Thursday, May 30, 2013

മുഖപ്രസംഗം May 30- 2013

മുഖപ്രസംഗം May 30- 2013

1. ഗ്വണ്ടാനമോയില്‍ ഒബാമ കാട്ടുന്ന ആത്മവഞ്ചന (മാധ്യമം)
പൗരാവകാശ പുന$സ്ഥാപനത്തിനായിരിക്കും താന്‍ മുന്തിയ പരിഗണന നല്‍കുക എന്ന് വാഗ്ദാനം നല്‍കി അഞ്ചുവര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡന്‍റ് പദത്തിലേറിയ ബറാക് ഒബാമ ആഗോള സമൂഹത്തെ അങ്ങേയറ്റം നിരാശരാക്കിയിരിക്കുകയാണ്. തന്‍െറ മുന്‍ഗാമി ജോര്‍ജ് ഡബ്ള്യു. ബുഷിന്‍െറ കാലഘട്ടത്തിലെ മനുഷ്യാവകാശധ്വംസനങ്ങളുമായി വര്‍ധിത വീര്യത്തോടെ മുന്നോട്ടുപോകുന്ന അദ്ദേഹം കടുത്ത ആത്മവഞ്ചനയാണ് കാണിക്കുന്നതെന്നാണ് പൗരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ക്യൂബന്‍ തീരത്തെ ഗ്വണ്ടാനമോ തടവറയില്‍ കഴിഞ്ഞ 11 വര്‍ഷമായി കുറ്റപത്രമോ വിചാരണയോ ഇല്ലാതെ ദുരിത ജീവിതം നയിക്കുന്ന 22 രാജ്യങ്ങളില്‍നിന്നുള്ള 166 മനുഷ്യ ജീവിതങ്ങളെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന നടുക്കുന്ന വാര്‍ത്തകള്‍ പൗരാവകാശത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ അമേരിക്കക്ക് ധാര്‍മികാവകാശമില്ല എന്ന കാഴ്ചപ്പാട് ബലപ്പെടുത്തുന്നു.
2. മാരകരോഗബാധിതരെപെന്‍ഷന് കാത്തുനിര്‍ത്തരുത് (മാതൃഭൂമി)
രോഗചികിത്സയ്ക്കുള്ള സൗകര്യം പണമുള്ളവര്‍ക്ക് മാത്രമാകുന്ന സാഹചര്യമുണ്ടാകുന്നത് ഒരു സമൂഹത്തിനും അലങ്കാരമല്ല. നിര്‍ധനരായ മാരകരോഗബാധിതര്‍ക്ക് ഇത്തിരിയെങ്കിലും ആശ്വാസമേകാനുള്ള പെന്‍ഷന്‍ പദ്ധതി കേരളത്തില്‍ രൂപംകൊണ്ടതുതന്നെ അത്തരം നല്ല ചില ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ടാണ്. എന്നാല്‍, അതിന്ന് രോഗബാധിതരെ പെന്‍ഷനുവേണ്ടി കാത്തുനിര്‍ത്തുന്ന അവസ്ഥയിലേക്ക് പാളിപ്പോയിരിക്കുകയാണ്. 'സര്‍ക്കാര്‍ ഉത്തരവുകളിറങ്ങുന്നത് ഒച്ചിന്റെ വേഗത്തില്‍' എന്ന ഇതുസംബന്ധിച്ചുള്ള വാര്‍ത്ത നമ്മുടെ ഉദ്യോഗസ്ഥസംവിധാനങ്ങള്‍ വരുത്തിവെക്കുന്ന കുറ്റകരമായ മെല്ലെപ്പോക്കിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
3. നമ്മുടെ നഗരങ്ങള്‍ക്ക് ഇനി വേഗച്ചിറകുകള്‍ (മനോരമ)

കേരളത്തിന്റെ മറ്റൊരു വികസനസ്വപ്നം കൂടി യാഥാര്‍ഥ്യത്തിലേക്ക്. തിരുവനന്തപുരം, കോഴിക്കോട് മോണോ റയില്‍ പദ്ധതികള്‍ക്കു തുടക്കമിടാന്‍ ഇനി kkകാര്യമായ തടസ്സങ്ങളൊന്നുമില്ല. തിരുവനന്തപുരം മോണോ റയിലിന് ഇന്നലെ സംസ്ഥാന മന്ത്രിസഭായോഗം അനുമതി നല്‍കിയതോടെ ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനു(ഡിഎംആര്‍സി)മായി കണ്‍സല്‍റ്റന്‍സി കരാര്‍ ഒപ്പിടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. 

Wednesday, May 29, 2013

മുഖപ്രസംഗം May 29- 2013

മുഖപ്രസംഗം May 29- 2013

1. സ്വയംകൃതാനര്‍ഥങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി (മാധ്യമം)
അതിവേഗം ബഹുദൂരം എന്നാണവകാശപ്പെടുന്നതെങ്കിലും ഉമ്മന്‍ചാണ്ടി നയിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു കൊല്ലവും മുടന്തിയാണ് നീങ്ങിക്കൊണ്ടിരുന്നതെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. സംസ്ഥാനം അഭിമുഖീകരിക്കുന്ന വന്‍ സമസ്യകളായ വൈദ്യുതിക്ഷാമം, വിലക്കയറ്റം, മാലിന്യക്കൂമ്പാരം, തൊഴിലില്ലായ്മ, വികസനമുരടിപ്പ് പോലുള്ളവക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല. എമര്‍ജിങ് കേരള എന്തു കൊണ്ടുവന്നു എന്ന ചോദ്യത്തിന് ഉത്തരവുമില്ല. എന്തുകൊണ്ടിങ്ങനെ എന്നു ചോദിച്ചാല്‍ രണ്ടോ മൂന്നോ എം.എല്‍.എമാരുടെ ഭൂരിപക്ഷമേ ഭരണപക്ഷത്തിനുള്ളൂ എന്ന വിശദീകരണം ആരെയും തൃപ്തിപ്പെടുത്തുകയില്ലെന്ന് തീര്‍ച്ച.
2. സ്‌കൂള്‍ യാത്രകള്‍ സുരക്ഷിതമാക്കാന്‍ - (മാതൃഭൂമി) 
കേരളത്തില്‍ സ്‌കൂള്‍ വര്‍ഷാരംഭമായതോടെ അധികൃതര്‍ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കാന്‍ തുടങ്ങിയത് നല്ല കാര്യമാണ്. എന്നാല്‍, സഞ്ചാരയോഗ്യമല്ലാത്ത വാഹനങ്ങള്‍ പലേടത്തും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഒട്ടേറെ സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഇത് ഓര്‍മിപ്പിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍, പലരും ഇക്കാര്യത്തില്‍ അനാസ്ഥ തുടരുന്നു. കുട്ടികളുടെ സ്‌കൂള്‍ യാത്ര സുരക്ഷിതമാക്കാന്‍ ഒട്ടേറെ നിബന്ധനകള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വാഹനങ്ങളുടെ സഞ്ചാരക്ഷമത, ഡ്രൈവര്‍മാരുടെ യോഗ്യത തുടങ്ങിയവ സംബന്ധിച്ചുള്ള നിബന്ധനകള്‍ പോലും പലപ്പോഴും ലംഘിക്കപ്പെടുന്നു. സ്‌കൂള്‍ വാഹനങ്ങള്‍ വിശദമായി പരിശോധിക്കാന്‍ അധികൃതര്‍ മുതിരാത്തത് ഈ സ്ഥിതി തുടരാന്‍ കാരണമാകുന്നുമുണ്ട്. 
3. കോഴിക്കോടന്‍ അഴിമതിക്കുഴല്‍ (മനോരമ)
മലിനജലം ശുദ്ധീകരിക്കുന്ന പൈപ്പുതന്നെ അഴിമതിയാല്‍ മലിനമായാലോ? കോഴിക്കോട് നഗരത്തിലെ മലിനജല ശുദ്ധീകരണ പദ്ധതിയുടെ പൈപ്പുകള്‍ നിലവാരമില്ലാത്തതാണെന്ന കണ്ടെത്തലില്‍ അഴിമതിയുടെ ദുര്‍ഗന്ധമുണ്ട്. സര്‍ക്കാര്‍ സംവിധാനത്തിലെ അഴിമതി വളര്‍ന്നു പൊതുജനാരോഗ്യത്തിനു ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയാണിവിടെ. 

മുഖപ്രസംഗം May 28- 2013

മുഖപ്രസംഗം May 28- 2013

1. നടപ്പാതയിലെ കുരുതി  (മാധ്യമം)
കേരളം പോലെ ‘വികസിത’വും പൗരാവകാശത്തെപ്പറ്റി നാട്യങ്ങളുള്ളതുമായ ഒരു സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാതിരുന്ന ഒരു ദുരന്തം ശനിയാഴ്ച കോഴിക്കോട്ടുണ്ടായി. നഗരത്തിന്‍െറ ഹൃദയ ഭാഗത്ത് അറുപതുകാരി ഓടയില്‍ വീണു മരിച്ചു. ശക്തമായ മഴമൂലം വാഹനങ്ങള്‍ തിരിച്ചുവിടേണ്ടിവന്നതിനാലാണ് അവര്‍ ആ വഴി നടക്കാനിടയായത്. നടപ്പാതയില്‍ സ്ളാബില്ലാത്ത ഭാഗമുള്ളത് വെള്ളമൊഴുക്കില്‍ കാണാനായില്ല. ഓടയില്‍ വീണതോടെ ഒഴുക്കില്‍പെട്ട് ഒലിച്ചുപോയി. രണ്ടര മണിക്കൂര്‍ കഴിഞ്ഞ് മറ്റൊരിടത്തുനിന്ന് മൃതദേഹം കിട്ടി. കിണാശ്ശേരി സ്വദേശിനി ആയിശാബി അവിചാരിതമായി അത്യാഹിതത്തില്‍ പെടുകയായിരുന്നുവെന്ന് നമുക്ക് പറഞ്ഞൊഴിയാം. എന്നാല്‍, അതില്‍നിന്ന് രക്ഷപ്പെടാന്‍ അവര്‍ എന്ത് മുന്‍കരുതലാണ് സ്വീകരിക്കേണ്ടിയിരുന്നത്? നഗരവീഥിയില്‍ പെരുമഴയത്ത് നടപ്പാതയിലൂടെ നടന്നതോ അവരുടെ കുറ്റം? ഒരൊറ്റ മണിക്കൂര്‍ മഴപെയ്താല്‍ റോഡുകളും ഓടകളും നിറഞ്ഞൊഴുകുന്നതിലെ ആസൂത്രണമില്ലായ്മക്ക് സാധാരണ ജനങ്ങള്‍ എന്തു പിഴച്ചു? അടുത്ത ചുവടില്‍ ജീവന്‍ പൊലിയുമെന്ന അവസ്ഥയിലേക്ക് നമ്മുടെ റോഡുകളും നടപ്പാതകളും എത്തിയതിന്‍െറ ഉത്തരവാദിത്തം ആര്‍ക്കാണ്? രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ ഒന്നും ഇല്ലാതെ, മൃതദേഹം വീണ്ടെടുക്കാന്‍ മഴ നിലക്കേണ്ടിവരുന്ന സ്ഥിതിയിലേക്ക് നഗര വികസനം ‘വളര്‍ന്ന ’ത് ഏതു ജനങ്ങള്‍ക്കുവേണ്ടിയാണ്?
2. മുന്നൊരുക്കങ്ങള്‍ പിഴയ്ക്കുമ്പോള്‍ (മാതൃഭൂമി)
മഴവെള്ളം നിറഞ്ഞ ഓടയില്‍ വീണ് കോഴിക്കോട് നഗരമധ്യത്തില്‍ ആയിഷബി എന്ന വീട്ടമ്മ ദാരുണമായി മരിക്കാനിടയായ സംഭവം മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരിലും ഞെട്ടലുണ്ടാക്കും. മനുഷ്യനിര്‍മിത ദുരന്തമാണിത്. എത് നഗരത്തിലും കാലവര്‍ഷത്തിനു മുമ്പേ കൈക്കൊള്ളേണ്ട മുന്നൊരുക്കങ്ങള്‍ പിഴയ്ക്കുമ്പോഴാണ് നമ്മുടെതന്നെ കെടുകാര്യസ്ഥതയുടെ ഇരകളായി ആയിഷബിയെപ്പോലുള്ള രക്തസാക്ഷികളുണ്ടാകുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് അവകാശവാദങ്ങള്‍ ഉയരുന്ന കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍ പരിസരത്താണ് ഓടയില്‍ വീണ സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ നമ്മുടെ സുരക്ഷാ സംവിധാനങ്ങളും നാണംകെട്ടത്. മഴ തോര്‍ന്ന് വെള്ളത്തിന്റെ ഒഴുക്ക് നിലച്ചപ്പോള്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായതെന്ന വാര്‍ത്ത ആരിലും അമ്പരപ്പുളവാക്കും. 
3. കൊടുംക്രൂരതയ്ക്ക് തടയിടണം (മനോരമ)
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പ്രചാരണ യാത്രയ്ക്കു നേരെയുണ്ടായ ഭീകരാക്രമണം മാവോയിസ്റ്റുകളെ നേരിടുന്നതിലുള്ള സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നീക്കങ്ങള്‍ക്കു വന്‍ തിരിച്ചടിയായി. മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സിരാകേന്ദ്രങ്ങളിലൊന്നായ ബസ്തര്‍ മേഖലയില്‍ അവര്‍ നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും ഭീകരമാണിത്. 

മുഖപ്രസംഗം May 27- 2013


മുഖപ്രസംഗം May 26- 2013


മുഖപ്രസംഗം May 25- 2013


മുഖപ്രസംഗം May 24- 2013


മുഖപ്രസംഗം May 23- 2013


മുഖപ്രസംഗം May 22- 2013


Tuesday, May 21, 2013

മുഖപ്രസംഗം May 21- 2013

മുഖപ്രസംഗം May 21- 2013


1. ചൊവ്വ വിളിക്കുന്നു (മാധ്യമം)
കഷ്ടിച്ച് ആറു മാസത്തിനുള്ളില്‍ ചൊവ്വയിലേക്കു സ്വന്തം ഉപഗ്രഹം അയക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ഒക്ടോബറില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആര്‍.ഒ) ശ്രീഹരിക്കോട്ടയില്‍നിന്ന് ‘മംഗള്‍യാന്‍’ ഉപഗ്രഹം വിക്ഷേപിക്കും. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിക്കുന്നു. 2012 ആഗസ്റ്റില്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കുകയും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്ത ചൊവ്വാദൗത്യം നമ്മുടെ അയല്‍ഗ്രഹത്തിന്‍െറ അന്തരീക്ഷ പഠനമടക്കം അഞ്ച് പരീക്ഷണ-നിരീക്ഷണ ചുമതലകളാണ് നിര്‍വഹിക്കുക. 
2. അട്ടപ്പാടിയില്‍ ഇനി കണ്ണീര്‍ വീഴരുത്  (മനോരമ)
പോഷകാഹാരക്കുറവുമൂലം നവജാതശിശുക്കള്‍ മരിക്കുന്ന അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ നെഞ്ചുപൊട്ടിക്കരയുന്ന അമ്മമാരുടെ എണ്ണം വര്‍ധിക്കുകയാണ്. ക്ഷയവും അനുബന്ധ രോഗങ്ങളും ബാധിച്ചു മെലിഞ്ഞുണങ്ങിയ കുട്ടികള്‍ കേരളത്തിന്റെ ദുഃഖമായി മാറുന്നു.
3. പുതിയ സ്‌കൂളുകള്‍ അനുവദിക്കുമ്പോള്‍ (മാതൃഭൂമി)
സംസ്ഥാനത്ത് പുതുതായി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്. അരലക്ഷത്തിലധികം, കൃത്യമായിപ്പറഞ്ഞാല്‍ 50679 പ്ലസ്‌വണ്‍ സീറ്റുകള്‍ ആരും പ്രവേശനം നേടാതെ കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ ഒഴിഞ്ഞു കിടന്ന കാര്യം പരിഗണിക്കാതെയാണ് ഈ തീരുമാനം. 148 പഞ്ചായത്തുകളില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഇല്ല എന്ന ന്യായം പറഞ്ഞ് അനുവദിക്കാന്‍ പോകുന്നു. ഭൂരിഭാഗം വിദ്യാലയങ്ങളും എയ്ഡഡ് മേഖലയിലായിരിക്കും. മാത്രമല്ല അധികബാച്ചുകള്‍ അനുവദിക്കാനും നീക്കമുണ്ട്. ഇത്രയധികം സ്‌കൂളുകളും സീറ്റുകളും ആവശ്യമുണ്ടോയെന്ന് ശാസ്ത്രീയമായി പഠിച്ചു വിലയിരുത്താതെയാണ് വിദ്യാഭ്യാസ വകുപ്പ് വിദ്യാലയദാനത്തിന് പുറപ്പെടുന്നത്.

Monday, May 20, 2013

മുഖപ്രസംഗം May 20- 2013

മുഖപ്രസംഗം May 20- 2013

1. പൊരുത്തക്കേടുകളോട് പൊരുതിനില്‍ക്കാനാവാതെ (മാധ്യമം)
കടുത്ത വര്‍ഗീയതയിലും പരമത വിദ്വേഷത്തിലും ഊട്ടിയെടുക്കപ്പെട്ടതാണ് സംഘ്പരിവാറും അതിനകത്തെ അനുബന്ധ ഘടകങ്ങളുമെല്ലാം. അതിന്‍െറ അധികാരരാഷ്ട്രീയ മുഖമായ ഭാരതീയ ജനതാപാര്‍ട്ടിയില്‍നിന്നും നാട് മറുത്തൊന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയുടെ ഗതിയറിഞ്ഞ് പാറ്റാനറിയുന്ന മിടുക്കില്‍ ഇടക്ക് മതേതരത്വത്തിന്‍െറയും ന്യൂനപക്ഷാനുഭാവത്തിന്‍െറയും വികസനപ്രേമത്തിന്‍െറയുമൊക്കെ പുറംപൂച്ചില്‍ ഒളിക്കാന്‍ പാര്‍ട്ടി ശ്രമിക്കാറുണ്ട്. അവസരമൊത്തു വരുമ്പോള്‍ ഈ പൂച്ചില്‍നിന്നു പുറത്തുചാടാനും ബി.ജെ.പിക്ക് അറിയാം. വര്‍ഗ, വംശവൈരത്തിന്‍െറ മാത്രം അടിത്തറയില്‍ വികസിച്ചുവന്ന ഒരു പാര്‍ട്ടിയുടെ സ്വാഭാവികപരിണതിയാണ് ഈ നിലപാടില്ലാ കണ്ടംചാട്ടങ്ങള്‍. രാജ്യാധികാരം പരമലക്ഷ്യമായി കാണുന്ന പാര്‍ട്ടിയുടെ രാജനൈതികത സംബന്ധിച്ച വാചകമടിക്ക് അധരത്തിനപ്പുറം ആയുസ്സില്ലെന്ന് ഭരണ-പ്രതിപക്ഷ സ്ഥാനങ്ങളിലിരുന്ന് പാര്‍ട്ടി തെളിയിച്ചതാണ്.
2. നോക്കുകൂലി വാഴുന്നു; നിയമം നോക്കുകുത്തി (മനോരമ)
നോക്കുകൂലി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ക്കു നോക്കുകുത്തിയുടെ വിലപോലുമില്ലാതായി. നിയമങ്ങളുടെ സംരക്ഷണമുണ്ടെങ്കിലും തൊഴിലാളികളുടെ സംഘടിതശക്തി ഭയന്ന് അവര്‍ ചോദിക്കുന്ന പണം നല്‍കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്. 

Sunday, May 19, 2013

മുഖപ്രസംഗം May 19- 2013

മുഖപ്രസംഗം May 19- 2013

1. അശാന്തന്‍ (മാധ്യമം)
മലയാളത്തിന്‍െറ മുഖശ്രീയെന്നൊക്കെയായിരുന്നു ഇന്ത്യന്‍ ടീമില്‍ ഇടംകിട്ടിയപ്പോള്‍ ശാന്തകുമാരന്‍ ശ്രീശാന്തിന് മലയാളമാധ്യമങ്ങളിട്ട പേര്. കളിക്കളത്തില്‍ പക്ഷേ, കോങ്കണ്ണുള്ളവള്‍ക്ക് മീനാക്ഷി എന്നു പേരിട്ട പോലെയായി കാര്യങ്ങള്‍. കളിമൈതാനങ്ങളില്‍ ശാന്തകുമാരന്‍ ശ്രീശാന്ത് എന്നും അശാന്തി വിതച്ചു. എതിരാളികള്‍ക്കു നേരെ കണ്ണുരുട്ടി. വിക്കറ്റെടുക്കുമ്പോഴൊക്കെ കോപ്രായങ്ങള്‍ കാട്ടി. ഓരോ പന്തിലും അലറിവിളിച്ച് അമ്പയര്‍മാരുടെ പിഴ വാങ്ങി. ഒടുവില്‍ ഹര്‍ഭജന്‍ സിങ് കരണക്കുറ്റിക്കിട്ട് ഒന്നു പൊട്ടിച്ചപ്പോള്‍ അവന് കിട്ടേണ്ടതു കിട്ടിയെന്ന് പറഞ്ഞവരായിരുന്നു ഏറെയും. വെറുക്കപ്പെട്ടവനായി മാറാന്‍ അധികനാളൊന്നും വേണ്ടിവന്നില്ല. അങ്ങനെയിരിക്കെയാണ് കോഴ വിവാദം വരുന്നത്. സംഖ്യാജ്യോതിഷത്തിലൊക്കെ വലിയ വിശ്വാസമുള്ള ശ്രീശാന്തിന് കാലം കണ്ടകശ്ശനിയായിരിക്കും. കളിക്കളത്തില്‍നിന്നും കരിയറില്‍നിന്നും ബിസിനസില്‍നിന്നും ഇപ്പോള്‍ ക്ളീന്‍ബൗള്‍ഡ്.

മുഖപ്രസംഗം May 18- 2013

മുഖപ്രസംഗം May 18- 2013

1. മത-സാംസ്കാരിക ന്യൂനപക്ഷങ്ങളുടെ ദു:സ്ഥിതി (മാധ്യമം) 
എല്‍.ടി.ടി.ഇയെ നിശ്ശേഷം അടിച്ചമര്‍ത്തി വിഘടനവാദത്തിന്‍െറ അടിവേരറുത്ത ശ്രീലങ്കയില്‍, തമിഴ് വംശജരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതിനെക്കുറിച്ച പരാതികള്‍ രാഷ്ട്രാന്തരീയ തലത്തില്‍ സജീവമായിരിക്കെ മറ്റൊരു വശത്ത് മൊത്തം ജനസംഖ്യയുടെ 9.7 ശതമാനം വരുന്ന മുസ്ലിം ന്യൂനപക്ഷവും അരക്ഷിതബോധത്തിലേക്കും അശാന്തിയിലേക്കും തള്ളിയിടപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു.

Thursday, May 16, 2013

മുഖപ്രസംഗം May 16- 2013

മുഖപ്രസംഗം May 16- 2013

1. സിറിയയില്‍ അരങ്ങേറുന്ന രാഷ്ട്രാന്തരീയ ചൂതുകളി (മാധ്യമം)
മൂന്നുവര്‍ഷമായി തുടരുന്ന സിറിയയിലെ ആഭ്യന്തര സംഘര്‍ഷം ഇതിനകം എണ്‍പതിനായിരം പേരുടെ ജീവന്‍ കവര്‍ന്നിരിക്കയാണ്. നാല് ദശലക്ഷത്തിലേറെ മനുഷ്യര്‍ അവരുടെ ആവാസവ്യവസ്ഥയില്‍നിന്ന് പിഴുതെറിയപ്പെട്ടിട്ടുണ്ട്. അയല്‍രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥിപ്രവാഹം തുടരുകയാണ്. ദിവസം കഴിയുന്തോറും സംഘര്‍ഷം സങ്കീര്‍ണമാവുകയാണ്. തുര്‍ക്കിയിലേക്കും പശ്ചിമേഷ്യയിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന അസ്വാസ്ഥ്യങ്ങള്‍ സിറിയയുടെ ശിഥിലീകരണത്തിലേക്കായിരിക്കും കലാശിക്കുക എന്ന ആശങ്ക ഇറാന്‍പോലുള്ള രാജ്യങ്ങള്‍ പങ്കുവെക്കുന്നു. ലബനാനിലെ ഷിയാ മിലിഷ്യയായ ഹിസ്ബുല്ലയുടെ സജീവമായ ഇടപെടലും സിറിയന്‍ ലക്ഷ്യങ്ങള്‍ക്കുനേരെ ഇതിനകം ഇസ്രായേല്‍ മൂന്നുതവണ നടത്തിയ ബോംബാക്രമണങ്ങളും സിറിയന്‍ പ്രസിഡന്‍റ ബശ്ശാര്‍ അല്‍അസദിനെതിരായ പ്രക്ഷോഭത്തെ പശ്ചിമേഷ്യയുടെ മൊത്തം പ്രശ്നമായി മാറ്റിയിരിക്കയാണ്.

Wednesday, May 15, 2013

മുഖപ്രസംഗം May 15- 2013

മുഖപ്രസംഗം May 15- 2013


1. അനന്തമായ വിഭാഗീയതയുടെ കരിനിഴലില്‍ സി.പി.എം (മാധ്യമം)
സാമ്രാജ്യത്വത്തിന്‍െറ നവ ഉദാരീകരണ അജണ്ട ഏറ്റവും ഭീകരമായി ലോകത്തെയും രാജ്യത്തെയും വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയും യു.പി.എ ഭരണകൂടം അതേ അജണ്ട തികഞ്ഞ പ്രതിബദ്ധതയോടെ നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ചരിത്ര സന്ധിയില്‍, അതിനെതിരായ ചെറുത്തുനില്‍പ്പ് മുമ്പെന്നത്തേക്കാളും അനുപേക്ഷ്യവും പ്രസക്തവുമാണെന്ന കാര്യത്തില്‍ ജനപക്ഷത്തുനിന്ന് സംഭവഗതികളെ നോക്കിക്കാണുന്ന ആര്‍ക്കും സംശയമുണ്ടാവില്ല. അത്തരമൊരു ജനകീയ ചെറുത്തുനില്‍പ്പില്‍ നേതൃത്വപരമായ പങ്കുവഹിക്കേണ്ടത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്നും ജനം കരുതുന്നു. പക്ഷേ, വിധി വൈപരീത്യമെന്ന് പറയാം, ഇന്ത്യയിലെ ഇടതുപക്ഷം വിശിഷ്യ, കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ ബലഹീനതയും പ്രതിസന്ധിയും നേരിടുന്നതും ഇപ്പോള്‍തന്നെ. അറുപതുകളില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കുറുകെ പിളരുകയും പിന്നീട് ഒരു വിഭാഗം പാര്‍ലമെന്‍ററി ജനാധിപത്യ മാര്‍ഗം കൈയൊഴിച്ച് സായുധ വിപ്ളവത്തിന്‍െറ വഴിതേടുകയും ചെയ്തപ്പോള്‍ പോലും കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇത്രത്തോളം ക്ഷീണിച്ചിരുന്നില്ല.

മുഖപ്രസംഗം May 14- 2013


മുഖപ്രസംഗം May 14- 2013


നവലിബറല്‍ ക്രമവും അഴിമതിയും (മാധ്യമം)

രണ്ട് കേന്ദ്രമന്ത്രിമാരുടെ രാജിയിലേക്ക് നയിച്ച അഴിമതിക്കഥകള്‍ രാജ്യത്തിന് നല്‍കുന്ന ഗുണപാഠമെന്താണ്? ഒന്നാമതായി, ഭരണകക്ഷികളില്‍ അഴിമതി ഒരു അപഭ്രംശമല്ല, മറിച്ചൊരു പതിവുതന്നെയായി മാറിയിരിക്കുന്നു എന്ന്. മാത്രമല്ല, ഭരണകക്ഷിക്കു പുറമെ മുഖ്യ പ്രതിപക്ഷ കക്ഷിയടക്കം മിക്ക പാര്‍ട്ടികളും ഇതേ രീതി അവലംബിക്കുന്നവരാണ് എന്ന്. മൂന്നാമതായി, പാര്‍ട്ടികള്‍ മാത്രമല്ല വ്യവസ്ഥിതിതന്നെ കൊള്ളക്കാര്‍ക്കും അഴിമതിക്കാര്‍ക്കുമായി പരുവപ്പെട്ടുകഴിഞ്ഞു എന്ന്. കര്‍ണാടകത്തിലെ അഴിമതി ഭരണത്തിനേറ്റ പരാജയം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ബി.ജെ.പിയെ കളിയാക്കുമ്പോള്‍ കേന്ദ്രത്തിന് നിരന്തരം നേരിടേണ്ടിവരുന്ന കുംഭകോണ ആരോപണങ്ങള്‍ എടുത്തുപറഞ്ഞ് ബി.ജെ.പി തിരിച്ചടിക്കുന്നു. ഇപ്പോള്‍ ബി.ജെ.പി ജയില്‍നിറക്കല്‍ സമരവും പ്രഖ്യാപിച്ചിരിക്കുന്നു. 

മുഖപ്രസംഗം May 13- 2013


മുഖപ്രസംഗം May 12- 2013


മുഖപ്രസംഗം May 11- 2013


മുഖപ്രസംഗം May 10- 2013


Tuesday, May 7, 2013

മുഖപ്രസംഗം May 07- 2013

മുഖപ്രസംഗം May 07- 2013

1. ഇസ്രായേല്‍ യുദ്ധക്കളി തുടങ്ങുന്നു (മാധ്യമം)
സിറിയയില്‍ വ്യോമാക്രമണം ആവര്‍ത്തിച്ചുകൊണ്ട് ഇസ്രായേല്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ചിരിക്കുന്നു. ഡമസ്കസ് നഗരപരിസരത്തെ സൈനിക ഗവേഷണ കേന്ദ്രത്തിനുനേരെ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു നിരവധി പോര്‍വിമാനങ്ങള്‍ പങ്കെടുത്ത ആക്രമണം. ലബനാനില്‍ ഹിസ്ബുല്ല പോരാളികള്‍ക്ക് കൈമാറാനായി കൊണ്ടുപോയ ഇറാന്‍ നിര്‍മിത മിസൈലുകളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ മറ്റൊരു ആക്രമണം ലബനാനിലേക്കുള്ള റോക്കറ്റുകള്‍ ഉന്നമിട്ടാണ് എന്നായിരുന്നു വിശദീകരണം. 
2. ഗുരുവിനെ ഇനിയും ലഘുവാക്കരുത്  (മനോരമ) 
ഗുരുവിനൊപ്പം താമസിച്ച്, അടുത്തിരുന്നു വിദ്യ നേടിയ കാലമല്ലിത്. കേട്ടതൊക്കെ മനഃപാഠമാക്കേണ്ട രീതിയുമnല്ല ഇപ്പോള്‍. പുതിയ കാലത്തിന് അനുയോജ്യമായി ഉള്ളറിഞ്ഞു പഠിപ്പിക്കുന്നവരെ പാഠം പഠിപ്പിക്കാന്‍ എന്നിട്ടും സാഹചര്യങ്ങള്‍ മല്‍സരിക്കുന്നതു നിര്‍ഭാഗ്യകരം തന്നെ. പുതുതലമുറയെ പ്രതീക്ഷയുടെ ഭാവിയിലേക്കു കരുതലോടെ കൈപിടിച്ചു നടത്തുന്ന അധ്യാപകരുടെ ദുരിതങ്ങളും സങ്കടങ്ങളും അതു കാണേണ്ടവര്‍ കാണാതെപോകുന്നു.

3. കള്ളപ്പണത്തിന്റെ പറുദീസ (മാത്രുഭൂമി)
വലിയ അഴിമതികളുടെയും കൈക്കൂലികളുടെയും നികുതി വെട്ടിപ്പുകളുടെയുമൊക്കെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയാത്ത ദിവസങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലമാണിത്. അനധികൃതവും നിയമവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ സ്വരൂപിക്കപ്പെടുന്ന ഈ മൂലധനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയാകെത്തന്നെ താറുമാറാക്കിക്കൊണ്ടിരിക്കുന്നതിനെച്ചൊല്ലിയുള്ള മുറവിളികള്‍ പൊതുസമൂഹം അവിരാമം തുടരുകയാണ്. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസത്തില്‍മാത്രം ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടുത്തിയിട്ടില്ലാത്ത 1,400 കോടിരൂപയുടെ സ്വത്തുക്കളും വരുമാനവുമാണ് കണ്ടെത്തിയിട്ടുള്ളത്. സംശയകരമായ സാഹചര്യത്തില്‍ നടന്ന 32,000 ബാങ്കിടപാടുകളെക്കുറിച്ച് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് നപ്രത്യക്ഷനികുതി ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടിനെ ആസ്​പദമാക്കിയായിരുന്നു ഈ അന്വേഷണം. 

Monday, May 6, 2013

മുഖപ്രസംഗം May 06- 2013


മുഖപ്രസംഗം May 06- 2013

1. അഴിമതിക്കാര്‍ക്ക് സമാധാനം! (മാധ്യമം)
ഭരണംപോലെ അതിന്‍െറ അവിഭാജ്യഘടകമാക്കി മാറ്റിയ അഴിമതിയെയും കുടുംബകാര്യം പോലെ കൊണ്ടുനടത്തുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയെയും ഗവണ്‍മെന്‍റിനെയും ചുറ്റിപ്പറ്റി ഉയര്‍ന്നുവരുന്ന അഴിമതിക്കേസുകളെല്ലാം വീട്ടുകാര്യമെന്ന മട്ടിലാണ് കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്നത്. നിയമവ്യവസ്ഥക്കും രാഷ്ട്രീയസദാചാര കീഴ്വഴക്കങ്ങള്‍ക്കും തങ്ങള്‍ അതീതരാണെന്ന ഭാവത്തിലാണ് യു.പി.എ സര്‍ക്കാറിനെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങളെയെല്ലാം ഇതുവരെ പാര്‍ട്ടി നേരിട്ടത്. അഴിമതിയോ അതില്‍ പ്രതികളായിവരുന്നവരോ അല്ല, അവരെ കണ്ടുപിടിക്കുന്നവരാണ് പലപ്പോഴും യു.പി.എയുടെ ദൃഷ്ടിയില്‍ വില്ലന്മാരാകുന്നത്. 
2. കൂകിപ്പായുന്ന അഴിമതിട്രെയിന്‍  (മനോരമ)
റയില്‍വേ ബജറ്റില്‍ വകയിരുത്തുന്ന തുക മുഴുവന്‍ വിനിയോഗിക്കുന്നത് റയില്‍വേയുടെ ഭരണം നടത്തുന്ന ഏഴംഗ റയില്‍വേ ബോര്‍ഡിന്റെ അനുമതിയോടെയാണ്. 63,363 കോടി രൂപയാണ് ഈ വര്‍ഷത്തെ റയില്‍വേ ബജറ്റില്‍ പദ്ധതികള്‍ക്കായി വകയിരുത്തിയിരിക്കുന്നത്. ബജറ്റിലെ ഒാരോ രൂപയും രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തെ മെച്ചപ്പെടുത്താനുള്ളതാണെങ്കിലും ആ ലക്ഷ്യം നടക്കുന്നില്ലെന്നും ജനങ്ങളുടെ നികുതിപ്പണത്തില്‍ നല്ലൊരു പങ്കും പലരുടെയും കീശയിലേക്കു പല അളവില്‍ ഒഴുകുകയാണെന്നും ഇപ്പോഴത്തെ കോഴ സംഭവവും തെളിയിക്കുന്നു.

Saturday, May 4, 2013

മുഖപ്രസംഗം May 04- 2013


മുഖപ്രസംഗം May  04- 2013

1. വിശ്വോത്തര ജനാധിപത്യത്തിന്‍െറ മഹനീയ മാതൃക! (മാധ്യമം)
മേയ് അഞ്ചിന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പ്രചാരണത്തിന് കഴിഞ്ഞദിവസം തിരശ്ശീല വീണു. അഴിമതിയായിരുന്നു മുഖ്യ ഇഷ്യൂ. ഒടുവില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഴിമതി നിറഞ്ഞ മോശം ഭരണമായിരുന്നു ബി.ജെ.പിയുടേതെന്ന് കുറ്റപ്പെടുത്തിയപ്പോള്‍ യു.പി.എയാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരെന്ന് ബി.ജെ.പി തിരിച്ചടിച്ചു. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ അഴിമതിയില്‍ ലോക റെക്കോഡ് സ്ഥാപിച്ചതായി കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വാചാലയായത് അഴിമതിയെക്കുറിച്ചുതന്നെ. രാജ്യം കണ്ടതില്‍ വെച്ചേറ്റവും ഭീകരമായ അഴിമതി സര്‍ക്കാറുകളില്‍ ഒന്നായിരുന്നു കര്‍ണാടകയിലെ ബി.ജെ.പിയുടേതെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. 
2. വൈകിയുദിച്ച തിരിച്ചറിവ്  (മനോരമ)
'പണ്ടു കുട്ടനാട്ടില്‍ കൃഷി യന്ത്രവല്‍ക്കരിക്കുന്നതിനെതിരെ ഞങ്ങള്‍ ഒരുപാടു സമരം ചെയ്തു. അച്യുതാനന്ദനായിരുന്നു നേതാവ്. എംഎല്‍എ ആയ ഞാനും ട്രാക്ടറിന്റെ ടാങ്കില്‍ ഉപ്പു വാരിയിടാന്‍ പോയിട്ടുണ്ട്. ഇന്ന് ആലോചിക്കുമ്പോള്‍ ആ സമരം മഹാ അബദ്ധമായിരുന്നു എന്നാണ് എന്റെ വിശ്വാസം. അന്നു തൊഴില്‍ നഷ്ടമാകുന്നവരെ സഹായിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നാടിനു ഗുണം ചെയ്തില്ല- ജെഎസ്എസ് നേതാവ് കെ.ആര്‍. ഗൌരിയമ്മ ഇന്നിങ്ങനെ പറയുന്നത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ്. സ്വന്തം പുരയിടത്തില്‍ കിളയ്ക്കാനും തെങ്ങില്‍ കയറാനും ആളെ കിട്ടാത്തതിന്റെ പരിഭവമാണു സിപിഎം നേതാവും കൃഷിമന്ത്രിയുമായിരുന്ന ഗൌരിയമ്മയുടെ വാക്കുകളിലുള്ളത്.

മുഖപ്രസംഗം May 03- 2013


മുഖപ്രസംഗം May 02- 2013


മുഖപ്രസംഗം May 01- 2013


മുഖപ്രസംഗം April 30 - 2013


മുഖപ്രസംഗം April 29 - 2013