Thursday, April 18, 2013

മുഖപ്രസംഗം April 18 - 2013

മുഖപ്രസംഗം April 18 - 2013


1. പൊന്നിന്‍െറ തിളക്കം കുറയുമ്പോള്‍ (മാധ്യമം)
സ്വര്‍ണവിലയിലുണ്ടായ വന്‍ ഇടിവ് വിപണിയില്‍ കടുത്ത ആശങ്ക വിതക്കുമ്പോള്‍ ഉപഭോക്താക്കളില്‍ ആഹ്ളാദം നിറയുകയാണ്. ഈ മാസം മാത്രം പവന് 2440 രൂപയാണ് കുറഞ്ഞത്. ജനുവരിയില്‍ പവന് 23,040 രൂപയുണ്ടായിരുന്നത് ചൊവ്വാഴ്ച 19,800 രൂപയിലേക്ക് മുതലക്കൂപ്പ് നടത്തി. ചൊവ്വാഴ്ചമാത്രം പവന് 1000 രൂപ കുറഞ്ഞത് പലര്‍ക്കും അവിശ്വസനീയമായി തോന്നി. ഇതിനുമുമ്പ് ഇമ്മട്ടിലുള്ള വിലയിടിവ് ഉണ്ടായിട്ടില്ല എന്നതാണ് കാരണം. പതിനൊന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവിലയിപ്പോള്‍. വിലയിടിവ് ഇവിടംകൊണ്ട് അവസാനിക്കാന്‍ പോകുന്നില്ല എന്നാണ് ഈ രംഗത്തുള്ള പലരും പ്രവചിക്കുന്നത്. 
2. അഭിമാനമായി മലയാളം വിക്കി (മാതൃഭൂമി)
മലയാളം വിക്കിപീഡിയിലെ ലേഖനങ്ങളുടെ എണ്ണം മുപ്പതിനായിരം കവിഞ്ഞ് വളര്‍ന്നിരിക്കുന്നു എന്ന വിവരം മലയാളത്തിന് ലഭിച്ച വിഷുക്കൈനീട്ടമാണ്. സൈബര്‍ലോകത്തെ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളംപതിപ്പാണ് മലയാളം വിക്കി. ഏതുകാര്യത്തെക്കുറിച്ചുമുള്ള അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ലോകമെങ്ങുമുള്ള വിജ്ഞാനദാഹികള്‍ ആദ്യം അന്വേഷിക്കുന്ന വിജ്ഞാനകോശമാണ് വിക്കിപീഡിയ. 286 ഭാഷകളില്‍ വിക്കിപീഡിയ ഉണ്ട്. ഇതിലെല്ലാംകൂടി ഏതാണ്ട് 260 ലക്ഷം ലേഖനങ്ങളുള്ളതായി കണക്കാക്കുന്നു.
3. ശുഭ്രസേവനത്തിന് അംഗീകാരം (മനോരമ) 
കാലത്തിനൊത്തു സേവന - വേതന പരിഷ്കാരങ്ങള്‍ കടന്നുവരാത്ത സ്വകാര്യ നഴ്സിങ് മേഖലയുടെ വേദനയും കഷ്ടപ്പാടും തിരിച്ചറിയാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകി. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കു കുറഞ്ഞത് 25% അധികശമ്പളം കിട്ടുന്നവിധത്തില്‍ ഇപ്പോഴെങ്കിലും വേതനവ്യവസ്ഥകള്‍ പുതുക്കിയത് ഒരുപാടു കുടുംബങ്ങള്‍ക്ക് ആശ്വാസമാവുകയാണ്. 
പൊന്നിന്‍െറ തിളക്കം കുറയുമ്പോള്‍

പൊന്നിന്‍െറ തിളക്കം കുറയുമ്പോള്‍
സ്വര്‍ണവിലയിലുണ്ടായ വന്‍ ഇടിവ് വിപണിയില്‍ കടുത്ത ആശങ്ക വിതക്കുമ്പോള്‍ ഉപഭോക്താക്കളില്‍ ആഹ്ളാദം നിറയുകയാണ്. ഈ മാസം മാത്രം പവന് 2440 രൂപയാണ് കുറഞ്ഞത്. ജനുവരിയില്‍ പവന് 23,040 രൂപയുണ്ടായിരുന്നത് ചൊവ്വാഴ്ച 19,800 രൂപയിലേക്ക് മുതലക്കൂപ്പ് നടത്തി. ചൊവ്വാഴ്ചമാത്രം പവന് 1000 രൂപ കുറഞ്ഞത് പലര്‍ക്കും അവിശ്വസനീയമായി തോന്നി. ഇതിനുമുമ്പ് ഇമ്മട്ടിലുള്ള വിലയിടിവ് ഉണ്ടായിട്ടില്ല എന്നതാണ് കാരണം. പതിനൊന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവിലയിപ്പോള്‍. വിലയിടിവ് ഇവിടംകൊണ്ട് അവസാനിക്കാന്‍ പോകുന്നില്ല എന്നാണ് ഈ രംഗത്തുള്ള പലരും പ്രവചിക്കുന്നത്. ആഗോള മാര്‍ക്കറ്റിലുണ്ടായ വിലത്തകര്‍ച്ചയുടെ പ്രതിഫലനമായാണ് നമ്മുടെ നാട്ടിലും മഞ്ഞലോഹത്തിന്‍െറ മൂല്യം പെട്ടെന്ന് താഴ്ന്നത്. രാജ്യാന്തര മാര്‍ക്കറ്റില്‍ സ്വര്‍ണവില മുപ്പതു ശതമാനത്തോളം കുറഞ്ഞിട്ടുണ്ടത്രെ. ഔസിന് (31.1 ഗ്രാം) 1200 യു.എസ് ഡോളര്‍വരെ വില കുറഞ്ഞേക്കാം എന്ന് മുന്നറിയിപ്പ് നല്‍കുന്നവരുണ്ട്. ചൊവ്വാഴ്ച ന്യൂയോര്‍ക് എക്സ്ചേഞ്ചില്‍ ഔസിന് 1,360.60 ഡോളറായിരുന്നു വില. രണ്ടു ദിവസംകൊണ്ട് 13 ശതമാനമാണ് വിലയിടിവുണ്ടായത്.
എന്തുകൊണ്ട് ആഗോളവിപണിയില്‍ സ്വര്‍ണവില ഇമ്മട്ടില്‍ കുറയാനിടയായി എന്ന ചോദ്യത്തിന് പല കാരണങ്ങളും നിരത്തുന്നുണ്ട്. അമേരിക്ക ആഗോള സാമ്പത്തികമാന്ദ്യത്തില്‍നിന്ന് കരകയറിയതോടെ ഇതുവരെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയവര്‍ അത് വിറ്റഴിക്കാനും ഷെയര്‍ മാര്‍ക്കറ്റിലേക്ക് തിരിയാനും ആവേശം കാണിച്ചുവെന്നാണ് മുഖ്യകാരണമായി വിദഗ്ധര്‍ നിരത്തുന്നത്. യു.എസ് ഡോളര്‍ കരുത്താര്‍ജിച്ചത് പൊന്നിലുള്ള വിശ്വാസം കുറച്ചുവെന്ന സിദ്ധാന്തം മാത്രം മുഖവിലക്കെടുക്കാന്‍ പലരും തയാറാവുന്നില്ല. ആഗോള സാമ്പത്തിക സാഹചര്യം സ്വര്‍ണനിക്ഷേപത്തിന് അനുകൂലമല്ല എന്നതാണ് മുഖ്യമായും ചൂണ്ടിക്കാട്ടുന്നത്. തങ്ങളുടെ കൈവശമുള്ള 15 ടണ്‍ സ്വര്‍ണം വിറ്റഴിക്കുകയാണ് സാമ്പത്തികമായി കരകയറാനുള്ള ഏക പോംവഴി എന്ന് പ്രതിസന്ധിയിലാണ്ട സൈപ്രസ് ചിന്തിക്കുന്നത് സ്വര്‍ണവിപണിയെ സംഭ്രാന്തിയിലാഴ്ത്തുന്നുണ്ടത്രെ. സൈപ്രസിന്‍െറ വഴിയേ സാമ്പത്തിക ഞെരുക്കത്തില്‍ എരിപൊരി കൊള്ളുന്ന ഗ്രീസും സ്പെയിനും ഇറ്റലിയുമൊക്കെ നീങ്ങുകയാണെങ്കില്‍ പൊന്നുവിപണിയില്‍ അരാജകത്വം വാഴുമെന്ന് ഭയപ്പെടുന്നവരുണ്ട്. എന്നാല്‍, അടുത്തിടെ ദക്ഷിണ കൊറിയയുടെ സെന്‍ട്രല്‍ ബാങ്ക് 20 ടണ്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയിട്ടും വിപണിയില്‍ കാര്യമായ വിലവ്യതിയാനം പ്രകടമാകാതിരുന്നത് ഇത്തരം ഭയാശങ്കകള്‍ അസ്ഥാനത്താണെന്നതിന് സൂചനയാണെന്ന് ചിലര്‍ വാദിക്കുന്നു. ഇപ്പോഴത്തെ വിലത്തകര്‍ച്ച ഒരു താല്‍ക്കാലിക പ്രതിഭാസമാണെന്നും താമസംവിന സ്വര്‍ണവിപണി തിരിച്ചുകയറുമെന്നുമാണ് ഇക്കൂട്ടരുടെ കണക്കുകൂട്ടല്‍.
മഞ്ഞലോഹം വാങ്ങിക്കൂട്ടുന്നതില്‍ മത്സരിക്കുന്ന രാജ്യങ്ങളായ ഇന്ത്യയിലും ചൈനയിലും (മൊത്തം ഡിമാന്‍റിന്‍െറ 50 ശതമാനത്തിലേറെ) പ്രതീക്ഷ അര്‍പ്പിച്ചാണ് ആഗോള സ്വര്‍ണവിപണി ഇപ്പോഴും നിലകൊള്ളുന്നത്. സാമ്പത്തിക പ്രതിസന്ധി മുന്നില്‍ക്കണ്ട് ചൈന സ്വര്‍ണ ഇറക്കുമതി കുറച്ചത് ആഗോള വിപണിയെ തളര്‍ത്തിയിട്ടുണ്ട്. വ്യാപാര കമ്മി റെക്കോഡ് നിലയിലെത്തിയ ഭീഷണമായ അവസ്ഥയില്‍ സ്വര്‍ണ ഇറക്കുമതി പരമാവധി കുറക്കാന്‍ തീരുവ ഉയര്‍ത്തുന്നതടക്കമുള്ള നടപടികള്‍ ഇന്ത്യ കൈക്കൊണ്ടിരുന്നു. എന്നിട്ടും കഴിഞ്ഞവര്‍ഷം 864.2 ടണ്‍ മഞ്ഞലോഹം നാം ഇറക്കുമതി ചെയ്യുകയുണ്ടായി. വിലയിടിവില്‍ ആകൃഷ്ടരായി കൂടുതല്‍ ആഭരണഭ്രമക്കാര്‍ ജ്വല്ലറികളിലെത്തുമെന്നും അതോടെ മാര്‍ക്കറ്റ് കൂടുതല്‍ സജീവമാകുമെന്നുമാണ് ബിസിനസുകാര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. വിപണി ചാഞ്ചാടുമ്പോള്‍ ആവശ്യക്കാര്‍പോലും മാറിനില്‍ക്കാനാണ് സാധ്യത. വില വീണ്ടും കുറയുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍. പൊന്നിന്‍െറ വിലക്കുറവും ക്രൂഡ് ഓയിലിന്‍െറ വിലത്തകര്‍ച്ചയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. വന്‍ തോതില്‍ വിദേശനാണ്യം ലാഭിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. സ്വര്‍ണവും എണ്ണയും ഇറക്കുമതി ചെയ്യുന്നതിനുവേണ്ടി വന്‍തോതില്‍ വിദേശനാണ്യം ചെലവഴിക്കേണ്ടിവന്നതിനാല്‍ കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസ കണക്കില്‍ വ്യാപാര കമ്മി ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 6.7 ശതമാനത്തോളം എത്തിയിരുന്നു. കറന്‍റ് അക്കൗണ്ട് കമ്മി നാലു ശതമാനത്തിനപ്പുറത്തേക്ക് കടക്കുന്നത് സമ്പദ്വ്യവസ്ഥയെ ആപദ്സന്ധിയിലേക്ക് കൊണ്ടെത്തിക്കുമെന്ന് പലരും മുന്നറിയിപ്പ് നല്‍കിയതാണ്.
മഞ്ഞലോഹത്തോടുള്ള മനുഷ്യന്‍െറ അമിതഭ്രമം കുറക്കാന്‍ ഇപ്പോഴത്തെ വിപണി പ്രതിസന്ധി സഹായകരമാണെങ്കില്‍ എന്ന് ആശിക്കുന്നവര്‍ ഏറെയുണ്ടാവാം. ഒരു തരത്തിലും ഉല്‍പാദനക്ഷമമല്ലെന്ന് ഉത്തമബോധ്യമുണ്ടായിട്ടും സ്വര്‍ണം വാങ്ങിക്കൂട്ടി പെട്ടിയിലും ലോക്കറിലും അടച്ചുപൂട്ടുന്ന ശീലമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. സദാ മൂല്യം വര്‍ധിക്കുന്ന ഒരു വസ്തുവാണ് പൊന്ന് എന്ന ധാരണയാണ് അത് തിരുത്താന്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ സാമൂഹിക ചുറ്റുപാടില്‍ അനാചാരങ്ങളുടെയും നാട്ടുമാമൂലുകളുടെയും മറുതലക്കല്‍ പൊന്നിനോടുള്ള അമിതമോഹത്തിന്‍െറ ദുസ്വാധീനം കാണാവുന്നതേയുള്ളൂ. ഇപ്പോഴത്തെ വിലയിടിവ് തുടരുകയാണെങ്കില്‍ മൂല്യം നഷ്ടപ്പെട്ട് ലോഹം മുന്നില്‍വെച്ച് എന്‍െറ പൊന്നേ എന്ന് തലക്ക് കൈവെച്ച് വിലപിക്കേണ്ടിവന്നേക്കാം.

അഭിമാനമായി മലയാളം വിക്കി 
Newspaper Edition
മലയാളം വിക്കിപീഡിയിലെ ലേഖനങ്ങളുടെ എണ്ണം മുപ്പതിനായിരം കവിഞ്ഞ് വളര്‍ന്നിരിക്കുന്നു എന്ന വിവരം മലയാളത്തിന് ലഭിച്ച വിഷുക്കൈനീട്ടമാണ്. സൈബര്‍ലോകത്തെ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളംപതിപ്പാണ് മലയാളം വിക്കി. ഏതുകാര്യത്തെക്കുറിച്ചുമുള്ള അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ലോകമെങ്ങുമുള്ള വിജ്ഞാനദാഹികള്‍ ആദ്യം അന്വേഷിക്കുന്ന വിജ്ഞാനകോശമാണ് വിക്കിപീഡിയ. 286 ഭാഷകളില്‍ വിക്കിപീഡിയ ഉണ്ട്. ഇതിലെല്ലാംകൂടി ഏതാണ്ട് 260 ലക്ഷം ലേഖനങ്ങളുള്ളതായി കണക്കാക്കുന്നു. ഇംഗ്ലീഷിലേതാണ് ഏറ്റവും വിപുലമായ വിക്കിപീഡിയ. ഏതാണ്ട് 42 ലക്ഷം ലേഖനങ്ങളുള്ള വിജ്ഞാനപാരാവാരം. അറിവിന്റെയും വിവരശേഖരണത്തിന്റെയും മേലുള്ള കുത്തകകള്‍ ഇല്ലാതാക്കുകയും പരമാവധി ജനാധിപത്യം സാധ്യമാക്കുകയും ചെയ്യുന്ന വലിയമുന്നേറ്റം കൂടിയാണ് വിക്കിപീഡിയ ഇന്ന് നിര്‍വഹിച്ചുപോരുന്നത്.

ഹിന്ദി, ബംഗാളി, തെലുങ്ക്, ഉറുദു, തമിഴ് തുടങ്ങിയ ഇന്ത്യന്‍ഭാഷകളിലെല്ലാം കമ്പ്യൂട്ടറിലെ പ്രയോഗങ്ങളുടെ കാര്യത്തില്‍ മുന്നേറ്റങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍, മലയാളം വിക്കിയുടെ കാര്യത്തില്‍ നമ്മുടെ നേട്ടം ഒന്ന് വേറെത്തന്നെയാണ്. വിക്കിപീഡിയയിലെ ലേഖനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നത് ഏട്ആഴം (പേജ് ഡെപ്ത്) എന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്. ഓരോ ലേഖനവും എത്രത്തോളം ആധികാരികമാണ്, എത്രതവണ പരിശോധിച്ച് എഡിറ്റുചെയ്തിരിക്കുന്നു, എത്ര അവലംബങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു എന്നൊക്കെയുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് നിശ്ചയിക്കുന്നത്. ഇക്കാര്യത്തില്‍ ഇംഗ്ലീഷ് വിക്കിയുടെ തൊട്ടുപിന്നിലാണ് മലയാളത്തിന്റെ സ്ഥാനം. മലയാളംവിക്കി സമൂഹത്തിലെ അംഗങ്ങളുടെ ഊര്‍ജസ്വലമായ ജാഗ്രതയാണ് അതിന് ഇത്രയധികം ആധികാരികത പകരുന്നത്. മലയാളത്തിലുള്ള ലേഖനങ്ങള്‍ രണ്ടുലക്ഷത്തില്‍പ്പരം പുറങ്ങളിലായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. അഥവാ രണ്ടുലക്ഷം പേജുള്ള ഒരു വലിയ സര്‍വവിജ്ഞാനകോശം തികച്ചും സ്വതന്ത്രവും സൗജന്യവുമായി ഉപയോഗിക്കാന്‍ കഴിയുംവിധം മലയാളത്തില്‍ ഇന്ന് ലഭ്യമാണ്. ഇന്റര്‍നെറ്റ് സൗകര്യമില്ലാതെയും ഉപയോഗിക്കാനാവുംവിധം മലയാളം വിക്കിയിലെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ സി.ഡി.യിലും ലഭ്യമാക്കിയിട്ടുണ്ട്. മലയാളംവിക്കിപോലെത്തന്നെ എടുത്തുപറയേണ്ട മറ്റൊന്നാണ് വിക്കി ഗ്രന്ഥശാല. പകര്‍പ്പവകാശ കാലാവധി കഴിഞ്ഞതും ഗ്രന്ഥകര്‍ത്താക്കള്‍ പകര്‍പ്പവകാശം വേണ്ടെന്നുവെച്ച് നല്‍കിയതുമായ ഒട്ടനവധി ഗ്രന്ഥങ്ങള്‍ ഇന്ന് മലയാളം വിക്കി ഗ്രന്ഥശാലയില്‍ ലഭ്യമാണ്. 

2001 ജൂണ്‍ 15-ന് അമേരിക്കക്കാരായ ജിമ്മി വെയില്‍സും ലാറി സാങ്ങറും ചേര്‍ന്നാണ് വിക്കിപീഡിയയ്ക്ക് തുടക്കംകുറിച്ചത്. ഇന്ന് ഇംഗ്ലീഷ് വിക്കിപീഡിയയ്ക്ക് ഒരു ലക്ഷത്തിലധികം സന്നദ്ധസേവകരുണ്ട്. അമേരിക്കയില്‍ വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് പ്രഭാകരനാണ് മലയാളം വിക്കിക്ക് തുടക്കമിട്ടത്. 2002 ഡിസംബര്‍ 21-നായിരുന്നു അത്. മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനാവുംവിധമുള്ള വഴക്കം നേടിത്തുടങ്ങിയിരുന്നില്ല അന്ന്. അതുകൊണ്ടുതന്നെ മലയാളംവിക്കിയുടെ വളര്‍ച്ച പതുക്കെയായിരുന്നു. 2006 ആയപ്പോഴേക്ക് സൈബര്‍ലോകത്ത് എവിടെയും അനായാസം മലയാളം ഉപയോഗിക്കാന്‍ കഴിയുന്ന യൂണികോഡ് ലിപിരൂപ വ്യവസ്ഥയിലേക്ക് മലയാളവും എത്തി. കമ്പ്യൂട്ടറില്‍ മലയാളം കമ്പോസ് ചെയ്യുന്നതിനുള്ള ഒട്ടനവധി ഫോണ്ടുകളും തയ്യാറാക്കപ്പെട്ടു. മലയാള ലിപിരൂപങ്ങളെക്കുറിച്ചും ചില്ലക്ഷരങ്ങളെക്കുറിച്ചും ചില വ്യാകരണകാര്യങ്ങളെക്കുറിച്ചുമൊക്കെ ഇക്കാലത്ത് സൈബര്‍ലോകത്തുണ്ടായ ചര്‍ച്ചകളും സംവാദങ്ങളും ആധുനികകാലത്തുണ്ടായ ഏറ്റവും വിപുലമായ ഭാഷാപരിഷ്‌കരണ ചര്‍ച്ചകള്‍ തന്നെയാണ്.

ഇന്ന് മലയാളംവിക്കി സമൂഹത്തില്‍ നാല്പത്താറായിരത്തിലധികം അംഗങ്ങളുണ്ട്. എന്നാല്‍, സക്രിയമായി പ്രവര്‍ത്തിക്കുന്നത് മുന്നൂറോളം പേരാണ്. ഇവരെല്ലാംതന്നെ അറിവിന്റെ ജനാധിപത്യവത്കരണം എന്ന നിലപാടില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന ഭാഷാസ്‌നേഹികളാണ്. ഇന്റര്‍നെറ്റില്‍ മലയാളം അനായാസം ഉപയോഗിക്കാനാവുംവിധം ചിട്ടപ്പെടുത്തുകയും മലയാളം യൂണികോഡിന് വിപുലപ്രചാരവും അംഗീകാരവും നേടിക്കൊടുക്കുകയും ചെയ്ത സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്, മലയാളംവിക്കി സമൂഹം തുടങ്ങിയ കൂട്ടായ്മകളിലൂടെയാണ് ഈ നേട്ടങ്ങള്‍ സാധ്യമായിട്ടുള്ളത്. കേരളത്തിലെ സ്‌കൂള്‍വിദ്യാര്‍ഥികള്‍ മലയാളം വിക്കി പ്രവര്‍ത്തനങ്ങളില്‍ താത്പര്യത്തോടെ ഇടപെടുന്നു എന്നതാണ് എടുത്തുപറയേണ്ട മറ്റൊരുകാര്യം. മലയാളം മരിക്കുന്നു എന്ന വിലാപവും വികാരപ്രകടനങ്ങളും ഒരുവശത്ത് നടക്കുമ്പോഴാണ് ജനാധിപത്യനിലപാടുകളില്‍ ഊന്നിനിന്നുകൊണ്ടുള്ള സാങ്കേതികമുന്നേറ്റങ്ങളിലൂടെ മലയാളത്തെ പുതിയ ആകാശങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സഫലയത്‌നങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. സൈബര്‍ മലയാളത്തിന് ഇനിയും ഒരുപാടുവഴികള്‍ താണ്ടാനുണ്ട്. ആ വളര്‍ച്ചകളിലേക്കുള്ള ഏറ്റവുംനല്ല അടിത്തറ കൂടിയാണ് മലയാളംവിക്കിയുടെ വികാസം. 

ശുഭ്രസേവനത്തിന് അംഗീകാരം
mmonline_logo
കാലത്തിനൊത്തു സേവന - വേതന പരിഷ്കാരങ്ങള്‍ കടന്നുവരാത്ത സ്വകാര്യ നഴ്സിങ് മേഖലയുടെ വേദനയും കഷ്ടപ്പാടും തിരിച്ചറിയാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകി. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കു കുറഞ്ഞത് 25% അധികശമ്പളം കിട്ടുന്നവിധത്തില്‍ ഇപ്പോഴെങ്കിലും വേതനവ്യവസ്ഥകള്‍ പുതുക്കിയത് ഒരുപാടു കുടുംബങ്ങള്‍ക്ക് ആശ്വാസമാവുകയാണ്. 


ആശുപത്രികളെ കിടക്കകളുടെ എണ്ണം കണക്കാക്കി പല ഗ്രേഡുകളായി തിരിച്ചാണു വേതന പരിഷ്കരണം. സേവന - വേതന പരിഷ്കരണത്തിനായി നഴ്സുമാര്‍ സമരരംഗത്തിറങ്ങിയപ്പോഴാണു ഡോ. എസ്. ബലരാമന്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചത്. സമിതിയുടെ ശുപാര്‍ശകള്‍ സമൂഹത്തിന്റെയാകെ സ്നേഹവും ആദരവും അര്‍ഹിക്കുന്ന ഈ വിഭാഗത്തിന്റെ അവകാശപ്രഖ്യാപനമായി മാറുകയും ചെയ്തു.

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളവര്‍ധനയുമായി ബന്ധപ്പെട്ടുള്ള ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഒട്ടൊക്കെ അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ നഴ്സുമാര്‍ക്കു 13,900 രൂപ കുറഞ്ഞ ശമ്പളം ലഭിക്കുന്നുണ്ടെന്നും ഇതില്‍നിന്ന് ആയിരം രൂപ കുറച്ചു 12,900 രൂപ സ്വകാര്യമേഖലയില്‍ കൊടുക്കണമെന്നുമാണു കമ്മിറ്റി ശുപാര്‍ശ. നൂറു കിടക്കകളുള്ള ആശുപത്രിയിലും 800 കിടക്കകളുള്ള ആശുപത്രിയിലും ഇതു നടപ്പാക്കണമെന്ന വാദം പക്ഷേ, മാനേജ്മെന്റുകള്‍ക്ക് അംഗീകരിക്കാനായില്ല. ഇതേത്തുടര്‍ന്നാണ് ആശുപത്രികളെ ആറു വിഭാഗങ്ങളാക്കി തിരിക്കാന്‍ നിശ്ചയിച്ചത്. ഇതിനോടു യൂണിയന്‍ പ്രതിനിധികളും യോജിക്കുകയായിരുന്നു. വ്യക്തമായ ധാരണ ഇനിയും ചര്‍ച്ചചെയ്ത് ഉണ്ടാക്കണമെങ്കിലും, മൂന്നു ഷിഫ്റ്റ് എന്ന അടിസ്ഥാന രീതിയിലേക്കു സ്വകാര്യ നഴ്സിങ് മേഖല മാറുകയുമാണ്. 

നഴ്സുമാരുടെ പ്രക്ഷോഭങ്ങളെ തുടര്‍ന്നു സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച ഹോസ്പിറ്റല്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റിയുടെ  (ഐആര്‍സി) യോഗത്തിലാണു വേതന പരിഷ്കരണത്തിനു തീരുമാനമായത്. ഇനിയുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ വീണ്ടും ഉപസമിതിക്കു രൂപംനല്‍കിയിട്ടുണ്ട്. പുതിയ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നുകൂടി ഹോസ്പിറ്റല്‍ ഐആര്‍സിയുടെ ചുമതലയുള്ള തൊഴില്‍വകുപ്പ് തുടരെ അന്വേഷിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് 70% ആശുപത്രികളും സ്വകാര്യമേഖലയിലാണ്. അതില്‍ കുറെ ആശുപത്രികള്‍ സൂപ്പര്‍ സ്പെഷ്യല്‍റ്റി  നിലവാരത്തിലുള്ളവയും.  

നഴ്സിങ് മേഖലയോടു വിദ്യാര്‍ഥികളുടെ പ്രിയം കുറഞ്ഞുവരുന്നതായി കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൌണ്‍സില്‍ (കെഎന്‍എംസി) കണക്കുകള്‍ വ്യക്തമാക്കുന്നു. ഒട്ടേറെ നഴ്സിങ് പരിശീലന സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നതോടെ സീറ്റുകളുടെ എണ്ണം വര്‍ധിച്ചെങ്കിലും പലയിടത്തും നിലവാരം കുറയുകയാണെന്നാണു പരാതി. ഈ പശ്ചാത്തലത്തില്‍, നഴ്സിങ് കോഴ്സുകളുടെ നിലവാരം ഉയര്‍ത്താനായിരിക്കണം ശ്രമമുണ്ടാവേണ്ടത്.  

നിരോധിക്കപ്പെട്ട ബോണ്ട് വ്യവസ്ഥ ഇതര സംസ്ഥാനങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ വളഞ്ഞവഴിയിലൂടെ അടിച്ചേല്‍പ്പിക്കുന്ന പതിവു തുടരുകയാണ്. സേവന - വേതന വ്യവസ്ഥകള്‍ അവിടെ വളരെ മോശവുമാണ്. ഈ മേഖലയില്‍ തൊഴില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നതു തടയാനും നഴ്സുമാര്‍ക്കു ന്യായമായ വേതനവും സുരക്ഷയും ഉറപ്പാക്കാനും സമഗ്രനിയമം വരാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം; ആരോഗ്യമേഖല സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തേണ്ടതു സംസ്ഥാന സര്‍ക്കാരുകള്‍ ആണെങ്കിലും. മുന്‍പു സുപ്രീം കോടതിയില്‍ നഴ്സുമാരുടെ സംഘടനകള്‍ ഹര്‍ജി നല്‍കിയപ്പോള്‍ കേന്ദ്ര സര്‍ക്കാരിനോടു നിലപാടു വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന വിഷയം ആയതിനാല്‍ കേന്ദ്രം നിയമം കൊണ്ടുവരില്ലെന്നാണ് അന്നു സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. പൊതുവായ തൊഴില്‍നിയമങ്ങള്‍ ഇവര്‍ക്കും ബാധകമാകും എന്നേയുള്ളൂ. അതെന്തായാലും, ഫ്ളോറന്‍സ് നൈറ്റിങ്ഗേലിന്റെ സേവനപാരമ്പര്യം തുടരുന്ന നഴ്സുമാരുടെ സമഗ്രരക്ഷ ഉറപ്പാക്കിയേ തീരൂ. 

കേരളത്തില്‍ ശമ്പളം സര്‍ക്കാര്‍ നല്‍കുന്ന സ്കൂളുകളിലൊഴികെ അധ്യാപകരുടെ സേവന - വേതന വ്യവസ്ഥകള്‍ വളരെ ദയനീയമായി തുടരുകയാണ്. ഈ രംഗത്തും സമഗ്രമായ സേവന - വേതന പരിഷ്കരണം കൊണ്ടുവന്ന് ആ മേഖലയ്ക്കു കൈത്താങ്ങു കൊടുക്കാന്‍ ഇപ്പോള്‍ത്തന്നെ വൈകി.


No comments:

Post a Comment