Saturday, April 13, 2013

മുഖപ്രസംഗം April 13 - 2013

മുഖപ്രസംഗം April 13 - 2013

1. വ്യാജ സാക്ഷികള്‍ , കൂട്ട മൊഴിമാറ്റം (മാധ്യമം)

നമ്മുടെ നീതിന്യായ വ്യവസ്ഥ നീതിയില്‍നിന്ന് എത്രമേല്‍ അകന്നാണ് പോയിക്കൊണ്ടിരിക്കുന്നത് എന്ന സത്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് കഴിഞ്ഞ ദിവസം സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും രണ്ട് സന്ദര്‍ഭങ്ങളിലായി ചെയ്ത പ്രസ്താവനകള്‍. മിക്ക കേസുകളിലും പൊലീസ് കോടതികളിലെത്തുന്നത് കള്ളസാക്ഷികളുമായാണെന്ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ മനുഷ്യാവകാശ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ജസ്റ്റിസ് കോശി പറഞ്ഞു. യഥാര്‍ഥ സാക്ഷികള്‍ രംഗത്തുവരാത്ത സാഹചര്യത്തിലാണ് കള്ളസാക്ഷികളുമായി പൊലീസ് കോടതിയിലെത്തുന്നതെന്നും ഇതുമൂലം കുറ്റകൃത്യങ്ങള്‍ക്ക് ശരിയായ ശിക്ഷ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
2. രോഗം കുറ്റമല്ല (മാതൃഭൂമി)
അര്‍ബുദ രോഗികളെ പൊതുസമൂഹത്തില്‍ നിന്ന് വേറിട്ട് നിര്‍ത്തുകയും അവരുടെ ജീവിതത്തെയാകമാനം ദുഷ്‌കരമാക്കുകയും ചെയ്തു പോരുന്നതില്‍ ഈ രോഗത്തെ ചുറ്റിപ്പറ്റി സമൂഹചിന്തയില്‍ ഇന്നും നിലനില്‍ക്കുന്ന അബദ്ധ ധാരണകള്‍ക്കുള്ള പങ്ക് കുറച്ചൊന്നുമല്ല. കഥകളും സിനിമകളും അതിലൂടെ ഉരുത്തിരിഞ്ഞുവന്ന പൊതുബോധവുമെല്ലാം 'അര്‍ബുദം സമം മരണം' എന്നോ 'അര്‍ബുദം സമം നരകം' എന്നോ ഉള്ള ധാരണകളെ അരക്കിട്ടുറപ്പിച്ചു. പൊതു സമൂഹത്തിന്റെ ഈ അബദ്ധധാരണകള്‍ മാറ്റിയെടുക്കുന്നതിനാണ് പ്രാഥമികമായും ചികിത്സ വേണ്ടത് എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. രോഗവുമായുള്ള ഈ പന്തയത്തിനൊടുവില്‍ കുറെപ്പേര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നുണ്ട്
3. മൂക്കുകയറില്ലാതെ സ്പിരിറ്റ് മാഫിയ (മനോരമ)
കേരളത്തിലേക്കു വിവിധ ചെക്ക്പോസ്റ്റുകളിലൂടെ മാസം 15 ലക്ഷം ലീറ്റര്‍ സ്പിരിറ്റ് അനധികൃതമായി കടത്തുന്നുണ്ടെന്ന എക്സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അധികൃതരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ഈയിനത്തില്‍ സര്‍ക്കാരിനു പ്രതിമാസമുണ്ടാകുന്നതു കോടിക്കണക്കിനു രൂപയുടെ നികുതിനഷ്ടമാണെന്നതു മാത്രമല്ല കാര്യം. ഈ സ്പിരിറ്റ് മുഴുവന്‍ വ്യാജമദ്യമായി മാറുന്നു. ഇതു കേരളത്തിന്റെ ആരോഗ്യരംഗത്തുണ്ടാക്കുന്ന അപകടം എത്രയാണെന്നും കണക്കിലെടുക്കേണ്ടതുണ്ട്.


വ്യാജ സാക്ഷികള്‍ , കൂട്ട മൊഴിമാറ്റം 

വ്യാജ സാക്ഷികള്‍, കൂട്ട മൊഴിമാറ്റം
നമ്മുടെ നീതിന്യായ വ്യവസ്ഥ നീതിയില്‍നിന്ന് എത്രമേല്‍ അകന്നാണ് പോയിക്കൊണ്ടിരിക്കുന്നത് എന്ന സത്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് കഴിഞ്ഞ ദിവസം സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും രണ്ട് സന്ദര്‍ഭങ്ങളിലായി ചെയ്ത പ്രസ്താവനകള്‍. മിക്ക കേസുകളിലും പൊലീസ് കോടതികളിലെത്തുന്നത് കള്ളസാക്ഷികളുമായാണെന്ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ മനുഷ്യാവകാശ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ജസ്റ്റിസ് കോശി പറഞ്ഞു. യഥാര്‍ഥ സാക്ഷികള്‍ രംഗത്തുവരാത്ത സാഹചര്യത്തിലാണ് കള്ളസാക്ഷികളുമായി പൊലീസ് കോടതിയിലെത്തുന്നതെന്നും ഇതുമൂലം കുറ്റകൃത്യങ്ങള്‍ക്ക് ശരിയായ ശിക്ഷ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്രീയ കുറ്റാന്വേഷണത്തിന്‍െറ അഭാവവും പണത്തിന്‍െറ സ്വാധീനവും കുറ്റവാളികളെ രക്ഷപ്പെടുത്തുന്നു. പ്രഥമ വിവര റിപ്പോര്‍ട്ടില്‍ വ്യാപക കൃത്രിമം നടക്കുന്നുണ്ടെന്ന് പറഞ്ഞ മുന്‍ ന്യായാധിപനായ കോശി, രാഷ്ട്രീയസ്വാധീനശക്തികള്‍ക്ക് വഴങ്ങുന്നതാണ് കൃത്രിമം നടക്കാന്‍ കാരണമെന്നും വ്യക്തമാക്കി.

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ രാഷ്ട്രീയ കൊലപാതക കേസില്‍ സാക്ഷികളുടെ കൂട്ട മൊഴിമാറ്റം കേരള പൊലീസിന് കളങ്കം ചാര്‍ത്തിയെന്ന് തുറന്നടിച്ചു. പ്രധാന പ്രതിയോടൊപ്പം രണ്ടും മൂന്നും കേസുകളിലെ പ്രതിയായിട്ടുള്ള ആളുകളെ സാക്ഷികളായി നിര്‍ത്തിയാല്‍ നിലനില്‍ക്കുകയില്ലെന്ന കാര്യം ഏത് പൊലീസുകാര്‍ക്കാണ് അറിയാത്തതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ മൂന്ന് മാസത്തിനിടെ വിസ്തരിച്ച 62 സാക്ഷികളില്‍ 32 പേരും മൊഴിപ്പാറ്റിപ്പറഞ്ഞ പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശമെന്ന് വ്യക്തം. മൊഴി മാറ്റിപ്പറയുമെന്ന് കണ്ട പ്രോസിക്യൂഷന്‍ നാല്‍പതോളം പേരെ വിസ്താരത്തില്‍നിന്ന് ഒഴിവാക്കിയതിന് പുറമെയാണ് അഭൂതപൂര്‍വമായ ഈ മൊഴി മാറ്റം. ഇതോടെ സംസ്ഥാന ആഭ്യന്തര വകുപ്പിന്‍െറ തൊപ്പിയില്‍ തൂവലായി വിശേഷിപ്പിക്കപ്പെട്ട ഒഞ്ചിയം കൊലക്കേസ് അന്വേഷണത്തിന്‍െറ തിളക്കവും വീര്യവും ചോര്‍ന്നുപോവുകയാണ്.
ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ ഏറ്റവും അഭിമാനമായ നേട്ടമായി അവതരിപ്പിക്കപ്പെടാറുള്ളത് രാജ്യത്തെ സ്വതന്ത്ര ജുഡീഷ്യറിയാണ്. ജുഡീഷ്യറി പരമാവധി സ്വതന്ത്രവും സ്വാധീനമുക്തവും നീതിദായകവും ആയിരുന്നാല്‍പോലും അതിന്‍െറ ഗുണഫലം പൗരന്മാര്‍ക്ക് അനുഭവവേദ്യമാകണമെങ്കില്‍ കേസന്വേഷണം വിളംബംകൂടാതെ കുറ്റമറ്റ രീതിയില്‍ നടക്കണം. സത്യസന്ധമായി കുറ്റപത്രം തയാറാക്കുകയും യഥാര്‍ഥ സാക്ഷികളെമാത്രം കോടതിയില്‍ ഹാജരാക്കുകയും അവര്‍ പ്രലോഭനങ്ങളിലോ പ്രകോപനങ്ങളിലോ വീഴാതെ നിര്‍ഭയം മൊഴി നല്‍കുകയും വേണമെന്ന് സാമാന്യബുദ്ധിക്കുപോലും ബോധ്യപ്പെടുന്നതാണ്. ഇവിടെ നടക്കുന്നതോ? വൈദഗ്ധ്യവും പ്രതിബദ്ധതയുമില്ലാത്ത പൊലീസ് പണത്തിന്‍െറയും രാഷ്ട്രീയത്തിന്‍െറയും ദു$സ്വാധീനങ്ങള്‍ക്ക് വഴങ്ങി കേസന്വേഷണം തന്നെ വഴിതിരിച്ചുവിടുകയും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിക്കുകയും വ്യാജ സാക്ഷികളെ ഹാജരാക്കുകയും ചെയ്യുന്നതുമൂലം പ്രമാദമായ കേസുകള്‍വരെ തുമ്പില്ലാതെയും അപരാധികള്‍ രക്ഷപ്പെട്ടും നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടും പോവുന്ന ദുരന്തമാണ്. എല്ലാ കേസുകളെക്കുറിച്ചും ഇങ്ങനെ ആരോപിക്കുന്നത് ശരിയായിരിക്കില്ലെങ്കിലും ഭൂരിപക്ഷം കേസുകളിലും ഏറിയോ കുറഞ്ഞോ അതാണ് സംഭവിക്കുന്നതെന്നത് ദു$ഖസത്യമാണ്. താരതമ്യേന നിസ്സാര കേസുകള്‍വരെ സി.ബി.ഐക്കോ എന്‍.ഐ.എക്കോ വിടണമെന്ന ആവശ്യം പരക്കെ ഉയരാന്‍ പ്രധാന കാരണവും സംസ്ഥാന പൊലീസിന്‍െറ അന്വേഷണത്തിലുള്ള അവിശ്വാസം തന്നെ. സി.ബി.ഐയോ എന്‍.ഐ.എയോ പോലും അത്രയൊന്നും സംശുദ്ധമോ സ്വതന്ത്രമോ അല്ലെന്ന പരാതി നിലനില്‍ക്കത്തന്നെയാണിത്. മന്ത്രി മുല്ലപ്പള്ളി നിരീക്ഷിച്ചപോലെ രണ്ടുംമൂന്നും കേസുകളിലെ പ്രതികളെ സാക്ഷികളായി കൊണ്ടുവരാന്‍ പൊലീസിനെ നിര്‍ബന്ധിക്കുന്ന സാഹചര്യവും കണക്കിലെടുക്കേണ്ടതുണ്ട്. നീണ്ടുനീണ്ടുപോവുന്ന വിചാരണയുടെ പൊല്ലാപ്പോര്‍ത്തും പ്രതിഭാഗത്തിന്‍െറ ശത്രുത വിലക്കെടുക്കുന്നതിലെ അപകടസാധ്യത കണക്കിലെടുത്തും യഥാര്‍ഥ സാക്ഷികള്‍ ഒഴിഞ്ഞുമാറുന്നു. അന്വേഷണം എവ്വിധവും പൂര്‍ത്തിയാക്കി കേസ് കോടതിയില്‍ സമര്‍പ്പിക്കാന്‍ തത്രപ്പെടുന്ന പൊലീസ് വ്യാജ സാക്ഷിത്തൊഴിലാളികളെ കൂട്ടുപിടിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. അവരാകട്ടെ, മൊഴിമാറ്റി പറയാന്‍ ഒരു മനസ്സാക്ഷിക്കുത്തുമില്ലാത്തവരാണെന്നത് സ്വാഭാവികവും. ഈ സങ്കീര്‍ണ പ്രക്രിയയിലുടനീളം വക്കീല്‍ ഗൗണണിഞ്ഞ സമര്‍ഥരുടെ വിളയാട്ടവും അവഗണിക്കാനാവാത്ത വസ്തുതയാണ്. അവസാന വിശകലനത്തില്‍ നീതിയുടെ തുലാസ് നേരെ നില്‍ക്കണമെങ്കില്‍ രാജ്യത്തെ പൊലീസും അന്വേഷണ ഏജന്‍സികളും അഭിഭാഷകരും ന്യായാധിപരും നീതിന്യായ വ്യവസ്ഥയാകെത്തന്നെയും പൊളിച്ചെഴുതുകയും അഴിച്ചുപണിയുകയും ചെയ്യാതെ രക്ഷയില്ലെന്ന് തീര്‍ച്ച.
രോഗം കുറ്റമല്ല 

Newspaper Edition
അര്‍ബുദ രോഗികളെ പൊതുസമൂഹത്തില്‍ നിന്ന് വേറിട്ട് നിര്‍ത്തുകയും അവരുടെ ജീവിതത്തെയാകമാനം ദുഷ്‌കരമാക്കുകയും ചെയ്തു പോരുന്നതില്‍ ഈ രോഗത്തെ ചുറ്റിപ്പറ്റി സമൂഹചിന്തയില്‍ ഇന്നും നിലനില്‍ക്കുന്ന അബദ്ധ ധാരണകള്‍ക്കുള്ള പങ്ക് കുറച്ചൊന്നുമല്ല. കഥകളും സിനിമകളും അതിലൂടെ ഉരുത്തിരിഞ്ഞുവന്ന പൊതുബോധവുമെല്ലാം 'അര്‍ബുദം സമം മരണം' എന്നോ 'അര്‍ബുദം സമം നരകം' എന്നോ ഉള്ള ധാരണകളെ അരക്കിട്ടുറപ്പിച്ചു. പൊതു സമൂഹത്തിന്റെ ഈ അബദ്ധധാരണകള്‍ മാറ്റിയെടുക്കുന്നതിനാണ് പ്രാഥമികമായും ചികിത്സ വേണ്ടത് എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. രോഗവുമായുള്ള ഈ പന്തയത്തിനൊടുവില്‍ കുറെപ്പേര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നുണ്ട്. ഇവിടെ ആലോചിക്കേണ്ടത് ഇത്തരം ഘട്ടങ്ങളില്‍ സമൂഹവും സര്‍ക്കാറും ചികിത്സാ സംവിധാനങ്ങളും രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും എത്രമാത്രം താങ്ങാവുന്നുണ്ട് എന്നതാണ്. കുറച്ചൊക്കെയുണ്ട്. എങ്കിലും പലതും ഇനിയും ചെയ്യാനുണ്ട് എന്നാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച 'അര്‍ബുദത്തെ ആര് പേടിക്കും?'എന്ന ലേഖന പരമ്പര വ്യക്തമാക്കുന്നത്.

അര്‍ബുദത്തെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ അതൊരു മാറാരോഗമാണെന്ന വിചാരമാണ്. മറ്റേതൊരു രോഗവുംപോലെ പ്രാരംഭദശയില്‍ത്തന്നെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാവുന്ന രോഗമാണ് അതിന്ന്. അര്‍ബുദത്തെ നരകത്തിന്റെയോ മരണത്തിന്റെയോ പര്യായമായി ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഭിഷഗ്വരന്മാര്‍ ഇന്ന് കാണുന്നേയില്ല. പ്രമേഹമോ രക്തസമ്മര്‍ദമോ ഒക്കെ കണ്ടുപിടിക്കാനുള്ള പരിശോധനകള്‍പോലെ അര്‍ബുദത്തെയും നേരത്തേ കണ്ടുപിടിക്കാനുള്ള ജാഗ്രതയാണ് വേണ്ടത്. ചികിത്സിച്ച് ഭേദമാകാത്ത അവസ്ഥയില്‍, കണ്ടുപിടിക്കപ്പെടുന്ന അര്‍ബുദങ്ങളെയും നിയന്ത്രിച്ചുകൊണ്ട് മുന്നോട്ടുപോകാനും ഇന്ന് ശാസ്ത്രം വളര്‍ന്നിട്ടുണ്ട്. ഇനി തീര്‍ത്തും വൈകിപ്പോയ നിലയില്‍ കണ്ടെത്തുന്ന രോഗാവസ്ഥയില്‍ പോലും സാന്ത്വനപരിചരണം ഇന്ന് സാധ്യമാണ്. രോഗിയെയും രോഗത്തെയും എഴുതിത്തള്ളാത്ത സമൂഹത്തിന്റെ മനോഭാവമാണ് ഇവിടെ അത്യാവശ്യമായിട്ടുള്ളത്.

മലയാളികളുടെ മാറിയ ജീവിതശൈലി അര്‍ബുദരോഗത്തിന്റെ വലിയതോതിലുള്ള വളര്‍ച്ചയ്ക്ക് ഇടവരുത്തിയിട്ടുണ്ട് എന്നത് വസ്തുതയാണിന്ന്. അര്‍ബുദ ചികിത്സാരംഗത്തെ ഒട്ടേറെ അനാശാസ്യപ്രവണതകള്‍ക്കും ഇത് ഇടവരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതകൊണ്ട് സ്വകാര്യ ആസ്​പത്രികള്‍ക്ക് വന്‍ലാഭം കൊയ്യാനുള്ള അവസരമാണ് അര്‍ബുദ ചികിത്സാരംഗം ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ അഞ്ച് മെഡിക്കല്‍ കോളേജുകളിലും സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റുകള്‍ ഇല്ലാത്ത അവസ്ഥയുണ്ട്. ആധുനിക റേഡിയേഷന്‍ ചികിത്സ ലഭ്യമാക്കുന്ന ലീനിയര്‍ ആക്‌സിലറേറ്റര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ മാത്രമാണുള്ളത്. തിരുവനന്തപുരത്ത് ആര്‍.സി.സി.യെപ്പോലുള്ള ഒരു ചികിത്സാ സംവിധാനം ഇന്ന് മലബാറില്‍ ലഭ്യമല്ല. മരുന്നുവിപണനരംഗത്തെ നിയന്ത്രണമില്ലായ്മകാരണം അര്‍ബുദ ചികിത്സായ്ക്കാവശ്യമായ മരുന്നുകള്‍ക്ക് വന്‍വില നല്‍കേണ്ടിവരുന്ന സാഹചര്യമാണുള്ളത്. ചികിത്സാസംവിധാനങ്ങളുടെ അപര്യാപ്തതകൊണ്ടും അപ്രാപ്യതകൊണ്ടും വലിയൊരു വിഭാഗം അര്‍ബുദരോഗികള്‍ വ്യാജന്മാരുടെ പിടിയിലകപ്പെടുന്ന പ്രവണത പെരുകിവരികയാണ്. ഇവരെ നിയന്ത്രിക്കാന്‍ സര്‍ക്കാറിനുകഴിയുന്നില്ലെന്നത് തീര്‍ത്തും നിരാശാജനകമാണ്.

മെഡിക്കല്‍ റീ ഇംപേഴ്‌മെന്റാണ് മറ്റൊരു കുരുക്ക്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് ഒരിക്കലും പാവപ്പെട്ട അര്‍ബുദരോഗികള്‍ക്ക് അനുകൂലമായിട്ടുള്ളതല്ല. മാസങ്ങളും വര്‍ഷങ്ങളും മെഡിക്കല്‍ ബില്ല് പാസ്സാക്കിയെടുക്കാന്‍ അര്‍ബുദചികിത്സയോട് പടവെട്ടുന്നതിനൊപ്പം സര്‍ക്കാര്‍ വകുപ്പുകളോടും പടവെട്ടേണ്ട ഗതികേടിലാണ് രോഗികളും അവരുടെ ബന്ധുക്കളും. ആന്ധ്രയിലും കര്‍ണാടകത്തിലുമൊക്കെ നിലവിലുള്ള ആരോഗ്യശ്രീ മാതൃകയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ മുഴുവന്‍ ജനങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തുകയെന്നതാണ് ഇതിനുള്ള പരിഹാരം. സര്‍ക്കാര്‍ സംവിധാനം ലഭ്യമല്ലാത്തിടത്ത് സ്വകാര്യആസ്​പത്രിയിലെ ചികിത്സയ്ക്ക് സര്‍ക്കാര്‍ മാനദണ്ഡത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടുന്നു എന്നതാണ് ആരോഗ്യശ്രീ മാതൃകയുടെ മേന്മ. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധ അടിയന്തരമായി പതിയേണ്ടതുണ്ട്.

അര്‍ബുദത്തെ അതിജീവിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് നേരിടാന്‍ പൊതുസമൂഹത്തിന്റെ മനോഭാവങ്ങള്‍ വെല്ലുവിളിയായി മാറുന്ന സാഹചര്യം തീര്‍ത്തും ദുഃഖകരമാണ്. ഇത് മാറ്റിയെടുക്കുകയെന്നത് അര്‍ബുദ ചികിത്സയ്ക്കുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനോളംതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. രോഗിയും ഒരു വ്യക്തിയാണ് എന്ന് മനസ്സിലാക്കുക എന്ന തിരുത്താണ് ഇവിടെ വേണ്ടത്.
മാതൃഭൂമി 14-04-13

മൂക്കുകയറില്ലാതെ സ്പിരിറ്റ് മാഫിയ
malmanoramalogo
കേരളത്തിലേക്കു വിവിധ ചെക്ക്പോസ്റ്റുകളിലൂടെ മാസം 15 ലക്ഷം ലീറ്റര്‍ സ്പിരിറ്റ് അനധികൃതമായി കടത്തുന്നുണ്ടെന്ന എക്സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അധികൃതരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ഈയിനത്തില്‍ സര്‍ക്കാരിനു പ്രതിമാസമുണ്ടാകുന്നതു കോടിക്കണക്കിനു രൂപയുടെ നികുതിനഷ്ടമാണെന്നതു മാത്രമല്ല കാര്യം. ഈ സ്പിരിറ്റ് മുഴുവന്‍ വ്യാജമദ്യമായി മാറുന്നു. ഇതു കേരളത്തിന്റെ ആരോഗ്യരംഗത്തുണ്ടാക്കുന്ന അപകടം എത്രയാണെന്നും കണക്കിലെടുക്കേണ്ടതുണ്ട്.


ചെറുതും വലുതുമായി എഴുപതോളം സ്പിരിറ്റ് കടത്തു സംഘങ്ങള്‍, അധികൃതരുടെ കണ്ണുവെട്ടിക്കാന്‍ ഇവര്‍ കണ്ടെത്തുന്ന വ്യത്യസ്ത മാര്‍ഗങ്ങള്‍, സ്പിരിറ്റ് മാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടുകെട്ട് - ഇവയിലേക്കെല്ലാം വെളിച്ചംവീശുന്നതായിരുന്നു മലയാള മനോരമ പ്രസിദ്ധീകരിച്ച 'എന്തൊരു സ്പിരിറ്റ് എന്ന പരമ്പര. കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലുമായി പടര്‍ന്നു പന്തലിച്ചു കിടക്കുകയാണു സ്പിരിറ്റ് മാഫിയ. ടാങ്കര്‍ ലോറികളില്‍ പതിനായിരക്കണക്കിനു ലീറ്റര്‍ സ്പിരിറ്റ് കടത്തുന്നതുമുതല്‍ മാഹിയില്‍നിന്നു വിലകുറഞ്ഞ മദ്യം 
എത്തിക്കുന്നതുവരെ നീളുന്നു ഇവരുടെ പ്രവര്‍ത്തനം. ഡിസ്റ്റിലറികള്‍വഴിയുള്ള അഴിമതി, വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റ് കലര്‍ത്തിയ കള്ളുവില്‍പന, ബാറുകളിലെ തട്ടിപ്പുകള്‍ - ഇവയും മാഫിയകളുടെ തണലില്‍ത്തന്നെയാണു നടക്കുന്നത്. കേരളത്തില്‍ പ്രതിദിനം ചെത്തുന്ന കള്ളിന്റെ എത്രയോ ഇരട്ടിയാണ് ഷാപ്പുകള്‍വഴി വിറ്റഴിക്കുന്നതെന്ന കണക്കില്‍ത്തന്നെയുണ്ട് സ്പിരിറ്റ് കലര്‍ത്തിയ വ്യാജക്കള്ളിന്റെ ഗന്ധം. 

കേരളത്തിലേക്ക് അനധികൃതമായി സ്പിരിറ്റ് ഒഴുകുന്നുണ്ടെന്നും അതു ചെക്ക്പോസ്റ്റ് കടക്കുന്നതുമുതല്‍ വ്യാജമദ്യമാക്കി മാറ്റി വിതരണം ചെയ്യുന്നതുവരെ എക്സൈസിലെ ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ടെന്നും അധികൃതര്‍ക്ക് അറിയാത്തതല്ല. ഈയിടെ തിരുവനന്തപുരത്തു വിളിച്ചുചേര്‍ത്ത യോഗത്തില്‍ എക്സൈസ് കമ്മിഷണര്‍തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. ഇതു തടയാന്‍ എക്സൈസ് വകുപ്പിനു കഴിയുന്നില്ലെന്നും ഹൈവേ പട്രോളിങ്ങും അതിര്‍ത്തി പട്രോളിങ്ങും നടക്കുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. 

പല ചെക്ക്പോസ്റ്റുകളിലും ചരക്കുവാഹന പരിശോധന നടക്കുന്നില്ലെന്നാണ് മനോരമ സംഘത്തിനു നേരിട്ടു ബോധ്യമായത്. ഒറ്റുകൊടുക്കപ്പെടുന്നതോ ഉദ്യോഗസ്ഥരുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ പിടികൊടുക്കുന്നതോ ആയ സ്പിരിറ്റ് മാത്രമാണു പലപ്പോഴും എക്സൈസിന്റെ കയ്യില്‍ കിട്ടുന്നത്. പരിശോധിച്ചോ അന്വേഷിച്ചോ പിടിക്കുന്നവ അപൂര്‍വം. 
യോഗ്യരായ ജീവനക്കാരെ ചെക്ക്പോസ്റ്റുകളില്‍ നിയമിക്കാന്‍ പലപ്പോഴും കഴിയുന്നില്ല. ചെക്ക്പോസ്റ്റുകളില്‍ നിയമിക്കേണ്ട ഉദ്യോഗസ്ഥരെ തീരുമാനിക്കുന്നതുപോലും ചില രാഷ്ട്രീയക്കാരും മാഫിയകളുമാണ്. 

എക്സൈസ് കമ്മിഷണര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത 14 ജില്ലകളിലെ ഡപ്യൂട്ടി എക്സൈസ് കമ്മിഷണര്‍മാര്‍ ഒരേസ്വരത്തില്‍ പറഞ്ഞതാണിത്. ബാഹ്യ ഇടപെടല്‍ കൂടുതലാണെന്നു ജോയിന്റ് കമ്മിഷണര്‍മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
സ്പിരിറ്റ് കടത്തു തടയാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അതിനു സഹായകമായ സൌകര്യങ്ങളൊന്നുമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇരുമ്പുകമ്പിയും വടിയുമൊക്കെയാണ് ഇപ്പോഴും ചരക്കുവണ്ടികള്‍ പരിശോധിക്കാനുള്ള ഉപകരണങ്ങള്‍. ചരക്കിനിടയില്‍ കുത്തിനോക്കിയുള്ളതല്ലാതെ ഒരു പരിശോധനയും നടത്താന്‍ സൌകര്യമില്ല. 

സ്പിരിറ്റ് കടത്തു തടയാന്‍ നടപടിയെടുക്കുമെന്നുള്ള രാഷ്ട്രീയക്കാരുടെ പതിവുപല്ലവികൊണ്ട് ഇനി കാര്യമില്ല. ഉദ്യോഗസ്ഥതലത്തിലെ അഴിമതി അവസാനിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഭരണകൂടം വിചാരിച്ചാല്‍ നിഷ്പ്രയാസം സാധിക്കാവുന്നതേയുള്ളൂ ഇത്. കള്ളക്കടത്തു തടയാനുള്ള സൌകര്യങ്ങള്‍ ഒരുക്കുകയും വേണം. സ്പിരിറ്റ് മാഫിയയ്ക്കു മൂക്കുകയറിട്ടില്ലെങ്കില്‍ കേരളത്തില്‍ മദ്യദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

No comments:

Post a Comment