മുഖപ്രസംഗം April 21 - 2013
1. ജെ.പി.സി. എന്ന വൃഥാവ്യായാമം (മാതൃഭൂമി)
വിവാദകോലാഹലം സൃഷ്ടിച്ച 2 ജി ഇടപാടിനെക്കുറിച്ച് സംയുക്തപാര്‍ലമെന്ററി സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ കരട് രൂപത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നിരിക്കുന്നു. റിപ്പോര്‍ട്ട് ഏപ്രില്‍ 25-നേ അന്തിമരൂപം കൈവരിക്കൂ എന്നിരിക്കെ, റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ ചോര്‍ന്നത്, തിങ്കളാഴ്ച പാര്‍ലമെന്റ് ചേരുമ്പോള്‍ വീണ്ടും ബഹളത്തിനിടയാക്കിയേക്കും. അതിലുപരി, ജെ.പി.സി.യുടെ കണ്ടെത്തല്‍, വീണ്ടും കാര്യങ്ങള്‍ തുടങ്ങിയിടത്തുതന്നെ എത്തിച്ചിരിക്കുകയാണ്. സംയുക്തപാര്‍ലമെന്ററിസമിതി രൂപവത്കരിക്കുന്നതിനുമുമ്പ് കോണ്‍ഗ്രസ്സിന്റ നിലപാട് എന്തായിരുന്നുവോ അതുതന്നെയാണ് ജെ.പി.സി. റിപ്പോര്‍ട്ടിലെ നിലപാടും. നിലപാടിനോട് യോജിപ്പില്ലാത്ത പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പും അന്തിമറിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കും എന്നുമാത്രം.
2. ഋഷിശില്‍പി (വാര്‍ത്തകളിലെ വ്യക്തി) മാധ്യമം
ദേവശില്‍പിയാണ് വിശ്വകര്‍മാവ്. കലാകാരന്മാരുടെ ദേവന്‍. കരകൗശലവിദഗ്ധരുടെ ഗുരുനാഥന്‍. നാടിന്‍െറയും കാടിന്‍െറയും ആലകളുടെയും ആലയങ്ങളുടെയും ഗുഹകളുടെയും ജലാശയങ്ങളുടെയും ശില്‍പിയായ വിശ്വകര്‍മാവിനെപ്പോലെയാണ് അക്ഷരങ്ങളില്‍ ജീവിതശില്‍പം പണിയുന്ന ഓരോ എഴുത്തുകാരനും. മഞ്ഞിലും മഴയിലും കാറ്റിലും വെയിലിലും ഊനംതട്ടാതെ നില്‍ക്കുന്ന സര്‍ഗശില്‍പങ്ങളാണ് അവര്‍ മെനയുന്നത്. തെലുങ്കുനാട്ടിലെ വിശ്വകര്‍മ കുടുംബത്തില്‍ ജനിച്ച റവൂരി ഭരദ്വാജക്ക് കുലത്തൊഴിലിന്‍െറ കരവൈദഗ്ധ്യം പ്രദര്‍ശിപ്പിക്കാനായത് കല്ലിലും മരത്തിലുമല്ല, വാക്കുകളിലും അക്ഷരങ്ങളിലുമാണ്.
ജെ.പി.സി. എന്ന വൃഥാവ്യായാമം
വിവാദകോലാഹലം സൃഷ്ടിച്ച 2 ജി ഇടപാടിനെക്കുറിച്ച് സംയുക്തപാര്‍ലമെന്ററി സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ കരട് രൂപത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നിരിക്കുന്നു. റിപ്പോര്‍ട്ട് ഏപ്രില്‍ 25-നേ അന്തിമരൂപം കൈവരിക്കൂ എന്നിരിക്കെ, റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ ചോര്‍ന്നത്, തിങ്കളാഴ്ച പാര്‍ലമെന്റ് ചേരുമ്പോള്‍ വീണ്ടും ബഹളത്തിനിടയാക്കിയേക്കും. അതിലുപരി, ജെ.പി.സി.യുടെ കണ്ടെത്തല്‍, വീണ്ടും കാര്യങ്ങള്‍ തുടങ്ങിയിടത്തുതന്നെ എത്തിച്ചിരിക്കുകയാണ്. സംയുക്തപാര്‍ലമെന്ററിസമിതി രൂപവത്കരിക്കുന്നതിനുമുമ്പ് കോണ്‍ഗ്രസ്സിന്റ നിലപാട് എന്തായിരുന്നുവോ അതുതന്നെയാണ് ജെ.പി.സി. റിപ്പോര്‍ട്ടിലെ നിലപാടും. നിലപാടിനോട് യോജിപ്പില്ലാത്ത പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പും അന്തിമറിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കും എന്നുമാത്രം.
യഥാര്‍ഥത്തില്‍ , സംയുക്തപാര്‍ലമെന്ററി സമിതി ഒരു വൃഥാവ്യായാമമായിത്തീര്‍ന്നിരിക്കുന്നു. ബോഫോഴ്‌സ് ഇടപാടിനെക്കുറിച്ച് 1987-ല്‍ അന്വേഷണം നടത്തിയ ആദ്യ ജെ.പി.സി. മുതല്‍ ഇത് ഇങ്ങനെയാണ്. ബി. ശങ്കരാനന്ദ് തലവനായ ആ സമിതി പ്രതിപക്ഷം ഒട്ടാകെ ബഹിഷ്‌കരിക്കുകയായിരുന്നു. ബാങ്കിങ്- സെക്യൂരിറ്റി ഇടപാടുകളിലെ ക്രമക്കേടുകള്‍ അന്വേഷിച്ച രാംനിവാസ് മിര്‍ധയുടെ നേതൃത്വത്തിലുള്ള സംയുക്തപാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടും അംഗീകരിക്കപ്പെട്ടില്ല, പൂര്‍ണമായി നടപ്പാക്കിയതുമില്ല. മൂന്നാമത്തെ ജെ.പി.സി.യും ഓഹരികുംഭകോണം സംബന്ധിച്ചുതന്നെയായിരുന്നു. ബി.ജെ.പി. സര്‍ക്കാറിന്റെ കാലത്ത് ലെഫ്. ജന. പ്രകാശ്മണി ത്രിപാഠി തലവനായി 2001-ല്‍ രൂപവത്കരിച്ച ജെ.പി.സി., സ്റ്റോക്ക് മാര്‍ക്കറ്റ് രംഗത്ത് പല വന്‍മാറ്റങ്ങള്‍ക്കും ഇടവരുത്തുന്ന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും ശുപാര്‍ശകളില്‍ പലതിലും പിന്നീട് വെള്ളം ചേര്‍ന്നു.
ശീതളപാനീയങ്ങളിലും പഴച്ചാറുകളിലും മറ്റും കീടനാശിനി അവക്ഷിപ്തം കലരുന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് മറ്റൊരു ജെ.പി.സി. നടത്തിയത്. 2003 ആഗസ്തിലാണ് ഇത് ആരംഭിച്ചത്, 2004-ല്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പാനീയങ്ങളില്‍ കീടനാശിനിയുടെ അംശം ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍ . എന്നാല്‍, ഫലമെന്തുണ്ടായി? ഈ പാനീയങ്ങള്‍ ഇപ്പോഴും നിര്‍ബാധം വില്ക്കുന്നു.
അങ്ങനെ, സ്വതന്ത്രഇന്ത്യയിലെ അഞ്ചാമത്തെ ജെ.പി.സി. അന്വേഷണമാണ് പി.സി. ചാക്കോയുടെ നേതൃത്വത്തില്‍ നടന്നത്. 2 ജി സ്‌പെക്ട്രം വില്പനയിലൂടെ ഖജനാവിനുണ്ടായ നഷ്ടവും ബന്ധപ്പെട്ട അഴിമതികളുമായിരുന്നു വിഷയം. ഖജനാവിന് വന്‍നഷ്ടം വരുത്തുന്ന പാര്‍ലമെന്റ് ബഹിഷ്‌കരണത്തിലൂടെ പ്രതിപക്ഷം മൂന്നുമാസം നിരന്തരം ആവശ്യപ്പെട്ടാണ് ഈ ജെ.പി.സി. രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് എന്നോര്‍ക്കണം. 2011 ഫിബ്രവരിയിലാണ് സമിതി പ്രവര്‍ത്തിച്ചുതുടങ്ങിയത്. സമിതി രൂപവത്കരിക്കുന്നതിന് മുമ്പുതന്നെ കോണ്‍ഗ്രസ്സിന്റെ നിലപാട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഇതില്‍ പങ്കില്ല എന്നതായിരുന്നു. ഇടപാടില്‍ 1,76,000 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നുപറയുന്നത് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഊഹക്കണക്കാണെന്നും കോണ്‍ഗ്രസ് വാദിച്ചിരുന്നു. അതായത്, 2001-ലെ സ്‌പെക്ട്രത്തിന്റെ വിലയില്‍ നിന്ന് 2008-ല്‍ വില വര്‍ധിപ്പിച്ചിരുന്നെങ്കില്‍ ഉണ്ടാകാമായിരുന്ന ആദായമാണ് കണക്കുകൂട്ടിയിരിക്കുന്നത്. വിലവര്‍ധിപ്പിക്കാതിരിക്കാനുള്ള സര്‍ക്കാറിന്റെ നയം, താഴെത്തട്ടിലുള്ള ഉപഭോക്താക്കളിലും സെല്‍ഫോണ്‍ എത്താന്‍ വേണ്ടിയായിരുന്നുവെന്നും സര്‍ക്കാര്‍ നയത്തെ ചോദ്യംചെയ്യാന്‍ സി.എ.ജി.ക്ക് അധികാരമില്ലെന്നും ടെലികോം മന്ത്രി കപില്‍ സിബലിനെപ്പോലെയുള്ളവര്‍ വാദിച്ചിരുന്നു. നഷ്ടം പൂജ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പിന്നീട് സുപ്രീംകോടതി 122 ലൈസന്‍സുകള്‍ റദ്ദാക്കുകയും ലേലത്തിലൂടെ ലൈസന്‍സ് നല്‍കാന്‍ ഉത്തരവാകുകയും ചെയ്തു. ലേലം പൂര്‍ത്തിയായിട്ടില്ലെങ്കിലും ആദായമൊന്നും കാര്യമായുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. 40,000 കോടിരൂപ പ്രതീക്ഷിച്ചിടത്ത് സര്‍ക്കാറിനു കിട്ടിയത് 9,408 കോടി മാത്രം.
എന്നാല്‍ , ഡി.എം.കെ.യുടെ എ. രാജ എന്ന മുന്‍ടെലികോം മന്ത്രി, പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും തെറ്റിദ്ധരിപ്പിച്ചു എന്ന വാദം കോണ്‍ഗ്രസ് അന്നും ഉയര്‍ത്തിയിരുന്നു. 'ആദ്യം വരുന്നവര്‍ക്ക് ആദ്യം' എന്ന രീതിയിലുള്ള സ്‌പെക്ട്രം വിതരണനയത്തില്‍ കൃത്രിമം കാട്ടി, തന്റെ ഇഷ്ടക്കാര്‍ക്ക് അത് ലഭ്യമാക്കിയതില്‍ രാജ വഹിച്ച പങ്കിനെക്കുറിച്ച് കോണ്‍ഗ്രസ് അന്ന് അത്ര വാചാലത കാട്ടിയില്ലെങ്കിലും ജെ.പി.സി. റിപ്പോര്‍ട്ട് എല്ലാ കുറ്റവും രാജയില്‍ ചാരിയിട്ടുണ്ട്. ഇതിനിടെ, ഡി.എം.കെ. ഭരണസഖ്യത്തില്‍ നിന്ന് വിട്ടതുകാരണം ഇതിന് മനഃസ്താപമുണ്ടാവേണ്ടതില്ലല്ലോ.
ചുരുക്കത്തില്‍ , ഭരണകക്ഷിയുടെ നിലപാട് ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് ജെ.പി.സി. ചെയ്തിരിക്കുന്നത്. രാഷ്ട്രീയമായി ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും വിരുദ്ധനിലപാടുകളുള്ള വിഷയങ്ങളില്‍ എന്തിനാണ് ഈ വൃഥാവ്യായാമം എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. ഇനിയിതാ , പ്രതിപക്ഷത്തിന് താത്പര്യമില്ലാതിരുന്നിട്ടും മറ്റൊരു ജെ.പി.സി. കൂടി പ്രഖ്യാപിച്ചിരിക്കുന്നു. അഗസ്ത വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ കോഴ മണത്ത ഉടനെ സമര്‍ഥനായ പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ ജെ.പി.സി.ക്കുള്ള സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. വേണ്ട എന്നുപറഞ്ഞ് ബി.ജെ.പി. സഭ ബഹിഷ്‌കരിച്ചുവെങ്കിലും ഈ ജെ.പി.സി.യുടെ വരവും ഉടനെയുണ്ടാകുമെന്നു കരുതാം. എന്തിനുവേണ്ടി? ഈ വിഷയത്തില്‍ സി.ബി.ഐ.ക്കു കണ്ടെത്താനാകാത്തതുവല്ലതും ജെ.പി.സി.ക്ക് കണ്ടെത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ആവശ്യത്തിനും അനവസരത്തിനും ജെ.പി.സി . വേണമെന്ന് വാദിക്കുക പ്രതിപക്ഷത്തിനും അതിനെ നിരാകരിക്കുകയും പിന്നീട് അനുവദിക്കുകയും ചെയ്യുക ഭരണപക്ഷത്തിനും ഹരമായിരിക്കുന്നു. ശരാശരി വോട്ടര്‍മാര്‍ക്ക് ഏതായാലും ഈ അഭ്യാസത്തില്‍ വലിയ ഹരമുണ്ടെന്ന് തോന്നുന്നില്ല. രാഷ്ട്രീയേതരവിഷയങ്ങളില്‍ അന്വേഷണം നടത്താന്‍ വേണമെങ്കില്‍ ജെ.പി.സി.കള്‍ നിയമിക്കപ്പെടട്ടെ. അതാവും അഭികാമ്യം.
ഋഷിശില്‍പി
ദേവശില്‍പിയാണ് വിശ്വകര്‍മാവ്. കലാകാരന്മാരുടെ ദേവന്‍. കരകൗശലവിദഗ്ധരുടെ ഗുരുനാഥന്‍. നാടിന്‍െറയും കാടിന്‍െറയും ആലകളുടെയും ആലയങ്ങളുടെയും ഗുഹകളുടെയും ജലാശയങ്ങളുടെയും ശില്‍പിയായ വിശ്വകര്‍മാവിനെപ്പോലെയാണ് അക്ഷരങ്ങളില്‍ ജീവിതശില്‍പം പണിയുന്ന ഓരോ എഴുത്തുകാരനും. മഞ്ഞിലും മഴയിലും കാറ്റിലും വെയിലിലും ഊനംതട്ടാതെ നില്‍ക്കുന്ന സര്‍ഗശില്‍പങ്ങളാണ് അവര്‍ മെനയുന്നത്. തെലുങ്കുനാട്ടിലെ വിശ്വകര്‍മ കുടുംബത്തില്‍ ജനിച്ച റവൂരി ഭരദ്വാജക്ക് കുലത്തൊഴിലിന്‍െറ കരവൈദഗ്ധ്യം പ്രദര്‍ശിപ്പിക്കാനായത് കല്ലിലും മരത്തിലുമല്ല, വാക്കുകളിലും അക്ഷരങ്ങളിലുമാണ്. ഋഷിതുല്യമായ ജീവിതം നയിക്കുന്ന അക്ഷരങ്ങളുടെ ഈ മഹാശില്‍പി എണ്‍പത്തിയാറാം വയസ്സില്‍ ജ്ഞാനപീഠത്തില്‍ ഉപവിഷ്ടനായിരിക്കുന്നു. വിശ്വനാഥ സത്യനാരായണ, സി. നാരായണറെഡ്ഡി എന്നിവര്‍ക്കുശേഷം ജ്ഞാനപീഠമേറുന്ന മൂന്നാമത്തെ തെലുങ്ക് സാഹിത്യകാരന്‍.
‘ധനമില്ലാതാവുക എന്നതല്ല ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം, സ്നേഹമില്ലാതാവുക എന്നതാണ്’ -മഞ്ജരി എന്ന തെലുങ്കുനടിയുടെ ജീവിതം പറയുന്ന നോവലില്‍ റവൂരി ഭരദ്വാജ എഴുതി. ഏറെ ആവര്‍ത്തിച്ചുതേഞ്ഞുപോയ ഒരു വാചകം എന്ന് ഒറ്റനോട്ടത്തില്‍ തോന്നും. ഒരെഴുത്തുകാരന്‍െറ സര്‍ഗശേഷിയുടെ നിദര്‍ശനമായി ഉയര്‍ത്തിക്കാട്ടാവുന്ന ദാര്‍ശനിക ആഴമൊന്നും ആ വാചകത്തിനില്ല. എന്നാല്‍, അത് റവൂരി ഭരദ്വാജയുടെ ഹൃദയത്തില്‍നിന്നു വരുന്ന വാചകങ്ങളാണ്. ധനസമ്പാദനത്തിനുള്ള നെട്ടോട്ടങ്ങളായി ആധുനിക മനുഷ്യജീവിതങ്ങള്‍ മാറുന്നതിലുള്ള ആധിയും ആശങ്കയുമാണ് റവൂരിയുടെ രചനകളില്‍. പണമല്ല, സ്നേഹമാണ് മനുഷ്യന്‍ നേടേണ്ടത് എന്ന് അദ്ദേഹം തന്‍െറ ഓരോ വാക്കിലും ധ്വനിപ്പിക്കുന്നു. ദന്തഗോപുരത്തില്‍നിന്നല്ല എഴുത്തുകാരന്‍െറ ഈ കല്‍പന. റവൂരിയുടെ ജീവിതവും അങ്ങനെതന്നെ. പരുക്കന്‍ ഖദര്‍വസ്ത്രങ്ങളേ ധരിക്കൂ. ലളിതമായ ജീവിതം, ഉയര്‍ന്ന ചിന്ത. ദുര്‍ഗ്രാഹ്യതക്കോ സങ്കീര്‍ണതക്കോ ഇടം കൊടുക്കാത്ത ലളിതമായ ആഖ്യാനം.
ഹൈദരാബാദിലെ നുഗളൂരില്‍ 1927 ജൂലൈ അഞ്ചിന് ജനനം. ചെറുപ്രായത്തില്‍തന്നെ ഗുണ്ടൂരിലേക്ക് താമസം മാറി. എട്ടാം ക്ളാസുവരെയേ പഠിച്ചിട്ടുള്ളൂ. പക്ഷേ, അദ്ദേഹത്തിന്‍െറ പുസ്തകങ്ങള്‍ ഇന്ന് തെലുങ്കുനാട്ടില്‍ ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനും പാഠ്യവസ്തുക്കളാണ്. അദ്ദേഹത്തിന്‍െറ കൃതികളെ അവലംബിച്ച് നിരവധി ഗവേഷണപ്രബന്ധങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അടിസ്ഥാന അക്കാദമിക യോഗ്യതകളൊന്നുമില്ലെങ്കിലും അപാരമായ ആഴമുള്ള രചനകളുടെ പേരില്‍ ആന്ധ്ര, നാഗാര്‍ജുന, ജവഹര്‍ലാല്‍ നെഹ്റു സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്ന് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ബിരുദങ്ങള്‍ ലഭിച്ചു.
എഴുത്തുകാരായ ശാരദയും അല്ലൂരു ഭുജംഗറാവുവുമായിരുന്നു യൗവനകാലത്തെ സുഹൃത്തുക്കള്‍. അവരെപ്പോലെ തെനാലിയില്‍ കഷ്ടപ്പെട്ട ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. സ്വാതന്ത്ര്യപൂര്‍വകാലത്ത് സാംസ്കാരികമായി വളക്കൂറുള്ള മണ്ണായിരുന്നു തെനാലിയിലേത്. ജീവിതത്തിന്‍െറ സമരമുഖങ്ങളില്‍ തോറ്റു പിന്‍വാങ്ങാതെ മല്ലിട്ടുവളര്‍ന്നു. എന്തു ജോലിയും ചെയ്തു. രണ്ടാം ലോകയുദ്ധകാലത്ത് ടെക്നീഷ്യനായി കുറച്ചുകാലം ജോലി നോക്കി. കഠിനമായ യാഥാര്‍ഥ്യങ്ങളില്‍നിന്ന് ജീവിതത്തെ ആഴത്തിലറിഞ്ഞു. യുവസുഹൃത്തുക്കളെപ്പോലെ അക്ഷരങ്ങളിലാണ് റവൂരിയും അഭയം കണ്ടെത്തിയത്. ശാരദ നന്നേ ചെറുപ്പത്തില്‍തന്നെ മരിച്ചു. ഭരദ്വാജയും ഭുജംഗറാവുവും എഴുത്ത് തുടര്‍ന്നു. എണ്‍പതുകളിലും അവര്‍ സര്‍ഗസപര്യ തുടരുന്നു.
‘പക്കുടു രല്ലു’ എന്ന നോവലിനാണ് ജ്ഞാനപീഠ പുരസ്കാരം. ചലച്ചിത്ര വ്യവസായരംഗത്തിന്‍െറ ഇരുണ്ട മറുപുറങ്ങളാണ് അദ്ദേഹം ഈ രചനയിലൂടെ വെളിച്ചത്തുകൊണ്ടുവരുന്നത്. അഭ്രപാളിയുടെ വെള്ളിവെളിച്ചത്തിനപ്പുറമുള്ള ഇരുള്‍നിലങ്ങളുടെ കാഴ്ചകള്‍. വിനോദവ്യവസായ രംഗത്ത് പണാധിപത്യം ശക്തമായി പിടിമുറുക്കിയ എഴുപതുകളുടെ തുടക്കത്തില്‍ മനുഷ്യര്‍ എങ്ങനെ അപമാനവീകരിക്കപ്പെട്ടുവെന്ന് കാണിച്ചുതരുന്ന ഈ രചന തെലുങ്ക് ചലച്ചിത്രരംഗത്തെക്കുറിച്ചുള്ള ആധികാരിക നോവലാണ്. എല്ലാ പരീക്ഷണഘട്ടങ്ങളിലൂടെയും കടന്നുപോവുന്ന മഞ്ജരി എന്ന നടിയുടെ ജീവിതമാണ് അദ്ദേഹം വരച്ചുകാട്ടുന്നത്. എഴുപതുകളില്‍ റവൂരി ഭരദ്വാജ പത്രപ്രവര്‍ത്തകനായി കുറച്ചുകാലം ജോലി നോക്കിയിട്ടുണ്ട്. നിരവധി ചലച്ചിത്രതാരങ്ങളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ആ ആത്മബന്ധങ്ങളില്‍നിന്ന് അദ്ദേഹം അടുത്തറിഞ്ഞ, തിരശ്ശീലയില്‍ ഒരിക്കലും പതിയാത്ത താരജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളാണ് നോവലിന് ഇന്ധനമായത്.
ഒരായുസ്സുകൊണ്ട് പലര്‍ക്കും അസാധ്യമായ അത്രയും എഴുതിക്കൂട്ടിയിട്ടുണ്ട്. നേരില്‍ കാണുന്ന ജീവിതങ്ങളോരോന്നും അദ്ദേഹത്തിന് സര്‍ഗസൃഷ്ടികളായി. കവിയും കഥാകൃത്തും നിരൂപകനുമാണ്. 130ഓളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 17 നോവലുകള്‍, 37 കഥാസമാഹാരങ്ങള്‍, കുട്ടികള്‍ക്കായി ആറു ലഘുനോവലുകള്‍, അഞ്ച് ബാലകഥാസമാഹാരങ്ങള്‍, മൂന്ന് ലേഖനസമാഹാരങ്ങള്‍, എട്ട് നാടകങ്ങള്‍, ജീവചരിത്രങ്ങള്‍ എന്നിവ വേറെ. കാദംബരി, ജീവനസമരം, പക്കുടു രല്ലു, ഇന്‍പു തേര വേണുക, കൗമുദി എന്നിവ ഇംഗ്ളീഷിലേക്കും മറ്റു പ്രാദേശിക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1946ലാണ് സാഹിത്യരചനകള്‍ വെളിച്ചംകണ്ടു തുടങ്ങിയത്. ജമീന്‍ ഋതു എന്ന തെലുങ്കു മാസികയില്‍ എഴുതിത്തുടങ്ങി. 1959ല്‍ ആകാശവാണിയില്‍ തിരക്കഥാകൃത്തായി ജോലിക്കു ചേര്‍ന്നു. 1987ല്‍ വിരമിച്ചു.
സൗമ്യനും സാത്വികനുമാണ്. ഋഷിയെപ്പോലെ വെള്ളത്താടിയുമായി ആള്‍ക്കൂട്ടത്തില്‍ നടക്കുന്ന റവൂരി ആരുമായും എളുപ്പത്തില്‍ ചങ്ങാത്തത്തിലാവും. അവരില്‍നിന്ന് ജീവിതമറിയും. അതുകൊണ്ടാണ് പലതലമുറകളുടെ വാഴ്വിന്‍െറ നേരുകള്‍ ചികഞ്ഞെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. ഏതു പ്രായത്തിലുള്ളവരുമായും കൂട്ടുകൂടുന്ന പ്രകൃതം അദ്ദേഹത്തിന്‍െറ എഴുത്തിനു നല്‍കിയ ഊര്‍ജം കുറച്ചൊന്നുമല്ല. സങ്കീര്‍ണമായ മനുഷ്യബന്ധങ്ങളെ ആഴത്തിലറിയാന്‍ ഈ സൗഹൃദങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നു. ഈനാട് എന്ന തെലുങ്ക് പത്രത്തില്‍ അദ്ദേഹം എഴുതിയിരുന്ന ‘ജീവനസമരം’ എന്ന പംക്തി ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ജീവിതത്തിന്‍െറ സമരമുഖങ്ങളെ അദ്ദേഹം പത്രവായനക്കാര്‍ക്കു പരിചയപ്പെടുത്തി. തനിസാധാരണക്കാരായ ഒട്ടേറെ മനുഷ്യരെ അദ്ദേഹം തന്‍െറ പംക്തിയിലൂടെ അവതരിപ്പിച്ചു. അതുവരെ അച്ചടിമാധ്യമങ്ങളില്‍ ഇടമില്ലാതിരുന്ന കുറേപ്പേര്‍ അങ്ങനെ തെലുങ്കര്‍ക്ക് ചിരപരിചിതരായി. യാചകനെയും ചെരിപ്പുകുത്തിയെയും കുറിച്ച് അദ്ദേഹം അനുതാപത്തോടെ എഴുതി. അങ്ങനെ സാധാരണക്കാരുടെ ജീവിതത്തിന്‍െറ ആരുമറിയാത്ത സത്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നു. വാസ്തവത്തില്‍ അത് അദ്ദേഹത്തിന്‍െറതന്നെ ആത്മസമരങ്ങളുടെ ഓര്‍മക്കുറിപ്പുകളായിരുന്നു. സ്ഥലകാലങ്ങളുടെ കാര്യത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ വ്യത്യാസം. സ്വാനുഭവങ്ങളുടെ നീറുന്ന ഓര്‍മയും സാധാരണ മനുഷ്യരുടെ രൂക്ഷയാഥാര്‍ഥ്യങ്ങളും സമാസമം ചേര്‍ത്ത് അദ്ദേഹം ചോരപൊടിഞ്ഞ പത്രത്താളുകള്‍ സൃഷ്ടിച്ചു.
1968ലും 1983ലും സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു. 48ാമത് ജ്ഞാനപീഠ പുരസ്കാരം നേടുമ്പോള്‍ അത് ഒരായുസ്സ് നീണ്ട സര്‍ഗയാത്രക്കുള്ള അര്‍ഹിക്കുന്ന അംഗീകാരമാണ്. അക്കാദമിക വ്യായാമങ്ങള്‍ക്കും നാഗരികനാട്യങ്ങള്‍ക്കുമപ്പുറത്ത് ജീവിതം തിരഞ്ഞുപോവുന്ന നമ്മുടെ പ്രാദേശിക ഭാഷാസാഹിത്യത്തിനുകൂടിയുള്ള അംഗീകാരമാണ് അത്.
No comments:
Post a Comment