമേലാളന്മാരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് , ഭരിക്കുന്നവരുടെ ഒരുപകരണമായി സി.ബി.ഐ. ഏജന്‍സി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമാവുന്ന ഒരു സാഹചര്യം നിലനില്‍ക്കുന്നുണ്ട്.
No comments:
Post a Comment